കച്ചവടക്കാർ അറിയേണ്ടത്

Anas Nadeeri
December 19, 2025
42 കാഴ്ചകൾ
കച്ചവടക്കാർ അറിയേണ്ടത്

കച്ചവടക്കാർ അറിയേണ്ടത്

•┈┈•✿ مقالات ✿•┈┈• 

📝കച്ചവടക്കാർ അറിയേണ്ടത്  

ഇസ്‌ലാമിക മതവിധികൾ അറിയാത്ത കച്ചവടക്കാരെ ഉമർ رضي الله عنه മാർക്കറ്റിൽ നിന്നും വിലക്കാറുണ്ടായിരുന്നു.അദ്ദേഹം പറഞ്ഞിരുന്നു: 

لاْ يَبِعْ فِيْ سُوْقِنَا إِلاْ مَنْ قَدْ تَفَقَّهَ فِيْ الدِّيْنِ

“ദീനിൽ അറിവ് നേടിയവരല്ലാതെ നമ്മുടെ മാർകറ്റിൽ കച്ചവടം നടത്തരുത്.”(തിർമിദി - 487)

പല രൂപത്തിലും ഭാവത്തിലുമുള്ള പലിശയിടപാടുകളും നിഷിദ്ധമായ സാമ്പത്തിക ക്രയവിക്രയങ്ങളും ബിസിനസ് മേഖലയിൽ വ്യാപകമാണ്. ശരിയായ അറിവും അവബോധവുമില്ലായെങ്കിൽ ഗുരുതരമായ അപകടങ്ങളിൽ ചെന്ന് വീഴും.

അലിയ്യ് ബ്നു അബീ ത്വാലിബ് رضي الله عنه പറയുന്നത് ശ്രദ്ധിക്കുക:

مَنِ اتَّجَرَ قبلَ أَنْ يَتَفَقَّهَ ارْتَطَمَ فِيْ الرِّبَا، ثُمَّ ارْتَطَمَ، ثُمَّ ارْتَطَمَ

“അറിവ് നേടാതെ കച്ചവടം നടത്തിയവർ ആവർത്തിച്ചാവർത്തിച്ച് പലിശയുടെ കുടുക്കിൽ ചെന്ന് വീഴും.”(മുഗ്‌നിൽ മുഹ്താജ് - 2/22)

ഇബാദത്തുകളിലെന്നത് പോലെ മറ്റുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകളിലും വിലക്കപ്പെട്ട കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ അതുമായി ബന്ധപ്പെട്ട മതവിധികൾ നാം അറിഞ്ഞേ മതിയാകൂ. നബി ﷺ പറഞ്ഞു:

طَلَبُ العِلْمِ فَرِيْضَةٌ عَلَىْ كُلِّ مُسْلِمٍ

“അറിവ് നേടൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്.”(ഇബ്നു മാജ - 224)

ഓരോരുത്തരും എത്രത്തോളമാണ് നിർബന്ധമായും പഠിക്കേണ്ടത്?

ഇബ്നുൽ മുബാറക് رحمه الله യോട് ചോദിക്കപ്പെട്ടു:

ما الذي يسعُ المؤمنَ من تعليمِ العلمِ إلا أن يطلبَه؟ وما الذي يجبُ عليه أن يتعلَّمَه؟

“ഒരു മുഅ്മിൻ പഠിക്കുകയല്ലാതെ നിവൃത്തിയില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്?എന്തെല്ലാമാണവൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്?”

അദ്ദേഹം പറഞ്ഞു:

لا يسعُه أن يُقدِمَ على شيءٍ إلا بعلمٍ، ولا يسعُه حتى يسألَ

“ഏതൊരു കാര്യത്തിനും അതിനെ കുറിച്ചുള്ള (മതപരമായ) അറിവ് നേടിയ ശേഷമല്ലാതെ മുതിരരുത്. അതിനെ കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമല്ലാതെ ഒരു കാര്യത്തിനും മുന്നോട്ടിറങ്ങരുത്.”(ജാമിഉ ബയാനിൽ ഇൽമ് - 1/56)

ഇസ്‌ലാമിക വിശ്വാസവും നിർബന്ധമായ ഇബാദത്തുകളും ചിട്ടപ്പെടുത്താനാവശ്യമായ അറിവ് ഓരോ മുസ്‌ലിമും നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണ്. അതിന് പുറമെ, കച്ചവടക്കാരും സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്നവരും അതു സംബന്ധമായ മതവിധികൾ പഠിച്ച് മനസ്സിലാക്കുകയും അറിവുള്ളവരോട് ചോദിച്ചറിയുകയും വേണം.

അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

•┈┈┈┈•✿❁✿•┈┈┈┈•  

പങ്കിടുക: