നജസ്സുകളും അവ ശുദ്ധീകരിക്കേണ്ട രീതികളും

Mohammed Shafeeque Madeena
July 22, 2026
305 കാഴ്ചകൾ
നജസ്സുകളും അവ ശുദ്ധീകരിക്കേണ്ട രീതികളും

നജസ്സുകളും അവ ശുദ്ധീകരിക്കേണ്ട രീതികളുംലിങ്ക് കോപ്പി ചെയ്തു!

മുഹമ്മദ് ശഫീഖ് മദീന 

بسم الله الرحمن الرحيم

ബാഹ്യമായ മാലിന്യങ്ങൾക്കും ആന്തരികമായ (വിശ്വാസ കർമ്മങ്ങളിലുള്ള ശിർക്ക്, കുഫ്റ് പോലെയുള്ള) മാലിന്യങ്ങൾക്കും 'നജസ്' എന്ന് പ്രയോഗിക്കാറുണ്ട്. എന്നാൽ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നജസ് കൊണ്ട് ഉദ്ദേശിക്കുന്നത് ബാഹ്യമായ മാലിന്യങ്ങളാണ്.

നമസ്കരിക്കുന്നവൻ അവന്റെ ശരീരം, വസ്ത്രം, നമസ്കരിക്കുന്ന സ്ഥലം എന്നിവ നജസിൽ നിന്ന് ശുദ്ധിയായിരിക്കണം എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഇത് നമസ്കാരം ശരിയാകാനുള്ള ശർത്തുകളിൽ പെട്ടതാണ്.

ഈ അധ്യായത്തിൽ മനസ്സിലാക്കേണ്ട അടിസ്ഥാന തത്വംലിങ്ക് കോപ്പി ചെയ്തു!

ഈ അധ്യായത്തിൽ നജസ്സായ മാലിന്യങ്ങൾ ഏതൊക്കെയാണെന്നും അവ ശുചീകരിക്കേണ്ടത്‌ ഏത്‌ രൂപത്തിൽ ആണെന്നും മനസ്സിലാക്കാം.

  1. അടിസ്ഥാനപരമായി എല്ലാ വസ്തുക്കളും ശുദ്ധിയുള്ളവയാണ് - ‌الْأَصْلَ ‌فِي ‌الْأَشْيَاءِ ‌الطَّهَارَةُ-. ഒരു കാര്യം നജസാണെന്ന് പറയണമെങ്കിൽ വ്യക്തമായ തെളിവുണ്ടായിരിക്കണം (ഖുർആൻ, സ്വഹീഹായ ഹദീസ് അല്ലെങ്കിൽ ഇജ്മാഅ് വഴി അത് സ്ഥിരപ്പെടണം).
  2. ഒരു വസ്തുവിലുള്ള നജസ് ; അത് ഏത് മാർഗ്ഗത്തിലൂടെ നീക്കം ചെയ്യപ്പെട്ടാലും അതിന്റെ (നജസ്സിന്റെ) വിധിയും ഇല്ലാതാകും.
  3. നജസ്സ് നീക്കം ചെയ്യുമ്പോൾ അതിന് നിയ്യത്ത് ആവശ്യമില്ല.

നജസിന്റെ ഇനങ്ങൾ.ലിങ്ക് കോപ്പി ചെയ്തു!

നജസ്സിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  1. നജാസത്ത് ഐനിയ്യ : അത് ആ വസ്തുവിന്റെ അസ്തിത്വം തന്നെ അശുദ്ധമായതാണ്. അത് എത്ര കഴുകിയാലും അതിന്റെ യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഒരിക്കലും ശുദ്ധിയാവുകയില്ല. (ഉദാഹരണത്തിന്: മലം, ശവം).
  2. നജാസത്ത് ഹുക്മിയ്യ : ശുദ്ധിയുള്ള ഒരു വസ്തുവിലേക്ക് അശുദ്ധി വന്നുപതിക്കുകയും, അതുമൂലം ആ വസ്തു അശുദ്ധമായി മാറുകയും ചെയ്യുന്നതിനെയാണ് ഇത് നജാസത്ത് ഹുക്മിയ്യ എന്ന് പറയുന്നത്. (ഉദാഹരണത്തിന്: വസ്ത്രത്തിലോ ശരീരത്തിലോ മൂത്രം പകരുന്നത്. ഇത് കഴുകി വൃത്തിയാക്കിയാൽ ശുദ്ധിയാകും).

നജസ്സുകളുടെ വിഷയത്തിലും മറ്റ് ഫിഖ്ഹീ വിഷയങ്ങളിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവിത്യാസമുണ്ടാകാനുള്ള കാരണങ്ങൾ

നജസ്സുകൾ എണ്ണിപ്പറയുമ്പോൾ പണ്‌ഡിതന്മാർക്കിടയിൽ ഏകോപിച്ചതും അഭിപ്രായ വ്യത്യാസമുള്ളതുമായ കാര്യങ്ങൾ കാണാൻ സാധിക്കും.ഒരു കാര്യം നജസാണോ എന്ന് തീരുമാനിക്കുന്നത് തങ്ങൾക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ആ തെളിവുകൾക്ക് നൽകുന്ന വ്യാഖ്യാനങ്ങളിലെ മാറ്റങ്ങളും, ഒരേ വിഷയത്തിൽ തന്നെയുള്ള വ്യത്യസ്ത പ്രമാണങ്ങളുമാണ് ഈ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നയിക്കുന്നത്.

അതിനാൽ നജസ്‌ ആയതും ഇല്ലാത്തതുമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും വ്യത്യസ്‌തമായ മദ്‌ഹബുകളിൽ വന്ന അഭിപ്രായവ്യത്യാസത്തെ കുറിച്ചുള്ള സൂചനങ്ങൾ നൽകുകയും അതിൽ ഏറ്റവും ശരിയായ അഭിപ്രായം ഉദ്ധരിക്കുകയും ചെയ്യുന്നതാണ്‌.

നജസുകൾ ശുദ്ധീകരിക്കേണ്ട രീതികൾലിങ്ക് കോപ്പി ചെയ്തു!

മാലിന്യത്തിന്റെ കാഠിന്യമനുസരിച്ച് പണ്ഡിതന്മാർ നജസിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു:

1) കഠിനമായ നജസ്: ഏഴ് തവണ അതിൽ ഒന്ന് മണ്ണ് കൊണ്ടും ബാക്കി വെള്ളം കൊണ്ടും കഴുകാൻ നിർദ്ദേശിച്ചത് ( നായ പാത്രത്തിൽ തലയിട്ടാൽ )

2) ലഘുവായ നജസ് : വെള്ളം കുടഞ്ഞ് ശുദ്ധിയാക്കാൻ നിർദ്ദേശിച്ചത് .

3) മിതമായ നജസ് : വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കാൻ നിർദ്ദേശിച്ചത് .

ഇവ ശുദ്ധീകരിക്കാൻ താഴെ പറയുന്ന വഴികൾ ഉപയോഗിക്കുന്നു:

  • വെള്ളം കൊണ്ട് കഴുകി ശുദ്ധീകരിക്കേണ്ടത്.
  • വെള്ളം കുടഞ്ഞുകൊണ്ട് (തളിച്ച്).
  • ഉരച്ചു മാറ്റി (ഉണങ്ങിയതാണെങ്കിൽ).
  • തടവി വൃത്തിയാക്കൽ.
  • സ്വയം ഭാവഭേദം സംഭവിച്ച് (രൂപാന്തരം വഴി).
  • ഊറക്കിട്ടുകൊണ്ട് (തോൽ പതംവരുത്തൽ).

വെള്ളമാണ്‌ ശുദ്ധീകരണത്തിന്‌ അടിസ്‌ഥാനപരമായി ഉപയോഗിക്കേണ്ടത്‌ എന്നാൽ അതല്ലാത്ത ശുദ്ധീകരണ പദാർത്ഥം കൊണ്ടും നജസ്സ്‌ ശുദ്ധീകരിക്കാവുന്നതാണ്‌.

1) വെള്ളം കൊണ്ട്‌ കഴുകി ശുദ്ധീകരിക്കേണ്ടത്‌:ലിങ്ക് കോപ്പി ചെയ്തു!

  • നായ പാത്രത്തിൽ തലയിട്ടാൽ( നക്കിയാൽ -ഏഴുതവണ).

നായ തലയിട്ട പാത്രത്തിലുള്ള നജസൊഴികെ ബാക്കി എല്ലാം അവ ശുദ്ധിയായി എന്ന്‌ ഉറപ്പുവരുന്നതുവരെ കഴുകണം , പ്രത്യേക എണ്ണമില്ല.

  • കാഷ്‌ഠവും മൂത്രവും
  • വദ്‌യ്‌
  • മദ്‌യ്‌.
  • ആർത്തവരക്തം

2) വെള്ളം കുടഞ്ഞ്‌ വൃത്തിയാക്കേണ്ടത്‌: ലിങ്ക് കോപ്പി ചെയ്തു!

  • മുലപ്പാൽ ഒഴികെ മറ്റു ഭക്ഷണം കഴിക്കാത്ത ആൺകുട്ടിയുടെ മൂത്രം. ( പെൺകുട്ടികളേതാണെങ്കിൽ കഴുകണം.

3)  ഊറക്കിട്ടുകൊണ്ട്‌ ശുദ്ധീകരിക്കേണ്ടത് ലിങ്ക് കോപ്പി ചെയ്തു!

  • മൃഗങ്ങളുടെ ശവത്തിൻറെ തോല്‌

4) ഉരച്ചു മാറ്റി ശുദ്ധീകരിക്കേണ്ടത് (ഉണങ്ങിയതാണെങ്കിൽ)ലിങ്ക് കോപ്പി ചെയ്തു!

  • ചെരുപ്പിലും മറ്റും പുരണ്ട നജസ്‌ മണ്ണിൽ ഉരച്ച്‌ ശുദ്ധീകരിക്കാവുന്നതാണ്‌.
  •  സ്‌ത്രീകളുടെ നീളം കൂടിയ വസ്‌ത്രങ്ങൾ നിലച്ചു വലിക്കുന്നത്‌ മൂലം സംഭവിച്ചേക്കാവുന്ന അഴുക്ക്‌ അതിൻറെ തുടർച്ച വഴി സ്വയം ശുദ്ധിയാവുന്നതായിരിക്കും.

أُمَّ سَلَمَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَتْ: إِنِّي امْرَأَةٌ أُطِيلُ ذَيْلِي، فَأَمْشِي فِي الْمَكَانِ الْقَذِرِ. فَقَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "يُطَهِّرُهُ مَا بَعْدَهُ" ( صحيح سنن ابن ماجه )

ഉമ്മു സലമ رضي الله عنها നിന്ന് നിവേദനം: വസ്‌ത്രം നന്നായി ഇറക്കി ധരിക്കുന്ന പ്രകൃതക്കാരിയായിന്നു ഞാൻ, അപ്പോൾ ബാധിച്ചേക്കാവുന്ന അഴുക്കിനെ സംബന്ധിച്ച്‌ നബിﷺ യോട്‌ ചോദിച്ചു, അവിടുന്ന്‌ ഇങ്ങനെ പറയുകയുണ്ടായി: " അതിനുശേഷമുള്ള (വൃത്തിയുള്ള) മണ്ണ് അതിനെ ശുദ്ധീകരിക്കും."

പ്രമാണബദ്ധമായി സ്ഥിരപ്പെട്ട നജസുകൾലിങ്ക് കോപ്പി ചെയ്തു!

1. മനുഷ്യന്റെ മലവും മൂത്രവുംലിങ്ക് കോപ്പി ചെയ്തു!

ഇത് നജസാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു-ഇജ്മാഅ് ഉണ്ട് (ശർഹു മുസ്ലിം -നവവി ) . അത്‌ നജസാണെന്നതിനുള്ള തെളിവ്‌.

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം: ഒരിക്കൽ റസൂൽ ﷺ രണ്ട് ഖബറുകൾക്കരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവിടുന്ന് ﷺ പറഞ്ഞു:"ഈ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയൊരു (അസാധ്യമായ) കാര്യത്തിന്റെ പേരിലല്ല അവർ ശിക്ഷ അനുഭവിക്കുന്നത്. ആ രണ്ടിൽ ഒരാൾ പരദൂഷണം പറഞ്ഞു നടന്നിരുന്നവനായിരുന്നു. മറ്റേയാൾ മൂത്രമൊഴിച്ച ശേഷം അതിൽ നിന്നും മറഞ്ഞിരുന്നില്ല (പൂർണ്ണമായും സൂക്ഷ്മത പാലിക്കുകയോ നല്ലതുപോലെ ശുദ്ധിയാക്കുകയോ ചെയ്തിരുന്നില്ല)." (ബുഖാരി/മുസ്‌ലിം)

ഇമാം നവവി رحمه الله പറയുന്നു : 'മനുഷ്യന്റെ മൂത്രം നജസാണെന്നതിന് ഇതിൽ തെളിവുണ്ട്; ഈ കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് ഉണ്ട് . പരിഗണനീയരായ പണ്ഡിതന്മാരുടെ ഒത്തൊരുമിച്ച അഭിപ്രായപ്രകാരം മുതിർന്നവരുടെയും കുട്ടികളുടെയും മൂത്രത്തിൽ ഇക്കാര്യത്തിൽ വ്യത്യാസമില്ല. എന്നാൽ, കുട്ടിയുടെ മൂത്രം ശുദ്ധീകരിക്കാൻ വെള്ളം തളിച്ചാൽ മാത്രം മതിയാകും,...

മനുഷ്യകാഷ്ഠവും നജസാണെന്ന കാര്യത്തിൽ പണ്ഡിതന്മാരുടെ ഇജ്മാഅ് ഉണ്ട് . ഇമാം നവവി തന്റെ 'ശറഹുൽ മുഹദ്ദബിൽ' (2/549) ഉദ്ധരിച്ചിട്ടുണ്ട്

ഇവ ശുദ്ധീകരണ രീതി: വെള്ളം കൊണ്ട് കഴുകി ശുദ്ധീകരിക്കണം.

وَعَنْ أَنَسِ بْنِ مَالِكٍ -رضي الله عنه-، قَالَ: جَاءَ أَعْرَابِيٌّ فَبَالَ فِي طَائِفَةِ المَسْجِدِ، فَزَجَرَهُ النَّاسُ، فَنَهَاهُمُ النَّبِيُّ - صلى الله عليه وسلم -، فَلَمَّا قَضَى بَوْلَهُ أَمَرَ النَّبِيُّ - صلى الله عليه وسلم - ‌بِذَنُوبٍ مِنْ مَاءٍ؛ فَأُهْرِيقَ عَلَيْهِ.  مُتَّفَقٌ عَلَيْهِ.

അനസ് ഇബ്നു മാലിക് رضي الله عنه നിന്ന് നിവേദനം: ഒരു ഗ്രാമീണ അറബി പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിച്ചപ്പോൾ, നബി ﷺ ആളുകളെ തടയുകയും അവൻ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അവിടെ ഒഴിക്കാൻ കൽപ്പിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)

  • മുലപ്പാൽ മാത്രം കുടിക്കുന്ന ആൺകുട്ടിയുടെ മൂത്രം

ഇത് ലഘുവായ നജസാണ്. ഇതിന്മേൽ വെള്ളം കുടഞ്ഞാൽ (തളിച്ചാൽ) മതിയാകും. എന്നാൽ പെൺകുട്ടിയുടേതാണെങ്കിൽ കഴുകൽ നിർബന്ധമാണ്.

....فقال ﷺ " يُغْسَلُ مِنْ بَوْلِ الْجَارِيَةِ، وَيُرَشُّ مِنْ بَوْلِ الْغُلَامِ " (سنن أبي داود) 

നബി ﷺ പറഞ്ഞു: "പെൺകുട്ടിയുടെ മൂത്രം കഴുകയും , ആൺകുട്ടിയുടെ മൂത്രത്തിന്മേൽ വെള്ളം തളിക്കുകയും വേണം." (അബൂദാവൂദ്)

2. മദ്‌യും വദ്‌യുംലിങ്ക് കോപ്പി ചെയ്തു!

