مسائل تتعلق بصيام أهل الأعذارലിങ്ക് കോപ്പി ചെയ്തു!
റമദാനിൽ നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ടവർലിങ്ക് കോപ്പി ചെയ്തു!
بسم الله الرحمن الرحيم
മൂന്ന് :യാത്രക്കാർ
യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ് . ഇത് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും ഇജ്മാഅ കൊണ്ടും സ്ഥിരപ്പെട്ടതാണ്. ഇത്തരം ഒഴിവായ നോമ്പുകൾ പിന്നീട് ഖദ്വാഅ് വീട്ടേണ്ടതാണ്.
{وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ} البقرة (184)
“ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയും ചെയ്താൽ പകരം മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം നോമ്പ് എടുക്കേണ്ടതാണ്.”
ഹദീസിൽ നിന്ന് :
عَنْ أَنَسِ بْنِ مَالِكٍ قَالَ: «كُنَّا نُسَافِرُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ يَعِبِ الصَّائِمُ عَلَى المُفْطِرِ، وَلاَ المُفْطِرُ عَلَى الصَّائِمِ»البخاري (1947)، ومسلم (1118)
അനസ് رضي الله عنه നിവേദനം “ഞങ്ങൾ നബി ﷺ യോടൊപ്പം യാത്ര ചെയ്യാറുണ്ടായിരുന്നു .അപ്പോൾ ഞങ്ങളിൽ നോമ്പുള്ളവരും നോമ്പില്ലാത്തവരും ഉണ്ടായിരുന്നു .നോമ്പ് അനുഷ്ഠിച്ചവരും ഉപേക്ഷിച്ചവരും പരസ്പരം ആക്ഷേപിക്കുകയുണ്ടായിട്ടില്ല...
ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ട് എന്ന് ഇബ്നു ഖുദാമ ഇമാം നവവി رحمهما الله എന്നിവർ ഉദ്ധരിക്കുന്നു.
നോമ്പുകാരായ യാത്രക്കാരുമായി ബന്ധപ്പെട്ട മസ്അലകൾ
ഏത് സമയത്തുള്ള യാത്രയാണെങ്കിലും നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ് . ഉദാഹരണത്തിന്:
റമദാനിൽ ഫജറിനെ മുൻപോ ശേഷമോ യാത്ര തുടങ്ങിയാലും നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്.
ഒരാൾ റമദാനിനു മുൻപേ യാത്ര ആരംഭിക്കുകയും ,യാത്രക്കാരനായിരിക്കെ റമളാൻ മാസം പിറക്കുകയും ചെയ്താൽ യാത്രക്കാരനായി പരിഗണിക്കുന്ന ദിവസത്തോളം അവന്ന് നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്.
‘നോമ്പ് ഒഴിവാക്കൽ’ അനുവദനീയമായ യാത്രക്കാരുടെ യാത്രാ ദൂരത്തിന്റെ പരിധി എത്രയാണ്. ?
നോമ്പ് ഒഴിവാക്കൽ അനുവദനീയമായ യാത്രാ ദൂരത്തിന്റെ പരിധി നിസ്കാരം ചുരുക്കി നിസ്കരിക്കൽ അനുവദനീയമായ അളവാണെന്ന് (80 കിലോമീറ്റ്റാണെന്ന് ) ഒരുവിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു ;ഇമാം മാലിക്, ശാഫിഈ, അഹ്മദ് رحمهم الله പോലെയുള്ള പൗരാണിക പണ്ഡിതരുടെയും ഇബ്നു ഉസൈമീന്, ഇബ്നു ബാസ് رحمه الله, തുടങ്ങിയ ആധുനിക പണ്ഡിതരുടെയും അഭിപ്രായം ഇപ്രകാരമാണ്.
യാത്രക്കാരന് നോമ്പ് അനുഷ്ഠിക്കാമോ ?
യാത്രക്കാരനോ രോഗിയോ നോമ്പെടുത്താൽ അവർ പിന്നീട് വീട്ടേണ്ടതില്ല കാരണം : അവർ നോമ്പ് അനുഷ്ഠിക്കേണ്ടതില്ല എന്ന നിയമം رخصة ‘ഇളവ് ’ ആണ് .’ ആ ഇളവ് ’ ഉപേക്ഷിച്ചുകൊണ്ട് അവർക്ക് നോമ്പ് നോൽക്കാവുന്നതാണ്.
യാത്രക്കാരന് നോമ്പ് അനുഷ്ഠിക്കുന്നതോ ഉപേക്ഷിക്കുന്നതോ കൂടുതൽ ഉത്തമം ?
യാത്രമൂലം പ്രയാസമൊന്നും അനുഭവപ്പെടുന്നില്ലെങ്കിൽ നോമ്പ് നോൽക്കുന്നതും , പ്രയാസം തോന്നുന്നുവെങ്കിൽ ഒഴിവാക്കുന്നതുമാണ് ഉത്തമം.
عَنْ أَبِي سَعِيدٍ قَالَ: «كُنَّا نُسَافِرُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَمِنَّا الصَّائِمُ، وَمِنَّا المُفْطِرُ، فَلَا يَجِدُ المُفْطِرُ عَلَى الصَّائِمِ، وَلَا الصَّائِمُ عَلَى المُفْطِرِ، فَكَانُوا يَرَوْنَ أَنَّهُ مَنْ وَجَدَ قُوَّةً فَصَامَ فَحَسَنٌ، وَمَنْ وَجَدَ ضَعْفًا فَأَفْطَرَ فَحَسَنٌ» سنن الترمذي
അബൂ സഈദിൽ ഖുദ്രി رضي الله عنه നിവേദനം : ഞങ്ങൾ നബി ﷺ യുടെ കൂടെ റമദാൻ മാസത്തിൽ യുദ്ധത്തിനു പുറപ്പെട്ടു ഞങ്ങളുടെ കൂട്ടത്തിൽ നോമ്പുകാരും നോമ്പ് ഇല്ലാത്തവരും ഉണ്ടായിരുന്നു. നോമ്പ് അനുഷ്ഠിച്ചവർ അത് ഒഴിവാക്കിയവരെയോ നോമ്പ് അനുഷ്ഠിക്കാത്തവർ അനുഷ്ടിച്ചവരെയോ ആക്ഷേപിക്കുകയുണ്ടായിട്ടില്ല . നോമ്പ് അനുഷ്ഠിക്കാൻ കഴിയുമെങ്കിൽ അനുഷ്ഠിക്കുന്നതും ശേഷി കുറവാണെങ്കിൽ നോമ്പ് ഒഴിവാക്കുന്നതുമാണ് ഉത്തമം എന്നായിരുന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നത്. (തിർമിദി).
നോമ്പുകാരനായിരിക്കെ ഒരു യാത്രക്കാരന് മൂന്ന് അവസ്ഥകളാണുണ്ടാവുക
1) യാത്രക്കാരനായിരിക്കെ നോമ്പ് അവന്ന് വളരെ പ്രയാസമുണ്ടാക്കും: ഇവിടെ നോമ്പ് ഒഴിവാക്കലാണ് അവന്ന് ഉത്തമം.
عن جابر - رضي الله عنه - قال النبي «ليس من البر الصيام في السفر» أخرجه البخاري (1946)، ومسلم (1115)
നബി ﷺ പറഞ്ഞു:"യാത്രയിൽ നോമ്പ് അനുഷ്ഠിക്കൽ നന്മയിൽപെട്ടതല്ല.”
2) പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ല മറ്റുള്ളവരോടൊപ്പം റമദാനിൽ നോമ്പ് നോൽക്കുന്നതാണ് എളുപ്പമെങ്കിൽ : നോമ്പു നോൽക്കുന്നതാണ് ഉത്തമം.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا قَالَتْ: «مَا خُيِّرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا......
أخرجه البخاري (6126)، ومسلم (6115)
ആഇശയിൽ رضي الله عنها നിന്ന് നിവേദനം) പാപമല്ലാത്ത (രണ്ട് കാര്യങ്ങളിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു നബി ﷺ തെരഞ്ഞെടുത്തിരുന്നത്.
3) പ്രതേ്യകിച്ച് പ്രയാസമോ എളുപ്പമോ ഇല്ല , രണ്ടും സമമാണെങ്കിൽ : അവന്ന് ഏറ്റവും ഉത്തമം നോമ്പ് പിടിക്കലാണ്.
حمزة بن عمرو الأسلمي - رضي الله عنه أن رسول الله - صلى الله عليه وسلم - قال: «هي رخصة من الله، فمن أخذها فحسن ومن أحب أن يصوم فلا جناح عليه[ صحيح مسلم (1121)
നബി ﷺ പറഞ്ഞു : "അത് അല്ലാഹുവിൽനിന്നുള്ള ഇളവാണ് . ആരെങ്കിലും ആ ഇളവ് സ്വീകരിച്ചാൽ അതാണ് ഉത്തമം. ആര് നോമ്പ് നോൽക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അവന്റെ മേൽ കുറ്റമില്ല."
വ്യത്യസ്ത കാരണത്താൽ നോമ്പ് പിടിക്കലാണ് അവന്ന് ഉത്തമം :
• നിർബന്ധ ബാധ്യതയിൽ നിന്ന് അവൻ മുക്തനാകും.
• ഏറ്റവും ശ്രേഷ്ഠമായ സമയമാണ് റമദാൻ മാസം. അവൻ പിന്നീട് നോൽക്കുകയാണെങ്കിൽ റമദാൻ അല്ലാത്ത മാസത്തിലാണല്ലോ വീട്ടേണ്ടത്.
• യാത്രക്കാരനായിരിക്കെ നോമ്പ് പിടിക്കലായിരുന്നു പ്രവാചകചര്യ.
യാത്രക്കാരനായിരിക്കെ പകലിൽ ഒരാൾ നോമ്പുകാരനായി പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അവന് നോമ്പ് മുറിക്കാമോ?
ഭൂരിഭാഗം പണ്ഡിതരും മുറിക്കാം എന്ന അഭിപ്രായമാണ്.
നോമ്പ് മുറിക്കാം എന്നതിന് ഇവർ തെളിവു പിടിച്ചത് താഴെ കൊടുത്ത ഹദീസാണ്
ابن عباس - رضي الله عنهما -، في "الصحيحين"، أن رسول الله - صلى الله عليه وسلم - خرج إلى مكة في رمضان فصام حتى بلغ الكَدْيد أفطر، فأفطر الناس...1) أخرجه البخاري (1944)، ومسلم (1113)
ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം ഒരു റമദാനിൽ നബി ﷺ മക്കയിലേക്ക് പുറപ്പെട്ടു. മക്കയിൽ എത്തുന്നതിനു മുമ്പേ ‘കദ്യദ് ‘ എന്ന പ്രദേശത്ത് വെച്ച് അദ്ദേഹം നോമ്പു മുറിച്ചു. അപ്പോൾ ജനങ്ങളും അദ്ദേഹത്തിന്റെ ﷺ കൂടെ നോമ്പ് മുറിച്ചു . (ബുഖാരി മുസ്ലിം).
യാത്രക്കാരനായതിനാൽ നോമ്പില്ലാത്ത അവസ്ഥയിൽ സ്വന്തം നാട്ടിൽ പകലിൽ തിരിച്ചെത്തി. ബാക്കിയുള്ള സമയം ഭക്ഷണം കഴിക്കാതെ പിടിച്ചുവയ്ക്കണമോ.? –
പിടിച്ചുവയ്ക്കണ്ട എന്നതാണ് പ്രബലമായ അഭിപ്രായം. എന്നാൽ നോമ്പിന്റെ പവിത്രതയെ മാനിച്ചില്ല എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ രഹസ്യമായി ഭക്ഷണം കഴിക്കലാണ് ഉത്തമം.
യാത്രക്കാരനായതിനാൽ നോമ്പില്ലാത്ത അവസ്ഥയിൽ നാട്ടിൽ പകലിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ ആർത്തവകാലം കഴിഞ്ഞ് ആ പകലിന്റെ പകുതിയിൽ ശുദ്ധിയായിരിക്കുന്നു. എങ്കിൽ അവർ തമ്മിൽ ബന്ധപ്പെടാമോ?
അവർക്ക് ഭക്ഷണം കഴിക്കുകയും ബന്ധപ്പെടുകയും ചെയ്യാം എന്നതാണ് പ്രബലമായ അഭിപ്രായം.
ഇമാം ശാഫിഈ رحمه الله അഭിപ്രായപ്പെട്ടത്: ‘നോമ്പിന്റെ പവിത്രതയെ മാനിച്ചില്ല എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ
അവർ രണ്ടുപേരും രഹസ്യമായി ഭക്ഷണം കഴിക്കുകയും ബന്ധപ്പെട്ടത് ആരും അറിയാതിരിക്കുകയും ചെയ്യലാണ് ഉത്തമം.’
الله تعالى أعلم ..
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
