ശഅ്ബാനില്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍

Mohammed Shafeeque Madeena
January 25, 2026
102 കാഴ്ചകൾ
ശഅ്ബാനില്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍

ശഅ്ബാനില്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍ലിങ്ക് കോപ്പി ചെയ്തു!

ഇബാദത്തിന് വേണ്ടി ഒരുങ്ങുക എന്നത് ഈമാനുള്ളവരുടെ ഗുണമാണ്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്‍പ് ഹാജിമാരോട് തഖ്‌വയുടെ വിഭവങ്ങള്‍ ഒരുക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നു.

وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ [البقرة: 197] 

നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്‌വയാകുന്നു.(അല്‍ ബഖറ: 197)

ശ്രദ്ധിക്കുക :

തഖ്‌വയെന്തെന്ന് മനസ്സിലാക്കാന്‍ ധാരാളം നിര്‍വചനങ്ങള്‍ കാണാം. മുന്‍ഗാമികളില്‍ പെട്ട ത്വലഖ് ഇബ്നു ഹബീബ് رَحِمَهُ ٱللَّٰهُ വിശദീകരിക്കുന്നു.' തഖ്‌വ എന്നാല്‍: 'അല്ലാഹുവില്‍ നിന്നുള്ള യഥാര്‍ത്ഥ അറിവിന്‍റെ അടിസ്ഥാനത്തില്‍ (ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍) അവനില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് നന്മകള്‍ ചെയ്യലും, അല്ലാഹുവിന്‍റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ട് തിന്മകളില്‍ നിന്ന് മാറി നില്‍ക്കലുമാണ്'.'

ഓരോ ഇബാദത്തിനും മുന്നോടിയായി അതിനെ സംബന്ധിച്ച അറിവ് കരസ്ഥമാക്കിയും,തഖ്‌വ പാലിച്ചും ഒരുങ്ങുമ്പോഴാണ് അല്ലാഹു സ്വീകരിക്കാന്‍ പ്രാപ്തമായ അകക്കാമ്പുമുള്ള ഇബാദത്തായി അത് മാറുന്നത്.

ശഅ്ബാനില്‍ ധാരാളമായി സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുക

റമദാനിന് മുന്‍പുള്ള മാസമായ ശഅ്ബാനില്‍ ധാരാളമായി സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുക എന്നത് നബി ചര്യയില്‍പെട്ടതാണ്. (എന്നാല്‍ ശഅ്ബാന്‍ മാസം മുഴുവനായി നോമ്പെടുക്കല്‍ പ്രവാചകന്‍റെ സുന്നത്തില്‍ പെട്ടതല്ല.)

عَنْ ‌عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ:..... وَمَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ‌اسْتَكْمَلَ ‌صِيَامَ ‌شَهْرٍ ‌قَطُّ ‌إِلَّا ‌رَمَضَانَ، وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ أخرجه البخاري (1969)، ومسلم (1156) (175)

ആഇശ رَضِيَ ٱللَّٰهُ عَنْها പറഞ്ഞു 'റമദാനിലല്ലാതെ മറ്റൊരു മാസത്തിലും പൂര്‍ണമായി നബി ﷺ നോമ്പെടുത്തിരുന്നില്ല,ശഅ്ബാന്‍ മാസത്തിനേക്കാള്‍ കൂടുതലായി മറ്റൊരു മാസത്തിലും നബി ﷺ നോമ്പ് അധികരിപ്പിക്കുന്നതായും ഞാന്‍ കണ്ടിട്ടില്ല.' (ബുഖാരി , മുസ്ലിം)

ശഅ്ബാനില്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങള്‍.ലിങ്ക് കോപ്പി ചെയ്തു!

1)സംശയ ദിനത്തില്‍ (ശഅ്ബാന്‍ മുപ്പത്) നോമ്പെടുക്കാന്‍ പാടില്ല.

..فَقَالَ عَمَّارٌ: مَنْ صَامَ اليَوْمَ الَّذِي يَشُكُّ فِيهِ النَّاسُ فَقَدْ عَصَى أَبَا القَاسِمِ صَلَّى اللَّهُ عَلَيْهِ وَسَلَّمَأخرجه أبو داود (2334)، والترمذي (686)، والنسائي (4/ 153)، وابن ماجه (1645)، وهو حديث حسن

അമ്മാര്‍ رضي الله عنه പറഞ്ഞു : റമദാന്‍ മാസം പിറന്നോ എന്ന് സംശയിക്കപ്പെടുന്ന ദിവസം നോമ്പെടുക്കുന്നവന്‍ അബുല്‍ ഖാസിം ( നബി ﷺ ) യെ ധിക്കരിച്ചവനാകുന്നു. (അബു ദാവൂദ്, നസാഈ )

എന്നാൽ മേഘം മൂടിയത് കാരണത്താലോ മറ്റോ മാസപ്പിറവി കാണുന്നതില്‍ തടസ്സം സംഭവിച്ചതാണെങ്കില്‍ ശഅ്ബാന്‍ മുപ്പതിന് നോമ്പെടുക്കുന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

1) അന്ന് സംശയത്തിന്‍റെ ദിനമാണെന്ന് കണക്കാക്കി നോമ്പ് എടുക്കാന്‍ പാടില്ല എന്ന് അഭിപ്രായം.

(ഭൂരിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായക്കരാണ്.ഇതാണ് ഏറ്റവും ശരിയായത് - الله أعلم)

2) അന്ന് 'റമദാന്‍ ഒന്ന്' ആയേക്കാം എന്ന മുന്‍കരുതലിന്‍റെ ഭാഗമായി നോമ്പെടുക്കണം എന്ന അഭിപ്രായം

2) റമദാനിന്ന് ഒന്നോ രണ്ടോ ദിവസം മാത്രം അവശേഷിക്കവേ നോമ്പ് എടുക്കല്‍ .

സൂക്ഷ്മതയുടെ ന്യായം പറഞ്ഞോ, റമദാനിലേക്കുള്ള നോമ്പിനുള്ള പരിശീലനം എന്ന നിലയിലോ റമദാനിന്ന് ഒന്നോ രണ്ടോ ദിവസം മുന്‍പ് മുതല്‍ നോമ്പെടുത്തു തുടങ്ങുക എന്നത് പാടില്ലാത്തതാണ്.

عَنْ ‌أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا ‌تَقَدَّمُوا ‌رَمَضَانَ ‌بِصَوْمِ ‌يَوْمٍ وَلَا يَوْمَيْنِ، إِلَّا رَجُلٌ كَانَ يَصُومُ صَوْمًا فَلْيَصُمْهُ   

أخرجه البخاري برقم (1914)، ومسلم برقم (1082)

നബി ﷺ പറഞ്ഞു റമദാനിനു ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നോമ്പെടുത്തു തുടങ്ങരുത് ആ ദിവസങ്ങളില്‍(മറ്റു കാരണത്താല്‍) നോമ്പെടുക്കുന്നവനൊഴികെ, അയാള്‍ക്ക് പ്രസ്തുത ദിവസങ്ങളില്‍ നോമ്പെടുക്കാവുന്നതാണ്. (ബുഖാരി , മുസ്ലിം)

ശ്രദ്ധിക്കുക;

ഈ ദിവസങ്ങളില്‍ നിരുപാധിക സുന്നത്ത് നോമ്പുകള്‍  എടുക്കുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ തിങ്കള്‍,വ്യാഴം പോലെയുള്ള സുന്നത്ത് നോമ്പുകള്‍ പൊതുവേ എടുക്കുന്ന ഒരാള്‍ക്ക് ഈ ദിവസങ്ങളോട് യോജിച്ചു വന്നാല്‍   അത്തരം സുന്നത്ത് നോമ്പുകള്‍ എടുക്കുന്നത് അനുവദനീയമാണ്. അതുപോലെ കഴിഞ്ഞ റമദ്വാനിലെ ഖദ്വാഅ് വീട്ടാനുള്ള നോമ്പും ഈ ദിവസങ്ങളില്‍ എടുക്കാവുന്നതാണ്.

3) നോമ്പ് ഖദാഅ് വീട്ടല്‍

കഴിഞ്ഞ വര്‍ഷത്തെ റമദാനിലെ നോമ്പ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അനുഷ്ഠിക്കുവാനുള്ള അവസാന അവസരങ്ങളാണ് ശഅ്ബാനിലെ ദിനങ്ങള്‍.  

عَنْ أَبِي سَلَمَةَ، قَالَ: سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا، تَقُولُ: كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ

 صحيح مسلم 1097/ صحيح البخاري 1950)

ആഇശ رَضِيَ ٱللَّٰهُ عَنْها നിവേദനം 'എനിക്ക് റമദാനില്‍ നിന്നുള്ള നോമ്പ് നോറ്റു വീട്ടാന്‍ ഉണ്ടാകുമായിരുന്നു പക്ഷേ ശഅ്ബാനില്‍ അല്ലാതെ എനിക്കത് സാധിക്കുമായിരുന്നില്ല. (ബുഖാരി , മുസ്ലിം)

റമദാന്‍ വന്നെത്തുന്നതിനു മുന്‍പ് കഴിഞ്ഞ റമളാനിന്‍റെ നോമ്പുകള്‍ വീണ്ടെടുക്കാത്തവരുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍ പിന്നീട് വിശദീകരിക്കുന്നതാണ്. إن شاء الله

4) ജനങ്ങള്‍ ഇബാദത്തിന്‍റെ വിഷയത്തില്‍ അശ്രദ്ധയിലാകുന്ന മാസമാണ് ശഅ്ബാന്‍

عن أُسَامَة بْن زَيْدٍ ....وَلَمْ أَرَكَ تَصُومُ مِنْ شَهْرٍ مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ قَالَ ﷺ ذَاكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ يُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ.مسند أحمد 21753 (36/ 85 ط الرسالة)

ഉസാമത് ഇബ്നു സൈദ് رضي الله عنه നിന്ന് നിവേദനം അദ്ദേഹം പറയുന്നു : 'ശഅ്ബാനില്‍ കൂടുതലായി നോമ്പെടുക്കുന്നതുപോലെ മറ്റൊരു മാസത്തിലും താങ്കള്‍ നോമ്പെടുക്കുന്നതായി ഞാന്‍ കാണുന്നില്ലല്ലോ. എന്ന് ഞാന്‍ നബിയോട് ﷺ ചോദിച്ചു . അപ്പോള്‍ നബി ﷺ പറഞ്ഞു: "ജനങ്ങള്‍ അശ്രദ്ധയിലാകുന്ന മാസമാണിത്, 'റബ്ബുല്‍ ആലമീന്‍' ആയ  അല്ലാഹുവിലേക്ക് അമലുകള്‍ ഉയര്‍ത്തപ്പെടുന്ന മാസവുമാണിത് . ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു."(അഹ്മദ് )

5) ഖുര്‍ആന്‍ പാരായണം വര്‍ദ്ധിപ്പിക്കുക.

മനുഷ്യര്‍ക്ക് വഴികാട്ടിയും സന്മാര്‍ഗദര്‍ശനവുമായ څഖുര്‍ആന്‍چ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍. മുന്‍ഗാമികള്‍ റമദാനിനു വേണ്ടി ഒരുങ്ങാന്‍ ശഅ്ബാനില്‍ ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു.താബിഈങ്ങളില്‍ പെട്ട സലമത് ഇബ്നു കുഹൈല്‍, ഹബീബ് ഇബ്നു അബീ സാബിത്ത് എന്നിവര്‍ ശഅ്ബാന്‍ മാസമായാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു: 'ഇത് ഖുര്‍ആന്‍ ഓതുന്നവരുടെ മാസമാണ്'.

താബിഈ പ്രമുഖനായ അംറ് ഇബ്നു കൈസ്,അല്‍മുലാഈ رَحِمَهما ٱللَّٰهُ ശഅ്ബാന്‍ മാസമായാല്‍ ഖുര്‍ആന്‍ പാരായണത്തിനായി ഒഴിഞ്ഞിരിക്കാറുണ്ടായിരുന്നു. (ലത്വാഇഫുല്‍ മആരിഫില്‍) ഇബ്നു റജബ് അല്‍ ഹന്‍ബലി ഉദ്ധരിക്കുന്നു.

ശഅ്ബാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുന്നതിന്‍റെ യുക്തിയായി പണ്ഡിതന്മാര്‍ പറയുന്നത് റമദാന്‍ മാസത്തിലേക്കുള്ള ഒരു പരിശീലനമാണെന്നതാണ്.

സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക  കവാടങ്ങള്‍ അടക്കപ്പെടുകയും, പിശാചുക്കള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന മാസമായ റമദാനില്‍ ഇബാദത്തുകളിലായി മുഴുകാന്‍ ഓരോ മുഅ്മിനും കൊതിക്കുമ്പോള്‍ , റമദാനിലെ പുണ്യങ്ങള്‍ നേടിയെടുക്കാന്‍ , പൂര്‍ണ്ണ ആരോഗ്യത്തോടെ അത് കരഗതമാക്കാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കണം.

സച്ചരിതരായ നമ്മുടെ മുന്‍ഗാമികള്‍ റമദാന്‍ ആഗതമാകുന്നതിന് ആറുമാസം മുന്‍പ് മുതല്‍ തന്നെ ആ റമദാനിലേക്ക് എത്തിപ്പെടാന്‍, തൗഫീഖ് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു എന്ന് മുഅല്ല ഇബ്നുല്‍ ഫളല്‍ رَحِمَهُ ٱللَّٰهُ പറഞ്ഞതായി .(ലത്വാഇഫുല്‍ മആരിഫില്‍) ഇബ്നു റജബ് അല്‍ ഹന്‍ബലി رَحِمَهُ ٱللَّٰهُ ഉദ്ധരിക്കുന്നു 

الله تعالى أعلم ..وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أجمعين

പങ്കിടുക: