സ്വഹാബികളോടുള്ള കടമകൾ - 03

Anas Nadeeri
January 13, 2026
22 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 03

📝സ്വഹാബികളോടുള്ള കടമകൾ - 3  ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله 

🖋️ വിവ: അനസ് നദീരി 

••┈•┈••✦✿✦••┈•┈•• 

3. അവർക്കിടയിൽ ശ്രേഷ്ഠതയിൽ സ്ഥാനവ്യത്യാസമുണ്ട് എന്ന് വിശ്വസിക്കുകലിങ്ക് കോപ്പി ചെയ്തു!

സ്വഹാബികൾ എല്ലാവരും ശ്രേഷ്ഠരാണെങ്കിലും അവരിൽ ചിലർ മറ്റു ചിലരേക്കാൾ ശ്രേഷ്ഠതയുള്ളവരാണ് എന്നതാണ് അഹ്‌ലുസ്സുന്നത്തിൻ്റെ വിശ്വാസം. എന്നാൽ ശ്രേഷ്ഠത കുറഞ്ഞവരെ ഇകഴ്ത്തുക എന്നത് അവരുടെ രീതിയുമല്ല. സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളത് സ്വർഗം കൊണ്ട് സന്തോഷ വാർത്തയറിയിക്കപ്പെട്ട പത്ത് പേർക്കാണ്. അഥവാ,

1. അബൂബക്ർ അസ്സ്വിദ്ദീഖ്

2. ഉമർ ബ്നുൽ ഖത്ത്വാബ്

3. ഉസ്മാൻ ബ്നു അഫ്ഫാൻ

4. അലിയ്യ് ബ്നു അബീത്വാലിബ് (റദ്വിയല്ലാഹു അൻഹും)

എന്നീ നാല് സച്ചരിതരായ ഖലീഫമാരും പിന്നീട് ശേഷിക്കുന്ന ആറ് സ്വഹാബികളുമാണ്.

ഇബ്നു അബീ ദാവൂദ് തൻ്റെ ഹാഇയ്യയിൽ ഒരു വരിയിൽ ഈ ആറ് പേരെയും പരാമർശിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു:

سعيدٌ وسعدٌ وابن عوفٍ وطلحةُ ** وعامرُ فهرٍ والزبيرُ الممدَّح

(സഈദുൻ വസഅദുൻ വബ്നു ഔഫിൻ വത്വൽഹത്തു ** വ ആമിറു ഫിഹ്‌രിൻ വസ്സുബൈറുൽ മുമദ്ദഹു.)

5. സഈദ് ബ്നു സൈദ്

6. സഅദ് ബ്നു അബീ വഖാസ്വ്

7. അബ്ദുർറഹ്‌മാനു ബ്നു ഔഫ്

8. ത്വൽഹത്ത് ബ്നു ഉബൈദില്ലാഹ് 

9. അബൂ ഉബൈദഃ ആമിർ ബ്നുൽ ജർറാഹ് അൽഫിഹ്‌രി

10. അസ്-സുബൈർ ബ്നുൽ അവ്വാം (റദ്വിയല്ലാഹു അൻഹും)

ഈ പത്തു പേരിൽ മുൻപന്തിയിയിലുള്ളത് നാല് ഖലീഫമാരാണ്. അവർക്കിടയിലെ ശ്രേഷ്ഠത അവരുടെ ഖിലാഫത്തിൻ്റെ ക്രമമനുസരിച്ചുമാണ്.

وتَولَّ أصحابَ النبي وآلَهُ ** واذع محاسنهم جميعًا وانشرِ

وامنحهم محض الوداد وقدم ال ** عمرين في كل الفضائل وأبدر

ويليهما عثمان ثم علي ال ** البطل المسوِّمُ في الحروب الشمري

“നബി ﷺ യുടെ സ്വഹാബികളോടും കുടുംബത്തോടും നീ സ്നേഹബന്ധം വെച്ചുപുലർത്തുകയും അവരുടെ മേന്മകളും ശ്രേഷ്ഠതകളും പ്രചരിപ്പിക്കുകയും ചെയ്യുക. ആത്മാർത്ഥമായി നീ അവരെ ഇഷ്ടപ്പെടുകയും അവരുടെ കൂട്ടത്തിൽ തന്നെ ശ്രേഷ്ഠതകളുടെ കാര്യത്തിൽ അബൂബക്റിനെയും ഉമറിനെയും നീ മുന്തിപ്പിക്കുകയും ചെയ്യുക. അവർക്ക് ശേഷം ഉസ്മാനെയും പിന്നീട് യുദ്ധങ്ങളിലെ ധീരനായ പോരാളിയായ അലിയെയും.”

അബൂബക്ർ رضي الله عنه വിനും ഉമർ رضي الله عنه വിനും ഇസ്‌ലാമിലുള്ള സ്ഥാനം വളരെ വലുതാണ്. നബി ﷺ കഴിഞ്ഞാൽ ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠർ അവരാണ്. എന്നല്ല, മനുഷ്യകുലത്തിൽ തന്നെ അമ്പിയാക്കൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠത അവർക്കാണ്. അവരിരുവരിൽ അബൂബക്ർ رضي الله عنه വാണ് മുൻപന്തിയിലുള്ളത്. നബികുടുംബത്തിലെ വലിയ മഹാനായ സയ്യിദ് അബൂ ജഅ്ഫർ അൽബാഖിർ رحمه الله പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്:

من لم يعرف فضل أبي بكر وعمر فقد جهل السُنّة

“അബൂബക്റിൻ്റെയും ഉമറിൻ്റെയും മഹത്വമറിയാത്തവൻ സുന്നത്തിനെ കുറിച്ച് തന്നെ അജ്ഞതയിലാണ്.”(അൽഹുജ്ജഃ ഫീ ബയാനിൽ മഹജ്ജഃ)

ശഅബി رحمه الله പറഞ്ഞു:

حُبُّ أبِى بكْر وعمر ومَعرِفةُ فَضْلِهما من السّنة

“അബൂബക്റിനെയും ഉമറിനെയും സ്നേഹിക്കലും അവരുടെ മഹത്വം ഉൾക്കൊള്ളലും സുന്നത്തിൻ്റെ ഭാഗമാണ്.”(അൽഹുജ്ജഃ ഫീ ബയാനിൽ മഹജ്ജഃ)

ഈ പത്താളുകൾക്ക് ശേഷം സ്വഹാബികളിൽ ശ്രേഷ്ഠർ ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവരാണ്. പിന്നീട് ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തവരും ശേഷം ബൈഅത്തുർ-രിദ്വ്‌വാനിൽ ഉടമ്പടി ചെയ്തവരുമാണ്. ഇപ്രകാരമാണ് ഇബ്നു കസീർ, ഇബ്നുസ്സ്വലാഹ്, നവവി -رحمهم الله- തുടങ്ങിയ ഒരു വിഭാഗം പണ്ഡിതന്മാർ വിശദീകരിച്ചിട്ടുള്ളത്. ബൈഅത്തുർ-രിദ്വ്‌വാനിൽ പങ്കെടുത്തവരെ ഉഹുദിൽ പങ്കെടുത്തവരേക്കാൾ ശ്രേഷ്ഠരായി അഭിപ്രായപ്പെടുന്നവരുമുണ്ട്. അഹ്സാബ് യുദ്ധത്തിൽ ഉറച്ച് നിന്ന ധീരയോദ്ധാക്കളെ ഉഹുദിൽ പങ്കെടുത്തവർക്ക് ശേഷം എണ്ണിയവരും ഉണ്ട്.

മൊത്തത്തിൽ മുഹാജിറുകൾ അൻസ്വാറുകളേക്കാളും, ആദ്യമാദ്യം ഇസ്‌ലാം സ്വീകരിച്ചവർ ശേഷം ഇസ്‌ലാം സ്വീകരിച്ചവരേക്കാളും ശ്രേഷഠരാണെന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം. സ്വഹാബി വനിതകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളത് മൂന്ന് പേർക്കാണ്; ഖദീജ, ആഇശ, ഫാത്വിമ رضي الله عنهن എന്നിവരാണവർ.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു:

وأفضل نساء هذه الأمة : خديجة وعائشة وفاطمة، وفي تفضيل بعضهم على بعض نزاع وتفصيل

“ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠരായ സ്ത്രീകൾ ഖദീജ, ആഇശാ, ഫാത്വിമ എന്നിവരാണ്. അവരിൽ ആർക്കാണ് കൂടുതൽ ശ്രേഷ്ഠതയുള്ളതെന്നതിൽ അഭിപ്രായവ്യത്യാസവും വിശദീകരണവുണ്ട്.”(മജ്മൂഉൽ ഫത്വാവാ)

സ്വഹാബികളിലെ ഓരോരുത്തരും അവർക്ക് ശേഷം വന്ന എല്ലാ വ്യക്തികളേക്കാളും ശ്രേഷ്ഠരാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത് എന്നത് ഏറെ പ്രാധാനപ്പെട്ട ഒരു വിഷയമാണ്. എങ്ങനെ അപ്രകാരമല്ലാതിരിക്കും, റസൂൽ ﷺ യെ കണ്ടുമുട്ടുകയെന്ന ഭാഗ്യം ലഭിച്ചവരാണവർ. അവർക്ക് ശേഷം വന്നവർ ഉഹുദ് മലയോളം സ്വർണം ചിലവഴിച്ചാലും അവർ ചിലവഴിച്ച ഒരു മുദ്ദിനോ അതിൻ്റെ പകുതിക്കോ പോലും അത് തുല്യമാകുകയില്ല.

അപ്പോൾ പിന്നെ അവരുടെ നിസ്കാരങ്ങളും ജിഹാദുകളും മറ്റു പുണ്യകർമങ്ങളുമൊക്കെ ശേഷം വന്നവരുടെ കർമങ്ങളേക്കാൾ എത്രമാത്രം മികച്ചതായിരിക്കും.!? എന്തുകൊണ്ട് അങ്ങനെയല്ലാതിരിക്കും, അല്ലാഹു അവരെക്കുറിച്ചാണല്ലോ പറഞ്ഞത്:

 {أُو۟لَـٰۤئكَ هُمُ ٱلرَّا⁠شِدُونَ}

അങ്ങനെയുള്ള അവർ തന്നെയാകുന്നു നേര്‍മാര്‍ഗം പ്രാപിച്ചവർ.(അൽഹുജുറാത്ത് : 7)

{وَكُلࣰّا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ}

അവർ എല്ലാവര്‍ക്കും അല്ലാഹു ഏറ്റവും നല്ലത് (അഥാവാ സ്വർഗം) വാഗ്ദാനം ചെയ്തിരിക്കുന്നു.(അന്നിസാഅ് : 95)

അവരെക്കുറിച്ചാണല്ലോ നബി ﷺ പറഞ്ഞത്:

...خير الناس قرني

“ജനങ്ങളിൽ ഏറ്റവും ഉത്തമർ എൻ്റെ തലമുറയാണ്...”

എന്നിരിക്കെ എങ്ങനെ അവർക്ക് ഈ ശ്രേഷ്ഠതയില്ലാതിരിക്കും.

മുആഫാ ഇബ്നു ഇംറാൻ رحمه الله യോട് ; ശ്രേഷ്ഠതയിൽ മുആവിയ ബ്നു അബീ സുഫ്‌യാൻ رضي الله عنه വിൻ്റെയും ഉമർ ബ്നു അബ്ദിൽ അസീസ് رحمه الله യുടെയും സ്ഥാനം എങ്ങനെയാണ് എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം അതിരൂക്ഷമായി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു:

لا يقاس بأصحاب محمد ﷺ أحد، معاوية رضي الله عنه كاتبه وصاحبه وصهره وأمينه على وحي الله

“നബി ﷺ യുടെ സ്വഹാബികളുമായി ഒരാളെയും താരതമ്യം ചെയ്യാവതല്ല. മുആവിയ നബി ﷺ യുടെ സ്വഹാബിയും അവിടുത്തെ ഭാര്യയുടെ സഹോദരനും എഴുത്തുകാരനും വഹ്‌യിന്റെ കാര്യത്തിൽ നബി ﷺ യുടെ വിശ്വസ്തനുമാണ്.”(താരീഖു മദീനത്തി ദിമശ്ഖ്)

ഇമാം അഹ്‌മദ് رحمه الله യോട് ചോദിക്കപ്പെട്ടു:

هل يقاس بأصحاب رسول الله أحد؟ قال : معاذ الله! قيل : فمعاوية أفضل من عمر بن عبدالعزيز؟ قال: أي لعمري، قال النبي ﷺ : خير الناس قرني

“നബി ﷺ യുടെ സ്വഹാബികളുമായി ആരെയെങ്കിലും താരതമ്യം ചെയ്യാൻ സാധിക്കുമോ? അദ്ദേഹം പറഞ്ഞു: (അപ്രകാരം ചെയ്യുന്നതിൽ നിന്നും) അല്ലാഹുവിൽ അഭയം.! വീണ്ടും അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: എങ്കിൽ മുആവിയ ഉമർ ബ്നു അബ്ദിൽ അസീസിനേക്കാളും ശ്രേഷ്ഠനാണെന്നാണോ? അദ്ദേഹം പറഞ്ഞു: തീർച്ചയായും അതെ, നബി ﷺ പറഞ്ഞിട്ടുണ്ട്: ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാണ്.”(ഖല്ലാലിൻ്റെ അസ്സുന്നഃ നോക്കുക)

ഇമാം അഹ്‌മദ് رحمه الله പറഞ്ഞു:

فأدناهم صحبة هو أفضل من القرن الذين لم يروه، ولو لقوا الله بجميع الأعمال

“ഏറ്റവും കുറച്ച് നബി ﷺ യുടെ കൂടെ സഹവസിച്ച സ്വഹാബിക്കാണ് നബി ﷺ യെ കാണാത്ത ശേഷം വന്ന തലമുറയിലുള്ളവരേക്കാൾ ശ്രേഷ്ഠതയുള്ളത്, അവർ മുഴുവൻ സൽകർമങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടിയാലും ശരി.”(ലാലകാഇയുടെ ശർഹു ഉസ്വൂലി ഇഅ്തിഖാദി അഹ്‌ലിസ്സുന്നഃ)

◉ ഒരു സംശയവും മറുപടിയും

فإِنَّ مِنْ وَرَائِكُمْ أَيَّامًا، الصَّبْرُ فِيهِنَّ مِثْلُ الْقَبْضِ عَلَى الْجَمْرِ، لِلْعَامِلِ فِيهِنَّ مِثْلُ أَجْرِ خَمْسِينَ رَجُلًا يَعْمَلُونَ مِثْلَ عَمَلِه. قِيلَ: يَا رَسُولَ الله أَجْرُ خَمْسِينَ مِنْهُمْ؟ قَالَ: خَمْسِينَ مِنْكُمْ

“ക്ഷമ മുറുകെ പിടിക്കുന്നത് തീക്കനൽ മുറുകെ പിടിക്കുന്നതിനേക്കാളും പ്രയാസകരമായ ദിവസങ്ങൾ നിങ്ങൾക്ക് ശേഷം വരാനുണ്ട്. അന്ന് സൽകർമങ്ങൾ അനുഷ്ഠിക്കുന്നവർക്ക് അതേ കർമങ്ങൾ ചെയ്യുന്ന അമ്പത് ആളുകളുടെ പ്രതിഫലമുണ്ടായിരിക്കും. സ്വഹാബികൾ ചോദിച്ചു: അവരിലെ അമ്പത് ആളുകളുടെ പ്രതിഫലമാണോ അല്ലാഹുവിൻ്റെ റസൂലെ? അവിടുന്ന് പറഞ്ഞു: നിങ്ങളിലെ അമ്പതാളുകളുടെ പ്രതിഫലം.”(തിർമിദി)

മുകളിൽ വിശദീകരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ ഹദീസിൻ്റെ ശരിയായ വിശദീകരണം എന്താണ്?

മറുപടി: പ്രത്യേകമായ ഒരു കർമത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്നതിൽ നിന്ന് എല്ലാ അർത്ഥത്തിലും അവർക്ക് സ്വഹാബികളെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് മനസ്സിലാക്കാവതല്ല. അതായത്, ആ ദിവസങ്ങളിൽ ക്ഷമ മുറുകെ പിടിക്കുന്നതിന് അമ്പത് സ്വഹാബികൾ ക്ഷമയവലമ്പിച്ചതിന്റെ പ്രതിഫലമുണ്ടായിരിക്കും എന്നർത്ഥം. അങ്ങനെ വരുമ്പോൾ പ്രത്യേകമായ ഒരു സൽകർമത്തിന്റെ കാര്യത്തിലുള്ള ശ്രേഷ്ഠതയാണ് ഹദീസിൽ വിവരിക്കുന്നത്, എല്ലാ നിലക്കുമുള്ള ശ്രേഷ്ഠതയല്ല. ഹാഫിള് ഇബ്നു ഹജർ رحمه الله പറയുന്നു: “ഈ ഹദീസ് അവർക്ക് സഹാബികളെക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് അറിയിക്കുന്നില്ല. കാരണം കൂടുതൽ പ്രതിഫലം ലഭിക്കുമെന്നത് കൊണ്ട് മാത്രം എല്ലാ നിലക്കും അവർക്ക് കൂടുതൽ ശ്രേഷ്ഠതയുണ്ടെന്ന് വരികയില്ല. മാത്രമല്ല, ഇവിടെ പരാമർശിക്കപ്പെട്ട കർമവുമായി താരതമ്യം ചെയ്യുമ്പോഴുള്ള പ്രതിഫലത്തിലെ ഏറ്റ വ്യത്യാസം മാത്രമാണിത്. നബി ﷺ യെ കണ്ടത് മുഖേന സ്വഹാബികൾക്ക് ലഭിക്കുന്ന മഹത്തായ ശ്രേഷ്ഠതയുടെ കാര്യത്തിൽ മറ്റൊരാളും അവരോടൊപ്പമെത്തുകയില്ല.”(ഫത്ഹുൽ ബാരി)

പങ്കിടുക: