സ്വഹാബികളോടുള്ള കടമകൾ - 01-അവരെ സ്നേഹിക്കുക

Anas Nadeeri
January 11, 2026
95 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 01-അവരെ സ്നേഹിക്കുക

📝സ്വഹാബികളോടുള്ള കടമകൾ - 1ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

സ്വഹാബികളോട് ഈ സമുദായത്തിനുള്ള കടമകൾ പത്ത് കാര്യങ്ങളാണ്;

1. അവരെ സ്നേഹിക്കുക ലിങ്ക് കോപ്പി ചെയ്തു!

അല്ലാഹുവിന്റെ മാർഗത്തിൽ, അവന് വേണ്ടി സത്യസന്ധമായി സ്വഹാബികളെ സ്നേഹിക്കുന്നവരാണ് അഹ്‌ലുസ്സുന്ന. അവരെ സ്നേഹിക്കുകയും അവരോടുള്ള കടമകൾ നിർവഹിക്കുകയും അവരുടെ മഹത്വം അംഗീകരിക്കുകയും ചെയ്തവർ വിജയിക്കുകയും, അവരെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ശത്രുക്കൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അവരെക്കുറിച്ച് പറയുകയും ചെയ്യുന്നവർ നശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു.

അല്ലാഹുവിന്റെ ആയത്താണ് അതിന് തെളിവ്:

{وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ}

അൻസ്വാറുകളും മുഹാജിറുകളുമായ സ്വഹാബത്തിന് ശേഷം വന്നവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും അങ്ങേയറ്റം കരുണ കാണിക്കുന്നവനുമാകുന്നു.

(سورة الحشر - ١٠)

നബി ﷺ പറഞ്ഞു:

آيَةُ الْإِيمَانِ حُبُّ الْأَنْصَارِ، وَآيَةُ النِّفَاقِ بُغْضُ الْأَنْصَارِ

ഈമാനിന്റെ അടയാളം അൻസ്വാറുകളോടുള്ള സ്നേഹമാണ്, നിഫാഖിന്റെ അടയാളം അൻസ്വാറുകളോടുള്ള വെറുപ്പാണ്.

📚 رواه البخاري ومسلم

അൻസ്വാറുകളുടെ കാര്യത്തിൽ ഇത് സ്ഥിരപ്പെട്ടിട്ടുണ്ട് എങ്കിൽ മുഹാജിറുകൾ അക്കാര്യത്തിന് അവരേക്കാൾ അർഹരാണ്. കാരണം മൊത്തത്തിൽ അൻസ്വാറുകളെക്കാൾ ശ്രേഷ്ഠരാണ് മുഹാജിറുകൾ. ‘അൻസ്വാറുകളെ പോലെ തന്നെ മുഹാജിറുകളും അല്ലാഹുവിന്റെ അൻസ്വാറുകളാണ് (സഹായികളാണ്) എന്ന നിലക്കും ഈ ശ്രേഷ്ഠതക്ക് അവരും അർഹരാണ്.’

📚 الجواب الصحيح

അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന്റെ ശ്രേഷ്ഠത അറിയിക്കുന്ന എല്ലാ തെളിവുകളും സ്വഹാബത്തിനെ സ്നേഹിക്കുന്നതിന്റെ മഹത്വമറിയിക്കുന്നവയാണ്. കാരണം, ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിന്റെ മാർഗത്തിലുള്ള സ്നേഹത്തിന് ഏറ്റവും അർഹതപ്പെട്ടവർ അവരാണ്.

ഇമാം ത്വഹാവി رَحِمَـﮧُ اللَّـﮧُ തന്റെ അഖീദയിൽ പറഞ്ഞു:

وَنُحِبُّ أَصْحَابَ رَسُولِ اللَّهِ ﷺ وَلَا نُفَرِّطُ فِي حُبِّ أَحَدٍ مِنْهُمْ، وَلَا نَتَبَرَّأُ مِنْ أَحَدٍ مِنْهُمْ، وَنُبْغِضُ مَنْ يُبْغِضُهُمْ، وَبِغَيْرِ الْخَيْرِ يَذْكُرُهُمْ، وَلَا نَذْكُرُهُمْ إِلَّا بِخَيْرٍ، وَحُبُّهُمْ دِينٌ وَإِيمَانٌ وَإِحْسَانٌ، وَبُغْضُهُمْ كُفْرٌ وَنِفَاقٌ وَطُغْيَانٌ

“അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബത്തിനെ സ്നേഹിക്കുന്നതോടൊപ്പം അവരിൽ ഒരാളുടെ കാര്യത്തിലും നമ്മൾ അതിരുകവിയുകയില്ല, അവരിൽ ഒരാളിൽ നിന്നും നാം ബന്ധം വിച്ഛേദിക്കുകയില്ല. അവരെ വെറുക്കുന്നവരെയും നല്ലതല്ലാത്ത രൂപത്തിൽ അവരെ സ്മരിക്കുന്നവരെയും നമ്മളും വെറുക്കുന്നു. നാമാകട്ടെ, നല്ലതല്ലാതെ അവരെക്കുറിച്ച് പറയുകയില്ല. അവരെ സ്നേഹിക്കുക എന്നത് ദീനും ഈമാനും ഇഹ്സാനുമാണ്. അവരെ വെറുക്കുന്നതാകട്ടെ കുഫ്റും നിഫാഖും അതിക്രമവുമാണ്.”

📚 العقيدة الطحاوية

ഇമാം മാലിക്ക് رَحِمَـﮧُ اللَّـﮧُ യുടെ വാചകം ഏറെ പ്രസക്തമാണ്:

كان السلف يعلمون أولادهم حب أبي بكر وعمر كما يعلمون السورة من القرآن

“സലഫുകൾ ഖുർആനിലെ സൂറത്തുകൾ പഠിപ്പിക്കുന്നത് പോലെ തന്നെ അവരുടെ മക്കൾക്ക് അബൂബക്ർ رضي الله عنه വിനോടും, ഉമർ رضي الله عنه വിനോടുമുള്ള സ്നേഹം പഠിപ്പിക്കാറുണ്ടായിരുന്നു.”

📚 شرح أصول اعتقاد أهل السنة (٧/١٣١٣)

ബിശ്ർ ബ്നുൽ ഹാരിസ് رَحِمَـﮧُ اللَّـﮧُ പറയുന്നു:

أَوْثَقُ عَمَلِي فِي نَفْسِي حُبُّ أَصْحَابِ مُحَمَّدٍ ﷺ

“എന്റെ കാര്യത്തിൽ എനിക്ക് കൂടുതൽ ഉറപ്പുള്ള കർമം; റസൂൽ ﷺ യുടെ സ്വഹാബത്തിനോടുള്ള സ്നേഹമാണ്.”

📚 الحلية لأبي نعيم

ശുഐബ് ബ്നു ഹർബ് رَحِمَـﮧُ اللَّـﮧُ പറയുന്നു:

ذَكَروا سُفيانَ الثَّوريَّ عِندَ عاصِمِ بنِ محمَّدٍ، فذكروا مناقِبَه حتَّى عدُّوا خمسَ عَشْرةَ مَنقَبةً، فقال: فرَغْتُم؟ إنِّي لأعرِفُ فيه فضيلةً أفضَلَ مِن هذه كُلِّها: سلامةُ صَدرِه لأصحابِ محمَّدٍ ﷺ

“ആസ്വിം ബ്നു മുഹമ്മദിന്റെ അടുക്കൽ വെച്ച് സുഫ്‌യാനുസ്സൗരിയെ കുറിച്ച് പറയപ്പെടുകയും അങ്ങനെ അദ്ദേഹത്തിന്റെ പതിനഞ്ച് ശ്രേഷ്ഠതകൾ അവർ എണ്ണുകയും ചെയ്തു. അപ്പോൾ ആസ്വിം ബ്നു മുഹമ്മദ് പറഞ്ഞു: നിങ്ങൾ എണ്ണി കഴിഞ്ഞെങ്കിൽ ഇതിനേക്കാളെല്ലാം ഉത്തമമായ ഒരു ഗുണം അദ്ദേഹത്തിലുള്ളതായി എനിക്കറിയാം; റസൂൽ ﷺ യുടെ സ്വഹാബത്തിനോട് അദ്ദേഹത്തിന്റെ മനസ്സിൽ യാതൊരു പ്രയാസവും ഇല്ലായിരുന്നു.”

📚 الحلية لأبي نعيم

പങ്കിടുക: