ബിദ്അത്ത് എന്നാൽ ?ലിങ്ക് കോപ്പി ചെയ്തു!
ദീനുൽ ഇസ്ലാമിൽ വളരെ ഗൗരവമായി താക്കീത് നല്കപ്പെട്ട കാര്യമാണ് ബിദ്അത്ത് ( പുത്തനാചാരം ) എന്നത്. ദീനിൽ പുതുതായി ഒന്നുണ്ടാക്കുന്നതും ഒരു പുത്താനാചാരം നിർവ്വഹിക്കുന്നതും മേൽ ഗണത്തിൽ പെട്ടത് തന്നെ.
കാക്കകാരണവന്മാരായി തങ്ങൾ ചെയ്തു വരുന്നതിൽ നിന്ന് വിത്യസ്ഥമായി ഒരാളിൽ പുതുതായി ഒരു കാര്യം ഉണ്ടാവുന്നതാണ് ബിദ്അത്ത് എന്നാണ് പലപ്പോഴും പൊതു ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുള്ളത് . ബാതിലിന്റെ ആളുകളുടെ തെറ്റായ പ്രചാരണമാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് പ്രേരകമായത്. ബിദ് അത്തിനെതിരെയുള്ള നബിﷺയുടെ ശക്തമായ താക്കീതുകൾ പരിശോധിച്ചാൽ സുന്നത്തും ബിദ് അത്തും വേർതിരിച്ച് മനസ്സിലാക്കാനും എല്ലാ ബിദ്അത്തുകളും ദൈനംദിന ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കാനും ഏതൊരു സത്യവിശ്വാസിയും തയ്യാറാവും.
പരലോകത്ത് ഹൗളിൽ നിന്ന് ചിലയാളുകളെ ആട്ടിയോടിക്കപ്പെടുന്നതാണ്. അവർക്കതിൽ നിന്ന് പാനം ചെയ്യുവാൻ അതിയായ ആഗ്രഹമുണ്ടാവുകയും, അങ്ങിനെ അതിന്റെയടുത്തേക്ക് വരികയും ചെയ്യും, പക്ഷേ, ആ സമയം പ്രവാചകനുംﷺ, അവർക്കുമിടയിൽ മറയിടപ്പെടുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യും. നോക്കൂ സഹോദരങ്ങളെ അങ്ങനെയൊരു അനുഭവം പരലോകത്ത് വരാതിരിക്കാൻ നമ്മിൽ നിന്ന് ബിദ്അത്തു സംഭവിക്കുന്നതിനെ നാം കരുതിയിരിക്കുക.
പരലോകവുമായി ബന്ധപ്പെട്ട ഒരു സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം.
«يرد علي الحوض رجال من أصحابي، فيحلَّؤون عَنْهُ، فَأَقُولُ: يَا رَبِّ أَصْحَابِي؟ فَيَقُولُ: إِنَّكَ لَا عِلْمَ لَكَ بِمَا أَحْدَثُوا بَعْدَكَ»«صحيح البخاري» (2407 )
അബൂഹുറയ്റ(رضي الله عنه)വിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: ഹൗദ്വിലേക്ക് എന്റെ സമുദായത്തിൽ നിന്ന് ഒരു കൂട്ടം ആളുകൾ വരും. അവരെ ഹൗദ്വിൽ നിന്ന് വിദൂരമാക്കപ്പെടുന്നതാണ്, അപ്പോൾ ഞാൻ പറയും: എന്റെ റബ്ബേ , അവർ എന്റെ ആളുകളാണല്ലോ? അപ്പോൾ പറയപ്പെടും: നിനക്ക് ശേഷം അവർ എന്താണ് പുതുതായുണ്ടാക്കിയത് എന്ന് നിനക്കറിയില്ല. (ബുഖാരി).
മറ്റൊരു രിവായത്തിൽ: "നബിﷺതന്നെ ആട്ടിയോടിക്കും" എന്നാണ്.
ഹിജ്റ 665 ൽ മരണപ്പെട്ട പ്രശസ്ത ശാഫിഈ പണ്ഡിതനായ അബൂ ശാമ رحمه الله അദ്ദേഹത്തിന്റെ "അൽ-ബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്" എന്ന ഗ്രന്ഥത്തിൽ ബിദ്അത്തിന്റെ ഗൗരവം ഉണർത്തിക്കൊണ്ട് ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം . അദ്ധേഹം പറയുന്നു : "നബി ﷺ-യും അദ്ദേഹത്തിന്റെ അനുചരന്മാരും അവർക്ക് ശേഷം വന്നവരും തങ്ങളുടെ കാലഘട്ടത്തിലുള്ളവരെ ബിദ്അത്തുകളെയും (പുത്തനാചാരങ്ങൾ) പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ആപത്തുകളിൽ നിന്നും രക്ഷനേടാൻ സാധിക്കുന്ന 'ഇത്തിബാഅ്' (പ്രവാചകചര്യയെ പിന്തുടരൽ) കൊണ്ട് അവർ കൽപ്പിക്കുകയും ചെയ്തു. ഒഴിവാക്കാൻ പാടില്ലാത്ത വിധം പിൻപറ്റലിനെക്കുറിച്ചുള്ള കൽപ്പനകൾ അല്ലാഹുവിന്റെ കിതാബിൽ വന്നിട്ടുണ്ട്."
അല്ലാഹു പറയുന്നു:
"പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും." (ആലു ഇംറാൻ: 31)
അല്ലാഹു വീണ്ടും പറയുന്നു:
"ഇതാകുന്നു എന്റെ നേരായ പാത. അത് നിങ്ങൾ പിന്തുടരുക. മറ്റു വഴികളെ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) പാതയിൽ നിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണിത്." (അൽ-അൻആം: 153)
ഇമാം മുജാഹിദ് ബിൻ ജുബൈർ (താബിഇങ്ങളിൽ പ്രമുഖൻ): മേൽസൂക്തത്തിലെ "മറ്റു വഴികളെ പിന്തുടരരുത്" എന്നതിന്റെ അർത്ഥം ബിദ്അത്തുകളും സംശയകരമായ കാര്യങ്ങളും എന്നാണ് അദ്ദേഹം വിശദീകരിച്ചത്.
മറ്റൊരു ആയത്തിൽ അല്ലാഹു കല്പിക്കുന്നു :
"നിങ്ങൾ ഏതെങ്കിലും കാര്യത്തിൽ ഭിന്നിക്കുകയാണെങ്കിൽ അത് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മടക്കുവിൻ." (അന്നിസാഅ്: 59)
ഇമാം ശാഫിഈ رحمه الله : അദ്ദേഹത്തിന്റെ 'അർ-രിസാല' എന്ന ഗ്രന്ഥത്തിൽ ഈ വചനത്തെക്കുറിച്ച് പറഞ്ഞു: "അതായത് അല്ലാഹുവും അവന്റെ റസൂലും പറഞ്ഞതിലേക്ക് മടങ്ങുക എന്നാണ് ഇതിനർത്ഥം."
പ്രശസ്ത താബിഇയായ പണ്ഡിതൻ മൈമൂൻ ബിൻ മിഹ്റാൻ ഈ വചനത്തെക്കുറിച്ച് പറഞ്ഞു: "അല്ലാഹുവിലേക്ക് മടങ്ങുക എന്നാൽ അവന്റെ കിതാബിലേക്ക് (ഖുർആൻ) മടങ്ങുക എന്നാണ്. റസൂലിലേക്ക് മടങ്ങുക എന്നാൽ അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ സുന്നത്തിലേക്ക് മടങ്ങുക എന്നുമാണ് അർത്ഥം."
ബിദ്അത്തിന്റെ നിർവ്വചനം
ഭാഷാപരമായി 'ബിദ്അത്ത്' എന്ന വാക്ക് 'അൽ-ബിദ്അ്' (البدع) എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. മുൻമാതൃകകളില്ലാതെ ഒന്നിനെ പുതുതായി നിർമ്മിക്കുക എന്നാണ് ഇതിനർത്ഥം.
കൂടാതെ, "ഇന്നയാൾ ഒരു ബിദ്അത്ത് കൊണ്ടുവന്നു" എന്ന് പറയുമ്പോൾ, അതിനർത്ഥം തനിക്ക് മുൻപ് ആരും ചെയ്യാത്ത ഒരു രീതി അദ്ദേഹം പുതുതായി ആരംഭിച്ചു എന്നാണ്.
ഹിജ്റ 520 ൽ മരണപ്പെട്ട പ്രശസ്ത ഇമാം അബൂബക്കർ അൽ-തുർത്വുശീ അൽ-മാലികി رحمه الله തന്റെ 'അൽ-ഹവാദിസ് വൽ ബിദഅ്' (الحوادث والبدع) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
قلنا: أصل هذه الكلمة من الاختراع، وهو الشيء يحدث من غير أصل سبق، ولا مثال احْتُذِيَ، ولا ألف مثله.ومنه قوله تعالى: {بَدِيعُ السَّمَاوَاتِ وَالْأَرْضِ} ، وقوله: {قُلْ مَا كُنْتُ بِدْعًا مِنَ الرُّسُلِ} ؛ أي: لم أكن أول رسول إلى أهل الأرض ...( الحوادث والبدع» (ص40)
"ബിദ്അത്തിന്റെ അടിസ്ഥാനം (ഭാഷാപരമായ അർത്ഥം) എന്താണെന്ന് ആരോടെങ്കിലും ചോദിക്കപ്പെട്ടാൽ നമുക്ക് ഇപ്രകാരം പറയാം: 'ഇഖ്തിറാഅ്' അഥവാ മുൻമാതൃകയില്ലാത്ത നിർമ്മാണം എന്നാണ് ഈ വാക്കിന്റെ മൂലരൂപം. അതായത്, മുൻപ് നിലവിലില്ലാത്തതോ, സമാനമായ മാതൃകകൾ ഇല്ലാത്തതോ, പരിചിതമല്ലാത്തതോ ആയ ഒന്നിനെ പുതുതായി ഉണ്ടാക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇക്കാര്യം വ്യക്തമാക്കുന്ന ചില ഖുർആൻ സൂക്തങ്ങൾ നമുക്ക് കാണാം. അല്ലാഹു പറഞ്ഞു :
{بَدِيعُ السَّمَاوَاتِ وَالأرْضِ}
"ആകാശഭൂമികളുടെ സ്രഷ്ടാവാണവൻ (മുൻമാതൃകയില്ലാതെ അവയെ നിർമ്മിച്ചവൻ)."
മറ്റൊരു അദ്ധ്യായത്തിൽ അല്ലാഹു പറഞ്ഞു
{قُلْ مَا كُنْتُ بِدْعاً مِنَ الرُّسُلِ}
"പറയുക: ഞാൻ പ്രവാചകന്മാരിൽ ഒരു പുതുമക്കാരനല്ല (അതായത്, അല്ലാഹുവിങ്കൽ നിന്നുള്ള സന്ദേശവുമായി വരുന്ന ആദ്യത്തെ പ്രവാചകനല്ല ഞാൻ, മറിച്ച് എനിക്ക് മുൻപും ധാരാളം പ്രവാചകന്മാർ കഴിഞ്ഞുപോയിട്ടുണ്ട്)."
ഇമാം അബൂബക്കർ അൽ-തുർത്വുശീ യുടെ ബിദ് അത്തിന്റെ മേൽ നിർവ്വചനം കൊടുത്തത്തിന് ശേഷം ഇമാം അബൂ ശാമ رحمه الله അദ്ദേഹത്തിന്റെ "അൽ-ബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു :
وَهَذَا الأسم يدْخل فِيمَا تخترع الْقُلُوب وَفِيمَا تنطق بِهِ الْأَلْسِنَة وَفِيمَا تَفْعَلهُ الْجَوَارِح وَالدَّلِيل على هَذَا مَا سَنذكرُهُ فِي أَعْيَان الْحَوَادِث من تَسْمِيَة الصَّحَابَة رضى الله عَنْهُم وكافة الْعلمَاء بدعا للأقوال وَالْأَفْعَال
قلت وَقد غلب لفظ الْبِدْعَة على الْحَدث الْمَكْرُوه فِي الدّين مهما أطلق هَذَا اللَّفْظ وَمثله لفظ المبتدع لَا يكَاد يسْتَعْمل إِلَّا فِي الذَّم وَأما من حَيْثُ أصل الِاشْتِقَاق فَإِنَّهُ يُقَال ذَلِك فِي الْمَدْح والذم المُرَاد أَنه شَيْء مخترع على غير مِثَال سبق وَلِهَذَا يُقَال فِي الشَّيْء الْفَائِق جمالا وجوده مَا هُوَ إِلَّا بِدعَة وَقَالَ الْجَوْهَرِي فِي كتاب صِحَاح اللُّغَة والبديع والمبتدع ايضا والبدعة الْحَدث فِي الدّين بعد الْإِكْمَال «الباعث على إنكار البدع والحوادث» (ص20)
ഇമാം അബൂ ശാമ رحمه الله പറയുന്നു : "ഈ നാമം (ബിദ്അത്ത്) ഹൃദയങ്ങൾ പുതുതായി നിർമ്മിക്കുന്നവയിലും (വിശ്വാസങ്ങൾ), നാവുകൾ ഉച്ചരിക്കുന്നവയിലും, അവയവങ്ങൾ പ്രവർത്തിക്കുന്നവയിലും ഉൾപ്പെടുന്നു. ഇതിനുള്ള തെളിവ്, സ്വഹാബികളും മറ്റു പണ്ഡിതന്മാരും വിവിധ സംസാരങ്ങളെയും പ്രവർത്തികളെയും 'ബിദ്അത്ത്' എന്ന് വിളിച്ചതായി വരാനിരിക്കുന്ന അധ്യായങ്ങളിൽ (അൻവാഉൽ ഹവാദിസ്) നമ്മൾ വിശദീകരിക്കുന്നതാണ്.
ഞാൻ പറയുന്നു: 'ബിദ്അത്ത്' എന്ന പദം മതത്തിൽ ആക്ഷേപാർഹമായ കാര്യങ്ങളെ (വെറുക്കപ്പെട്ട പുത്തനാചാരങ്ങൾ) സൂചിപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. അതുപോലെ 'മുബ്തദിഅ്' (പുത്തനാചാരക്കാരൻ) എന്ന പദവും ആക്ഷേപിക്കാനല്ലാതെ ഉപയോഗിക്കാറില്ല. എന്നാൽ ഭാഷാപരമായ അർത്ഥത്തിൽ (അടിസ്ഥാനപരമായി), പുകഴ്ത്താനും ഇകഴ്ത്താനും ഈ പദം ഉപയോഗിക്കാം. മുൻമാതൃകയില്ലാതെ പുതുതായി നിർമ്മിക്കപ്പെട്ട ഒന്ന് എന്നാണ് അവിടെ അർത്ഥം. അതുകൊണ്ടാണ് സൗന്ദര്യത്തിലോ ഗുണത്തിലോ മികച്ചുനിൽക്കുന്ന ഒരു വസ്തുവിനെക്കുറിച്ച് 'ഇതൊരു അത്ഭുതമാണ്' (ബിദ്അത്ത്) എന്ന് പ്രശംസിച്ചു പറയാറുള്ളത്.
ഹിജ്റ 393 ൽ മരണപ്പെട്ട പ്രശസ്ത അറബി ഭാഷാ പണ്ഡിതൻ ഇമാം അൽ-ജൗഹരി തന്റെ 'അസ്-സിഹാഹ്' (الصّحاح) എന്ന നിഘണ്ടുവിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
'മതം പൂർണ്ണമാക്കപ്പെട്ടതിന് ശേഷം അതിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യത്തിനാണ് 'ബിദ്അത്ത്' എന്ന് പറയുന്നത്.'
ഹിജ്റ 790 ൽ മരണപ്പെട്ട ഇമാം ശാത്വിബി (റഹിമഹുല്ലാഹ്) തന്റെ 'അൽ-ഇഅ്തിസാം' (الاعتصام) എന്ന വിഖ്യാത ഗ്രന്ഥത്തിൽ ബിദ്അത്തിന് നൽകിയ ഏറ്റവും കൃത്യമായ നിർവ്വചനം നല്കിയതായി കാണാം .
«الْبِدْعَةُ: طَرِيقَةٌ فِي الدِّينِ مُخْتَرَعَةٌ، تُضَاهِي الشَّرْعِيَّةَ، يُقْصَدُ بِالسُّلُوكِ عَلَيْهَا مَا يُقْصَدُ بِالطَّرِيقَةِ الشَّرْعِيَّةِ»«الاعتصام للشاطبي » (1/ 51)
അദ്ധേഹം പറയുന്നു : " ശരീഅത്ത് കൊണ്ട് എന്താണോ ലക്ഷ്യം വെക്കുന്നത് (അല്ലാഹുവിനോടുള്ള സാമീപ്യം), അതേ ലക്ഷ്യം ഉദ്ദേശിക്കപ്പെട്ടു കൊണ്ട് ശരീഅത്തിന് (മതനിയമങ്ങൾക്ക്) സമാനമായ, ദീനിൽ പുതുതായി നിർമ്മിക്കപ്പെട്ട ഒരു രീതിയാണ് ബിദ്അത്ത്."
(ഈ പ്രവൃത്തി ചെയ്യുന്ന ആൾ ഇത് ദീനിന്റെ ഭാഗമാണെന്നും, ഇത് ചെയ്യുന്നതിലൂടെ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്നും വിശ്വസിക്കുന്നു.)
ഹിജ്റ 768 ൽ മരണപ്പെട്ട ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله ബിദ്അത്തിന്റെ നിർവ്വചനമായി പറഞ്ഞു :
« أَن الْبِدْعَة هِيَ الدّين الَّذِي لم يَأْمر الله بِهِ وَرَسُوله فَمن دَان دينا لم يَأْمر الله وَرَسُوله بِهِ فَهُوَ مُبْتَدع بذلك وَهَذَا معنى قَوْله تَعَالَى أم لَهُم شُرَكَاء شرعوا لَهُم من الدّين مَا لم يَأْذَن بِهِ الله [سُورَة الشورى 21]»«الاستقامة» (1/ 5)
അല്ലാഹുവോ അവന്റെ റസൂലോ കൽപ്പിക്കാത്ത മതപരമായ കാര്യത്തിനാണ് 'ബിദ്അത്ത്' എന്ന് പറയുന്നത്. അല്ലാഹുവും റസൂലും കൽപ്പിക്കാത്ത ഒരു കാര്യം ആരെങ്കിലും മതമായി സ്വീകരിച്ചാൽ, ആ കാര്യത്തിൽ അവൻ ഒരു ബിദ്അത്തുകാരനായി (മുബ്തദിഅ്).
അല്ലാഹുവിന്റെ ഈ വചനത്തിന്റെ അർത്ഥവും ഇതുതന്നെയാണ്:
{أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ} 'അതല്ല, അല്ലാഹു അനുവാദം നൽകിയിട്ടില്ലാത്ത കാര്യങ്ങൾ അവർക്ക് ദീനായി നിശ്ചയിച്ചു കൊടുത്ത വല്ല പങ്കുകാരും അവർക്കുണ്ടോ?' (സൂറത്തുശ്ശൂറ: 21)".
ബിദ്അത്തിന്റെ വെടിയുന്നതിന്റെ ഗൗരവം ഉണർത്തുന്ന ഹദീസുകളും സലഫുകളുടെ താക്കീതുകളും, ബിദ്അത്തിന്റെ ഇനങ്ങളും ,ബിദ്അത്തുകൾ വ്യക്തികളിലും സമൂഹത്തിലും സംഭവിക്കാനുള്ള കാരണങ്ങളും അതിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രതിവിധികളും നാട്ടിൽ പ്രചാരത്തിലുള്ള ബിദ്അത്തുകളും , ബിദ്അത്തിന്റെ ആളുകൾ പ്രചരിപ്പിക്കുന്ന ശുബ് ഹത്തുകൾക്കുള്ള മറുപടികളും إن شاء الله ഈ അദ്ധ്യായത്തിന്റെ തുടർ ലേഖനങ്ങളിൽ വിശദീകരിക്കാം.. അല്ലാഹു തൗഫീഖ് നൽകട്ടെ ...ആമീൻ
