സ്വഹാബികളോടുള്ള കടമകൾ - 08

Anas Nadeeri
January 13, 2026
31 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 08

സ്വഹാബികളോടുള്ള കടമകൾ - 8ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

8. സ്വഹാബികൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളിൽ മൗനം അവലംബിക്കുകലിങ്ക് കോപ്പി ചെയ്തു!

സ്വഹാബികൾക്കിടയിലുണ്ടായ കുഴപ്പങ്ങളിലും യുദ്ധങ്ങളിലും തർക്കങ്ങളിലും തലയിടാതെ മൗനം പാലിക്കുകയും മറച്ചുവെക്കുകയും ചെയ്യലാണ് ഏതൊരു മുസ്‌ലിമിൻ്റെയും ബാധ്യത.

ومَا جَرى بيْنَ الصِّحابِ نَسْكُتُ ** عنه، وأَجْرَ الاجْتِهَادِ نُثْبِتُ

“സ്വഹാബികൾക്കിടയിൽ സംഭവിച്ച കാര്യങ്ങളിൽ നാം മൗനം പാലിക്കുകയും അവർക്കതിൽ ഇജ്തിഹാദിൻ്റെ പ്രതിഫലമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.”(അസ്സുബദ് ഫിൽ ഫിഖ്ഹി ശ്ശാഫിഈ)

സഹാബികൾക്കിടയിൽ ഉണ്ടായ പ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങുക എന്നത് പാടില്ല എന്നതും അവരിൽ നിന്ന് അത് സംഭവിച്ചത് പ്രതിഫലാർഹമായ ഇജ്തിഹാദിന്റെ ഫലമായിട്ടാണ് എന്നും അഹ്‌ലുസ്സുന്നയുടെ ഗ്രന്ഥങ്ങളിൽ മുഴുവനും ഐക്യകണ്ഠേന പരാമർശിക്കപ്പെട്ട കാര്യമാണ്.

والحق في فتنةٍ بين الصِّحاب جرت ** هو السكوت وأن الكل مجتهدُ

“സ്വഹാബികൾക്കിടയിൽ നടന്ന കുഴപ്പങ്ങളിൽ സ്വീകരിക്കേണ്ട ശരിയായ നിലപാട്; അവരെല്ലാവരും പ്രതിഫലാർഹരായ മുജ്തഹിദീങ്ങളാണ് എന്ന് വിശ്വസിക്കലും മൗനം പാലിക്കലുമാണ്.”(നള്വ്‌മുൽ ജൗഹറഃ)

എന്തുകൊണ്ട് ഈ ഒരു നിലപാട് സ്വീകരിക്കണം എന്നതിന് പല ഉത്തരങ്ങളുണ്ട്.

ഒന്ന്: നബി ﷺ കൽപ്പിച്ചു:

وإذا ذُكِرَ أصحابِي فأَمْسِكُوا

“സ്വഹാബികളെ കുറിച്ച് പരാമർശിക്കപ്പെട്ടാൽ നിങ്ങൾ നിങ്ങളുടെ നാവിനെ പിടിച്ചുവെക്കുക.”

രണ്ട്: അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ വൈജ്ഞാനികമോ കർമ്മപരമോ ആയ യാതൊരു പ്രയോജനവുമില്ല. ഒരാളുടെ ഇസ്‌ലാമിന്റെ പൂർണ്ണതയിലും മേന്മയിലും പെട്ടതാണ് തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത്.

സ്വഹാബികൾക്കിടയിൽ സംഭവിച്ച യുദ്ധങ്ങളും പ്രശ്നങ്ങളും അവരുടെ ഇജ്തിഹാദ് അഥവാ പ്രതിഫലാർഹമായ ഗവേഷണത്തിന്റെ ഫലമായുണ്ടായതായിരുന്നു. അതുകൊണ്ടുതന്നെ അവരിലെ എല്ലാ കക്ഷികളും അവരുടെ വീക്ഷണപ്രകാരമുള്ള സത്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ചതിയോ വഞ്ചനയോ എതിർ പക്ഷത്തുള്ളവരെ അടിച്ചമർത്തലോ അവരുടെ ഉദ്ദേശ്യമായിരുന്നില്ല. മറിച്ച്, തെറ്റ് തിരുത്താൻ ശിക്ഷിക്കുന്ന ഒരു ഖാള്വിയെ പോലെ മാത്രം.

പ്രസ്തുത സംഭവങ്ങൾക്ക് ശേഷം അവരുടെ മനസ്സുകളിൽ അതിന്റെ യാതൊരു പ്രയാസവും നിലനിന്നിട്ടില്ല. എങ്കിൽ പിന്നെ അവർക്ക് ശേഷം വന്നവർ ഇക്കാര്യങ്ങളിൽ ഇടപെടേണ്ടതിന്റെ എന്ത് ആവശ്യകതയാണുള്ളത്?

ഉമർ ബ്നു അബ്ദിൽ അസീസ് رحمه الله യുടെ വാചകങ്ങൾ എത്ര ഭംഗിയുള്ളതാണ്:

تِلكَ دِماءٌ طَهَّرَ اللهُ مِنها يَدِي، فلا أُحِبُّ أن أخضِّبَ لِساني بها

“അല്ലാഹു എൻ്റെ കൈകളിൽ ആ രക്തം പറ്റുന്നതിൽ നിന്നും എന്നെ സംരക്ഷിച്ചിരിക്കുന്നു. എന്നിരിക്കെ, എന്റെ നാവുകൊണ്ടും അതിൽ സ്പർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.”(അത്തഹ്‌രീർ വത്തൻവീർ)

ഇത്തരം വിഷയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങുന്നത് ദോഷകരമായ ഫലങ്ങളിലേക്ക് നയിക്കും. ശരിയായ പാതയിൽ നിന്ന് വഴിപിഴക്കുകയും ഹൃദയത്തിൽ സ്വഹാബികളിൽ ചിലരോടെങ്കിലും അനിഷ്ടം ഉടലെടുക്കാൻ കാരണമാകുകയും ചെയ്യും. അത് നാശത്തിന്റെ പടുകുഴിയിൽ വീഴ്ത്തും. അങ്ങനെയൊരു അവസ്ഥയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്നത് ഇസ്‌ലാം നിഷ്കർഷിക്കുന്ന അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്.

അൽബർബഹാരി رحمه الله പറയുന്നു:

ولا تحدِّث بشيء من زللهم، ولا حربهم، ولا ما غاب عنك علمه، ولا تسمعه من أحد يحدِّث به، فإنَّه لا يسلم لك قلبك إن سمعته

“അവർക്ക് സംഭവിച്ച അബദ്ധങ്ങളോ, അവർക്കിടയിൽ ഉണ്ടായ യുദ്ധങ്ങളോ, അതുമായി ബന്ധപ്പെട്ട് നിനക്കറിവില്ലാത്ത കാര്യങ്ങളോ നീ സംസാരിക്കരുത്. അത്തരം കാര്യങ്ങൾ സംസാരിക്കുന്നവരെ നീ കേൾക്കുകയും ചെയ്യരുത്. അത്തരക്കാർക്ക് ചെവി കൊടുത്താൽ നിൻ്റെ ഹൃദയം അപകടത്തിൽ പെടും.”(ശർഹുസ്സുന്നഃ)

وَاحْذَرْ من الْخَوْض الَّذِي قد يزري ** بفضلهم مِمَّا جرى لَو تَدْرِي

 فَإِنَّهُ عَن اجْتِهَاد قد صدر ** فَاسْلَمْ أذلّ الله من لَهُم هجر

“അവരുടെ മഹത്വത്തെ ഇടിച്ചു താഴ്ത്തുന്ന ആഴത്തിലുള്ള ഗവേഷണങ്ങളെ നീ സൂക്ഷിക്കുക. പ്രതിഫലാർഹമായ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് അവരിൽ നിന്നത് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ട് നീ രക്ഷയുടെ വഴി സ്വീകരിക്കുക. സ്വഹാബികളോടുള്ള ബന്ധം മുറിച്ചവരെ അല്ലാഹു നിന്ദ്യരാക്കട്ടെ.”(അദ്ദുർറത്തുൽ മുള്വിയ്യഃ)

മൂന്ന്: നുണയന്മാരും കപടന്മാരും ബിദ്അത്തിന്റെ കക്ഷികളും ഈ വിഷയവുമായി ഒരുപാട് റിപ്പോർട്ടുകൾ നിർമ്മിച്ചുണ്ടാക്കിയിട്ടുണ്ട്.

കള്ള ഹദീസുകൾ കെട്ടിയുണ്ടാക്കുന്നവരുടെയും നുണയന്മാരുടെയും സാന്നിധ്യം വളരെയധികമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് ഒരു വിധി സ്ഥാപിക്കാൻ സാധിക്കുക.

സ്വഹാബികൾക്കിടയിലുണ്ടായ കുഴപ്പങ്ങളെ സംബന്ധിച്ച് വ്യാപകമായി അവലംബിക്കപ്പെടുന്നത് ചരിത്രഗ്രന്ഥങ്ങളെയാണ്. പ്രചാരത്തിലുള്ള റിപ്പോർട്ടുകളെല്ലാം ക്രോഡീകരിക്കുന്ന, സ്വീകാര്യമായതും അസ്വീകാര്യമായതുമെല്ലാം ഒരുമിച്ചുകൂട്ടുന്ന രീതിയാണ് പൊതുവേ പ്രസ്തുത ഗ്രന്ഥങ്ങൾ സ്വീകരിച്ചിട്ടുള്ളത്. എന്നിരിക്കെ എങ്ങനെയാണ് ഇത്രയും ഗൗരവമേറിയ, ബിദ്അത്തുകാർക്ക് പ്രത്യേക ദുരുദ്ദേശ്യങ്ങളുള്ള ഇത്തരം വിഷയത്തിൽ പ്രസ്തുത ഗ്രന്ഥങ്ങളിൽ വിശ്വാസമർപ്പിക്കുന്നത്?! എന്നുമാത്രമല്ല, വിഷയ സംബന്ധമായി സ്ഥിരപ്പെട്ട റിപ്പോർട്ടുകളാകട്ടെ, സ്വഹാബികളുടെ മഹത്വത്തിനും സ്ഥാനത്തിനും യോജിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കാൻ സാധ്യതയുള്ളവയുമാണ്. നേരത്തെ നാമത് വിശദീകരിച്ചു.

ഇബ്നു ദഖീഖ് അൽ ഈദ് رحمه الله പറയുന്നു: “സ്വഹാബികൾക്കിടയിലുണ്ടായ പ്രശ്നങ്ങളെയും ഭിന്നതകളെയും കുറിച്ചുള്ള റിപ്പോർട്ടുകളിൽ ചിലത് കളവും കെട്ടിച്ചമച്ചവയുമാണ്. അവ തിരിഞ്ഞു നോക്കേണ്ടതേയില്ല. അവയിൽ സ്ഥിരപ്പെട്ട റിപ്പോർട്ടുകൾ നല്ല രീതിയിൽ നാം വ്യാഖ്യാനിക്കും. കാരണം അല്ലാഹു അവരെ കുറിച്ച് നേരത്തെ പ്രശംസിച്ചതാണ്. അതിന് വിരുദ്ധമായ പിൽകാലത്തെ റിപ്പോർട്ടുകളാകട്ടെ വ്യാഖ്യാന സാധ്യതയുള്ളവയാണ്. ഉറപ്പുള്ളതും സ്ഥിരപ്പെട്ടതുമായ കാര്യം ഊഹാപോഹങ്ങളും സംശയങ്ങളും സാധ്യതകളും കൊണ്ട് ഇല്ലാതാകുകയില്ല.”(ശർഹുൽ ഫിഖ്ഹുൽ അക്ബർ)

നാല്: എന്താണ് യഥാർത്ഥത്തിൽ അന്ന് സംഭവിച്ചത് എന്ന് മനസ്സിലാക്കുക പ്രയാസകരമാണ്. കാരണം; യുദ്ധങ്ങളുടെയും കലഹങ്ങളുടെയും സന്ദർഭത്തിൽ സത്യവും അസത്യവും കൂടിക്കലരുകയും അവ്യക്തത നിലനിൽക്കുകയും ചെയ്യും. കാര്യങ്ങളുടെ നിജസ്ഥിതി ശരിയായ രൂപത്തിൽ മനസ്സിലാക്കുക പ്രയാസകരമായിരിക്കും. അതുകൊണ്ടുതന്നെ പൂർണമായും ഈ വിഷയം അവഗണിക്കുകയും മാറ്റിവെക്കുകയും ചെയ്യലാണ് ഏറ്റവും കരണീയമായിട്ടുള്ളത്.

ഇത്രയും വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും തങ്ങളുടെ ദീൻ സുരക്ഷിതമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ അവർ ഇത്തരം ദുഷിച്ച ചർച്ചകളിൽ നിന്നും പൂർണ്ണമായും അകന്നു നിൽക്കുകയും, ഹൃദയത്തിൽ സ്വഹാബത്തിനോടുള്ള സ്നേഹം നിറക്കുകയും നാവ് കൊണ്ട് അവരെ കുറിച്ച് നല്ലത് പറയുകയും തർള്വിയത്ത് നടത്തുകയും ചെയ്യട്ടെ.

പങ്കിടുക: