സ്വഹാബികളോടുള്ള കടമകൾ - 06

Anas Nadeeri
January 13, 2026
26 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 06

സ്വഹാബികളോടുള്ള കടമകൾ - 6ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

6. സ്വഹാബികൾക്ക് വേണ്ടി  പ്രാർത്ഥിക്കുകയും തർള്വിയത്ത് ചൊല്ലുകയും ചെയ്യുകലിങ്ക് കോപ്പി ചെയ്തു!

“സ്വഹാബികളെ പ്രശംസിക്കലും അവർക്ക് വേണ്ടി അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും തേടലും തർള്വിയത്ത് ചൊല്ലലുമാണ് അവരോടുള്ള നിർബന്ധ ബാധ്യത എന്ന കാര്യം അഹ്‌ലുസ്സുന്നത്തിൻ്റെ ഇജ്മാആണ്.”(അസ്സ്വാരിമുൽ മസ്‌ലൂൽ)

അതായത്, മുസ്‌ലിംകളുടെ ഹൃദയങ്ങൾ സ്വഹാബികളോടുള്ള സ്നേഹവും ആദരവും നിറഞ്ഞതാണ്, അതിന്റെ ഫലമെന്നോണം അവരുടെ നാവുകൾ സ്വഹാബികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പാപമോചനത്തിന് തേടുകയും ചെയ്യുന്നു.

ഇബ്നുൽ മുബാറക് رحمه الله പറയുന്നു:

وَلَا أَزَالُ لَهُمْ مُسْتَغْفِرًا أَبَدًا ** كَمَا أُمِرْتُ بِهِ سِرًّا وَإِعْلَانَا

“ഞാൻ കൽപ്പിക്കപ്പെട്ടതുപോലെ എന്നും അവർക്ക് വേണ്ടി രഹസ്യമായും പരസ്യമായും പാപമോചനത്തിന് തേടും.”(ദീവാനു ഇബ്നിൽ മുബാറക്)

എത്രത്തോളമെന്നാൽ അല്ലാഹുവിന്റെ തൃപ്തിയെ ചോദിച്ചു കൊണ്ട് പേരിൻ്റെ കൂടെ ‘തർള്വിയത്ത്’ ചൊല്ലുക (റള്വിയല്ലാഹു അൻഹു എന്ന് പറയുക) എന്നത് ഉലമാക്കളുടെ അടുക്കൽ സ്വഹാബികൾക്ക് മാത്രം പ്രത്യേകമായ കാര്യമായാണ് അറിയപ്പെടുന്നത്. റള്വിയല്ലാഹു അൻഹു എന്ന് പറഞ്ഞു കൊണ്ടല്ലാതെ ഒരു സ്വഹാബിയുടെയും പേര് പരാമർശിക്കപ്പെടുന്നില്ല.

ഇത് മുസ്‌ലിംകൾ ഒന്നടങ്കം പ്രായോഗികമാക്കിയ കാര്യമാണ്. കാരണം അല്ലാഹു അവരെ തൃപ്തിപ്പെട്ടിട്ടുണ്ട് എന്നത് അവൻ തന്നെ ഖുർആനിൽ അറിയിച്ചിട്ടുണ്ട്:

{رَضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُ}

അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു.(അൽ മുജാദിലഃ : 22)

ശൗകാനി رحمه الله പറയുന്നു:

“സ്വഹാബത്തിന് തർള്വിയത്ത് ചൊല്ലലും അവർക്ക് ശേഷമുള്ളവർക്ക് വേണ്ടി തറഹ്ഹും (അഥവാ അല്ലാഹുവിൻ്റെ റഹ്‌മത്തിനെ ചോദിക്കലും) അവർക്കുവേണ്ടി അല്ലാഹുവിന്റെ പാപമോചനവും വിട്ടുവീഴ്ച്ചയും തേടലും ഈ ഉമ്മത്തിലെ മുൻഗാമികളും പിൽകാലക്കാരുമായ ബഹുഭൂരിപക്ഷത്തിൻ്റെയും രീതിയാണ്. അല്ലാഹുവിന്റെ അധ്യാപനത്തിന് അനുസൃതമായാണത്. അവൻ പറയുന്നു:

{وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟}

അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിന് ശേഷം വന്നവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ.(അൽ ഹശ്ർ : 10) [ഫത്ഹുൽ ഖദീർ]

പങ്കിടുക: