ഇബ്നു ബാസ് ; നിലപാടുകളും പാഠങ്ങളും

Anas Nadeeri
September 13, 2026
281 കാഴ്ചകൾ
ഇബ്നു ബാസ് ; നിലപാടുകളും പാഠങ്ങളും

മാതൃകാ പണ്ഡിതന്മാർ ലിങ്ക് കോപ്പി ചെയ്തു!

ഇബ്നു ബാസ് ; നിലപാടുകളും പാഠങ്ങളുംലിങ്ക് കോപ്പി ചെയ്തു!

✍️ അനസ് നദീരി

ഹി. 1330 ദുൽ ഹിജ്ജ മാസത്തിൽ റിയാദിലാണ് ശൈഖ് ജനിക്കുന്നത്. പതിനാറാമത്തെ വയസ്സിൽ രോഗം കാരണം കണ്ണിന്റെ കാഴ്ച ശക്തി മങ്ങുകയും പത്തൊമ്പത് വയസ്സായിരിക്കെ പൂർണമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

ശൈഖ് رحمه الله പറയുന്നു : "കാഴ്ച നഷ്ടപ്പെട്ട ഞാൻ അതിനു പകരമായി ദുനിയാവിൽ ഉൾക്കാഴ്ചയും ആഖിറത്തിൽ ഉൽകൃഷ്ടമായ പ്രതിഫലവും നൽകണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു."

മത കാര്യങ്ങളിലെ കണിശത ലിങ്ക് കോപ്പി ചെയ്തു!

ശൈഖിൻ്റെ വസ്ത്രം എപ്പോഴും ഞെരിയാണിക്ക് മുകളിൽ ഏകദേശം നാല് വിരലോളം കയറി നിൽക്കുന്നതായിരുക്കും. ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നത് ഹറാമാണെന്ന കാര്യത്തിൽ കർശന നിലപാടായിരുന്നു ശൈഖ് സ്വീകരിച്ചത്. ഒരിക്കൽ അദ്ദേഹത്തിന് പുതുതായി വാങ്ങിയ ബിശ്ത്ത് (അറബികൾ സൗബിന് മുകളിൽ ധരിക്കുന്ന കോട്ട്) ഞെരിയാണിക്ക് താഴെയാണെന്ന് കൂടെയുള്ളവർ സൂചിപ്പിച്ചപ്പോൾ അദ്ദേഹമത് ഊരി ഒഴിവാക്കുകയുണ്ടായി.

സുന്നത്തിനാണ് മുൻഗണന!ലിങ്ക് കോപ്പി ചെയ്തു!

പരസ്പരം കണ്ടുമുട്ടുമ്പോൾ ഹസ്ത ദാനവും എന്നാൽ ദീർഘമായ യാത്രകൾക്ക് ശേഷം കാണുമ്പോൾ ആലിംഗനം ചെയ്യലുമാണ് സുന്നത്ത് എന്നതായിരുന്നു ശൈഖിന്റെ നിലപാട്. 

അനസ് -റളിയല്ലാഹു അൻഹു- പറയുന്നു : "റസൂൽ ﷺ യുടെ സ്വഹാബികൾ പരസ്പരം കണ്ടുമുട്ടിയാൽ ഹസ്തദാനം ചെയ്യുകയും യാത്ര കഴിഞ്ഞെത്തിയാൽ പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്യുമായിരുന്നു."

ഒരിക്കൽ യാത്രക്കാരനല്ലാത്ത ഒരാൾ ശൈഖിനെ കണ്ടപ്പോൾ സലാം പറഞ്ഞു കൊണ്ട് ശൈഖിനെ ആലിംഗനം ചെയ്തു. ശൈഖ് അദ്ദേഹത്തോട് പറഞ്ഞു : ഹസ്തദാനം ചെയ്യലാണ് സുന്നത്ത്.

"താങ്കളോടുള്ള ഇഷ്ടം കൊണ്ടാണ് ശൈഖ്" എന്നായാൾ പ്രതികരിച്ചപ്പോൾ ശൈഖ് പറഞ്ഞു : താങ്കളുടെ ഇഷ്ടത്തേക്കാൾ സുന്നത്തിനാണ് മുൻഗണന!

വളരെ നല്ല ഒരു അഭിപ്രായം! ലിങ്ക് കോപ്പി ചെയ്തു!

ഏതൊരാളുടെയും നസ്വീഹത്ത് ശൈഖ് ചെറുതായി കാണാറില്ലായിരുന്നു.

ഒരിക്കൽ ഒരു ചെറുപ്പകാരൻ ശൈഖിനെ ഫോൺ ചെയ്തു : ശൈഖേ, ജനങ്ങൾക്ക് ആവശ്യമായ മതവിധികൾ നൽകുന്ന പണ്ഡിതന്മാരുണ്ടാകുക എന്നത് വളരെ വലിയ ആവശ്യകതയാണ്. സാധാരാണക്കാർക്ക് വിളിക്കാൻ സാധിക്കുന്ന രീതിയിൽ എല്ലാ സിറ്റികളിലും ഒരോ മുഫ്തിമാർ ഉണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു.

ശൈഖ് പ്രതികരിച്ചു : മാശാഅല്ലാഹ്, അല്ലാഹു താങ്കളെ നന്നാക്കട്ടെ, എത്രയാണ് താങ്കളുടെ പ്രായം ?

അയാൾ പറഞ്ഞു : പതിമൂന്ന്!

ശൈഖ് പറഞ്ഞു : ഇത് മുഖവിലക്കെടുക്കേണ്ട വളരെ നല്ല ഒരു അഭിപ്രായമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ഉന്നത പണ്ഡിത സഭയുടെ ജനറൽ സെക്രട്ടറിക്ക് എഴുതുന്നുണ്ട്. 

ശൈഖ് എഴുതിയ എഴുത്തിൽ ഇപ്രകാരമുണ്ടായിരുന്നു :

"ചില ഗുണകാംക്ഷികൾ എന്നോട് ഫോണിൽ വിളിച്ച്, എല്ലാ നാടുകളിലും ഒരോ മുഫ്തിമാരെ നിശ്ചയിക്കാൻ അഭിപ്രായപ്പെട്ടു. ഈ വിഷയം ചർച്ചക്കായി ലജ്നദ്ദാഇമയുടെ മുന്നിൽ വെക്കണമെന്ന് നാം അഭിപ്രായപ്പെടുന്നു."

നാം യാത്രക്കാരാണ് ലിങ്ക് കോപ്പി ചെയ്തു!

വീട്ടു ജോലിക്കാർക്കും അതിഥികൾക്കുമായി കുറച്ച് കൂടി വിശാലമായ താമസ സൗകര്യം ആവശ്യമായി വന്നപ്പോൾ ചിലർ ശൈഖിനോട് പറഞ്ഞു : വിൽപ്പനക്ക് വെച്ച വീടുകൾ ഈ പ്രദേശത്ത് ഒരുപാടുണ്ട്. അതിലൊന്ന് വാങ്ങി ജോലിക്കാർക്കും അതിഥികൾക്കുമായി അവിടെ സൗകര്യമൊരുക്കാം. 

ഇത് കേട്ടപ്പോൾ ശൈഖിന്റെ മുഖം മാറി. അദ്ദേഹം പറഞ്ഞു :

نحن مسافرون 

"നമ്മൾ യാത്രക്കാരാണ്. ഇവിടെ സ്ഥിരതാമസക്കാരല്ല!"

ഞാൻ വിട്ടു തന്നിരിക്കുന്നു.ലിങ്ക് കോപ്പി ചെയ്തു!

കണക്കില്ലാതെ ശൈഖ് കടം വിട്ടു കൊടുക്കാറുണ്ടായിരുന്നു. കിട്ടാനുള്ള കടം ശൈഖ് മുഴുവനായി എഴുതിത്തള്ളിയതായ നിരവധി സംഭവങ്ങൾ ഉണ്ട്.

ഒരിക്കൽ അദ്ദേഹം ഒരു കടക്കാരന് ഇപ്രകാരം എഴുതി : "ഞാൻ പെട്ടെന്ന് മരണപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങൾ തരാനുള്ള തുക ഞാൻ വിട്ടു തന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് എന്നോട് യാതൊരു കട ബാധ്യതയുമില്ല എന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!"

മരണപ്പെടുന്നതിന് മൂന്ന് വർഷം മുമ്പ് ഒരാൾക്ക് ഏഴു ലക്ഷം റിയാൽ കടമായി നൽകി. പിന്നീട് അത് വിട്ടു തന്നിരിക്കുന്നു എന്ന് എഴുതിയറിയിച്ചു. ഇക്കാര്യത്തിൽ ചിലർ ശൈഖിനോട് സംസാരിച്ചപ്പോൾ ശൈഖ് പറഞ്ഞു : മകനേ, ദുൻയാവ് നിനക്കൊരു വിഷയമാകരുത്. എനിക്ക് 87 വയസായി. ഇന്നുവരെ എൻ്റെ റബ്ബ് എനിക്ക് നല്ലതല്ലാതെ നൽകിയിട്ടില്ല. ഭൗതിക സൗകര്യങ്ങളും വിഭവങ്ങളും വരികയും പോകുകയും ചെയ്യും. കോടികൾ കൈവശം വെച്ച് മരിക്കുന്നവരും കൈയ്യിൽ ഒന്നുമില്ലാതെ മരിക്കുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തെയാൾക്ക് വിചാരണ കഠിനമായിരിക്കും. രണ്ടാമത്തെയാളുടെ കാര്യം അങ്ങനെയല്ല.

പ്രശംസയും പുകഴ്ത്തലുകളും ലിങ്ക് കോപ്പി ചെയ്തു!

പുകഴ്ത്തലും പ്രശംസകളും ശൈഖിന് ഇഷ്ടമല്ലായിരുന്നു. ശൈഖിന് വരുന്ന പല എഴുത്തുകളിലും കത്തുകളിലും ഇത്തരത്തിൽ ശൈഖിനെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരു മുഖവുരയുണ്ടാകും. അത് വായിച്ച് തുടങ്ങിയാൽ ശൈഖ് പറയും : "ആ മുഖവുര ഒഴിവാക്കി വിഷയം മാത്രം വായിക്കൂ. ഇത്തരം സംസാരങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നില്ല."

ജനങ്ങളുടെ ആവശ്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

ശൈഖിൻ്റെ കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്നും ഓഫീസിലേക്ക് നേരിട്ട് പ്രവേശിക്കാനൊരു വാതിൽ പണിയാനായി ചില ഉദ്യോഗസ്ഥർ ശൈഖിനോട് അനുവാദം ചോദിച്ചപ്പോൾ അദ്ദേഹമത് തടഞ്ഞു കൊണ്ട് പറഞ്ഞു : "കാറിൽ നിന്നിറങ്ങി ഓഫീസ് വരെയുള്ള ദൂരം ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ച് കൊടുക്കുന്ന സമയമാണ്. ആ ദൂരം കുറച്ചാൽ അത് നഷ്‌ടപ്പെടും."

കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്ന് ഓഫീസ് വരെ വഴിയിൽ ആളുകൾ ശൈഖിനെ സമീപിക്കുകയും അവരുടെ ആവശ്യങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

തമാശകൾലിങ്ക് കോപ്പി ചെയ്തു!

വുളു ചെയ്യാനായി തൻ്റെ മേൽ കോട്ട് ഊരി കൂടെയുള്ള ആളുടെ അടുക്കൽ കൊടുത്ത് ശൈഖ് പറയുമായിരുന്നു : "ഇത് അമാനത്താണ് (തിരിച്ച് തരേണ്ടതാണ്), താങ്കൾക്കുള്ളതല്ല."

ദീർഘമായി ഓഫീസിൽ ഇരുന്ന് എഴുന്നേറ്റു രാത്രി ഭക്ഷണം കഴിച്ച ശേഷം ശൈഖ് പറയുമായിരുന്നു : "ഇന്ധനം നിറച്ചു കഴിഞ്ഞു. ഇനി ഓഫീസിലേക്ക് തന്നെ മടങ്ങാം."

"വിവാഹം കഴിക്കുന്നില്ലേ?" "എപ്പോഴാണ് വിവാഹം?" എന്നെല്ലാം ചോദിച്ച് കൊണ്ട് കൂടെയുള്ളവരെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു.

ശൈഖിനുള്ള രാത്രി ഭക്ഷണം തയ്യാറായാൽ കൂടെയുള്ളവരോട് പറയുമായിരുന്നു : "വീട്ടിൽ വൈകിയെത്തുന്നതിൽ ഭാര്യയെ പേടിയില്ലാത്തവർക്ക് നമ്മുടെ കൂടെ ഭക്ഷണം കഴിക്കാം."

ഒരിക്കൽ ഉലമാക്കളുള്ള ഒരു സദസ്സിൽ വെച്ച് ജിന്നു ബാധയെ കുറിച്ചും മന്ത്രത്തെ കുറിച്ചുമെല്ലാം സംസാരമുണ്ടായപ്പോൾ ശൈഖ് അബ്ദുൽ അസീസ് അസ്സദ്ഹാൻ, അഹ്‌മദ് ബ്നു നസ്വർ അൽ ഖുസാഇ (മരണം : ഹി. 231) യുടെ ഒരു സംഭവം ഉദ്ദരിച്ചു :

അദ്ദേഹം ജിന്ന് ബാധയേറ്റ ഒരു മനുഷ്യന് മന്ത്രിച്ചപ്പോൾ അയാളുടെ നാവിലൂടെ ജിന്ന് സംസാരിച്ചു : ശൈഖേ, ഖുർആൻ അല്ലാഹുവിൻ്റെ സൃഷ്ടിയാണെന്ന നിലപാടിൽ നിന്നും ഇയാൾ മാറാതെ ഞാൻ ഒഴിഞ്ഞു പോകില്ല. 

ഇത് കേട്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ശൈഖ് ഇബ്നു ബാസ് പറഞ്ഞു : "മാശാഅല്ലാഹ്, അത് സുന്നിയായ ജിന്നാണ്."

ത്വലാഖുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലിങ്ക് കോപ്പി ചെയ്തു!

ത്വലാക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളും നിരന്തരം ശൈഖിന്റെ അടുക്കൽ വരാറുണ്ടായിരുന്നു. ശൈഖ് ആ വിഷയത്തിന് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകിയിരുന്നു. 

ത്വലാഖുമായി ബന്ധപ്പെട്ട ശൈഖിൻ്റെ കൈയ്യൊപ്പോടെയുള്ള ഫത്‌വകൾ ക്രോഡീകരിക്കപ്പെട്ടത് തന്നെ ഇരുപത്തി ഏഴായിരത്തോളം ഉണ്ട്! ഇത് ശൈഖിന്റെ സമയത്തിൽ ഉണ്ടായിരുന്ന ബറക്കത്തിനെയും ജനങ്ങളുടെ വിഷയങ്ങൾ അദ്ദേഹം എത്രത്തോളം പരിഗണിച്ചിരുന്നു എന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. 

കൂടെ ജോലി ചെയ്യുന്നവരോട് അദ്ദേഹം പറയാറുണ്ടായിരുന്നു : ത്വലാക്ക് ചൊല്ലിയ വിഷയവുമായി വരുന്ന ഈ സാധുക്കളോട് നിങ്ങളെ കരുണയോട് കൂടി പെരുമാറുക. നിങ്ങളെ അത്തരം പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിച്ച അല്ലാഹുവിനെ സ്തുതിക്കുക. നിങ്ങളിൽ നിന്ന് അത്തരം പ്രവർത്തികൾ സംഭവിക്കാതിരിക്കാൻ പാഠം ഉൾക്കൊള്ളുകയും ചെയ്യുക.

വളരെ ശ്രദ്ധയോടുകൂടിയായിരുന്നു ശൈഖ് മതവിധികൾ കൈകാര്യം ചെയ്തിരുന്നത്. നൽകിയ ഏതെങ്കിലും ഒരു മതവിധിയെ കുറിച്ച് പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായി അറിവില്ല. 

ആളുകളുടെ വൈകാരിക പ്രകടനങ്ങളും മറ്റും ശരിയായ മതവിധി പറയുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാറില്ലായിരുന്നു. 

ചിലപ്പോൾ ഭാര്യയും ഭർത്താവും ശൈഖിൻ്റെ മുന്നിൽ നിന്ന് കരയും. 

ചില സ്‌ത്രീകൾ പറയും : എങ്കിൽ ഞാൻ മരിച്ച് പോകും.

ശൈഖിൻ്റെ പ്രതികരണം ഇപ്രകാരമായിരിക്കും : "നിങ്ങൾക്കു മുമ്പും നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. അല്ലാഹുവിൻ്റെ വിധി അനുസരിക്കലും സ്വീകരിക്കലുമാണ് എല്ലാറ്റിനേക്കാളും വലുത്."

മക്കൾ പാഴായിപ്പോകുമെന്ന് പറയുന്നവരോട് ശൈഖ് പറയുമായിരുന്നു :

"ഇല്ല, നിങ്ങൾക്ക് നൂറ് മക്കളുണ്ടെങ്കിലും പാഴായി പോവുകയില്ല. നിങ്ങൾ ഒരുമിച്ചില്ലെങ്കിലും അവരെ നല്ല രൂപത്തിൽ വളർത്തുക. അതല്ലാതെ ഹറാമായ ബന്ധമാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?!"

ശുപാർശകൾലിങ്ക് കോപ്പി ചെയ്തു!

പുണ്യകരമായ എല്ലാ കാര്യങ്ങളിലും ശൈഖ് ശുപാർശ ചെയ്യുമായിരുന്നു. ന്യായമായ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് നിർവഹിച്ചു കൊടുക്കാൻ സാധിക്കുന്നവരോട് അതിൽ സഹായിക്കാൻ ആവശ്യപ്പെടുമായിരുന്നു. 

നിരന്തരം ഇത് ചെയ്യുന്നതിൽ പലരും ശൈഖിനോട് തൃപ്തി കുറവ് പ്രകടിപ്പിക്കുക വരെ ചെയ്തിട്ടുണ്ട്.

അമിതമായി താങ്കൾ ഇങ്ങനെ ശുപാർശ എഴുതുന്നത് ഗുണകരമല്ല എന്ന് ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചപ്പോൾ ശൈഖ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു :

"{ആരെങ്കിലും നല്ലൊരു ശുപാർശ നടത്തിയാൽ അതിൽ നിന്ന് ഒരു പങ്ക് അവനുണ്ടായിരിക്കും.} (സുറ: അന്നിസാഅ്)

എന്ന ആയത്തിന്റെയും  

اشفعوا وتؤجروا 

(നിങ്ങൾ ശുപാർശ ചെയ്യുക, നിങ്ങൾക്ക് പ്രതിഫലം ലഭിക്കും)

എന്ന് ഹദീസിന്റെയും വെളിച്ചത്തിൽ ഞാൻ ശുപാർശ ചെയ്യുന്നു.

അതിലൂടെ ഞാൻ നിങ്ങൾക്ക് നന്മ ചെയ്യാനുള്ള വഴി അറിയിച്ചു തരുക മാത്രമാണ് ചെയ്യുന്നത്. അതിൻ്റെ പ്രതിഫലം ഞാൻ അല്ലാഹുവിങ്കൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾ അത് നിർവഹിച്ചു തരികയാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള പുണ്യം ലഭിക്കും. മറിച്ചാണെങ്കിൽ ഞാൻ എൻ്റെ ബാധ്യത നിറവേറ്റി എന്ന് മാത്രം. ഞാൻ ആരെയും നിർബന്ധിക്കുന്നില്ല."

സോമാലിയയിൽ മുഹമ്മദ് സിയാദ് ബറി യുടെ ഭരണകാലത്ത് ഹി. 1409 ൽ പത്ത് പ്രബോധകർക്ക് വധശിക്ഷ വിധിച്ചു. ചില പണ്ഡിതന്മാർ ഈ വിഷയത്തിൽ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ശൈഖിനെ സമീപിച്ചു.

ഉടനെ ശൈഖ് അന്നത്തെ കിരീടാവകാശി കൂടിയായ അബ്ദുല്ല രാജാവുമായി ബന്ധപ്പെട്ടു. കിരീടാവകാശിയുടെ നേരിട്ടുള്ള ഇടപെടൽ മുഖേന അവരുടെ വധശിക്ഷയും തുടർന്ന് ജയിൽ ശിക്ഷയും റദ്ദാക്കുകയും അവരെ വിട്ട് അയക്കുകയും ചെയ്തു. 

ടുണീഷ്യയിലും ചില ഇസ്ലാമിക പ്രബോധകന്മാരുടെയും പണ്ഡിതന്മാരുടെയും കാര്യത്തിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

കാരുണ്യത്തോടെ പെരുമാറുക ലിങ്ക് കോപ്പി ചെയ്തു!

ശൈഖിൻ്റെ അടുക്കൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാൾ ശൈഖിൻ്റെ വീട്ടിലെ ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിക്കാൻ അനുവാദം ചോദിച്ചു. ശൈഖിനോട് നേരിട്ട് അനുവാദം ചോദിക്കാതെ പറ്റില്ലെന്നായിരുന്നു കിട്ടിയ മറുപടി. വിവരം ശൈഖിൻ്റെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു : നിങ്ങൾ അയാളെ തടഞ്ഞുവല്ലേ?! അദ്ദേഹം വിളിച്ചു കൊള്ളട്ടെ. തടയരുത്! അവരോട് കരുണ കാണിക്കൂ. നിങ്ങൾക്കും മക്കളും കുടുംബവുമില്ലേ? അല്ലാഹുവിൽ അഭയം! കരുണ കാണിക്കാത്തവരോട് അല്ലാഹുവും കരുണ കാണിക്കില്ല എന്നല്ലേ നബി ﷺ പഠിപ്പിച്ചത്.

സത്യസന്ധമായ ഉപദേശംലിങ്ക് കോപ്പി ചെയ്തു!

സംഗീതം ഹലാലാണെന്ന് സമർത്ഥിക്കാൻ ശ്രമിച്ച ശൈഖ് അബൂ അബ്ദിർറഹ്മാൻ ഇബ്‌നു അഖീൽ എന്ന പണ്ഡിതൻ്റെ ആ വിഷയത്തിലെ ലേഖനങ്ങളെ കുറിച്ച് ശൈഖ് ഇബ്നു ബാസ് ഗൗരവത്തിൽ അദ്ദേഹത്തെ താക്കീത് ചെയ്യുകയും വിഷയത്തിൻ്റെ ഗൗരവം ഉണർത്തുകയും ചെയ്തു. 

ശൈഖ് ഇബ്‌നു അഖീൽ പറയുന്നു : എന്നോട് ശൈഖ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു :

ما أعظم مصيبتك عند الله 

"അല്ലാഹുവിൻ്റെ അടുക്കൽ താങ്കൾ ചെയ്തത് എത്ര ഗുരുതരമായ കാര്യമാണ്!" പിന്നീട് തൻ്റെ ഗുത്റയുടെ (തല വസ്ത്രം) ഇരുവശങ്ങൾ ചേർത്തുവച്ചുകൊണ്ട് എനിക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി. അദ്ദേഹത്തിൻ്റെ ഇരു കണ്ണുകളിലും കണ്ണുനീർ നിറഞ്ഞു. 

ഇത് കണ്ടപ്പോൾ എൻ്റെ മനസ്സിൽ ശൈഖിനോടുണ്ടായിരുന്ന എല്ലാ ദേഷ്യവും പ്രയാസങ്ങളും ഇല്ലാതായി. ഈ മനുഷ്യന്റെ ഉപദേശത്തിന്റെ സത്യസന്ധതയും മറ്റുള്ളവർക്ക് നന്മയുണ്ടാകാനും നല്ല അവസ്ഥയിലേക്ക് മടങ്ങാനുമുള്ള അദ്ദേഹത്തിൻ്റെ താല്പര്യവും കണ്ട് സങ്കടം കൊണ്ട് എൻ്റെ ഹൃദയം തകർന്നു പോകുമാറായി. അദ്ദേഹം എന്നോട് തർക്കിച്ചിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തോടും ശഠിച്ചു നിൽക്കുമായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഉദ്ദേശശുദ്ധി കാരണത്താൽ അല്ലാഹു എനിക്ക് കാര്യങ്ങൾ മനസ്സിലാക്കി നൽകി. 

ആ നിമിഷം മുതൽ ഒരു മാസത്തിനുള്ളിൽ എൻ്റെയുള്ളിലുണ്ടായിരുന്ന സംഗീതത്തോടുള്ള ഇഷ്ടം ഇല്ലാതായി തുടങ്ങി. എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ ആകാത്ത രൂപത്തിൽ സംഗീതത്തോടുള്ള വെറുപ്പ് എന്നിൽ രൂപപ്പെട്ടു. ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു!"

(ശൈഖ് മുഹമ്മദ് ബ്നു മൂസാ അൽ മൂസയുടെ "ജവാനിബു മിൻ സീറത്തിൽ ഇമാം.." എന്ന ഗ്രന്ഥത്തിൽ നിന്നും.)

പങ്കിടുക: