സ്വഹാബികളോടുള്ള കടമകൾ - 5ലിങ്ക് കോപ്പി ചെയ്തു!
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🖋️ വിവ: അനസ് നദീരി
••┈•┈••✦✿✦••┈•┈••
5. അവർ സ്വർഗ്ഗാവകാശികളാണെന്ന് വിശ്വസിക്കുകലിങ്ക് കോപ്പി ചെയ്തു!
സ്വഹാബികൾ എല്ലാവരും മൊത്തത്തിൽ സ്വർഗത്തിലാണെന്ന് അഹ്ലുസ്സുന്നഃ വിശ്വസിക്കുന്നു. ഇക്കാര്യം വ്യക്തമായി പരാമർശിക്കുന്ന ആയത്തുകൾ നേരത്തെ ഉദ്ധരിച്ചു.
ഉദാഹരണമായി ചിലത് കാണുക.
അല്ലാഹു പറയുന്നു:
وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَـٰجِرِینَ وَٱلۡأَنصَارِ وَٱلَّذِینَ ٱتَّبَعُوهُم بِإِحۡسَـٰنࣲ رَّضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتࣲ تَجۡرِی تَحۡتَهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰا ذَ لِكَ ٱلۡفَوۡزُ ٱلۡعَظِیمُ
മുഹാജിറുകളില് നിന്നും അനസ്വാറുകളില് നിന്നും ഈമാനിൻ്റെ കാര്യത്തിൽ മുൻകടന്നവരും, വിശ്വാസപരവും കർമപരവും വാചികവുമായ നന്മകൾ അനുഷ്ഠിച്ചു കൊണ്ട് അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.(അത്തൗബ : 100)
അല്ലാഹു പറയുന്നു:
وَكُلࣰّا وَعَدَ ٱللَّهُ ٱلۡحُسۡنَىٰ
അവരിൽ എല്ലാവര്ക്കും സ്വർഗമാകുന്ന ഏറ്റവും ഉൽകൃഷ്ടമായത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു (അൽഹദീദ് : 10)
ഖുർആനിലോ ഹദീസിലോ നിർണിതമായി സ്വർഗത്തിലാണെന്ന് വ്യക്തമാക്കപ്പെട്ടവർക്ക് ഉദാഹരണമാണ്;
- സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പത്താളുകൾ
- അബ്ദുല്ലാഹ് ബ്നു സലാം
- ഖൈസ് ബ്നു സാബിത്ത്
- ഉകാശത്ത് ബ്നു മിഹ്സ്വൻ
കൂടാതെ മറ്റു പത്തുകണക്കിന് സ്വഹാബികൾ. ശൈഖ് അബ്ദുൽ അസീസ് അസ്-സുലൈമാൻ വാസിത്വിയ്യയുടെ ശർഹിൽ സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട നാൽപ്പത്തിയൊന്ന് സ്വഹാബികളുടെ പേരുകൾ എണ്ണിപ്പറയുന്നുണ്ട്. അബൂ ഉസ്മാൻ അസ്-സ്വാബൂനി പറയുന്നു:
فأما الذين شهد لهم رسول الله ﷺ من أصحابه بأعيانهم بأنهم من أهل الجنة فإن أصحاب الحديث يشهدون لهم بذلك تصديقاً منهم للرسول ﷺ فيما ذكره ووعده لهم؛ فإنه ﷺ لم يشهد لهم بها إلا بعد أن عرف ذلك، والله تعالى أطلع رسوله ﷺ على ما شاء من غيبه
“അല്ലാഹുവിന്റെ റസൂൽ ﷺ സ്വർഗ്ഗത്തിലാണെന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തിയ സ്വഹാബികളെ കുറിച്ച് അവർ സ്വർഗ്ഗത്തിലാണെന്ന് അസ്വ്ഹാബുൽ ഹദീസ് -അഥവാ അഹ്ലുസ്സുന്നഃ- വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. റസൂൽ ﷺ യുടെ വാക്കിലും വാഗ്ദത്തത്തിലുമുള്ള അവരുടെ വിശ്വാസത്തിന്റെ ഭാഗമെന്നോണമാണത്. അവിടുത്തേക്ക് ലഭിച്ച അറിവിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത സ്വഹാബികളെ കുറിച്ച് അവിടുന്നത് സാക്ഷ്യപ്പെടുത്തിയത്. അല്ലാഹു അവന്റെ റസൂലിന് അവൻ ഉദ്ദേശിക്കുന്ന അദൃശ്യജ്ഞാനങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നു."(അഖീദത്തുസ്സലഫ് വ അസ്വ്ഹാബുൽ ഹദീസ്)
