തല തടവൽ; തർക്കമവസാനിപ്പിക്കേണ്ട മസ്അലലിങ്ക് കോപ്പി ചെയ്തു!
ഇമാം ബുഖാരിയും ഇമാം മുസ്ലിമും ഉദ്ധരിച്ചിട്ടുള്ള ഹദീസിൽ നബി ﷺ യുടെ വുദ്വൂഇന്റെ രൂപം വിശദീകരിച്ചു കൊണ്ട് അബ്ദുല്ലാഹ് ബ്നു സൈദ് رضي الله عنه പറയുന്നു:
....ثُمَّ مَسَحَ رَأْسَهُ بِيَدَيْهِ فَأَقْبَلَ بِهِمَا وَأَدْبَرَ، بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى الْمَكَانِ الَّذِي بَدَأَ مِنْهُ
“....പിന്നീട് അദ്ദേഹം ഇരു കൈകളും മുന്നോട്ടും പിന്നോട്ടും കൊണ്ടുപോയിക്കൊണ്ട് തല തടവി. (അതായത്) തലയുടെ മുൻഭാഗത്ത് നിന്ന് തുടങ്ങി പിരടി വരെ കൊണ്ടുപോയി, ശേഷം തുടങ്ങിയ സ്ഥലത്തേക്ക് തന്നെ മടക്കി.”(١)
ശാഫിഈ മദ്ഹബിലടക്കം പഠിപ്പിക്കുന്ന സുന്നത്തായ രീതി ഇതാണ്.
“റസൂൽ ﷺ തലയുടെ അൽപ്പം മാത്രം തടവിയതായി ഒരു ഹദീസ് പോലും സ്ഥിരപ്പെട്ടിട്ടില്ല. മറിച്ച് തലയുടെ മുൻഭാഗം തടവുമ്പോൾ അവിടുന്ന് തലപ്പാവിൽ ബാക്കി തടവി പൂർത്തിയാക്കുമായിരുന്നു.”(٢)
ഇപ്രകാരം തല മുഴുവനായി തടവുന്നതാണ് ഏറ്റവും നല്ല രൂപം എന്ന കാര്യത്തിൽ ഫുഖഹാക്കൾക്കിടയിൽ തർക്കമേയില്ല.
ഇബ്നു അബ്ദിൽ ബർറ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:
فقد أجمعوا أن من مسح برأسه كله فقد أحسن وعمل أكمل ما يلزمه
“ആരെങ്കിലും തല പൂർണമായി തടവിയാൽ അവൻ നല്ല കാര്യമാണ് ചെയ്തത് എന്നതിലും, നിർബന്ധമായത് ഏറ്റവും പൂർണമായ രൂപത്തിൽ അവൻ നിർവഹിച്ചു എന്നതിലും ഇജ്മാഅ് ഉണ്ട്.”(٣)
ഇബ്നുൽ ഖത്ത്വാൻ അൽഫാസി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:
وأجمعوا أن من مسح برأسه كله فقد أحسن وفعل أكمل ما يلزم
“ആരെങ്കിലും തല പൂർണമായി തടവിയാൽ അവൻ നല്ല കാര്യമാണ് ചെയ്തത് എന്നതിലും, നിർബന്ധമായത് ഏറ്റവും പൂർണമായ രൂപത്തിൽ അവൻ നിർവഹിച്ചു എന്നതിലും പണ്ഡിതന്മാർ ഇജ്മാഇലായിട്ടുണ്ട്.”(٤)
ഇതേ കാര്യം ഖുർത്വുബി -رَحِمَـﮧُ اللَّـﮧُ- യും പറയുന്നത് കാണുക:
وأجمع العلماء على أن من مسح رأسه كله فقد أحسن وفعل ما يلزمه(٥)
ശാഫിഇയായ ഇമാം നവവി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:
واستيعابه بالمسح مأمور به بالإجماع
“തല മുഴുവനായി തടവൽ കൽപ്പിക്കപ്പെട്ട കാര്യമാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉണ്ട്.”(٦)
അതായത് തല ഭാഗികമായി മാത്രം തടവുന്നവർ നിർബന്ധമായത് നിർവഹിച്ചിട്ടുണ്ടോ, അവരുടെ വുദ്വൂഅ് ശരിയാണോ അല്ലയോ എന്ന് മാത്രമാണ് ഫുഖഹാകൾക്കിടയിൽ ചർച്ചയുള്ളത്. അൽപ്പം തടവിയാലും വുദ്വൂഅ് ശരിയാകും എന്ന ചില ഫുഖഹാക്കളുടെ വീക്ഷണം സ്വീകരിച്ചു കൊണ്ട് അൽപ്പം മാത്രം തടവുന്നവർ ഹദീസിൽ വന്ന പൂർണമായ രൂപത്തിലേക്ക് മടങ്ങുക. കാരണം;
- അതാണ് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട രൂപം.
- അതാണ് ഏറ്റവും ഉത്തമം എന്നതിൽ തർക്കമില്ല.
- രണ്ട് വീക്ഷണമനുസ്സരിച്ചും മുഴുവൻ തടവുന്നവർ കുറ്റക്കാരാകുന്നില്ല. എന്നാൽ അൽപ്പം തടവുന്നവരുടെ കാര്യം അങ്ങനെയല്ല
- അഭിപ്രായ വ്യത്യാസങ്ങളിൽ നിന്ന് പുറത്തുകടക്കൽ നല്ലതാണെന്ന് പണ്ഡിതന്മാർ സൂചിപ്പിച്ചിട്ടുണ്ട്.(٧)
ഏറ്റവും ചുരുങ്ങിയത് മുഴുവൻ തടവുന്നവർ തങ്ങളേക്കാൾ ശ്രേഷ്ഠമായ രീതി തുടരുന്നവരാണെന്ന് മനസ്സിലാക്കുക.
والله تعالى أعلم
NB: ഇത്രയും പറഞ്ഞത് തല പൂർണമായോ ഭാഗികമായോ തടവുന്നതിനെ കുറിച്ചാണ്. നെറ്റിയിൽ തോണ്ടുന്നതിനെ കുറിച്ചല്ല.
✍🏻 അനസ് നദീരി
•┈┈┈┈•✿❁✿•┈┈┈┈•
(١) رواه البخاري ومسلم
(٢) زاد المعاد (1/193)
(٣) الاستذكار (1/129)
(٤) الإقناع في مسائل الإجماع لابن القطان الفاسي (6/1)
(٥) تفسير القرطبي (المائدة : 6)
(٦) المجموع (1/417)