മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം രണ്ട്
ബിദ്അത്ത് ചെയ്യുന്നവരും പ്രചരിപ്പിക്കുന്നവരും തങ്ങളുടെ ബിദ്അത്തിനെ സ്ഥാപിക്കാൻ സർവ്വസാധാരണയായി ഉപയോഗിക്കാറുള്ള തന്ത്രമാണ് തങ്ങൾ ചെയ്യുന്ന ഈ പ്രവർത്തനത്തിന് ഹദീസിൽ തെളിവുണ്ട് എന്നത്. ഇത് കേൾക്കുന്ന സാധാരണക്കാർ അതിനു പ്രതികരിക്കുക 'ശരിയാണ്, അവർ പറയുന്നതും ഹദീസ് അല്ലേ' എന്ന നിലക്കാണ്. എന്നാൽ ഹദീസിൽ തന്നെ തെളിവിനു യോഗ്യമല്ലാത്ത കെട്ടിച്ചമച്ചതും ,ബാത്തിലായതും, മുൻകറായതും ളഈഫായതുമായ ഇനങ്ങൾ ഉണ്ടെന്ന് പലപ്പോഴും പാവങ്ങൾ അറിയാറില്ല.അങ്ങനെയുള്ള ബിദ്അത്തിന്റെ ഗൗരവവും പലപ്പോഴും ഒരു മുസ്ലിം ഗൗനിക്കാറുമില്ല. എന്നാൽ 1400 വർഷങ്ങൾക്കു മുൻപേ നബി ഖിയാമത്ത് നാൾ വരെയുള്ള ഓരോ സത്യവിശ്വാസിക്കും വ്യക്തമായ താക്കീത് നൽകിയിട്ടുണ്ട്. താഴെ വായിക്കുന്ന ഹദീസ് മാത്രം മതി ഒരു സത്യവിശ്വാസിക്ക് ബിദ്അത്തിന്റെ ഗൗരവം മനസ്സിലാക്കാൻ
ഹൗളിൽ നിന്ന് ചിലയാളുകളെ ആട്ടിയോടിക്കപ്പെടുന്നതാണ്. അവർക്കതിൽ നിന്ന് പാനം ചെയ്യുവാൻ അതിയായ ആഗ്രഹമുണ്ടാവുകയും, അങ്ങിനെ അതിന്റെയടുത്തേക്ക് വരികയും ചെയ്യും, പക്ഷേ, ആ സമയം പ്രവാചകനുംﷺ, അവർക്കുമിടയിൽ മറയിടപ്പെടുകയും അവരെ ആട്ടിയോടിക്കുകയും ചെയ്യും. നോക്കൂ സഹോദരങ്ങളെ അങ്ങനെയൊരു അനുഭവം പരലോകത്ത് വരാതിരിക്കാൻ നമ്മിൽ നിന്ന് ബിദ്അത്തു സംഭവിക്കുന്നതിനെ നാം കരുതിയിരിക്കുക.
പരലോകവുമായി ബന്ധപ്പെട്ട ഒരു സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം.
«يرد علي الحوض رجال من أصحابي، فيحلَّؤون عَنْهُ، فَأَقُولُ: يَا رَبِّ أَصْحَابِي؟ فَيَقُولُ: إِنَّكَ لَا عِلْمَ لَكَ بِمَا أَحْدَثُوا بَعْدَكَ»«صحيح البخاري» (2407 )
അബൂഹുറയ്റ(رضي الله عنه)വിൽ നിന്ന്: പ്രവാചകൻ(ﷺ) പറഞ്ഞു: ഹൗദ്വിലേക്ക് എന്റെ സമുദായത്തിൽ നിന്ന് ഒരു കൂട്ടം ആളുകൾ വരും. അവരെ ഹൗദ്വിൽ നിന്ന് വിദൂരമാക്കപ്പെടുന്നതാണ്, അപ്പോൾ ഞാൻ പറയും: എന്റെ റബ്ബേ , അവർ എന്റെ ആളുകളാണല്ലോ? അപ്പോൾ പറയപ്പെടും: നിനക്ക് ശേഷം അവർ എന്താണ് പുതുതായുണ്ടാക്കിയത് എന്ന് നിനക്കറിയില്ല. (ബുഖാരി).
മറ്റൊരു രിവായത്തിൽ നബിﷺതന്നെ ആട്ടിയോടിക്കും എന്നാണ്
«فَأَقُولُ: سُحْقًا سُحْقًا لِمَنْ غيَّر بَعْدِي)»«صحيح البخاري» (5/ 2406 ت البغا)
മാത്രമല്ല അവന്റെ അമൽ സ്വീകരിക്കപ്പെടുകയില്ല
ؤمَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ ( رواه البخاري (2550)، ومسلم (1718) )
നബി പറഞ്ഞു: “നമ്മുടെ ദീനിൽ പുതുതായി വല്ലതും ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാകുന്നു.” (ബുഖാരി,മുസ്ലിം )
«مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ ردٌّ)»«صحيح البخاري» (6/ 2675 ت البغا) ومسلم (1718)
നബി പറഞ്ഞു:"നമ്മുടെ കൽപ്പന ഇല്ലാത്ത ഒരു അമൽ ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി,മുസ്ലിം ).
അപ്പോൾ ഒരു ഇബാദത്ത് ദീനിൽ ചെയ്യണമെങ്കിൽ അത് നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടതും അത് തെളിവിനു യോജിച്ചതും ആയിരിക്കണം.
മിഅ്റാജിന്റെ നോമ്പ് സുന്നത്താണെന്ന് പറയാൻ സർവ്വ സമസ്തക്കാരും ഉദ്ധരിക്കുന്ന ഹദീസുകളും അതിൻറെ സത്യാവസ്ഥയും
പലപ്പോഴും ബാത്വിലിന്റെ ആളുകൾ തങ്ങളുടെ ബിദ്അത്ത് സ്ഥാപിക്കാൻ പല കുറുക്കുവഴികളും പയറ്റാറുണ്ട്. അതിൽ പെട്ടതാണ് അവർ ബിദ്അത്തുകൾക്ക് തെളിവായി ഉദ്ധരിക്കുന്ന പല ഹദീസുകളും മുൻഗാമികളായ ഏതെങ്കിലും ഇമാമിന്റെയോ, മറ്റു പണ്ഡിതന്മാരുടെയോ കിതാബിൽ വന്നിട്ടുണ്ട് എന്ന കാര്യം.!
അത്തരം തെളിവിന് യോഗ്യമല്ലാത്ത ഹദീസുകൾ ഉദ്ധരിച്ച് മുൻകാല പണ്ഡിതന്മാർ ഒരു മതവിധി പറഞ്ഞാൽ പോലും ആ ഹദീസ് തെളിവിന് യോഗ്യമല്ലാത്തതാണെങ്കിൽ പിൻഗാമികളായ ഇമാമീങ്ങൾ ആ ഹദീസുകൾ തള്ളുകയും, മറ്റു സ്വഹീഹായ ഹദീസ് തെളിവ് പിടിച്ചു അവർ പറഞ്ഞതിന് എതിരായി മതവിധി നൽകുകയും ചെയ്യും. മേൽപ്പറഞ്ഞ കാരണത്താൽ ശാഫിഈ ഇമാമിൻറെ അഭിപ്രായങ്ങൾ പോലും സ്വന്തം മദ്ഹബിൽ പെട്ട പിൻഗാമികൾ തള്ളിയ ചരിത്രം ഏറെയാണ്.
മിഅ്റാജിന്റെ നോമ്പുമായി ബന്ധപ്പെട്ട വന്ന ഹദീസുകൾ എല്ലാം ഒന്നെങ്കിൽ തെളിവിന് യോഗ്യമല്ലാത്ത ളഈഫയായതോ അതല്ലെങ്കിൽ കെട്ടിച്ചമച്ചതോ ആണ് എന്ന് വായനക്കാർക്ക് താഴെ പറയുന്ന ഹദീസ് നിരൂപകന്മാരുടെ ഉദ്ധരണികൾ വായിച്ചാൽ വ്യക്തമാകും.
ഫൈസിയും മറ്റു സമസ്തക്കാറും എഴുതുന്നു : മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. അബൂമൂസാ(റ) ല് നിന്ന് നിവേദനം: റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്യാഅ് 1/361)
റജബുമായി ബന്ധപ്പെട്ട് മേൽ പറഞ്ഞ പുസ്തകാത്തിൽ പറഞ്ഞത് കഴിഞ്ഞ ലേഖനത്തിൽ വിശദീകരിച്ചതാണ്..ഇമാം നവവി അദ്ദേഹത്തിന്റെ ഷറഹുൽ മുഹദ്ദബിൽ എഴുതിയതായി കാണാം:
'റഗാഇബ് നിസ്കാരം എന്ന പേരിൽഅറിയപ്പെടുന്ന നിസ്കാരമാണ് പത്താമത്തേത്. റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ ഇശാ-മഗ്രിബിനിടയിൽ നിസ്കരിക്കുന്ന 12 റക് അത്താണിത്.ശഅ്ബാൻ പകുതിയുടെ രാവിൽ നിസ്കരിക്കുന്ന 100 റക്അത്ത് നിസ്കാരവും. ഈരണ്ട് നിസ്കാരങ്ങൾ ബിദ്അത്തും മോശമായ മുൻകറുമാണ്. ഖൂതുൽ ഖുലൂബ്എന്ന ഗ്രന്ഥത്തിലും ഇഹ്യാ ഉലൂമിദ്ദീനിലും അവയെ കുറിച്ച് പരാമർശിച്ചതു കണ്ട്ആരും വഞ്ചിതരാവരുത്. അവയെ കുറിച്ച്പരാമർശിക്കുന്ന ഹദീസു കണ്ടും ആരുംവഞ്ചിതരാവരുത്. കാരണം അതെല്ലാം ബാത്വിലാണ്. ചില ഇമാമുകൾക്ക് അവയുടെവിധി തിരിച്ചറിയാതെ വന്നതു കണ്ടും ആരും വഞ്ചിതരാകരുത്. അങ്ങനെ രണ്ടും സുന്നത്താണെന്ന് വരുത്താൻ അവർ ഏതാനും പേജുകൾ എഴുതി ഗ്രന്ഥം രചിച്ചു.ഈ വിഷയത്തിൽ അവർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. ഈ രണ്ട് നിസ്കാരങ്ങളും ബാത്വിലാണെന്ന് സമർത്ഥിച്ച് ശൈഖ് അബുമുഹമ്മദ് അബ്ദുറഹ്മാനുബ്നു ഇസ്മാഈൽ അൽ മഖ്ദസി (റ) നല്ലൊരു രചനനടത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിഷയം വളരെ നന്നായി കൈകാര്യംചെയ്തിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ് 4/56)
ഗസ്സാലിയുടെ ഭീമമായ പിഴവ് ഇമാം നവവി വിശദീകരിച്ചത് നാം മനസ്സിലാക്കി,അതിനാൽ ഈമാമീങ്ങളുടെ കിതാബിൽ ഉണ്ട് എന്നത് തെളിവാകുകയില്ല എന്ന് നാം തിരിച്ചറിഞ്ഞു. ഇനി പ്രസ്തുത ഹദീസിനെ കുറിച്ചുള്ള ചർച്ചയാണ്.
ഇഹ്യാ ഉലൂമിദ്ദീനിന്റെ ഹദീസുകൾ വിശദീകരിച്ച് കൊണ്ട് ഹദീസ് പണ്ഡിതന്മാരിൽ പ്രമുഖനായ ഹാഫിദ് അൽ ഇറാഖി പ്രസ്തുത ഹദീസിന്റെ പരമ്പര ഹ്രസ്വമായി വിവരിക്കുന്നതായി കാണാം
حَدِيث أبي هُرَيْرَة «من صَامَ يَوْم سبع وَعشْرين من رَجَب كتب الله لَهُ صِيَام سِتِّينَ شهرا وَهُوَ الْيَوْم الَّذِي هَبَط فِيهِ جِبْرِيل عَلَى مُحَمَّد صَلَّى الله عَلَيْهِ وَسلم»
رَوَاهُ أَبُو مُوسَى الْمَدِينِيّ فِي كتاب فَضَائِل اللَّيَالِي وَالْأَيَّام من رِوَايَة شهر بن حَوْشَب عَنهُ«تخريج أحاديث الإحياء = المغني عن حمل الأسفار» (ص430)
അതായത്, ആ ഹദീസ് ശഹ്ർ ബ്നു ഹൗശബ് എന്ന വ്യക്തിയുടെ രിവായത്താണ് എന്നാണ് അദ്ദേഹം പറഞ്ഞതിൻ്റെ ചുരുക്കം.
ഇനി ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ ഈ ശഹ്ർ ബ്നു ഹൗശബ് എന്ന വ്യക്തിയുടെ അവസ്ഥയെന്താണെന്ന് നമുക്ക് പരിശോധിക്കാം.
ഈ ഹദീസ് ഉദ്ധരിച്ച് കൊണ്ട് ഹിജ്റ 543 ൽ മരണപ്പെട്ട പ്രമുഖ ഹദീസ് പണ്ഡിതനായ അബൂ അബ്ദില്ല അൽ ഹമദാനീ അൽ ജുവർഖാനി رحمه الله അൽ അബാത്തിൽ വൽ മനാകീർ.. എന്ന കിത്താബിൽ പറയുകയാണ് :
«هَذَا حَدِيثٌ بَاطِلٌ، لَمْ يَرْوِهِ عَنْ أَبِي هُرَيْرَةَ إِلَّا شَهْرُ بْنُ حَوْشَبٍ، وَلَا عَنْهُ إِلَّا مَطَرٌ الْوَرَّاقُ، قَالَ أَبُو الْحُسَيْنِ الْقَارِئُ: سَمِعْتُ عُمَرَ بْنَ عَلِيٍّ، يَقُولُ: لَمْ أَسْمَعْ يَحْيَى بْنَ سَعِيدٍ، يُحَدِّثُ عَنْ شَهْرٍ بِشَيْءٍ قَطُّ، وَقَالَ مُعَاذُ بْنُ مُعَاذٍ: سَأَلْتُ ابْنَ عَوْنٍ عَنْ شَهْرِ بْنِ حَوْشَبٍ؟ ، فَقَالَ: مُنْكَرُ الْحَدِيثِ»
«الأباطيل والمناكير والصحاح والمشاهير» (2/ 367
ഈ ഹദീസ് ബാത്തിലായ ഹദീസാണ്. ശേഷം മറ്റു ചർച്ചകൾക്ക് ശേഷം...... ശഹർ ബ്നു ഹൌശബ് എന്ന റാവിയെ കുറിച്ച് ഇബ്നു ഔൻ നോട് ചോദിക്കപ്പെട്ടപ്പോൾ പറഞ്ഞത് 'അദ്ദേഹം മുൻകറുൽ ഹദീസ് ആണെന്നാണ് ' ( അഥവാ തെളിവിന് യോഗ്യമല്ലാത്തതാണ് ).
ഹദീസ് നിരൂപണം ചെയ്യുന്നതായ അൽ ഇലൽ എന്ന കിതാബിൽ ഇബ്നു അൽ ജൌസി പറയുന്നു :
«وهذا حديث لا يَجُوزُ الاحْتِجَاجُ بِهِ وَمِنْ فَوْقِهِ إِلَى أَبِي هُرَيْرَةَ ضُعَفَاءُ وَنُزُولُ الآيَةِ كَانَ يَوْمَ عَرَفَةَ بِلا شَكٍّ وَذَكَرَ ذَلِكَ فِي الصَّحِيحَيْنِ»
«العلل المتناهية في الأحاديث الواهية» (1/ 223)
“ഇതൊരു തെളിവായി സ്വീകരിക്കാൻ കൊള്ളാത്ത (ദുർബലമായ) ഹദീസാണ്. ഇതിന്റെ നിവേദക പരമ്പരയിൽ അബൂഹുറൈയ്റ رضي الله عنه ഒഴികെയുള്ളവർ ദുർബലരാണ്.”
ഈ ഹദീസിനെ കുറിച്ച് ഇബ്നുൽ ജൗസി رحمه الله പറഞ്ഞിട്ടുള്ള പ്രസ്തുത വിധി അറിയാതെ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കിതാബിൽ പ്രസ്തുത ഹദീസ് സനദോടെ ഉദ്ധരിക്കപ്പെട്ടത് കണ്ട് “ഈ ഹദീസ് ഇബ്നുൽ ജൗസി പോലും ഉദ്ധരിച്ചിട്ടുണ്ട്, ഞങ്ങൾക്കുള്ള തെളിവ് ഇതാണ്”എന്ന് പറയുന്ന സമസ്തക്കാരുടെ കാര്യം ആശ്ചര്യകരം തന്നെ.
ഫൈസി എഴുതുന്നു : ഇമാം ജൗസി(റ) ഉദ്ധരിക്കുന്നു:
عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .
അബൂഹുറൈറ (റ) വില് നിന്ന് നിവേദനം, നബിﷺപറഞ്ഞു: “ആരെങ്കിലും റജബ് 27 ന് നോമ്പനുഷ്ഠിച്ചാല് 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു ﷻ അവന് നല്കും”
(ഇമാം ജൗസി - അൽ മുൻതളം ഫീ താരീഖിൽ ഉമം).
അവർ മിഅ്റാജ് നോമ്പ് സുന്നത്തണെന്ന് വാദിക്കാൻ ഉദ്ധരിക്കുന്ന മറ്റു ഹദീസുകളുടെ നിരൂപണം അടുത്ത ലക്കത്തിൽ ആവാം .
തുടരും
الله أعلم وصلى الله عليه وعلى آله وصحبه وسلم
