നബിദിനാഘോഷം - എങ്കിലും നല്ലതല്ലേ

Mohammed Shafeeque Madeena
August 23, 2026
167 കാഴ്ചകൾ
നബിദിനാഘോഷം - എങ്കിലും നല്ലതല്ലേ

നബിദിനാഘോഷം - എങ്കിലും നല്ലതല്ലേ

മുഹമ്മദ് ശഫീഖ് മദീന

നബിദിനാഘോഷം ദീനിൽ സ്ഥിരപ്പെട്ട അമലാണ് എന്ന് പ്രമാണങ്ങളുടെ ഏതൊരു അളവുകോലും കൊണ്ട് സ്ഥാപിക്കാൻ കഴിയാതെ വരുമ്പോൾ അത് ആഘോഷിക്കാൻ തൽപര കക്ഷികൾ കണ്ടെത്തുന്ന മാർഗ്ഗമാണ് ' നബിദിനാഘോഷം നല്ലതല്ലേ ' എന്ന മറു ചോദ്യം . അഥവാ നബിദിനം നല്ല ബിദ്അത്താണെന്ന വാദം.

ബിദ്അത്തുകളെ നല്ലത് ചീത്ത എന്നിങ്ങനെ വേർത്തിരിക്കപ്പെട്ടിട്ടുണ്ടോ ? എന്താണ് വസ്തുത ? അത് പോലെ 'നല്ലതല്ലേ ' എന്ന കേവലവാദം കൊണ്ട് ഇസ്ലാമിൽ ഏതെങ്കിലും അമൽ സ്ഥിരപ്പെടുമോ ? അങ്ങനെ ഒരു വാദം കൊണ്ട് വരുമ്പോൾ എന്തൊക്കെയാണ് അതിന്റെ ഭവിഷ്യത്തുകൾ ? ഇവയൊക്കെ നമുക്ക് വസ്തുനിഷ്ടമായി വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം .

ആദ്യമായി ബിദ്അത്തുകളെ താക്കീത് ചെയ്ത് കൊണ്ട് വന്ന നബിവചനങ്ങൾ നമുക്കൊന്ന് പരിശോധിക്കാം ലിങ്ക് കോപ്പി ചെയ്തു!

1. ജാബിർ رضي الله عنهما നിവേദനം ചെയ്ത ഹദീസിൽ അല്ലാഹുവിന്റെ റസൂൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു എന്ന് കാണാം

«فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللهِ. وَخَيْرُ الْهُدَى هُدَى مُحَمَّدٍ. ‌وَشَرُّ ‌الْأُمُورِ ‌مُحْدَثَاتُهَا. ‌وَكُلُّ ‌بِدْعَةٍ ‌ضَلَالَةٌ» «صحيح مسلم»

നബി ﷺ പറഞ്ഞു "തീർച്ചയായും ഏറ്റവും ഉത്തമമായ വാക്ക് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും ഉത്തമമായ മാർഗ്ഗദർശനം മുഹമ്മദ് നബി യുടെ മാർഗ്ഗദർശനമാണ്. കാര്യങ്ങളിൽ ഏറ്റവും മോശമായത് (ദീനിൽ) പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. പുതുതായി ഉണ്ടാക്കപ്പെട്ട എല്ലാ കാര്യങ്ങളും ബിദ്അത്താണ്."

2. ഇർബാദ് ബിൻ സാരിയ رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം

عَنْ عِرْبَاضِ بْنِ سَارِيَةَ، قَالَ: صَلَّى لَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْفَجْرَ، ثُمَّ أَقْبَلَ عَلَيْنَا، فَوَعَظَنَا مَوْعِظَةً بَلِيغَةً، ذَرَفَتْ لَهَا الْأَعْيُنُ ، وَوَجِلَتْ مِنْهَا الْقُلُوبُ......... ‌وَإِيَّاكُمْ ‌وَمُحْدَثَاتِ ‌الْأُمُورِ، ‌فَإِنَّ ‌كُلَّ ‌مُحْدَثَةٍ ‌بِدْعَةٌ، وَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ "

ഇർബാദ് ബിൻ സാരിയ رضي الله عنه വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺഞങ്ങളോടൊപ്പം സുബ്ഹി നിസ്കരിച്ചു. പിന്നീട് ഞങ്ങളുടെ നേരെ തിരിഞ്ഞിരുന്ന് വളരെ ഭാവസാന്ദ്രമായ ഒരു ഉപദേശം നൽകി. അതു കേട്ട് കണ്ണുകൾ ഒഴുകുകയും ഹൃദയങ്ങൾ ഭയന്നു വിറയ്ക്കുകയും ചെയ്തു.നബിﷺ പറഞ്ഞു :...."ദീനിൽ പുതുതായി ഉണ്ടാക്കപ്പെടുന്നതെല്ലാം നീ സൂക്ഷിക്കുക . പുതുതായി ഉണ്ടാക്കുന്ന എല്ലാം ബിദ്അത്താണ്, എല്ലാ ബിദ്അത്തുകളും വഴികേടുമാണ്."

3. ഇബ്നു മസ്ഊദ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ«‌......أَلَا ‌وَإِيَّاكُمْ ‌وَمُحْدِثَاتِ ‌الْأُمُورِ، ‌فَإِنَّ ‌شَرَّ ‌الْأُمُورِ ‌مُحْدَثَاتُهَا، ‌وَكُلُّ ‌مُحْدَثَةٍ ‌بِدْعَةٌ، ‌وَكُلُّ ‌بِدْعَةٍ ‌ضَلَالَةٌ»«سنن ابن ماجه»

നബി പറഞ്ഞു ﷺ "........അറിയുക, പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തിന്മകളിൽ ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. പുതുതായി ഉണ്ടാക്കുന്ന ഓരോന്നും ബിദ്അത്താണ്, എല്ലാ ബിദ്അത്തുകളും വഴികേടാണ്". എന്നാണുള്ളത്.

മേൽ ഹദീസുകളിൽ നിന്ന് വ്യക്തമാകുന്ന പാഠങ്ങൾ

1. എല്ലാ ബിദ്അത്തുകളും വഴികേടുമാണ് എന്ന് നബിﷺ പറഞ്ഞതോടെ ബിദ്അത്തുകളിൽ നല്ലത് ചീത്ത എന്നിങ്ങനെ വേർത്തിരിവില്ല എന്ന് വ്യക്തമാകും .

2. "തിന്മകളിൽ ഏറ്റവും മോശമായത് പുതുതായി ഉണ്ടാക്കപ്പെട്ടവയാണ്. പുതുതായി ഉണ്ടാക്കുന്ന ഓരോന്നും ബിദ്അത്താണ് " എന്നതിൽ നിന്ന് മനസ്സിലാകാവുന്ന കാര്യമാണ് തിന്മകളിൽ ഏറ്റവും മോശമായത് ബിദ്അത്താണെന്നത് . തിന്മയിലും വഴികേടിലും നല്ലതും പ്രശംസനീയവുമായ എന്തെങ്കിലും ഉണ്ടെന്ന് വിവരമുള്ള ഒരാളും പറയില്ല.

4. ബിദ്അത്തുകളിൽ നല്ലതും പ്രശംസനീയവുമായ എന്തെങ്കിലും ഉണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ, അവൻ യഥാർത്ഥത്തിൽ ഇസ്ലാമിക ശരീഅത്തിൻമേൽ കുറ്റം ആരോപിക്കുകയാണ് അഥവാ ദീനിൽ പൂർത്തിയകാ നുള്ള കാര്യം വേറെയും ഉണ്ട് എന്ന് വാദിക്കുന്നവനെപ്പോലെയാണ് കാരണം അല്ലാഹു ഖണ്ഡിതമായി പറഞ്ഞതാണ് {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു " അതായത് ദീനിൽ ഇനി എന്തെങ്കിലും കൂട്ടുവനോ കുറയ്ക്കുവാനോ പാടുള്ളതല്ല .

പൊതുവേ തൽപര കക്ഷികൾ ഉന്നയിക്കുന്ന ചോദ്യമാണ് ചില പണ്ഡിതന്മാർ നല്ല ബിദ്അത്തും ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നത് ലിങ്ക് കോപ്പി ചെയ്തു!

മറുപടി : ചില ബിദ്അത്തുകളെ സലഫുകൾ നല്ലതായി വിശേഷിപ്പിച്ചതായി കാണുന്ന വാചകങ്ങൾ, ഭാഷാപരമായ അർത്ഥത്തിലുള്ള ബിദ്അത്തുകളെക്കുറിച്ചാണ്;അല്ലാതെ ശർഇയ്യായ ബിദ്അത്തുകളെക്കുറിച്ചല്ല. റമദാനിലെ തറാവീഹ് നിസ്കാരം ജനങ്ങളെ ഒരു ഇമാമിന് കീഴിൽ പള്ളിയിൽ ഒരുമിച്ചുകൂട്ടുകയും, പിന്നീട് പുറത്തുവന്ന് അവർ അങ്ങനെ നിസ്കരിക്കുന്നത് കാണുകയും ചെയ്തപ്പോൾ ഉമർ رضي الله عنه പറഞ്ഞ വാചകം ഇതിനൊരു ഉദാഹരണമാണ്: "ഇത് എത്ര നല്ല ബിദ്അത്ത്".

ഇമാം നവവി رحمه الله തൻ്റെ തഹ്ദീബുൽ അസ്മാഇ വൽ ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "ശർഇൽ 'ബിദ്അത്ത്' എന്നാൽ നബിﷺയുടെ കാലത്ത് ഇല്ലാതിരുന്ന ഒന്നിനെ പുതുതായി ഉണ്ടാക്കലാണ്..."

ഇതിന്റെ കൂടെ മനസ്സിലാക്കേണ്ട ഒരു തത്ത്വമാണ് 'ഖുലഫാഉർ റാഷിദുകളുടെ സുന്നത്തും സുന്നത്തിൽ പ്പെട്ടതാണ് ' എന്നത്. ഖുലഫാഉർ റാഷിദുകളായ അബൂബക്കർ, ഉമർ, ഉസ്‌മാൻ, അലി رضي الله عنهم എന്നിവരിൽ ആരെങ്കിലും നടപ്പിലാക്കിയ കാര്യങ്ങൾ ബിദ്അത്തല്ല, മറിച്ച് സുന്നത്താണ്; നബിﷺയുടെ കൽപ്പനയിൽ ഇപ്രകാരം കാണാം

«‌فَعَلَيْكُمْ ‌بِسُنَّتِي، ‌وَسُنَّةِ ‌الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ»«سنن ابن ماجه»

നബിﷺ പറഞ്ഞു : "നിങ്ങൾ എന്റെ സുന്നത്തും നേർവഴിയിലായ ഖുലഫാഉർ റാഷിദുകളുടെ സുന്നത്തും മുറുകെ പിടിക്കുക.."

കൂടാതെ, പ്രവാചകൻ ﷺറമദാനിലെ രാത്രി നിസ്കാരം ജനങ്ങളോടൊപ്പം ജമാഅത്തായി നിസ്കരിക്കുകയും, പിന്നീട് അത് തന്റെ ഉമ്മത്തിന് നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്ന് അത് ഒഴിവാക്കുകയുമാണ് ചെയ്തത്. അതിനാൽ, ഉമർ رضي الله عنه വിന്റെ ഈ പ്രവർത്തനം പ്രവാചകന്റെﷺ ചര്യയോട് പൂർണ്ണമായി യോജിക്കുന്നതാണ്; അത് ബിദ്അത്തുകളിൽ പെട്ടതല്ല.

 ഇബ്നു റജബ് رحمه الله 'തന്റെ ജാമിഉൽ ഉലൂമി വൽ ഹിക്മ് 'എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞു:

"ശരീഅത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത പുതിയ കാര്യങ്ങളെയാണ് ബിദ്അത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ശരീഅത്തിൽ തെളിവുള്ളതും അടിസ്ഥാനമുള്ളതുമായ കാര്യങ്ങൾ ശറഇയ്യായി ബിദ്അത്തല്ല, ഭാഷാപരമായ അർത്ഥത്തിൽ ബിദ്അത്ത് എന്ന് വിളിക്കാമെങ്കിലും."

ദിനിൽ 'നല്ല ബിദ്അത്ത്' ഉണ്ട് എന്ന് പറയുന്നത് ശരിയല്ല. മറിച്ച്, കൃത്യമായ നിബന്ധനകൾക്ക് വിധേയമായി ശറഇയ്യായ പ്രമാണങ്ങൾക്ക് അനുയോജ്യമായി പുതുതായി നിർമ്മിക്കപ്പെട്ട കാര്യങ്ങൾ ബിദ്അത്തല്ല, മറിച്ച് ശറഇയ്യായ ഇബാദത്താണ്; കാരണം അതിന് പ്രമാണങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ഭാഷാപരമായ അർത്ഥത്തിൽ അതിനെ ബിദ്അത്ത് എന്ന് വിളിക്കുന്നത് ശരിയാകാം.

ഇതുമൂലമാണ് ഇബ്നു ഹജർ അൽ ഹൈതമി ഇപ്രകാരം പറഞ്ഞത്:"അത് ശറഇയ്യായ അർത്ഥത്തിൽ ബിദ്അത്തല്ല. കാരണം ശറഇയ്യായ ബിദ്അത്ത് വഴികേടാണ് , പ്രവാചകൻﷺ അരുളിയത് പോലെ. പണ്ഡിതന്മാരിൽ ആരെങ്കിലും അതിനെ നല്ലതെന്നും അല്ലാത്തതെന്നും വിഭജിച്ചിട്ടുണ്ടെങ്കിൽ, അവർ ഭാഷാപരമായ ബിദ്അത്തിനെയാണ് വിഭജിച്ചത്. എന്നാൽ 'എല്ലാ ബിദ്അത്തും വഴികേടാണ്' എന്ന് പറഞ്ഞവർ ശറഇയ്യായ ബിദ്അത്തിനെയാണ് ഉദ്ദേശിച്ചത്. സ്വഹാബികളും അവരെ താബിഉകളും അഞ്ച് നിർബന്ധ നിസ്കാരങ്ങളല്ലാത്ത പെരുന്നാൾ നിസ്കാരം പോലെയുള്ളവയിൽ ബാങ്ക് വിളി വിരോധിക്കപ്പെട്ടിരുന്നില്ലെങ്കിലും അത്തരം കാര്യങ്ങളെ എതിർത്തതായി കാണാൻ കഴിയും , അതുപോലെ ത്വവാഫിനോട് ഖിയാസ് ചെയ്ത് ശാമിലെ രണ്ട് റുക്നുകൾ ചുംബിക്കുന്നതിനെയും സ്വഫാ-മർവ്വക്കിടയിലെ സഅ്യിന് ശേഷം നിസ്കരിക്കുന്നതിനെയും( ഇത് ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് നബിﷺയിൽ നിന്ന് വിലക്ക് വരാതിരിന്നിട്ടും ) അവർ അത് വെറുത്തിരുന്നു. അതുപോലെതന്നെ, പ്രവാചകന്റെﷺ ജീവിതകാലത്ത് ചെയ്യാനുള്ള സാഹചര്യവും ആവശ്യവും ഉണ്ടായിരുന്നിട്ടും അവിടുന്ന് ഉപേക്ഷിച്ച കാര്യങ്ങൾ കൈവെടിയൽ സുന്നത്തും, അത് പ്രവർത്തിക്കൽ ആക്ഷേപാർഹമായ ബിദ്അത്തുമാണ്."

ചുരുക്കത്തിൽ ഇത്രയും വിശദീകരിച്ചതിൽ നിന്ന് നല്ല ബിദ്അത്ത് എന്ന പേര് പറഞ്ഞ് ദീനിൽ പുതുതായി ഒന്നും ഉണ്ടാക്കാൻ പാടില്ല എന്ന് വായനക്കാർക്ക് വ്യക്തമായിട്ടുണ്ടാവും.

എങ്കിലും നബിദിനാഘോഷം നല്ലതല്ലേ ?ലിങ്ക് കോപ്പി ചെയ്തു!

നബിﷺ ജനിച്ചത്തിന്റെ സന്തോഷത്തിലാണ് ഞങ്ങൾ നബിദിനമാഘോഷിക്കുന്നത് അതിനാൽ മൗലിദാഘോഷം നല്ലതും സ്തുത്യർഹവും അനുഗൃഹീതവുമായ ഒരു നല്ല സുന്നത്താണ് എന്നാണ് പൊതുവിലുള്ള ന്യായീകരണം. എന്താണ് ഇത്തരം വാദങ്ങളുടെ വസ്തുത ?

മൗലിദാഘോഷം നല്ലതും സ്തുത്യർഹവും അനുഗൃഹീതവുമായ ഒരു നല്ല സുന്നത്താണ് എന്ന് പറയുന്നതിൽ നിന്ന് വളരെ ഗുരുതരമായ ചില തെറ്റായ കാര്യങ്ങൾ ദീനിൽ നാം ആരോപിക്കുന്നതിന് തുല്യമാണ് . അതിൽ ഒന്നാമത്തേത്:

1.ഒന്ന് : മൗലിദാഘോഷം അല്ലാഹു തന്റെ അടിമകൾക്ക് പൂർത്തിയാക്കിക്കൊടുക്കുകയും തൃപ്തിപ്പെടുകയും ചെയ്ത ദീനിന്റെ ഭാഗമാണ് എന്ന് പറയേണ്ടിവരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് ദീനിൽ വ്യക്തമായി അറിയാവുന്ന കാര്യമാണ്. കാരണം അല്ലാഹു തന്റെ അടിമകളോട് മൗലിദ് ആഘോഷിക്കാൻ കൽപ്പിച്ചിട്ടില്ല, പ്രവാചകൻ ﷺ അതിന് കൽപ്പിച്ചിട്ടില്ല, അവിടുന്ന്ﷺ അത് പ്രവർത്തിച്ചിട്ടുമില്ല. ഖുലഫാഉർ റാഷിദുകളോ മറ്റു സ്വഹാബികളോ താബിഉകളോ നന്മയിൽ അവരെ പിൻപറ്റിയവരോ അത് ചെയ്തിട്ടില്ല. എന്ന് മാത്രമല്ല, ഏകദേശം അറുന്നൂറോളം വർഷങ്ങൾ കടന്നുപോകുന്നത് വരെ മുസ്ലിങ്ങൾക്കിടയിൽ ഇങ്ങനെ ഒന്ന് അറിയപ്പെട്ടിട്ടുപോലുമുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഇർബിലിലെ സുൽത്താൻ ഇത് പുതുതായി ഉണ്ടാക്കുന്നതും ആളുകൾക്കിടയിൽ അതിന് പ്രചാരം ലഭിക്കുന്നതും.അതുകൊണ്ട്, മൗലിദാഘോഷം ദീനിന്റെ ഭാഗമാണെന്ന് ആരെങ്കിലും വാദിച്ചാൽ, അവൻ അല്ലാഹുവിന്റെ മേലിലും അവന്റെ ഗ്രന്ഥത്തിന്റെ മേലിലും പ്രവാചകന്റെﷺ മേലിലും അറിവില്ലാതെ സംസാരിക്കുകയാണ് ചെയ്തിട്ടുള്ളത്.

2.രണ്ട് : പ്രവാചകനുംﷺ അവിടുത്തെ സ്വഹാബികളും നല്ലതും അനുഗൃഹീതവും സ്തുത്യർഹവുമായ ഒരു സുന്നത്തിനെ പ്രവർത്തിക്കാതെ ഉപേക്ഷിച്ചു എന്ന് പറയേണ്ടിവരുന്നു.അത് അവരുടെ മേൽ ആരോപിക്കുന്ന വളരെ നീചമായ ആരോപണങ്ങൾക്ക് തുല്യമാണ് . പ്രവാചകനുംﷺ അവിടുത്തെ അനുചരന്മാരും ഒരു സുന്നത്ത് ചെയ്യാതെ ഉപേക്ഷിക്കുക എന്ന കാര്യങ്ങളിൽ നിന്ന് തികച്ചും മുക്തരാണ്.

3. മൂന്ന് : മൗലിദ് ആഘോഷിക്കുന്നവർക്ക് പ്രവാചകനോﷺ അവിടുത്തെ അനുചരന്മാർക്കോ ലഭിക്കാത്ത, നല്ലതും അനുഗൃഹീതവും സ്തുത്യർഹവുമായ ഒരു സുന്നത്തിന്റെ പ്രതിഫലം ലഭിച്ചു എന്നാണ് വരുക. ലളിതമായ ബുദ്ധിയോ ദീനീബോധമോ ഉള്ള ഒരാൾപോലും ഇത്തരം ഒരു കാര്യം പറയുകയില്ല.

4. നാല് : ദീനിൽ മൗലിദാഘോഷം സുന്നത്താക്കപ്പെട്ടിട്ടും നബിﷺയും സ്വഹാബാക്കളും അത് നമ്മെ അറിയിക്കാതെ മറച്ച് വെച്ചു എന്നാണ് ഇത് പുതുതായി ആഘോഷിക്കുന്നവർ പറയാതെ വാദിക്കുന്നത് . الله المستعان

മൗലിദാഘോഷം നല്ല ബിദ്അത്ത് തന്നെ ?!!ലിങ്ക് കോപ്പി ചെയ്തു!

നബിദിനാഘോഷം നല്ല ബിദ്അത്താണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് എന്നതാണ് അത് ആഘോഷിക്കുന്നവർ തെളിവ് പിടിക്കുന്ന ഒരു കാര്യം.

ഇബാദത്തുകൾ അധിഷ്ഠിതമായിരിക്കുന്നത് ശറഇയ്യായ പ്രമാണങ്ങളിലും ,പ്രവാചകനെﷺ പിൻപറ്റുന്നതിലുമാണ്; അല്ലാതെ വ്യക്തിപരമായ അഭിപ്രായങ്ങളിലോ നല്ലതായി തോന്നുന്ന കാര്യങ്ങളിലോ അതിന്റെ അടിസ്ഥാനത്തിൽ പുതിയ കാര്യങ്ങൾ നിർമ്മിക്കുന്നതിലോ അല്ല. പ്രവാചകന്റെﷺ വാക്കിന് എതിരായി മറ്റൊരാളുടെ വാക്കിനും യാതൊരു സ്ഥാനവുമില്ല.അത് എത്ര വലിയ ഇമാമും പണ്ഡിതനുമാണെങ്കിലും ശരി . സ്വഹീഹായ ഹദീസ് മനസ്സിലാകിയിട്ടും നബിയുടെ വാക്ക് ഉപേക്ഷിച്ച് മഹാനായ ഈമാമായ സുഫ്യാൻ അഥ്-ഥൗരി رحمه الله യെ തഖ്ലീദ് ചെയ്യുന്ന ഒരു സമൂഹത്തെ പറ്റി ഇമാം അഹ്മദ് رحمه الله പറഞ്ഞ വാക്ക് എത്ര ശ്രദ്ധേയമാണ് : ഇമാം അഹ്മദ് رحمه الله പറഞ്ഞു: "ഹദീസിന്റെ സനദും അതിന്റെ പ്രാമാണികതയും വ്യക്തമായി അറിഞ്ഞിട്ടും സുഫ്യാനിന്റെ അഭിപ്രായത്തിലേക്ക് പോകുന്ന ഒരു കൂട്ടം ആളുകളെ ഓർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. അല്ലാഹു ഇപ്രകാരം പറയുന്നുവല്ലോ: {അതിനാൽ അല്ലാഹുവിന്റെ റസൂലിന്റെ കൽപ്പനയ്ക്ക് എതിര് പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ഫിത്നയോ അല്ലെങ്കിൽ വേദനയേറിയ ശിക്ഷയോ ബാധിക്കുന്നതിനെ ഭയന്നുകൊള്ളട്ടെ}. [സൂറത്തുന്നുർ: 63]. ഫിത്ന എന്നാൽ എന്താണെന്ന് നിനക്കറിയാമോ? ഫിത്ന എന്നാൽ ശിർക്കാണ്. പ്രവാചകന്റെﷺ വചനത്തിൽ ഏതെങ്കിലും ഒന്നതിനെ അവൻ തള്ളിക്കളയുമ്പോൾ അവന്റെ ഹൃദയത്തിൽ വല്ല വഴിപിഴവും സംഭവിക്കുകയും അങ്ങനെ അവൻ നശിച്ചുപോവുകയും ചെയ്തേക്കാം.".

അപ്പോൾ നബിﷺയോ സ്വഹാബക്കളോ മൂന്ന് നൂറ്റാണ്ടുകളിലെ സച്ചതിരായ സലഫുകളോ ആചരിക്കാത്ത സ്വഹീഹായ ഹദീസ് പോയിട്ട് പേരിന് പോലും ഒരു ളഈഫയായ ഹദീസിന്റെ പിൻബലം പോലുമില്ലാത്ത മൗലിദാഘോഷം എങ്ങനെയാണ് കേവലം ചില പണ്ഡിതന്മാരുടെ വാക്കുകൾ കാരണമായി നിർവ്വഹിക്കുക ?!!!

ഇമാം ശാഫിഈ رحمه الله പറഞ്ഞു :"പ്രവാചകന്റെﷺ സുന്നത്ത് വ്യക്തമായി ബോധ്യപ്പെട്ട ഒരാൾക്കും, മറ്റാരുടെയും വാക്കിന് വേണ്ടി അത് ഉപേക്ഷിക്കാൻ പാടില്ലെന്ന കാര്യത്തിൽ മുസ്ലിങ്ങൾ ഏകോപിച്ചിരിക്കുന്നു ".

കിതാബ് അൽ ഉമമ് ൽ ഇമാം ശാഫിഈ رحمه الله പറയുന്നത് നോക്കൂ : "പ്രവാചകന്റെ ﷺ വാക്ക് ഉപേക്ഷിച്ച് മറ്റാരുടെയും വാക്ക് സ്വീകരിക്കാൻ ഒരു പണ്ഡിതനും പാടുള്ളതല്ല." الأم» للإمام الشافعي (7/ 275 ط الفكر)

അതിനാൽ പ്രിയ സഹോദരങ്ങളേ ദീനിൽ സ്ഥിരപ്പെടാത്ത ഒരു കാര്യം എത്ര വലിയ മഹാൻ പറഞ്ഞാലും അത് തള്ളിക്കളയാനുള്ള ത്രാണി ,അതിനുള്ള ഈമാൻ നാം ആർജിക്കണം . അതാണ് 'യഥാർത്ഥ പ്രവാചകസനേഹം '.

പണ്ഡിതന്മാർക്കിടയിൽ വ്യക്തമായി അറിയപ്പെട്ട കാര്യമാണ് മൗലിദാഘോഷം പ്രവാചകന്റെയോ ﷺ അവിടുത്തെ അനുചരന്മാരുടെയോ കാലത്തോ, ഉത്തമമായ മൂന്ന് നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ല എന്നത് . മറിച്ച് പ്രവാചകന്റെ ﷺ കാലശേഷത്തിന് ഏകദേശം അറുന്നൂറോളം വർഷങ്ങൾക്ക് ശേഷമാണ് അത് പുതുതായി ഉടലെടുത്തത്. അത് മൗലിദാഘോഷിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട്. മൗലിദ് കഴിച്ചിരുന്ന തഴവ മുസ്ല്യാർ തന്നെ എഴുതിയത് കാണുക:

'മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ

അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ

എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ

അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ'. (അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245)

ശാഫിഈ പണ്ഡിതരിൽ പ്രമുഖനായ ഇബ്നു ഹജർ അൽ അസ്ഖലാനിയോട് رحمه الله നബിദിനത്തെക്കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'മൗലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ട് വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ധരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്തി/തുഹ്ഫത്തുൽ മുഹ്താജ് ഫീ ശർഹിൽ മിൻഹാജ്,ഇബ്നു ഹജർ അൽ-ഹൈതമി )"

നബിദിനാഘോഷം നല്ല ബിദ്അത്താണ്, അക്കാരണത്താൽ ആഘോഷിക്കാം എന്ന് ആരൊക്കെ ഫത് വ നല്കിയാലും അതൊക്കെ ബാത്തിലാണെന്ന് വ്യക്തമാണ് .

പല കാരണങ്ങളാലും നബിദിനാഘോഷം ദീനിൽ വെറുക്കപ്പെട്ട ബിദ്അത്ത് തന്നെയാണെന്ന് അഹലുസ്സുന്നതി വൽ ജമാഅത്തിന്റെ പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട് . ലിങ്ക് കോപ്പി ചെയ്തു!

1. ഒന്നാമതായി: ദീനുൽ ഇസ്ലാം രണ്ട് പ്രധാന അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്:അല്ലാഹുവിനെ അല്ലാതെ മറ്റാർക്കും ഇബാദത്തുകൾ അർപ്പിക്കരുതെന്നും എന്നും പ്രവാചകനിലൂടെ അല്ലാഹു നിശ്ചയിച്ചപ്രകാരമല്ലാതെ അവനെ ഇബാദത്തുകൾ ചെയ്യരുതെന്നുമുള്ളതാണ് അവ. ഇതിൽ രണ്ടാമത്തെ അടിസ്ഥാനം പ്രവാചകനെﷺ മാത്രം പിൻപറ്റുക എന്നതും അതിന് വിരുദ്ധമായ 'ബിദ്അത്തുകൾ ഉപേക്ഷിക്കുക എന്നതുമാണ് . അതുകൊണ്ട് തന്നെയാണ് ബിദ്അത്തുകളെ തള്ളിക്കളയണമെന്നും അവ വഴികേടുകളാണെന്നും അത് തള്ളപ്പെടേണ്ടതാണെന്നും പണ്ഡിതന്മാർ ഏകോപിച്ച് പറഞ്ഞത്. പ്രവാചകന്റെ ﷺ ഈ വാക്കാണ് ഇതിന് തെളിവ്: "നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ ) അതിൽപ്പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്" . ഇമാം നവവി رحمه الله ശർഹു മുസ്ലിമിൽ പറഞ്ഞു: " എല്ലാ ബിദ്അത്തുകളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിൽ ഇത് വ്യക്തമായ തെളിവാണ്."

2. രണ്ടാമതായി: നബി ﷺയുടെ കാലഘട്ടത്തിൽ ദീനിൽ 'ഒരു കാര്യം ചെയ്യാൻ ആവശ്യകത ഉണ്ടായിരിക്കുകയും' 'അവ ചെയ്യുന്നതിൽ ഒരു തടസ്സമില്ലാതിരിക്കുകയും' ഉണ്ടാകാവേ നബിﷺ ആ കാര്യം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ പിൽക്കാലത്ത് നല്ലതല്ലേ എന്ന് പറഞ്ഞു അത് നിർവ്വഹിക്കൽ ബിദ്അത്ത് തന്നെയാണ്.ഈ തത്ത്വത്തിന് തെളിവ് മുൻപ് പരാമർശിച്ച ഹദീസാണ്.മാത്രമല്ല സമസ്തക്കാർ പോലും അംഗീകരിക്കുന്ന പണ്ഡിതനായ ഇബ്നു ഹജർ അൽ ഹൈതമി പോലും അത് വ്യക്തമാക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു : "പ്രവാചകന്റെ ﷺ ജീവിതകാലത്ത് ചെയ്യാനുള്ള സാഹചര്യവും ആവശ്യവും ഉണ്ടായിരുന്നിട്ടും അവിടുന്ന് ഉപേക്ഷിച്ച കാര്യങ്ങൾ കൈവെടിയൽ സുന്നത്തും, അത് പ്രവർത്തിക്കൽ ആക്ഷേപാർഹമായ ബിദ്അത്തുമാണ്."

3. മൂന്നാമതായി : ഇബാദത്തുകളുടെ അടിസ്ഥാനം 'തൗഖീഫ്' അഥവാ -പ്രമാണങ്ങളെ മാത്രം അധീനപ്പെടുത്തൽ ആണ് .ധാരാളം പണ്ഡിതന്മാർ ഇത് വിവരിക്കുന്നതായി കാണാം

ഇബ്നു ഹജർ അൽ അസ്ഖലാനി رحمه الله തന്റെ ഫത്ഹുൽ ബാരിയിൽ വിവരിക്കുന്നു "ഇബാദത്തുകളുടെ അടിസ്ഥാനം പ്രമാണങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതാണ്." അപ്രകാരം തന്നെ ശാഫിഈ മദ്ഹബിലെ പ്രമുഖ ഉസൂൽ പണ്ഡിതനായ സുബ്കി വിവരിക്കുന്നതായി കാണാം .

അതിനാൽ നബിദിനാഘോഷം ഒരു ഇബാദത്തും പുണ്യം ലഭിക്കുന്ന കാര്യമാണെങ്കിൽ ശർഇയ്യായ സാധുത സ്ഥാപിക്കുന്നവരാണ് അതിന് തെളിവ് ഹാജരാക്കേണ്ടത്. എന്നാൽ മൗലിദിന്റെ അടിസ്ഥാനം തന്നെ ബിദ്അത്താണെന്ന് അത് ആഘോഷിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട് .

  • "അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്, ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നി വോയ്സ്, 2000 ജൂലൈ-16, പേജ്. 26)"

4. നാലമാതായി : പ്രവാചകനെﷺ മാതൃകയാക്കുക എന്നത് അവിടുന്ന് ചെയ്ത കാര്യങ്ങളെപ്പോലെ തന്നെ അവിടുന്ന് ഒഴിവാക്കിയ കാര്യങ്ങളെയും (തുറൂക്) ഉൾക്കൊള്ളുന്നു; നിരവധി പണ്ഡിതന്മാരും ഉസ്വൂൽ വിദഗ്ദ്ധരും ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം മുസ്ലിം ഉദ്ദരിക്കുന്ന ഉമാറ ബിൻ റുഐബ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദഹം ബിശ്ര് ബിൻ മർവാനെ മിമ്പറിൽ (ദുആ ചെയ്യുമ്പോൾ ) ഇരു കൈകളും ഉയർത്തിയതായി കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: "അല്ലാഹു ഈ രണ്ട് കൈകളെയും ശപിക്കട്ടെ (ശപിക്കപ്പെട്ടതാക്കട്ടെ)! പ്രവാചകൻﷺ തന്റെ കൈകൊണ്ട് ഇത്രമാത്രമല്ലാതെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല." അവിടുന്ന് തന്റെ ചൂണ്ടുവിരൽ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു."

സ്വഹാബിയായ ഉമാറ ബിൻ റുഐബ رضي الله عنه ബിശ്ര് ബിൻ മർവാനെ എതിർക്കുന്നതിനായി 'സുന്നത്തുത്തുർക്കിയ്യ' (പ്രവാചകൻ ﷺ ഉപേക്ഷിച്ച കാര്യം ചെയ്യരുത് എന്ന തത്ത്വം) ആണ് തെളിവായി സ്വീകരിച്ചത്.

ഇമാം ശാഫിഇ رحمه الله തന്റെ 'അർ-രിസാല' എന്ന ഗ്രന്ഥത്തിൽ ഈ തത്ത്വം പഠിപ്പിക്കുന്നതായി കാണാം. അദ്ദേഹം പറഞ്ഞു : "ജനങ്ങളുടെ കൈവശം അത് (സ്വർണ്ണവും വെള്ളിയും) അല്ലാതെ ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയുടെ കട്ടകളും കഷ്ണങ്ങളുമുണ്ട്. പ്രവാചകനോﷺ അവിടുത്തേക്ക് ശേഷമുള്ള മറ്റാരെങ്കിലുമോ അതിൽ നിന്ന് സകാത്ത് ഈടാക്കാതിരുന്നപ്പോൾ, അവിടുന്ന് അത് ഒഴിവാക്കിയതിനെ പിൻപറ്റിക്കൊണ്ട് നമ്മളും അത് (അതിൽ സകാത്ത് ഈടാക്കുന്നത്) ഒഴിവാക്കി." «الرسالة للشافعي» (ص194)

ഹിജറ അഞ്ചാം നൂറ്റാണ്ടിൽ മരണപ്പെട്ട ഇമാം അസ്-സംആനി رحمه الله പറഞ്ഞു:

قال ابن السمعاني، : "‌إذا ‌ترك ‌النبي - ‌صلى ‌الله ‌عليه ‌وسلم - ‌شيئًا ‌وجب ‌علينا ‌متابعته ‌فيه".. قواطع الأدلة (1/ 311)

"പ്രവാചകൻ ഒരു കാര്യം ഒഴിവാക്കിയാൽ, ആ കാര്യത്തിൽ അവിടുത്തെ പിൻപറ്റൽ നമുക്ക് നിർബന്ധമാണ്."

അതിനാൽ നബിയോ ﷺസ്വഹാബാക്കളോ ആദ്യ മൂന്ന് നൂറ്റാണ്ട് വരെയുള്ള നല്ലവരായ മുൻഗാമികളോ നബിദിനം ആഘോഷിച്ചിട്ടില്ലാത്തതിനാൽ പിൻഗാമികളും ആ മാതൃക പിൻപറ്റി അത് ഉപേക്ഷിക്കേണ്ടതാണ് .

5. അഞ്ചാമതായി : പ്രവാചകന്റെﷺ ജന്മദിനം റബീഉൽ അവ്വൽ പന്ത്രണ്ടാണെന്നതിന് യാതൊരു രേഖയുമില്ല . അവിടുന്ന് ജനിച്ചത് ഒരു തിങ്കളാഴ്ചയും ,ആമുൽ ഫീൽ വർഷത്തിലുമാണെന്നതിനെ പണ്ഡിതന്മാർ കാര്യങ്ങളിൽ ഏകോപിച്ചിട്ടുള്ളത്.നബിﷺ ജനിച്ച ദിവസത്തെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ ധാരാളം അഭിപ്രായങ്ങളുണ്ട് . അതിൽ ഉറപ്പിച്ചു പറയാവുന്ന സ്വഹീഹായ യാതൊരു തെളിവുമില്ല. അവിടുന്ന് ജനിച്ച തീയതിയെക്കുറിച്ചും മാസത്തെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇബ്നു ഇസ്ഹാഖ് അഭിപ്രായപ്പെട്ടത് റബീഉൽ അവ്വൽ 12-നാണ് അവിടുന്ന് ജനിച്ചത് എന്നാണ്. വാഖിദി അഭിപ്രായപ്പെട്ടത് റബീഉൽ അവ്വൽ 10-നാണെന്നാണ്. റബീഉൽ അവ്വൽ 2-നാണ് അവിടുന്ന് ജനിച്ചതെന്നാണ് അബൂ മഅ്ഷർ അസ്-സിന്ദിയുടെ അഭിപ്രായം.

ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഈ ദിവസം അവിടുത്തെ വഫാത്ത് ദിനമാണ്. ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: "അവിടുത്തെ വഫാത്ത് റബീഉൽ അവ്വലിലെ ഒരു തിങ്കളാഴ്ച ദിവസമായിരുന്നു എന്നതിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല, അതിൽ ഏകകണ്ഠമായ അഭിപ്രായമുണ്ട് (ഇജ്മാഅ്) എന്ന് തന്നെ പറയാം."

നോക്കൂ, പിശാച് ആളുകളെ എങ്ങനെയാണ് വഴിപിഴപ്പിച്ചത്! അവിടുത്തെ വഫാത്തിന്റെ ദിവസത്തെ അവർ ഈദും സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്ന ദിനവുമാക്കി മാറ്റി! 

നബിയുടെ ജനന ദിവസത്തിന് എന്തെങ്കിലും പ്രത്യേകത സ്വഹാബാക്കൾ കൽപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ ജനന തീയ്യതിയിലെ അഭിപ്രായ വിത്യാസം നിലനിൽക്കുമായിരുന്നോ ?!ലിങ്ക് കോപ്പി ചെയ്തു!

മൗലിദ് ദിനത്തെ ഏതെങ്കിലും പ്രത്യേക കർമ്മങ്ങൾക്കായി നീക്കിവെക്കുന്നത് ശരഇയ്യായി അനുവദിക്കപ്പെട്ട ഒന്നായിരുന്നുവെങ്കിൽ, സ്വഹാബികൾ അത് കൃത്യമായി തിട്ടപ്പെടുത്തുന്നതിലും വ്യക്തമാക്കുന്നതിലും നിർണ്ണയിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുമായിരുന്നു.

നബി ﷺചിരിച്ചു .. നബി ﷺകരഞ്ഞു .. പുഞ്ചിരിച്ചു .. അവിടുത്തെ മുഖം ചുവന്നു .. എന്നിങ്ങനെ നബിﷺയുടെ ഓരോ സ്പന്ദനങ്ങളും ഒപ്പിയെടുത്ത് നമുക്ക് എത്തിച്ച് തന്ന സ്വഹാബാക്കൾ നബിﷺയുടെ ജന്മദിനവും അതിലെ ആഘോഷങ്ങളും എന്ത് കൊണ്ട് നമുക്ക് എത്തിച്ച് തന്നില്ല ?! ബുദ്ധിയുള്ളവരേ ചിന്തിക്കൂ ?? അങ്ങനെയൊരു ആഘോഷം അവർക്കാർക്കും പരിചയമില്ല എന്നത് തന്നെയാണ് അതിനുള്ള ഉത്തരം. അതിനാൽ സ്വന്തം ശരീരത്തേക്കാൾ സമ്പത്തിനെക്കാൾ സ്വന്തം മാതാപിതാക്കളേക്കാൽ മക്കളേക്കാൾ നബിﷺ സ്നേഹിച്ച അവിടുത്തെ അനുചരന്മാർക്ക് പരിചയമില്ലാത്ത 'നബിദിനാഘോഷത്തിന്റെ പേരിലുള്ള ഈ പ്രവാചസ്നേഹം ' നമുക്കും വേണ്ട . സ്നേഹിക്കാം നമ്മുടെ പ്രവാചകനെﷺ ജീവനേക്കാൾ മറ്റെല്ലാറ്റിനേക്കാൾ പക്ഷേ പ്രവാചകൻﷺ വെറുത്ത ബിദ്അത്ത് ചെയ്ത് കൊണ്ട് വേണ്ട .. അല്ലാഹു അനുഗ്രഹിക്കട്ടെ .. ആമീൻ

പങ്കിടുക: