നോമ്പ് 16 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 01

Mohammed Shafeeque Madeena
February 18, 2026
188 കാഴ്ചകൾ
നോമ്പ്  16 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 01

നോമ്പ് മുറിയുന്ന കാര്യങ്ങൾ - 1ലിങ്ക് കോപ്പി ചെയ്തു!

1. ഭക്ഷിക്കലും കൂടിക്കലുംലിങ്ക് കോപ്പി ചെയ്തു!

{ وَكُلُوا۟ وَٱشۡرَبُوا۟ حَتَّىٰ یَتَبَیَّنَ لَكُمُ ٱلۡخَیۡطُ ٱلۡأَبۡیَضُ مِنَ ٱلۡخَیۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّوا۟ ٱلصِّیَامَ إِلَى ٱلَّیۡلِۚ }[البقرة: 187]

“പ്രഭാതമാകുന്ന വെളുത്ത ഇഴയിൽ നിന്ന് കറുത്ത ഇഴ വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുന്നത് (സുബ്ഹി) വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നിട്ട് രാത്രിയാകും (മഗരിബ്) വരെ നിങ്ങൾ നോമ്പ് പൂർണമായി അനുഷ്‌ഠിക്കുകയും ചെയ്യുക."

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " كُلُّ عَمَل ابْنِ آدَمَ يُضَاعَفُ الْحَسَنَةُ، عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، قَالَ اللَّهُ عَزَّ وَجَلَّ: إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي "¹

അബൂഹുറൈറ നിവേദനം: നബി ﷺ പറഞ്ഞു: “മനുഷ്യന്റെ എല്ലാ സൽകർമ്മങ്ങളുടെയും പ്രതിഫലം ധാരാളം ഇരട്ടിയായി നൽകപ്പെടും. നന്മയുടെ പ്രതിഫലം പത്തു മുതൽ എഴുന്നൂറ് ഇരട്ടി വരെയാണ്. അല്ലാഹു പറഞ്ഞു:'നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നൽകുന്നത്. നോമ്പുകാരൻ എനിക്കു വേണ്ടിയാണ് അവന്റെ ആഗ്രഹവും ആഹാരവും വെടിയുന്നത്." (മുസ്‌ലിം)

ഭക്ഷണം കഴിക്കുകയും കുടിക്കുകയും വഴി നോമ്പ് ബാത്തിലാകും (അസാധുവാകും) എന്നതിൽ ഇജ്‌മാഅ് ഉണ്ട് എന്ന് ഇബ്നു ഹസം, ഇബ്‌നുൽ മുൻദിർ, ഇബ്നു‌ ഖുദാമ رحمهم الله തുടങ്ങിയവർ പറഞ്ഞിട്ടുണ്ട് .²

ഭക്ഷണപാനീയങ്ങൾ വായയിൽ കൂടി പ്രവേശിച്ചാൽ മാത്രമാണോ നോമ്പു മുറിയുക?

ഭക്ഷണപാനീയങ്ങളായി ഗണിക്കുന്ന ഏതു വസ്തു‌വും വായയിൽ കൂടിയോ, മൂക്കിൽ കൂടിയോ, രോഗികൾക്ക് മറ്റ് അവയവങ്ങളിൽ കൂടി ദ്വാരം ഉണ്ടാക്കിയോ ആമാശയത്തിലേക്ക് പ്രവേശിപ്പിച്ചാൽ നോമ്പ് മുറിയുന്നതാണ്.

വായയിൽ കൂടിയാണ് സാധാരണ നിലയിൽ ഭക്ഷണം കഴിക്കാറെങ്കിലും രോഗികൾക്കും മറ്റും മൂക്കിൽ കൂടി ഭക്ഷണം കൊടുക്കാറുണ്ട്. കാരണം മൂക്കും ആമാശയത്തിലേക്കുള്ള പ്രവേശനദ്വാരമാണ്.

ഇക്കാരണത്താലാണ് നോമ്പുകാരൻ മൂക്കിൽ വെള്ളം വലിച്ചു കയറ്റുന്നതിനെ നബി ﷺ വിലക്കിയത്.

ചുരുക്കത്തിൽ ഏത് സംവിധാനം വഴിയും ആമാശയത്തിലേക്ക് ഭക്ഷണമായി വല്ലതും പ്രവേശിപ്പിച്ചാൽ അവന്റെ നോമ്പ് മുറിയുന്നതാണ്.

മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താലുള്ള വിധി?

നോമ്പ് മുറിയുകയില്ല. ബാക്കിയുള്ള സമയം നോമ്പുകാരനായി തുടരേണ്ടതാണ്.

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ نَسِيَ وَهُوَ صَائِمٌ فَأَكَلَ أَوْ شَرِبَ ، فَلْيُتِمَّ صَوْمَهُ ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ.³

അബുഹുറൈറ നിവേദനം നബി ﷺ പറഞ്ഞു: ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്‌താൽ അവൻ നോമ്പ് പൂർത്തിയാക്കി കൊള്ളട്ടെ അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും അല്ലാഹുവാണ്. (ബുഖാരി,മുസ്‌ലിം)

മൂക്കിൽ മരുന്നിറ്റിച്ചാൽ നോമ്പ് മുറിയുമോ?

നോമ്പ് മുറിയും. കാരണം അത് തൊണ്ടയിലൂടെ ആമാശയത്തിൽ പ്രവേശിക്കും.

ഇഞ്ചക്ഷൻ, ട്രിപ്പ് പോലെയുള്ളവ ഉപയോഗിച്ച് നാഡിഞരമ്പുകൾ, പേശികൾ എന്നിവയിലൂടെ ശരീരത്തിൽ മരുന്ന് പ്രവേശിപ്പിച്ചാൽ നോമ്പ് മുറിയുമോ?

ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. പ്രധാനമായും രണ്ട് വീക്ഷണങ്ങളാണുള്ളത്.

1. ഭക്ഷണയോഗ്യമായ പോഷകാഹാരങ്ങളായാലും അതല്ലാത്ത മറ്റെന്തു വസ്‌തുക്കളയാലും ശരീരത്തിനുള്ളിൽ പ്രവേശിപ്പിച്ചാൽ നോമ്പു മുറിയും.

2. പോഷകാഹാരങ്ങളുടെ ഫലം ചെയ്യുന്ന കുത്തിവെപ്പുകൾ (ഗ്ലൂക്കോസ് പോലെയുള്ളത്) പ്രവേശിപ്പിച്ചാൽ നോമ്പ് മുറിയും.അതല്ലാത്ത ചികിത്സാർത്ഥമുള്ള വേദന സംഹാരികളോ രോഗശമനത്തിനുള്ള മരുന്നുകളോ ആണെങ്കിൽ നോമ്പ് മുറിയില്ല. ഇബ്നു ബാസ്,ഇബ്നു ഉസൈമീൻ رحمهما الله പോലെയുള്ള പണ്‌ഡിതന്മാർ ഈ അഭിപ്രായക്കാരാണ്.

ഇത്തരം വിഷയങ്ങളിൽ ഖണ്‌ഡിതമായ തെളിവുകൾ വരാത്തതിനാൽ രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ ശരിയായതെങ്കിലും, പകൽ സമയങ്ങളിൽ ഇവ ഒഴിവാക്കാൻ പറ്റുമെങ്കിൽ അതാണ് നോമ്പുകാരന് ഉത്തമം.

കണ്ണിൽ സുറുമയിട്ടാലോ മരുന്നിറ്റിച്ചാലോ നോമ്പ് മുറിയുമോ?

നോമ്പ് മുറിയില്ല. കാരണം കണ്ണ് ആമാശയത്തിനുള്ള പ്രവേശനദ്വാരമല്ല.

പാകം ചെയ്യുമ്പോൾ നോമ്പുകാർക്ക് ഭക്ഷണത്തിന്റെ രുചി നോക്കാമോ? ഇപ്രകാരം ചെയ്‌താൽ നോമ്പ് മുറിയുമോ ?

ആവശ്യമാണെങ്കിൽ നാവുകൊണ്ട് രുചിക്കാവുന്നതാണ്, ശേഷം ഇവ വിഴുങ്ങാതെ തുപ്പിക്കളയണം. ഇപ്രകാരം ചെയ്താൽ നോമ്പ് മുറിയില്ല.

ഉമിനീര് ഇറക്കിയാൽ നോമ്പ് മുറിയുമോ?

നോമ്പ് മുറിയില്ല.⁴

കഫം ഇറക്കിയാൽ നോമ്പ് മുറിയുമോ?

ശ്ലേച്ഛമായ കാര്യമായതിനാൽ ആരും മനപ്പൂർവ്വം കഫം ഇറക്കി കളയുകയില്ലല്ലോ. എങ്കിലും അനിവാര്യഘട്ടങ്ങളിൽ അവ ഇറക്കി പോയാലും നോമ്പ് മുറിയില്ല എന്നതാണ് പ്രബലമായ അഭിപ്രായം.

കാരണം ഇവ നോമ്പ് മുറിയുന്ന കാര്യമായിരുന്നെങ്കിൽ സർവ്വസാധാരണയായി മനുഷ്യരിൽ കണ്ടുവരുന്ന ഇക്കാര്യം പ്രവാചകൻ പഠിപ്പിക്കുമായിരുന്നു. ഇവ നോമ്പുമുറിയുന്ന കാര്യമാണെന്ന് അറിയിക്കുന്ന വ്യക്തമായ ഖണ്ഡിതമായ ഒരു തെളിവും വന്നിട്ടില്ല.

നോമ്പുകാരൻ്റെ പല്ലിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകിയാൽ നോമ്പിനെ പ്രതികൂലമായി ബാധിക്കുമോ?

കേവലം രക്തം പുറപ്പെട്ടത് കൊണ്ട് നോമ്പ് മുറിയില്ല. എന്നാൽ ഈ രക്തം തൊണ്ടയിൽ കൂടി ആമാശയത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ അവൻ പരമാവധി ശ്രദ്ധിക്കണം.

ഇബ്നു ബാസ്, ഇബ്‌നു ഉസൈമീൻ رحمهما الله തുടങ്ങിയ പണ്‌ഡിതർ ഇപ്രകാരം ഫത്വ നൽകിയതായി കാണാം.⁵

പല്ലിൽ നിന്നും മോണയിൽ നിന്നും വരുന്ന രക്തം ഇറക്കിയാൽ നോമ്പ് മുറിയുമോ?

മനപ്പൂർവ്വം ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്.

പല്ലിനിടയിൽ കുടുങ്ങിയ ഭക്ഷണപദാർത്ഥത്തിൻ്റെ അവശിഷ്ടങ്ങൾ ഇറക്കിയാൽ നോമ്പ് മുറിയുമോ?

പരമാവധി നീക്കി കളയണം. ഇത്തരം ഭക്ഷണാവശിഷ്ടങ്ങൾ നീക്കി കളയാൻ സാധിക്കുന്നതാണ്. പരമാവധി ശ്രമിച്ചിട്ടും നീങ്ങാത്ത ഇത്തരം അവശിഷ്ടങ്ങൾ ഉമിനീരിനോടൊപ്പമോ മറ്റോ ബോധപൂർവ്വമല്ലാതെ ഇറക്കി പോയാൽ കുഴപ്പമില്ല. നേരിയ തോതിലുള്ള മനുഷ്യർക്ക് പൂർണ്ണമായും മുക്തമാക്കാൻ സാധ്യമല്ലാത്ത കാര്യങ്ങൾക്ക് ഇസ്ലാമിൽ ഇളവുണ്ട്. അതുകൊണ്ടുതന്നെ നോമ്പ് മുറിയുകയില്ല. ⁶

ഇബ്നു ഉസൈമീൻ رحمه الله പറയുന്നു : "ഇത്തരം ഭക്ഷണാവശിഷ്ടങ്ങൾ മനപ്പൂർവമല്ലാതെ ഇറക്കി പോയാൽ നോമ്പ് മുറിയുകയില്ല. എന്നാൽ മനപ്പൂർവം ചെയ്‌താൽ ഫർള് നോമ്പാണെങ്കിൽ അവൻ കുറ്റക്കാരനാകും. നോമ്പ് മുറിയുകയും ചെയ്യും. സുന്നത്ത് നോമ്പാണെങ്കിൽ നോമ്പ് മുറിയുമെങ്കിലും ആ പ്രവർത്തി കൊണ്ട് അവൻ കുറ്റക്കാരനാവുകയില്ല.”⁷

പുകവലിച്ചാൽ നോമ്പ് മുറിയുമോ?

പുകവലിച്ചാൽ നോമ്പ് മുറിയും. കാരണം അതിൻ്റെ കറകൾ വായിൽ കൂടി ആമാശയത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇബ്നു ഉസൈമീൻ رحمه الله നോമ്പു മുറിയുമെന്ന് ഫത്വ നൽകിയിട്ടുണ്ട്.⁸

ശ്രദ്ധിക്കുക

പുകവലി സ്വദേഹത്തിനും മറ്റുള്ളവർക്കും ഉപദ്രവം ഉണ്ടാക്കുന്ന ഹാനികരമായ വസ്‌തുവായതിനാൽ കഠിനമായ ഹറാമാണ്. അത് ജീവിതത്തിലെ ഒരു സന്ദർഭത്തിലും ഒരു വേളയിലും ഉപയോഗിക്കാൻ പാടുള്ളതല്ല.

(ആസ്മ‌ പോലെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന) നെബുലൈസർ, സ്പ്രേ എന്നിവ നോമ്പുകാരൻ ഉപയോഗിച്ചാൽ നോമ്പ് മുറിയുമോ?

ഈ അഭിപ്രായ വ്യത്യാസമുണ്ട്. ഒരു വിഭാഗം പണ്ഡിതർ നോമ്പു മുറിയില്ല എന്ന അഭിപ്രായക്കാരാണ്.

ഇതാണ് ഇബ്നു ഉസൈമീൻ, ഇബ്‌നു ബാസ് رحمهما الله പോലെയുള്ള പണ്ഡിതരുടെ അഭിപ്രായം. ⁹

എന്നാൽ ചില പണ്‌ഡിതർ (സുലൈമാൻ അർ-റുഹൈലി حفظه الله പോലെയുള്ളവർ) നോമ്പ് മുറിയും എന്ന അഭിപ്രായക്കാരാണ്.

ഭക്ഷണപദാർത്ഥമായോ ഔഷധമായോ വായിൽ കൂടിയും മൂക്കിൽ കൂടിയും എന്ത് പ്രവേശിപ്പിച്ചാലും നോമ്പ് മുറിയുന്നതാണ്. മേൽ സൂചിപ്പിച്ച നെബുലൈസർ പോലെയുള്ള വസ്തുക്കളിൽ വെള്ളത്തിൻ്റെയും ഔഷധത്തിന്റെയും അംശങ്ങൾ ഉൾക്കൊള്ളുന്നതിനാൽ നോമ്പ് മുറിയും. കാരണം അത്തരം ഉപകരണങ്ങൾ വഴി ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഉപ്പുകലർന്ന വെള്ളവും ഔഷധവുമാണ്. ഇവ ഉപയോഗിക്കുമ്പോൾ ഇതിൻ്റെ ഭൂരിഭാഗവും അന്നനാളത്തിലാണ് പ്രവേശിക്കുകയെങ്കിലും ചെറിയതോതെങ്കിലും ആമാശയത്തിലേക്ക് പ്രവേശിക്കുന്നതാണ്. ഇത് കാരണത്താൽ നോമ്പ് മുറിയും.¹⁰

സൂക്ഷ്മതക്ക് നല്ലത് പകലിൽ ഉപയോഗിക്കാതിരിക്കലാണ്.

ചെവിയിൽ മരുന്നു തുള്ളികൾ ഉറ്റിച്ചാൽ നോമ്പ് മുറിയുമോ?

നോമ്പ് മുറിയില്ല. കാരണം അത് ആമാശയത്തിലേക്ക് പ്രവേശിക്കുകയില്ല.

കുപ്ലിച്ച വെള്ളത്തിന്റെ അംശം ഉമിനീരിനോടൊപ്പം ഇറക്കിപ്പോയാൽ നോമ്പ് മുറിയുമോ?

കുപ്ലിച്ച വെള്ളം വായിൽ നിന്ന് തുപ്പി കളഞ്ഞതിനുശേഷവും വെള്ളത്തിൻ്റെ അംശം ഉമിനീരോടൊപ്പം ചേർന്ന് ഉള്ളിലേക്ക് പ്രവേശിക്കുക സ്വാഭാവികമാണ്. ഇത്തരം നേരിയ തോതിലുള്ള മനുഷ്യർക്ക് പൂർണ്ണമായും മുക്തമാക്കാൻ സാധ്യമല്ലാത്ത കാര്യങ്ങൾക്ക് ഇസ്‌ലാമിൽ ഇളവുണ്ട്. അതുകൊണ്ടുതന്നെ നോമ്പ് മുറിയുകയില്ല. എന്നാൽ ബോധപൂർവ്വം കുടിക്കണം എന്ന് ഉദ്ദേശത്തോടു കൂടി അത് ഇറക്കി കളയുകയാണെങ്കിൽ. അത് അന്നപാനീയങ്ങൾ ഉപയോഗിച്ചതിൻ്റെ പരിധിയിൽ പെടും, നോമ്പ് മുറിയുകയും ചെയ്യും.

മൺതരികളോ ചെറുപ്രാണികളോ തൊണ്ടയിലേക്ക് അറിയാതെ പ്രവേശിച്ചാൽ നോമ്പ് മുറിയുമോ?

ബോധപൂർവ്വമല്ലാത്തതിനാൽ നോമ്പ് മുറിയില്ല.

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ യോജിച്ച അഭിപ്രായമുണ്ടെന്ന് ഇബ്‌നു മുന്തിർ رحمه الله പറഞ്ഞതായി ഇബ്നു ഹജർ رحمه الله അദ്ദേഹത്തിൻ്റെ ഫത്ഹുൽ ബാരിയിൽ ഉദ്ധരിക്കുന്നു.¹¹

¹ مسلم (2677)

² المغني (14/3) ، المجموع (313/6)، المحلي (733)

³ متفق عليه

⁴ الشرح الممتع (427/6)، المغني (3 /17- 16)، المجموع (6 /318 - 317)

⁵ فتاوى اللجنة الدائمة (12077)، فتاوى رمضان (460/2)

⁶ المجموع (320/6)

⁷ فتاوى نور على الدرب للعثيمين (2/11)

⁸ مجموع فتاوى ورسائل العثيمين (202/19)

⁹ فتاوى رمضان (532/6 - 531)

¹⁰ من شرح دليل الطالب لشيخنا الشيخ سليمان الرحيلي

¹¹ الفتح (184/4)

പങ്കിടുക: