شروط صحة الصيامലിങ്ക് കോപ്പി ചെയ്തു!
നോമ്പ് സ്വീകാര്യയോഗ്യമാകാനുള്ള നിബന്ധനലിങ്ക് കോപ്പി ചെയ്തു!
بسم الله الرحمن الرحيم
നോമ്പ് നിർബന്ധമാകാനുള്ള ശർത്തുകളോടൊപ്പം അത് സ്വഹീഹ് ആവാനുള്ള ശർത്തുകളും ഫുക്കഹാക്കൾ വിശദീകരിക്കാറുണ്ട്. അവ വളരെ ചുരുക്കത്തിൽ നമുക്ക് മനസ്സിലാക്കാം.
നോമ്പ് ( സ്വഹീഹ് ) സ്വീകാര്യയോഗ്യമാകണമെങ്കിൽ താഴെപ്പറയുന്ന നിബന്ധനകൾ അനിവാര്യമാണ് . ഇതിൽ ഏതെങ്കിലും ഒരു നിബന്ധന ഒഴിവായാൽ അവന്റെ നോമ്പ് സ്വഹീഹാവുകയില്ല.
മുസ്ലിമാവുക, ബുദ്ധി ഉണ്ടാവുക, നിയ്യത്ത് ഉണ്ടാവുക, വകതിരിവിന്റെ പ്രായം എത്തുക, സ്ത്രീകൾ ഹയ്ദ് നിഫാസ് എന്നിവയിൽ നിന്ന് ശുദ്ധിയായിരിക്കുക എന്നിവയാണത്.
നോമ്പ് സ്വഹീഹ് ആവാനുള്ള ശർത്തുകൾ ( നിബന്ധനകൾ ) ഒന്ന് വിശദീകരിച്ച് മനസ്സിലാക്കാം.
1. ഒന്ന് : മുസ്ലിമാവുക. :
മുസ്ലിമല്ലാത്തവൻ നോമ്പെടുത്താൽ ആ നോമ്പ് സ്വഹീഹ് ആവുകയില്ല . അവനിൽ
നിന്ന് സ്വീകരിക്കപ്പെടുകയില്ല.
2. രണ്ട് : ബുദ്ധി ഉണ്ടാവുക:
സ്വബോധമില്ലാത്തവന്റെ ( ഭ്രാന്തൻ, ബുദ്ധിപൂർണ്ണമായി നഷ്ടപ്പെട്ടവർ,....) നോമ്പ് സ്വഹീഹ് ആവുകയില്ല , സ്വീകരിക്കപ്പെടുകയുമില്ല.
3. മൂന്ന് : നിയ്യത്ത് ഉണ്ടാവുക.
إِنَّمَا الْأَعْمَالُ بِالنِّيَّةِ، وَإِنَّمَا لِامْرِئٍ مَا نَوَى..... ( الحديث )
നബി ﷺ പറഞ്ഞു എല്ലാ അമലുകളും പരിഗണിക്കപ്പെടുന്നത് നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്....ഏതൊരാൾക്കും അവൻ ഉദ്ദേശിച്ചതേ കരസ്ഥമാകുകയുള്ളൂ. (ബുഖാരി, മുസ്ലിം)
4.നാല് : വകതിരിവിന്റെ പ്രായം എത്തുക
നോമ്പ് സ്വഹീഹ് ആവാൻ വകതിരിവിന്റെപ്രായം എത്തണം . എല്ലാ അമലകളും
പരിഗണിക്കപ്പെടുന്നത് നിയ്യത്തിന് അടിസ്ഥാനത്തിലാണ്.വകതിരിവിന്റെ പ്രായം എത്താത്തവന്,നിയ്യത്ത് ഗ്രഹിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാവില്ല.
5. അഞ്ച് : സ്ത്രീകൾ ഹയ്ദ്, നിഫാസ് എന്നിവയിൽ നിന്ന് ശുദ്ധിയായിരിക്കുക
നോമ്പ് ( സ്വഹീഹ് ) ശരിയാകാനുള്ള നിബന്ധനയിൽ സ്ത്രീകൾക്ക് മാത്രമായ ശർത്താണ് –ഹയ്ദ് നിഫാസിൽ നിന്ന് ശുദ്ധിയായിരിക്കുക എന്നത്, അത് ഫജറിന് മുൻപ് രാത്രിയുടെ അവസാന നിമിഷത്തിൽ ഒരു സെക്കൻഡ് മുൻപ് ആണെങ്കിലും ശരി ; ശുദ്ധിയുടെ അടയാളം ഉറപ്പായാൽ മതി (ഫജ്റിന് മുൻപ് ശുദ്ധിയുടെ കുളി കുളിച്ചില്ലെങ്കിലും) നോമ്പ് ശരിയാകുന്നതാണ്.
അബൂ സഈദ് അൽഖുദ്രി رضي الله عنه രിവായത്ത് ചെയ്യുന്ന ഹദീസിൻറെ അവസാന ഭാഗത്ത് സ്ത്രീകളുടെ ദീനിനുള്ള കുറവ് എന്താണെന്ന് ചോദിച്ചപ്പോൾ നബി ﷺ പറഞ്ഞതായി കാണാം:
........أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ وَلَمْ تَصُمْ. قُلْنَ: بلى، قال: 'فذلك من نقصان دينها'- صحيح البخاري (116/1 البغا)
സ്ത്രീകൾ ആർത്തവ, പ്രസവ സമയങ്ങളിൽ നിസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുക പാടില്ലല്ലോ. അതാണ് അവളുടെ ദീനിലുള്ള കുറവ് (ബുഖാരി)
മറ്റൊരു ഹദീസിൽ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റ് വീട്ടുന്നതിനെ കുറിച്ച് ആഇശ رضي الله عنها യോട് ഒരു സ്ത്രീ ചോദിച്ചപ്പോൾ അവർ പറഞ്ഞതായി കാണാം:
……قَالَتْ: كَانَ يُصِيبُنَا ذَلِكَ، فَنُؤْمَرُ بِقَضَاءِ الصَّوْمِ، وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ - صحيح مسلم (335 )
ഞങ്ങൾക്ക് ആർത്തവം ഉണ്ടാവാറുണ്ടായിരുന്നു. അപ്പോൾ ആർത്തവ കാലത്തുള്ള നോമ്പ് നോറ്റ് വീട്ടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ നിസ്കാരം പിന്നീട് നിർവ്വഹിക്കാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നില്ല. (ബുഖാരി, മുസ്ലിം).
******************
الله تعالى أعلم ..وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أجمعين
