ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ(ചുരുക്കത്തിൽ )
മുഹമ്മദ് ശഫീഖ് മദീന
بسم الله الرحمن الرحيم
നബി ﷺ ദീനിൽ ആവശ്യമുള്ള സകല കാര്യങ്ങളും പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനാൽ മുസ്ലിംകൾ തങ്ങൾക്ക് ആവശ്യമായ ഇബാദത്തുകളും വിശ്വാസ കാര്യങ്ങളും മറ്റും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും സലഫുകളും ഇമാമുമാരും ഏകോപിച്ച കാര്യങ്ങളിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്.
ഖുർആനിലും സുന്നത്തിലും ഇജ്മാഇലും സത്യമല്ലാതെ മറ്റൊന്നുമില്ല. അല്ലാഹു തആല പറഞ്ഞു :
{ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ } [النحل: 89]
"എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്ഗദര്ശനവും കാരുണ്യവും (അല്ലാഹുവിന്) കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്.." (സൂറഃ അന്നഹ്ൽ: 89).
{ مَّا فَرَّطۡنَا فِي ٱلۡكِتَٰبِ مِن شَيۡءٖۚ } [الأنعام: 38]
"വേദഗ്രന്ഥത്തിൽ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല." (സൂറഃ അൽ-അൻആം: 38).
അറിവിന്റെ മേഖലകളിൽ ആളുകൾക്കിടയിൽ ഭിന്നതയുണ്ടാകുന്ന കാര്യങ്ങളെ ഖുർആനിലെ വ്യക്തമായ വചനങ്ങളിലേക്കും, സ്വഹീഹും ഹസനുമായ പ്രവാചക ചര്യകളിലേക്കും (സ്വീകാര്യയോഗ്യമായ ഹദീസുകൾ ), സലഫുകളുടെയും ഇമാമുമാരുടെയും മാർഗ്ഗത്തിലേക്കും മടക്കുക എന്നതിലാണ് സന്മാർഗ്ഗവും രക്ഷയുമുള്ളത്. പുണ്യത്തോടു കൂടി അവരെ പിന്തുടരുകയും ഇസ്ലാമിലും ഈമാനിലും അവരുടെ പാത പിന്തുടരുകയും ചെയ്യുന്നവരും ഇതിൽ ഉൾപ്പെടുന്നു.
ആരെങ്കിലും ഈ അടിസ്ഥാന പ്രമാണത്തെ അവലംബിച്ചാൽ, മതത്തിന്റെ അടിസ്ഥാനത്തിന് (അതായത് ഇഖ്ലാസിനും ഇത്തിബാഇനും) വിരുദ്ധമായി ദുർമാർഗ്ഗികൾ ഉന്നയിക്കുന്ന എല്ലാ സംശയങ്ങളെയും പ്രതിരോധിക്കാൻ അവന് സാധിക്കും.
പണ്ഡിതന്മാർക്കിടയിൽ പ്രമാണങ്ങൾ നാലെണ്ണമാണ്:ലിങ്ക് കോപ്പി ചെയ്തു!
- വിശുദ്ധ ഖുർആൻ
- സുന്നത്ത് (സ്വീകാര്യയോഗ്യമായ ഹദീസുകൾ )
- ഇജ്മാഅ് (പണ്ഡിത ഏകാഭിപ്രായം)
- അൽ ഖിയാസ്
1. വിശുദ്ധ ഖുർആൻ
ഇസ്ലാമിക ശരീഅത്തിന്റെ ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ സ്രോതസ്സ് വിശുദ്ധ ഖുർആൻ ആണെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നും അത് മനുഷ്യരാശിക്കൊന്നാകെ പ്രമാണമാണെന്നും (ഹുജ്ജത്ത്) ഏവരും അംഗീകരിക്കുന്നു. ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്നതിന് തെളിവ് അതിന്റെ അത്ഭുതസിദ്ധിയാണ് (ഇഅ്ജാസ്) . ഖുർആനിന്റെ ഈ അത്ഭുതസിദ്ധിയിലൂടെ അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ, എല്ലാവരും അത് പിന്തുടരുകയും അതിന്റെ വചനങ്ങളിൽ (നസ്സുകൾ) നിന്ന് നിയമങ്ങൾ (അഹ്കാം) മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യൽ നിർബന്ധമാണ്."
2. സുന്നത്ത് (സ്വീകാര്യയോഗ്യമായ ഹദീസുകൾ )
നബി ﷺ യിൽ നിന്ന് ഖുർആൻ അല്ലാത്തതായി വന്നിട്ടുള്ള വാക്കുകൾ , പ്രവൃത്തികൾ , അംഗീകാരങ്ങൾ എന്നിവയെയാണ് 'സുന്നത്ത്' എന്ന് പറയുന്നത്.
ഖുർആൻ സ്വീകരിക്കലും അതനുസരിച്ച് പ്രവർത്തിക്കലും എപ്രകാരം നിർബന്ധമാണോ, അതുപോലെതന്നെ സുന്നത്ത് (നബിചര്യ) ഒരു പ്രമാണമായി സ്വീകരിക്കലും അതനുസരിച്ച് പ്രവർത്തിക്കലും നിർബന്ധമാണ്. അല്ലാഹുവിന്റെ റസൂലിനെ ﷺ അനുസരിക്കൽ നിർബന്ധമാണെന്ന് വ്യക്തമാക്കുന്ന ഖുർആൻ വചനങ്ങളാണ് ഇതിന് ആധാരം. അല്ലാഹു തആല പറയുന്നു:
{ وَأَطِيعُواْ ٱللَّهَ وَٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ }[آل عمران: 132]
"നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക, നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം." (സൂറത്ത് ആലു ഇംറാൻ: 132)"
3. ഇജ്മാഅ് (പണ്ഡിത ഏകാഭിപ്രായം)
നബി ﷺ യുടെ വിയോഗത്തിന് ശേഷം, ഏതെങ്കിലും ഒരു കാലഘട്ടത്തിലെ ഇസ്ലാമിക സമൂഹത്തിലെ മുജ്തഹിദുകളായ (കർമ്മശാസ്ത്ര ഗവേഷണത്തിന് യോഗ്യതയുള്ള) പണ്ഡിതന്മാർ ഒരു ശറഇയ്യായ വിധിയിൽ ഏകകണ്ഠമായി യോജിക്കുന്നതിനെയാണ് ഇജ്മാഅ് എന്ന് പറയുന്നത്.
ഇജ്മാഅ് പൂർണ്ണമായും ഒരു പ്രമാണമാണ്. അല്ലാഹു തആലയുടെ ഈ വചനം അതിന് തെളിവാണ്:
"നേർവഴി വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലിനോട് مخالفത്ത് (തിരസ്കാരം) കാണിക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത വഴി പിന്തുടരുകയും ചെയ്യുന്ന പക്ഷം, അവൻ തിരഞ്ഞെടുത്ത ആ വഴിക്ക് തന്നെ നാം അവനെ വിട്ടുകൊടുക്കുന്നതാണ്. പിന്നീട് നാം അവനെ നരകത്തിലിട്ട് കരിക്കുകയും ചെയ്യും. ചെന്നെത്താൻ എത്ര ചീത്തയായ സ്ഥലമാണത്!" (സൂറത്തു നിസാഅ്: 115)"
ഹദീസുകളിൽ നിന്ന്
إن أمتي لا تجتمع على ضلالة "
നബി പറഞ്ഞു : "നിശ്ചയമായും എന്റെ ഉമ്മത്ത് ഒരു വഴികേടിലും ഒത്തുകൂടുകയില്ല."
- അൽ ഖിയാസ്
ഒരു കാര്യത്തിന്റെ വിധി (ഹുക്മ്) നിശ്ചയിക്കുന്നതിന് അടിസ്ഥാനമായ കാരണം (ഇല്ലത്ത്) മറ്റൊരു കാര്യത്തിലും ഒരേപോലെ കാണപ്പെടുമ്പോൾ, ആ മൂലവിഷയത്തിലെ (അസ്ൽ) വിധി പുതിയ വിഷയത്തിലേക്കും (ഫർഅ്) ബാധകമാക്കുന്നതിനെയാണ് ഖിയാസ് എന്ന് പറയുന്നത്.
എന്നാൽ 'ഖിയാസി'ന്റെ കാര്യത്തിൽ (സ്വഹീഹായവ) പ്രമാണമായി സ്വീകരിക്കാമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഭിന്നതയുണ്ട് .( പണ്ഡിതന്മാർ ഏകോപിച്ച പ്രമാണങ്ങളും, അഭിപ്രായ ഭിന്നതയുള്ളതും വിശദീകരിക്കുന്ന അദ്ധ്യായങ്ങളിൽ പിന്നീട് അത് വിശദീകരിക്കുന്നതാണ് ) إن شاء الله
ഖുർആനിലെ വചനങ്ങൾക്കോ, സുന്നത്തിലെ വ്യക്തമോ പ്രകടമോ ആയ പാഠങ്ങൾക്കോ, സലഫുകളുടെയും ഇമാമുമാരുടെയും ഏകോപനത്തിനോ വിരുദ്ധമായ ഏത് ഖിയാസും അസാധുവാണ് (ഫാസിദുൽ ഇഅ്തിബാർ). അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരാരും അത്തരമൊന്നിനെ അവലംബിക്കില്ല.
ഖുർആനും സുന്നത്തും ഇജ്മാഉം തെളിയിക്കുന്ന ഒന്നിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് തള്ളപ്പെടേണ്ടതും അസാധുവുമാണ്.
അതേസമയം, ഒരാളുടെ ഖിയാസ് ഖുർആനിലോ സുന്നത്തിലോ ഉള്ള തെളിവുകളുമായി യോജിക്കുന്നതും, അവ തമ്മിൽ വേർതിരിക്കാൻ പാടില്ലാത്തവിധം( അൽ ഫാരിഖ്) സമാനവുമാണെങ്കിൽ മിക്ക പണ്ഡിതന്മാരും അത്തരം ഖിയാസിനെ അംഗീകരിക്കുകയും അതിനെ പ്രമാണമായി സ്വീകരിക്കുകയും ചെയ്യുന്നു.
الله أعلم وصلى الله على نبينا محمد وعلى آله وصحبه وسلم
