നോമ്പ് 24 -റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖദാഅ്‌ വീട്ടൽ

Mohammed Shafeeque Madeena
February 5, 2026
206 കാഴ്ചകൾ
നോമ്പ്  24 -റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖദാഅ്‌ വീട്ടൽ

مسائل تتعلق بقضاء رمضانലിങ്ക് കോപ്പി ചെയ്തു!

റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ ഖദാഅ്‌ വീട്ടൽലിങ്ക് കോപ്പി ചെയ്തു!

റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ ശവ്വാൽ ഒന്ന്‌ കഴിഞ്ഞ ഉടനെ ഖദാഅ്‌ വീട്ടലാണ്‌ ഉത്തമം. എന്നാൽ ഒരാൾക്ക്‌ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ അടുത്ത റമദാനിനു മുമ്പേ അത്‌ നോറ്റു വീട്ടാവുന്നതാണ്‌. എത്രയും പെട്ടെന്ന്‌ നിറവേറ്റലാണ്‌ ഉത്തമം. കാരണം ;

ഒന്ന്‌ : അവന്റെ ബാധ്യതയിൽ നിന്നവൻ മുക്തനാകും. 

രണ്ട്‌ : ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നോമ്പ്‌ എത്രയും പെട്ടെന്ന്‌ ഖദാഅ്‌ വീട്ടലാണ്‌ സൂക്ഷ്‌മവും സുരക്ഷിതവും .കാരണം ; ഭാവിയിൽ ആരോഗ്യപരമായ അവന്റെ അവസ്‌ഥയെക്കുറിച്ച്‌ അവൻ അറിയില്ല.അനാരോഗ്യം അവന്ന്‌ പിടിപെട്ടാൽ അല്ലാഹുവിനുള്ള ഒരു കടമായി അത്‌ ബാക്കിയാവുകയും ചെയ്യും.

നിർബന്ധ നോമ്പുകൾ ഖദാഅ്‌ വീട്ടുന്നതിനെ നാലായി തരം തിരിക്കാം

1. ഒന്ന്‌ : ഖദാഅ്‌ വീട്ടലോ, ഭക്ഷിപ്പിക്കലോ നിർബന്ധമില്ല.

ഒരാൾ ഇസ്‌ലാം മതം സ്വീകരിച്ചാൽ കാഫിർ ആയിരുന്നകാലത്തുള്ള നോമ്പുകൾ ഖദാഅ്‌ വീട്ടുകയോ, പാവങ്ങളെ ഭക്ഷിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

2. രണ്ട്‌ : ഖദാഅ്‌ വീട്ടേണ്ടതില്ല. മറിച്ച്‌ പാവങ്ങൾക്ക്‌ ഭക്ഷണം നൽകിയാൽ മാത്രം മതി .

1) വയോവൃദ്ധർ

2) രോഗശമനം പ്രതീക്ഷയില്ലാത്ത മാറാരോഗികൾ

ഇവർ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രർക്കുള്ള ഭക്ഷണം നൽകിയാൽ മതിയാകുന്നതാണ്‌  

3. മൂന്ന്‌ : പാവപ്പെട്ടവർക്ക്‌ ഭക്ഷണം നൽേകണ്ടതില്ല എന്നാൽ ഖദാഅ്‌ വീട്ടൽ നിർബന്ധമാണ്‌ .

റമദാനിൽ നോമ്പ്‌ ഒഴിവാക്കുന്നതിന്‌ ഇളവ്‌ നൽകപ്പെട്ടവരായ 

1) യാത്രക്കാർ 

2)രോഗശമനം പ്രതീക്ഷയുള്ള രോഗികൾ 

3) ഗർഭിണികൾ 

4)മുലയൂട്ടുന്നവർ 

ഇവർ നോമ്പ്‌ പിന്നീട്‌ ഖദാഅ്‌ വീട്ടിയാൽ മതി (فدية ) ഭക്ഷണം കൊടുക്കേണ്ടതില്ല.

4. നാല്‌: ഖദാഅ്‌ വീട്ടുകയും. പാവങ്ങൾക്ക്‌ ഭക്ഷണം നൽകേണ്ടതുമാണ്‌  

റമദാനിലെ നോമ്പ്‌ നഷ്ടപ്പെട്ടവർ പ്രത്യേകിച്ച്‌ കാരണമില്ലാതെ,അലംഭാവം കാരണത്താൽ  അടുത്ത റമദാൻ വരെയും നോറ്റ്‌ വീട്ടിയിട്ടില്ലെങ്കിൽ : ഖദാഅ്‌ വീട്ടുന്നതോടൊപ്പം പാവങ്ങൾക്ക്‌ ഭക്ഷണവും നൽകേണ്ടതാണ്‌

ഒരാൾ റമദാനിലെ നോമ്പ്‌ അടുത്ത റമദാൻ വരെയും  ഖദാഅ്‌ വീട്ടിയിട്ടില്ലെങ്കിലുള്ള വിധി?

1. പ്രത്യേകിച്ച്‌ കാരണമില്ലാതെ അലംഭാവം കാരണത്താലാണെങ്കിൽ:

അടുത്ത റമദാൻ എത്തിയിട്ടും നോമ്പ്‌ ഖദാഅ്‌ വീട്ടിയില്ലെങ്കിൽ : ഖദാഅ്‌ വീട്ടുന്നതോടൊപ്പം നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി ഓരോ പാവപ്പെട്ടവനെ ഭക്ഷിപ്പിക്കേണ്ടതാണ്‌.

ഇബ്‌നു അബ്ബാസ്‌, അബൂഹുറൈറ رضي الله عنهما എന്നീ സ്വഹാബാക്കൾ ഇപ്രകാരം ഫത്‌വ നൽകിയതായി. ഇമാം ദാറു ഖുത്തനി, ബൈഹഖി رحمهما الله  എന്നീ പണ്‌ഡിതന്മാർ സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്‌. 

ഇബ്‌നു ബാസ്‌ رحمه الله,സുലൈമാൻ റുഹൈലീ, അബ്ദുൽ അസീസ്‌ അറയീസ്‌... حفظهما الله തുടങ്ങിയ പണ്‌ഡിതരും ഇപ്രകാരം അഭിപ്രായപ്പെട്ടിരിക്കുന്നു.

  • എപ്പോഴായാലും ഖദാഅ്‌ വീട്ടിയാൽ മാത്രം മതി ഭക്ഷിപ്പിക്കേണ്ടതില്ല എന്നതാണ്‌ ഇബ്‌നു ഹസം, ശൗകാനി, ഇബ്‌നു ഉസൈമീൻ رحمهم الله തുടങ്ങിയ പണ്‌ഡിതന്മാരുടെ അഭിപ്രായം.

2. എന്നാൽ പ്രത്യേകിച്ച്‌ എന്തെങ്കിലും കാരണത്താലാണെങ്കിൽ അവർ ഖദാഅ്‌ വീട്ടിയാൽ മാത്രം മതി, ഭക്ഷിപ്പിക്കേണ്ടതില്ല.

 ഉദാഹരണത്തിന്‌ യാത്ര കാരണം റമദാനിലെ നോമ്പ്‌ ഒഴിവാക്കുകയും പിന്നീട്‌ രോഗമോ മറ്റോ കാരണത്താൽ  അടുത്ത റമദാനിനു മുന്നേയായി നോറ്റു വീട്ടാൻ സാധിച്ചില്ലെങ്കിൽ അവൻ ഖദാഅ്‌ വീട്ടിയാൽ മാത്രം മതി . ഭക്ഷിപ്പിക്കേണ്ടതില്ല.

റമദാൻ നോമ്പ്‌ ഖദാഅ്‌ വീട്ടുന്നതിന്‌ മുൻപേ സുന്നത്ത്‌ നോമ്പ്‌ നോൽക്കാമോ?

ഫർളായ ; നേർച്ചയുടെയും, കഫാറത്തിന്റെയും നോമ്പുകൾ നോൽക്കാം എന്നതിൽ അഭിപ്രായ വ്യത്യാസമില്ല.

എന്നാൽ സുന്നത്തായ നോമ്പുകൾ നോൽക്കുന്നതിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഏറ്റവും ശരിയായ അഭിപ്രായം റമദാൻ നോമ്പ്‌ ഖദാഅ്‌ വീട്ടുന്നതിന്‌ മുൻപേ സുന്നത്ത്‌ നോമ്പ്‌ നോൽക്കാം എന്നതാണ്‌. 

عَنْ أَبِي سَلَمَةَ، قَالَ: سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا، تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»

  صحيح مسلم 1146/ صحيح البخاري 1950 

അബൂ സലമഃ رضي الله عنه നിവേദനം : ആഇശ رضي الله عنها പറയുന്നതായി ഞാൻ കേട്ടു: “ എനിക്ക്‌ റമദാനിൽ നിന്നുള്ള നോമ്പ്‌ നോറ്റു വീട്ടാൻ ഉണ്ടാകുമായിരുന്നു പക്ഷേ ശഅ്‌ബാനിൽ അല്ലാതെ എനിക്കത്‌ നോറ്റ്‌ വീട്ടാൻ സാധിക്കുമായിരുന്നില്ല".

എന്നാൽ ശവ്വാലിലെ ആറു നോമ്പ്‌ ഖദാഅ്‌ ആയ ഫർള്‌ നോമ്പ്‌ നോറ്റുവീട്ടിയതിന് ശേഷമാണ് നോൽക്കേണ്ടത് . 

(ശവ്വാലിലെ ആറു നോമ്പുമായി ബന്ധപ്പെട്ട വിശദീകരണം ‘സുന്നത്ത്‌ നോമ്പുകൾ‘ എന്ന അധ്യായത്തിൽ വിവരിച്ചിട്ടുണ്ട്‌. )

നോമ്പ്‌ ഖദാഅ്‌ വീട്ടാൻ ഉണ്ടായിരിക്കെ ഒരാൾ മരണപ്പെട്ടാൽ , ഉറ്റബന്ധുക്കൾ മരണപ്പെട്ടവരുടെ നോമ്പ്‌ നോറ്റു വീട്ടേണ്ടതുണ്ടോ?

പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌

1. റമദാൻ മാസത്തിലെ നോമ്പാണെങ്കിലും ഫർളായ നേർച്ച പോലെയുള്ള നോമ്പാണെങ്കിലും ശരി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്‌ ഖദാഅ്‌ വീട്ടൽ ( വാജിബല്ല )സുന്നത്താണെന്ന്‌ അഭിപ്രായം.

ഇമാം ശാഫിഈ(രണ്ട്‌ അഭിപ്രായത്തിൽ ഒന്ന്‌),ഇബ്‌നു ഹസം, ഇബ്‌നു ഹജർ, സന്‌ആനി, رحمهم الله തുടങ്ങിയ പൗരാണികപണ്‌ഡിതരും ഇബ്‌നു ഉസൈമീൻ , സുലൈമാൻ റൂഹയ്ലീ തുടങ്ങിയ ആധുനിക പണ്‌ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്‌.

2. റമദാൻ മാസത്തിലെ ഖദാഅ്‌ ആയ നോമ്പാണെങ്കിൽ വാജിബോ, സുന്നത്തോ അല്ല, എന്നാൽ നേർച്ചയുടെ നോമ്പാണെങ്കിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്‌ നോറ്റുവീട്ടൽ സുന്നത്താണ്‌.

ഇമാം അഹ്മദ്‌,ഇമാം ലെയ്‌സ്‌, ഇസ്‌ഹാക്ക്‌ رحمهم الله, തുടങ്ങിയ പൗരാണികപണ്‌ഡിതരും, ചില ആധുനിക പണ്‌ഡിതരും അഭിപ്രായപ്പെട്ടത്‌ ഇപ്രകാരമാണ്‌.

   മേൽപ്പറഞ്ഞ അഭിപ്രായവ്യത്യാസം ഖദാഅ്‌ വീട്ടാൻ സൗകര്യമുണ്ടായിട്ടും നിറവേറ്റാതെ മരണപ്പെട്ടവരുടെ  വിഷയത്തിലാണ്‌. എന്നാൽ ഖദാഅ്‌ വീട്ടാൻ സാധിക്കാതെ വന്നത്‌ രോഗമോ മറ്റോ കാരണത്താലാണെങ്കിൽ. മരണപ്പെട്ടവരുടെ നോമ്പ്‌ നോറ്റ്‌ വീട്ടേണ്ടതില്ല .

   രോഗശമനം പ്രതീക്ഷയില്ലാത്ത രോഗികൾ മരണപ്പെട്ടാൽ അവരുടെ ജീവിതകാലത്ത്‌ പാവങ്ങളെ ഭക്ഷിപ്പിച്ചില്ലെങ്കിൽ മരണശേഷം ഉറ്റ ബന്ധുക്കൾ നോമ്പിന്റെ എണ്ണത്തിനനുസരിച്ച്‌ പാവങ്ങൾക്കുള്ള ഭക്ഷണം നൽകേണ്ടതാണ്‌ . ( വാജിബല്ല ) സുന്നത്താണ്‌.

മരണപ്പെട്ടവർ സ്വത്തുക്കൾ വിട്ടേച്ചു പോയിട്ടുണ്ടെങ്കിൽ മരണാനന്തര സ്വത്ത്‌ ഓഹരി വെക്കുന്നതിനു മുമ്പേ അതിൽ നിന്ന്‌ നൽകേണ്ടതാണ്‌.

മാതാപിതാക്കൾ സ്വത്തൊന്നും വിട്ടേച്ച്‌ പോയിട്ടില്ലെങ്കിൽ അവരോടുള്ള നന്മ ചെയ്യുന്നതിന്റെ ഭാഗമായി മക്കൾ നൽകുകയാണ്‌ വേണ്ടത്‌.

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: