നോമ്പ് 04 -നോമ്പും വിധിവിലക്കുകളും

Mohammed Shafeeque Madeena
February 11, 2026
123 കാഴ്ചകൾ
നോമ്പ്  04 -നോമ്പും വിധിവിലക്കുകളും

أحكام الصيامലിങ്ക് കോപ്പി ചെയ്തു!

നോമ്പും വിധിവിലക്കുകളുംലിങ്ക് കോപ്പി ചെയ്തു!

ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് നോമ്പ്. അത് നിര്‍ബന്ധമാക്കപ്പെട്ടത് ഹിജ്റ രണ്ടാം വര്‍ഷമാണ് ഖുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും അതിന്‍റെ പ്രാമാണികത സുസ്ഥാപിതമാണ്.

1. ഖുര്‍ആനില്‍ നിന്ന് 

﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾[ البقرة: 183]

ഈമാനുള്ളവരേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധ മാക്കപ്പെട്ടത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ് വ പാലിക്കാന്‍ വേണ്ടിയത്രെ അത്. (2:183)

2. സുന്നത്തില്‍ നിന്ന്

عَنِ ابْنِ عُمَرَ، رَضِيَ اللَّه عنْهَما قَالَ: قَالَ رَسُولُ اللََِّّه صَلَّى اللهُ عَلَيْهِ "وَسَلَّمَ بُني الإِسْلاَمُ عَلَى خمسٍ: شَهَادَةِ أَنْ لاَ إِلَهَ إِلَّا اللََِّّه وَأَنَّ مُحَمَّدًا رَسُولُ اللََِّّه ، وَإِقَامِ الصَّلاَةِ وَإِيتَاءِ الزَّكَاةِ، وَالحَجِّ، وَصَوْمِ رَمَضَانَ"

ഇബ്നു ഉമര്‍ (رَضِيَ اللَّه عنْهَما) നിവേദനം. നബി(ﷺ)പറഞ്ഞു: "ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചു സ്തംഭങ്ങളി ന്മേലാണ്: ഇബാദത്തിന് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ റസൂലാകുന്നു എന്ന സത്യസാക്ഷ്യ വചനം, നിസ്കാരം മുറപോലെ നിര്‍വ്വഹിക്കല്‍, സകാത്ത് നല്‍കല്‍, ഹജ്ജ് നിര്‍വ്വഹിക്കല്‍, റമദാന്‍ മാസത്തില്‍ നോമ്പെടുക്കല്‍ എന്നിവയാണവ". (ബുഖാരി,മുസ്ലിം)

റമദാന്‍ മാസത്തിലെ നോമ്പ് നിര്‍ബന്ധമാണെന്നതിന്  ഇജ്മാഅ് ഉണ്ടെന്ന് ഇബ്നു ഖുദാമ ഇമാം നവവി رحمهم الله പോലെയുള്ള പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നു .

നോമ്പ് നിര്‍ബന്ധമാണ് (വുജൂബ് ആണ്) എന്നതിനെ ആരെങ്കിലും നിഷേധിച്ചാല്‍ അത് കുഫ്ര്‍ ആണെന്ന   വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു.

നോമ്പിന്‍റെ നിര്‍വചനം

   ഇമാം ഖുര്‍തുബി (رحمه الله) പറയുകയാണ് നോമ്പ് എന്നാല്‍ നിയ്യത്തോടു കൂടി സുബ്ഹി( പ്രഭാതോദയം) മുതല്‍ മഗരിബ് (സൂര്യാസ്തമയം) വരെ നോമ്പു മുറിയുന്ന ( ഭക്ഷണപാനീയങ്ങള്‍ കഴിക്കല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ...) കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കലാണ്.  

നോമ്പിന്‍റെ മറ്റു നാമങ്ങള്‍

1. ( സ്വബ്ര്‍ ക്ഷമ) الصبر :കാരണം നോമ്പുകാരന്‍ തന്‍റെ   നഫ്സിനെ ദേഹേച്ഛയില്‍ നിന്ന് അടക്കിവെച്ച് ക്ഷമിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കപ്പെടുന്നത്.

2. (സഞ്ചാരം) السياحة : 

സ്വര്‍ഗപ്പ്രവേശം ലഭിക്കുന്ന മുഅ്മിനുകളുടെ ഗുണങ്ങളായിക്കൊണ്ട് അല്ലാഹു പറയുന്നു : 

﴾ ٱلتَّـٰٓئِبُونَ ٱلْعَـٰبِدُونَ ٱلْحَـٰمِدُونَ ٱلسَّـٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّـٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَـٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴿

"പശ്ചാത്താപിക്കുന്നവരും, ഇബാദത്ത് ചെയ്യുന്നവരും,  ദിക്റുകള്‍ ചെയ്യുന്നവരും, നോമ്പനുഷ്ഠിക്കുന്നവരുമായ സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക" (തൗബ:112)

     ഇമാം ഖുര്‍തുബി( (رحمه الله )എന്നാല്‍ നോമ്പുകാര്‍ ആണെന്നുള്ള മുന്‍ഗാമികളുടെ ഉദ്ധരണികള്‍ ശരിവെച്ചുകൊണ്ട് പറയുകയാണ് : " കാരണം 'സിയാഹത്ത് ' എന്നാല്‍ ഭൂമിയില്‍ സഞ്ചരിക്കുക എന്നാണര്‍ത്ഥം"ഒരു സഞ്ചാരി അവന്‍റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നത് പോലെ നോമ്പുകാരന്‍ ഭക്ഷണവും മറ്റും ഉപേക്ഷിച്ചുകൊണ്ട് അല്ലാഹുവിനോടുള്ള അനുസരണത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.."

നോമ്പിന്‍റെ സവിശേഷതകള്‍

 നോമ്പ് നിര്‍ബന്ധമാക്കിയതിനു പിന്നിലുള്ള ധാരാളം  യുക്തികള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. അതില്‍ ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം;

1) അല്ലാഹുവിനോടുള്ള അനുസരണയില്‍ മഹത്തരമായ ഒരു ഇബാദത്താണ് നോമ്പ്. അടിമക്കും അവന്‍റെ റബ്ബിനും ഇടയിലുള്ള രഹസ്യമായ ഒരു ഇബാദത്താണ് അത്. കാരണം ആരുമറിയാതെ അന്നപാനീയങ്ങള്‍ കഴിക്കാന്‍ അവസരമുണ്ടായിട്ടും തന്‍റെ റബ്ബ് നിരീക്ഷിക്കുന്നുണ്ട് എന്ന ബോധത്താല്‍ അന്നപാനീയങ്ങളും മറ്റും അവന്‍ ഉപേക്ഷിക്കുന്നു.

2) ക്ഷമയുടെ മൂന്ന് ഇനങ്ങളും നോമ്പില്‍ സംഗമിക്കുന്നു.

  • അല്ലാഹുവിനെ അനുസരിക്കുന്നതിലും വഴിപ്പെടുന്നതിലുമുള്ള (നന്മ പ്രവര്‍ത്തിക്കുന്നതിനുള്ള)ക്ഷമ.
  • തിന്മകളില്‍ നിന്ന് മാറിനില്‍ക്കാനുള്ള ക്ഷമ .
  • ആപേക്ഷികമായി പ്രയാസം തോന്നിയേക്കാവുന്നഅല്ലാഹുവിന്‍റെ തീരുമാനങ്ങളില്‍ ക്ഷമിക്കുക.തനിക്ക് പ്രയാസകരമാകുന്ന തന്‍റെ ശരീരത്തെ ക്ഷീണിപ്പിക്കുന്ന ബലഹീനമാക്കുന്ന(വിശപ്പ് ദാഹം പോലുള്ള)കാര്യങ്ങളിലെല്ലാം. നോമ്പുകാരന്‍ ക്ഷമിക്കുന്നു. തന്‍റെ ലൈംഗികാസക്തി പിടിച്ചുനിര്‍ത്തിയും അവന്‍ ക്ഷമിക്കുന്നു. 

3) വിശപ്പും ദാഹവും സഹിക്കുക വഴി അല്ലാഹു അവന് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് അവന്‍ ബോധവാനാകുന്നു. അതുപോലെ തന്‍റെ ചുറ്റുമുള്ള വിശപ്പും ദാഹവും സഹിക്കുന്ന പട്ടിണി കിടക്കുന്ന സഹോദരങ്ങളുടെ പ്രയാസം മനസ്സിലാക്കാന്‍ അത് സഹായിക്കുന്നു .

4) നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ആയത്തില്‍ അതിന്‍റെ  ലക്ഷ്യമായിക്കൊണ്ട് അല്ലാഹു പറഞ്ഞത് "നിങ്ങള്‍ തഖ്വയുള്ളവരാകാന്‍ വേണ്ടി" എന്നാണ്.അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്തുവാനും, അവന്‍ വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കുവാനുമുള്ള ഒരു  പരിശീലനമാണ് യഥാര്‍ത്ഥത്തില്‍ റമദ്വാനിലെ നോമ്പ് എന്നത്.

നോമ്പിന്‍റെ ഇനങ്ങള്‍

നിര്‍ബന്ധമായ നോമ്പുകള്‍

1) റമദാന്‍ മാസത്തിലെ നോമ്പ്

2) നേര്‍ച്ച കാരണം നിര്‍ബന്ധമായത്

3) കഫ്ഫാറത്തിനുള്ള നോമ്പ് : മനുഷ്യരുടെ ചില പ്രവര്‍ത്തനം കാരണത്താല്‍ നിര്‍ബന്ധമായത് 

(അബദ്ധവശാലുള്ള കൊലപാതകത്തിനുള്ള പ്രായശ്ചിത്തം, അല്ലാഹുവിന്‍റെ പേരില്‍ ശപഥം ചെയ്തു ലംഘിച്ചാലുള്ള പ്രായശ്ചിത്തം പോലെയുള്ളത് ).

സുന്നത്തായ നോമ്പുകള്‍

പ്രത്യേകം ദിവസങ്ങളില്‍ സുന്നത്തായത് : 

  • മാസത്തിലെ മൂന്ന് ദിവസങ്ങളിലെ നോമ്പ് 
  • അയ്യാമുല്‍ ബീദ് (അറബി മാസത്തിലെ പതിമൂന്ന്, പതിനാല് , പതിനഞ്ച് ദിവസങ്ങളിലെ നോമ്പ്) 
  • തിങ്കള്‍,വ്യാഴം ദിവസങ്ങളിലെ നോമ്പ്, 
  • ശവ്വാലിലെ ആറ് നോമ്പ് 
  • മുഹറം ആദ്യ പത്തിലുള്ള നോമ്പ്
  • ആശൂറാഅ് നോമ്പ്( മുഹറം 10)
  • മുഹറം 9ലെ നോമ്പ് 
  • ദുല്‍ഹിജ്ജയിലെ ആദ്യത്തെ 9 ദിവസങ്ങളിലെ നോമ്പ് 
  • അറഫാ നോമ്പ്  
  • ശഅ്ബാനിലെ അധിക ദിവസങ്ങളിലും നോമ്പടുക്കല്‍ 
  • ഇടവിട്ടുള്ള ദിവസങ്ങളിലുള്ള നോമ്പ് (ദാവൂദ് നബിയുടെ നോമ്പ്) പോലെയുള്ളത്.

ഇത്തരം സുന്നത്തായ നോമ്പുകളുടെ ശ്രേഷ്ഠതകളും   മറ്റും പ്രത്യേകം അധ്യായത്തില്‍ പിന്നീട് വിവരിക്കുന്നതാണ്. إن شاء الله

നോമ്പെടുക്കല്‍ ഹറാമായ ദിവസങ്ങള്‍

ചില ദിവസങ്ങളില്‍ നോമ്പെടുക്കല്‍ ഹറാമാണ് 

  • രണ്ടു പെരുന്നാള്‍ ദിവസങ്ങളില്‍.
  • അയ്യാമുത്തശ്രീഖില്‍ ( ദുല്‍ഹിജ്ജ പതിനൊന്ന് , പന്ത്രണ്ട് , പതിമൂന്ന് ദിവസങ്ങളില്‍) .
  • പ്രത്യേകം കാരണമില്ലാതെ വെള്ളിയാഴ്ച മാത്രമായോ ശനിയാഴ്ച മാത്രമായോ നോമ്പെടുക്കല്‍.  

വെള്ളിയാഴ്ച മാത്രമായോ ശനിയാഴ്ച മാത്രമായോ നോമ്പെടുക്കുന്നത് നിരുപാധികം ഹറാമാണോ അതല്ല പ്രത്യേകം കാരണങ്ങളുണ്ടെങ്കില്‍, അതായത് അറഫാ ദിവസം, ആശൂറാഅ് നോമ്പ് ( മുഹറം 10) പോലെയുള്ളത് വെള്ളി, ശനി ദിവസങ്ങളില്‍ വന്നാല്‍ അത് അനുവദനീയമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍  അഭിപ്രായവ്യത്യാസമുണ്ട്. 

   ഏറ്റവും ശരിയായത് കാരണങ്ങളോടു കൂടിയുള്ള നോമ്പാണെങ്കില്‍(അറഫാ , ആശൂറാഅ് നോമ്പ് പോലെയുള്ള നോമ്പുകള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആവുകയാണെങ്കില്‍) അനുവദനീയമാണെന്നതാണ്. 

അതുപോലെ പ്രത്യേകം സുന്നത്തായ നോമ്പല്ലെങ്കില്‍ വെള്ളി മാത്രമായോ ശനി മാത്രമായോ നോമ്പ് എടുക്കാതെ മുന്‍പോ പിന്‍പോ ഉള്ള ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസത്തോടൊപ്പം കൂട്ടിയെടുത്താല്‍ അത്തരം നോമ്പ്  ഹറാമാവുകയില്ല. الله أعلم

റമദാന്‍ നോമ്പ് നിര്‍ബന്ധമായ ഘട്ടങ്ങള്‍

1. ഒന്നാം ഘട്ടം: ഹിജ്റയുടെ ആദ്യത്തില്‍ ആശൂറാഅ് നോമ്പ് മുസ്ലിമീങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു  പിന്നീട് അത് نسخ ചെയ്യപ്പെട്ടു( അല്ലാഹു ഈ നിയമം  ദുര്‍ബലപ്പെടുത്തി).

2.  രണ്ടാം ഘട്ടം:പിന്നീട് റമദാന്‍ മാസത്തിലെ നോമ്പ് ഫര്‍ദല്ലാത്ത നിലക്ക് ദീനില്‍ നിയമമായി (ഒന്നുകില്‍ നോമ്പ് എടുക്കുക, അല്ലെങ്കില്‍ ഓരോ ദിവസവും  പാവപ്പെട്ടവന് ഭക്ഷണം നല്‍കുക എന്ന നിലക്ക).

3.  മൂന്നാം ഘട്ടം : പിന്നീട് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമൊഴിവാക്കി ചില നിബന്ധനകളോടുകൂടി നിര്‍ബന്ധ രൂപത്തിലാക്കി ( ഈ ഘട്ടത്തില്‍ നോമ്പെടുക്കേണ്ട സമയം ഇശാ നിസ്കാരം മുതല്‍ പിറ്റേന്ന് മഗരിബ് നിസ്കാരം വരെയായിരുന്നു.)

4. നാലാം ഘട്ടം : അവസാനമായി നോമ്പെടുക്കേണ്ട സമയം സുബ്ഹി( പ്രഭാതോദയം ) മുതല്‍ മഗ്രിബ് (സൂര്യാസ്തമയം) വരെയാക്കി റമദാന്‍ നോമ്പ് അല്ലാഹു നിര്‍ബന്ധമാക്കി

الله تعالى أعلم و صلى الله على نبينا محمد وعلى آله وصحبه وسلم

പങ്കിടുക: