സ്വഹാബികളോടുള്ള കടമകൾ - 7ലിങ്ക് കോപ്പി ചെയ്തു!
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🖋️ വിവ: അനസ് നദീരി
••┈•┈••✦✿✦••┈•┈••
7. അവർക്ക് അബദ്ധം സംഭവിച്ചതോ, സംഭവിച്ചതായി തോന്നിക്കുന്നതോ ആയ വിഷയങ്ങളിൽ മൗനം പാലിക്കുകലിങ്ക് കോപ്പി ചെയ്തു!
അഹ്ലുസ്സുന്നഃ മധ്യമ നിലപാടുകാരാണ്. പരിധി വിടലും അതിരുകവിയലും അവരെ സംബന്ധിച്ചിടത്തോളം അന്യമാണ്. അതുകൊണ്ടുതന്നെ സ്വഹാബത്തിൻ്റെ മഹത്വം ഉൾക്കൊള്ളുമ്പോഴും അവർ യാതൊരു തെറ്റും സംഭവിക്കാത്തവരാണെന്ന് അഹ്ലുസ്സുന്നഃ വിശ്വസിക്കുന്നില്ല. അവരെല്ലാവരും വിശ്വാസയോഗ്യരും മതനിഷ്ഠ കാത്തുസൂക്ഷിക്കുന്നവരുമാണെന്നത് അവരിൽ നിന്ന് അബദ്ധങ്ങൾ സംഭവിക്കുമെന്നതിന് വിരുദ്ധമാകുന്നില്ല. എന്നിരുന്നാലും അവർക്ക് സംഭവിക്കുന്ന വീഴ്ചകൾ മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന വീഴ്ചകൾ പോലെയല്ല. സ്വഹാബികളും അല്ലാത്തവരും തമ്മിലുള്ള അന്തരം ബോധ്യപ്പെട്ടവർക്കത് മനസ്സിലാകും.
സ്വഹാബികളിലൊരാൾക്ക് ഏതെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചതായി വന്ന റിപ്പോർട്ടുകൾക്ക് പല സാധ്യതകളുണ്ട്.
• ആ റിപ്പോർട്ടുകളിൽ വെട്ടിക്കുറച്ചും കൂട്ടിച്ചേർത്തും കൃത്രിമത്വം നടന്നിരിക്കാം
• അതിൻ്റെ നിവേദക പരമ്പര സ്ഥിരപ്പെട്ടതല്ലാതിരിക്കാം. എങ്കിലത് നിസ്സംശയം തള്ളപ്പെടണം. ഇത്തരം റിപ്പോർട്ടുകളിൽ ഭൂരിഭാഗവും ഈ ഗണത്തിലുള്ളവയാണ്.
• സ്ഥിരപ്പെട്ടതാണ് പക്ഷേ, അതിൽ അവർക്ക് തെറ്റ് സംഭവിച്ചതല്ല എന്ന ഒരു സദ്വിചാരത്തിന് സാധ്യതയുണ്ട്. എങ്കിൽ നിർബന്ധമായും ആ സാധ്യത പ്രകാരം നല്ല രൂപത്തിൽ അതിനെ മനസ്സിലാക്കണം. പൊതുവെ, ഏതൊരു മുസ്ലിമിനെ കുറിച്ചും നല്ലത് കരുതുകയാണ് വേണ്ടത്. എങ്കിൽ മുസ്ലിംകളുടെ നേതാക്കളെ കുറിച്ച് തീർച്ചയായും ഏറ്റവും നല്ലത് മാത്രമേ കരുതാവൂ.
• ഏറ്റവും ചുരുങ്ങിയത് അവരത് ചെയ്തത് അനുവദനീയമായ വ്യാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലോ, അശ്രദ്ധയോ മറവിയോ കാരണമോ, തെറ്റ് സംഭവിച്ചാൽ പോലും ഒരു പ്രതിഫലം ലഭിക്കുന്ന ഇജ്തിഹാദിൻ്റെ അടിസ്ഥാനത്തിലോ ആകാം. ഇത്രയെങ്കിലും കരുതലാണ് ഈമാനിൻ്റെ ഏറ്റവും കുറഞ്ഞ അവസ്ഥ.
എന്ത് തന്നെയായിരുന്നാലും അവരിൽ നിന്ന് സംഭവിച്ച തെറ്റുകൾ മായ്ച്ചുകളയുകയും ഇല്ലാതാക്കുകയും ചെയ്യുന്ന അഞ്ച് കാര്യങ്ങളുണ്ട്.
1. തൗബ
സ്വഹാബികൾ ഏറ്റവും വേഗം തൗബ ചെയ്യുന്നവരാണ്. തെറ്റിൽ നിന്ന് തൗബ ചെയ്തവരാകട്ടെ തെറ്റ് ചെയ്യാത്തവരെപ്പോലെയാണ്.(ഇബ്നു മാജ)
അല്ലാഹുവിൻ്റെയടുക്കൽ സ്വഹാബികൾക്കുള്ള സ്ഥാനവും ആദരവും കാരണം അവരുടെ തൗബ സ്വീകരിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളതുമാണ്.
2. അവർ ചെയ്ത മഹത്തായ നന്മകൾ
നന്മകൾ തിന്മകളെ മായ്ചുകളയും. സ്വഹാബികളുടെ നന്മകളാകട്ടെ നാം വിശദീകരിച്ചത് പോലെ അതിമഹത്തായതും വമ്പിച്ച പ്രതിഫലം അർഹിക്കുന്നവയുമാണ്.
3. ഇസ്ലാമിലേക്ക് മുൻകടന്നതും അല്ലാഹുവിൻ്റെ റസൂൽ ﷺ യുടെ കൂടെ അവർ നിർവഹിച്ച ജിഹാദും
ബദ്റിൽ പങ്കെടുത്തവരുടെ കാര്യത്തിൽ നബി ﷺ പറഞ്ഞു:
وما يُدْرِيكَ لَعَلَّ اللَّهَ اطَّلَعَ علَى أهْلِ بَدْرٍ فَقالَ: اعْمَلُوا ما شِئْتُمْ فقَدْ غَفَرْتُ لَكُمْ
“താങ്കൾക്ക് എന്തറിയാം?, അല്ലാഹു ബദ്റിൽ പങ്കെടുത്തവരെ നോക്കി പറഞ്ഞിട്ടുണ്ട്: നിങ്ങൾ ഉദ്ദേശിക്കുന്നത് നിങ്ങൾ പ്രവർത്തിച്ചു കൊള്ളുക. തീർച്ചയായും ഞാൻ നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു.”(ബുഖാരി, മുസ്ലിം).
4. നബി ﷺ യുടെ ശഫാഅത്ത് മുഖേന അവർക്ക് പാപങ്ങൾ പൊറുക്കപ്പെടാം
അല്ലാഹുവിൽ യാതൊന്നിനെയും പങ്കു ചേർക്കാത്ത തൗഹീദിന്റെ ആളുകൾക്ക് അവിടുത്തെ ശഫാഅത്ത് ലഭിക്കുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്. തൗഹീദുള്ളവരുടെ നേതാക്കളും റസൂലിനോട് ഏറ്റവും അടുത്തവരുമായ സ്വഹാബികൾ ആ ശുപാർശക്ക് എന്തുകൊണ്ടും കൂടുതൽ അർഹരാണ്.
5. ദുനിയാവിൽ വെച്ച് അവർക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളും പരീക്ഷണങ്ങളും. പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും പാപങ്ങളെ മായ്ചുകളയും
ചുരുക്കത്തിൽ, “സ്വഹാബികളെ കുറിച്ച് നമ്മുടെ നാവുകൊണ്ട് നല്ലത് മാത്രം പറയലും ഹൃദയത്തിൽ നല്ലത് മാത്രം കരുതലും അഹ്ലുസ്സുന്നയുടെ ഉസ്വൂലുകളിൽ പെട്ടതാണ്.”(മജ്മൂഉൽ ഫതാവാ, അൽ വാസ്വിത്വിയ്യഃ)
അതുകൊണ്ടുതന്നെ ഏതൊരു മുസ്ലിമിൻ്റെയും ഹൃദയവും നാവും സ്വഹാബികളെ കുറ്റപ്പെടുത്തുന്നതിൽ നിന്നും ആക്ഷേപിക്കുന്നതിൽ നിന്നും മുക്തമായിരിക്കണം. ഹൃദയം ദുഷിച്ചവർക്കല്ലാതെ ഈ മാർഗത്തിൽ നിന്ന് പിഴവ് സംഭവിക്കുകയില്ല.
സുഫ്യാൻ ബ്നു ഉയൈയ്ന رحمه الله പറയുന്നു:
من نطق في أصحاب رسول الله ﷺ بكلمة فهو صاحب هوى
“സ്വഹാബികളെ മോശമാക്കി ഒരു വാക്കെങ്കിലും ആരെങ്കിലും സംസാരിച്ചാൽ അവൻ ബിദ്അത്തുകാരനാണ്.”
ഇമാം അഹ്മദ് رحمه الله പറഞ്ഞു:
ومن تنقص أحداً من أصحاب رسول الله ﷺ أو بغَّضه لحدث منه أو ذكر مساويه، كان مبتدعاً حتى يترحم عليهم جميعاً، ويكون قلبه لهم سليماً
“അല്ലാഹുവിൻ്റെ റസൂലിൻ്റെ സ്വഹാബികളിൽ ആരെങ്കിലും ഒരാളിൽ നിന്നുണ്ടായ എന്തെങ്കിലുമൊരു സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ അവരെ കുറ്റപ്പെടുത്തുകയോ വെറുക്കുകയോ, അല്ലെങ്കിൽ അവരുടെ കുറവുകൾ എടുത്തു പറയുകയോ ചെയ്യുന്നവൻ ബിദ്അത്തുകാരനാകുന്നു.
എല്ലാ സ്വഹാബികൾക്കും വേണ്ടി അല്ലാഹുവിൻ്റെ റഹ്മത്തിനായി പ്രാർത്ഥിക്കുകയും അവരെക്കുറിച്ചെല്ലാം ഹൃദയത്തിൽ നല്ലതുമാത്രം കരുതുകയും ചെയ്യുന്നതുവരെ അവർ ബിദ്അത്തുകാർ തന്നെയായിരിക്കും.”(ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്ലിസ്സുന്നഃ)