മദ്‌യ് (المذي): ലൈംഗിക ഉത്തേജന വേളകളിൽ പുറപ്പെടുന്ന വഴുക്കലുള്ള, സുതാര്യമായ വെളുത്ത ദ്രാവകം. ഇത് പുറപ്പെടുമ്പോൾ വലിയ ആനന്ദമോ സ്ഖലനത്തിന്റെ ശക്തിയോ ഉണ്ടാകില്ല. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇത് ഉണ്ടാകും.

ശുദ്ധീകരണ രീതി: ലിംഗവും അത് ബാധിച്ച ഭാഗങ്ങളും വെള്ളം കൊണ്ട് കഴുകുകയും വുദു എടുക്കുകയും വേണം. അലി رضي الله عنه നിവേദനം ചെയ്ത ഹദീസിൽ നബി ﷺ ഇതിന് ലിംഗം കഴുകാനും വുദു ചെയ്യാനും കൽപ്പിച്ചതായി കാണാം.

عَنْ ‌عَلِيٍّ قَالَ: « كُنْتُ رَجُلًا مَذَّاءً، وَكُنْتُ أَسْتَحْيِي أَنْ أَسْأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ لِمَكَانِ ابْنَتِهِ، فَأَمَرْتُ الْمِقْدَادَ بْنَ الْأَسْوَدِ ‌فَسَأَلَهُ، ‌فَقَالَ: ‌يَغْسِلُ ‌ذَكَرَهُ ‌وَيَتَوَضَّأُ » . أخرجه البخاري (132)، ومسلم (303)

അലി رضي الله عنه നിന്ന്‌ നിവേദനം : കൂടുതലായി മദ്‌ യ്‌ ഉണ്ടാകുന്ന പ്രകൃതക്കാരനായിരുന്നു ഞാൻ. പ്രവാചക പുത്രിയുമായുള്ള എൻറെ ബന്ധം കാരണം നബിയോട്‌ ﷺ നേരിട്ടുള്ള ഒരു സംശയനിവാരണത്തിന്‌ എനിക്ക്‌ ലജ്ജ തോന്നി. അങ്ങനെ ഈ വിഷയം ചോദിക്കാൻ ഞാൻ മിഖ്‌ദാദിനെ ഏർപ്പാടാക്കി. അദ്ദേഹത്തിൻറെ ചോദ്യത്തിന്‌ മറുപടിയായി ലിംഗം കഴുകി വുദു പിടിക്കാൻ നബി ﷺ കൽപ്പിക്കുകയുണ്ടായി.

വദ്‌യ് (الوذي): മൂത്രമൊഴിച്ച ശേഷം പുറപ്പെടാറുള്ള കട്ടിയുള്ള വെളുത്ത ദ്രാവകം. ഇതും നജസാണ്, വുദു മുറിയുന്ന കാര്യമാണ്. വെള്ളം ഉപയോഗിച്ച് കഴുകി ശുദ്ധീകരിക്കണം.

മദ്‌യും വദ്‌യും നജസാണ്‌ എന്നതിൽ ഇജ്‌മാഅ്‌ ഉണ്ടെന്ന്‌ ഇമാം നവവി رحمه الله അദ്ദേഹത്തിൻറെ ശറഹുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്‌ .

3. നായയുടെ ഉമിനീരും ശരീരവുംലിങ്ക് കോപ്പി ചെയ്തു!

നായ പാത്രത്തിൽ തലയിട്ടാൽ (നക്കിയാൽ) അത് കഠിനമായ നജസാണ്.

ശുദ്ധീകരണ രീതി: ആദ്യത്തെ തവണ മണ്ണ് കലർത്തിയ വെള്ളം കൊണ്ട് ഉൾപ്പെടെ ആകെ ഏഴു തവണ കഴുകണം.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ - طَهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أولَاهُنَّ بِالتُّرَابِ ( مسلم برقم (279))

നബി ﷺ പറഞ്ഞു: "നിങ്ങളിൽ ഒരാളുടെ പാത്രത്തിൽ നായ നക്കിയാൽ അതിന്റെ ശുദ്ധീകരണം, അതിൽ ആദ്യത്തേത് മണ്ണുകൂട്ടി ഏഴു തവണ കഴുകലാകുന്നു." (മുസ്‌ലിം)

മണ്ണ് കലർത്തേണ്ട രീതി: മണ്ണ് വിതറി അതിന്മേൽ വെള്ളമൊഴിച്ചോ, വെള്ളമൊഴിച്ച് അതിന്മേൽ മണ്ണ് വിതറിയോ, അല്ലെങ്കിൽ വെള്ളവും മണ്ണും ചേർത്ത മിശ്രിതം പാത്രത്തിൽ ഒഴിച്ചോ കഴുകാം. സോപ്പ് ഉപയോഗിച്ചാൽ മണ്ണിന് പകരമാകില്ല എന്നതാണ് ശരിയായ അഭിപ്രായം.

നായയുമായി ബന്ധപ്പെട്ട വിവിധ മസ്‌അലകൾലിങ്ക് കോപ്പി ചെയ്തു!

നായയുടെ ശരീരം: നായ മുഴുവനായും നജസാണോ അല്ലയോ എന്നതിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌.ഏറ്റവും പ്രബലമായ അഭിപ്രായം നായ മുഴുവനും നജസാണെന്നാണ്‌.

( ശാഫിഈ മദ്‌ഹബിലെ അവലംബനീയമായ അഭിപ്രായവും ഹംബലി മദ്‌ഹബിന്റെ അഭിപ്രായവും ഇപ്രകാരമാണ്‌). മാലികീ ഹനഫി മദ്‌ഹബുകളിൽ നായ മുഴുവനായും നജസല്ല എന്ന അഭിപ്രായമാണ്‌.

1. നായ സ്‌പർശിച്ച , ഇരുന്ന സ്‌ഥലങ്ങൾ നജസ്‌ ആണോ?ലിങ്ക് കോപ്പി ചെയ്തു!

നായയുടെ രോമം നജസല്ല എന്നുള്ളതാണ്‌ പ്രബലമായ അഭിപ്രായം. അതിനാൽ ശരീരമോ വസ്‌ത്രമോ നായയുടെ നനഞ്ഞ രോമത്തിൽ സ്‌പർശിച്ചാൽ നജസ്‌ ആവുകയില്ല.( ഇബ്‌നു തൈമിയ്യ അദ്ദേഹത്തിൻറെ മജുമുഉൽ ഫത്താവയിൽ 21/530 പരാമർശിച്ചിട്ടുണ്ട്‌.) 

നായയുടെ ഉമിനീര്‌ , മൂത്രം, കാഷ്ടം എന്നിവ നജസാണെന്ന കാര്യത്തിൽ സംശയമില്ല. ഈ നജസുകൾ രോമത്തിലുണ്ടെന്ന്‌ ഉറപ്പാവുകയോ (ഉണങ്ങിയ സന്ദർഭത്തിലല്ല മറിച്ച്‌ നനവോടുകൂടി), അതല്ലെങ്കിൽ നായ സ്‌പർശിച്ചേക്കാവുന്ന , ഇരിക്കാവുന്ന സ്‌ഥലങ്ങളിൽ നനവ്‌ ഉണ്ടാവുകയോ ചെയ്‌താൽ അത്തരം സ്‌ഥലങ്ങൾ ഏഴു പ്രാവശ്യം (അതിലൊന്ന്‌ മണ്ണ്‌ കലർത്തി) കഴുകേണ്ടതാണ്‌.

അല്ലാത്തപക്ഷം നായ സ്‌പർശിച്ചത്‌ കൊണ്ട്‌ മാത്രമോ ഇരുന്നതുകൊണ്ട്‌ മാത്രമോ ഇത്തരം സ്‌ഥലങ്ങൾ നജസ്‌ ആവുകയില്ല.( സുലൈമാൻ റുഹൈലി, അബ്ദുൽ അസീസ്‌ റയീസ്‌ حفظهم الله തുടങ്ങിയ പണ്‌ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു)

നായയുടെ ശരീരമോ അവസ്‌പർശിക്കുന്ന പ്രതലമോ ഉണക്കുള്ള അവസ്‌ഥയിലാണെങ്കിൽ നജസ്‌ ആവുകയില്ല കാരണം ഉണങ്ങിയ വസ്‌തുവിൽ നിന്ന്‌ നജസ്സ്‌ പകരുന്നതല്ല.

2. നായയുടെ മൂത്രമോ കഷ്ടമോ രക്തമോ ആയാൽ ഏഴുതവണ കഴുകണമോ?ലിങ്ക് കോപ്പി ചെയ്തു!

അതെ, നായയുടെ എല്ലാ നജസുകളും മേൽപ്പറഞ്ഞതുപോലെ ശുദ്ധീകരിക്കണം.

3. നായ പാത്രത്തിൽ തലയിട്ടാൽ( നക്കിയാൽ ) കഴുകേണ്ട രീതി? ആ മണ്ണ്‌ കലർത്തേണ്ടത്‌ എങ്ങനെ?ലിങ്ക് കോപ്പി ചെയ്തു!

عَنِ ‌ابْنِ الْمُغَفَّلِ َقَالَ رَسُولُ اللهِ إِذَا وَلَغَ الْكَلْبُ فِي الْإِنَاءِ فَاغْسِلُوهُ سَبْعَ مَرَّاتٍ، ‌وَعَفِّرُوهُ الثَّامِنَةَ فِي التُّرَابِ  

അബ്ദുല്ല ഇബ്‌നു മുഗഫ്‌ഫൽ رضي الله عنه നിവേദനം നബി ﷺപറഞ്ഞു നായ പാത്രത്തിൽ തലയിട്ടാൽ നക്കിയാൽ അത്‌ ഏഴു തവണ കഴുകുക എട്ടാമത്തെ തവണ മണ്ണിൽ ഉരക്കുകയും ചെയ്യുക (മുസ്‌ലിം )

ചിലരിവായത്തിൽ ആദ്യത്തിൽ എന്നും, മറ്റൊരു രിവായത്തിൽ അവസാനത്തിൽ എന്നും വന്നിട്ടുണ്ട്‌.

ഏഴ്‌ തവണ വെള്ളം കൊണ്ട്‌ കഴുകുകയും എട്ടാമത്തെ തവണ മണ്ണ്‌ കൊണ്ട്‌ കഴുകുകയും വേണമെന്ന്‌ അഭിപ്രായപ്പെട്ടതും ഉണ്ട്‌.

  • കഴുകേണ്ട രീതി

ഓരോ തവണ കഴുകിയശേഷം വെള്ളം പുറത്തേക്ക്‌ ഒഴുക്കിക്കളയണം.

  • മണ്ണ്‌ കലർത്തേണ്ട രീതി

1) മണ്ണ്‌ വിതറി അതിൽ മേൽ വെള്ളമൊഴിച്ചോ,

2) വെള്ളം ഒഴിച്ച്‌ അതിന്മേൽ മണ്ണ്‌ വിതറിയോ,

3) വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതം പാത്രത്തിൽ ഒഴിച്ചോ, ഒരു പ്രാവശ്യം കഴുകാവുന്നതാണ്‌. ( സുബുലുസ്സലാം - ഇമാം സ്വൻആനി (1 / 52 - 53)

4. മണ്ണിനു പകരം സോപ്പ്‌ പോലെയുള്ള ശുദ്ധീകരണ വസ്‌തുക്കൾ മതിയാകുമോ?ലിങ്ക് കോപ്പി ചെയ്തു!

മണ്ണ്‌ തന്നെ കലർത്തണം എന്നുള്ളതാണ്‌ ശരിയായ അഭിപ്രായം ( നവവി തന്റെ ശറഹു മുസ്‌ലിമിൽ ), കാരണം: 

1)മണ്ണ്‌ ഉപയോഗിക്കണമെന്ന്‌ ഹദീസിൽ ഖണ്‌ഡിതമായി പറഞ്ഞതാണ്‌.

2) പ്രവാചകൻറെ കാലഘട്ടത്തിൽ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കുന്ന സിദർ പോലെയുള്ള വസ്‌തുക്കൾ ഉണ്ടായിട്ടും അദ്ദേഹം മണ്ണെല്ലാതെ മറ്റൊന്നും ഉപയോഗിച്ചിട്ടില്ല എന്ന്‌ മാത്രമല്ല , ഉപയോഗിക്കാമെന്നുള്ള സൂചന പോലും നൽകിയിട്ടില്ല.

5. ഒരു പാത്രത്തിൽ തന്നെ ആവർത്തിച്ച്‌ നക്കിയാൽ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ നായകൾ ഒരു പാത്രത്തിൽ നക്കിയാൽ എത്ര തവണ കഴുകണം?ലിങ്ക് കോപ്പി ചെയ്തു!

എല്ലാറ്റിനും കൂടി ഏഴു പ്രാവശ്യം കഴുകിയാൽ മതി .വ്യത്യസ്‌തമായ അഭിപ്രായം പറഞ്ഞതിനുശേഷം ഇമാം നവവി رحمه الله ഏറ്റവും ശരിയായ അഭിപ്രായമായി പറഞ്ഞത്‌ ഇപ്രകാരമാണ്‌. 

6. ആ വെള്ളത്തിൻറെ വിധി എന്താണ്‌?ലിങ്ക് കോപ്പി ചെയ്തു!

ആ വെള്ളം നജസാണ്‌ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കാൻ പാടില്ല.

നായ തലയിട്ട പാത്രത്തിലെ വെള്ളം ശുദ്ധീകരിക്കേണ്ട രീതി വിവരിക്കുന്ന ഹദീസിലെ ഒരു രിവായത്തിൽ 'നിങ്ങൾ ആ വെള്ളം ഒഴുക്കി കളയുക' എന്ന്‌ വന്നിട്ടുണ്ട്‌.

പണ്‌ഡിതന്മാർ ഈ ഹദീസ്‌ തെളിവിന്‌ കൊള്ളുകയില്ല എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും ഇതിലെ (അർത്ഥം) ആശയം ശരിയാണ്‌. വെള്ളം നജസസായി മാറിയതിനാൽ ഒഴുക്കി കളയേണ്ടതാണ്‌.

ശ്രദ്ധിക്കുക: മറ്റെല്ലാ സന്ദർഭത്തിലും വെള്ളത്തിൽ നജസ്‌ കലർന്നാൽ അതിൻറെ രുചിയിലോ നിറത്തിലോ മണത്തിലോ മാറ്റം വന്നാലേ നജസാവുകയുള്ളൂ എന്ന പൊതു തത്വം നായ തലയിട്ട/നക്കിയ വെള്ളത്തിന്‌ ബാധകമല്ല.ഇവിടെ നായ നക്കുന്നതോടു കൂടി പാത്രത്തിലെ വെള്ളം നജസ്‌ ആവുന്നതാണ്‌.(ഇബ്‌നു ഉസൈമീൻ -ശർഹു ബുലൂഗുൽ മറാം )

7. വേട്ട നായ്‌ക്കൾ വേട്ടയാടി കൊണ്ടുവരുന്ന മൃഗങ്ങളിൽ അതിൻറെ ഉമനീർ പതിച്ചാലുള്ള വിധി?ലിങ്ക് കോപ്പി ചെയ്തു!

വേട്ട നായ്‌ക്കൾ വേട്ടയാടി കൊണ്ടുവരുന്നത്‌ കഴുകണോ വേണ്ടയോ എന്നതിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഏറ്റവും ശരിയായ അഭിപ്രായം കഴുതേണ്ടതില്ല എന്നതാണ്‌.

(ഇമാം നവവി ഇബ്‌നു തൈമിയ ഇബിനു ഉസൈമീൻ പോലെയുള്ള പണ്‌ഡിതന്മാർ ഇപ്രകാരം അഭിപ്രായപെട്ടിരിക്കുന്നു). 

{ قُلۡ أُحِلَّ لَكُمُ ٱلطَّيِّبَٰتُ وَمَا عَلَّمۡتُم مِّنَ ٱلۡجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ ٱللَّهُۖ فَكُلُواْ مِمَّآ أَمۡسَكۡنَ عَلَيۡكُمۡ وَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهِۖ } المائدة: 4

അല്ലാഹു നിങ്ങൾക്ക്‌ നൽകിയ വിദ്യ ഉപയോഗിച്ച്‌ നായാട്ട്‌ പരിശീലിപ്പിക്കാനുള്ള രീതിയിൽ നിങ്ങൾ പഠിപ്പിച്ചു എടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങൾക്ക്‌ വേണ്ടി പിടിച്ചു കൊണ്ടുവന്നതിൽ നിന്ന്‌ നിങ്ങൾ തിന്നു കൊള്ളുക....(സൂറത്തുൽ മാഇദ:4)എന്ന ആയത്തിൽ ഇവ കഴുകണമെന്ന്‌ നിർദ്ദേശിച്ചിട്ടില്ല.

8. നായയുടെ നജസുമായി ബന്ധപ്പെട്ട വിധികൾ “ഉപകാരമെടുക്കാൻ ഇസ്‌ലാം അനുവദിച്ച” വേട്ട നായ്‌ക്കൾ കാവൽ നായ്‌ക്കൾ ഇടയന്മാർ മേയ്യാൻ ഉപയോഗിക്കുന്ന നായ്‌ക്കൾ , ഇവയ്‌ക്കൊക്കെ ബാധകമാണോ?ലിങ്ക് കോപ്പി ചെയ്തു!

വേട്ട നായയുടെ ഉമിനീർ വേട്ടയാടി കൊണ്ടുവരപ്പെടുന്നത്‌ ഒഴിച്ച്‌ ബാക്കി എല്ലാ നായകൾക്കും ഒരേ വിധിയാണ്‌.

4. പന്നിലിങ്ക് കോപ്പി ചെയ്തു!

പന്നിയുടെ മുഴുവൻ ശരീരഭാഗങ്ങളും നജസ്സാണ്‌ എന്നാണ്‌ ബഹുഭൂരിപക്ഷം പണ്‌ഡിതന്മാരുടെയും വീക്ഷണം. ഈ വീക്ഷണമാണ്‌ ഏറ്റവും ശരിയായത്‌.

قوله تعالى: {إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ} الآية [الأنعام: 145].

അല്ലാഹു പറയുന്നു : "നബിയെ പറയുക എനിക്ക്‌ ബോധനം നൽകപ്പെട്ടതിൽ ഒരു ഭക്ഷിക്കുന്നവന്‌ ഭക്ഷിക്കുവാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല അത്‌ ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആണെങ്കിൽ ഒഴികെ കാരണം അത്‌ മ്ലേച്ചമത്രേ.....(സൂറത്തു അന്‌ആം 145)

ഈ ആയത്തിന്റെ തഫ്‌സീറിൽ 'പന്നിമാംസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പന്നിയുടെ ശരീരം മൊത്തത്തിൽ ആണെന്ന്‌ ' ഇമാം തബരി , ഇബ്‌നു കസീർ رحمهما الله തുടങ്ങിയ ധാരാളം ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു.എന്നാൽ മാലിക്കി മദ്‌ഹബിലെ അഭിപ്രായം പന്നി ജീവിച്ചിരിക്കുന്നിടത്തോളം നജസല്ല എന്നാണ്‌

പന്നിയുമായി ബന്ധപ്പെട്ട വിവിധ മസ്‌അലകൾലിങ്ക് കോപ്പി ചെയ്തു!

1. പന്നിയുടെ രോമം കൊണ്ടുണ്ടാക്കിയ വസ്‌തുക്കൾ ഉപയോഗിക്കാമോ?ലിങ്ക് കോപ്പി ചെയ്തു!

  • ഒരു ഫത് വ (ഫതാവാ അല്ലജ്നത്തുദ്ദാഇമ - 22: 287)

ചോദ്യം : പന്നിയുടെ കൊഴുപ്പ് ചേർത്ത സോപ്പും, അതുപോലെതന്നെ അതിന്റെ രോമം ഉപയോഗിച്ചുണ്ടാക്കിയ ടൂത്ത് ബ്രഷും ഉപയോഗിക്കാൻ പാടുള്ളതാണോ?

ഉത്തരം: അത്തരം വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം പന്നി ഹറാമാണ് . അതിനാൽ പന്നിയുടെ അംശം കലർന്ന എല്ലാ വസ്തുക്കളും അതുമൂലം നിഷിദ്ധമായിത്തീരുന്നു.

2. പന്നിയുടെ നജസ്‌ ഏഴുതവണ കഴുകണമോ?ലിങ്ക് കോപ്പി ചെയ്തു!

പന്നിയുടെ നജസ്സ്‌ മറ്റെല്ലാ നജസുകളും കഴുകുന്നത്‌ പോലെ വെള്ളം കൊണ്ട്‌ കഴുകിയാൽ മതി. ഏഴ്‌ പ്രാവശ്യം കഴുകേണ്ടതില്ല.

3. പന്നിമാംസമോ അതിൻറെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളോ കൊണ്ട്‌ ഉണ്ടാക്കിയ മരുന്നിൻറെ വിധി?ലിങ്ക് കോപ്പി ചെയ്തു!

അനുവദനീയമല്ല . നിഷിദ്ധമാണ്‌.

  • ഒരു ഫത് വ (ഫതാവാ അല്ലജ്നത്തുദ്ദാഇമ - 25: 28)

പ്രമേഹരോഗ ചികിത്സയ്ക്കായി പന്നിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു തരം ഇൻസുലിനുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അല്ലജ്നത്തുദ്ദാഇമ നല്കിയ ഫത് വ

ഉത്തരം : പന്നിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഇത്തരം ഇൻസുലിനുകൾ ഉപയോഗിക്കുന്നത് ഹറാമാണ് . നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങൾ കൊണ്ട് ചികിത്സിക്കുന്നത് വിലക്കുന്ന തെളിവുകൾ സ്ഥിരപ്പെട്ടു വന്നതിനാലും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ ശിഫാഅ് നിശ്ചയിച്ചിട്ടില്ല എന്നതിനാലുമാണിത്. ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട തെളിവുകളിൽ പ്രവാചകൻ ﷺയൂടെ ഈ വചനവും ഉൾപ്പെടുന്നു: “അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ ചികിത്സ തേടുക; എന്നാൽ നിഷിദ്ധമായ കാര്യങ്ങൾ കൊണ്ട് നിങ്ങൾ ചികിത്സിക്കരുത്.

ശ്രദ്ധിക്കുക : നായയും പന്നിയുമെല്ലാത്ത മറ്റെല്ലാ ജന്തുക്കളുടെയും ഉമനീർ ശുദ്ധിയുള്ളതാണ്‌.

5. ശവം (അറുക്കപ്പെടാതെ മൃഗങ്ങളുടെ മൃതശരീരം)ലിങ്ക് കോപ്പി ചെയ്തു!

അനുവദനീയമായ രീതിയിൽ അറുക്കപ്പെടാതെ മൃഗങ്ങളുടെ മൃതശരീരം നജസാണ്. എന്നാൽ മൂന്ന് കാര്യങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു:

1. മീനും വെട്ടുകിളിയും: ഇവയുടെ ശവം നജസല്ല, ഭക്ഷിക്കൽ അനുവദനീയമാണ്.

وَعَن ابْنِ عُمَرَ -رَضِيَ اللَّهُ عَنْهُمَا- قَالَ: قَالَ رَسُولُ اللَّهِ -صلى الله عليه وسلم-: "‌أُحِلَّتْ ‌لَنَا ‌مَيْتَتَانِ ‌وَدَمَانِ، فَأَمَّا الْمَيْتَتَانِ: فَالْجَرَادُ وَالْحُوتُ، وَأَمَّا الدَّمَانِ: فَالْكَبِدُ والطِّحَالُ". أَخْرَجَهُ أَحْمَدُ، وَابْنُ مَاجَهْ

ഇബ്നു ഉമറിൽ رشي الله عنهما നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "രണ്ടിനം ശവങ്ങളും രണ്ടു തരം രക്തവും ഭക്ഷിക്കൽ അനുവദനീയമാകുന്നു. അതിൽ ശവങ്ങൾ വെട്ടുക്കിളിയുടേതും മത്സ്യത്തിന്റേതുമാണ് .രണ്ട് രക്തങ്ങളാകട്ടെ കരളും പ്ലീഹയുമാണ്.(സുനൻ ഇബ്നു മാജ)

2. ഒഴുകുന്ന രക്തമില്ലാത്ത പ്രാണികൾ: ഈച്ച, തേനീച്ച, ഉറുമ്പ് തുടങ്ങിയവ പാത്രത്തിൽ വീണു ചത്താൽ അത് നജസാകില്ല.

عَنْ ‌أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا وَقَعَ الذُّبَابُ فِي إِنَاءِ أَحَدِكُمْ ‌فَلْيَغْمِسْهُ ‌كُلَّهُ، ‌ثُمَّ ‌لِيَطْرَحْهُ؛ فَإِنَّ فِي أَحَدِ جَنَاحَيْهِ شِفَاءً وَفِي الْآخَرِ دَاءً.»«صحيح البخاري»

നബി ﷺ പറഞ്ഞു: "നിങ്ങളുടെ പാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണ്ണമായി മുക്കിയെടുത്ത ശേഷം എറിഞ്ഞുകളയുക. കാരണം അതിന്റെ ഒരു ചിറകിൽ രോഗവും മറ്റേതിൽ ശമനവുമുണ്ട്." (ബുഖാരി)

3. ചത്ത മൃഗത്തിന്റെ പല്ല്, നഖം, രോമം, തൂവൽ, എല്ല്: ഇവ നജസല്ല എന്നതാണ് ശരിയായ അഭിപ്രായം.

മൃഗങ്ങളുടെ തോൽലിങ്ക് കോപ്പി ചെയ്തു!

  • അറവ് വഴി ഭക്ഷണയോഗ്യമായ മൃഗങ്ങൾ ( ഒട്ടകം, പശു, ആട് തുടങ്ങിയവ): ഇവയുടെ തോലും ഊറക്കിടൽ വഴി ശുദ്ധിയാകുന്നതാണ്.അതിന്റെ അസ്ഥിയും ശുദ്ധിയുള്ളതാണ്.
  • മറ്റു ചത്ത മൃഗങ്ങൾ (നായ, പന്നി ഒഴികെ): ഇവയുടെ തോലും ഊറക്കിടൽ വഴി ശുദ്ധിയാകുന്നതാണ്.

ഇവ ശുദ്ധീകരിക്കേണ്ടത് തോൽ ഊറക്കിടൽ (പതനിടൽ) വഴിയാണ്.

عَنْ ‌عَبْدِ اللهِ بْنِ عَبَّاسٍ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « ‌إِذَا ‌دُبِغَ ‌الْإِهَابُ، ‌فَقَدْ ‌طَهُرَ »«صحيح مسلم»

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു:"തോൽ പതനിട്ടാൽ (ഊറക്കിട്ടാൽ) അത് ശുദ്ധിയായി."

ജീവിച്ചിരിക്കുന്ന മൃഗങ്ങളിൽ നിന്ന് വേർപെട്ട അവയവങ്ങൾലിങ്ക് കോപ്പി ചെയ്തു!

ജീവിച്ചിരിക്കുന്ന മൃഗങ്ങളുടെ ശരീരത്തിൽ നിന്ന് (വെട്ടുകിളിയുടെയും മീനിന്റെയും ഒഴികെ) വേർപെട്ട അവയവങ്ങൾ — അവ ഭക്ഷണയോഗ്യമായ മൃഗങ്ങളുടേതാണെങ്കിലും — നജസാണ് . ഇതിൽ പണ്ഡിതന്മാരുടെ 'ഇജ്മാഅ്' ഉണ്ടെന്ന് ഇമാം നവവി رحمه الله 'ശറഹുൽ മുഹദ്ദബിൽ' ഉദ്ധരിക്കുന്നു.

എന്നാൽ ഇതിൽ ചില കാര്യങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു (അവ ശുദ്ധമാണ്):

  1. പല്ല്, നഖം, രോമം, തൂവൽ മുതലായവ.
  2. കസ്തൂരി (കസ്തൂരിമാനിൽ നിന്ന് വേർപെട്ടത്).
  3. നായാട്ടിന്റെ വിധി ബാധകമാകുന്ന സന്ദർഭങ്ങൾ: അറുക്കാൻ ഉദ്ദേശിച്ച മൃഗം ഓടിപ്പോവുകയോ കിണറ്റിൽ വീഴുകയോ ചെയ്ത്, അറുക്കുന്നതിന് മുമ്പ് അത് ചത്തുപോകുമെന്ന് തോന്നിയാൽ അതിന് അറുക്കുന്നതിന് പകരം വേട്ടയാടുന്ന വിധി ബാധകമാണ്. അത്തരം സന്ദർഭത്തിൽ ഏതെങ്കിലും അവയവങ്ങളിൽ മുറിവേൽപ്പിച്ച് അതിനെ കൊന്ന് തിന്നാവുന്നതാണ്. അതിൽ നിന്ന് വേർപെട്ടുപോകുന്ന ഭാഗങ്ങൾ നജസല്ല.

എന്നാൽ മനുഷ്യന്റെ ശരീരവും അതിൽ നിന്ന് വേർപെട്ട അവയവങ്ങളും (അവൻ ജീവിച്ചിരിക്കുന്നവനാണെങ്കിലും മരണപ്പെട്ടവനാണെങ്കിലും) ശുദ്ധിയുള്ളതാണ്; നജസല്ല.

6. ആർത്തവ രക്തവും ശരീരത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തവുംലിങ്ക് കോപ്പി ചെയ്തു!

ആർത്തവ രക്തം നജസാണെന്നതിൽ ഇജ്മാഅ് ഉണ്ട്.വെള്ളം കൊണ്ട് കഴുകിയാണ് ഇവ ശുദ്ധീകരിക്കേണ്ടത്.

عَنْ ‌أَسْمَاءَ قَالَتْ: « جَاءَتِ امْرَأَةٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: إِحْدَانَا يُصِيبُ ثَوْبَهَا مِنْ دَمِ الْحَيْضَةِ، كَيْفَ تَصْنَعُ بِهِ؟ قَالَ: ‌تَحُتُّهُ، ‌ثُمَّ ‌تَقْرُصُهُ ‌بِالْمَاءِ، ثُمَّ تَنْضَحُهُ، ثُمَّ تُصَلِّي فِيهِ .» متفق عليه

അസ്മാഅ് ബിൻത് അബീബക്കർ رضي الله عنها നിവേദനം: ഒരു സ്ത്രീ പ്രവാചക സന്നിധിയിൽ വന്ന് ഇപ്രകാരം ചോദിക്കുകയുണ്ടായി: "പ്രവാചകരേ, ആർത്തവരക്തം വസ്ത്രത്തിൽ പുരണ്ടാൽ ഞങ്ങൾ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്?" നബി ﷺ മറുപടി പറഞ്ഞു: "രക്തം പുരണ്ട ഭാഗം നഖം കൊണ്ട് ചുരണ്ടി വെള്ളം കൊണ്ട് നന്നായി കഴുകി വൃത്തിയാക്കുക, എന്നിട്ട് ആ വസ്ത്രത്തിൽ നിസ്കരിക്കുകയും ചെയ്യുക."( ബുഖാരി, മുസ്ലിം )

അഭിപ്രായവ്യത്യാസമുള്ളതിൽ 'നജസാണ് (അശുദ്ധമാണ്)' എന്ന അഭിപ്രായത്തോട് കൂടുതൽ യോജിക്കുന്ന ഇനങ്ങൾലിങ്ക് കോപ്പി ചെയ്തു!

1) ശരീരത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം (ആർത്തവരക്തമല്ലാത്തത് )ലിങ്ക് കോപ്പി ചെയ്തു!

{ قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً ‌أَوۡ ‌دَمٗا ‌مَّسۡفُوحًا ‌أَوۡ ‌لَحۡمَ ‌خِنزِيرٖ ‌فَإِنَّهُۥ ‌رِجۡسٌ........} [الأنعام: 145]  

അല്ലാഹു പറഞ്ഞു :" നബിയെ പറയുക: എനിക്ക് ബോധനം നൽകപ്പെട്ടതിൽ, ഒരു ഭക്ഷിക്കുന്നവന് ഭക്ഷിക്കാൻ പാടില്ലാത്തതായി യാതൊന്നും ഞാൻ കാണുന്നില്ല; അത് ചത്തതോ, ഒഴുകുന്ന രക്തമോ, പന്നിമാംസമോ ആണെങ്കിലല്ലാതെ. കാരണം അത് മ്ലേച്ഛമത്രേ..." (സൂറത്തുൽ അൻആം: 145)

പണ്ഡിതാഭിപ്രായങ്ങൾ:ലിങ്ക് കോപ്പി ചെയ്തു!

ഇജ്മാഅ് (പണ്ഡിത ഏകാഭിപ്രായം): രക്തം അശുദ്ധമാണ് (നജസാണ്) എന്നതിൽ ഇജ്മാഅ് ഉണ്ട്. ഇമാം അഹ്മദ് (റ) പറയുന്നു: "രക്തം നജസാണ് എന്നതിൽ മുസ്ലിങ്ങൾക്ക് അഭിപ്രായവ്യത്യാസമില്ല." ഇമാം ഖുർത്വുബി, നവവി, ഇബ്നു ഹസം, ഇബ്നു അബ്ദിൽ ബർറ്, ഇബ്നു തൈമിയ്യ رحمهم الله തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരെല്ലാം രക്തം നജസാണ് എന്നതിൽ ഏകാഭിപ്രായമുണ്ടെന്ന് ഉദ്ധരിച്ചിട്ടുണ്ട്.

  • ഒഴുകുന്ന രക്തം നജസാണോ അല്ലയോ എന്ന വിഷയത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഏറ്റവും ശരിയായ അഭിപ്രായം അത് നജസാണ് എന്നതാണ്. ഭൂരിഭാഗം മുൻകാല പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്.
  • ഇമാം ശൗകാനി, ശൈഖ് അൽബാനി തുടങ്ങിയ ചില ആധുനിക പണ്ഡിതന്മാർ മാത്രമാണ് ഒഴുകുന്ന രക്തം നജസല്ല എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഒഴുകുന്ന രക്തത്തിന്റെ മൂന്ന് തരം വിധികൾലിങ്ക് കോപ്പി ചെയ്തു!

എന്നാൽ ചില സാഹചര്യങ്ങളിലുള്ള ഒഴുകുന്ന രക്തം നജസല്ല. ഇതിനെ പണ്ഡിതന്മാർ മൂന്നായി തരംതിരിച്ചിരിക്കുന്നു:

1. നിരുപാധികം നജസായത് :ലിങ്ക് കോപ്പി ചെയ്തു!

  • രണ്ട് ഗുഹ്യാവയവങ്ങളിൽ നിന്ന് പുറപ്പെടുന്ന രക്തം.
  • ഭക്ഷണയോഗ്യമല്ലാത്ത (ഭക്ഷിക്കൽ ഹറാമായ) മൃഗങ്ങളുടെ ഒഴുകുന്ന രക്തം.
  • ചത്ത മൃഗങ്ങളിൽ നിന്ന് ഒഴുകിയ രക്തം (ഇസ്ലാമികമായി അറുക്കപ്പെട്ടവ ഒഴികെ).

2. കുറച്ചാണെങ്കിൽ കുഴപ്പമില്ലാത്തത് :ലിങ്ക് കോപ്പി ചെയ്തു!

  • മനുഷ്യശരീരത്തിൽ നിന്നോ ചത്ത മൃഗങ്ങളിൽ നിന്നോ ഒഴുകിയ രക്തം വളരെ അല്പമാണെങ്കിൽ അത് നജസായി ഗണിക്കില്ല .

3. പൂർണ്ണമായും ശുദ്ധമായത് (നജസ് അല്ലാത്തത്):ലിങ്ക് കോപ്പി ചെയ്തു!

  • മത്സ്യങ്ങളുടെ രക്തം, ഒഴുകുന്ന രക്തമില്ലാത്ത ജീവികളുടെയും പ്രാണികളുടെയും രക്തം (ഉദാഹരണത്തിന്: കൊതുക്, ഈച്ച തുടങ്ങിയവ).
  • ഭക്ഷണയോഗ്യമായ മൃഗങ്ങൾ അറുക്കപ്പെട്ടാൽ, അവയുടെ ശരീരത്തിലും ഞരമ്പുകളിലും മറ്റു അവയവങ്ങളിലും ബാക്കിയാകുന്ന രക്തം.
  • ശുഹദാക്കളുടെ (രക്തസാക്ഷികളുടെ) ശരീരത്തിലും വസ്ത്രത്തിലും ബാക്കിയായ രക്തം (അത് കൂടുതലാണെങ്കിലും ശുദ്ധമാണ്).

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ളതും "നജസല്ല" എന്ന് പ്രബലമായതുമായ കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

1. ഛർദ്ദിൽലിങ്ക് കോപ്പി ചെയ്തു!

ഛർദ്ദിൽ നജസ് ആണോ അല്ലയോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. നജസാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഇല്ലാത്തതിനാൽ ഛർദ്ദിൽ നജസല്ല എന്ന വീക്ഷണമാണ് കൂടുതൽ ശരി. എന്നാൽ, ശരീരത്തിലോ വസ്ത്രത്തിലോ ഛർദ്ദിൽ പുരണ്ടാൽ അത് കഴുകി കളയണമെന്നാണ് ഇത് നജസല്ല എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുടെയും വീക്ഷണം.

പണ്ഡിതന്മാർ ഛർദ്ദിലിനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്:

  1. ആമാശയത്തിൽ പ്രവേശിച്ച് കഴിച്ച ഭക്ഷണത്തിന് മാറ്റം സംഭവിച്ചത്: ഇത് നജസാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
  2. ആമാശയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് (മാറ്റം സംഭവിക്കുന്നതിന് മുമ്പ്) പുറത്തുവരുന്നത്: ഇത് നജസാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്.

എന്നാൽ ഇതിലൊന്നും തന്നെ നജസല്ല എന്നതാണ് ആധുനിക പണ്ഡിതന്മാരിൽ ഒരുവിഭാഗത്തിന്റെ അഭിപ്രായം (ഇമാം ശൗകാനി, ശൈഖ് അൽബാനി, ഇബ്നു ഉഥൈമീൻ, ശൈഖ് സുലൈമാൻ റുഹൈലി തുടങ്ങിയവർ رحمهم الله ).

2. ചലം (പഴുപ്പ്)ലിങ്ക് കോപ്പി ചെയ്തു!

മനുഷ്യശരീരത്തിലെ മുറിവുകളിൽ നിന്നും പൊള്ളലുകളിൽ നിന്നും ഒലിക്കുന്ന ചലമോ വെള്ളമോ നജസല്ല എന്നതാണ് ശരിയായ അഭിപ്രായം.(ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ,ഇബ്‌നു ഉഥൈമീൻ എന്നിവരുടെ അഭിപ്രായം ) നജസ്സാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ല എന്നതാണ് കാരണം .

എന്നാൽ നാല് മദ്ഹബുകളിലും പ്രബലമായ അഭിപ്രായം നജസാണെന്നാണ് .

3. സ്ത്രീകളുടെ ജനനേന്ദ്രിയത്തിൽ നിന്നുള്ള വെള്ള നിറത്തിലുള്ള ഈർപ്പം (യോനീസ്രവം - റത്വൂബത് )ലിങ്ക് കോപ്പി ചെയ്തു!

സാധാരണയായി സ്ത്രീകളുടെ യോനിയിൽ നിന്ന് വരാറുള്ള സ്വാഭാവിക വെളുത്ത സ്രവങ്ങൾ (റത്വൂബത്) നജസല്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം.

ഇതാണ് ഹമ്പലി മദ്ഹബിലെ ശരിയായ വീക്ഷണവും, ശാഫിഈ മദ്ഹബിലെ കൂടുതൽ ശരിയായ വീക്ഷണവും. ഇമാം നവവി رحمه الله 'ശറഹുൽ മുഹദ്ദബിലും', തുടർന്ന് ഇബ്നുൽ മുലഖിൻ رحمه الله 'ശറഹുൽ ഉംദയിലും' ഇത് ശരിവെച്ചിട്ടുണ്ട്.

ആയിശ رضي الله عنها വിന്റെ ഹദീസിനെയാണ് അവർ ഇതിന് തെളിവായി സ്വീകരിച്ചത്;

ആയിശ رصي الله عنها പറയുന്നു :"ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വസ്ത്രത്തിൽ നിന്ന് അത് (ഉണങ്ങിയ ശുക്ലം) നന്നായി ഉരച്ചു കളയാറുണ്ടായിരുന്നു, എന്നിട്ട് അവിടുന്ന് ആ വസ്ത്രത്തിൽ നിസ്കരിക്കുകയും ചെയ്യുമായിരുന്നു.". ( മുസ്ലിം )

(വസ്ത്രത്തിൽ പുരണ്ട) ശുക്ലത്തിൽ ആ സ്രവം കലർന്നിട്ടുണ്ടായിരുന്നിട്ടും അവിടുന്ന് അത് ഉരച്ചു കളയുക മാത്രം ചെയ്തു.

കൂടാതെ, ഇത് നജസാണെന്ന് പറയുന്നതിൽ ഇത് കൂടുതലായി അനുഭവപ്പെടുന്ന സ്ത്രീകൾക്ക് പ്രയാസവും ബുദ്ധിമുട്ടുമുണ്ട് വളരെയേറെയാണ് .

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله ഈ അഭിപ്രായത്തിനാണ് മുൻഗണന നൽകിയിട്ടുള്ളത്.

ഞങ്ങളുടെ ഉസ്താദായ ശൈഖ് സുലൈമാൻ റുഹൈലി حفظه الله ഫിഖ് ഹ് ഗ്രന്ഥമായ دليل الطالب വിശദീകരിക്കുമ്പോൾ പറഞ്ഞു : 'ഗർഭാശയത്തിലേക്കെത്തുന്ന താഴ്ഭാഗത്താണ് ഈർപ്പമെങ്കിൽ (സ്രവം) അത് നജസല്ല (ശുദ്ധമാണ്).എന്നാൽ ഈർപ്പം മൂത്രമൊഴിക്കുന്ന ഭാഗം (മുകൾഭാഗം) ഈ ഭാഗത്ത് നിന്നുള്ളതാണെങ്കിൽ അത് നജസാണ് . നിരന്തരം ഇത് വരുന്നുണ്ടെങ്കിൽ ഇതിന്റെ വിധി 'സലസുൽ ബൗൽ ' (മൂത്രവാർച്ച) നേരിടുന്നവരുടെ വിധി പോലെയാണ്.'

4. മദ്യംലിങ്ക് കോപ്പി ചെയ്തു!

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, ഏറ്റവും ശരിയായ അഭിപ്രായം മദ്യം നജസല്ല എന്നതാണ്.

ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: "മദ്യം നജസല്ല എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം കാരണം:

  1. മദ്യം നജസാണെന്ന് വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവുകളില്ല. (അത് കുടിക്കൽ ഹറാമാണ്, എന്നാൽ തൊട്ടാൽ നജസല്ല).
  2. മദ്യം ഹറാമാക്കപ്പെട്ടപ്പോൾ സ്വഹാബികൾ അത് മദീനയിലെ അങ്ങാടികളിലേക്ക് ഒഴിച്ചു കളഞ്ഞു. മദ്യം ഭൗതികമായി നജസായിരുന്നുവെങ്കിൽ പൊതുവഴികളിലേക്കും അങ്ങാടികളിലേക്കും അത് ഒഴിച്ചുകളയാൻ ഒരിക്കലും അനുവദിക്കപ്പെടുമായിരുന്നില്ല.(അശ്ശർഹുൽ മുംതിഅ് 1/431)

5. മനിയ്യ്

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, മനിയ്യ് നജസല്ല എന്നതാണ് ശരിയായ അഭിപ്രായം.

വെള്ളം കൊണ്ട് കഴുകിയാണ് ഇവ ശുദ്ധീകരിക്കേണ്ടത്. വസ്ത്രത്തിൽ ഉണങ്ങിപ്പിടിച്ചാൽ ചുരണ്ടിക്കളഞ്ഞാൽ മതിയാകും.

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്:

  1. ഒന്നാമത്തെ അഭിപ്രായം: ഇത് നജസാണ് .(ഇമാം അബൂ ഹനീഫ, ഇമാം മാലിക് رحمهما الله എന്നിവരുടെ അഭിപ്രായം).
  2. രണ്ടാമത്തെ അഭിപ്രായം: ഇത് നജസല്ല.(ഇമാം ശാഫിഇ, ഇമാം അഹ്മദ് ബിൻ ഹൻബൽ رحمهما الله എന്നിവരുടെ അഭിപ്രായം).

ശുക്ലം നജസല്ല എന്നതാണ് ഏറ്റവും പ്രബലമായ വീക്ഷണം. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുൽ ഖയ്യിം, ശൈഖ് ഇബ്നു ഉഥൈമീൻ رحمهم الله തുടങ്ങിയ പ്രമുഖ പണ്ഡിതന്മാർ ഈ അഭിപ്രായത്തെയാണ് പിന്തുണച്ചിട്ടുള്ളത്.

وَعَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا- قَالَتْ: "كَانَ رَسُوْلُ اللَّهِ -صلى الله عليه وسلم- يَغْسِلُ الْمَنِيَّ، ثُمَّ يَخْرُجُ إِلَى الصَّلَاةِ فِي ذَلِكَ الثَّوْبِ، وَأَنَا أَنْظُرُ إِلَى أَثَرِ الْغَسْلِ" مُتَّفَقٌ عَلَيْهِ

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:"അല്ലാഹുവിന്റെ റസൂൽ ﷺ (വസ്ത്രത്തിൽ പുരണ്ട) ശുക്ലം (മനിയ്യ്) കഴുകിക്കളയാറുണ്ടായിരുന്നു. ശേഷം കഴുകിയതിന്റെ അടയാളം (ഈർപ്പം) വസ്ത്രത്തിൽ നിലനിൽക്കെത്തന്നെ അവിടുന്ന് നമസ്കാരത്തിനായി പുറപ്പെടുകയും ചെയ്യുമായിരുന്നു; ഞാൻ ആ അടയാളത്തിലേക്ക് നോക്കാറുമുണ്ടായിരുന്നു." — (ബുഖാരി, മുസ്ലിം)

وَلِمُسْلِمٍ: "لَقَدْ كُنْتُ أَفْرُكُهُ مِنْ ثَوْبِ رَسُولِ اللَّهِ -صلى الله عليه وسلم- ‌فَرْكًا ‌فَيُصَلِّي ‌فِيه"

മുസ്ലിമിന്റെ റിപോർട്ടിൽ ഇപ്രകാരമുണ്ട്:"ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വസ്ത്രത്തിൽ നിന്ന് അത് (ഉണങ്ങിയ ശുക്ലം) നന്നായി ഉരച്ചു കളയാറുണ്ടായിരുന്നു, എന്നിട്ട് അവിടുന്ന് ആ വസ്ത്രത്തിൽ നിസ്കരിക്കുകയും ചെയ്യുമായിരുന്നു."

وَفِي لَفْظٍ لَهُ: "لَقَدْ كُنْتُ أَحُكُّهُ يَابِسًا بِظُفُرِي مِنْ ثَوْبِهِ"

അദ്ദേഹത്തിന്റെ (മുസ്ലിമിന്റെ) മറ്റൊരു നിവേദനത്തിൽ:"അവിടുത്തെ വസ്ത്രത്തിൽ നിന്ന് ഉണങ്ങിപ്പിടിച്ച അത് എന്റെ നഖം കൊണ്ട് ഞാൻ ചുരണ്ടിക്കളയാറുണ്ടായിരുന്നു."

**********************************************

الله تعالى أعلم

وصلى الله على نبينا محمد وعلى آله وصحبه وسلم

പങ്കിടുക: