ശിയാഇസം അന്നും ഇന്നും

Anas Nadeeri
March 3, 2026
743 കാഴ്ചകൾ
ശിയാഇസം അന്നും ഇന്നും
ശിയാഇസം അന്നും ഇന്നും 

അനസ് നദീരി

ബാത്വിലിനെ സത്യത്തിൻ്റെ വസ്ത്രം ധരിപ്പിച്ച് അലങ്കരിച്ച് അണിയിച്ചൊരുക്കി അവതരിപ്പിക്കുന്നത് ജൂതന്മാരുടെ രീതിയാണ്. 

അല്ലാഹു പറയുന്നു :

{يَا أَهْلَ الْكِتَابِ لِمَ تَلْبِسُونَ الْحَقَّ بِالْبَاطِلِ وَتَكْتُمُونَ الْحَقَّ وَأَنْتُمْ تَعْلَمُونَ}

"വേദക്കാരെ, നിങ്ങൾ എന്തിനാണ് അല്ലാഹു അവതരിപ്പിച്ച സത്യത്തെ നിങ്ങളുടെ അടുക്കലുള്ള ബാത്വിലുമായി കൂട്ടി കലർത്തുന്നത്. എന്തിനാണ് നിങ്ങൾ അറിഞ്ഞുകൊണ്ട് സത്യത്തെ മറച്ചുവെക്കുകയും ചെയ്യുന്നത്?" (ആലു ഇംറാൻ : 17)

ഇക്കാര്യത്തിലും ജൂതന്മാരോട് വളരെ സാദൃശ്യം പുലർത്തുന്ന വിഭാഗമാണ് റാഫിദികൾ അഥവാ പന്ത്രണ്ട് പാപസുരക്ഷിതരായ ഇമാമീങ്ങളിൽ വിശ്വസിക്കുന്ന "ഇസ്നാ അശരികൾ" 

പൊതുജനങ്ങളെ കബളിപ്പിക്കാനും തങ്ങളുടെ യഥാർത്ഥ വിശ്വാസവൈകല്യങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവ്യക്തത സൃഷ്ടിക്കാനും അവരുപയോഗിച്ച ഒരു മറയായിരുന്നു തങ്ങൾ 'ശീഅത്തു അലി' (അലി رضي الله عنه വിന്റെ കക്ഷി) യാണ് അഥവാ, ശിയാക്കളാണ് എന്നത്. 

(ഇബ്നു ഹസമിൻ്റെ അൽ ഫസ്ൽ (2/273) മഖ്‌രീസിയുടെ അൽ ഖുത്വത്വ് (2/362) എന്നിവ നോക്കുക)

അലി رضي الله عنه വിൻ്റെ പിന്തുടർച്ചക്കാർ തങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണിത്. എന്നാൽ, ഇവരെ ഏറ്റവുമാദ്യം എതിർക്കുകയും കഠിനമായ ശിക്ഷകൾക്ക് വിധേയമാക്കുകയും ചെയ്തത് അലി رضي الله عنه വാണ് എന്നതാണ് സത്യം. 

ഇബ്നു തൈമിയ്യ رحمه الله പറയുന്നു :

«أصل المذهب من إحداث الزنادقة المنافقين الذين عاقبهم في حياته علي أمير المؤمنين رضي الله عنه، فحرق منهم طائفة بالنار، وطلب قتل بعضهم ففروا من سيفه البتار، وتوعد بالجلد طائفة مفترية فيما عرف عنه من الأخبار»

പ്രത്യക്ഷത്തിൽ മുസ്‌ലിമീങ്ങൾ ആണെന്ന് നടിച്ചിരുന്ന ചില കപടന്മാരാണ് ഇവരുടെ വിശ്വാസ ധാരകൾക്ക് അടിത്തറ പാകിയത്. അവരെ അലി رضي الله عنه അദ്ദേഹത്തിൻ്റെ ജീവിതകാലത്ത് ശിക്ഷിച്ചിട്ടുണ്ട്. അവരിൽ ഒരു വിഭാഗത്തെ കത്തിച്ചു കളയുകയും മറ്റൊരു വിഭാഗം അദ്ദേഹത്തിൻ്റെ വാൾമുനയിൽ നിന്ന് ഓടി രക്ഷപ്പെടുകയും അദ്ദേഹത്തെക്കുറിച്ച് വ്യാജമായ വിശ്വാസങ്ങൾ പ്രചരിപ്പിച്ചവരെ അടിച്ച് ശിക്ഷിക്കുമെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തു. (മിൻഹാജു സ്സുന്നത്തി നബവിയ്യ 1/11)

ആദ്യകാല ശിയാക്കൾ

"ഒരാളെ പിന്തുണയ്ക്കുകയും അയാളുടെ അനുയായികളാവുകയും ചെയ്യുന്നവർ"ക്കാണ് ഭാഷാപരമായി അയാളുടെ 'ശീഅത്ത്' പറയുക. (ജംഹറത്തുല്ലുഗ - 6/63, അസ്സ്വിഹാഹ് 3/1240)

ഈ അർത്ഥത്തിൽ സ്വഹാബികളിൽ ചിലർക്കിടയിലുണ്ടായിരുന്ന ചില അസ്വാരസ്യങ്ങളുടെ ഭാഗമായി ശീഅത്തു അലി, ശീഅത്തു മുആവിയ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അന്നുണ്ടായിരുന്നു. അലി رضي الله عنه വിൻ്റെ ആളുകൾക്ക് മാത്രം പ്രത്യേകമായ ഒരു സാങ്കേതിക പദമായി അന്നത് മാറിയിട്ടില്ലായിരുന്നു എന്നർത്ഥം. അങ്ങനെയൊരു പ്രയോഗം നിലവിൽ വന്നത് അലി رضي الله عنه വിന്റെ മരണത്തിന് ശേഷമോ അല്ലെങ്കിൽ ഹുസൈൻ رضي الله عنه വിന്റെ മരണത്തിനു ശേഷമോ ആണ്. 

അങ്ങനെ ഉസ്മാൻ رضي الله عنه വിനെക്കാൾ അലി رضي الله عنه വിന് ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിക്കുന്നവരെ കുറിച്ച് ആദ്യകാലത്ത് ശീഅഃ എന്ന് വിളിച്ചു. അവരെ കുറിച്ചാണ് 'അശ്ശീഅത്തുൽ ഊലാ' (ആദ്യകാല ശിയാക്കൾ ) എന്ന് പറയുന്നത്. അവർ ബിദ്അത്തുകാരായിരുന്നില്ല. ഇന്ന് ശിയാക്കളിൽ കാണുന്ന വിശ്വാസപരമായ വ്യതിയാനങ്ങളൊന്നും തന്നെ അവരിലുണ്ടായിരുന്നില്ല. ഇത് മുസ്‌ലിമീങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയ ഒരു വിഷയവും ആയിരുന്നില്ല. മുഴുവൻ സ്വഹാബികളെയും സ്നേഹിക്കുന്നവരും അബൂബക്റിനെയും ഉമറിനെയും ഈ ഉമ്മത്തിലെ ഏറ്റവും ശ്രേഷ്ഠരായി വിശ്വസിക്കുന്നവരുമായിരുന്നു ആദ്യകാല ശിയാക്കൾ. 

ലൈസ് ബ്നു അബീ സുലൈം رحمه الله പറയുന്നു :

«أدركت الشيعة الأولى وما يفضلون على أبي بكر وعمر أحدًا»

ആദ്യകാല ശിയാക്കളെ ഞാൻ കണ്ടിട്ടുണ്ട്, അവർ അബൂ ബക്റിനെക്കാളും ഉമറിനെക്കാളും മറ്റൊരാൾക്കും ശ്രേഷ്ഠത കൽപ്പിക്കാറില്ലായിരുന്നു.(അൽ മുൻതഖാ പേ. 360,361)

അല്ലാഹുവിനോടും അവന്റെ റസൂലിനോടും മുഴുവൻ സ്വഹാബികളോടും എല്ലാ മുഅ്മിനീങ്ങളോടും അവർ വലാഅ് (അഥവാ, സ്നേഹബന്ധവും പിന്തുണയും) കാത്തുസൂക്ഷിക്കുന്നവരായിരുന്നു.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഉൾപ്പെടെയുള്ളവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (മിൻഹാജുസുന്ന 2/60 നോക്കുക)

നബി കുടുംബത്തോടുള്ള ശരിയായ സ്നേഹബന്ധവും കടപ്പാടും എന്താണെന്നത് സലഫുകളും ഇമാമീങ്ങളും വിശദീകരിച്ചിട്ടുണ്ട്. 

അബൂബക്ർ رضي الله عنه പറയുന്നു :

ارْقُبُوا مُحَمَّدًا صَلَّى اللهُ عليه وسلَّمَ في أهْلِ بَيْتِهِ.

നബിയോടുള്ള കടമകൾ നിങ്ങൾ അവിടുത്തെ കുടുംബത്തിൻ്റെ കാര്യത്തിൽ കാത്തുസൂക്ഷിക്കുക.(ബുഖാരി : 3713)

അദ്ദേഹം തന്നെ പറഞ്ഞു :

والذي نفسي بيده، لقرابة رسول الله صلى الله عليه وسلم أحب إليَّ أن أصل من قرابتي

അല്ലാഹു തന്നെ സത്യം, എൻ്റെ കുടുംബത്തോടുള്ള ബന്ധം ചേർക്കുന്നതിനേക്കാൾ എനിക്ക് പ്രിയപ്പെട്ടത് റസൂലിന്റെ കുടുംബത്തോടുള്ള ബന്ധം ചേർക്കുന്നതാണ്. (മുസ്‌ലിം: 1759)

ഇബ്നു തൈമിയ്യ رحمه الله അഹ്‌ലുസുന്നയുടെ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പറയുന്നു : 

يحبون أهل بيت رسول الله صلى الله عليه وسلم، ويتولونهم، ويحفظون فيهم وصية رسول الله صلى الله عليه وسلم

അവർ നബി കുടുംബത്തെ ഇഷ്ടപ്പെടുകയും അവരോട് ബന്ധം പുലർത്തുകയും റസൂലിന്റെ വസിയ്യത്ത് അവരുടെ കാര്യത്തിൽ പാലിച്ചു പോരുകയും ചെയ്യുന്നവരാണ്. (അൽ വാസിത്വിയ്യ പേ. 118)

പേരുകൾക്ക് പിന്നിൽ 

ഇന്ന് തഖിയ്യ എന്ന കപട സിദ്ധാന്തവും നുണയും സ്വഹാബത്തിനോടുള്ള ശത്രുതയും നബി കുടുംബത്തിൽപ്പെട്ട ചിലരോട് ശത്രുതയും മറ്റു ചിലരിൽ അതിരു കവിഞ്ഞ വിശ്വാസ സങ്കൽപ്പങ്ങളും കൊണ്ടുനടക്കുന്നവർക്ക് ശിയാക്കൾ എന്ന പേര് അവരുടെ ആശയാദർശങ്ങളുടെ തനിനിറം മറച്ചുവെക്കാനുള്ള ഒരു പുറംപൂച്ച് മാത്രമാണ്. 

ജൂതനായ ഇബ്നു സബഇലേക്ക് ചേർത്തിക്കൊണ്ട് ആദ്യകാലത്ത് ഇവർ സബഇകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് സൈദ് ബിനു അലി رحمه الله യെ നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തപ്പോൾ അതിനെ സൂചിപ്പിച്ചുകൊണ്ട് 'റാഫിദ്വികൾ' (നിരസിക്കുകയും തള്ളിക്കളയുകയും ചെയ്തവർ എന്നർത്ഥം) എന്നവർ അറിയപ്പെട്ടു. പിന്നീട് 'സ്വഫവി'കൾ എന്നും മറ്റു പല പേരുകളിലും ഇവർ പ്രത്യക്ഷപ്പെട്ടു. എത്രമാത്രമെന്നാൽ ഓരോ നാടുകളിലും അവർ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടു. ശഹറസ്താനി പറയുന്നു :

 «لهم بكل بلد لقبًا»

അവർക്ക് ഓരോ നാടുകളിലും വ്യത്യസ്ത പേരുകളുണ്ട്. (അൽ മിലലു വന്നിഹൽ 1/174)

ഒരിടത്ത് ഇവരുടെ കാപട്യവും വ്യാജ വിശ്വാസങ്ങളും വെളിച്ചത്താകുമ്പോൾ മറ്റൊരിടത്ത് മറ്റൊരു പേരിലവർ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ഇവരുടെ ആശയാദർശങ്ങളുമായി യാതൊരു ബന്ധവും പ്രകടമാവാത്ത മുഖംമൂടികളായിരിക്കും ഇവരുടെ പേരുകൾ.

ഇന്ന് ശിയാക്കൾ എന്ന് അവകാശപ്പെടുന്നവർക്കിടയിൽ ഞാൻ മുകളിൽ സൂചിപ്പിച്ച ആദ്യകാല ശിയായിസം ഉൾക്കൊള്ളുന്നവരില്ല എന്നതാണ് വസ്തുത. ആദ്യകാല ശിയാക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇന്ന് ശിയാക്കൾ എന്ന് അറിയപ്പെടുന്നവർ. നബി കുടുംബത്തോട് തന്നെ ശത്രുതയും പകയുമുള്ളരും തീവ്ര ചിന്താഗതിയുള്ളവരും 'ശിയാ' എന്ന പേര് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ 'ആദ്യകാല ശിയാക്കൾ' ആ പേര് ഉപേക്ഷിച്ചിട്ടുണ്ട്.

'അത്തുഹ്ഫത്തുൽ ഇസ്നൈ അശരിയ്യ' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം കാണാം :

إن الشيعة الأولى تركوا اسم الشيعة لما صار لقبًا للروافض والإسماعيلية، ولقبوا أنفسهم بـ أهل السنة والجماعة

"ശിയാ എന്നത് റാഫിദ്വികളുടെയും ഇസ്മാഈലികളുടെയും പേരായി അറിയപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആദ്യകാല ശിയാക്കൾ ആ പേര് ഉപേക്ഷിക്കുകയും അഹ്ലുസ്സുന്ന എന്ന നാമത്തിൻ അറിയപ്പെടുകയും ചെയ്തിട്ടുണ്ട്."

ഇന്ന് ജഅ്ഫരികൾ, ഇമാമികൾ, റാഫിദ്വികൾ എന്നെല്ലാം വിളിക്കപ്പെടുന്ന അതിരുകവിഞ്ഞ വിഭാഗമാണ് ശിയാക്കളായും അറിയപ്പെടുന്നത്. ഇവരെല്ലാത്ത മറ്റു വിഭാഗങ്ങൾ സൈദികളെന്നും ഇസ്മാഈലികളെന്നുമാണ് വിളിക്കപ്പെടുന്നത്. 

ഇവർക്ക് ഇവരുടെതായ പ്രമാണങ്ങൾ ഉണ്ട്. അവ അഹലുസുന്നയുടെ വിശ്വാസ പ്രമാണങ്ങളോട് തീർത്തും വിഭിന്നമാണ്. 'സ്വിഹാഹുൽ ഇമാമിയ്യ' എന്നും 'സുന്നത്തുൽ മഅ്സ്വൂമീൻ' എന്നുമെല്ലാം അറിയപ്പെടുന്ന ഈ ഗ്രന്ഥ സമാഹാരം സ്വഫവികളുടെ കാലം മുതൽ ഇവർക്കിടയിൽ അംഗീകരിച്ചു പോരുന്നു. അവയാകട്ടെ അവരുടെ മുൻഗാമികളിലെ തീവ്രവിഭാഗത്തിന്റെ രചനകളാണ്.

 ആദ്യകാല ശിയാക്കളുടെ നിലപാട്

അലി رضي الله عنه വിന് അബൂബക്ർ, ഉമർ رضي الله عنهما എന്നിവരെക്കാളും ശ്രേഷ്ഠതയുണ്ടെന്ന് വാദിക്കുന്നവരെ കുറിച്ച് 'ശിയാക്കൾ' എന്ന് പറയുന്നതുപോലും അവർ തൃപ്തിപ്പെട്ടിരുന്നില്ല.

ആദ്യകാല ശിയാക്കളിൽ എണ്ണപ്പെടുന്ന ശരീഖ് ബ്നു അബ്ദില്ല رحمه الله യോട് ഒരാൾ ചോദിച്ചു : അബൂബക്റാണോ അലിയാണോ കൂടുതൽ ശ്രേഷ്ഠർ ?

അദ്ദേഹം പറഞ്ഞു : അബൂബക്റാണ്.

ചോദ്യകർത്താവ് ആശ്ചര്യത്തോടുകൂടി ചോദിച്ചു : ശീഇയായിരുന്നിട്ടും ഇതാണോ താങ്കളുടെ നിലപാട്!

അദ്ദേഹം പ്രതികരിച്ചു :

 نعم من لم يقل هذا فليس شيعيًّا، والله لقد رقى هذه الأعوادَ عليٌّ فقال: ألا إن خير هذه الأمة بعد نبيها أبو بكر، ثم عمر، فكيف نرد قوله، وكيف نكذبه؟ والله ما كان كذابًا

അതെ, ഈ നിലപാടിലല്ലാത്തവർ ശീഇയാവുകയില്ല. അല്ലാഹുവാണ് സത്യം, അലി ഒരിക്കൽ ഈ മരത്തടിയിൽ കയറി നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട് : 'ഈ ഉമ്മത്തിൽ പ്രവാചകൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്റാണ്. ശേഷം ഉമറാണ്' 

അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കെ എങ്ങനെയാണ് അദ്ദേഹത്തിൻ്റെ വാക്കുകളെ നാം തള്ളിക്കളയുക. എങ്ങനെയാണ് ആ പറഞ്ഞത് കളവാണെന്ന് നാം വിശ്വസിക്കുക? അല്ലാഹുവാണ് സത്യം, അദ്ദേഹം നുണ പറയുന്നവരായിരുന്നില്ല. (മിൻഹാജുസ്സുന്ന 7/1-8)

ആദ്യകാല ശിയാക്കളുടെ വിശ്വാസപ്രകാരം റാഫിദ്വികൾ കാഫിറുകളാണ്!

റാഫിദ്വികൾ കാഫിറുകളാണെന്നും ഇസ്‌ലാമിൽ നിന്നവർ പുറത്താണെന്നുമായിരുന്നു ആദ്യകാല ശിയാക്കളുടെ നിലപാട്. അബ്ദുർറസാഖ് അസ്സ്വൻആനി رحمه الله പറയുന്നു : 

 «الرافضي عندي كافر»

റാഫിദ്വികൾ എൻ്റെയടുക്കൽ കാഫിറുകളാണ്. (സിയറു അഅ്ലാമിന്നുബലാഅ് 14/ 178)

ശിയാ, റാഫിദ്വി എന്നീ രണ്ട് പദങ്ങൾക്കിടയിലുള്ള വ്യത്യാസം ഉൾക്കൊള്ളുമ്പോഴാണ്, തങ്ങളുടെ കൂടെ പൂർവികരായ മുതിർന്ന പണ്ഡിതന്മാരും ഹദീസിന്റെ റിപ്പോർട്ടർമാരുമെല്ലാം ഉണ്ടെന്ന് റാഫിദ്വികളുടെ അവകാശവാദത്തിന്റെ യാഥാർത്ഥ്യം വ്യക്തമാകുന്നത്. ഇവർ യഥാർത്ഥ ശിയാക്കളല്ല, ശിയായിസത്തിൻ്റെ മുഖം മൂടിയണിഞ്ഞ റാഫിദ്വികൾ മാത്രമാണ്.

 റാഫിളികളും ശിയാക്കളും തമ്മിലുള്ള വ്യത്യാസം

ശിയാക്കൾ, റാഫിദ്വികൾ എന്നീ രണ്ടു സാങ്കേതിക ശബ്ദങ്ങൾക്കിടയിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ട് ഉലമാക്കൾ സംസാരിച്ചിട്ടുണ്ട്. ഇമാം ദഹബി رحمه الله പറയുന്നത് കാണുക :

«إن البدعة على ضربين، فبدعة صغرى كغلو التشيع، أو كالتشيع بلا غلو، فهذا كثير في التابعين وأتباعهم مع الدين والورع والصدق، فلو رد حديث هؤلاء لذهب جملة من الآثار النبوية، وهذه مفسدة بينة، ثم بدعة كبرى كالرفض الكامل، والغلو فيه، والحط على أبي بكر وعمر - رضي الله عنهما - والدعاء إلى ذلك، فهذا النوع لا يحتج بهم ولا كرامة،

وأيضًا فما أستحضر الآن في هذا الضرب رجلًا صادقًا، ولا مأمونًا، بل الكذب شعارهم، والتقية والنفاق دثارهم، فكيف يقبل نقل من هذا حاله؟! حاشا وكلا، فالشيعي الغالي في زمان السلف وعرفهم هو من تكلم في عثمان والزبير، وطلحة، ومعاوية، وطائفة ممن حارب عليًا رضي الله عنه وتعرض لسبهم، والغالي في زمننا وعُرفنا هو الذي يكفر هؤلاء السادة، ويتبرأ من الشيخين فهذا ضال مفتر»

ബിദ്അത്ത് രണ്ട് തരമാണ്. ഒന്നാമത്തേത് ചെറിയ ബിദ്അത്ത്; അതിരു കവിഞ്ഞ തശയ്യുഅ് (ശീയിസം), അതിര് കവിയാത്ത തശയ്യുഅ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇത് താബിഈങ്ങളിലും അവർക്ക് ശേഷം വന്ന തലമുറയിലും ഒരുപാട് കാണാൻ സാധിക്കും. അവർ ദീനും മതനിഷ്ടയും സത്യസന്ധതയുമുള്ളവരായിരുന്നു. അവർ റിപ്പോർട്ട് ചെയ്ത ഹദീസുകൾ തള്ളിക്കളയുകയാണെങ്കിൽ ഒരു കൂട്ടം ഹദീസുകൾ മാറ്റിവെക്കേണ്ടി വരും. അത് അപകടമാണ്. രണ്ടാമത്തെയിനം വലിയ ബിദ്അത്താണ്. പൂർണ്ണമായ റാഫിദ്വിയ്യത്ത്, അതിൽ തന്നെ തീവ്രതയുള്ള നിലപാട്, അബൂബക്റിനെയും ഉമറിനെയും رضي الله عنهما ആക്ഷേപിക്കൽ, അത് ആളുകൾക്കിടയിൽ പ്രചരിപ്പിക്കൽ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഈ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ സ്വീകാര്യമല്ല. അവർ യാതൊരു ആദരവും അർഹിക്കുന്നില്ല.

ഈ വിഭാഗം ആളുകളുടെ കൂട്ടത്തിൽ സത്യസന്ധതയും വിശ്വസ്തതയുമുള്ള ഒരാളും എൻ്റെ അറിവിലില്ല. അവരൊക്കെയും കളവ് പുറംമോടിയാക്കുകയും തഖിയ്യയും കാപട്യവും ഉള്ളിൽ ഒളിപ്പിക്കുകയും ചെയ്തവരാണ്. അങ്ങനെയുള്ളവരുടെ റിപ്പോർട്ടുകൾ എങ്ങനെ സ്വീകരിക്കാൻ സാധിക്കും?! ഒരിക്കലും സാധിക്കില്ല. സലഫുകളുടെ കാലത്ത് അതിര് കവിഞ്ഞ ശിയാക്കളെന്നാൽ ഉസ്മാൻ, ത്വൽഹ, സുബൈർ, മുആവിയ رضي الله عنهم എന്നിവരെയും അലി رضي الله عنه വിൻ്റെ എതിർപക്ഷത്തുണ്ടായിരുന്ന മറ്റു ചില സ്വഹാബികളെയും ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരായിരുന്നു. എന്നാൽ ഇക്കാലത്ത് അതിരു കവിഞ്ഞവരെന്നാൽ ഈ മഹത്തുക്കളായ സ്വഹാബികളെ കാഫിറുകളാക്കുകയും അബൂബക്റിൽ നിന്നും ഉമറിൽ നിന്നും رضي الله عنهما പൂർണ്ണമായി ബന്ധവിച്ഛേദനം നടത്തുകയും ചെയ്യുന്നവരാണ്. അവർ നുണയന്മാരും പിഴച്ചവരുമാണ്.  

(മീസാനുൽ ഇഅ്തിദാൽ : 5/1-6)

ഇമാം ദഹബി رحمه الله യുടെ വാചകങ്ങളോട് കൂട്ടിച്ചേർക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ; ഇന്ന് ശിയാക്കളെന്ന് അവകാശപ്പെടുന്നവർ കേവലം റാഫിദ്വികൾ മാത്രമല്ല. അവർ റാഫിദ്വികളിലെ തന്നെ അതിരുകവിഞ്ഞ (ഗുലാത്തുർ-റാഫിദ്വ) വിഭാഗമാണ്. 

അവരുടെ ഇമാമീങ്ങൾക്ക് അമ്പിയാക്കളെക്കാൾ വലിയ സ്ഥാനം കൽപ്പിക്കുന്നവരാണവർ. അതവരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ്. 

റാഫിദ്വി നേതാവ് ഖുമൈനി പറയുന്നത് കാണുക :

إن من ضرورات مذهبنا أن لأئمتنا مقامًا لا يبلغه ملك مقرب ولا نبي مرسل

​"മലക്കുകൾക്കും പ്രവാചകന്മാർക്കും പോലും ലഭിക്കാത്തത്രയും ഉന്നതമായ പദവി നമ്മുടെ ഇമാമുകൾക്കുണ്ട് എന്നത് നമ്മുടെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളിലൊന്നാണ്." (അൽ ഹുഖൂമത്തുൽ ഇസ്‌ലാമിയ്യ പേ. 52)

ഈ വിശ്വാസം അതിരുകവിഞ്ഞ റാഫിദ്വിയ്യത്തും കുഫ്റുമാണ്.

അബ്ദുൽ ഖാഹിർ അൽ ബഗ്ദാദി رحمه الله പറയുന്നു :

«وزعمت الغلاة من الروافض أن الأئمة أفضل من الأنبياء»

ഇമാമീങ്ങൾ അമ്പിയാക്കളെക്കാൾ ശ്രേഷ്ഠരാണ് എന്നത് റാഫിദ്വികളിലെ അതിരുകവിഞ്ഞ വിഭാഗത്തിൻ്റെ വാദമാണ്. (ഉസ്വൂലുദ്ദീൻ പേ. 298)

ഖാളി ഇയാദ്വ് رحمه الله പറയുന്നു : 

«وكذلك نقطع بتكفير غلاة الروافض في قولهم: إنّ الأئمة أفضل من الأنبياء»

അമ്പിയാക്കളെക്കാൾ ഇമാമീങ്ങൾ ശ്രേഷ്ഠരാണെന്ന റാഫിദ്വികളിലെ തീവ്ര വിഭാഗത്തിൻ്റെ വാദം മുഖേന അവർ കാഫിറുകളാണെന്ന് നാം ഉറപ്പിച്ചു പറയുന്നു. (അശ്-ശിഫാ 2/290)

ഇബ്നു തൈമിയ്യ رحمه الله പറയുന്നു :

«والرافضة تجعل الأئمة الاثني عشر أفضل من السابقين الأولين من المهاجرين والأنصار، وغلاتهم يقولون إنهم أفضل من الأنبياء»

മുഹാജിറുകളിലും അൻസ്വാറുകളിലും പെട്ട ആദ്യകാല മഹത്തുക്കളെക്കാൾ ശ്രേഷ്ഠത പന്ത്രണ്ട് ഇമാമുമാർക്കുണ്ടെന്നാണ് റാഫിദ്വികൾ വിശ്വസിക്കുന്നത്. അവരിലെ തീവ്രനിലപാടുകാരാകട്ടെ, ഇമാമുമാർ പ്രവാചകന്മാരെക്കാൾ ഉന്നതരാണെന്ന് പോലും വാദിക്കുന്നു. (മിൻഹാജുസ്സുന്ന 1/177)

പ്രസ്തുത ഇമാമീങ്ങൾക്ക് വഹ്‌യ് ഉണ്ടാകുമെന്നും അവർ ശരീഅത്തിൻ്റെ നിയമങ്ങളെ നസ്ഖ് ചെയ്യും (ദുർബലപ്പെടുത്തുകയും ഭേദഗതി വരുത്തുകയും ചെയ്യും) എന്നെല്ലാമുള്ള വാദങ്ങൾ അതിരു കവിഞ്ഞ റാഫിദ്വികളുടെ വാദങ്ങളാണെന്ന് അബുൽ ഹസ്സൻ അൽ അശ്അരി, അബൂ ജഅ്ഫർ അന്നഹ്ഹാസ് رحمهما الله തുടങ്ങിയവരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു തൈമിയ്യ رحمه الله ശിയാക്കളെ മൂന്നു തരക്കാരായാണ് വിഭജിക്കുന്നത്.

  1. ഒന്നാമത്തേത് അലി رضي الله عنه വിനെ ഇലാഹാക്കുകയോ അദ്ദേഹം നബിയാണെന്ന് വാദിക്കുകയോ ചെയ്യുന്ന അതിരുകവിഞ്ഞ വിഭാഗമാണ്.
  2. രണ്ടാമത്തെ വിഭാഗം റാഫിദ്വികളാണ്.
  3. മൂന്നാമത്തെ വിഭാഗം : അബൂബക്ർ, ഉമർ رضي الله عنهما എന്നിവരുടെ ശ്രേഷ്ഠതയും ഇമാമത്തും ഖിലാഫത്തും അംഗീകരിക്കുന്നതോടൊപ്പം തന്നെ അലി رضي الله عنه വിന് അവരെക്കാൾ മഹത്വമുണ്ടെന്ന് മാത്രം വിശ്വസിക്കുന്നവരാണ്. 

ഇന്ന് അവരിൽ സൈദികളിലെ തന്നെ മിതവാദികളായ ഒരു വിഭാഗത്തെ മാറ്റിനിർത്തിയാൽ ബാക്കി ശിയാക്കൾ എന്ന് അവകാശപ്പെടുന്നഎല്ലാവരും ഇതിൽ ഒന്നാമത്തെ ഇനത്തിലാണ് ഉൾപ്പെടുന്നത്. 

ഇബ്നു ഹജർ رحمه الله പറയുന്നത് കാണുക : 

«التشيع محبة علي وتقديمه على الصحابة، فمن قدمه على أبي بكر وعمر فهو غالٍ في تشيعه، ويطلق عليه رافضي، وإلا فشيعي، فإن انضاف إلى ذلك السب أو التصريح بالبغض فغالٍ في الرفض، وإن اعتقد الرجعة إلى الدنيا فأشد في الغلو»

അലി رضي الله عنه വിനെ സ്നേഹിക്കുകയും മറ്റു സ്വഹാബികളേക്കാൾ അദ്ദേഹത്തിന് മുൻഗണന നൽകുകയും ചെയ്യുന്നതാണ് 'ശീഇസം'. എന്നാൽ, അബൂബക്ർ, ഉമർ رضي الله عنهما എന്നിവരേക്കാൾ അദ്ദേഹത്തിന് മുൻഗണന നൽകുന്നവർ ശീഇസത്തിൽ അതിരുകടന്ന വിഭാഗമാണ്. അവരാണ് 'റാഫിദ്വികൾ'. അല്ലാത്തപക്ഷം ശീഇകൾ മാത്രമാണ്. ഇതുകൂടാതെ മറ്റു സ്വഹാബികളെ അധിക്ഷേപിക്കുകയും അവരോട് വിദ്വേഷം പ്രകടിപ്പിക്കുകയും കൂടി ചെയ്യുന്നവർ തീവ്ര റാഫിദ്വികളാണ്. ഇനി, (മരണപ്പെട്ടവർ ദുനിയാവിലേക്ക് മടങ്ങിവരുമെന്നും ഇവരുടെ ശത്രുക്കൾക്കുള്ള ശിക്ഷ അന്ന് നടപ്പിലാക്കുമെന്നുമുള്ള) 'റജ്അഃ' യിൽ കൂടി വിശ്വസിക്കുന്നവരാണെങ്കിൽ അവർ അങ്ങേയറ്റം തീവ്രമായ നിലപാടുള്ളവരാണ്." (ഹദ്‌യുസ്സാരി പേ. 459)

ഇന്നത്തെ റാഫിളികൾ അവരുടെ മുൻഗാമികളുടെ വീക്ഷണത്തിൽ

ഏറ്റവും അത്ഭുതകരമായ കാര്യം ഇവരുടെ തന്നെ മുൻഗാമികളുടെ വിശദീകരണങ്ങളനുസരിച്ച് ഇവർ തീവ്ര റാഫിദ്വികളാണ്.ഹി. 381 ൽ മരണപ്പെട്ട അവരുടെ വലിയ നേതാവ് ഇബ്നു ബാബവൈഹി (സ്വദൂഖ്) പറയുന്നത് കാണുക :

«إنّ الغلاة والمفوّضة - لعنهم الله - ينكرون سهو النّبيّ صلى الله عليه وسلم يقولون: لو جاز أن يسهو في الصّلاة لجاز أن يسهو في التّبليغ؛ لأن الصلاة فريضة كما أن التبليغ فريضة.. وليس سهو النبي صلى الله عليه وسلم كسهونا؛ لأن سهوه من الله عز وجل وإنّما أسهاه الله ليعلم أنّه بشر مخلوق فلا يتّخذ ربًا معبودًا دونه، وليعلم النّاس بسهوه حكم السّهو، وكان شيخنا محمد بن الحسن بن أحمد بن الوليد يقول: أوّل درجة في الغلو نفي السّهو عن النّبيّ - صلى الله عليه وسلم - وأنا أحتسب الأجر في تصنيف كتاب مفرد في إثبات سهو النّبيّ والرّد على مُنكريه»

നബിﷺക്ക് മറവി സംഭവിക്കുക എന്നത് സാധ്യമല്ല എന്നാണ് തീവ്ര വിഭാഗത്തിന്റെ വാദം. -അവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ-

(അവരുടെ വാദത്തെ ചുരുങ്ങിയ രൂപത്തിൽ ഖണ്ഡിച്ച ശേഷം അദ്ദേഹം തുടരുന്നു..) തീവ്രതയുടെ ആദ്യപടി നബി ﷺക്ക് മറവി സംഭവിക്കുന്നതിനെ നിഷേധിക്കലാണെന്ന് നമ്മുടെ ശൈഖ് മുഹമ്മദ് ബ്നുൽ ഹസ്സൻ പറയാറുണ്ടായിരുന്നു. നബിﷺക്ക് മറവി സംഭവിക്കാമെന്ന് സ്ഥാപിച്ചുകൊണ്ടും അത് നിഷേധിക്കുന്നവർക്ക് മറുപടി പറഞ്ഞുകൊണ്ടും അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ഒരു ഗ്രന്ഥം രചിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (മൻ ലാ യഹ്ദുറുഹുൽ ഫഖീഹ് 1/234 )

എന്നാൽ ഇന്നത്തെ റാഫിദ്വി നേതാവായ ഖുമൈനി ഇവരുടെ ഇമാമീങ്ങൾക്ക് പോലും മറവി സംഭവിക്കുകയില്ല എന്നത് അവരുടെ അടിസ്ഥാന വിശ്വാസ കാര്യങ്ങളായി പഠിപ്പിക്കുകയും മറവി സംഭവിക്കുമെന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കാര്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. (തൻഖീഹുൽ മവാൽ 3/240, അൽ ഹുകുമത്തുൽ ഇസ്‌ലാമിയ്യ പേ. 91 എന്നിവ നോക്കുക)

പൂർവികർക്കും ഇവർക്കുമിടയിലുള്ള ഈ ഏറ്റുമുട്ടൽ ഇവർ തന്നെ തുറന്നെഴുതിയിട്ടുണ്ട് എന്നതാണ് ഏറെ രസകരമായ കാര്യം. ഇവരുടെ മുതിർന്ന പണ്ഡിതനായ അബ്ദുല്ല അൽ മാമകാനി പറയുന്നു :

«إنا قد بينا غير مرة أن رمي القدماء الرجل بالغلو لا يعتمد عليه ولا يركن إليه لوضوح كون القول بأدنى مراتب فضائلهم - يعني الأئمة - غلوًّا عند القدماء، وكون ما نعده اليوم من ضروريات مذهب التشيع غلوًّا عند هؤلاء، وكفاك في ذلك عدُّ الصدوق نفي السهو عنهم غلوًّا، مع أنه اليوم من ضروريات المذهب، وكذلك إثبات قدرتهم على العلم بما يأتي - أي: علم الغيب - بتوسط جبرائيل والنبي غلوًّا عندهم، وهو من ضروريات المذهب اليوم»

നമ്മുടെ പൂർവികർ പല കാര്യങ്ങളെ കുറിച്ചും അവ തീവ്രതയാണെന്ന് വിധിയെഴുതിയത് പൂർണമായും സ്വീകരിക്കാനും അംഗീകരിക്കാനും സാധിക്കുകയില്ല. കാരണം ഇമാമീങ്ങളുടെ ശ്രേഷ്ഠതകൾ വളരെ നേരിയ രൂപത്തിൽ (!) പറയുന്നതുപോലും അവരുടെ അഭിപ്രായമനുസരിച്ച് തീവ്രതയാണ്. ഇന്ന് നാം ശീഈ ആദർശത്തിന്റെ അനിവാര്യമായ വിശ്വാസ കാര്യങ്ങളായി ഉൾകൊള്ളുന്ന പല കാര്യങ്ങളും പൂർവികരുടെ അഭിപ്രായമനുസരിച്ച് തീവ്രതയും അതിരു കവിച്ചിലുമാണ്. ഇമാമീങ്ങൾക്ക് മറവി സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നതിനെ സ്വദൂഖ് (അഥവാ ഇബ്നു ബാബവൈഹി) തീവ്രതയായാണ് എണ്ണിയിട്ടുള്ളത്. അതാകട്ടെ ഇന്ന് നമ്മുടെ മദ്ഹബിന്റെ അടിസ്ഥാന കാര്യങ്ങളിൽ പെട്ടതാണ്. അതുപോലെ, വരാൻ പോകുന്ന കാര്യങ്ങൾ ജിബ്‌രീൽ മുഖേനയും നബി മുഖേനയും ഇമാമീങ്ങൾക്ക് അറിയാൻ സാധിക്കുമെന്നുള്ള വിശ്വാസം ഇന്ന് നമ്മുടെ അനിവാര്യ വിശ്വാസങ്ങളിൽ പെട്ടതാണ്. അതാകട്ടെ അവരുടെ കാഴ്ചപ്പാടിൽ അതിരു കവിയലും തീവ്രതയുമാണ്.

(തൻഖീഹുൽ മഖാൽ 3/240)

ഇവരുടെ അടിസ്ഥാന വിശ്വാസങ്ങൾക്ക് പോലും കാലാന്തരത്തിൽ മാറ്റങ്ങളും തിരുത്തലുകളും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണിത്.

'ഇസ്നൈ അശരിക'ളുടെ ചരിത്രത്തിലാദ്യമായി ഖുമൈനി "വിലായത്തുൽ ഫഖീഹ് അൽ ആമ്മഃ" (അഥവാ, മഹദിയുടെ അഭാവത്തിൽ നിലവിലുള്ള 'ഫഖീഹ്' എല്ലാ കാര്യങ്ങളിലും അവർക്ക് പകരക്കാരനായി കണക്കാക്കപ്പെടുമെന്ന്) പ്രഖ്യാപിച്ചത് ഇത്തരം മാറ്റങ്ങളുടെ അവസാനത്തെ ഉദാഹരണമാണ്. അത് റാഫിദ്വികളെ അതിതീവ്രതയുടെ പടുകുഴിയിലേക്കാണ് തള്ളി വിട്ടിട്ടുള്ളത്. ഇത് വളരെ അപകടകരമായ ഒരു വാദമാണ്. മുസ്‌ലിമീങ്ങളിൽ പലർക്കും ഇതിനെക്കുറിച്ച് ധാരണയില്ല. കഅ്ബ തകർക്കുക, മനുഷ്യരെ കൊന്നൊടുക്കുക, അറബികളെ കൊലപ്പെടുത്തുക തുടങ്ങി മഹ്ദി ചെയ്യുമെന്ന് ഇവർ വിശ്വസിക്കുന്ന ഒട്ടേറെ കാര്യങ്ങൾ മഹ്ദിക്ക് പകരം ഇവരുടെ ഫഖീഹ് ഏറ്റെടുത്തിരിക്കുന്നു എന്നതാണ് ഇതിൻ്റെ താല്പര്യം. അവരുടെ കൂട്ടത്തിൽ നിന്ന് തന്നെ ഇതിനെ എതിർത്തു കൊണ്ടുള്ള ശബ്ദങ്ങളും ഉണ്ടായിട്ടുണ്ട്. 

ചുരുക്കത്തിൽ;

ഇന്ന് ശിയാക്കളാണെന്ന് അവകാശപ്പെടുന്നവർ,

  • ഇബാദത്തിന്റെ വിഷയത്തിൽ ബഹുദൈവാരാധകരാണ്.
  • മരണപ്പെട്ടവരോടുള്ള പ്രാർത്ഥനയും ഖബ്ർ പൂജകളും ഇവർ തിരിച്ചു കൊണ്ടുവന്നു.
  • ഈ സമുദായത്തിലേക്ക് ആദ്യമായി ഖബ്ർ പൂജ കൊണ്ടുവന്നത് ഇവരാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. (അർ-റദ്ദു അലൽ ഇഖ്നാഇ പേ. 47 നോക്കുക)
  • റുബൂബിയത്തിലും ഇവർക്ക് ഗുരുതരമായ വിശ്വാസ വ്യതിയാനങ്ങളുണ്ട്.
  • അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളുടെ കാര്യത്തിലിവർ നിഷേധികളായ ജഹ്‌മികളാണ്.
  • ഈമാനിന്റെ കാര്യത്തിൽ ഏറ്റവും അതിരു കവിഞ്ഞ മുർജിഅകളാണ്.
  • എതിരാളികളെ തക്ഫീർ ചെയ്യുന്ന വിഷയത്തിൽ ഖവാരിജികളുടെ ആശയം കൊണ്ടുനടക്കുന്നവരാണ്.
  • അവരുടെ ഇമാമീങ്ങളുടെയും സ്വഹാബികളുടെയും കാര്യത്തിൽ ഇബ്നു സബഅ് എന്ന ജൂതന്റെ അതിര് കടന്ന വിശ്വാസങ്ങൾ പേറുന്നവരാണ്.
  • സാംസ്കാരികവും സാമൂഹികവുമായി മുത്അ പോലുള്ള ആഭാസങ്ങളും അശ്ലീലങ്ങളും മതത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നവരാണ്.
  • "ഖുമുസ്" എന്ന മറപിടിച്ചുകൊണ്ട് ജനങ്ങളുടെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുന്നവരാണ്. 
  • പരിശുദ്ധമായ കഅ്ബക്ക് ഇവരുടെ അടുക്കൽ വളരെ നിന്ദ്യമായ സ്ഥാനമാണുള്ളത്. 

​"കർബലയുടെ വിനീതയും നിസ്സാരയും നിന്ദ്യയുമായ ഒരു വാലായി (അനുഗാമിയായി) നീ നിലകൊള്ളുക; അതിൽ ഒട്ടും തന്നെ അഹങ്കാരമോ ഔദ്ധത്യമോ കാണിക്കരുത്. അല്ലാത്തപക്ഷം, ഞാൻ നിന്നെ ഭൂമിക്കടിയിലേക്ക് താഴ്ത്തുകയും നരകാഗ്നിയിലേക്ക് എറിയുകയും ചെയ്യും." എന്ന് അല്ലാഹു കഅ്ബയോട് പറഞ്ഞതായി ഇവരുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചത് കാണാൻ സാധിക്കും. 

 ഇറാനിയൻ ഭരണഘടനയിലടക്കം സുന്നത്തുൽ മഅ്സ്വുമീന്‍ എന്ന വിശേഷിപ്പിച്ച എട്ട് അടിസ്ഥാന ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുള്ളത് തീവ്ര റാഫിദ്വി വിശ്വാസമാണ്. പഴയ സബഇകളുടെ പുതിയ രൂപമാണ് നിലവിലുള്ള 'ഇസ്നാ അശരി'കൾ എന്ന് ചുരുക്കം.

അതിൽ നിന്ന് മാറ്റി നിർത്താവുന്നത് യമനിലെ 'സൈദി'കളിലെ, 'ജാറുദി'കളായ ഹൂഥികളെ പോലുള്ളവരല്ലാത്ത മിതവാദികളായ ഒരു വിഭാഗത്തെ മാത്രമാണ്.

അതുകൊണ്ടെല്ലാമാണ് ശൈഖ് മുഹമ്മദ് ബ്നു ഇബ്റാഹീം رحمه الله ഇവരെക്കുറിച്ച് പറഞ്ഞത് :

 «رافضة هذه الأزمان مرتدون عبدة أوثان»

ഇക്കാലത്തെ റാഫിളികൾ വിഗ്രഹാരാധകരും മതത്തിൽ നിന്ന് പുറത്തുപോയവരുമാണ്. (ഫതാവാ വറസാഇൽ 8/189)

 പണ്ഡിതന്മാർ പറയട്ടെ

റാഫിദ്വികൾക്ക് ഇസ്‌ലാമുമായുള്ള ബന്ധമെന്താണെന്ന് ഇമാമീങ്ങളുടെ വാചകങ്ങളിലൂടെ നമുക്ക് വായിക്കാം.

  • ഇമാം മാലിക് رحمه الله പറയുന്നു :

 «الذي يشتم أصحاب النبي صلى الله عليه وسلم، ليس لهم اسم -أو قال- : نصيب في الإسلام »

നബിയുടെ സ്വഹാബികളെ ചീത്ത പറയുന്നവർക്ക് ഇസ്‌ലാമിൽ നിന്ന് യാതൊരു വിഹിതവും ഇല്ല. (അസ്സുന്ന ലിൽ ഖല്ലാൽ 2/557)

സൂറത്തുൽ ഫത്ത്ഹിലെ 92 മത്തെ വാചകം ഇമാം മാലിക് ഇതിന് തെളിവാക്കിയതായി ഇബ്നു കസീർ رحمه الله തൻ്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നുണ്ട്.

  • ഇമാം അഹ്‌മദ് رحمه الله പറയുന്നു :

«من شتم أخاف عليه الكفر مثل الروافض، ثم قال: من شتم أصحاب النبي صلى الله عليه وسلم لا نأمن أن يكون قد مرق عن الدين»

സ്വഹാബികളെ ചീത്ത പറയുന്നവർ കുഫ്റിൽ അകപ്പെടും എന്ന് ഞാൻ ഭയപ്പെടുന്നു. റാഫിളികൾക്ക് സംഭവിച്ചത് പോലെ. (അസ്സുന്ന ലിൽ ഖല്ലാൽ 2/558)

അബൂബക്ർ, ഉമർ, ആഇശ رضي الله عنهم എന്നിവരെ ആക്ഷേപിക്കുന്നവരെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇമാം അഹ്‌മദ് رحمه الله പറഞ്ഞു : 

«ما أراه على الإسلام»

അവരെ മുസ്‌ലീങ്ങളായി ഞാൻ മനസ്സിലാക്കുന്നില്ല. (അസ്സുന്നഃ 2/557)

  • ഇമാം ബുഖാരി رحمه الله പറയുന്നത് നോക്കുക :

«ما أبالي صليت خلف الجهمي والرافضي، أم صليت خلف اليهود والنصارى، ولا يسلم عليهم ولا يعادون ولا يناكحون ولا يشهدون ولا تؤكل ذبائحهم»

ജഹ്‌മികളുടെയും റാഫിദ്വികളുടെയും പിറകിൽ നിസ്കരിക്കുന്നതും ജൂത ക്രിസ്ത്യാനികളുടെ പിറകിൽ നിസ്കരിക്കുന്നതും എനിക്ക് ഒരുപോലെയാണ്. അവരോട് സലാം പറയാനോ രോഗിയായാൽ അവരെ സന്ദർശിക്കാനോ അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാനോ അവരുടെ ജനാസകളിൽ പങ്കെടുക്കാനോ അവർ അറുത്തത് ഭക്ഷിക്കാനോ പാടുള്ളതല്ല.

(ഖൽഖു അഫ്ആലിൽ ഇബാദ് പേ. 125)

"ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഖവാരിജുകൾ മറ്റു ബിദഈ കക്ഷികളെ പോലെ തന്നെ കാഫിറുകളെല്ല" എന്ന നവവി رحمه الله യുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട്

  • മുല്ല അലിയ്യുൽ ഖാരി رحمه الله പറയുന്നു : 

 «قلت: وهذا في غير حق الرافضة الخارجة في زماننا فإنهم يعتقدون كفر أكثر الصحابة فضلًا عن سائر أهل السنة والجماعة، فهم كفرة بالإجماع بلا نزاع»

നവവി ഇവിടെ പറഞ്ഞത് ഇക്കാലത്തെ റാഫിദ്വികളായ ഖവാരിജുകൾക്ക് ബാധകമല്ല. അവർ അഹ്ലുസ്സുന്നയെ ഒന്നടങ്കം തക്ഫീർ ചെയ്യുന്നു എന്നത് മാത്രമല്ല സ്വഹാബികളിൽ ഭൂരിപക്ഷവും അവരുടെ വിശ്വാസമനുസരിച്ച് കാഫിറുകളാണ്. അതുകൊണ്ടുതന്നെ അവർ (റാഫിദ്വികൾ) കാഫിറുകളാണെന്ന കാര്യത്തിൽ ഈ ഇജ്മാഅ് ഉണ്ട്. (മിർഖാത്തുൽ മഫാതീഹ് 9/137)

  • ഖാദ്വി അബൂ യഅ്ല رحمه الله പറയുന്നു : 

«وأما الرافضة فالحكم فيهم.. إنْ كفر الصحابة، أو فسقهم بمعنى يستوجب به النار فهو كافر»

ഇന്നത്തെ റാഫിദ്വികൾ; സ്വഹാബികൾ കാഫിറുകളാണെന്നോ അല്ലെങ്കിൽ നരകാവകാശികളായ ഫാസിഖുകളാണെന്നോ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ കാഫിറുകളാണ്. (അൽ മുഅ്തമദ് പേ. 267)

സമാനമായ കാര്യം റാസിയും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. 

  • ഇബ്നു തൈമിയ്യ رحمه الله പറയുന്നു :

«من زعم أن القرآن نقص منه آيات وكتمت، أو زعم أن له تأويلات باطنة تسقط الأعمال المشروعة، فلا خلاف في كفرهم»

ആരെങ്കിലും ഖുർആനിൽ നിന്ന് ഒരായത്തെങ്കിലും കുറയുകയോ മറച്ചുവെക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് വിശ്വസിച്ചാൽ, അല്ലെങ്കിൽ ഖുർആനിന്റെ മത നിയമങ്ങളെ നിരാകരിക്കുന്ന തരത്തിൽ അതിന് ആന്തരികമായ വ്യാഖ്യാനങ്ങൾ ഉണ്ട് എന്ന് വാദിച്ചാൽ അവർ കാഫിറുകളാണെന്ന് കാര്യത്തിൽ തർക്കമില്ല. (അസ്വാരിമുൽ മസ്‌ലൂൽ 586,587)

ഖുർആനിൻ്റെ ആന്തരീക അർത്ഥങ്ങളിൽ വിശ്വസിക്കുകയും അതിൻ്റെ പേരിൽ യാതൊരു വ്യാഖ്യാന സാധ്യതയുമില്ലാത്ത കുഫ്റൻ വിശ്വാസങ്ങൾ കൊണ്ട് ആയത്തുകളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് 'ബാത്വിനി'കൾ. ഈ ബാത്വിനിയ്യത്ത് വലിയൊരു തോതിൽ ഇന്നത്തെ റാഫിദ്വിയത്തിൻ്റെ ഭാഗമായി തീർന്നിട്ടുണ്ട്. ഇക്കാര്യം വിശദമായി ഡോ. നാസ്വിർ അൽ ഖഫാരി തൻ്റെ شيعة اليوم باطنية الأمس എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

  • അല്ലാമ ശൗഖാനി رحمه الله പറയുന്നു :

وبهذا يتبين أن كل رافضي خبيث يصير كافرًا بتكفيره لصحابي واحد، فكيف بمن كفر كل الصحابة، واستثنى أفرادًا يسيرة تغطية لما هو فيه من الضلال على الطَّغام الذين لا يعلقون الحجج؟!»

ഒരു സ്വഹാബിയെ തക്ഫീർ ചെയ്യുന്നതിലൂടെ തന്നെ നീചരായ ഈ റാഫിദ്വികൾ കാഫിറുകളായിത്തീരുന്നു.അപ്പോൾ പിന്നെ അല്പം ചിലരെ മാത്രം മാറ്റിനിർത്തി ബാക്കിയുള്ള മുഴുവൻ സ്വഹാബികളെയും കാഫിറാക്കുന്നവരുടെ അവസ്ഥയെന്താണ് ?! 

പൊതുജനങ്ങളിൽ നിന്ന് തങ്ങളുടെ വഴികേട് മറച്ചുവെക്കാനാണ് ചില സ്വഹാബികളും മാത്രം ഇതിൽ നിന്നവർ മാറ്റി നിർത്തുന്നത്. (നസ്റുൽ ജൗഹർ അലാ അഹാദീസി അബീദർറ് 15-16)

ഇതാണ് ഇസ്‌ലാമിക പണ്ഡിതന്മാർ ഇവരുടെ കാര്യത്തിൽ പറഞ്ഞിട്ടുള്ള വിധി. എങ്കിലും വ്യക്തികളെ നിർണയിച്ച് തക്ഫീർ ചെയ്യുമ്പോൾ അതിൽ പാലിക്കേണ്ട നിബന്ധനകളും കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് തന്നെയാണെന്ന് പണ്ഡിതന്മാർ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

والله تعالى أعلم

(പ്രധാന അവലംബം : ഡോ. നാസ്വിർ അൽ ഖഫാരിയുടെ شيعة اليوم ليسوا بشيعة എന്ന ലേഖനം.)

പങ്കിടുക: