നോമ്പ് 05 -മാസപ്പിറവിയുമായി ബന്ധപ്പെട്ട മസ്അലകൾ

Mohammed Shafeeque Madeena
February 12, 2026
160 കാഴ്ചകൾ
നോമ്പ്  05 -മാസപ്പിറവിയുമായി ബന്ധപ്പെട്ട മസ്അലകൾ

മാസപ്പിറവിയുമായി ബന്ധപ്പെട്ട മസ്അലകൾലിങ്ക് കോപ്പി ചെയ്തു!

മുഹമ്മദ് ശഫീഖ് മദീന

بسم الله الرحمن الرحيم

◉ എപ്പോഴാണ് റമദ്വാന്‍ നോമ്പ് നിര്‍ബന്ധമാകുന്നത്..?

റമദ്വാന്‍ മാസപ്പിറവി കാണുകയോ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാവുകയോ ചെയ്താല്‍ നോമ്പ് നിര്‍ബന്ധമാകും.

ഇബ്നു ഉമർ -رضي الله عنه- നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

إِذَا رَأَيْتُمُوهُ فَصُومُوا، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ(متفق عليه) وفي رواية لمسلم: فاقدروا له ثلاثين

“നിങ്ങൾ (റമദ്വാന്‍) മാസപ്പിറവി കണ്ടാല്‍ നോമ്പ് തുടങ്ങുക, (ശവ്വാല്‍) മാസപ്പിറവി കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക. മേഘം നിമിത്തം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ ആ മാസം മുപ്പത് ദിവസമായി നിങ്ങള്‍ കണക്കാക്കുകയും ചെയ്യുക.”

ഗോളശാസ്ത്ര കണക്ക് പ്രകാരം ദിവസം കണക്കാക്കാന്‍ പാടില്ല. അപ്രകാരം നോമ്പ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് പണ്ഡിതന്മാര്‍ എതിര്‍ത്തിട്ടുണ്ട്.

ഇബ്നു ദഖിഖുൽ ഈദ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു:

إن الحساب لا يجوز أن يُعْتمد عليه في الصوم  شرحه للعمدة (2/206)

“നോമ്പിൽ ഗോളശാസ്ത്ര കണക്ക് അവലംബിക്കാന്‍ പാടില്ല.”

◉ മാസപ്പിറവി ഏതെങ്കിലും ഒരു നാട്ടില്‍ കണ്ടാല്‍ മതിയോ അതല്ല എല്ലാ നാട്ടിലും കാണേണ്ടതുണ്ടോ..?

പണ്ഡിതന്മാര്‍ക്കിടയില്‍ വളരെയധികം അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണിത്. പല അഭിപ്രായമുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ട് അഭിപ്രായങ്ങളാണ്;

1• ഏതെങ്കിലും ഒരു നാട്ടില്‍ കണ്ടാല്‍ മറ്റുള്ള നാടുകള്‍ അതിനെ പിന്തുടരണം.

ഇതാണ് ഹനഫി, മാലികി, ഹമ്പലി മദ്ഹബുകളുടെ അഭിപ്രായം. ഇതുതന്നെയാണ് ആധുനിക പണ്ഡിതന്മാരായ ഇബ്നു ബാസ്, അല്‍ബാനി رحمهما الله തുടങ്ങിയവരുടെയും അഭിപ്രായം.

2• ഓരോ നാടിനും (ചന്ദ്രോദയസ്ഥാനം ഒരുപോലെയുള്ള നാടുകളിൽ) അവരുടേതായിട്ടുള്ള കാഴ്ചയുണ്ട്. 

ശാഫിഈ മദ്ഹബിലുള്ള പ്രബലമായ അഭിപ്രായവും, സലഫുകളില്‍ പെട്ട ചിലരുടെയും, ഇമാം സ്വന്‍ആനി, ഇബ്നു ഉസൈമീന്‍ رحمهم الله പോലെയുള്ള ആധുനിക പണ്ഡിതന്മാരുടെയും അഭിപ്രായവും ഇതാണ്.

◉ മാസപ്പിറവി സ്ഥിരീകരിച്ചത് പകലിലാണെങ്കിൽ?

1• പകലിൽ ഉച്ചക്ക് ശേഷമാണെങ്കിൽ;

ശേഷമുള്ള ദിവസം മുതൽ നോമ്പ് എടുത്താൽ മതി. ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ടെന്ന് ഇബ്നു ഹസം رحمه الله ഉദ്ധരിക്കുന്നുണ്ട്. 

2• പകലിന്റെ ആദ്യത്തിൽ ഉച്ചക്ക് മുൻപാണെങ്കിൽ;

പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഏറ്റവും ശരിയായ അഭിപ്രായം അന്നുമുതൽ റമദാൻ നോമ്പ് എടുക്കൽ നിർബന്ധമാണ് എന്നതാണ്.ബാക്കി സമയം നോമ്പുകാരനായി തുടരേണ്ടതാണ് .അന്നത്തെ നോമ്പ് ഖളാഅ് വീട്ടണൊ വേണ്ടേ എന്നതിൽ അഭിപ്രായവിത്യാസമുണ്ട്.

ഹനഫി, മാലികി, ശാഫിഈ മദ്ഹബുകളുടെയും, ഇബ്നു ഉസൈമീൻ رحمه الله യുടെയും അഭിപ്രായം ഇതാണ്.

◉ ശഅ്ബാൻ 29 പൂർത്തിയായ രാത്രിയിൽ റമദ്വാൻ മാസപ്പിറവി സ്ഥിരീകരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുൻപ് ഒരാൾ ഉറങ്ങി ആ രാത്രിയിൽ ‘നാളെ റമദ്വാൻ ഒന്നാണെങ്കിൽ ഞാൻ നോമ്പുകാരനാണെന്ന് അയാൾ നിയ്യത്ത് ചെയ്യുകയും ചെയ്തു.’ പിറ്റേന്ന് റമദ്വാൻ ഒന്നാണെന്ന സ്ഥിരീകരണം അയാൾ അറിഞ്ഞത് ഫജ്റിന് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ്. ഇയാളുടെ വിധി എന്താണ്?

രണ്ട് അഭിപ്രായമാണ് പണ്ഡിതന്മാർക്കിടയിലുള്ളത്;

1) അയാളുടെ നിയ്യത്ത് (സംശയത്തോടു കൂടിയായതിനാൽ) ദൃഢതയില്ലാത്തതിനാൽ നോമ്പ് ശരിയാവുകയില്ല.

2) അയാളുടെ നോമ്പ് ശരിയാകും.

ഇമാം അഹ്‌മദ്, ഇബ്നു തൈമിയ, ഇബ്നു ഉസൈമീൻ رحمهم الله എന്നിവർ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. (ഏറ്റവും ശരിയായത് ഈ അഭിപ്രായമാണ്).

•┈┈┈┈•✿❁✿•┈┈┈┈•

പങ്കിടുക: