മിഅ്റാജ് നോമ്പ് സുന്നത്താണെന്ന് വാദിക്കുന്ന ബിദ്അത്തുകാർക്കുള്ള മറുപടി
മുഹമ്മദ് ശഫീഖ് മദീന
മിഅ്റാജ് നോമ്പ് സുന്നത്തണെന്ന് സ്ഥാപിക്കാൻ സർവ്വ ബിദ്അത്തുകാരും പറയുന്ന കാര്യമാണ് സോഷ്യൽ മീഡിയകളിലൂടെ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകൾ ...അതിനുള്ള ഖണ്ഡനമാണ് ഈ ലേഖനം
ബിദ്അത്തുകാരൻ എഴുതുന്നു
മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്.ശൈഖ് ജീലാനി(رحمه الله) മഹാനവർകളുടെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അദ്ധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്.
◉ *فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١]*
റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുൻയത് - 1/361)
ശേഷം ഇമാം മുഹിയുദ്ദീൻ ഷെയ്ഖ് അബ്ദുൽ ഖാദർ ജീലാനി (رحمه الله) ഉദ്ധരിക്കുന്നു.
◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا، [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332]
റജബ് ഇരുപത്തിഏഴിന്റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് കൊല്ലത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്. (ഗുന്യത്ത്:1/332) ഇവിടെ ബിദ് അത്തുകാർ അർത്ഥം കൊടുത്തതിൽ അറുപത് കൊല്ലം എന്നാണ് എന്നാൽ കൊടുത്ത ഹദീസിൽ അറുപത് മാസം എന്നാണ് അർത്ഥം'
മറുപടി
കേവലം ഒരു കിതാബിൽ മിഅറാജ് നോമ്പിൻറെ ശ്രേഷ്ഠത പറഞ്ഞു എന്നതുകൊണ്ടുമാത്രം ദീനിൽ തെളിവാവുകയില്ല എന്നത് മുമ്പുള്ള ലേഖനങ്ങളിൽ വ്യക്തമാക്കിയതാണ്.അതിനെ കുറിച്ച് ഇമാം നവവി رحمه الله പറഞ്ഞ പ്രസക്ത ഭാഗം ഇവിടെ കുറിക്കുന്നു
റഗാഇബ് നിസ്കാരം ബിദ്അത്തും മോശമായ മുൻകറുമാണ് എന്ന് പറഞ്ഞതിനുശേഷം അദ്ദേഹം തുടരുന്നു. 'ഖൂതുൽ ഖുലൂബ്എന്ന ഗ്രന്ഥത്തിലും ഇഹ്യാ ഉലൂമിദ്ദീനിലും അവയെ കുറിച്ച് പരാമർശിച്ചതു വന്നത് കണ്ട്ആരും വഞ്ചിതരാവരുത്. അവയെ കുറിച്ച്പരാമർശിക്കുന്ന ഹദീസു കണ്ടും ആരുംവഞ്ചിതരാവരുത്. കാരണം അതെല്ലാം ബാത്വിലാണ്. ചില ഇമാമുകൾക്ക് അവയുടെവിധി തിരിച്ചറിയാതെ വന്നതു കണ്ടും ആരും വഞ്ചിതരാകരുത്. അങ്ങനെ രണ്ടും സുന്നത്താണെന്ന് വരുത്താൻ അവർ ഏതാനും പേജുകൾ എഴുതി ഗ്രന്ഥം രചിച്ചു.ഈ വിഷയത്തിൽ അവർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു.'
ഇവിടെ അബ്ദുൽ ഖാദർ ജീലാനി കൊടുത്ത ഹദീസിന്റെ അവസാന ഭാഗം മനസ്സിലാക്കിയാൽ ഈ ഹദീസിന്റെ പോരായ്മ വ്യക്തമാകും.
«صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا، وهو أول يوم نزل فيه جبريل على النبي -صلى الله عليه وسلم- بالرسالة"»
«الغنية لطالبي طريق الحق» (1/ 332)
റജബ് ഇരുപത്തിഏഴിന്റെ പകലില്‍ നോമ്പ് അനുഷ്ഠിച്ചു ധന്യമാക്കിയാൽ അറുപത് മാസത്തെ ഇബാദത്തുകളുടെ പ്രതിഫലം അല്ലാഹു അവന് എഴുതപ്പെടുന്നതാണ്. അന്നാണ് ജിബ്രീൽ നബിക്ക് വഹിയുമായി ആദ്യമായി ഇറങ്ങിയ ദിവസം (ഗുന്യത്ത്:1/332)
ജിബ്രീൽ നബിﷺക്ക് വഹിയുമായി ആദ്യമായി ഇറങ്ങിയത് റജബ് ഇരുപത്തിഏഴിനാണെന്ന് നിങ്ങൾ വിശ്വാസിക്കുന്നുണ്ടോ ?!
മുൻ ലേഖനത്തിൽ മേൽ കൊടുത്ത ഹദീസിന്റെ ആധികാരികത വ്യക്തമാക്കിയതാണ്. എങ്കിലും ചുരുക്കം ഇവിടെ രേഖപ്പെടുത്താം
1. ഈ ഹദീസ് ഉദ്ധരിച്ച് കൊണ്ട് ഹിജ്റ 543 ൽ മരണപ്പെട്ട പ്രമുഖ ഹദീസ് പണ്ഡിതനായ അബൂ അബ്ദില്ല അൽ ഹമദാനീ അൽ ജുവർഖാനി رحمه الله അൽ അബാത്തിൽ വൽ മനാകീർ.. എന്ന കിത്താബിൽ പറയുകയാണ് : ഈ ഹദീസ് ബാത്തിലായ ഹദീസാണ്.
2. അപ്രകാരം ഇമാം ഇബ്നു അൽ ജൌസി رحمه الله പറയുന്നു :“ഇതൊരു തെളിവായി സ്വീകരിക്കാൻ കൊള്ളാത്ത (ദുർബലമായ) ഹദീസാണ്. ഇതിന്റെ നിവേദക പരമ്പരയിൽ അബൂഹുറൈയ്റ رضي الله عنه ഒഴികെയുള്ളവർ ദുർബലരാണ്.”
*******************************
പിന്നീട് ആ ലേഖനത്തിൽ ബിദ്അത്തുകാരൻ മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് തെളിവായി കൊണ്ടുവരുന്നത് ഇബ്നു ഹജർ അൽ ഹൈത്തമിയുടെ ഉദ്ധരണികളാണ് .
ഇഹ്യാ ഉലൂമിദ്ദീനിലും ഗുനിയെയിലുമുള്ള സമാനമായ തെളിവുകളും പ്രമാണങ്ങളുടെ പിൻബലമില്ലാത്ത അദ്ദേഹത്തിൻറ്റേതായ ഒറ്റപ്പെട്ട അഭിപ്രായങ്ങളുമായതിനാൽ അത് മുഖവിലക്കെടുക്കാതെ അവഗണിക്കുകയാണ്.
*******************************
പിന്നീട് ബിദ്അത്തുകാരൻ എഴുതുന്നു..
മിഅ്റാജ് ദിനത്തില്‍ തന്നെ നോമ്പ് സുന്നത്താണെന്ന് മറ്റു പല കര്‍മശാസ്ത്ര ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്.
'ഇമാം അല്ലാമ സുലൈമാനുൽ ജമൽ (رحمه الله) രേഖപ്പെടുത്തുന്നു.
ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]
മിഅ്റാജിന്റെ ദിവസത്തിലെ നോമ്പ് സുന്നതാണ്.(ഹാഷിയത്തുൽ ജമൽ:3/468)'
മറുപടി
മിഅ്റാജ് ദിനത്തില്‍ തന്നെ നോമ്പ് സുന്നത്താണെന്ന് മറ്റു പല കര്‍മശാസ്ത്ര ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട് എന്ന് വരുത്തി തീർക്കാൻ തെളിവായി കൊണ്ടുവന്നത് കേവലം പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു കർമശാസ്ത്ര ഗ്രന്ഥത്തിൻറെ വിശദീകരണത്തിൽ നിന്നാണ്. അതാവട്ടെ തെളിവിന്റെ പിൻബലമില്ലാത്തതിനാൽ ദീനിൽ സൂനത്താവുകയില്ല താനും .. മാത്രമല്ല എല്ലാ പുത്തനാചാരങ്ങളും തളളപ്പെടേണ്ടതാണ്. നബി ﷺപറഞ്ഞു :
" قال النبي ﷺ" ؤمَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ " رواه البخاري (٢٦٩٧)، ومسلم (١٧١٨)
“നമ്മുടെ ദീനിൽ പുതുതായി വല്ലതും ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാകുന്നു.”
ഇവിടെ പ്രത്യേകം ശ്രദ്ധേയമായ കാര്യം ആദ്യ നൂറ്റാണ്ടുകളിലെ പ്രഗൽഭരായ നാലു മദ്ഹബുകളിലെ ഇമാമീങ്ങളുടെയോ ശേഷമുള്ള കർമശാസ്ത്ര പണ്ഡിതന്മാരുടെയോ ഒരു ഉദ്ധരണിപോലും ഈ വിഷയത്തിൽ എന്തുകൊണ്ട് ഉദ്ദരിക്കാൻ പറ്റുന്നില്ല ? മുൻഗാമികളായ മഹാന്മാരായ കർമശാസ്ത്ര പണ്ഡിതന്മാരുടെ ഗ്രന്ഥത്തിൽ എവിടെയും മിഅ്റാജ് നോമ്പ് സുന്നത്താണെന്ന് വന്നിട്ടില്ല എന്നർത്ഥം.
*******************************
പിന്നീട് ബിദ്അത്തുകാരൻ എഴുതുന്നു..
ഫുഖഹാക്കൽ സുന്നത്താണെന്ന് പറഞ്ഞതിന് പുറമെ എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം.
മറുപടി
എല്ലാ മാസത്തിലും മൂന്ന് ദിവസം നോമ്പ് നോൽക്കൽ സുന്നത്താണ് , അത് ആദ്യത്തിലോ മധ്യത്തിലോ അവസാനത്തിലോ ആവാം.എന്നാൽ ആ പേരും പറഞ്ഞ് മിഅ്റാജിന് പുണ്യം കൽപ്പിച്ച് ഇരുപത്തിയേഴാം ദിവസം പ്രത്യേക നോമ്പ് നോൽക്കാൻ പാടില്ല.
ഇവിടെ പ്രത്യേകം ശ്രദ്ധേയമായ ഒരു കാര്യം- മിഅ്റാജ് നോമ്പിന് ദീനിൽ സ്ഥിരപ്പെട്ട തെളിവുകളോ മുൻഗാമികളുടെ മാതൃകയോ ഇല്ലാതെ വന്നപ്പോൾ ഒരു പിടിവള്ളി എന്നോളം മാസത്തിൽ മൂന്നുദിവസം നോമ്പ് നോൽക്കാം എന്ന പൊതുവായ ഹദീസ് മിഅ്റാജ് നോമ്പിനുള്ള തെളിവായി ഉദ്ധരിക്കുകയാണ് ഇത്തരം ബിദ്അത്തുകാർ . ആശയ പാപ്പരത്തം എന്നല്ലാതെ എന്തു പറയാൻ?!
*******************************
പിന്നീട് ബിദ്അത്തുകാരൻ എഴുതുന്നു..
'ഇനി ഹദീസ് ളഈഫാണെന്ന് പറഞ്ഞു നോമ്പിനെ നിഷേധിക്കുന്നവർക്കും ഇമാം ഇബ്നു ഹജർ (رحمه الله) മറുപടി കൊടുക്കുന്നുണ്ട്. ളഈഫായ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങൾ ചെയ്യാൻ പറ്റുമെന്നത് ദീനിൽ ഇജ്മാഉള്ള കാര്യമാണ്.'
മറുപടി
ഇവിടെ അവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു കാര്യമാണിത് . ഇമാമീങ്ങളുടെ പേരിൽ പച്ചക്കള്ളം വിളമ്പുകയാണ് ഈ ബിദ്അത്ത്കാർ. സ്വന്തം ഇമാമീങ്ങളെ പോലും ഇവർ തള്ളിക്കളയുകയാണ്.
ഇമാം നവവി ശറഹു സ്വഹീഹ് മുസ്ലിമിൽ പറയുന്നത് നോക്കൂ
قال النووي رحمه الله تعالى:فإنهم متفقون على أنه لا يحتج بالضعيف في الأحكام. «شرح النووي على مسلم» (1/ 126)
വിധിവിലക്കുകളിൽ (അഹ്കാം) ദുർബലമായ ഹദീഥുകൾ തെളിവായി സ്വീകരിക്കാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (ഇജ്മാഅ്)."
*******************************
ഇബ്നു തൈമിയ്യ യുടെ പേരിലും ആ കളവ് ആവർത്തിക്കുന്നു.
പിന്നീട് ബിദ്അത്തുകാരൻ എഴുതുന്നു..
ളഈഫായ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങൾ ചെയ്യാൻ പറ്റുമെന്നത് ദീനിൽ ഇജ്മാഉള്ള കാര്യമാണ്.
ബിദ്അതുകാരുടെ നേതാവായ ഇബ്നു തൈമിയ്യ പോലും അത് സമ്മതിക്കുന്നുണ്ട്.'
മറുപടി
സ്വന്തം ഈമാമീങ്ങളുടെ പേരിൽ കളവ് പറയാൻ മടിയില്ലാത്തവർക്ക് അങ്ങേയറ്റം വിദ്വേഷം പുലർത്തി ശത്രുവായി അവർ കാണുന്ന ഇബ്നു തൈമിയ്യയെ കുറിച്ച് ഇല്ലാത്തത് പറയുന്നതിൽ ഒട്ടും അദ്ഭുതം തോന്നേണ്ടതില്ല. എന്നാൽ എന്താണ് ഈ വിഷയത്തിൽ ഇബ്നു തൈമിയ്യ പറഞ്ഞത് എന്ന് നോക്കൂ!
قال شيخ الإسلام ابن تيمية: "لا يجوز أن يعتمد في الشريعة على الأحاديث الضعيفة التي ليست صحيحة ولا حسنة" -.مجموع الفتاوى (1/250)
"ശരീഅത്തിൽ (കർമ്മശാസ്ത്ര വിധികൾ), സ്വഹീഹോ ഹസനോ അല്ലാത്ത ദുർബലമായ (ദഈഫായ) ഹദീഥുകളെ ആധാരമാക്കിക്കൊണ്ട് വിധിവിലക്കുകൾ തീരുമാനിക്കൽ അനുവദനീയമല്ല."*
അപ്പോൾ ശൈഖുൽ ഇസ്ലാം പറയാത്തത് അദ്ദേഹത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്ന് വ്യക്തം.
*******************************
വീണ്ടും അദ്ദേഹം എഴുതുന്നു
ബിദ്അതുകാർ ഈ ഹദീസുകൾ ളഈഫാണെന്ന് പറയാൻ ഉദ്ധരിക്കുന്ന ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (رحمه الله) അതേ ഗ്രന്ഥത്തിൽ തന്നെ ഈ കാര്യം തുറന്നു പറയുന്നുണ്ട് .
" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة" (تبيين العجب بما ورد في فضل رجب (23-26 )
'ളഈഫായ ഹദീസുകൾ പുണ്യ കർമങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിൽ ഇളവ് ഉണ്ടെന്നത് അറിവുള്ള ആളുകളിൽ നിന്ന് പ്രസിദ്ധമാണ്..'
മറുപടി
വായനക്കാർ പ്രത്യേകം വേർതിരിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ് ഇനി പറയാൻ പോവുന്നത്.
ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ബിദ്അത്തിന്റെ ആളുകൾ ഉപയോഗിക്കാറുള്ള സ്ഥിരം പല്ലവിയാണിത്. എന്താണ് മേൽപ്പറഞ്ഞതിന്റെ വസ്തുത എന്ന് മുൻഗാമികൾ പറഞ്ഞത് വായിച്ചാൽ ഈ വിഷയം വ്യക്തമാകും.
ചില പണ്ഡിതന്മാർ അമലുകളുടെ ശ്രേഷ്ഠത പറയാൻ ളഈഫായ ഹദീസ് ഉപയോഗിക്കാം എന്ന് പറഞ്ഞതിന്റെ ഉദ്ദേശം(അതും അവർ അനുവദിച്ചത് നിരുപാധികം അല്ല,പ്രത്യേക നിബന്ധനകളോട് കൂടിയാണ് എന്ന് കൂട്ടി വായിക്കുക ): 'ളഈഫായ ഹദീസ്വിൽ വന്ന കാര്യം മുസ്തഹബ്ബാണെന്നോ വാജിബാണെന്നോ ഉള്ള വിധി (ഹുക്കും) എടുക്കാം എന്നതല്ല,മറിച്ച് ദീനിൽ സ്ഥിരപ്പെട്ട ഒരു വാജിബോ സുന്നത്ത് ആയ ഒരു അമലിനെ പ്രേരിപ്പിക്കാൻ വേണ്ടി അതിൻറെ ശ്രേഷ്ഠത പറയുന്ന ഹദീസ് ളഈഫ ആണെങ്കിലും അത് ഉദ്ധരിക്കുന്നതിൽ കുഴപ്പമില്ല എന്നതാണ്.
അപ്പോൾ സുന്നത്താണ് എന്ന് ദീനിൽ സ്ഥിരപ്പെടാത്ത മിഅ്റാജ് നോമ്പിന് വേണ്ടി എന്തടിസ്ഥാനത്തിലാണ് ദുർബല ഹദീസുകൾ ഉപയോഗിക്കുക ?
മാത്രമല്ല ഈ വിഷയത്തിൽ മുൻഗാമികളും പിൻഗാമികളും അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കെ ഇജ്മാഅ ഉണ്ട് എന്ന് പറയുന്ന ബിദ്അതുകാരുടെ തൊലിക്കട്ടി അപാരം തന്നെ.
*ഇമാം നവവി (റഹിമഹുല്ലാഹ്) തന്റെ 'ശറഹു സ്വഹീഹ് മുസ്ലിമിൽ' (1/126) പറയുന്നു:*
قال النووي رحمه الله تعالى:" فإن الأئمة لا يروون عن الضعفاء شيئا يحتجون به على انفراده في الأحكام، فإن هذا شيء لا يفعله إمام من أئمة المحدثين، ولا محقق من غيرهم من العلماء.وأما فعل كثيرين من الفقهاء، أو أكثرهم، ذلك، واعتمادهم عليه: فليس بصواب، بل قبيح جدا؛ وذلك لأنه إن كان يعرف ضعفه لم يحل له أن يحتج به؛ فإنهم متفقون على أنه لا يحتج بالضعيف في الأحكام " انتهى. » شرح النووي على مسلم» (1/ 126)
"തീർച്ചയായും ഇമാമുകൾ, വിധിവിലക്കുകളിൽ (അഹ്കാം) ഒറ്റപ്പെട്ട നിലയിൽ തെളിവായി സ്വീകരിക്കാൻ കഴിയുന്ന യാതൊന്നും ദുർബലരായ നിവേദകരിൽ (ദഈഫ്) നിന്ന് റിപ്പോർട്ട് ചെയ്യുകയില്ല. കാരണം ഹദീഥ് പണ്ഡിതന്മാരായ ഇമാമുകളോ അവരല്ലാത്ത ഗവേഷകരായ പണ്ഡിതന്മാരോ ചെയ്യാത്ത കാര്യമാണിത്.
എന്നാൽ അനേകം കർമ്മശാസ്ത്ര പണ്ഡിതന്മാർ (ഫുഖഹാഅ്) - അല്ലെങ്കിൽ അവരിൽ ഭൂരിഭാഗവും - അപ്രകാരം പ്രവർത്തിക്കുന്നതും അതിനെ അവലംബിക്കുന്നതും ശരിയായ രീതിയല്ല; മറിച്ച് അത് വളരെ മോശമായ കാര്യമാണ്. കാരണം, ആ നിവേദനം ദുർബലമാണെന്ന് അദ്ദേഹം അറിയുമെങ്കിൽ അത് തെളിവായി സ്വീകരിക്കൽ അദ്ദേഹത്തിന് അനുവദനീയമല്ല.വിധിവിലക്കുകളിൽ (അഹ്കാം) ദുർബലമായ ഹദീഥുകൾ തെളിവായി സ്വീകരിക്കാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു(ഇജ്മാഅ് ഉണ്ട് )."
അതിനാൽ ഒരു കാര്യം സുന്നത്തോ വാജിബോ ആണെന്ന് വിധി പറയാൻ ദുർബലമായ ഹദീസ് കൊണ്ട് തെളിവ് പിടിക്കാൻ പാടില്ല എന്ന് ഇമാം നവവിയുടെ വാക്കിൽ നിന്ന് വ്യക്തമാകും.
പ്രശസ്ത ശാഫിഈ പണ്ഡിതനായ ഇബിനുൽ മുലഖിൻ رحمه الله ഹദീസ് നിദാനശാസ്ത്രത്തിന്റെ ഉസൂലുകൾ വിവരിക്കുന്നിടത്ത് പറയുന്നു:
قال ابن الملقن رحمه الله تعالى:
" الضّعيف لا يحتج به في الأحكام والعقائد. ويجوز روايته والعمل به في غير الأحكام، كالقصص وفضائل الأعمال والتّرغيب والترهيب. كذا ذكره النّوويّ وغيره ... " انتهى. «المقنع في علوم الحديث» (1/ 104)
വിശ്വാസ കാര്യങ്ങളിലോ , വിധിവിലക്കുകളിലോ ദുർബലമായ ഹദീസ് കൊണ്ട് തെളിവു പിടിക്കാവുന്നതല്ല.എന്നാൽ വിധിവിലക്കുകൾക്ക് ( സുന്നത്ത്, വാജിബ്, കറാഹത്ത്, ഹറാം ,മുബാഹ്)അല്ലാതെ കഥകൾക്കൊ , (ദീനിൽ സ്ഥിരപ്പെട്ട കർമ്മങ്ങളുടെ )അമലുകളുടെ ശ്രേഷ്ഠതകൾക്കൊ , അവ (സുന്നത്തോ വാജിബോ ആണെങ്കിൽ) നിർവഹിക്കാൻ പ്രേരിപ്പിക്കാനോ (ഹറാമോ കറാഹത്തോ ആണെങ്കിൽ) അവയിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടിയോ മറ്റോ അവ ഉദ്ധരിക്കലും പ്രവർത്തിക്കലും അനുവദനീയമാണ്.
*******************************
ബിദ്അത്തുകാരൻ ആ എഴുത്ത് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്
'അത് കൊണ്ട് ഇത്തരം നന്മ മുടക്കികളെ നമ്മൾ കരുതിയിരുന്നേ മതിയാകൂ...'
മറുപടി
അദ്ദേഹത്തോടും സർവ്വ ബിദ്അത്തുകാരോടും പറയാനുള്ളത്
'ഞങ്ങൾ നന്മ മുടക്കികളല്ല മറിച്ച് നിങ്ങളോട് ഗുണകാംക്ഷയുള്ള പ്രവാചക സ്നേഹികളായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വക്താക്കളാണ്. 'നല്ലതല്ലേ' എന്ന് കരുതി ദീനിൽ സ്ഥിരപ്പെടാത്ത നബിയോ സ്വഹാബത്തോ മാതൃക കാണിച്ചുതരാത്ത ഒരു കർമ്മവും (പുണ്യകർമ്മവും )നിർവ്വഹിക്കൽ ഒരു മുസ്ലിമിനു പാടുള്ളതല്ല.ഇത്തരം ബിദ്അത്തുകൾ ലാഘവത്തോടെ കണ്ട് നിർവ്വഹിച്ചാൽ പരലോകത്ത് അല്ലാഹു പറഞ്ഞ നഷ്ടക്കാരിൽ പേട്ട് പോകും . അല്ലാഹു പറഞ്ഞു:
{ قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا }
(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
{ ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا }
ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.( സൂറത്തുൽ കഹ്ഫ് :105/106)
നല്ലതല്ലേ എന്ന് കരുതി ബിദ് അത്തുകൾ ചെയ്യുന്നവരെ ഇരുത്തിചിന്തിപ്പിക്കുന്നതാണ് ഇമാം മാലിക്ക് رحمه الله യുടെ വാക്കുകൾ . അദ്ദേഹം പറയുന്നു :
وذكر الشاطبي في الاعتصام (1/28) أنَّ ابن الماجشون قال: سمعتُ مالكاً يقول: "مَن ابتدع في الإسلام بدعةً يراها حسنة، فقد زعم أنَّ محمّداً خان الرسالة؛ لأنَّ اللهَ يقول: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} ، فما لم يكن يومئذٍ ديناً فلا يكون اليوم ديناً" الاعتصام (١/٢٨))
ഇമാം ശാതുബി അദ്ദേഹത്തിന്റെ ഇഅതിസാം എന്ന ഗ്രന്ഥത്തിൽ ഇമാം മാലിക്ക് പറഞ്ഞതായി കൊടുക്കുന്നു “ആരെങ്കിലും ഇസ്ലാമിൽ നല്ല കാര്യമാണെന്ന് വാദിച്ചുകൊണ്ട് ഒരു പുത്തനാചാരം ഉണ്ടാക്കിയാൽ മുഹമ്മദ് നബി അവിടുത്തെ രിസാലത്തിൽ വഞ്ചന കാണിച്ചു എന്നാണ് അയാൾ വാദിക്കുന്നത്. കാരണം അല്ലാഹു പറയുന്നു: (ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.) അതുകൊണ്ട് *അന്നേദിവസം ദീനാകാത്തതൊന്നും ഇന്നും ദീനാവുകയില്ല.”
ചിന്തിക്കുക മനസ്സിലാക്കുക.. സത്യം മനസ്സിലാക്കി ഹഖിൽ നിലകൊള്ളാൻ അല്ലാഹു ഏവർക്കും തൌഫീഖ് നൽകട്ടെ.. ആമീൻ
_________
മിഅ്റാജ് നോമ്പ് സുന്നത്തണെന്ന് വാദിക്കുന്നവർക്കുള്ള ആദ്യ രണ്ട് ഖണ്ഡനങ്ങൾ വായിക്കാൻ താഴെ ക്ലിക് ചെയ്യുക
1. *മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം ഒന്ന് *
https://knowislam.guide/article/miraaj1
2. മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം രണ്ട്
https://knowislam.guide/article/miraj-fasting-2
