ഹാജിമാരേ, നിങ്ങളുടെ ഹജ്ജ് കർമ്മം സ്വീകരിക്കപ്പെടണമെങ്കിൽ

Mohammed Shafeeque Madeena
April 19, 2026
953 കാഴ്ചകൾ
ഹാജിമാരേ, നിങ്ങളുടെ ഹജ്ജ് കർമ്മം സ്വീകരിക്കപ്പെടണമെങ്കിൽ

ഹാജിമാരേ, നിങ്ങളുടെ ഹജ്ജ് കർമ്മം സ്വീകരിക്കപ്പെടണമെങ്കിൽലിങ്ക് കോപ്പി ചെയ്തു!

✍🏻 മുഹമ്മദ് ശഫീഖ് (മദീന)

بسم الله الرحمن الرحيم

ആമുഖം

വിശ്രമമില്ലാത്ത നീണ്ട യാത്രയ്ക്ക് ശേഷം പുണ്യഭൂമിയായ മക്കയിൽ പ്രവേശിച്ച് കഅ്ബാലയം കാണുമ്പോൾ ഒരു ഹാജി അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. ചിലർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യുക എന്ന തൻ്റെ ചിരകാല അഭിലാഷമാണ് നിറവേറാൻ പോകുന്നത്, താൻ ചെറുപ്പം മുതൽ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച മുതൽക്കൂട്ട് കൊണ്ടുള്ള ചെലവേറിയ ഒരു പുണ്യകർമ്മം. തനിക്ക് അല്ലാഹു നൽകിയ സൗഭാഗ്യങ്ങളായ ആരോഗ്യവും സമ്പത്തും ഒത്തു വന്നപ്പോൾ, പലരും പല നിലക്കായിരിക്കും ഹജ്ജ് യാത്രക്ക് തിരിച്ചിട്ടുണ്ടാവുക;

  • ആത്മാർത്ഥമായി പുണ്യകർമ്മം ചെയ്യാൻ ആഗ്രഹിച്ചു വന്നവർ
  • മക്കളുടെ നിർബന്ധത്താൽ വന്നവർ
  • നാട്ടിലെ പ്രമുഖന്മാർ ഒക്കെ ചെയ്തു, എന്നാൽ ഞാനും ചെയ്തേക്കാം എന്ന് ചിന്തിച്ചവർ,... ഇങ്ങനെ പല നിലക്ക്.

എന്നാൽ പരിപൂർണമായും അല്ലാഹുവിൻ്റെ തൃപ്തിയും സ്വർഗ്ഗവും ആഗ്രഹിച്ചു വന്നവർക്ക് മംഗളം..! എല്ലാ കർമ്മങ്ങളും അല്ലാഹു സ്വീകരിക്കുന്നത് അത് ചെയ്യുന്നവരുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നബി ﷺ പറഞ്ഞു:

إنما الأعمال بالنيات

എല്ലാ അമലുകളും പരിഗണിക്കപ്പെടുന്നത് നിയ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് (ബുഖാരി,മുസ്‌ലിം)

വിശ്രമമില്ലാത്ത നീണ്ട യാത്രകൾക്ക് ശേഷം ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ തൻ്റെ ശരീരത്തിൽ നിന്നൊഴുകുന്ന വിയർപ്പും, തൻ്റെ അധ്വാനവും, താൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവുമെല്ലാം അന്തരീക്ഷത്തിൽ പറക്കുന്ന കേവലം ധൂളികളായി മാറാതിരിക്കാൻ;പാഴ് വേലയാവാതിരിക്കാൻ ചില കാര്യങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തുകയാണ്.

ഹജ്ജ് കർമ്മം അല്ലാഹുവും അവൻ്റെ റസൂൽ ﷺ യും പഠിപ്പിച്ചത് പോലെ നിർവഹിച്ചാൽ ലഭിക്കുന്ന പ്രതിഫലം കണക്കറ്റതാണ്..

അബൂഹുറൈയ്റ رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറയുകയുണ്ടായി: “അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് ചെയ്യുകയും, അതിനിടയിൽ അശ്ലീല വാക്കുകളിൽ നിന്നും അധർമ്മത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് നവജാത ശിശുവിനെപ്പോലെ പാപവിമുക്തനായിട്ടായിരിക്കും.“(ബുഖാരി:1521, മുസ്‌ലിം:1350)

ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തേതും ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ. അതിനുള്ള പ്രതിഫലമോ..?! അല്ലാഹു സ്വീകരിച്ചാൽ സന്തോഷത്തിന്റെയും സർവ്വ സുഖങ്ങളുടെയും സങ്കേതമായ കാലാകാലമുള്ള സ്വർഗ്ഗം.

മറ്റൊരു ഹദീസിൽ നബി ﷺ പറയുന്നത് നോക്കൂ: “മബ്റൂറായ ഹജ്ജിനുള്ള പ്രതിഫലം സ്വർഗ്ഗമല്ലാതെ മറ്റൊന്നുമല്ല.”(ബുഖാരി:1773, മുസ്‌ലിം:1349)

സുബ്ഹാനല്ലാഹ്..!

അറിവില്ലായ്മ കൊണ്ടും, അശ്രദ്ധ കൊണ്ടും ഈ പ്രതിഫലങ്ങൾ നാം നഷ്ടപ്പെടുത്തിക്കൂടാ. ഒരുപക്ഷേ ഇനിയൊരു ഹജ്ജിനുള്ള അവസരം കൂടി ലഭിക്കണമെന്നില്ല.

തദ്‌വിഷയത്തിൽ മസ്ജിദുന്നബവിയിലെ മുൻ അധ്യാപകനും മദീന ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഗൽഭ അധ്യാപകനുമായ ശൈഖ് സ്വാലിഹ് അസ്സിന്തി حفظه الله അദ്ദേഹത്തിൻ്റെ ലേഖനത്തിൽ പരാമർശിച്ച പ്രസക്തഭാഗങ്ങൾ താഴെ സൂചിപ്പിക്കാം...

തഖ്‌വ പ്രതിഫലിച്ച് കാണപ്പെടുന്ന ഇബാദത്തുകളിൽ ഒന്നാണ് ഹജ്ജ്.

{ لَن یَنَالَ ٱللَّهَ لُحُومُهَا وَلَا دِمَاۤؤُهَا وَلَـٰكِن یَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ }

അവയുടെ (ബലി മൃഗത്തിൻ്റെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ തഖ്‌വയാണ് അവങ്കല്‍ എത്തുന്നത്‌.(22:37)

എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം അബ്ദുർറഹ്‌മാൻ ബ്നു നാസ്വിർ അസ്സഅ്ദി رحمه الله വിശദീകരിക്കുന്നു:

“ഈ ആയത്തിൽ ബലികർമ്മത്തിൽ ഇഖ്‌ലാസ്വ് മുറുകെപ്പിടിക്കാനുള്ള അങ്ങേയറ്റത്തെ പ്രേരണയുണ്ട്. ഈ കർമ്മത്തിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ വജ്ഹ് കാണുക എന്നത് മാത്രമായിരിക്കണം. പൊങ്ങച്ചം നടിക്കുവാനോ, ജനങ്ങളെ കാണിക്കുവാനോ കേൾപ്പിക്കുവാനോ, കേവലം ഒരു സമ്പ്രദായമായോ ആവരുത്. ഇതുപോലെ തന്നെയാണ് മറ്റെല്ലാ ഇബാദത്തുകളും. ഇഖ്ലാസ്വും തഖ്‌വയും ഇല്ലാത്ത അമലുകൾ അകത്ത് പഴമില്ലാത്ത പഴത്തൊലി പോലെയും, ജീവനില്ലാത്ത ശരീരം പോലെയുമായിരിക്കും.”( تفسير السعدي)

ഒരു പ്രവർത്തി സ്വീകരിക്കപ്പെടാനുള്ള മാനദണ്ഡം ഇഖ്ലാസ്വും, അതോടൊപ്പം പ്രവാചകചര്യയുടെ അനുധാവനവും ചേർന്നതാണെന്നുള്ള തത്വം ധാരാളം ഖുർആൻ ആയത്തുകൾ കൊണ്ടും ഹദീസുകൾ കൊണ്ടും സ്ഥിരപ്പെട്ടതാണ്.

അല്ലാഹു പറയുന്നു:

{ إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ }

''തഖ്‌വയുള്ളവരില്‍ നിന്ന് മാത്രമെ അല്ലാഹു (അമലുകൾ) സ്വീകരിക്കുകയുള്ളൂ.''(5:27)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഈ ആയത്തിന്റെ തഫ്സീറിൽ ഏറ്റവും നല്ലതായി പറയപ്പെടുന്നത്: ഒരു പ്രവർത്തിയിൽ ഏതൊരുവൻ തഖ്‌വ പാലിച്ചുവോ അത് മാത്രമാണ് സ്വീകരിക്കപ്പെടുക എന്നതാണ്.

ഒരു അമലിൽ കാണിക്കേണ്ട തഖ്‌വ എന്നാൽ; ആ അമൽ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ച് മാത്രമായിരിക്കുകയും, അത് അവന്റെ കൽപ്പനയോട് യോജിച്ചതായിരിക്കുകയും ചെയ്യുക എന്നതത്രേ.“ مفتاح دار السعادة (١/٣٠٤)

ഇഖ്ലാസ്വ്, ഇത്തിബാഅ് എന്നീ രണ്ട് അടിസ്ഥാന കാര്യങ്ങളിലൂടെയാണ് രണ്ട് സത്യസാക്ഷ്യങ്ങൾ (ശഹാദത്തു കലിമകൾ) സാക്ഷാത്കരിക്കപ്പെടുന്നത്. അതായത് ഇബാദത്തിന് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, നബി ﷺ കാണിച്ചു തന്നത് പോലെ അല്ലാതെ അല്ലാഹുവിനുള്ള ആരാധനാ കർമ്മങ്ങൾ നിർവഹിച്ചു കൂടാ എന്നീ രണ്ട് സാക്ഷ്യമൊഴികൾ. ഇതിലാണ് എല്ലാ സൗഭാഗ്യങ്ങളും അടങ്ങിയിരിക്കുന്നത്.

ഇഖ്ലാസ്വ്; അതാണല്ലോ ഈ ഉൽബോധനത്തിന്റെ അടിസ്ഥാന വിഷയം. ഇഖ്ലാസ്വ് എന്നാൽ ആരാധനാ കർമ്മങ്ങൾ അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യുക. അഥവാ വലിയ ശിർക്കിൽ നിന്നും, ചെറിയ ശിർക്കിൽ നിന്നും അത് മുക്തമാവുക എന്നതാണ്.

[ അടിക്കുറിപ്പ്: വലിയ ശിർക്ക് എന്നാൽ പ്രാർത്ഥനാ, സഹായം തേടൽ, നേർച്ച, ബലി, നിസ്കാരം, നോമ്പ് പോലെയുള്ള ഇബാദത്തുകൾ അല്ലാഹു അല്ലാത്തവർക്ക് അർപ്പിക്കുക എന്നതാണ്. ]

അപ്പോൾ സഹോദരങ്ങളെ.., ആലോചിച്ചു നോക്കൂ.. മഹത്തായ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് മുന്നോടിയായി വ്യത്യസ്ത ജാറങ്ങൾ സന്ദർശിച്ച് അവിടെ നേർച്ചകളും മറ്റും നിർവഹിച്ച് കൊണ്ടാണ് ഹജ്ജിന് പുറപ്പെടുന്നതെങ്കിൽ ഈ ഹജ്ജ് കർമ്മം അല്ലാഹു നിങ്ങളിൽ നിന്ന് സ്വീകരിക്കാൻ എന്ത് സാധ്യതയാണുള്ളത്..!

ചെറിയ ശിർക്ക് എന്നാൽ : അല്ലാഹുവിനു വേണ്ടി ചെയ്യുന്ന ഇബാദത്തുകൾ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യലാണ്. ഉദാഹരണത്തിന്, ‘ഞാനൊരു ഹാജിയാണെന്ന് നാലാളുകൾ അറിയട്ടെ’ എന്ന നിലക്ക് ഹജ്ജിന്റെ കർമ്മങ്ങൾ ജനങ്ങളെ കാണിക്കാൻ വേണ്ടി ചെയ്യുക.

കർമ്മങ്ങൾക്കിടയിലും ശേഷവും താൻ ചെയ്യുന്ന ഓരോ കർമ്മങ്ങളും ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസായും അല്ലാതെയും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഹാജിമാർക്ക് എങ്ങനെയാണ് ഈ ചെറിയ ശിർക്കിൽ നിന്ന് മുക്തരാവാൻ സാധിക്കുക..?! ]

ഇഖ്ലാസ്വ്, ഇത്തിബാഅ് ഇതിൽ ഒന്ന് നഷ്ടപ്പെടുന്നതിലൂടെ തന്നെ ഇബാദത്തിന്റെ പ്രതിഫലം നഷ്ടപ്പെട്ടു പോവുകയും, അല്ലാഹു ആ കർമം സ്വീകരിക്കാതെ പോവുകയും ചെയ്യും.

നബി ﷺ പറഞ്ഞു: “അല്ലാഹുവിന് വേണ്ടി മാത്രമായതും, അവന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചുകൊണ്ടുള്ളതുമായ ഇബാദത്ത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ”(നസാഈ:3140)

മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു: “സഹായവും, ഉയർച്ചയും, ഭൂമിയിൽ ആധിപത്യവും ലഭിക്കപ്പെടുമെന്ന സന്തോഷവാർത്ത ഈ ഉമ്മത്തിനെ അറിയിക്കുക. അവരിൽ ആരെങ്കിലും പരലോകത്തിന് വേണ്ടിയുള്ള പ്രവർത്തി ദുനിയാവിന് വേണ്ടി ചെയ്താൽ, അതിൻ്റെ യാതൊരു പ്രതിഫലവും പരലോകത്ത് അവന് ലഭിക്കുകയില്ല”(സ്വഹീഹ് ഇബ്നു ഹിബ്ബാൻ:2/132)

തീർച്ചയായും ഹജ്ജിന്റെ മുഖ്യഘടകമാണ് ഇഖ്ലാസ്വ് എന്നുള്ളത്. ‘ഞാൻ നിൻ്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു, നിനക്ക് യാതൊരു പങ്കാളിയുമില്ല, ഞാൻ നിന്നിൽ ഒന്നിനെയും പങ്കു ചേർക്കുകയില്ല’ എന്ന അർത്ഥം വരുന്ന (ലബ്ബൈകല്ലാഹുമ്മ ലബ്ബൈക് ലബ്ബൈക ലാ ശരീക ലക ലബ്ബൈക) എന്ന തൽബിയത്ത് ഉച്ചരിക്കാതെ ഒരു ഹാജിയും അവൻ്റെ ഹജ്ജ് കർമ്മം ആരംഭിക്കുന്നില്ല.

എന്നാൽ, ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ നമുക്ക് കാണാം; ശരിയായ ഹജ്ജ് നിർവഹിക്കുന്നവർ കുറവും, എന്നാൽ ഹജ്ജിലേക്കുള്ള യാത്രക്കാർ വളരെ കൂടുതലുമാണ് എന്ന യാഥാർഥ്യം.

ഹജ്ജ് നിർവഹണം കൊണ്ട് ക്ഷീണവും തളർച്ചയും അല്ലാതെ മറ്റൊരു ഫലവും ലഭിക്കാത്ത അവസ്ഥ വരരുത് എന്ന് ആഗ്രഹിക്കുന്നവർ തങ്ങളുടെ നിയ്യത്ത് (ഉദ്ദേശ്യം) ശരിയാക്കിക്കൊള്ളുകയും, ഇഖ്ലാസ്വിനെ പൊളിച്ചു കളയുകയും ഭംഗം വരുത്തുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും സൂക്ഷിക്കുകയും ചെയ്യട്ടെ. അതിന് ഭംഗം വരുത്തുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്:

  1. രിയാഅ് (رياء): മറ്റുള്ളവരെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുക.
  2. ദുനിയാവിന്റെ നേട്ടങ്ങൾക്ക് വേണ്ടി നിർവഹിക്കുക. (മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് ചെയ്യുമ്പോൾ കിട്ടുന്ന പണം ആഗ്രഹിച്ചു ഹജ്ജ് നിർവഹിക്കുന്നതു പോലെയുള്ള കാര്യങ്ങൾ)

മറ്റുള്ളവർ കാണാൻ വേണ്ടി അമലുകൾ ചെയ്യുന്നതിനെ താക്കീത് ചെയ്തു കൊണ്ട് ധാരാളം ഹദീസുകൾ വന്നതായി കാണാം.

നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിർക്കിനെയാണ്. അപ്പോൾ സ്വഹാബികൾ ചോദിച്ചു: എന്താണ് റസൂലേ ചെറിയ ശിർക്ക്..? റസൂൽ ﷺ പറഞ്ഞു: രിയാഅ്. പരലോകത്ത് ജനങ്ങൾക്കെല്ലാം അവരുടെ അമലുകൾക്കുള്ള പ്രതിഫലം നൽകപ്പെട്ടു കഴിഞ്ഞാൽ അത്തരക്കാരോട് പറയപ്പെടും: ദുനിയാവിൽ നിങ്ങൾ ആരെ കാണിക്കാൻ വേണ്ടിയാണോ അമലുകൾ ചെയ്തത് അവരുടെ അടുക്കൽ പോവുകയും എന്നിട്ട് അവരുടെ അടുക്കൽ നിന്ന് എന്തെങ്കിലും പ്രതിഫലം ലഭിക്കുമോ എന്ന് കാത്തിരിക്കുകയും ചെയ്യൂ”(അഹ്‌മദ്:23630)

മറ്റൊരിക്കൽ നബി ﷺ സ്വഹാബികളോട് ചോദിച്ചു: “മസീഹുദ്ദജ്ജാലിൻ്റെ ഫിത്‌നയെക്കാൾ നിങ്ങളിൽ ഞാൻ ഭയപ്പെടുന്ന ഒന്നിനെ കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ..? അതെ എന്നവർ പറഞ്ഞു. നബി ﷺ പറഞ്ഞു: ഗോപ്യമായ ശിർക്കാണ് അത്.അഥവാ, നിസ്കരിച്ചു കൊണ്ടിരിക്കുന്നവൻ തന്നെ ഒരാൾ വീക്ഷിക്കുന്നു എന്ന കാരണത്താൽ അവൻ്റെ നിസ്കാരത്തെ ഭംഗി കൂട്ടലാകുന്നു അത്.”(ഇബ്നു മാജ:4204)

ചിലർ ഹജ്ജ് നിർവ്വഹിക്കുന്നത് ഭക്തിയേക്കാളുപരി അത് മറ്റുള്ളവരെ കാണിക്കാനോ തന്റെ ഹജ്ജിന്റെ എണ്ണത്തിൽ പെരുമ നടിക്കാനോ വേണ്ടിയാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയാൽ 'ഹാജി' എന്ന് വിളിക്കപ്പെടാനും സമൂഹത്തിൽ പ്രത്യേക പദവി ലഭിക്കാനും അവർ ആഗ്രഹിക്കുന്നു. ഹജ്ജിന്റെ പുണ്യത്തേക്കാൾ ഇത്തരം ലൗകികമായ നേട്ടങ്ങൾക്കും പുകഴ്ത്തലുകൾക്കുമാണ് അവർ മുൻഗണന നൽകുന്നത്.

ഒരു ഖുദുസിയായ ഹദീസിൽ ഇപ്രകാരം കാണാം: “ഉന്നതനും അനുഗ്രഹ പൂർണ്ണനുമായ അല്ലാഹു പറഞ്ഞു: പങ്കു ചേർക്കപ്പെടുന്നവരുടെ കൂട്ടത്തിൽ പങ്കാളിത്തം ഒട്ടും ആവശ്യമില്ലാത്തവനാണ് ഞാൻ. ആരെങ്കിലും എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്കു ചേർത്തിക്കൊണ്ട് വല്ല അമലും ചെയ്താൽ അവനെയും അവന്റെ ശിർക്കിനേയും ഞാൻ ഉപേക്ഷിക്കും.”(മുസ്‌ലിം:2985)

എല്ലാ അമലുകളിലും എന്നപോലെ ഹജ്ജിലും പരിപൂർണ്ണമായ ഇഖ്ലാസ്വോട് കൂടിയും നബി ﷺ യുടെ മാതൃക പൂർണമായും പിൻപറ്റിയും അമലുകൾ നിർവഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ

والله تعالى أعلم وصلى الله على نبينا محمد وعلى آله وصحبه وسلم

•┈┈┈┈•✿❁✿•┈┈┈┈•

പങ്കിടുക: