റമദാൻ മാസം വിടപറയുമ്പോൾ

Mohammed Shafeeque Madeena
March 21, 2026
134 കാഴ്ചകൾ
റമദാൻ മാസം വിടപറയുമ്പോൾ

وداع رمضانലിങ്ക് കോപ്പി ചെയ്തു!

റമദാൻ മാസം വിടപറയുമ്പോൾലിങ്ക് കോപ്പി ചെയ്തു!

بسم الله الرحمن الرحيم

സൗഭാഗ്യങ്ങളും മുതൽക്കൂട്ടുകളും മരണം വരെ നിലനിർത്തുക എന്നത് വിവേകികളുടെ വിശേഷണമായിരിക്കെ എങ്ങനെയാണ് ഒരു മുസ്ലിം താൻ റമദ്വാനിൽ നേടിയ ആത്മീയ ചൈതന്യം നഷ്ടപ്പെടുത്തുക. തീർച്ചയായും റമദ്വാനിൽ ഒരുവൻ പരിശീലിച്ച ഇബാദത്തുകൾ മരണം വരെ നിലനിർത്താനാണ് പരിശ്രമിക്കേണ്ടത്.

സ്വർഗ്ഗ വാതിലുകൾ തുറക്കപ്പെട്ട, നരക കവാടങ്ങൾ അടക്കപ്പെട്ട, പിശാചുക്കൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ട, ധാരാളം അടിമകളെ അല്ലാഹു നരക മോചിതരാക്കും എന്ന് വാഗ്ദാനം ചെയ്യപ്പെട്ട, സൽകർമങ്ങൾക്ക് ധാരാളം ഇരട്ടിയായി പ്രതിഫലം നൽകപ്പെടും എന്ന് നബി ﷺ പഠിപ്പിച്ച സൽകർമങ്ങളുടെ വസന്തകാലമായ പുണ്യറമദ്വാൻ നമ്മിൽ നിന്ന് വിട പറയുമ്പോൾ റമദ്വാനിലെ ദിനരാത്രങ്ങളിൽ നിർവഹിച്ച കർമങ്ങളെ കുറിച്ചുള്ള ഒരു ആത്മ പരിശോധനയ്ക്കും, വന്ന വീഴ്ചകളിൽ റബ്ബിലേക്ക് ഖേദിച്ചു മടങ്ങാനും, തഖ്വയിൽ അധിഷ്ഠിതമായി മരണംവരെ ജീവിക്കാനും ഉതകുന്ന ചില പണ്ഡിത ഉപദേശങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

( عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ .... وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ .... ) (الترمذي صحح الألباني)

അബൂഹുറൈറ رضي الله عنه നിവേദനം . നബി ﷺ പറഞ്ഞു : “…റമദാൻ മാസം ആഗതമാവുകയും, തൻറെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനു മുമ്പ് ആ മാസം അവസാനിക്കുകയും ചെയ്ത ഒരുവൻറെ മൂക്ക് മണ്ണിൽ പതിയട്ടെ (അഥവാ അവൻ നിന്ദ്യനാകട്ടെ).”

ഈ റമദ്വാനിൽ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടുന്ന രീതിയിൽ നാം അല്ലാഹുവിലേക്ക് അടുത്തിട്ടുണ്ടോ? ഇല്ല എങ്കിൽ പസ്തുത ഹദീസിൻറെ പരിധിയിൽ നമ്മൾ പെട്ടുപോകുമോ എന്ന് നാം ഭയപ്പെടണം.

 ഇനി ആരെങ്കിലും ആ ദിനരാതങ്ങളിൽ ആത്മാർത്ഥമായി പാപമോചനം തേടിയും, ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുള്ള രാത്രികളിൽ ഉറക്കമൊഴിച്ച് ഇബാദത്തുകൾ നിർവഹിച്ചും, മറ്റു പുണ്യകർമങ്ങൾ അധികരിപ്പിച്ചും അല്ലാഹുവിലേക്ക് അടുത്തിട്ടുണ്ടെങ്കിൽ അവൻ സന്തോഷിച്ചു കൊള്ളട്ടെ. സലഫുകൾ പറഞ്ഞതു പോലെ നന്മക്കുള്ള പതിഫലം ഒരു നന്മയ്ക്കു ശേഷം മറ്റൊരു നന്മ തുടർന്ന് ചെയ്യാൻ സാധിക്കുക എന്നതാണ്.

അല്ലാഹു പറയുന്നു:

{وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى }

“ സൻമാർഗം സ്വീകരിച്ചവർക്ക് അല്ലാഹു സൻമാർഗനിഷ്ഠ വർദ്ധിപ്പിച്ച് കൊടുക്കുന്നതാണ് ” (മർയം :76 )

وقوله:{وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ} 

“ സൻമാർഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവർക്ക് കൂടുതൽ മാർഗദർശനം നൽകുകയും, അവർക്ക് വേണ്ടതായ സൂക്ഷ്മത അവർക്കു നൽകുകയും ചെയ്യുന്നതാണ്. ” ( മുഹമ്മദ് : 17 ).

  നമ്മുടെ അമലുകൾ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പണ്ഡിതന്മാർ ചില സൂചനകൾ നൽകുന്നുണ്ട്. മസ്ജിദുന്നബവിയിലെ പ്രശസ്ത പണ്ഡിതൻ സുലൈമാൻ അറുഹൈലി حفظه الله വിവരിക്കുന്നു: 

    ‘ഇബാദത്തുകളുടെ വസന്തകാലം കഴിഞ്ഞാൽ ഒരു സത്യവിശ്വാസിക്ക് മൂന്ന് ഗുണങ്ങൾ സംഗമിക്കണം. ഇബാദത്തുകളിൽ വന്ന വീഴ്ചകൾ പരിഹരിക്കാൻ അല്ലാഹുവിനോട് പാപമോചനം തേടുക, തനിക്ക് ഇബാദത്തുകൾ ചെയ്യാൻ ലഭിച്ച സൗഭാഗ്യത്തിന് നന്ദി കാണിക്കുക, ചെയ്ത സൽകർമങ്ങൾ സ്വീകരിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവയാണത്.

1. ഒന്നാമത്തേത്: പാപമോചനം തേടുക.

ഒരു മുഅ്മിൻ എത്ര തന്നെ ഇബാദത്തുകൾ ചെയ്താലും അല്ലാഹു അവനു നൽകിയ അനുഗ്രഹങ്ങൾക്ക് പകരമാവുകയില്ല. മാത്രമല്ല താൻ ചെയ്ത അമലുകളിൽ ധാരാളം പോരായ്മകളും കുറവുകളും ഉണ്ടാവുക തന്നെ ചെയ്യും. ഇവ പരിഹരിക്കാൻ നിരന്തരം തൻറെ റബ്ബിനോട് അവൻ ഇസ്തിഗ്ഫാർ തേടണം. നിസ്കാരത്തിനു ശേഷവും, ഹജ്ജ് കർമത്തിന് ശേഷവും ഇസ്തിഗ്ഫാർ ചെയ്യുവാൻ ഇസ്ലാം പഠിപ്പിക്കുന്നു.

2. രണ്ടാമത്തേത്: ശുക്റ് ചെയ്യുക.

അല്ലാഹുവിൽ നിന്നുള്ള തൗഫീഖും സഹായവും ലഭിച്ചില്ലായിരുന്നുവെങ്കിൽ അവൻ സന്മാർഗം ലഭിച്ചവരുടെ കൂട്ടത്തിൽ പെടുമായിരുന്നില്ല, സൽകർമങ്ങൾ ചെയ്യാൻ അവനു തൗഫീഖ് ലഭിക്കുമായിരുന്നില്ല. എല്ലാ നന്മകളും അല്ലാഹുവിൽ നിന്നാണ്. അതിനാൽ ഹൃദയം കൊണ്ടും നാവ് കൊണ്ടും ശരീരം കൊണ്ടും അവൻ അല്ലാഹുവിനെ ശുക്ർ ചെയ്യണം(നന്ദി കാണിക്കണം).

3. മൂന്നാമത്തേത്: താൻ ചെയ്ത സൽകർമങ്ങൾ സ്വീകരിക്കുവാൻ അല്ലാഹുവിനോട് നിരന്തരം ദുആ ചെയ്യുക എന്നതാണ്.

നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന് നാം ഭയപ്പെടണം.

    ആഇശ رضي الله عنها പറഞ്ഞു: ഒരിക്കൽ ഞാൻ നബി ﷺ യോട് ഈ ആയത്തിനെ കുറിച്ച് ചോദിക്കുകയുണ്ടായി: 

أَنَّ عَائِشَةَ, زَوْجَ النَّبِيِّ صَلى الله عَليه وسَلم قَالَتْ: سَأَلْتُ رَسُولَ اللهِ صَلى الله عَليه وسَلم عَنْ هَذِهِ الآيَةِ: وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ} قَالَتْ عَائِشَةُ: أَهُمُ الَّذِينَ يَشْرَبُونَ الخَمْرَ وَيَسْرِقُونَ؟ قَالَ: لاَ يَا بِنْتَ الصِّدِّيقِ, وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ, وَهُمْ يَخَافُونَ أَنْ لاَ تُقْبَلَ مِنْهُمْ؛ أُولَئِكَ الَّذِينَ يُسَارِعُونَ فِي الخَيْرَاتِ. 

ആഇശ رضي الله عنها പറഞ്ഞു : ഞാൻ നബി ﷺയോട് ‘റബ്ബിങ്കലേക്ക് തങ്ങൾ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങളിൽ ഭയമുള്ളതോടു കൂടി ദാനധർമ്മങ്ങൾ നിർവ്വഹിക്കുന്നവരാരോ’ ...എന്ന ആയത്തിനെ കുറിച്ചു ഇപ്രകാരം ചോദിച്ചു: ‘ഹൃദയങ്ങളിൽ ഭയമുള്ളതോടുകൂടി എന്നു പറഞ്ഞകൂട്ടർ മദ്യപാനികളും മോഷ്ടാക്കളുമാണോ?’ അപ്പോൾ നബി ﷺ പറഞ്ഞു: “അല്ല . മറിച്ച് നോമ്പു നോൽക്കുന്നവരും നിസ്കരിക്കുന്നവരും ദാനധർമ്മങ്ങൾ നിർവ്വഹിക്കുന്നവരുമണവർ. ഏന്നാൽ ആ പുണ്യകർമ്മങ്ങൾ ചെയ്യുന്നതോടൊപ്പം അവരിൽനിന്ന് അത് സ്വീകരിക്കുമോ ഇല്ലയോ എന്ന് ഭയപ്പെടുന്നവരാണവർ. അക്കൂട്ടരാണ് നന്മകളിലേക്ക് മുന്നേറുന്നവർ. ”

തുടർന്ന് ശൈഖ് സുലൈമാൻ അർറുഹൈലി حفظه الله വിവരിക്കുന്നു:

'ഇബാദത്തുകൾ വർദ്ധിക്കുന്നതിനനുസരിച്ച് അവൻറെ ഈമാനും വർദ്ധിക്കുന്നതാണ്. ഒരു നന്മക്കുള്ള പ്രതിഫലം  തുടർന്ന് മറ്റൊരു നന്മ ചെയ്യാൻ സാധിക്കുക എന്നതാണ്. അമലുകൾ അല്ലാഹു സ്വീകരിച്ചു എന്നതിനുള്ള അടയാളം അവന് സൽകർമങ്ങൾ ചെയ്യുവാനും അതിലേക്ക് മുന്നിടുവാനുമുള്ള ഹൃദയ വിശാലത ഉണ്ടാവുക എന്നതാണ്.   അതിനാൽ അല്ലാഹുവിൻറെ അടിമകളേ, നന്മകൾ വർദ്ധിപ്പിച്ചും അത് നിലനിർത്തിയും മരണം വന്നെത്തുന്നത് വരെ ഇബാദത്തുകളിൽ മുന്നേറുക. കച്ചവടങ്ങളിൽ ഏറ്റവും ലാഭകരവും എന്നെന്നും അവശേഷിക്കുന്നതും അല്ലാഹുവുമായുള്ള കച്ചവടമാണ്. സൽകർമങ്ങൾ വഴി ലഭിച്ച ആ ലാഭം (അഥവാ പ്രതിഫലങ്ങൾ) നഷ്ടപ്പെട്ടു പോകാതെ  സൂക്ഷിക്കാൻ, പരലോകത്ത് പാപ്പരാവാതിരിക്കാൻ നബി ﷺ നമ്മെ ഉണർത്തുന്നു.

عَنْ ‌أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: أَتَدْرُونَ مَا ‌الْمُفْلِسُ؟ قَالُوا: ‌الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ، وَلَا مَتَاعَ فَقَالَ: إِنَّ ‌الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ، وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ .  

അബൂഹുറയ്റ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: “ഒരിക്കൽ നബി ﷺ സഹാബാക്കളോട് ചോദിച്ചു മുഫ്ലിസ്(പാപ്പരായവൻ) ആരാണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു:  "ഞങ്ങളിലെ പാപ്പരായവൻ ദിർഹമും വിഭവങ്ങളുമില്ലാത്തവനാണ്.' അപ്പോൾ നബി ﷺ പറഞ്ഞു: എൻറെ സമുദായത്തിലെ പാപ്പരായവൻ അന്ത്യദിനത്തിൽ നമസ്കാരവും നോമ്പും സക്കാത്തുമായി വരുന്നവനാണ്. അവൻ ഒരുവനെ ചീത്ത പറയുകയും, ഒരുവൻറെ മേൽ വ്യഭിചാരമാരോപിക്കുകയും, ഒരുവൻറെ ധനം (അന്യായമായി )ഭക്ഷിക്കുകയും, ഒരുവൻറെ രക്തം ചീന്തുകയും, ഒരുവനെ അടിക്കുകയും ചെയ്തു കൊണ്ടാണ് അവിടെ വന്നത്.അങ്ങനെ അവൻറെ നന്മയിൽ നിന്ന് ഇവനും മറ്റവനുമെല്ലാം നൽകും.ഇനി അവൻറെ മേൽ ബാധ്യതയുള്ളത് വീട്ടുന്നതിന് മുമ്പ് അവൻറെ നന്മ തീർന്നു പോയാൽ ഇവരുടെ പാപങ്ങൾ അവൻറെ മേൽ വെച്ചുകൊടുക്കും.  പിന്നീട് അവനെ നരകത്തിലെറിയും.” ’ 

മസ്ജിദുന്നബവിയിലെ പ്രശസ്ത പണ്ഡിതൻ ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ حفظه الله വിവരിക്കുന്നു:

  “തീർച്ചയായും ഓരോ സത്യവിശ്വാസിയും റമദ്വാനിലെ പകലിൽ നോമ്പെടുത്തതും, രാത്രിയിൽ നിന്ന് നിസ്കരിച്ചതും അല്ലാഹു സ്വീകരിക്കുന്ന അമലാകണം അവ എന്ന ആഗ്രഹത്തിലായിരിക്കും . നന്മകളും ഇബാദത്തുകളും ഇസ്തിഖാമത്തും റമദ്വാനിനു മുന്നേയുള്ള ദിനങ്ങളേക്കാൾ കൂടുതലായി അതിനു ശേഷമുള്ള ദിവസങ്ങളിൽ അവനിൽ കാണുക എന്നത് അവൻറെ അമലുകൾ സ്വീകരിച്ചതിൻറെ അടയാളങ്ങളിൽപെട്ടതാണ്. ഫർദ്വ് നിസ്കാരം കൃത്യമായി നിർവ്വഹിക്കുക, പുരുഷന്മാർ അവ ജമാഅത്തായി പള്ളിയിൽ വെച്ച് നിർവ്വഹിക്കുക, നന്മകളോട് ഇഷ്ടം തോന്നുകയും അവ പ്രവർത്തിക്കുകയും ചെയ്യുക, തിന്മകളോട് വെറുപ്പ് ഉണ്ടാവുകയും അതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുക എന്നതൊക്കെ അതിൽ പെട്ടതാണ്.

റമദ്വാനിന് ശേഷം ഒരുവൻറെ അവസ്ഥ അതിനു മുന്നേയുള്ളതുപോലെയോ അല്ലെങ്കിൽ അതിനേക്കാൾ മോശമോ ആണെങ്കിൽ , നിർബന്ധ കർമങ്ങൾ നഷ്ടപ്പെടുത്തിയും,  അലസതയോടു കൂടി അവ നിർവഹിച്ചും, ഹറാമുകളിൽ മുങ്ങിക്കുളിച്ചുമാണെങ്കിൽ തീർച്ചയായും അവൻ വഴികേടിലായിരിക്കും. സ്വന്തം ജീവിതത്തെ മാറ്റം വരുത്താൻ റമദ്വാനെന്ന സുവർണ്ണാവസരം ലഭിച്ചിട്ടും വേണ്ടതുപോലെ ഉപയോഗപ്പെടുത്താത്തവനാണവൻ. സൗഭാഗ്യം നഷ്ടപ്പെട്ടതിൻറെ അടയാളങ്ങളാണത്.

ഇബാദത്തുകളിൽ കഠിന പരിശ്രമം നിർവ്വഹിക്കാനും, സൽകർമങ്ങളിൽ മത്സരിക്കാനും പരിശീലിച്ച ഒരു വസന്തകാലമായിരുന്നു കഴിഞ്ഞ റമദ്വാൻ മാസം. റമദ്വാൻ മാസം കഴിയുന്നതോടെ അല്ലാഹുവിനെയോ അവൻ നിയമമാക്കിയ  ഇബാദത്തിനെയോ പരിചയമില്ലാത്തവനെ പോലെ അമലുകളെല്ലാം അവസാനിപ്പിക്കുന്ന ഒരു മുസ്ലിം എത്ര മോശക്കാരനാണ്..!

ഇക്കൂട്ടരോട് ചോദിക്കാനുള്ളത് :

  • നീ ഇബാദത്ത് ചെയ്യുകയും, അനുസരിക്കുകയും, പ്രതീക്ഷ അർപ്പിക്കുകയും, ഭയപ്പെടുകയും ചെയ്തിരുന്ന ഒരു റബ്ബ് നിനക്കുണ്ടെന്ന് റമദ്വാനിൽ മനസ്സിലാക്കിയവനേ നിനക്ക് എങ്ങനെയാണ് ആ മാസം തീരുമ്പോഴേക്കും ആ റബ്ബിനെ മറക്കാൻ സാധിച്ചത്..?!
  • അഞ്ചുനേര നിസ്കാരം നിർബന്ധമാണെന്ന് മനസ്സിലാക്കുകയും, റമദ്വാനിൽ അത് നിർവ്വഹിക്കുകയും ചെയ്തവനേ അതിനുശേഷം നിനക്കെങ്ങനെയാണ് ആ നിർബന്ധ നിസ്കാരങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നത്..?!
  • സ്വർഗ്ഗവും അതിലുള്ള അനുഗ്രഹങ്ങളും, നരകവും അതിലുള്ള ശിക്ഷകളും മനസ്സിലാക്കിയവനേ എങ്ങനെയാണ് നിനക്ക് ആ മാസം അവസാനിക്കുമ്പോഴേക്കും സ്വർഗ്ഗ നരകങ്ങളെ കുറിച്ച് അശ്ര ദ്ധനാവാൻ സാധിക്കുന്നത്..?!

    റമദ്വാനിൽ മാത്രം അല്ലാഹുവിനെ അറിയുകയും അവനെ ഭയപ്പെടുകയും ചെയ്യുന്നവൻറെ കാര്യം അത്ഭുതം തന്നെ!!. ഇത്തരം ആളുകളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ മുൻഗാമികളിൽ പെട്ട ഒരാൾ പറഞ്ഞു: 'എത മോശം വിഭാഗമാണിവർ, എല്ലാ മാസങ്ങളുടെയും റബ്ബ് ഒന്നാണ്. റമദ്വാനിലെ റബ്ബ് തന്നെയാണ് ശവ്വാലിലെയും മറ്റു മാസങ്ങളിലെയും റബ്ബ്.' 

    എല്ലാ ഓരോ നിമിഷവും അവനെ ഇബാദത്ത് ചെയ്യുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നത് ഓരോ മുസ്ലിമിനും നിർബന്ധമാണ്. അല്ലാഹു പറയുന്നു:

{وَٱعۡبُدۡ رَبَّكَ حَتَّىٰ يَأۡتِيَكَ ٱلۡيَقِينُ }

“ മരണം വന്നെത്തുന്നത് വരെ നീ നിൻറെ റബ്ബിനെ ഇബാദത്ത് ചെയ്യുക.” (അൽഹിജിർ: 99).

عَنْ ‌عَائِشَةَ قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى ‌أَدْوَمُهَا وَإِنْ قَلَّ. قَالَ: وَكَانَتْ عَائِشَةُ إِذَا عَمِلَتِ الْعَمَلَ لَزِمَتْهُ  

 ആഇശ رضي الله عنها നിവേദനം റസൂൽ ﷺപറഞ്ഞു “അമലുകളിൽ അല്ലാഹുവിന് ഏറെ ഇഷ്ടം പതിവായി ചെയ്യുന്നവയാണ്, അത് കുറച്ചാണെങ്കിലും. ” ആഇശ رضي الله عنها ഒരു കർമ്മം ചെയ്താൽ അത് പതിവാക്കിയിരുന്നു.

  ആയതിനാൽ റമദാനിൽ നാം പരിശീലിച്ച സുന്നത്തായ  ഇബാദത്തുകൾ ജീവിതത്തിലുടനീളം (മരണം വരെ) നിലനിർത്താൻ നാം ഓരോരുത്തരും പരിശമിക്കുക. അല്ലാഹു തൗഫീഖ് നൽകട്ടെ..ആമീൻ.

റമദാനിന് ശേഷം ഇനിയെന്ത് ?
  •  ധാരാളം തവണ ഖുർആൻ പരിപൂർണ്ണമായി പാരായണം ചെയ്തവർ റമദാനിനു ശേഷവും ചെറിയ ഭാഗങ്ങെളങ്കിലും നിത്യേന പാരായണം ചെയ്ത് ആ സൽക്കർമ്മം മരണം വരെ നിലനിർത്താൻ പരിശമിക്കുക. 
  •   അപ്രകാരം തന്നെയാണ് രാത്രി നിസ്കാരം, സുന്നത്ത് നോമ്പുകൾ, ദിക്റുകൾ, ദാനധർമ്മങ്ങൾ പോലെയുള്ള മറ്റു സൽകർമങ്ങളിലും നാം ശ്രദ്ധ പുലർത്തേണ്ടത്. അവ കുറച്ചാണെങ്കിലും പതിവാക്കാൻ നാം ശദ്ധിക്കുക.
  •   നോമ്പിൻറെ ശ്രേഷ്ഠതയും അതിൻറെ അഭിരുചിയൂം അതിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യവും അനുഭവിച്ചറിഞ്ഞ നാം, തുടർന്നും ശവ്വാലിലെ ആറ് നോമ്പ്, വ്യാഴം തിങ്കൾ ദിവസങ്ങളിലെ സുന്നത്ത് നോമ്പുകൾ, ഒാരോ മാസത്തിലെയും മൂന്ന് നോമ്പുകൾ എന്നീ സുന്നത്ത് നോമ്പുകൾ പതിവാക്കി അല്ലാഹുവിൻറെ തൃപ്തിയും അവൻറെ വിശാലമായ സ്വർഗ്ഗവും നേടിയെടുക്കാൻ പരിശമിക്കുക.

ശവ്വാലിലെ ആറ് നോമ്പ്ലിങ്ക് കോപ്പി ചെയ്തു!

 ശവ്വാലിൽ തുടർച്ചയായോ അല്ലാതെയോ ആറ് നോമ്പെടുക്കൽ സുന്നത്താണ്.

عَنْ ‌أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ أَنَّهُ حَدَّثَهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ ‌سِتًّا ‌مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ .

അബൂ അയ്യൂബ് അൽ അൻസാരി رضي الله عنه നിവേദനം. നബി ﷺ : “പറഞ്ഞു ആരെങ്കിലും റമദാൻ നോമ്പെടുക്കുകയും തുടർന്ന് ശവ്വാലിലെ ആറ് നോമ്പെടുക്കുകയും ചെയ്താൽ അവൻ വർഷം മുഴുവൻ നോമ്പെടുത്തവനെ പോലെയാണ്.”

പരിശുദ്ധ ഖുർആനും സുന്നത്തും കൃത്യമായി മനസ്സിലാക്കി അതിനുസൃതമായി മരണംവരെ അവനെ ഇബാദത്ത് ചെയ്ത് കഴിഞ്ഞു കൂടാനും, മരണ സമയത്ത് ഈമാനോടുകൂടി മരണപ്പെടാനും, അവസാനം അവൻറെ ഉന്നതമായ സ്വർഗ്ഗത്തിൽ വച്ച് റബ്ബിനെ കൺകുളിർമയോടെ കാണാനും നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

اللهم اجعل هذا العمل خالصاً لوجهك الكريم، وتقبله بقبول حسن ...آمين

الله تعالى أعلم

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

************

പങ്കിടുക: