സ്വഹാബികളോടുള്ള കടമകൾ - ആമുഖം

Anas Nadeeri
December 20, 2025
80 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - ആമുഖം

📝സ്വഹാബികളോടുള്ള കടമകൾ - ആമുഖംലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

الحمد لله العزيز الغفار الواحد القهار والصلاة والسلام على نبيه المصطفى المختار وآله الأطهار وأصحابه الأخيار المهاجرين منهم والأنصار أما بعد

അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബത്തിനെ കുറിച്ച് സംസാരിക്കുന്നത് ഹൃദയത്തിന് ആഹ്ലാദം നൽകുന്ന കാര്യമാണ്. അവരെക്കുറിച്ച് പരാമർശിക്കുന്നത് ദർസുകൾക്കും സദസ്സുകൾക്കും ഭംഗിയും അലങ്കാരവുമാണ്. എങ്ങനെ അല്ലാതിരിക്കും, അവർ അല്ലാഹുവിന്റെ വളരെ വിശിഷ്ടരായ സൃഷ്ടികളാണ്, ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠരാണ്. മുഴുവൻ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ്. അത്യുത്തമമായ ഗുണങ്ങളുടെയും വിശേഷണങ്ങളുടെയും മഹത്വങ്ങളുടെയും ഉയർന്ന പദവികളുടെയും വക്താക്കൾ. ഈമാനിന്റെ കാര്യത്തിൽ മുൻകടന്നവരായ അൻസ്വാരികളും മുഹാജിറുകളും അവരുടെ കൂട്ടത്തിലുണ്ട്. അല്ലാഹു അവരെയും അല്ലാഹുവിനെ അവരും തൃപ്തിപ്പെട്ടിരിക്കുന്നു. അന്നൊരിക്കൽ ആ മരച്ചുവട്ടിൽ വച്ച് റസൂൽ ﷺ ക്ക് ബൈഅത്ത് ചെയ്യുന്ന സന്ദർഭത്തിൽ അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരും അവരുടെ കൂട്ടത്തിലുണ്ട്. ഹൃദയങ്ങൾ തഖ്‌വ കൊണ്ട് അല്ലാഹു നിറച്ചവർ, അല്ലാഹു ഹിദായത്ത് നൽകിയവർ, അവരാണ് യഥാർത്ഥ വിവേകികൾ.

അവർക്കാകുന്നു അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തുകളും കാരുണ്യവും ലഭിക്കുന്നത്, അവരാണ് സന്മാർഗം പ്രാപിച്ചവർ. അവരെ റബ്ബ് അവന്റെയടുക്കൽ നിന്നുള്ള കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗത്തോപ്പുകളെയും കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് അവിടെ ശാശ്വതമായ സുഖാനുഭൂതികളാണുള്ളത്‌. അവരെയാണ് അവൻ തഖ്‌വ കൊണ്ടുള്ള കല്‍പന പാലിക്കുന്ന വരാക്കിയത്. അത് സ്വീകരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവരും അതിന് അവകാശപ്പെട്ടവരും അവർ തന്നെയായിരുന്നു. അവർക്കാണ് അല്ലാഹു ഈമാൻ വർദ്ധിക്കാനായി ഹൃദയങ്ങളിൽ സമാധാനം ഇറക്കി കൊടുത്തത്.

യാതൊരു ദോഷവും ബാധിക്കാതെ അല്ലാഹുവിന്റെ ഔദാര്യവും അവന്റെ അനുഗ്രഹങ്ങളുമായി മടങ്ങിയവരും അവർ തന്നെയാണ്.

അവരെക്കുറിച്ചാണ് അല്ലാഹു പറഞ്ഞത്:

{یَـٰۤأَیُّهَا ٱلنَّبِیُّ حَسۡبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلۡمُؤۡمِنِینَ}

നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി.(അൽഅൻഫാൽ - 64)

മറ്റൊരായത്തിലും അല്ലാഹു അവരുടെ മഹത്വം വ്യക്തമാക്കി;

{هُوَ ٱلَّذِیۤ أَیَّدَكَ بِنَصۡرِهِ وَبِٱلۡمُؤۡمِنِینَ}

അവനാണ് അവന്‍റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്‍കിയവന്‍.(അൽഅൻഫാൽ - 62)

പരിശുദ്ധരും മഹത്തുക്കളും ഭക്തിയുടെ നിറകുടങ്ങളും നിഷ്കളങ്കരുമായ അവർ അല്ലാഹുവിനുവേണ്ടി അവരുടെ സമ്പത്തും സന്താനങ്ങളും ശരീരങ്ങളെയും കുടുംബങ്ങളെയും നാടും വീടും ഉപേക്ഷിച്ചു. പ്രിയപ്പെട്ടവരെ പിരിയേണ്ടി വന്നു. സ്വന്തം പിതാവിനെയും സഹോദരങ്ങളെയും കൊല്ലേണ്ടി വന്നവർ പോലും അവരുടെ കൂട്ടത്തിലുണ്ടായി.

ക്ഷമ മുറുകെ പിടിച്ചു കൊണ്ടവർ അദ്ധ്വാനിച്ചു. അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടവർ സമ്പത്ത് ചെലവഴിച്ചു. എതിർത്തുനിന്നവരെ അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ടവർ നേരിട്ടു. ബന്ധങ്ങളേക്കാളും സ്വന്തങ്ങളെക്കാളും അല്ലാഹുവിന്റെ തൃപ്തിക്കവർ മുൻഗണന നൽകി. 

സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട, അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും തൃപ്തിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്ന മുഹാജിറുകളായ സാധുക്കളും അവർ തന്നെയാണ്. അവരാകുന്നു സത്യവാന്മാര്‍. അവരെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കുവാനുമായി തയ്യാറാവുകയും, സ്വന്തം താല്പര്യങ്ങളെ പോലും അവഗണിച്ചുകൊണ്ട് അവരെ പരിഗണിച്ച അവരുടെ സഹോദരങ്ങളായ അൻസ്വാറുകൾ, അറബ് ഗോത്രങ്ങളിലെ ഏറ്റവും അന്തസ്സുള്ള അയൽക്കാർ. അവരുടെ നാട്ടിലാണ് അല്ലാഹുവിന്റെ റസൂൽ ﷺ നിർഭയത്വവും താമസസ്ഥലവും കണ്ടെത്തിയത്. പരിശുദ്ധിയുടെ ആൾരൂപങ്ങൾ. ക്ഷമയും സഹനവും ജീവിത രീതിയാക്കിയ, നിഷ്കളങ്കരായ സുഗന്ധ പുഷ്പങ്ങൾ.

{وَٱلَّذِینَ تَبَوَّءُو ٱلدَّارَ وَٱلۡإِیمَـٰنَ مِن قَبۡلِهِمۡ یُحِبُّونَ مَنۡ هَاجَرَ إِلَیۡهِمۡ وَلَا یَجِدُونَ فِی صُدُورِهِمۡ حَاجَةࣰ مِّمَّاۤ أُوتُوا۟ وَیُؤۡثِرُونَ عَلَىٰۤ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةࣱۚ}

മുഹാജിറുകളുടെ വരവിനു മുമ്പായി മദീന വാസസ്ഥലമാക്കുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തവരായ (അൻസ്വാറുകള്‍). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. മുഹാജിറുകള്‍ക്ക്‌ ലഭിച്ചതിലൊന്നും തന്നെ തങ്ങളുടെ മനസ്സുകളില്‍ ഒരു പ്രയാസവും അവര്‍ കാണുന്നില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.(അൽഹശ്‌ർ - 9)

പങ്കിടുക: