ഇസ്ലാം പൗരോഹിത്യവും വിവേചനവുമില്ലാത്ത മതം

Mohammed Shafeeque Madeena
January 9, 2026
90 കാഴ്ചകൾ
ഇസ്ലാം പൗരോഹിത്യവും വിവേചനവുമില്ലാത്ത  മതം

ഇസ്ലാം സമ്പൂർണ്ണമാണ് -

 പൗരോഹിത്യവും വിവേചനവുമില്ലാത്ത മതം

പൗരോഹിത്യം മതങ്ങളെ അധീനപ്പെടുത്തിയപ്പോൾ ഇസ്ലാം അത്തരം കരാളഹസ്തങ്ങളിൽ നിന്ന് സുരക്ഷിതമായി എന്നും അജയ്യമായി നിലനിൽക്കുന്നു. ഇസ്ലാമിൽ മനുഷ്യനും അവന്റെ റബ്ബായ അല്ലാഹുവും തമ്മിലുള്ള ബന്ധത്തിൽ ഇടയാളന്മാരോ ചൂഷണം ചെയ്യപ്പെടാൻ പൗരോഹിത്യമോ ഇല്ല.

നബിﷺയുടെ ആഗമനത്തിന്നു മുന്നെയുള്ള ജൂത ക്രൈസ്തവ സമൂഹത്തെ കുറിച്ച് ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ പരാമർശിക്കുന്നതായി കാണാം . അല്ലാഹു പറഞ്ഞു :

"സന്യാസജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല.എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല."( വി.ഖുർആൻ 57 : 27)

പൗരോഹിത്യത്തിന്റെ ഭാഗമായി ക്രൈസ്തവ പുരോഹിതന്മാരിൽ വന്നുഭവിച്ച ഏറ്റവും പ്രധാനമായ വ്യതിയാനമായിരുന്നു 'അല്ലാഹുവിൻറെ അധികാരത്തിൽ പെട്ട ഹലാൽ ഹറാം നിശ്ചയിക്കൽ' പുരോഹിതന്മാർ കൈകടത്തിയത്.അല്ലാഹു പറയുന്നു :

"അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏക ആരാധ്യനെ (അല്ലാഹുവിനെ) ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!" ( വി.ഖുർആൻ 9 : 31)

"അഹ്ബാർ' എന്നത് ജൂത വേദ പണ്ഡിതന്മാരും "റുഹ്ബാൻ' എന്നത് ക്രിസ്തുമതത്തിലെ സന്യാസിമാരും പുരോഹിതന്മാരുമാണ്. ഇവരെ റബ്ബുകളാക്കി എന്ന് വിശുദ്ധ ഖുർആൻ വിമർശിക്കുന്നത്, ഇവർക്ക് മത നിയമങ്ങൾ നിർമിക്കാനുള്ള അവകാശം വകവെച്ചുകൊടുത്തതിനെക്കുറിച്ചാണ്.

മേൽസൂക്തത്തിലെ റബ്ബുകളാക്കി എന്നതിന്റെ താല്പര്യത്തിൽ അവർ ആരാധിച്ചിരുന്നില്ലല്ലോ എന്ന സംശയമുന്നയിച്ച മുന്പ് ക്രിസ്തുമത വിശ്വാസിയായിരുന്ന സ്വഹാബിയായ അദിയ്യ് ബിൻ ഹാത്വിമിന് നബി ﷺ നല്കിയ വിശദീകരണം,അവർ ഹലാൽ, ഹറാമുകൾ നിശ്ചയിക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ( തഫ്സീർ ഇബ്നു കസീർ / ഖുർത്തുബി )

മത നിയമങ്ങൾ നിശ്ചയിക്കാനുള്ള അധികാരം അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്. അത് ഒരു മനുഷ്യർക്കോ മലക്കുകൾക്കോ അവകാശപ്പെട്ടതല്ല. ഈ അധികാരം സൃഷ്ടികൾക്ക് വകവച്ചു കൊടുക്കൽ കൊടുംപാതകമായ ശിർക്കാകുന്നു.അല്ലാഹു ചോദിക്കുന്നു:

"അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌." (വി.ഖുർആൻ 42:21)

മനുഷ്യൻ തന്റെ ജീവിതത്തിൽ ചെയ്തുകൂട്ടിയ തെറ്റുകൾ ഏതെങ്കിലും ഒരു പുരോഹിതന്റെ മുന്നിൽ ഏറ്റുപറഞ്ഞ് പാപമോചനം തേടേണ്ട ആവശ്യമില്ല. ഇത്തരം കുമ്പസാരങ്ങൾ ഇസ്ലാമിന് അന്യമാണ്. അവനു നേരിട്ട് അവൻറെ റബ്ബിനോട് പാപമോചനം തേടാം. അല്ലാഹു പറയുന്നു:

"പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റിക്കൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (വി.ഖുർആൻ 25:70)

അല്ലാഹു പറയുന്നു: "നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌." (വി.ഖുർആൻ 2 : 186 )

തന്റെ ഇബാദത്തുകൾ റബ്ബിങ്കലേക്ക് എത്താൻ മറ്റൊരു വ്യക്തിയെയോ ശക്തിയെയോ പങ്കാളിയാക്കി പ്രതിഷ്ഠിക്കേണ്ട ആവശ്യം ഇസ്ലാമിൽ ഇല്ല.പുണ്യാത്മാക്കളെ മറ്റും മധ്യവർത്തികളായി സ്വീകരിച്ച മക്കാമുശ്രിക്കീങ്ങളെ കുറിച്ച് അല്ലാഹു പരാമർശിച്ചത്.. അല്ലാഹു പറയുന്നു:

"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (വി.ഖുർആൻ 39:3)

പൗരോഹിത്യത്തിന്റെ കരാളഹസ്തങ്ങളിൽ കുടുങ്ങിയ ചൂഷിത സമൂഹം നേരിട്ട മറ്റൊരു പ്രയാസമാണ് അവർക്ക് തങ്ങളുടെ റബ്ബിലേക്ക് നേരിട്ട് കാര്യങ്ങൾ അർപ്പിക്കാനുള്ള അല്ലാഹുവുമായിട്ടുള്ള ബന്ധത്തിൽ നിന്ന് അവരെ തടയുകയും അവരുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയും ചെയ്യുക എന്നത്

"സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക."(വി.ഖുർആൻ 9:34)

അതിനാൽ ഇസ്ലാമിനെ ദൂരെ നിന്ന് വിമർശിച്ച് ഈ സുന്ദരമായ മതത്തിൽ നിന്നു അകലുന്നതിന്നു പകരം ഈ ദീനിന്റെ വക്താക്കളായി സുന്ദരമായ ആശയങ്ങളെ വാരിപുണർന്ന് ഇഹപര വിജയം നേടാനാണ് ഏതൊരുവനും പരിശ്രമികേണ്ടത് . ഇസ്ലാമിനെ പഠിക്കുക ആശ്ലേഷിക്കുക .. അല്ലാഹു തൗഫീഖ് നൽകട്ടെ ..ആമീൻ

പങ്കിടുക: