ശുദ്ധീകരണത്തിന്‍റെ അധ്യായംലിങ്ക് കോപ്പി ചെയ്തു!
ആമുഖം ലിങ്ക് കോപ്പി ചെയ്തു!
ഇസ്ലാമിലെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളിൽ ശഹാദത്ത് കലിമ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിസ്കാരം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ നിസ്കാരത്തിന് കൽപ്പിക്കപ്പെട്ടിട്ടുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിക കർമ്മശാസ്ത്ര പഠനത്തിൽ നിസ്കാരത്തിന് മുന്നോടിയായി 'ശുദ്ധീകരണ'ത്തിന് (ത്വഹാറത്ത്) പണ്ഡിതന്മാർ വലിയ പ്രാധാന്യം നൽകുന്നു.
നിസ്കാരം: പരലോകത്തെ ആദ്യ വിചാരണ
നിസ്കാരം മുസ്ലിമിനെയും അമുസ്ലിമിനെയും തമ്മിൽ വേർതിരിക്കുന്ന പ്രധാന വിവേചകമാണ്. ഒരു അടിമ അല്ലാഹുവിങ്കലേക്ക് മടങ്ങുമ്പോൾ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് തന്റെ നിസ്കാരത്തെക്കുറിച്ചായിരിക്കും. ഈ കർമ്മം സ്വീകരിക്കപ്പെട്ടാൽ ബാക്കിയുള്ള കർമ്മങ്ങളും സ്വീകരിക്കപ്പെടുകയും, നിസ്കാരം തള്ളപ്പെട്ടാൽ മറ്റുള്ളവ തള്ളപ്പെടുകയും ചെയ്യുമെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ത്വഹാറത്ത്: നിസ്കാരത്തിന്റെ താക്കോൽ
നിസ്കാരം ശരിയാകണമെങ്കിൽ ശുദ്ധി അനിവാര്യമാണ്. പ്രവാചകൻ ﷺ പഠിപ്പിച്ചു: "നിസ്കാരത്തിന്റെ താക്കോൽ ശുദ്ധിയാണ്." കേവലം ബാഹ്യമായ വൃത്തിയല്ല ശുദ്ധീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ആത്മീയ ശുദ്ധി കൈവരിക്കാന്‍ സാധിക്കാത്തവന്‍ എത്ര തന്നെ ഭൗതികശുദ്ധി കൈവരിച്ചാലും അത് അവനു പരലോകത്ത് ഉപകാരപ്പെടുകയില്ല.
ത്വഹാറത്ത് (ശുദ്ധീകരണം) എന്നാൽ
മ്ലേച്ഛതകളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നും ശരീരവും മനസ്സും ശുദ്ധിയാവുക എന്നതാണ് പൊതുവില്‍ ശുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്. പണ്ഡിതന്മാർ ഇതിനെ പ്രധാനമായും രണ്ടായി തരംതിരിക്കുന്നു:
ശുദ്ധി രണ്ടുതരം
1. ത്വഹാറത്തു മഅ്നവിയ്യ: (ആത്മീയ ശുദ്ധി )
2. ത്വഹാറത്തുന്‍ ഹിസ്സിയ്യ: (ശാരീരികശുദ്ധി)
1. ത്വഹാറത്തു മഅ്നവിയ്യ (ആത്മീയ ശുദ്ധി)
മനസ്സിനെ ശിർക്ക് (ബഹുദൈവാരാധന), ബിദ്അത്ത് (പുത്തനാചാരങ്ങൾ), പാപങ്ങൾ എന്നിവയിൽ നിന്ന് ശുദ്ധമാക്കുന്നതാണിത്. ആത്മീയ ശുദ്ധി കൈവരിക്കാത്ത ഒരാൾ എത്രതന്നെ ബാഹ്യമായി ശുദ്ധിയായാലും അത് പരലോകത്ത് ഉപകാരപ്പെടില്ല. തൗഹീദിലൂടെ മാത്രമേ ശിർക്ക് എന്ന ആത്മീയ അശുദ്ധിയിൽ നിന്ന് മോചനം സാധ്യമാകൂ.
ശിര്‍ക്ക് ആത്മീയ അശുദ്ധിയാണ്. അല്ലാഹു പറഞ്ഞു :
{یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّمَا ٱلۡمُشۡرِكُونَ نَجَسࣱ }
"സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു."( തൌബ : 28).
ഖുർആനിൽ വസ്ത്രങ്ങൾ ശുദ്ധിയാക്കാൻ പറഞ്ഞതിനെ (സൂറത്തുൽ മുദ്ദഥ്ഥിർ: 4) പാപങ്ങളിൽ നിന്ന് മനസ്സിനെ ശുദ്ധീകരിക്കലാണെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.
وَثِيَابَكَ فَطَهِّرْ ﴿٤﴾
"നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക" (മുദ്ദഥ്ഥിര്‍: 4)
2. ത്വഹാറത്തുൻ ഹിസ്സിയ്യ (ശാരീരിക ശുദ്ധി)
ബാഹ്യമായ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയോ ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമായിരിക്കുകയോ ശുദ്ധിയാവുകയോ ചെയ്യുന്ന അവസ്ഥയാണ് ത്വഹാറത്തുൻ ഹിസ്സിയ്യ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് രണ്ട് രീതിയിലുണ്ട്:
ഹദസ് ഉയർത്തുക : വുളു നഷ്ടപ്പെടുകയോ കുളി നിർബന്ധമാവുകയോ ചെയ്യുന്ന അവസ്ഥ. ഇത് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് തിരിച്ചറിയാൻ കഴിയില്ല. ഇതിൽ നിന്ന് ശുദ്ധിയാകാൻ 'നിയ്യത്ത്' (ഉദ്ദേശം) നിർബന്ധമാണ്.
നജസ് നീക്കം ചെയ്യുക : ശരീരത്തിലോ വസ്ത്രത്തിലോ പറ്റുന്ന പ്രകടമായ അഴുക്കുകൾ. ഇവ നീക്കം ചെയ്യാൻ നിയ്യത്ത് നിർബന്ധമില്ല.
ശുദ്ധീകരണത്തിന്‍റെ ശ്രേഷ്ഠതകള്‍
1.ശുചിത്വം പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
{إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ } [البقرة: 222]
അല്ലാഹു പറഞ്ഞു :"തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു.ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു."
2. ശുചിത്വം കൈവരിച്ചവരെ അല്ലാഹു പുകഴ്ത്തിയിട്ടുണ്ട്
വെള്ളം കൊണ്ടും മറ്റും ശുചിത്വം പാലിക്കുന്നതിനാല്‍ മദീനയിലെ ഖുബാ നിവാസികളെ ഖുര്‍ആനില്‍ അല്ലാഹു പുകഴ്ത്തിയതായി കാണാം. അല്ലാഹു പറഞ്ഞു :
{رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ}[التوبة: 108]
"ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളു കളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു."
3.ശുദ്ധി ഈമാനിന്‍റെ പകുതിയാണ്
عَنْ أَبِي مَالِكٍ الْأَشْعَرِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «الطُّهُورُ شَطْرُ الْإِيمَانِ» [مسلم: 223]
അബൂ മാലിക് അല്‍അശ്അരി رضي الله عنه നിവേദനം: നബി ﷺപറഞ്ഞു: "ശുദ്ധീകരണം ഈമാനിന്‍റെ പകുതിയാണ്." (സ്വഹീഹ് മുസ്ലിം: 223).
ഹദസ്, നജസ് എന്നിവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം എന്തൊക്കെയാണ്
1) ചെറിയ അശുദ്ധി വലിയ അശുദ്ധി ഉയര്‍ത്തുവാന്‍ നിയ്യത്ത് അനിവാര്യമാണ് എന്നാല്‍ നജസ് നീക്കം ചെയ്യാന്‍ നിയ്യത്തിന്‍റെ ആവശ്യമില്ല.
2) ചെറിയ വലിയ അശുദ്ധികള്‍ നമുക്ക് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ സാധിക്കാത്തതാണ് എന്നാല്‍ നജസ് നമുക്ക് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ പറ്റുന്നതാണ്.
3) ചെറിയ ശുദ്ധി വലിയ ശുദ്ധി ഉയര്‍ത്തുവാന്‍ വെള്ളം കൊണ്ട് മാത്രമേ പാടുള്ളൂ . വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയോ വെള്ളം കിട്ടാത്ത അവസ്ഥയോ വന്നാല്‍ മാത്രമേ മണ്ണ് കൊണ്ട് തയമ്മും ചെയ്യാന്‍ പാടുള്ളൂ.
എന്നാല്‍ നജസ് നീക്കം ചെയ്യാന്‍ വെള്ളവും അതുപോലെ ( മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ എന്തൊക്കെ ആധുനിക സംവിധാനങ്ങള്‍ ഉണ്ടോ അതുകൊണ്ടൊക്കെ ശുദ്ധീകരിക്കാം - അഥവാ അതിന്‍റെ നിറമോ മണമോ രുചിയോ മാറുന്ന രൂപത്തില്‍ ശുദ്ധീകരിക്കുന്നത് എന്തൊക്കെയുണ്ടോ അതുകൊണ്ടൊക്കെ) ശുദ്ധീകരിക്കാം
4) ചെറിയ ശുദ്ധിയോ വലിയ ശുദ്ധിയോ ഉള്ള ഒരാള്‍ അതില്‍ നിന്ന് ശുദ്ധിയാവാതെ ( വുളു ചെയ്യാതെയോ കുളിക്കാതെയോ) മറന്നുകൊണ്ട് നിസ്കരിച്ചാല്‍ അവന്‍റെ നിസ്കാരം ശരിയാവുകയില്ല, അവന്‍ മടക്കി നിസ്കരിക്കേണ്ടതാണ്.
എന്നാല്‍ തന്‍റെ ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ നജസ് ഉണ്ടെന്നറിയാതെ ഒരാള്‍ നിസ്കരിച്ചാല്‍ അവന്‍റെ നിസ്കാരം സ്വഹീഹ് ആവുന്നതാണ് (നിസ്കാര ശേഷം അത് അറിയുകയും ചെയ്താല്‍ പോലും അവന്‍ മടക്കി നിസ്കരിക്കേണ്ടതില്ല )
عَنْ أَبِى سَعِيدٍ الْخُدْرِىِّ قَالَ بَيْنَمَا رَسُولُ اللَّهِ -صلى الله عليه وسلم- يُصَلِّى بِأَصْحَابِهِ إِذْ خَلَعَ نَعْلَيْهِ فَوَضَعَهُمَا عَنْ يَسَارِهِ فَلَمَّا رَأَى ذَلِكَ الْقَوْمُ أَلْقَوْا نِعَالَهُمْ فَلَمَّا قَضَى رَسُولُ اللَّهِ -صلى الله عليه وسلم- صَلاَتَهُ قَالَ « مَا حَمَلَكُمْ عَلَى إِلْقَائِكُمْ نِعَالَكُمْ ». قَالُوا رَأَيْنَاكَ أَلْقَيْتَ نَعْلَيْكَ فَأَلْقَيْنَا نِعَالَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- « إِنَّ جِبْرِيلَ -صلى الله عليه وسلم- أَتَانِى فَأَخْبَرَنِى أَنَّ فِيهِمَا قَذَرًا ». وَقَالَ « إِذَا جَاءَ أَحَدُكُمْ إِلَى الْمَسْجِدِ فَلْيَنْظُرْ فَإِنْ رَأَى فِى نَعْلَيْهِ قَذَرًا أَوْ أَذًى فَلْيَمْسَحْهُ وَلْيُصَلِّ فِيهِمَا ».
അബു സയിദ് അല്‍ ഖുദരി പറയുകയാണ്: "ഒരിക്കല്‍ പ്രവാചകന്‍ ﷺ യോടൊപ്പം നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹംﷺ ഇടതു ഭാഗത്തേക്ക് അദ്ദേഹത്തിന്‍റെ ചെരുപ്പുകള്‍ അഴിച്ചു വെക്കുകയുണ്ടായി. ഇത് കണ്ട സ്വഹാബാക്കള്‍ അപ്രകാരം ചെയ്തു. നമസ്കാരശേഷം നിങ്ങള്‍ ചെരിപ്പുകള്‍ അഴിച്ചു മാറ്റാനുള്ള കാരണം എന്താണ് എന്ന് അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ ﷺഇപ്രകാരം ചെയ്യുന്നത് കണ്ടതിനാലാണ് ഞങ്ങളും അപ്രകാരം ചെയ്തത് എന്ന് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ﷺപറഞ്ഞു നമസ്കരിച്ചു കൊണ്ടിരിക്കെ ജിബ്രീല്‍ വരികയും ആ ചെരുപ്പില്‍ അഴുക്കുണ്ട്( മാലിന്യങ്ങള്‍) എന്ന് അറിയിക്കുകയും ചെയ്തു,എന്നിട്ട് പ്രവാചകന്‍ ﷺ പറഞ്ഞു നിങ്ങള്‍ ആരെങ്കിലും പള്ളിയിലേക്ക് വന്നാല്‍ അവന്‍റെ ചെരുപ്പുകളിലെന്തെങ്കിലും മാലിന്യങ്ങള്‍ ഉണ്ടോ എന്ന് നോക്കിക്കൊള്ളട്ടെ. (ഉണ്ടെങ്കില്‍) ഭൂമിയില്‍ ഉരച്ച് നീക്കം ചെയ്യുകയും അത് ധരിച്ചുകൊണ്ടുതന്നെ നമസ്കരിക്കുകയും ചെയ്തുകൊള്ളട്ടെ."
പണ്ഡിതന്മാര്‍ വിവരിക്കുന്നു : 'ഈ ഹദീസ് നമുക്ക് നല്‍കുന്ന പാഠമാണ് ' നമസ്കാരത്തിന് ഇടയിലാണ് നബിﷺ യോട് ജിബിരീല്‍ അലൈസലാം വന്നു അതില്‍ മാലിന്യമുണ്ട് എന്നു പറയുന്നത് അങ്ങനെ അറിഞ്ഞശേഷം അവിടുന്ന്ﷺ അത് അഴിച്ചുവെച്ചു പക്ഷേ പ്രവാചകന്‍ ﷺനമസ്കരിച്ച നമസ്കാരം മടക്കി നിസ്കരിച്ചിട്ടില്ല'.
ശുദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ തുടർ ലേഖനങ്ങളിൽ വിശദീകരിക്കുന്നതാണ്.
