മോറിസ് ബുകായിയും ഫൈസ്വൽ രാജാവും

Anas Nadeeri
July 13, 2026
8 കാഴ്ചകൾ

മോറിസ് ബുകായിയും ഫൈസ്വൽ രാജാവുംലിങ്ക് കോപ്പി ചെയ്തു!

✍🏼 ശൈഖ് തഖിയ്യുദ്ധീൻ അൽഹിലാലി رَحِمَـﮧُ اللَّـﮧُ എഴുതുന്നു:

✍🏻 വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

എൻ്റെ ഒരു ആദർശ സുഹൃത്തിന്റെ കൂടെ പാരീസിൽ താമസമാക്കിയ കാലം. പ്രശസ്ത ശസ്ത്രക്രിയ വിദഗ്ധനായ മോറിസ് ബുകായി ‘ആധുനിക ശാസ്ത്രീയ അവബോധമുള്ള ഒരാൾക്ക് അല്ലാഹുവിങ്കൽ നിന്ന് അവതരിച്ചതാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്ന ഒരേയൊരു ഗ്രന്ഥം ഖുർആനാണ്, അതിൽ ഒരക്ഷരം പോലും അധികമാവുകയോ കുറയുകയോ ചെയ്തിട്ടില്ല’ എന്നെല്ലാം വിശദീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥം രചിച്ചതായി ഞാൻ കേട്ടിരുന്നു. അല്ലാഹുവിന്റെ കിതാബിനെയും അവൻ്റെ റസൂലിനെയും പിന്തുണച്ച് സംസാരിക്കാൻ ഡോ. മോറിസ് ബുകായിയെ പ്രേരിപ്പിച്ചതെന്താണെന്ന് അറിയാനായി അദ്ദേഹത്തെ സന്ദർശിക്കണമെന്ന് കൂടെയുള്ള സുഹൃത്തിനോട് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. തിരിച്ച് എന്നോട് ഒന്നും പ്രതികരിക്കാതെ അദ്ദേഹം ടെലിഫോണെടുത്ത് മോറിസ് ബുകായിയോട് സംസാരിച്ചു. എൻ്റെ കൂടെ എൺപത്തി ഏഴ് വയസ്സ് പ്രായമുള്ള ഡോ. മുഹമ്മദ് തഖിയ്യുദ്ധീൻ അൽഹിലാലി എന്നയാൾ ഉണ്ടെന്നും അദ്ദേഹം താങ്കളെ സന്ദർശിക്കുവാനും സംസാരിക്കുവാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തെ അറിയിച്ചു. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ അടുക്കലെത്താം എന്നായിരുന്നു പ്രതികരണം. അധികം വൈകാതെ തന്നെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. തുറന്ന് നോക്കിയപ്പോൾ ഡോ. മോറിസ് ബുകായി! അദ്ദേഹം വീട്ടിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം എന്നെ ഏറെ സന്തോഷിപ്പിച്ചു. ‘ബൈബിളും ഖുർആനും ശാസ്ത്രവും’ എന്ന താങ്കളുടെ ഗ്രന്ഥം രചിക്കാനുണ്ടായ കാരണം വിശദീകരിക്കാൻ ഞാനദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അദ്ദേഹം വിശദീകരിക്കാൻ തുടങ്ങി: 

ഖുർആനിന്റെയും മുഹമ്മദ് നബി ﷺ യുടെയും കഠിന ശത്രുവായിരുന്നു അദ്ദേഹം. ചികിത്സക്കായി തന്റെ അടുക്കൽ വരുന്ന മുസ്‌ലിമായ എല്ലാ രോഗികളോടും അവരുടെ ചികിത്സ കഴിഞ്ഞ് സുഖപ്പെട്ടാൽ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ഖുർആനിനെ കുറിച്ച് എന്താണ് നിങ്ങൾ വിശ്വസിക്കുന്നത്? അത് അല്ലാഹുവിൻ്റെയടുക്കൽ നിന്ന് മുഹമ്മദിന് അവതരിച്ചതാണോ അതോ മുഹമ്മദ് (ﷺ) തന്റെ സ്വന്തം രചനയെക്കുറിച്ച് അല്ലാഹുവിന്റേതെന്ന് കളവു പറഞ്ഞതാണോ?’ ‘ഖുർആൻ അല്ലാഹുവിന്റെയടുക്കൽ നിന്നുള്ളതാണ് മുഹമ്മദ് ﷺ സത്യസന്ധരാണ്’ എന്നായിരുന്നു അവരുടെയെല്ലാം മറുപടി. ‘പക്ഷേ ഞാൻ വിശ്വസിക്കുന്നത് ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ളതല്ല, മുഹമ്മദ് (ﷺ) പറയുന്നത് സത്യവുമല്ല’ എന്നാണെന്ന് ഞാൻ പറയുമ്പോൾ അവരാരും തിരിച്ച് ഒന്നും തന്നെ പ്രതികരിക്കാറുണ്ടായിരുന്നില്ല.

ഇങ്ങനെ ഒരുപാട് കാലം കഴിഞ്ഞാണ് സുഊദി രാജാവ് ഫൈസ്വൽ ബ്നു അബ്ദിൽ അസീസ് എൻ്റെ അടുക്കൽ വരുന്നത്. അദ്ദേഹത്തിന് ഞാൻ ശസ്ത്രക്രിയ നടത്തുകയും തുടർന്ന് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. പതിവുപോലെ അദ്ദേഹത്തോടും എൻ്റെ ചോദ്യം ഞാൻ ഉന്നയിച്ചു. അദ്ദേഹം പറഞ്ഞു: “ഖുർആൻ സത്യമാണ്. അല്ലാഹുവിന്റെ ദൂതരായ മുഹമ്മദ് ﷺ സത്യസന്ധരാണ്.” മുഹമ്മദ് സത്യമാണ് പറയുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫൈസ്വൽ രാജാവ് എന്നോട് ചോദിച്ചു: ‘താങ്കൾ ഖുർആൻ വായിച്ചിട്ടുണ്ടോ.?’ പലപ്രാവശ്യം വായിക്കുകയും ചിന്തിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഉത്തരം പറഞ്ഞപ്പോൾ ‘ഖുർആനിന്റെ ഭാഷയിലാണോ അതല്ല മറ്റേതെങ്കിലും ഭാഷകളിലാണോ -അഥവാ പരിഭാഷയാണോ- വായിച്ചത്’ എന്നായിരുന്നു അദ്ദേഹത്തിൻ്റ മറുചോദ്യം. ഞാൻ പറഞ്ഞു: ‘ഖുർആൻ അറബി ഭാഷയിൽ ഞാൻ വായിച്ചിട്ടില്ല. വിവർത്തനം മാത്രമാണ് ഞാൻ വായിച്ചത്.’ ഫൈസ്വൽ രാജാവ് പറഞ്ഞു: ‘എങ്കിൽ താങ്കൾ ഖുർആൻ മനസ്സിലാക്കാൻ ആ വിവർത്തകനെയാണ് അവലംബിച്ചിട്ടുള്ളത്. എന്നിരിക്കെ ഖുർആനിനെ അതിന്റെ യഥാർത്ഥ രൂപത്തിൽ താങ്കൾ വായിച്ചിട്ടില്ല. മറ്റൊരാൾ താങ്കൾക്ക് അതിനെക്കുറിച്ച് വിവരിച്ചു തന്നത് വിശ്വസിക്കുക മാത്രമാണ് ചെയ്തത്. വിവർത്തകന് ബോധപൂർവ്വമോ അല്ലാതെയോ തെറ്റ് സംഭവിച്ചു കൂടായ്കയുമില്ല.’ തുടർന്ന് അറബി ഭാഷ പഠിക്കാനും എന്നിട്ട് അറബിയിൽ ഖുർആൻ വായിക്കാനും എങ്കിൽ താങ്കളുടെ തെറ്റിദ്ധാരണ നീങ്ങുമെന്ന് ഞാൻ കരുതുന്നു എന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹത്തിൻ്റെ ഈ മറുപടി എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഞാൻ പറഞ്ഞു: ‘താങ്കൾക്ക് മുമ്പ് പലരോടും ഇതേ ചോദ്യം ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരു മറുപടി താങ്കളിൽ നിന്നല്ലാതെ എനിക്ക് ലഭിച്ചിട്ടില്ല.’

അതിനുശേഷം അറബി ഭാഷ പഠിക്കുകയും അറബിയിൽ ഖുർആൻ വായിക്കുകയും പഠിക്കുകയും ചെയ്ത ശേഷം അത് സത്യമാണോ അല്ലയോ എന്ന് ഒരു തീരുമാനത്തിൽ എത്തിയിട്ടല്ലാതെ ഇനി ഞാൻ ഖുർആനിനെ കുറിച്ച് സംസാരിക്കുകയില്ല എന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ചു കൊണ്ട് ഞാൻ വാക്ക് നൽകി. അന്നുതന്നെ ഞാൻ പാരിസിലെ യൂണിവേഴ്സിറ്റിയിലെ അറബി ഭാഷാ വിഭാഗം സന്ദർശിച്ചു. അവധി ദിവസമായ ഞായറാഴ്ച പോലും ഒഴിവാക്കാതെ എല്ലാ ദിവസവും ഒരു മണിക്കൂർ വീട്ടിൽ വന്ന് എന്നെ അറബി പഠിപ്പിക്കാൻ ഫീസ് നിശ്ചയിച്ചു കൊണ്ട് ഒരു പ്രൊഫസറുമായി ഞാൻ ധാരണയായി. ഒരു ദിവസം പോലും ഒഴിവാകാതെ രണ്ടുവർഷം പൂർണമായി ഈ പഠനം തുടർന്നു.

730 ക്ലാസുകൾ അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചു. ശേഷം ആഴത്തിൽ ഞാൻ ഖുർആൻ പഠനവിധേയമാക്കി. *അങ്ങനെ ആധുനിക ശാസ്ത്രത്തിൽ അവഗാഹമുള്ള ഏതൊരാളും അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് നിസ്സംശയം വിശ്വസിക്കാൻ നിർബന്ധിതനായിത്തീരുന്ന ഒരേയൊരു ഗ്രന്ഥം ഖുർആനാണെന്ന് ഞാൻ മനസ്സിലാക്കി.* ഒരക്ഷരം പോലും അതിൽ കൂടുതലോ കുറവോ ഇല്ല. എന്നാൽ തൗറാത്തിന്റെയും നാല് ഇഞ്ചീലുകളുടെയും അവസ്ഥ അങ്ങനെയല്ല. അവയിലെല്ലാം ആധുനിക ശാസ്ത്രത്തിന് അംഗീകരിക്കാനാവാത്ത വാസ്തവ വിരുദ്ധമായ പല കാര്യങ്ങളും ഉണ്ട്.

ഇത്രയുമാണ് ഈ വിഷയത്തിൽ എനിക്കും അദ്ദേഹത്തിനുമിടയിൽ നടന്ന സംഭാഷണം.

📚 ‘മൻഖബതുൻ ലിൽ മലിക് ഫൈസ്വൽ’ എന്ന ലേഖനത്തിൽ നിന്ന്.

•┈┈┈┈•✿❁✿•┈┈┈┈•

പങ്കിടുക: