നബിദിനാഘോഷം സുന്നത്തോ ?! അതോ ബിദ്അത്തോ ?
നബിദിനാഘോഷം ഇസ്ലാമികമല്ല.അത് ബിദ്അത്ത് ( പുത്തനചാരമാണ് ) കാരണം നബിﷺയോ സ്വഹാബത്തോ അത് പഠിപ്പിച്ചിട്ടില്ല. ഇതുസംബന്ധിച്ച് സലഫുകളിൽ നിന്നും യാതൊന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. ദീനുൽ ഇസ്ലാം പൂർത്തീകരിക്കപ്പെട്ടതാണ് അതിൽ യാതൊന്നും കൂട്ടിച്ചേർക്കാൻ പാടുള്ളതല്ല.അല്ലാഹു പറയുന്നു
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا}
"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. ദീനായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു." [അൽ മാഇദ: 3]
തനിക്ക് ഇഷ്ടമുള്ളത് കൂട്ടിച്ചേർത്തുകൊണ്ട് ദീനിൽ ഇല്ലാത്ത കാര്യങ്ങൾ പുതുതായി ഉണ്ടാക്കുന്ന ഏതൊരാൾക്കുമുള്ള ഏറ്റവും ശക്തമായ മറുപടിയാണ് ഈ പരിശുദ്ധ ആയത്തിൽ ഉള്ളത്.
{وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا}
അല്ലാഹു പറയുന്നു: "നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക."
ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നു കസീർ رحمه الله വിശദീകരിക്കുന്നു : 'അതായത്, പ്രവാചകൻ ﷺ നിങ്ങളോട് ഏത് കാര്യം കൽപ്പിച്ചുവോ അത് നിങ്ങൾ ചെയ്യുക; ഏതൊന്നിൽ നിന്ന് നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ മാറിനിൽക്കുക. കാരണം, അദ്ദേഹംﷺ നന്മ മാത്രമേ'കൽപ്പിക്കുകയുള്ളൂ, തിന്മയിൽ നിന്ന് മാത്രമേ വിരോധിക്കുകയുള്ളൂ."
ഇമാം ബഗവി رحمه الله പറഞ്ഞു: "നബി ﷺകൽപ്പിച്ചതും വിരോധിച്ചതുമായ എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളുന്ന പൊതുവായ വിധിയാണിത്."
പ്രവാചകൻﷺ തൻ്റെ ഉമ്മത്തിനോട് തൻ്റെ ജന്മദിനം ആഘോഷിക്കാൻ കൽപ്പിച്ചിട്ടില്ല. അവിടുന്ന് ബിദ്അത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും അവയിൽ നിന്ന് ജനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ, പ്രവാചകൻ്റെﷺ ജന്മദിനം ആചരിക്കുന്ന ഏതൊരാളും അല്ലാഹുവും അവൻ്റെ റസൂലുംﷺ കൽപ്പിക്കാത്ത ഒരു കാര്യം പ്രവർത്തിച്ചതിനാലും, അവിടുന്ന് വിലക്കിയ പുത്തൻ കാര്യങ്ങൾ പ്രവർത്തിച്ചതിനാലും മേൽ പരാമർശിച്ച ആയത്തിന് എതിരായി പ്രവർത്തിച്ചവനാണ്.
ഇമാം അഹ്മദ്, ബുഖാരി, മുസ്ലിം, അബൂദാവൂദ്, ഇബ്നു മാജ എന്നിവർ ആയിശയിൽ നിന്ന് നിവേദനം ചെയ്യുന്നു; അല്ലാഹുവിൻ്റെ റസൂൽ ﷺപറഞ്ഞു: "നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്ത എന്തെങ്കിലും ഒന്ന് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്." അഹ്മദ്, മുസ്ലിം എന്നിവരുടെ നിവേദനത്തിലും, ബുഖാരി തഅ്ലീഖായി ഉദ്ധരിച്ച റിപ്പോർട്ടിലും ഇപ്രകാരമാണുള്ളത്: റസൂൽ ﷺപറഞ്ഞു:"നമ്മുടെ കല്പനയില്ലാത്ത ഏതൊരു കർമ്മം ആരെങ്കിലും പ്രവർത്തിച്ചാലും അത് തള്ളപ്പെടേണ്ടതാണ്."
ഇമാം നവവി رحمه الله ശർഹു മുസ്ലിമിൽ പറഞ്ഞു: "അറബി ഭാഷാ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്, ഇവിടെ 'റദ്ദ്' എന്നാൽ 'മർദൂദ്' (മടക്കപ്പെടുന്നത്/തള്ളപ്പെടുന്നത്) എന്നാണ്. അതായത്, അത് ബാത്വിലും പരിഗണനീയമല്ലാത്തതുമാണ്. ഇസ്ലാമിലെ മഹത്തായ തത്ത്വങ്ങളിൽ ഒന്നാണ് ഈ ഹദീസ്. പ്രവാചകﷺൻ്റെ 'ജവാമിഉൽ കലിമിൽ' (ചുരുങ്ങിയ വാക്കുകളിൽ വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന വചനങ്ങൾ) പെട്ടതുമാണിത്. എല്ലാ ബിദ്അത്തുകളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിൽ ഇത് വ്യക്തമായ തെളിവാണ്."
ഇബ്നു ഹജർ അൽ അസ്ഖലാനി رحمه الله തൻ്റെ 'ഫത്ഹുൽ ബാരി'യിൽ പറഞ്ഞു: "ഈ ഹദീസ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽപെട്ടതും അതിന്റെ പ്രധാന തത്ത്വങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നതുമാണ്. കാരണം, ഇതിന്റെ അർത്ഥം: 'ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് തെളിവില്ലാത്ത എന്തെങ്കിലും ഒന്ന് ദീനിൽ ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് പരിഗണിക്കപ്പെടുകയേ ഇല്ല' എന്നാണ്.
ഇമാം നവവി رحمه الله പറഞ്ഞു: 'തിന്മകളെ-അനാചാരങ്ങളെ ഇല്ലാതാക്കുന്നതിനും, ഇതിനെക്കൊണ്ടുള്ള തെളിവ് പിടിക്കൽ വ്യാപകമാക്കുന്നതിനും വേണ്ടി മനഃപാഠമാക്കാനും ഉപയോഗിക്കാനും ശ്രദ്ധിക്കേണ്ട ഹദീസുകളിൽ ഒന്നാണിത്.'" فتح الباري لابن حجر» (5/ 302) )
ഇമാം ശാത്വിബി رحمه الله തൻ്റെ (الاعتصام) എന്ന ഗ്രന്ഥത്തിൽ, ഇബ്നു ഹബീബ് ഇബ്നുൽ മാജശൂനിൽ നിന്ന് നിവേദനം ചെയ്ത ഒരു നിരീക്ഷണം ഉദ്ധരിച്ചിട്ടുണ്ട്; അദ്ദേഹം പറഞ്ഞു: ഇമാം മാലിക് പറയുന്നത് ഞാൻ കേട്ടു:
'ഇസ്ലാമിൽ ആരെങ്കിലും നല്ലതെന്ന് കരുതിക്കൊണ്ട് ഒരു ബിദ്അത്ത് പുതുതായി ഉണ്ടാക്കിയാൽ, മുഹമ്മദ് നബിﷺ പ്രവാചകത്വം നിർവ്വഹിക്കുന്നതിൽ വഞ്ചന കാണിച്ചു എന്ന് അവൻ വാദിക്കലാണ് . കാരണം അല്ലാഹു പറയുന്നു: {ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തിയാക്കി തന്നിരിക്കുന്നു} [അൽ മാഇദ: 3]. അതിനാൽ, അന്ന് (പ്രവാചകൻ്റെ കാലത്ത്) ദീനിന്റെ ഭാഗമല്ലാതിരുന്നത് ഇന്നും ദീനല്ല .
എന്താണ് ബിദ്അത്ത്ലിങ്ക് കോപ്പി ചെയ്തു!
ബിദ്അത്ത് എന്നാൽ നബിﷺയും സ്വഹാബികളും നിർവ്വഹിച്ചിട്ടില്ലാത്തതും, ശർഇയ്യായ തെളിവുകളില്ലാത്തതുമായ പുതുതായി ഉണ്ടാക്കപ്പെട്ട കാര്യമാണ്.
((إياكم ومحدثات الأمور، فإن كل بدعة ضلالة، وكل ضلالة في النار)) رواه أبو داود (4607) وابن ماجه (42) وأحمد (4/ 126) (17184)
നബിﷺ പറഞ്ഞു :"ദീനിൽ പുതുതായി ഉണ്ടാക്കപ്പെടുന്നതെല്ലാം നീ സൂക്ഷിക്കുക . എല്ലാ ബിദ്അത്തും വഴികേടാണ്. എല്ലാ വഴികേടും നരകത്തിലാണ്."
«البِدعة بكسر الباء في الشرع هي إحداث ما لم يكن في عهد رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ» «تهذيب الأسماء واللغات» (3/ 22)
ഇമാം നവവി رحمه الله തൻ്റെ തഹ്ദീബുൽ അസ്മാഇ വൽ ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: "ശർഇൽ 'ബിദ്അത്ത്' എന്നാൽ നബിﷺയുടെ കാലത്ത് ഇല്ലാതിരുന്ന ഒന്നിനെ പുതുതായി ഉണ്ടാക്കലാണ്..."
ഇത്തരം ബിദ്അത്തുകളിൽപ്പെട്ടതാണ് ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഇർബിലിലെ സുൽത്താൻ പുതുതായി നിർമ്മിച്ച മീലാദുന്നബി (പ്രവാചകന്റെ ജന്മദിനാഘോഷം). സാധാരണക്കാരിൽ ഭൂരിഭാഗവും മദ്ഹബുകളിലെ ചില മുഖല്ലിദുകളും ഇതിനോട് യോജിക്കുകയുണ്ടായി. എങ്കിലും, ഈ മദ്ഹബിന്റെ പണ്ഡിതന്മാരും അനുയായികളായ മുഖല്ലിദുകൾ പോലും ഇതൊരു ബിദ്അത്താണ് എന്ന് സമ്മതിക്കുന്നുണ്ട്.
- ഇബ്നു ഹജർ അൽ അസ്ഖലാനിയോട് നബിദിനത്തെക്കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: 'മൗലിദിന്റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ട് വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ധരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്തി/തുഹ്ഫത്തുൽ മുഹ്താജ് ഫീ ശർഹിൽ മിൻഹാജ്,ഇബ്നു ഹജർ അൽ-ഹൈതമി )"
- മൗലിദ് കഴിച്ചിരുന്ന തഴവ തന്നെ എഴുതിയത് കാണുക:
'മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ
അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ
എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ
അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ'. (അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245)
നബിദിനാഘോഷമെന്ന പുത്തനാചാരം ആദ്യമായി ഉണ്ടാക്കിയത് പുത്തന്‍വാദികളും സ്വൂഫികളുമായ ഫാത്വിമിയാക്കളിലെ പ്രധാനി ഉമറുബ്നു മുഹമ്മദ് അല്‍മുല്ലയാണ്. അദ്ദേഹത്തെ പിന്‍പറ്റിയാണ് മുളഫ്ഫര്‍ രാജാവ് അടക്കമുള്ള ശേഷക്കാര്‍ ഇത് ചെയ്ത് പോന്നത്.
സമസ്തക്കാരുടെ മാസികകളിൽ പോലും വ്യക്തമായി എഴുതുന്നത് കാണുക :
- "അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്, ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നി വോയ്സ്, 2000 ജൂലൈ-16, പേജ്. 26)"
- "ജനങ്ങളെ സംഘടിപ്പിച്ച് റസൂലിന്റെ മദ്ഹുകൾ പറഞ്ഞും അന്ന പാനീയങ്ങൾ വിതരണം ചെയ്തുകൊണ്ടുമുള്ള മൗലിദാഘോഷം മൂന്നാം നൂറ്റാണ്ടിനു ശേഷം അർബലിലെ അബൂ സഈദ് എന്ന പേരിൽ അറിയപ്പെടുന്ന മുളഫ്ഫർ രാജാവാണ് തുടങ്ങി വെച്ചത്. (മൗലിദും മീലാദാഘോഷവും, പേജ്. 13 ഹസൻ ബാഖവി മട്ടന്നൂർ)"
ചുരുക്കത്തിൽ 'മൗലിദാഘോഷം ബിദ്അത്താണെന്നു അത് ആഘോഷിക്കുന്നവർ പോലും സമ്മതിക്കുന്നുണ്ട്.
പ്രവാചകൻ്റെ ﷺകാലം മുതൽ ഹിജ്റ ആറാം നൂറ്റാണ്ടിൻ്റെ അവസാനം വരെയുള്ള ഉമ്മത്തിലെ മുൻഗാമികളും , പ്രമുഖ ഇമാമുകളും, മുസ്ലിം സമൂഹവും ഏത് നിലപാടിലാണോ ഉണ്ടായിരുന്നത് എന്നത് വളരെ വ്യക്തമാണ്. കാരണം, അവർ മീലാദ് ആഘോഷിക്കുകയോ അതിനെ ഒരു ഈദ് ആയി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. മറ്റു രാപ്പകലുകളിൽ നിന്ന് വ്യത്യസ്തമായി മൗലിദിൻ്റെ രാവിനെയോ പകലെയോ പ്രത്യേകമായ ഏതെങ്കിലും അമലുകൾ കൊണ്ട് അവർ വേർതിരിച്ചിട്ടുമില്ല.
ഇനി മൗലിദാഘോഷം ഒരു നന്മയായിരുന്നെങ്കിൽ, സ്വഹാബികൾ അത് ചെയ്യുന്നതിൽ എല്ലാവരെക്കാളും മുൻകടക്കുമായിരുന്നു. കാരണം, തങ്ങൾക്ക് ശേഷം വന്നവരേക്കാൾ നന്മകളിലേക്ക് വേഗത്തിൽ മുന്നേറുന്നവരും അതിൽ ഏറ്റവും താല്പര്യമുള്ളവരുമായിരുന്നു അവർ.
