നോമ്പ് 17 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 02

Mohammed Shafeeque Madeena
February 18, 2026
62 കാഴ്ചകൾ
നോമ്പ്  17 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 02

നോമ്പ് മുറിയുന്ന കാര്യങ്ങൾ - 2ലിങ്ക് കോപ്പി ചെയ്തു!

2. ലൈംഗികബന്ധത്തിലേർപ്പെട്ടാൽ (ഇണചേർന്നാൽ)ലിങ്ക് കോപ്പി ചെയ്തു!

നോമ്പ് മുറിയുന്ന കാര്യങ്ങളിൽ രണ്ടാമതായി പണ്ഡിതന്മാർ എണ്ണിയത് ജിമാഅ് - جماع (ഇണചേരൽ) നെയാണ്. ഇണചേർന്നാൽ (ഇന്ദ്രിയം പുറപ്പെട്ടാലും ഇല്ലെങ്കിലും) നോമ്പ് മുറിയുന്നതാണ്. ഇണചേർന്നാൽ നോമ്പ് മുറിയുമെന്ന് ഖുർആൻ കൊണ്ടും സുന്നത്തുകൊണ്ടും ഇജ്‌മാഅ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. ¹²

റമദാൻ മാസത്തിലെ നോമ്പിലായിരിക്കെ പകലിൽ ഇപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പു മുറിയുകയും പിന്നീട് നോറ്റ് വീട്ടുകയും ചെയ്യണം. അവർ കുറ്റക്കാരായി തീരുകയും ചെയ്യും.

റമദാനിലെ രാത്രിയിൽ ഇത് അനുവദനീയമാണ്.

റമദാൻ മാസത്തിലെ ഫർളായ നോമ്പിലായിരിക്കെ പകലിൽ ഇണചേർന്നാൽ കഠിനമായ പ്രായശ്ചിത്തം (കഫ്ഫാറത്ത്) ഉണ്ട്.

കഫ്‌ഫാറത്ത്

റമദാനിലെ പകലിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അതിനുള്ള കഫ്‌ഫാറത്ത് എന്താണ്?

1) മുഅ്മിനായ ഒരു അടിമയെ മോചിപ്പിക്കൽ

2) അതിനു സാധിച്ചില്ലെങ്കിൽ രണ്ടുമാസം തുടർച്ചയായി നോമ്പെടുക്കൽ

3) അതിനും സാധിച്ചില്ലെങ്കിൽ അറുപത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കൽ

ശ്രദ്ധിക്കുക:

ഇതിലേതാണ് എളുപ്പം എന്ന് നോക്കിയല്ല ചെയ്യേണ്ടത്. മറിച്ച് ക്രമപ്രകാരമായിരിക്കണം (ആദ്യത്തേത് സാധിച്ചില്ലെങ്കിൽ രണ്ടാമത്തേത് അതിനും സാധിച്ചില്ലെങ്കിൽ മൂന്നാമത്തെത് എന്ന ക്രമത്തിൽ).

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: هَلَكْتُ، يَا رَسُولَ اللَّهِ، قَالَ: وَمَا أَهْلَكَكَ؟ قَالَ: وَقَعْتُ عَلَى امْرَأَتِي فِي رَمَضَانَ، قَالَ: هَلْ تَجِدُ مَا تُعْتِقُ رَقَبَةً؟ قَالَ: لَا ، قَالَ: فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ؟ قَالَ : لَا ، قَالَ: فَهَلْ تَجِدُ مَا تُطْعِمُ سِتِّينَ مِسْكِينًا؟ قَالَ: لَا ، قَالَ: ثُمَّ جَلَسَ، فَأُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهِ تَمْرٌ ، فَقَالَ: تَصَدَّقْ بِهَذَا قَالَ: أَفْقَرَ مِنَّا؟ فَمَا بَيْنَ لَا بَتَيْهَا أَهْلُ بَيْتٍ أَحْوَجُ إِلَيْهِ مِنَّا، فَضَحِكَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: اذْهَبْ فَأَطْعِمْهُ أَهْلَكَ

അബൂ ഹുറൈറ (رضي الله عنه) നിവേദനം: ഞങ്ങൾ നബി ﷺ യുടെ അടുത്തായിരിക്കെ ഒരു വ്യക്തി കടന്നുവന്ന് പറഞ്ഞു: “പ്രവാചകരേ, ഞാൻ നശിച്ചിരിക്കുന്നു.” നബി ﷺ ചോദിച്ചു: “എന്തുപറ്റി?” അയാൾ പറഞ്ഞു: “ഞാൻ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികബന്ധം പുലർത്തി.” അപ്പോൾ നബി ﷺ ചോദിച്ചു: “നിനക്ക് ഒരു അടിമയെ മോചിപ്പിക്കുവാൻ കഴിയുമോ?” അയാൾ പറഞ്ഞു: “ഇല്ല.” അപ്പോൾ നബി ﷺ ചോദിച്ചു: “നിനക്ക് രണ്ടു മാസം തുടർച്ചയായി നോമ്പെടുക്കാൻ കഴിയുമോ?” “കഴിയില്ല.” അയാൾ മറുപടി പറഞ്ഞു. നബി ﷺ വീണ്ടും ചോദിച്ചു: “നിനക്ക് അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകാൻ കഴിയുമോ?” അയാൾ പറഞ്ഞു: “ഇല്ല.” അങ്ങിനെ നബി ﷺ യും അനുയായികളും പള്ളിയിൽ തന്നെയിരിക്കെ ഒരു കുട്ടനിറയെ ഈത്തപ്പഴം നബി ﷺ യുടെ മുന്നിൽ കൊണ്ടുവരപ്പെട്ടു. നബി ﷺ ചോദിച്ചു: “എവിടെ ആ ചോദ്യകർത്താവ്?” അദ്ദേഹം പറഞ്ഞു: “അതേ പ്രവാചകരേ.” നബി ﷺ പറഞ്ഞു: ഈ കുട്ടയിലുള്ള ഈത്തപ്പഴം എടുത്തു നീ ദരിദ്രർക്ക് വിതരണം ചെയ്യുക. അയാൾ ചോദിച്ചു: എന്നെക്കാളും ദരിദ്രനോ പ്രവാചകരേ? ഈ രണ്ടു കുന്നുകൾക്കിടയിൽ എന്നെക്കാൾ ദരിദ്രനായി വേറെ ആരുമില്ല. അപ്പോൾ നബി ﷺ തൻ്റെ അണപ്പല്ലുകൾ കാണുന്നതുവരെ ചിരിച്ചു. എന്നിട്ടു പറഞ്ഞു: എങ്കിൽ നീയും നിൻ്റെ കുടുംബവും ഭക്ഷിച്ചു കൊള്ളുക. (സ്വഹീഹു മുസ്ലിം)

സംയോഗം കാരണത്താലുള്ള കഫ്‌ഫാറത്ത് പുരുഷന്മാർക്ക് മാത്രമാണോ ബാധകം? സ്ത്രീകൾക്കും ബാധകമാണോ?

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും , സ്ത്രീകൾ ഇക്റാഹിൻ്റെ (നിർബന്ധിക്കപ്പെട്ട) അവസ്ഥയിലല്ലാത്ത നിലക്ക് സംയോഗം ചെയ്‌തതാണെങ്കിൽ അവൾക്കും കഫ്ഫാറത്ത് ബാധകമാണ് എന്നതാണ് ശരിയായ അഭിപ്രായം. ഇബ്നു ഉസൈമീൻ ഇബ്‌നു ബാസ് رحمهما الله പോലെയുള്ള പണ്ഡിതരുടെ അഭിപ്രായം. ¹⁴

റമദാൻ മാസത്തിലെ പകലിൽ നോമ്പിലായിരിക്കെ ഒന്നിൽ കൂടുതൽ സംയോഗം ചെയ്‌താൽ എത്ര കഫ്ഫാറത്താണ് കൊടുക്കേണ്ടത്?

എല്ലാത്തിനും കൂടി ഒരു കഫ്ഫാറത്ത് മതിയാവും.

റമദാനിലെ നോമ്പല്ലാത്ത മറ്റ് നിർബന്ധ നോമ്പുകളിലോ, (നേർച്ച പോലെയുള്ള ), സുന്നത്ത് നോമ്പുകളിലോ പകലിൽ സംയോഗം ചെയ്താൽ കഫ്‌ഫാറത്ത് ഉണ്ടോ?

ഇത്തരം കഫ്‌ഫാറത്ത് റമദാനിലെ പകലിൽ സംയോഗം ചെയ്‌താൽ മാത്രമാണ്.

ഭാര്യ ഭർത്താക്കന്മാർ റമദാനിലെ പകലാണെന്നുള്ള കാര്യം മറന്നുകൊണ്ട് സംയോഗം ചെയ്‌താൽ കഫ്ഫാറത്ത് ഉണ്ടോ?

ഇല്ല. കഫ്ഫാറത്തില്ല. അവരുടെ നോമ്പ് മുറിയുകയുമില്ല.

¹² المغني (14/3)، المجموع (313/6)، المحلي (733)

¹³ صحيح المسلم (1111)

¹⁴ الشرح الممتع على زاد المستقنع (404/6)

പങ്കിടുക: