മാലിന്യങ്ങളിൽ നിന്നുള്ള ശുദ്ധീകരണം:ഇസ്ലാമിക വീക്ഷണം
ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിതവ്യവസ്ഥയാണ്. അതിന്റെ വിധി വിലക്കുകൾ മനുഷ്യജീവിതത്തിന്റെ സകല മേഖലകളെയും സ്പന്ദനങ്ങളെയും സ്പർശിക്കുന്നു. ഇസ്ലാം അനുവദനീയമാക്കിയതും വിലക്കിയതുമായ മുഴുവൻ കാര്യങ്ങളിലും മാനവരാശിയുടെ നന്മ മാത്രമാണ് അന്തർലീനമായിരിക്കുന്നത്.
മറ്റു മതങ്ങളും ആദർശങ്ങളും ഒന്നുകിൽ അതിരുകവിഞ്ഞ തീവ്രതയിലേക്കോ അല്ലെങ്കിൽ പൂർണ്ണമായ അലംഭാവത്തിലേക്കോ വഴിമാറിയപ്പോൾ, ഇസ്ലാം മിതത്വത്തിന്റെയും കൃത്യതയുടെയും ഉദാത്തമായ മാതൃകയാണ് സമർപ്പിച്ചത്. മാലിന്യങ്ങളുമായി ബന്ധപ്പെട്ട ശുദ്ധീകരണ നിയമങ്ങളിൽ ഇസ്ലാം മുന്നോട്ടുവെക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഈ മിതത്വത്തിന്റെ മികച്ച ഉദാഹരണമാണ്. ചരിത്രത്തിൽ ഒരുഭാഗത്ത് യഹൂദന്മാർ ഈ വിഷയത്തിൽ കഠിനമായ തീവ്രത പുലർത്തിയപ്പോൾ, മറുഭാഗത്ത് നസാറാക്കൾ (ക്രിസ്ത്യാനികൾ) ശുദ്ധീകരണ കാര്യങ്ങളിൽ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്.
ഇമാം ഇബ്നു തൈമിയ്യ رحمه الله വ്യക്തമാക്കുന്നു:
"മുസ്ലിംകളെ അപേക്ഷിച്ച് ജൂത-ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നവർക്ക്, അവർ പരസ്പരം വിരുദ്ധമായ ധ്രുവങ്ങളിലാണ് നിലകൊള്ളുന്നതെന്ന് മനസ്സിലാക്കാം. നസാറാക്കൾ പന്നിയെപ്പോലെയുള്ള ജന്തുക്കളെ ഭക്ഷിക്കൽ അനുവദനീയമാക്കുകയും; ചേലാകർമ്മം, ശുദ്ധീകരണത്തിനായുള്ള കുളി, മാലിന്യങ്ങൾ നീക്കൽ തുടങ്ങിയ അടിസ്ഥാന ശുചിത്വ കാര്യങ്ങൾ പൂർണ്ണമായി അവഗണിക്കുകയും ചെയ്തു. എന്നാൽ ജൂതന്മാരാകട്ടെ, നജസുകളിൽ നിന്ന് വിട്ടുനിൽക്കുന്ന വിഷയത്തിൽ കടുത്ത അതിരുകവിച്ചിൽ കാണിക്കുകയും ചെയ്തു." (അൽ-ജവാബുസ്സ്വഹീഹ്)
ഇമാം ഇബ്നു ഉസൈമീൻ رحمه الله പറയുന്നു:
"ഈ വിഷയത്തിൽ യഹൂദന്മാർ നസാറാക്കൾക്ക് തികച്ചും വിപരീതമായാണ് നിലകൊണ്ടത്. അവരുടെ വസ്ത്രത്തിൽ എവിടെയെങ്കിലും മാലിന്യമായാൽ, അവരത് വെള്ളം കൊണ്ടോ മറ്റോ കഴുകി വൃത്തിയാക്കുകയില്ല; പകരം ആ വസ്ത്രത്തിന്റെ ഭാഗം തന്നെ അവർ കീറിക്കളയുമായിരുന്നു."
ഒരു മുസ്ലിം ഈ രണ്ട് തീവ്രനിലപാടുകൾക്കും മധ്യേയാണ് നിലകൊള്ളുന്നത്. അശുദ്ധിയാണെന്ന് ഖുർആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട മാലിന്യങ്ങളെ, പ്രമാണങ്ങൾ പഠിപ്പിച്ച അതേ രീതിയിൽ അവൻ ശുദ്ധീകരിക്കുന്നു.
ശുദ്ധീകരണത്തിന്റെ പ്രാധാന്യം പ്രമാണങ്ങളിൽലിങ്ക് കോപ്പി ചെയ്തു!
അശുദ്ധികളിൽ നിന്ന് ശുദ്ധി കൈവരിക്കേണ്ടതിന്റെ ഗൗരവത്തെയും പ്രാധാന്യത്തെയും കുറിച്ച് ഖുർആനിലും സുന്നത്തിലും നിരവധി പരാമർശങ്ങൾ കാണാം. ശുദ്ധി പാലിക്കുന്നവർക്ക് അല്ലാഹുവിന്റെ സ്നേഹം ലഭിക്കുമെന്നുണർത്തി ഖുർആനിൽ അല്ലാഹു പറയുന്നു:
{إِنَّ ٱللَّهَ يُحِبُّ ٱلتَّوَّٰبِينَ وَيُحِبُّ ٱلۡمُتَطَهِّرِينَ } البقرة ٢٢٢
"തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെയും (ബാഹ്യമായും ആന്തരികമായും) ശുദ്ധി പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (സൂറത്തുൽ ബഖറ: 222)
ശുദ്ധി പരിപാലിക്കുന്ന വിശ്വാസികളെ പ്രശംസിച്ചുകൊണ്ട് അല്ലാഹു മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:
{ فِيهِ رِجَالٞ يُحِبُّونَ أَن يَتَطَهَّرُواْۚ وَٱللَّهُ يُحِبُّ ٱلۡمُطَّهِّرِينَ} التوبة : ١٠٨
"ശുദ്ധി കൈവരിക്കാൻ ഇഷ്ടപ്പെടുന്ന ചില ആളുകൾ ആ പള്ളിയിലുണ്ട്. അപ്രകാരം ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു സ്നേഹിക്കുന്നു." (സൂറത്തു തൗബ: 108)
അല്ലാഹു അവന്റെ അനുഗ്രഹമായി ആകാശത്തുനിന്ന് ഇറക്കുന്ന മഴയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു:
{ وَيُنَزِّلُ عَلَيۡكُم مِّنَ ٱلسَّمَآءِ مَآءٗ لِّيُطَهِّرَكُم بِهِۦ }
നിങ്ങളെ ശുദ്ധീകരിക്കുന്നതിനും... വേണ്ടി അവൻ നിങ്ങളുടെ മേൽ ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദർഭവും (ഓർക്കുക). (സൂറത്തുൽ അൻഫാൽ: 11)
ശരീരവും മനസ്സും ശുദ്ധിയാക്കി സൂക്ഷിക്കുന്നത് വിശ്വാസത്തിന്റെ (ഈമാൻ) ഭാഗമായാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്:
الطُّهُورُ شَطْرُ الْإِيمَانِ ( مسلم 223 )
നബി ﷺ അരുളി: "ശുചിത്വം എന്നത് സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു." (സ്വഹീഹ് മുസ്ലിം: 223)
ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകർമ്മമായ നമസ്കാരം സ്വീകരിക്കപ്പെടാനുള്ള അനിവാര്യ നിബന്ധനയാണ് (ശർത്ത്) ശുദ്ധി.
لَا تُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ( مسلم 224 )
നബി ﷺ പറഞ്ഞു: "ശുദ്ധി കൈവരിക്കാതെയുള്ള ഒരു നമസ്കാരവും അല്ലാഹു സ്വീകരിക്കുന്നതല്ല." (സ്വഹീഹ് മുസ്ലിം: 224)
ഖബർ ശിക്ഷയും ശുദ്ധിയിലെ അശ്രദ്ധയുംലിങ്ക് കോപ്പി ചെയ്തു!
ശുദ്ധീകരണ കാര്യങ്ങളിൽ കാണിക്കുന്ന അശ്രദ്ധ കഠിനമായ പരലോക ശിക്ഷയ്ക്ക് കാരണമാകുമെന്ന് പ്രവാചകൻ ﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
عَنِ ابْنِ عَبَّاسٍ قَالَ: مَرَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى قَبْرَيْنِ فَقَالَ: «أَمَا إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ يَمْشِي بِالنَّمِيمَةِ، وَأَمَّا الْآخَرُ فَكَانَ لَا يَسْتَتِرُ مِنْ بَوْلِهِ» "......وَكَانَ الْآخَرُ لَا يَسْتَنْزِهُ عَنِ الْبَوْلِ - أَوْ مِنَ الْبَوْلِ " متفق عليه
ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം: ഒരിക്കൽ റസൂൽ ﷺ രണ്ട് ഖബറുകൾക്കരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു:"ഈ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയൊരു (അസാധ്യമായ) കാര്യത്തിന്റെ പേരിലല്ല അവർ ശിക്ഷ അനുഭവിക്കുന്നത്. ആ രണ്ടിൽ ഒരാൾ പരദൂഷണം പറഞ്ഞു നടന്നിരുന്നവനായിരുന്നു. മറ്റേയാൾ മൂത്രമൊഴിച്ച ശേഷം അതിൽ നിന്നും മറഞ്ഞിരുന്നില്ല (പൂർണ്ണമായും സൂക്ഷ്മത പാലിക്കുകയോ നല്ലതുപോലെ ശുദ്ധിയാക്കുകയോ ചെയ്തിരുന്നില്ല)." (ബുഖാരി/മുസ്ലിം)
മറ്റൊരു റിപ്പോർട്ടിൽ, "അയാൾ മൂത്രത്തിൽ നിന്നും പൂർണ്ണമായി ശുദ്ധി നേടിയിരുന്നില്ല" എന്നാണുള്ളത്.
മൂത്രത്തിൽ നിന്ന് ശുദ്ധി കൈവരിക്കാത്തതാണ് ഖബർ ശിക്ഷയ്ക്കുള്ള പ്രധാന കാരണമെങ്കിൽ, നജസിന്റെ (മാലിന്യങ്ങളുടെ) വിധി വിലക്കുകളെക്കുറിച്ച് പരലോകത്തിൽ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസിക്ക് എങ്ങനെയാണ് അശ്രദ്ധനായിരിക്കാൻ സാധിക്കുക?
ഖബർ ശിക്ഷയുടെ ഗൗരവത്തെ സൂചിപ്പിക്കുന്ന ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം!!
ഉഥ്മാൻ ബിൻ അഫ്ഫാൻ رضي الله عنه ഖബറിനരികിലൂടെ നടന്നുപോയാൽ തന്റെ താടി നനയുമാറ് പൊട്ടിക്കരയുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു:"താങ്കൾ സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ച് ഓർക്കുമ്പോൾ കരയാറില്ലല്ലോ, എന്നാൽ ഖബർ കാണുമ്പോൾ ഇത്രയധികം കരയുന്നത് എന്തുകൊണ്ടാണ്? അപ്പോൾ ഉഥ്മാൻ رضي الله عنه മറുപടി നൽകി:"തീർച്ചയായും പരലോക ജീവിതത്തിലെ ഒന്നാമത്തെ താവളം (ഇടം) ഖബറാകുന്നു. ഒരാൾ അവിടെ രക്ഷപ്പെട്ടാൽ അതിനുശേഷമുള്ള ഘട്ടങ്ങൾ അവന് തികച്ചും എളുപ്പമായിരിക്കും. എന്നാൽ അവിടെയൊരാൾക്ക് രക്ഷപ്പെടാനായില്ലെങ്കിൽ, ശേഷമുള്ള കാര്യങ്ങളെല്ലാം അതിനേക്കാൾ കഠിനവും പ്രയാസകരവുമായിരിക്കും."
തുടർന്ന് അദ്ദേഹം പ്രവാചകൻ ﷺ ഇപ്രകാരം അരുളിയതായി ഉദ്ധരിച്ചു:"ഖബറിനേക്കാൾ ഭീകരമായതും മോശവുമായ മറ്റൊരു കാഴ്ചയും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല." (അഹ്മദ്, തിർമിദി)
