റജബ് മാസം - നെല്ലും പതിരും

Mohammed Shafeeque Madeena
October 25, 2026
308 കാഴ്ചകൾ
റജബ് മാസം - നെല്ലും പതിരും

റജബ് മാസം - നെല്ലും പതിരും 

✍🏻 ബഹീജ് ബിൻ സകരിയ്യ 

ഹിജ്റ വർഷ പ്രകാരം റജബ് മാസത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണല്ലോ മുസ്‌ലിം ലോകം. അറബി ഭാഷയിലെ ' അത്തർജീബ് ' അഥവാ, മഹത്വപ്പെടുത്തുക എന്ന വാക്കിൽ നിന്നുമാണ് റജബ് എന്ന നാമം വന്നത്. യുദ്ധവും കലഹവുമില്ലാത്ത നിശബ്ദ മാസമെന്നും അതിന് പേരുണ്ട്. ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യ: കാലത്ത് ജീവിച്ചിരുന്നവർ പോലും ഈ മാസത്തെ ആദരിച്ചിരുന്നു. അവർ ആ മാസത്തിൽ പരസ്പ്പരം പോരടിക്കുകയോ കലഹിക്കുകയോ ചെയ്തിരുന്നില്ല.

അല്ലാഹു പവിത്രമാക്കിയ നാല് വിശുദ്ധ മാസങ്ങളിൽ പെട്ടതത്രെ റജബ്. ദുൽകഅ്ദ: , ദുൽഹിജ്ജ: , മുഹർറം എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും റജബുമാകുന്നു അവ. മാസങ്ങളുടെ എണ്ണത്തെക്കുറിച്ച് പറയവെ അല്ലാഹു പറഞ്ഞു : 

" إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثۡنَا عَشَرَ شَهۡرࣰا فِی كِتَـٰبِ ٱللَّهِ یَوۡمَ خَلَقَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضَ مِنۡهَاۤ أَرۡبَعَةٌ حُرُمࣱۚ " ( سورة التوبة : ٣٦ ) 

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാകുന്നു.

മറ്റൊരു ഹദീസിൽ കാണാം : 

السَّنَةُ اثْنا عَشَرَ شَهْرًا، مِنْها أرْبَعَةٌ حُرُمٌ، ثَلاثَةٌ مُتَوالِياتٌ: ذُو القَعْدَةِ وذُو الحِجَّةِ والمُحَرَّمُ، ورَجَبُ مُضَرَ، الذي بيْنَ جُمادى وشَعْبانَ (البخاري : ٣١٩٧) 

നബി ﷺ പറഞ്ഞു : " പന്ത്രണ്ട് മാസങ്ങൾ ഉൾകൊണ്ടതാകുന്നു ഒരു വർഷം. അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാകുന്നു. ദുൽകഅ്ദ: , ദുൽഹിജ്ജ: , മുഹർറം എന്നീ തുടർച്ചയായ മൂന്നെണ്ണവും ജുമാദാക്കും ശഅ്ബാനിനുമിടയിലുള്ള മുദ്വ്‌റ് ഗ്രോത്രക്കാരുടെ റജബുമാകുന്നു അവ. " 

ഈ നാല് മാസങ്ങളും അല്ലാഹുവിന്റെയടുക്കൽ വളരെ പവിത്രവും ശ്രേഷ്ഠവുമാകുന്നു. അതിനാൽ ഈ മാസങ്ങളെ ആദരിക്കുവാനും അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുവാനും ഒരോ മുസ്‌ലിമും ബാധ്യതപ്പെട്ടിരിക്കുന്നു. അത് അവരുടെ ഹൃദയാന്തരങ്ങളിലുള്ള തക്വ്‌വയെ സൂചിപ്പിക്കുന്നു. അല്ലാഹു പറഞ്ഞു : 

{ ذَ ٰ⁠لِكَۖ وَمَن یُعَظِّمۡ شَعَـٰۤىِٕرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ }

വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ തക്വ്‌വയിൽ നിന്നുണ്ടാകുന്നതത്രെ. ( സൂറ: അൽ ഹജ്ജ് : 36 ) 

ഈ പവിത്ര മാസങ്ങളിൽ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയത് പോലെ തന്നെ തിന്മകൾ ചെയ്ത് സ്വദേഹത്തോട് അക്രമം പ്രവർത്തിക്കുന്നതിനെയും അല്ലാഹു വിലക്കുകയുണ്ടായി.അല്ലാഹു പറഞ്ഞു : 

{ فَلَا تَظۡلِمُوا۟ فِیهِنَّ أَنفُسَكُمۡۚ } ( التوبة : ٣٦ )

" അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. ” 

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ക്വതാദ: - رحمه الله - പറഞ്ഞതായി കാണാം : 

 إِنَّ الظُّلْمَ فِي الْأَشْهُرِ الْحُرُمِ أَعْظَمُ خَطِيئَةً وَوِزْرًا، مِنَ الظُّلْمِ فِيمَا سِوَاهَا، وَإِنْ كَانَ الظُّلْمُ عَلَى كُلِّ حَالٍ عَظِيمًا، 📕 تفسير ابن كثير: ٤ / ١٤٨

" അക്രമവും തിന്മയുമെല്ലാം എക്കാലത്തും ഗൗരവമുള്ളതാണെങ്കിലും അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ അവ പ്രവർത്തിക്കൽ മറ്റു മാസങ്ങങ്ങളിൽ തിന്മകൾ പ്രവർത്തിക്കുന്നതിനെക്കാൾ ഗുരുതരവും വലിയ കുറ്റവുമാകുന്നു. " 

അതോടൊപ്പം ഈ മാസങ്ങളിൽ നിർവ്വഹിക്കുന്ന സൽപ്രവർത്തനങ്ങൾക്കും അല്ലാഹുവിന്റെ പക്കൽ ഉയർന്ന പ്രതിഫലമാണുള്ളത്. ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ് - رضي الله عنهما - പറഞ്ഞതായി കാണാം : 

وَجَعَلَ الذَّنْبَ فِيهِنَّ أَعْظَمَ، وَالْعَمَلَ الصَّالِحَ وَالْأَجْرَ أَعْظَمَ. 📕 تفسير ابن كثير: ٤ / ١٤٨

 " ( പവിത്ര മാസങ്ങളിൽ ചെയ്യുന്ന ) തെറ്റുകൾ കൂടുതൽ ഗൗരവമർഹിക്കുന്നതും അതിലെ സുകൃതങ്ങളും അതിനുള്ള പ്രതിഫലവും അല്ലാഹു വമ്പിച്ചതാക്കുകയും ചെയ്തിരിക്കുന്നു. " 

ആയതിനാൽ വരാനിരിക്കുന്ന റജബ് മാസത്തിൽ സുകൃതങ്ങളുമായി അല്ലാഹുവിലേക്ക് മുന്നേറുവാനും പാപങ്ങളിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്. അതോടൊപ്പം റമദ്വാനിലേക്കുള്ള ഒരു മുന്നൊരുക്കം കൂടി റജബിൽ നാം തുടങ്ങേണ്ടതുണ്ട്. അബൂബക്കർ അൽ ബൽഖി - رحمه الله - പറഞ്ഞു : 

قال أبو بكر البلخي - رحمه الله - ' شهر رجب شهر الزرع، وشعبان شهرُ سقي الزرع، ورمضان شهر حصاد الزرع وعنه قال: مَثَلُ شَهْرِ رجب كالريح، ومثل شعبان مثل الغيم، ومثل رمضان مثل المطر'📗 لطائف المعارف : ١٢١

" റജബ് മാസം കൃഷിക്ക് വേണ്ടി വിത്തിറക്കുന്ന മാസവും ശഅ്ബാൻ മാസം ആ കൃഷിക്ക് വെള്ളം തെളിക്കുന്ന മാസവും റമദ്വാൻ മാസം കൃഷി വിളവെടുക്കുന്ന മാസവുമാകുന്നു. " 

അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു : " റജബ് മാസത്തിന്റെ ഉപമ ഒരു കാറ്റ് പോലെയും ശഅ്ബാനിന്റെ ഉപമ മഴ മേഘം പോലെയും റമദ്വാനിന്റെ ഉപമ മഴ പോലെയുമാകുന്നു. " 

മാനസികമായും ആത്മീയമായും റമദ്വാനിലേക്ക് ഒരുങ്ങുവാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് നൽകട്ടെ. 

എന്നാൽ ഈ പവിത്ര മാസത്തിൽ നമ്മുടെ നാട്ടിൽ പല വിധ ആരാധനകളും അനുഷ്ഠിക്കുന്നതായി കാണാം. അതിന്റെ പിൻബലമാണ് ഇനി നാം പരിശോധിക്കുന്നത്. 

ദീനിൽ അല്ലാഹു ശ്രേഷ്ഠത കൽപ്പിക്കാത്ത കാലത്തിനോ സമയത്തിനോ ശ്രേഷ്ഠത കൽപ്പിക്കാമോ..?

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ - رحمه الله - പറഞ്ഞു : " മതപരമായി ( ശ്രേഷ്ഠതയില്ലാത്ത ) കാലങ്ങൾക്ക് ( ശ്രേഷ്ഠത ) കൽപ്പിക്കൽ ബിദ്അത്തിൽ ( പുത്തനാചാരത്തിൽ ) പെട്ടതാകുന്നു. നബി ﷺ ജനിച്ചതാണെന്ന് പറയപ്പെടുന്ന റബീഉൽ അവ്വലിലെ ചില രാത്രികളും റജബിലെ ചില രാത്രികളും പോലെ. സച്ചരിതരായ മുൻഗാമികളാരും ഇത് സുന്നത്തായി കാണുകയോ അവർ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. "📗 مجموع الفتاوى : ٢٥ / ٢٩٨ ( باختصار )

റജബ് മാസത്തിലെ ഏതെങ്കിലുമൊരു ഇബാദത്തിന് പ്രത്യേകം ശ്രഷ്ഠത വിവരിക്കുന്ന ഹദീസുകൾ സ്ഥിരപ്പെട്ടിട്ടുണ്ടോ.? ലിങ്ക് കോപ്പി ചെയ്തു!

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം ഹാഫിദ് ഇബ്നു ഹജർ - رحمه الله - പറഞ്ഞു : 

" റജബ് മാസത്തെക്കുറിച്ചോ അതിലുള്ള നോമ്പുകളെക്കുറിച്ചോ അതിലെ പ്രത്യേക ദിനത്തിലുള്ള നോമ്പിനെക്കുറിച്ചോ അതിലെ ചില പ്രത്യേക രാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചോ മഹത്വം പറയുന്ന തെളിവിന് യോഗ്യമായ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. " 📗تبيين العجب بما ورد في شهر رجب : ١١

 റജബിൽ നോമ്പനുഷ്ഠിക്കുന്നതിന് പ്രത്യേക മഹത്വമുണ്ടെന്ന് കരുതി അതനുഷ്ഠിക്കാമോ.? ലിങ്ക് കോപ്പി ചെയ്തു!

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ - رحمه الله - പറഞ്ഞു : " റജബിൽ പ്രത്യേകമായി നോമ്പനുഷ്ഠിക്കാൻ ( പ്രേരണ വന്ന ) മുഴുവൻ ഹദീസുകളും ദുർബലമാകുന്നു; മാത്രമല്ല, അവയെല്ലാം നബി ﷺ യുടെ മേൽ കെട്ടിച്ചമച്ചതുമാകുന്നു. അതിലൊന്ന് പോലും പണ്ഡിതന്മാർ അവലംബിക്കാറില്ല. ( ദീനിൽ സ്ഥിരപ്പെട്ട അമലുകളുടെ ) ശ്രേഷ്ഠത പറയാൻ പോലും ഈ ഹദീസുകൾ കൊള്ളില്ല. " 

📗 مجموع الفتاوى : ٢٥ / ٢٩٠ 

ഇമാം ഇബ്നുൽ ക്വയ്യിം - رحمه الله - പറഞ്ഞു : " റജബിലെ നോമ്പിനെക്കുറിച്ചും അതിലെ ചില രാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചും പരാമർശം വന്ന മുഴുവൻ ഹദീസുകളും നബിയുടെ മേൽ കെട്ടിച്ചമച്ചതും കളവുമാകുന്നു. "📚 المنار المنيف : ٩٦ 

ഇമാം ഇബ്നുൽ ക്വയ്യിം - رحمه الله - പറഞ്ഞു : " ചിലയാളുകൾ ചെയ്യാറുള്ളത് പോലെ മൂന്ന് മാസം ( റജബ്, ശഅ്ബാൻ, റമദ്വാൻ ) തുടർച്ചയായി നബി ﷺ നോമ്പനുഷ്ഠിച്ചിട്ടില്ല. അവിടുന്ന് റജബ് മുഴുവൻ നോമ്പനുഷ്ഠിക്കുകയോ അത് പുണ്യകരമായി കാണുകയോ ചെയ്തിരുന്നില്ല. " 📗زاد المعاد : ٢ / ٦١ 

റജബ് മാസത്തിൽ പ്രത്യേകം നോമ്പ് സുന്നത്തില്ലെന്നും അവയെല്ലാം ദീനിലേക്ക് പുതുതായിച്ചേർത്ത പുതു നിർമ്മിതിയാണെന്നും ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാൽ എല്ലാ മാസങ്ങളിലുമുള്ള സുന്നത്ത് നോമ്പുകൾ ഈ മാസത്തിലുമുണ്ട്. തിങ്കളും വ്യാഴവും , അയ്യാമുൽ ബീദ്വ് തുടങ്ങിയ നോമ്പുകൾ ഈ മാസവും അനുഷ്ഠിക്കാവുന്നതാണ്. 

റജബ് 27 ന് രാത്രിയാണ് ഇസ്റാഅ് മിഅ്റാജ് നടതെന്ന് ചിലർ വാദിക്കുകയും ആ ദിവസം പ്രത്യേക നോമ്പും നമസ്കാരവും അനുഷ്ഠിച്ച് വരുന്നതായി കാണുന്നു; ഇതിന് വല്ല തെളിവുമുണ്ടോ.?

ഇസ്റാഅ് മിഅറാജ് നടന്നതെന്നാണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. ഇമാം ഹാഫിദ് ഇബ്നു ഹജർ - رحمه الله - ഫത്ഹുൽ ബാരിയിൽ ഇത് രേഖപ്പെടുത്തിയതായി കാണാം. ഈ വിഷയത്തിൽ ഖണ്ഡിതമായ ഒരഭിപ്രായം മാത്രമായിരുന്നുവെങ്കിൽ പണ്ഡിതന്മാർ ഒരിക്കലും ഭിന്നാഭിപ്രായത്തിലാകുമായിരുന്നില്ല. ഇവിടെയാണ് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ - رحمه الله - യുടെ വാചകം പ്രസക്തമാകുന്നത്; അദ്ദേഹത്തിന്റെ ശിഷ്യൻ ഇമാം ഇബ്നുൽ ക്വയ്യിം - رحمه الله - അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നതായി കാണാം : " ( ഇസ്റാഅ് മിഅ്റാജ് നടന്നത് ) ഇന്ന മാസമാണെന്നോ ഇന്ന പത്തിലാണെന്നോ ഇന്ന ദിവസമാണെന്നോ നിർണ്ണയിക്കുന്ന അറിയപ്പെട്ട ഒരു തെളിവും നിലനിൽക്കുന്നില്ല. മറിച്ച്, ഉദ്ധരിക്കപ്പെടുന്ന തെളിവുകളെല്ലാം സനദ് മുറിഞ്ഞതും വ്യസ്തവുമാണ്. അതിൽ ഖണ്ഡിതമായി പറയാൻ കഴിയുന്ന ഒരു തെളിവുമില്ല. ” 

📗 زاد المعاد : ١ / ٥٧ 

ഇമാം ഇബ്നു റജബ് - رحمه الله - പറഞ്ഞു : " ( ദീനിലെ ) പല പ്രസിദ്ധ സംഭവങ്ങളും റജബ് മാസത്തിലാണ് നടന്നതെന്ന് ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അവയിലൊന്നും സ്ഥിരപ്പെട്ടിട്ടില്ല. നബി ﷺ അതിലെ ആദ്യ രാത്രിയാണ് ജനിച്ചതെന്നും 27 ന് അല്ലെങ്കിൽ 25 നാണ് പ്രവാചകനായി നിയോഗിക്കപ്പെട്ടതെന്നും ഉദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ അവയിൽ ഒന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല. “📕 لطائف المعارف : ١٦٨ 

അബൂ ശാമ: - رحمه الله - പറഞ്ഞു : " റജബ് മാസത്തിലാണ് ഇസ്റാഅ് മിഅ്റാജ് നടന്നതെന്ന് ചില ചരിത്രകാരന്മാർ പറയാറുണ്ട്; എന്നാൽ സൂക്ഷമ പരിശോധകരായ പണ്ഡിതന്മാരുടെയടുക്കൽ ഇത് കളവാകുന്നു.” 📕 الباعث : ١٧١ 

ഇമാം ഇബ്നു ബാസ് - رحمه الله - പറഞ്ഞു : 

" ഇസ്റാഉം മിഅ്റാജും നടന്നത് ഇന്ന മാസത്തിൽ ഇന്ന രാത്രിയാണെന്ന് നിശ്ചയിക്കപ്പെടുന്ന ഒരൊറ്റ ഹദീസും നബിയിൽ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല. നമ്മെ അത് അറിയിക്കാതിരുന്നതിന് പിന്നിൽ അല്ലാഹുവിന് വ്യക്തമായ യുക്തിയുണ്ട് 

 ഇനി ആ രാത്രി ഏതെന്ന് നിർണയിക്കപ്പെടുന്ന ഏതെങ്കിലുമൊരു രേഖ സ്ഥിരപ്പെട്ടതായി വന്നാൽ പോലും ആ ദിവസം പ്രത്യേകമായ ആരാധനകളോ ആഘോഷങ്ങളോ പാടില്ലാത്തതാകുന്നു; കാരണം, നബിയോ സ്വഹാബത്തോ അപ്രകാരം പ്രത്യേകമായ ഒന്നും തന്നെ അനുഷ്ഠിക്കുകയോ ആചരിക്കുകയോ ചെയ്തിരുന്നില്ല. "📗 مجموع الفتاوى ومقالات متنوعة ١ / ١٨٣ 

ശൈഖ് ഇബ്നു ഉഥൈമീൻ - رحمه الله - പറഞ്ഞു : 

"റജബ് 27ന് രാത്രിയാണ് മിഅ്റാജ് നടന്നതെന്ന് ചിലർ വാദിക്കുന്നതായി കാണാം. എന്നാൽ ഇത് ചരിത്രപരമായി സ്ഥിരപ്പെടാത്ത കാര്യമാകുന്നു. സ്ഥിരപ്പെടാത്ത മുഴുവൻ കാര്യങ്ങളും അസത്യമാകുന്നു. " 📕 الفتاوى : ١ / ١٢٩ 

ശൈഖ് ഇബ്നു ഉഥൈമീൻ - رحمه الله - പറഞ്ഞു : 

" റജബ് 27ന് പ്രത്യേകത കണ്ട് കൊണ്ട് അന്നേ ദിവസം നോമ്പനുഷ്ഠിക്കലും രാത്രി നമസ്കരിക്കലും ദീനിൽ പുതുതായി ഉണ്ടാക്കപ്പെട്ട അനാചാരമാണ്. ദീനിലുള്ള എല്ലാ പുതു നിർമ്മിതികളും ദുർമാർഗ്ഗമാകുന്നു. "📕 مجموع الفتاوى : ٢٠ / ٤٤٥  

എന്താണ് റഗാഇബ് നമസ്കാരം.? ദീനിൽ അതിന് വല്ല രേഖയുമുണ്ടോ.?

റജബിലെ ആദ്യ വ്യാഴാഴ്ച്ച നോമ്പനുഷ്ഠിക്കുകയും തുടർന്ന് വെള്ളിയാഴ്ച്ച രാവിൽ മഗ്‌രിബിനും ഇശാഇനുമിടയിൽ പന്ത്രണ്ട് റക്അത്ത് നമസ്കരിക്കലുമാകുന്നു റഗാഇബ് നമസ്കാരം. ഈ നമസ്കാരത്തിന്റെ രൂപവും പ്രതിഫലവും വിവരിക്കുന്ന ഹദീസ് നബി ﷺ യുടെ മേൽ കെട്ടിച്ചമച്ചതാകുന്നു. സച്ചരിതരായ ആദ്യ മൂന്ന് നൂറ്റാണ്ടിലെ ആർക്കും ഇത് പരിചയമില്ല. മറിച്ച്, പിൽക്കാലത്ത് ദീനിൽ ആരൊക്കെയോ കടത്തിക്കൂട്ടിയതത്രെ ഇത്. 

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ - رحمه الله - പറഞ്ഞു : " റഗാഇബ് നമസ്കാരത്തിന് ദീനിൽ യാതൊരു അടിസ്ഥാനവുമില്ല. അത് പുത്തനാചാരമാകുന്നു. സംഘടിതമായോ തനിച്ചോ അത് നിർവ്വഹിക്കൽ സുന്നത്തല്ല. വെള്ളിയാഴ്ച്ച രാവിൽ പ്രത്യേകമായി നമസ്കരിക്കുന്നതിനെയും പകലിൽ പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതിനെയും നബി ﷺ വിലക്കിയതായി സ്വഹീഹ് മുസ്‌ലിമിൽ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള തെളിവ് നബി ﷺ യുടെ കെട്ടിച്ചമച്ചതും കളവുമാണെന്ന വിഷയത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. സച്ചരിതരായ മുൻഗാമികളിൽ നിന്നോ പണ്ഡിതന്മാരിൽ നിന്നോ ഒരാളും ഇതിന് തെളിവ് ഉദ്ധരിച്ചിട്ടില്ല. "  مجموع الفتاوى : ٢٣ / ١٣٢ 📕

അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു : " റഗാഇബ് നമസ്കാരം ബിദ്അത്താണെന്ന കാര്യത്തിൽ ഇമാമീങ്ങൾ ഏകാഭിപ്രായക്കാരാകുന്നു. റസൂൽ യോ അവിടുത്തെ പിൻമുറക്കാരോ ( സ്വഹാബികളോ ) ഈ ദീനിലെ പണ്ഡിത തേജസുകളായ ഇമാം മാലിക് , ശാഫിഈ , അഹ്‌മദ് , അബൂ ഹനീഫ , അസ്സൗരി , ഔസാഇ , ലൈഥ് - رحمهم الله - തുടങ്ങിയ ഒരൊറ്റ ഇമാമോ ഇത് നിർവ്വഹിക്കുകയോ പുണ്യമുള്ളതായി കാണുകയോ ചെയ്തിരുന്നില്ല. ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്ന ഹദീസ് കളവാണെന്ന കാര്യത്തിൽ ഹദീസ് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് 📕 مجموع الفتاوى : ٢٣ / ١٣٤

ഇമാം ഇബ്നുൽ ക്വയ്യിം - رحمه الله - പറഞ്ഞു : 

റജബിലെ ആദ്യ വെള്ളിയാഴ്ച്ച രാവിലെ റഗാഇബ് നമസ്കാരത്തെക്കുറിച്ച് പരാമർശം വന്ന മുഴുവൻ ഹദീസുകളും റസൂൽ ﷺ യുടെ മേൽ കെട്ടിച്ചമച്ചതും കളവുമാകുന്നു 📕 المنار المنيف : ٩٥

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം ഹാഫിദ് ഇബ്നു ഹജർ - رحمه الله - പറഞ്ഞു : 

" റജബ് മാസത്തെക്കുറിച്ചോ അതിലുള്ള നോമ്പുകളെക്കുറിച്ചോ അതിലെ പ്രത്യേക ദിനത്തിലുള്ള നോമ്പിനെക്കുറിച്ചോ അതിലെ ചില പ്രത്യേക രാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചോ മഹത്വം പറയുന്ന തെളിവിന് യോഗ്യമായ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. " 📗تبيين العجب بما ورد في شهر رجب : ١١

റഗാഇബ് നമസ്കാരത്തിനും ദീനിൽ രേഖയില്ലെന്ന് നമുക്ക് മനസ്സിലാക്കാം.

സുന്നത്തിലധിഷ്ഠിതമായി ഇബാദത്തുകൾ നിർവ്വഹിക്കുവാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ.

പങ്കിടുക: