സ്വഹാബികളോടുള്ള കടമകൾ - 10

Anas Nadeeri
January 13, 2026
34 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 10

സ്വഹാബികളോടുള്ള കടമകൾ - 10ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

10. അവരെ അനുധാവനം ചെയ്യുകലിങ്ക് കോപ്പി ചെയ്തു!

“സ്വഹാബത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അറിവിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള അറിവാണ് ഏറ്റവും ശ്രേഷ്ഠമായ അറിവ്. ഏറ്റവും ശ്രേഷ്ഠമായ കർമങ്ങളും സ്വഹാബികളുടെ കർമങ്ങളെ അനുധാവനം ചെയ്തു കൊണ്ട് നിർവഹിക്കുന്നവയാണ്. ഇത് അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന നിലപാടാണ്. എല്ലാ മഹത്വങ്ങളിലും ഗുണഗണങ്ങളിലും അവർ നമ്മേക്കാൾ ഏറെ മുകളിലാണെന്നാണ് അഹ്‌ലുസ്സുന്നയുടെ വീക്ഷണം.

والاقتداء بهم في الدين مفترض ** فاقتدْ بهم واتبع الآيات والسورا

“അവരെ പിൻപറ്റുക എന്നത് മതപരമായി നിർബന്ധമാണ്. അതുകൊണ്ട് അവരെ അനുധാവനം ചെയ്തുകൊണ്ട് പരിശുദ്ധ ഖുർആനിന്റെ സൂക്തങ്ങളെ പിൻപറ്റുക.”(ദീവാനു ഇബ്നു മുശർറഫ്)

ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറകളെ വിശദീകരിച്ചുകൊണ്ട് ഇമാം അഹ്‌മദ് رحمه الله പറഞ്ഞു:

التمسُّك بما كان عليه أصحابُ رَسولِ الله ﷺ والاقتداءُ بهم

"അല്ലാഹുവിൻ്റെ റസൂലിന്റെ സഹാബികളുടെ മാർഗ്ഗം മുറുകെപ്പിടിക്കലും അവരെ അനുധാവനം ചെയ്യലും.”(ഉസ്വൂലുസ്സുന്നഃ)

ഇമാം ഉമർ ബ്നു അബ്ദിൽ അസീസ് رحمه الله പറയുന്നു:

فارض لنفسك بما رضوا به لأنفسهم، فإنَّهم عَنْ عِلْمٍ وَقَفُوا، وَبِبَصَرٍ نافِذٍ كَفُّواْ

“അവർ സ്വയം തൃപ്തിപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്ത മാർഗം നിൻ്റെ കാര്യത്തിൽ നീയും തൃപ്തിപ്പെടുക. കാരണം അവർ ചെയ്യാതിരുന്ന കാര്യങ്ങൾ ശരിയായ അറിവിൻ്റെ അടിസ്ഥാനത്തിലാണ് ചെയ്യാതിരുന്നത്. വ്യക്തമായ ഉൾക്കാഴ്ച്ചയുടെ വെളിച്ചത്തിലാണ് അവർ ആ കാര്യങ്ങൾ ഉപേക്ഷിച്ചത്.”

സ്വഹാബികളുടെ മാർഗ്ഗം പിന്തുടരുന്നവരെ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്. അവൻ പറഞ്ഞു:

وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَـٰجِرِینَ وَٱلۡأَنصَارِ وَٱلَّذِینَ ٱتَّبَعُوهُم بِإِحۡسَـٰنࣲ رَّضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتࣲ تَجۡرِی تَحۡتَهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰاۚ ذَ ⁠لِكَ ٱلۡفَوۡزُ ٱلۡعَظِیمُ

മുഹാജിറുകളില്‍ നിന്നും അൻസ്വാറുകളില്‍ നിന്നും ഈമാനിൻ്റെ കാര്യത്തിൽ മുൻകടന്നവരും, വിശ്വാസപരവും കർമപരവും വാചികവുമായ നന്മകൾ അനുഷ്ഠിച്ചു കൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.(അത്തൗബ : 100)

അല്ലാഹു പറയുന്നു:

{وَٱتَّبِعۡ سَبِیلَ مَنۡ أَنَابَ إِلَیَّ}

എന്നിലേക്ക് പശ്ചാതപിച്ച് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക.(ലുഖ്മാൻ : 15)

ആയത്തിൽ പരാമർശിച്ച ഈ വിശേഷണത്തിന് നബിമാർക്ക് ശേഷം ഏറ്റവും അർഹതപ്പെട്ടത് സ്വഹാബികളാണെന്ന കാര്യത്തിൽ സംശയമില്ല.

അല്ലാഹു പറയുന്നു:

{یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ}

മുഅ്മിനീങ്ങളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്‍മാരുടെ കൂടെയായിരിക്കുകയും ചെയ്യുക.(അത്തൗബ: 119)

അള്ള്വഹ്ഹാഖ് رحمه الله ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:

مع أبي بكر وعمر وأصحابهما

“അതായത്, അബൂബക്റിൻ്റെയും ഉമറിൻ്റെയും അവരുടെ അനുചരന്മാരുടെയും കൂടെ.“(തഫ്സീർ ഇബ്നി കസീർ)

നാശത്തിൽ നിന്നും നരക പ്രവേശനത്തിൽ നിന്നും രക്ഷപ്പെടുന്ന കക്ഷി ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു:

ما أنا عليه وأصحابي

“ഞാനും എന്റെ സ്വഹാബികളും നിലകൊള്ളുന്ന മാർഗം സ്വീകരിച്ചവർ.”(തിർമിദി, ശൈഖ് അൽബാനി ഇത് ഹസനാണെന്ന് വിധിച്ചു)

ഹുദൈഫ رضي الله عنه പറയുന്നു:

اتقوا الله يا معشر القراء، وخذوا طريق من كان قبلكم فلعمري لئن اتبعتموه فلقد سبقتم سبقا بعيدا، ولئن تركتموه يمينا وشمالا لقد ضللتم ضلالا بعيدا

“മതവിജ്ഞാനം നേടിയവരെ, നിങ്ങൾ അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുക. നിങ്ങൾക്ക് മുമ്പുള്ളവർ സഞ്ചരിച്ച മാർഗം നിങ്ങളും സ്വീകരിക്കുക. ആ മാർഗം നിങ്ങൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾ വളരെയേറെ മുൻകടക്കുക തന്നെ ചെയ്യും. മറിച്ച് ആ മാർഗം ഉപേക്ഷിച്ച് നിങ്ങൾ വലത്തോട്ടും ഇടത്തോട്ടും തെറ്റിപ്പോയാൽ വളരെ വലിയ പിഴവ് നിങ്ങൾക്ക് സംഭവിക്കുകയും ചെയ്യും.”(ഇബ്നു അബ്ദിൽ ബർറ് رحمه الله യുടെ ജാമിഉ ബയാനിൽ ഇൽമ്)

സ്വഹാബികളുടെ മാർഗ്ഗമാണ് സന്മാർഗമെന്നും അത് സ്വീകരിക്കുന്നതിലൂടെ മാത്രമാണ് വിജയം എന്ന് മുകളിൽ വിശദീകരിച്ച കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

താഴെപ്പറയുന്ന ആയത്തിനെ വിശദീകരിക്കുന്നതിനിടെ ഇബ്നു കസീർ رحمه الله പറഞ്ഞ ഒരു വാചകം ഉദ്ധരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു.

{وَقَالَ ٱلَّذِینَ كَفَرُوا۟ لِلَّذِینَ ءَامَنُوا۟ لَوۡ كَانَ خَیۡرࣰا مَّا سَبَقُونَاۤ إِلَیۡهِۚ}

വിശ്വസിച്ചവരെപ്പറ്റി ആ സത്യനിഷേധികള്‍ പറഞ്ഞു: ഇതൊരു നല്ല കാര്യമായിരുന്നെങ്കില്‍ ഞങ്ങളെക്കാള്‍ മുമ്പ് ഇവര്‍ അതില്‍ എത്തിച്ചേരുകയില്ലായിരുന്നു.(അൽഅഹ്ഖാഫ് : 11)

അദ്ദേഹം പറയുന്നു:

وأما أهل السنة والجماعة فيقولون في كل فعل وقول لم يثبت عن الصحابة : هو بدعة لأنه لو كان خيرا لسبقونا إليه؛ لأنهم لم يتركوا خصلة من خصال الخير إلا وقد بادروا إليها

“എന്നാൽ സ്വഹാബികളിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത ഏതൊരു കാര്യവും -അതൊരു വാക്കാകട്ടെ പ്രവർത്തിയാകട്ടെ- അത് ബിദ്അത്താണെന്ന് അഹ്‌ലുസ്സുന്നഃ പ്രഖ്യാപിക്കുന്നു. കാരണം അങ്ങനെ ഒരു കാര്യം നന്മയായിരുന്നുവെങ്കിൽ നമ്മേക്കാൾ മുന്നേ അവരത് ചെയ്യുമായിരുന്നു. എന്തുകൊണ്ടെന്നാൽ ഒരു നന്മയിലേക്കും അവർ ധൃതിപ്പെടാതിരുന്നിട്ടില്ല.”(തഫ്സീർ ഇബ്നി കസീർ)

മുഹമ്മദ് നബി ﷺ യുടെ ഉമ്മത്തിന് സ്വഹാബികളോടുള്ള ബാധ്യതകളും അവരെ കുറിച്ചുള്ള അഹ്‌ലുസ്സുന്നയുടെ വിശ്വാസവും ഉൾക്കൊള്ളുന്ന പത്ത് കാര്യങ്ങളാണ് ഇവിടെ വിശദീകരിച്ചത്. താഴെപ്പറയുന്ന രണ്ട് വരി കവിതയിൽ ഈ പത്ത് കാര്യങ്ങളും ഞാൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

أحبب، عدالة، والتفضيل بينهم ** واذكر بخير، ترضّ، وقل عادي عدوهم.

واشهد لهم بجنان لا تخض أبدا ** فيما جرى، ومساو، واقتدي بهمو

അല്ലാഹുവാണ് ഏറ്റവും കൂടുതൽ അറിയുന്നവൻ.

.وصلى الله وسلم وبارك على عبده ورسوله نبينا محمد وعلى آله وأصحابه وأتباعه بإحسان

പങ്കിടുക: