നോമ്പ്‌ 14 -നിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകൾ

Mohammed Shafeeque Madeena
February 17, 2026
285 കാഴ്ചകൾ
നോമ്പ്‌  14 -നിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകൾ

مسائل تتعلق بالنيةലിങ്ക് കോപ്പി ചെയ്തു!

നിയ്യത്തുമായി ബന്ധപ്പെട്ട മസ്അലകൾലിങ്ക് കോപ്പി ചെയ്തു!

നോമ്പിൻറെ സമയം

സുബ്ഹി( പ്രഭാതോദയം ) മുതൽ മഗരിബ് (സൂര്യാസ്തമയം) വരെ. അല്ലാഹു പറഞ്ഞു:

وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الفجر[البقرة: 187]

'പുലരിയുടെ വെളുത്ത ഇഴകൾ കറുത്ത ഇഴകളിൽ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ട് രാതിയാകും വരെ നിങ്ങൾ നോമ്പ് പൂർണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക.' ( അൽ ബഖറ : 187)

സുന്നത്തായാലും ഫർള് നോമ്പായാലും നിയ്യത്തില്ലാതെ നോമ്പ് സ്വഹീഹ് ആവുകയില്ല (ശരിയാവുകയില്ല).

‌إِنَّمَا ‌الْأَعْمَالُ ‌بِالنِّيَّةِ..... ( الحديث ) 

നബി ﷺ പറഞ്ഞു അമലുകൾ പരിഗണിക്കപ്പെടുന്നത് നിയ്യത്തിൻറെ അടിസ്ഥാനത്തിലാണ്…(ബുഖാരി,മുസ്ലിം)

നിയ്യത്തിൽ പ്രത്യേകം എന്തെങ്കിലും നിർണയിക്കേണ്ടതുണ്ടോ ?

നിർബന്ധമായ നോമ്പാണെങ്കിൽ മനസ്സിൽ കരുതുമ്പോൾ റമദാനിൻറെതാണോ , ഖളാഅ് / അദാഅ് – ആണോ കഫാറത്ത് ആണോ, നേർച്ചയാണോ, എന്ന് പ്രത്യേകം നിർണയിക്കേണ്ടതുണ്ട് .

നിരുപാധികമല്ലാത്ത സുന്നത്ത് നോമ്പിനും : അറഫാ,  ആശൂറാഅ് നോമ്പ് എന്നിങ്ങനെ പ്രത്യേകം നിർണയിക്കേണ്ടതുണ്ട്. 

നിയ്യത്ത് ചൊല്ലി പറയാമോ ?

നിയ്യത്ത് ചൊല്ലി പറയൽ ബിദ്അത്താണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. 

നിയ്യത്തിൻറെ സ്ഥാനം ?

നിയ്യത്തിൻറെ സ്ഥാനം ഹൃദയമാണ് ( മനസ്സാണ് ).

‘അമലുകൾ പരിഗണിക്കപ്പെടുന്നത് നിയ്യത്തിൻറെ അടിസ്ഥാനത്തിലാണ് ‘എന്ന ഹദീസ് വിശദീകരിക്കുന്നതിനിടയിൽ മഹാനായ ശാഫിഈ പണ്ഡിതനും ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله യുടെ ഉസ്താദുമായ ‘ഇബ്നുൽ  മുലഖിൻ’ رحمه اللهപറയുന്നു : “ഈ ഹദീസിൽ ദിക്റുകളുടെ സ്ഥാനം നാവാണെന്നതിന് വിഭിന്നമായി ദീനിൻറെ പധാനപ്പെട്ട അടിസ്ഥാനമായ നിയ്യത്തിൻറെ സ്ഥാനം ഹൃദയമാണെന്ന ഹുകുമ് അടങ്ങിയിട്ടുണ്ട് ; ഇക്കാരണത്താൽ ആരെങ്കിലും ഹൃദയം കൊണ്ടല്ലാതെ നാവുകൊണ്ട് നിയ്യത്ത് ചെയ്താൽ നിസ്കാരം ശരിയാവില്ല. ( الإعلام بفوائد عمدة الأحكام 1 / 162)

അദ്ദേഹം വീണ്ടും പറയുന്നു :

“ഭൂരിഭാഗം പണ്ഡിതന്മാരുടെ അടുക്കൽ നിയ്യത്തിൻറെ സ്ഥാനം നാവല്ല മറിച്ച് ഹൃദയമാണ് ( മനസ്സാണ് ); മുൻപ് ഖണ്ഡിതമായി പറഞ്ഞതുപോലെ. കാരണം, അല്ലാഹു പറഞ്ഞു: 

وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ [البينة: 5] 

“കീഴ് വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് ഋജുമനസ്കരായ നിലയിൽ അവനെ ഇബാദത്ത് ചെയ്യുവാനും, നിസ്കാരം നിലനിർത്തുവാനും സകാത്ത് നൽകുവാനുമല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല”.   (അൽ ബയ്യിന : 5 )

മുകളിലുള്ള ആയത്ത് വിശദീകരിച്ചു അദ്ദേഹം പറയുന്നു: ‘إخلاص തീർച്ചയായും ഹൃദയത്തിൽ (മനസ്സിൽ) നിന്നാണ്  ഉണ്ടാവുക .’അല്ലാഹു പറഞ്ഞു: 

لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ[الحج: 37]  

“അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്.” (അൽ ഹജ്ജ് : 37 )

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ....التَّقْوَى هَاهُنَا وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ

നബി ﷺ ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് പാവശ്യം പറഞ്ഞു : “ഇവിടെയാണ് തഖ് വ ”. (മുസ്ലിം)

നിർബന്ധ നോമ്പിൻറെ നിയ്യത്ത് എപ്പോഴാണ് കരുതേണ്ടത്

ഫജ്റിന് മുമ്പേ രാത്രി തന്നെ കരുതണം, ഫജ്റിന് ശേഷം കരുതിയാൽ നോമ്പ് ശരിയാവുകയില്ല.

عَن حَفْصَةَ رَضِيَ اللَّهُ عَنْهَا قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ لَمْ يَجْمَعِ الصِّيَامَ قَبْلَ الْفَجْرِ فَلَا صِيَامَ لَهُ  أبو داود 2454,سنن الترمذي730  

അഫ്സയിൽ رضي الله عنها നിന്ന് നിവേദനം നബി ﷺ പറഞ്ഞു ഫജ്റിന് (പഭാതത്തിന്) മുമ്പ് നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല. (അബുദാവൂദ്)

എന്നാൽ സുന്നത്ത് നോമ്പാണെങ്കിൽ രാതി കരുതിയില്ലെങ്കിലും (ഫജറിന് ശേഷം കരുതിയാൽ ) നോമ്പ് ശരിയാകും.

ഫജ്ർ കഴിഞ്ഞ് എഴുന്നേറ്റ ശേഷം ഒരാൾക്ക് സുന്നത്ത് നോമ്പെടുക്കണം എന്ന് തോന്നുകയാണെങ്കിൽ  (അതിനു മുമ്പ് നോമ്പ് മുറിയുന്ന കാര്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ) നിയ്യത്ത് ചെയ്ത് ആ സമയം മുതൽ നോമ്പെടുക്കാവുന്നതാണ്. അവൻറെ നോമ്പ് ശരിയാകും.

റമദ്വാൻ മാസത്തിലെ നോമ്പിൽ എല്ലാ ഓരോ രാതിയിലും നിയ്യത്ത് ചെയ്യേണ്ടതുണ്ടോ? അതോ റമദ്വാൻ മാസത്തിൻറെ ആദ്യത്തിൽ മാതം നിയ്യത്ത് ചെയ്താൽ മതിയോ?

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള കാര്യമാണിത്. 

1. ഒന്നാമത്തെ അഭിപായം : ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യണം.

ഇമാം ശാഫിഈ, അബു ഹനീഫ, അഹ്മദ്, رحمهم الله എന്നിവരുടെ അഭിപായത്തിൽ ഓരോ രാത്രിയിലും നിയ്യത്ത് ചെയ്യണമെന്നാണ് . അതിന്ന് കാരണമായി പറഞ്ഞത് ഓരോ ദിവസത്തെ നോമ്പും പ്രത്യേകം പ്രത്യേകം ഇബാദത്താണ്.

2. രണ്ടാമത്തെ അഭിപായം : റമദ്വാൻ മാസത്തിലെ ആദ്യത്തെ രാത്രിയിൽ നിയ്യത്ത് ചെയ്താൽ മതി.

ഇമാം മാലിക് , ആധുനിക പണ്ഡിതന്മാരിൽ ചിലരും رحمهم الله ഏറ്റവും ശരിയായ അഭിപ്രായമായി പറഞ്ഞത് റമദ്വാൻ മാസത്തിലെ ആദ്യത്തെ രാത്രിയിൽ നിയ്യത്ത് ചെയ്താൽ മതി എന്നാണ്.

റമദാൻ മാസത്തിൽ ആദ്യത്തിൽ മാത്രം നിയ്യത്ത് ചെയ്താൽ മതി എന്ന് പറയുന്നവർ അതിനിടയിൽ ( ഹയ്ദ്, യാത്ര പോലെയുള്ള കാരണത്താൽ ) നോമ്പ് ഒഴിവാക്കുന്ന ദിവസങ്ങൾ ഉണ്ടായാൽ ആ ഇടവേളക്ക് ശേഷം നോമ്പ് തുടരുമ്പോൾ നിയ്യത്ത് വീണ്ടും പുതുക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നുമുണ്ട്.

ബഹുമാന്യ അധ്യാപകനായ ശൈഖ് സുലൈമാൻ അറുഹൈലി حفظه الله ഈ വിഷയത്തിൽ പറയുകയാണ്: “എല്ലാ ഓരോ ദിവസവും നിയ്യത്ത് ചെയ്യുക എന്നുള്ളതാണ് പൂർണരൂപം. എന്നാൽ റമദ്വാൻ മാസത്തിലെ ആദ്യത്തിൽ മാതം നിയ്യത്ത് ചെയ്താൽ അത് മതിയാവുന്നതുമാണ്.”

ചുരുക്കത്തിൽ:

  • നിയ്യത്ത് ഒരിക്കലും ചൊല്ലി പറയാൻ പാടില്ല അതിൻറെ സ്ഥാനം ഹൃദയമാണ് (മനസ്സാണ്).
  • രാതിയിലെ ഏതെങ്കിലും ഒരു നിമിഷത്തിൽ ഞാൻ നാളെ നോമ്പുകാരനാണ് എന്ന് മനസ്സിൽ കരുതിയാൽ മതിയാവുന്നതാണ്.
  • ഈ നിയ്യത്ത് നോമ്പ് അവസാനിക്കുന്നത് വരെ തന്നിൽ സഹഗമിക്കണം 
  • ഇടക്ക് വെച്ച് ഞാൻ നോമ്പ് മുറിക്കുന്നു എന്ന് കരുതാൻ പാടില്ല. അങ്ങനെ ചെയ്താൽ അവൻറെ നോമ്പ് മുറിയുന്നതാണ്.
  • എന്നാൽ നോമ്പ് മുറിക്കണോ, വേണ്ടേ എന്ന സംശയം മാതമാണെങ്കിൽ അക്കാരണത്താൽ അവൻറെ നോമ്പ് മുറിയുകയില്ല.

ആർത്തവക്കാരി രക്തം നിൽക്കുന്നത് മുമ്പേ ‘നാളെ ഞാൻ നോമ്പുകാരിയാണെന്ന് ’ഫജറിന് മുമ്പേ കരുതിയാലുള്ള വിധി ?

ഫജ്റിന് മുന്നേ രക്തം നിൽക്കാറുണ്ട് എന്ന് പതിവുള്ള സ്ത്രീയാണെങ്കിൽ അവളുടെ നോമ്പ് ശരിയാകും. കാരണം അവൾ ദൃഢതയോട് കൂടിയാണ് കരുതിയത്.  എന്നാൽ അങ്ങനെയൊരു പതിവില്ലാത്ത സ്ത്രീയാണെങ്കിൽ അവളുടെ നോമ്പ് ശരിയാവുകയില്ല. കാരണം നിയ്യത്തെന്നുള്ളത് ഉറപ്പോടുകൂടി ആയിരിക്കണം. അവളുടെ മനസ്സിൽ രക്തം നിന്നാൽ നോമ്പ് എടുക്കാം ഇല്ലെങ്കിൽ നോമ്പ് ഒഴിവാക്കാം എന്നുള്ള ഉദ്ദേശമായിരിക്കും. 

ഒരാൾ രാതി നോമ്പിനു വേണ്ടി നിയ്യത്ത് ചെയ്യുകയും ശേഷം ഫജ്റിന് മുമ്പ് ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്താലുള്ള വിധി?

അവൻറെ നിയ്യത്തിനോ നോമ്പിനോ ഭംഗം വരുകയില്ല. നിയ്യത്ത് ശരിയാകുന്നതാണ്.

നിയ്യത്തിൻറെ കൂടെ إن شاء الله (അല്ലാഹു ഉദ്ദേശിച്ചാൽ) എന്ന് പറയുന്നതിൻറെ വിധി

 إن شاء اللهഎന്നു പറയുന്നത് അവൻറെ ഉദ്ദേശം പൂർത്തീകരിക്കാൻ അല്ലാഹുവിൽനിന്നുള്ള സഹായം ലഭിക്കണം എന്ന് മാത്രമാണെങ്കിൽ കുഴപ്പമില്ല.

എന്നാൽ ‘നാളെ നോമ്പുകാരൻ ആയിരിക്കുമോ ഇല്ലയോ എന്ന് സംശയമാണ് ’എങ്കിൽ ആ നിയ്യത്ത് ശരിയാവുകയില്ല. കാരണം നിയ്യത്ത് എന്നത് ദൃഢതയോടെ കൂടിയായിരിക്കണം.

ശഅ്ബാൻ 29 പൂർത്തിയായ രാതിയിൽ റമദാൻ മാസപ്പിറവി സ്ഥിരീകരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പേ ഒരാൾ ഉറങ്ങി. ആ രാത്രിയിൽ "നാളെ റമദാൻ ഒന്നാണെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് അയാൾ നിയ്യത്ത് ചെയ്യുകയും ചെയ്തു". പിറ്റേന്ന് റമദാൻ ഒന്നാണെന്ന സ്ഥിരീകരണം അയാൾ അറിഞ്ഞത് ഫജറിന് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ്. ഇയാളുടെ വിധി എന്താണ്?

രണ്ട് അഭിപായമാണ് പണ്ഡിത ലോകത്തുള്ളത്:

ഒന്ന് : അദ്ദേഹത്തിന് നിയ്യത്ത് സംശയത്തോടു കൂടി (ദൃഢതയില്ലാത്തതിനാൽ) നോമ്പ് ശരിയാവുകയില്ല .

രണ്ട് :അവൻറെ നോമ്പ് ശരിയാകും .കാരണം നിയ്യത്ത് ‘മാസപ്പിറവിയുടെ സ്ഥിരീകരണത്തെ’ തുടർന്നുണ്ടാകേണ്ടതാണ്. ഇമാം അഹ്മദ്, ഇബ്നു തൈമിയ, ഇബ്നു ഉസൈമീൻ رحمهم الله എന്നിവർ അഭിപായപ്പെട്ടത് ( ഏറ്റവും ശരിയായതും) ഇതാണ് .

ഒരാൾ അത്താഴം കഴിക്കുകയും പിന്നീട് പകലിൽ ‘താൻ ഫജറിന് മുമ്പേ നിയ്യത്ത് ചെയ്തോ ഇല്ലയോ’ എന്ന് സംശയത്തിലായാൽ?

അവൻ വസ്വാസിൽ ആവേണ്ടതില്ല. അത്താഴം എന്ന പ്രത്യേകപ്രവർത്തനം നിയ്യത്ത് ഉണ്ടാക്കിയതിനെ അറിയിക്കുന്നുണ്ട്. നോമ്പ് ശരിയാകുന്നതാണ്.

* * * * * * * * * *

الله تعالى أعلم

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: