മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം ഒന്ന്

Mohammed Shafeeque Madeena
January 13, 2026
274 കാഴ്ചകൾ
മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം ഒന്ന്

മിഅ്റാജ് നോമ്പ് സുന്നത്തോ ബിദ്അത്തോ - ഭാഗം ഒന്ന് 

മുഹമ്മദ് ശഫീഖ് മദീന

بسم الله الرحمن الرحيم

ഏതൊരു ഇബാദത്തും നിർവഹിക്കണമെങ്കിൽ ഇസ്ലാമിൽ വ്യക്തമായ ചില മാനദണ്ഡങ്ങൾ ഉണ്ട്. അതിൽപ്പെട്ടതാണ് പ്രവാചകന്റെ വ്യക്തമായ വാക്കുകളോ, പ്രവൃത്തിയോ, അംഗീകാരമോ ഉണ്ടായിരിക്കണം എന്നത്. മാത്രമല്ല അത്തരം ഉദ്ധരണികൾ- അഥവാ ഹദീസുകൾ- പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടതാണെന്ന് ഉറപ്പ് വരുത്തുകയും വേണം. ഏതെങ്കിലും മാസത്തിനോ ദിവസത്തിനോ പ്രത്യേകത ഉണ്ടെങ്കിൽ പോലും അതിൽ പ്രത്യേക ഇബാദത്ത് ചെയ്യണമെങ്കിൽ വ്യക്തമായ പ്രവാചക മാതൃക വേണം, എങ്കിൽ പ്രത്യേകത കല്പിക്കുന്ന ദിവസത്തെക്കുറിച്ച് തന്നെ അഭിപ്രായവിത്യാസമുണ്ടെങ്കിലോ? അതിന്റെ ഗൗരവം മേൽപറഞ്ഞതിനെക്കാൾ ഏറെയായിരിക്കും.

ഓരോ വർഷവും റജബ് മാസം പിറക്കുമ്പോഴേക്കും മിഅ്റാജിന്റെ നോമ്പ് എന്നു പറഞ്ഞുകൊണ്ട് പ്രവാചകനോ, സ്വഹാബാക്കൾക്കോ,സച്ചരിതരായ മുൻഗാമികൾക്കൊ പരിചയമില്ലാത്ത റജബ് ഇരുത്തിയേഴിലെ 'മിഅ്റാജ് നോമ്പ് ' മുസ്ലീം സമൂഹത്തെ കൊണ്ട് നോൽപ്പിച്ച്, ബിദ്അത്ത് ചെയ്യിക്കാൻ വെമ്പൽ കൊള്ളുന്ന പുരോഹിത സമൂഹത്തെ കാണാം. ദീനിൽ സ്ഥിരപ്പെടാത്ത ഇത്തരം കർമ്മങ്ങൾ 'പുണ്യകർമ്മം' എന്ന പേരിൽ സമൂഹത്തിൽ പ്രചരിക്കുമ്പോൾ ,എന്താണ് അതിന്റെ നിജസ്ഥിതി എന്ന് മനസ്സിലാക്കൽ ഓരോ മുസ്ലിമും ബാധ്യസ്ഥതരാണ്.

മിഅ്റാജ് നോമ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ പ്രചരിക്കുന്ന ;ദുർബലമായതോ പ്രവാചകന്റെ പേരിൽ കെട്ടിച്ചമക്കപ്പെട്ടതോ ആയ അത്തരം ഹദീസുകളെ കുറിച്ചും, ചില അടിസ്ഥാന തത്ത്വങ്ങൾ എന്നു പറഞ്ഞു കൊണ്ട് ബിദ്അത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്ന പൊള്ളയായ വാദങ്ങളെ കുറിച്ചും തുറന്നു കാട്ടി വായനക്കാരെ ബോധവൽകരിക്കുക എന്നതാണ് ഈ ഒരു എഴുത്ത് കൊണ്ട് ലക്ഷ്യമാക്കുന്നത്... അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ .. ആമീൻ

         ,മിഅ്റാജ് നോമ്പ് സുന്നത്താണ് എന്ന അബൂത്വാഹിർ ഫൈസി മാനന്തവാടിയുടെ ലേഖനത്തിനുള്ള ഖണ്ഡനമാണ് ഈ എഴുത്ത്.

നബിക്ക് ﷺഉണ്ടായ വലിയ ഒരു മുഅജിസത്താണ് ഇസ്രാഅ് മിഅറാജ് എന്നതിൽ മുസ്ലിം സമൂഹത്തിന് തർക്കമില്ല. നബി മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സയിലേക്ക് രാപ്രയാണം (ഇസ്രാഅ്) നടത്തിയതും (മിഅ്റാജ്) ആകാശാരോഹണം നിർവഹിച്ച യാത്രയെയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ ആരും നിഷേധിക്കുകയില്ല. എന്നാൽ അത് ഏത് ദിവസമാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഇസ്രാഅ്-മിഅ്റാജ് സംഭവിച്ചത് റജബ് 27 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ ?

ഇസ്റാഓ മിഅറാജോ സംഭവിച്ചത് റജബ് 27ന് ആണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം.

ഫത്താവ നവവിയിൽ ഇമാം നവവി رحمه الله ഇസ്രാഅ് സംഭവിച്ച വർഷത്തിലെ അഭിപ്രായ വ്യത്യാസം പറഞ്ഞതിന് ശേഷം അത് വ്യക്തമാക്കുന്നതായി കാണാം :

«‌وكان ‌الِإسراء ‌سنة ‌خمس ‌أو ‌ست ‌من ‌النبوة، وقيل سنة اثنتي عشرة منها، وقيل بعد سنة وثلاثة أشهر منها، وقيل غير ذلك، وكانت ليلةَ السابع والعشرين من شهر ربيع الأول»«فتاوى النووي» ص36

'റബീഉൽ അവ്വൽ ഇരുപത്തിയേഴിനാണ് അത് സംഭവിച്ചത് ' ( ഫത്താവ നവവിയ്യ പേ 36 )

മറ്റൊരിടത്ത് ഇമാം ഇബ്നു ദഹിയ്യ അൽമാലികി (റ) പറയുന്നു:

وذكر بعْض القصاص أن الإسراء كانَ في رجب وذلك عنْد أهل التعديل والتجريح عيْن الكذب»«أداء ما وجب من بيان وضع الوضاعين في رجب» (ص54)

ചില കഥാകാരന്മാർ ഇസ്റാഉം മിഅ്റാജുമുണ്ടായത് റജബിലാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഹദീസ് നിദാനശാസ്ത്രത്തിലെ ജറഹ് വ തഅദീലിൻ്റെ പണ്ഡിതന്മാരുടെ പക്കൽ ഇത് സുവ്യക്തമായ കളവായാണ് ഗണിക്കപ്പെടുന്നത്".

അപ്പോൾ ഏത് ദിവസമാണ് മിഅ്റാജുണ്ടായത് എന്ന് തന്നെ തർക്കത്തിലിരിക്കെ എങ്ങനെയാണ് റജബ് ഇരുപതിയെഴിനെ പുണ്യദിനമായി കണക്കാക്കുക?

അന്നേ ദിവസം പുണ്യദിവസമാണെന്നും അതിനാൽ ആ ദിവസം നബിയോടുള്ള ആദരസൂചകമായി പ്രത്യേക കർമ്മങ്ങൾ ചെയ്തു നന്ദിപ്രകടനം ചെയ്യണമെന്ന അടിസ്ഥാനരഹിതമായ ഒരു വാദമാണ് ആദ്യമായി ഫൈസി മിഅ്റാജ് നോമ്പു ഒരു പുണ്യകർമ്മമാണെന്ന് തെളിയിക്കാൻ കൊണ്ട് വരുന്നത്.

ഫൈസി എഴുതുന്നു : മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(ﷺ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

അഹ്ലു സുന്നത്ത് വൽ ജമാഅത്തിന് അദ്ദേഹത്തോടും സമാനമായ വാദങ്ങൾ ഉന്നയിച്ച് ബിദ്അത്തുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന മറ്റ് സമസ്തക്കാരോടും ചോദിക്കാനുള്ളത് :

1. അങ്ങനെ ഒരു പ്രത്യേകത ഉണ്ടെങ്കിൽ വഹ്‌യ് മുഖേന മാത്രം സംസാരിക്കുന്ന നബിﷺ അത് നിർവഹിക്കുമായിരുന്നില്ലേ? ഇസ്റാഅ് മിഅ്റാജിനു ശേഷം ധാരാളം വർഷം നബിﷺ ജീവിച്ചിട്ടും എന്തുകൊണ്ട് ഒരു വർഷം പോലും മിഅ്റാജ് നോമ്പ് നോൽക്കുകയോ, സ്വഹാബികളോട് നോൽക്കാൻ നിർദ്ദേശിക്കുകയോ ചെയ്യാതിരുന്നത് ? ഈ ഒരു കാര്യം മാത്രം മതി ഒരു സത്യാന്വേഷിക്ക് കണ്ണുതുറക്കാൻ.

2. എല്ലാറ്റിനേക്കാളും ഏറെ നബിﷺയെ സ്നേഹിച്ച സ്വഹാബാക്കൾ എന്തുകൊണ്ട് നിങ്ങൾ പറയുന്ന നബിﷺയോടുള്ള സ്നേഹ-നന്ദി പ്രകടനം അന്നേദിവസം ഒരു നോമ്പോ മറ്റെന്തെങ്കിലും പ്രത്യേക ഇബാദത്തോ ചെയ്യാതിരുന്നത് ?.

3. ഉത്തമ നൂറ്റാണ്ട് എന്ന് നബിﷺ വിശേഷിപ്പിച്ച ആദ്യ മൂന്ന് നൂറ്റാണ്ടിലെ സച്ചരിതരായ മഹാന്മാരോ മദ്ഹബിലെ ഇമാമീങ്ങളോ എന്തുകൊണ്ട് മിഅ്റാജ് നോമ്പ് നിർവഹിച്ചില്ല. എന്തിനേറെ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നോമ്പിൻറെ നിയമങ്ങൾ വിവരിക്കുന്നിടത്ത് മിഅ്റാജ് നോമ്പ് എന്തുകൊണ്ട് സ്ഥാനം പിടിച്ചില്ല?

ഇതിൽ നിന്നെല്ലാം വളരെ വ്യക്തമാണ് മുൻഗാമികളായ സച്ചരിതരാരും മിഅ്റാജിന്റെ ദിവസത്തിൽ ഒരു നോമ്പോ മറ്റെന്തെങ്കിലും പ്രത്യേകം ഇബാദത്തോ സുന്നത്തായി മനസ്സിലാക്കിയിട്ടില്ല എന്ന്.

എന്തിനേറെ റജബ് മാസത്തിന് ഇല്ലാത്ത പ്രത്യേകതകൾ കൽപ്പിച്ച് അനാചാരങ്ങളും മറ്റും അധികരിച്ചപ്പോൾ മുൻഗാമികളായ ഇമാമീങ്ങൾ പോലും അതിനെതിരെ ഗ്രന്ഥങ്ങൾ എഴുതുകയും, അത്തരം ബിദ്അത്തുകളെ തുറന്നു കാണിക്കാനും, അത്തരമാളുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കള്ള ഹദീസുകളെയും ദുർബല ഹദീസുകളെയും വിശദീകരിച്ചും നിരൂപണം ചെയ്തും ധാരാളം ഗ്രന്ഥങ്ങൾ ആ കാലഘട്ടത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. അത്തരം ചില ഗ്രന്ഥങ്ങളിൽ നിന്ന് ചില ഉദ്ധരണികൾ മാത്രം വായിച്ചാൽ നമ്മുടെ വിഷയത്തിന്റെ മർമ്മം വായനക്കാർക്ക് മനസിലാക്കാം.

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (رحمه الله) തന്‍റെ تبيين العجب بما ورد في فضل رجب  

അഥവാ 'റജബിന്‍റെ ശ്രേഷ്ഠതകളുമായിബന്ധപ്പെട്ട് വന്നിട്ടുള്ള അശ്ചര്യം വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു:

«لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»

"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല എനിക്കു മുൻപെ ഹാഫിള് ഇസ്മാഈൽ അൽ ഹറവി ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട് "

ദീനിൽ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ഠത കൽപ്പിക്കാത്ത കാലത്തിനോ സമയത്തിനോ ശ്രേഷ്ഠത കൽപ്പിക്കാമോ..? 

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ - رحمه الله - പറഞ്ഞു : " മതപരമായി ( ശ്രേഷ്ഠതയില്ലാത്ത ) കാലങ്ങൾക്ക് ( ശ്രേഷ്ഠത ) കൽപ്പിക്കൽ ബിദ്അത്തിൽ ( പുത്തനാചാരത്തിൽ ) പെട്ടതാകുന്നു. നബി ﷺ ജനിച്ചതാണെന്ന് പറയപ്പെടുന്ന റബീഉൽ അവ്വലിലെ ചില രാത്രികളും റജബിലെ ചില രാത്രികളും പോലെ. സച്ചരിതരായ മുൻഗാമികളാരും ഇത് സുന്നത്തായി കാണുകയോ അവർ അതനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. "مجموع الفتاوى : ٢٥ / ٢٩٨ ( باختصار )

റജബ് മാസത്തിലെ ഏതെങ്കിലുമൊരു ഇബാദത്തിന് പ്രത്യേകം ശ്രേഷ്ഠത വിവരിക്കുന്ന ഹദീസുകൾ സ്ഥിരപ്പെട്ടിട്ടുണ്ടോ.? 

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം ഹാഫിദ് ഇബ്നു ഹജർ - رحمه الله - പറഞ്ഞു : 

" റജബ് മാസത്തെക്കുറിച്ചോ അതിലുള്ള നോമ്പുകളെക്കുറിച്ചോ അതിലെ പ്രത്യേക ദിനത്തിലുള്ള നോമ്പിനെക്കുറിച്ചോ അതിലെ ചില പ്രത്യേക രാത്രികളിലുള്ള നമസ്കാരത്തെക്കുറിച്ചോ മഹത്വം പറയുന്ന തെളിവിന് യോഗ്യമായ ഒരൊറ്റ ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല. " تبيين العجب بما ورد في شهر رجب : ١١

പിന്നീട് ഫൈസി മിഅ്റാജ് ദിനത്തിലെ നോമ്പു സുന്നത്തണെന്ന് വരുത്താൻ കൊണ്ട് വരുന്നത് സൂഫി ശ്രേണിയിലുള്ള ഗസ്സാലിയുടെ ഇഹ്‍യാഉ ഉലൂമിദ്ദീൻ എന്ന ധാരാളം പിഴച്ച ആശയങ്ങൾ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥത്തിൽ നിന്നാണ്.

ഫൈസി എഴുതുന്നു :മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).

ഇവിടെ പ്രത്യേകം മനസ്സിലാകേണ്ട ഒരു കാര്യം കേവലം ഒരു കിതാബിൽ ഉദ്ദരിക്കപ്പെട്ടു എന്നത് കൊണ്ട് മാത്രം ഒരു ഹദീസ് സ്ഥിരപ്പെട്ടുകയില്ല , ഹദീസ് നിദാനശാസ്ത്ര പ്രകാരം ഒരു ഹദീസ് സ്ഥിരപ്പെടണമെങ്കിൽ അഞ്ച് നിബന്ധനകൾ ഒത്തുവരണം.

പ്രസ്തുത കിതാബിൽ ഗസ്സാലി റജബിലെ റഗായിബ് നിസ്കാരത്തെ സ്ഥിരീകരിക്കാൻ കുറിച്ച് കെട്ടിച്ചമച്ച ദുർബല ഹദീസുകൾ വിശദീകരിച്ച് സ്ഥാപിക്കാൻ ശ്രമിച്ചതിനെ കുറിച്ച് ഇമാം അബു ശാമ ബിദ്അത്തുകളെ തുറന്നു കാട്ടുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ പറഞ്ഞ ശ്രദ്ധേയമായ കാര്യവും, ഇമാം നവവിയുടെ വാക്കുകളും ഇവിടെ കൂട്ടി വായിക്കുമ്പോൾ മിസ്ബാഹിയുടെ തെളിവുകൾ എത്ര പൊള്ളയാണ് എന്ന് നമുക്ക് മനസ്സിലാക്കാം..

ഇമാം നവവി അദ്ദേഹത്തിന്റെ ഷറഹുൽ മുഹദ്ദബിൽ എഴുതിയതായി കാണാം

«الصَّلَاةُ الْمَعْرُوفَةُ بصلاة الرغائب وهي ثنتى عَشْرَةَ رَكْعَةً تُصَلَّى بَيْنَ الْمَغْرِبِ وَالْعِشَاءِ لَيْلَةَ أَوَّلِ جُمُعَةٍ فِي رَجَبٍ وَصَلَاةُ لَيْلَةِ نِصْفِ شَعْبَانَ مِائَةُ رَكْعَةٍ وَهَاتَانِ الصَّلَاتَانِ بِدْعَتَانِ وَمُنْكَرَانِ قَبِيحَتَانِ وَلَا يُغْتَرُّ بِذَكَرِهِمَا فِي كِتَابِ قُوتِ الْقُلُوبِ وَإِحْيَاءِ عُلُومِ الدِّينِ وَلَا بِالْحَدِيثِ الْمَذْكُورِ فِيهِمَا فَإِنَّ كُلَّ ذَلِكَ بَاطِلٌ وَلَا يُغْتَرُّ بِبَعْضِ مَنْ اشْتَبَهَ عَلَيْهِ حُكْمُهُمَا مِنْ الْأَئِمَّةِ فَصَنَّفَ وَرَقَاتٍ فِي اسْتِحْبَابِهِمَا فَإِنَّهُ غَالِطٌ فِي ذَلِكَ وَقَدْ صَنَّفَ الشَّيْخُ الْإِمَامُ أَبُو مُحَمَّدٍ عبد الرحمن بن اسمعيل الْمَقْدِسِيُّ كِتَابًا نَفِيسًا فِي إبْطَالِهِمَا فَأَحْسَنَ فِيهِ وَأَجَادَ رَحِمَهُ اللَّهُ»«المجموع شرح المهذب» (4/ 56 ط المنيرية)

'റഗാഇബ് നിസ്കാരം എന്ന പേരിൽഅറിയപ്പെടുന്ന നിസ്കാരമാണ് പത്താമത്തേത്. റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ ഇശാ-മഗ്രിബിനിടയിൽ നിസ്കരിക്കുന്ന 12 റക് അത്താണിത്.ശഅ്ബാൻ പകുതിയുടെ രാവിൽ നിരിക്കുന്ന 100 റക്അത്ത് നിസ്കാരവും. ഈരണ്ട് നിസ്കാരങ്ങൾ ബിദ്അത്തും മോശമായ മുൻകറുമാണ്. ഖൂതുൽ ഖുലൂബ്എന്ന ഗ്രന്ഥത്തിലും ഇഹ്യാ ഉലൂമിദ്ദീനിലും അവയെ കുറിച്ച് പരാമർശിച്ചതു കണ്ട്ആരും വഞ്ചിതരാവരുത്. അവയെ കുറിച്ച്പരാമർശിക്കുന്ന ഹദീസു കണ്ടും ആരുംവഞ്ചിതരാവരുത്. കാരണം അതെല്ലാം ബാത്വിലാണ്. ചില ഇമാമുകൾക്ക് അവയുടെവിധി തിരിച്ചറിയാതെ വന്നതു കണ്ടും ആരും വഞ്ചിതരാകരുത്. അങ്ങനെ രണ്ടും സുന്നത്താണെന്ന് വരുത്താൻ അവർ ഏതാനും പേജുകൾ എഴുതി ഗ്രന്ഥം രചിച്ചു.ഈ വിഷയത്തിൽ അവർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു. ഈ രണ്ട് നിസ്കാരങ്ങളുംബാത്വിലാണെന്ന് സമർത്ഥിച്ച് ശൈഖ് അബുമുഹമ്മദ് അബ്ദുറഹ്മാനുബ്നു ഇസ്മാഈൽ അൽ മഖ്ദസി (റ) നല്ലൊരു രചനനടത്തിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിഷയം വളരെ നന്നായി കൈകാര്യംചെയ്തിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ് 4/56)

ഈ ഭാഗത്തിലെ വിശദീകരണം ദൈർഘ്യമേറി വായനക്കാർക്ക് പ്രായസമില്ലാതിരിക്കാൻ അദ്ദേഹവും മറ്റു സമസ്തക്കാരും ഉദരിച്ചിട്ടുള്ള ദുർബലമായതോ നബിയുടെ പേരിൽ കെട്ടിച്ചമച്ചതോ ആയ ഹദീസുകളെക്കുറിച്ച് ഹദീസ് പണ്ഡിതനമാരുടെ നിരൂപണം അടുത്ത ലേഖനത്തിൽ വിശദമായി മനസ്സിലാക്കാം . إن شاء الله-

الله أعلم وصلى الله عليه وعلى آله وصحبه وسلم

(തുടരും )

പങ്കിടുക: