നോമ്പ് 26 -റമദാനിലെ അവസാനത്തെ പത്തും ലൈലത്തുൽ ഖദ്‌റും

Mohammed Shafeeque Madeena
March 7, 2026
230 കാഴ്ചകൾ
നോമ്പ്  26 -റമദാനിലെ അവസാനത്തെ പത്തും ലൈലത്തുൽ ഖദ്‌റും

റമദാനിലെ അവസാനത്തെ പത്തും ലൈലത്തുൽ ഖദ്‌റുംലിങ്ക് കോപ്പി ചെയ്തു!

بسم الله الرحمن الرحيم

മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന് അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണ് പുണ്യകാലങ്ങൾ നിശ്ചയിച്ചു നൽകി എന്നത്. കുറഞ്ഞ കർമ്മങ്ങളിലൂടെ വലിയ പ്രതിഫലങ്ങൾ നേടാനും, ഉന്നതമായ പദവികളിലേക്ക് ഉയരാനും ഇത് വിശ്വാസികളെ സഹായിക്കുന്നു. ആരാധനകളിൽ ഉന്മേഷവും താല്പര്യവും പുതുക്കുക എന്നത് ഇത്തരം പുണ്യകാലങ്ങളുടെ ഒരു ലക്ഷ്യമാണ്.

​അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ വർഷിക്കുന്ന അത്തരമൊരു സമയമാണ് റമദാനിലെ അവസാന പത്തു ദിനങ്ങൾ. ഈ പത്തു ദിനങ്ങൾക്ക് സമാനതകളില്ലാത്ത മഹത്വങ്ങളുണ്ട്:

ഇഅ്‌തികാഫ്‌, ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ചുള്ള രാത്രികൾ, രാത്രികളിൽ ഇബാദത്തുകൾ വർദ്ധിപ്പിക്കൽ തുടങ്ങിയ കർമ്മങ്ങൾ സംഗമിക്കുന്നതിനാൽ റമദാനിലെ അവസാനത്തെ പത്തിലെ ദിനരാത്രങ്ങൾ അതിനു മുൻപുള്ള ദിനരാത്രങ്ങളെക്കാൾ കൂടുതൽ ശ്രേഷ്‌ഠകരമാണ്.

1. അവസാനത്തെ പത്തിൽ 
കൂടുതൽ പരിശ്രമിക്കൽ

عَنْ ‌عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: « كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ، أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ وَشَدَّ الْمِئْزَرَ »

 أخرجه البخاري 2024 ، ومسلم 1164 

 ആഇശ رضي الله عنها നിവേദനം . അവർ പറഞ്ഞു : ‘അവസാനത്തെ പത്ത്‌ ആഗതമായാൽ നബി ﷺ റമദാനിലെ   രാത്രിയെ ഇബാദത്തുകൾ കൊണ്ട്‌ സജീവമാക്കുകയും  കുടുംബത്തെ വിളിച്ചുണർത്തുകയും കൂടുതൽ പരിശ്രമിക്കുകയും അതിനായി തയ്യാറെടുക്കുകയും ചെയ്‌തിരുന്നു.’ (ബുഖാരി, മുസ്‌ലിം)

قَالَتْ ‌عَائِشَةُ رَضِيَ اللهُ عَنْهَا « كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَجْتَهِدُ فِي الْعَشْرِ الْأَوَاخِرِ، مَا لَا يَجْتَهِدُ فِي غَيْرِهِ أخرجه مسلم 1175 و الترمذي 796  

ആഇശ رضي الله عنها പറഞ്ഞു:‘നബി ﷺറമദാനിലെ അവസാനത്തെ പത്തിൽ മറ്റു ദിവസങ്ങളിൽ ചെയ്യാത്ത വിധത്തിൽ ഇബാദത്തുകളിൽ കഠിന പരിശ്രമം ചെയ്യാറുണ്ടായിരുന്നു’. (മുസ്‌ലിം)

2.രാത്രികളെ ഇബാദത്തുകൾ 
കൊണ്ട് സജീവമാക്കൽ

​ആയിഷ (റ) പറയുന്നു: "അവസാന പത്ത് പ്രവേശിച്ചാൽ നബി ﷺ തന്റെ തുണി മുറുക്കിയുടുക്കുകയും (ആരാധനയ്ക്കായി തയ്യാറെടുക്കുക), രാത്രി ഉണർന്നിരിക്കുകയും, തന്റെ കുടുംബത്തെ വിളിച്ചുണർത്തുകയും ചെയ്യുമായിരുന്നു." (ബുഖാരി, മുസ്ലിം).

ഖുർആൻ പാരായണം കൊണ്ടും നിസ്കാരം കൊണ്ടും ഈ രാത്രികളെ നാം ധന്യമാക്കേണ്ടതുണ്ട്.

3.ഇഅ്തികാഫ് (ഭജനമിരിക്കൽ)

​നബി ﷺ റമദാനിലെ അവസാന പത്തു ദിവസങ്ങളിൽ പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ബാഹ്യമായി പള്ളിയിൽ കഴിഞ്ഞുകൂടുക എന്നതാണെങ്കിലും, ഇതിന്റെ യഥാർത്ഥ പൊരുൾ ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് തിരിയുക എന്നതാണ്. ജനങ്ങളുമായുള്ള ബന്ധം താൽക്കാലികമായി വേർപെടുത്തി സ്രഷ്ടാവിലേക്ക് അടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.(കൂടുതൽ പഠിക്കാൻ ഇഅ്തികാഫിന്റെ വിധിവിലക്കുകൾ വിവരിക്കുന്ന അദ്ധ്യായം വായിക്കുക )

4. ലൈലത്തുൽ ഖദ്‌ർ

 അല്ലാഹു പറഞ്ഞു:

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ ١ وَمَآ أَدۡرَىٰكَ مَا لَيۡلَةُ ٱلۡقَدۡرِ ٢ لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡرٖ ٣ تَنَزَّلُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرٖ ٤ سَلَٰمٌ هِيَ حَتَّىٰ مَطۡلَعِ ٱلۡفَجۡر ٥[القدر: 1-5] 

“തീർച്ചയായും നാം അതിനെ (ഖുർആനിനെ) ഖദ്‌റിന്റെ രാവിൽ അവതരിപ്പിച്ചിരിക്കുന്നു.‘ഖദ്‌റിന്റെ രാവ്‌ " എന്താണെന്ന്‌ നിനക്കറിയാമോ? ഖദ്‌റിൻറെ രാവ്‌ ആയിരം മാസത്തേക്കാൾ പുണ്യകരമാണ്‌. മലക്കുകളും റൂഹും അവരുടെ റബ്ബിന്റെ  എല്ലാ കാര്യത്തെസംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ ആ രാത്രി സമാധാനപരമത്രെ.”

ലൈലത്തുൽ ഖദ്‌ർ എന്ന പേര്‌ വിളിക്കപ്പെടാനുള്ള കാരണമായി പണ്‌ഡിതർ ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നു. അവ ചുരുക്കത്തിൽ 

1. അല്ലാഹുവിന്റെ അടുക്കൽ ആ (ഖദ്‌റിന്റെ) രാത്രിയുടെ സ്‌ഥാനം അങ്ങേയറ്റം ശ്രേഷ്‌ഠതയുള്ളതിനാലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന പേര്‌ വിളിക്കപ്പെട്ടത്‌.

2. ഒരുവന്‌ ആ വർഷം മുതൽ തുടർന്നുള്ള ഒരു വർഷത്തേക്ക്‌ അല്ലാഹു കണക്കാക്കിയിട്ടുള്ള അവൻറെ ആയുസ്സ്‌ ,ഉപജീവനം തുടങ്ങിയവ മലക്കുകൾ ആ  (ഖദ്‌റിന്റെ) രാത്രിയിൽ രേഖപ്പെടുത്തുന്നതിനാലാണ്‌ ലൈലത്തുൽ ഖദ്‌ർ എന്ന പേര്‌ വിളിക്കപ്പെട്ടത്‌.

3. ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയിലെ രാത്രി നമസ്‌കാരത്തിന്‌ മഹത്തായ സ്‌ഥാനമുള്ളതിനാലാണ്‌ ഈ പേര്‌ വിളിക്കപ്പെട്ടത്‌ എന്നും അഭിപ്രായമുണ്ട്‌. 

പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

റമളാനിലെ ഇരുപത്തിയേഴാം ‘രാവി’ലൊ അല്ലെങ്കിൽ ലൈലത്തുൽ ഖദ്‌ർ പ്രതീക്ഷിച്ചുള്ള അവസാന രാവുകളിലൊ പ്രത്യേകമായ ഉംറ സുന്നത്താണെന്ന്‌ തെറ്റിധരിച്ച ആളുകളുണ്ട്‌,എന്നാൽ പണ്‌ഡിതന്മാർ  അത്തരം ചെയ്‌തികൾ ബിദ്‌അത്താണെന്ന്‌ രേഖപ്പെടുത്തിയതായി കാണാം.

അതിനേക്കാൾ ആശ്ചര്യമുള്ള കാര്യമാണ്‌ റമദാനിൽ പള്ളിയിൽ ഇഅ്‌തികാഫ്‌ ഇരിക്കണം എന്ന്‌ പഠിപ്പിക്കപ്പെട്ട മതത്തിൻറെ അനുയായികൾ, അന്നേ ദിവസങ്ങളിൽ പള്ളിയുടെ പുറത്ത്‌(പാടത്തും,പറമ്പത്തുമായി) സ്വലാത്ത്‌ നഗറും മറ്റും സംഘടിപ്പിക്കുന്നു എന്നത്‌. ഇത് കടുത്ത ബിദ്അത്താകുന്നു.

നബി ﷺ എന്തൊന്ന്‌ പഠിപ്പിച്ചുവോ അതിനു നേരെ വിപരീതമായ ചെയ്‌തികൾ(ബിദ്അത്തുകൾ ) ഇന്ന്‌ മുസ്‌ലിമീങ്ങളിൽ ചിലരിൽ കണ്ടുവരുന്നു. നബിﷺപഠിപ്പിച്ചതിന്‌ നേരെ വിപരീതം ചെയ്യുന്നവരെ എങ്ങനെ പ്രവാചക സ്‌നേഹികൾ എന്ന്‌ വിളിക്കും?!.

ലൈലത്തുൽ ഖദ്‌ർ ഏത്‌ രാത്രിയിലാണ്‌ ?

ലൈലത്തുൽ ഖദ്‌ർ നിർണിതമായി ഇന്ന ദിവസമാണെന്ന്‌ നബി ﷺ പഠിപ്പിച്ചിട്ടില്ല. റമദാനിലെ അവസാനത്തെ പത്തിലാണ്‌ അതിനെ പ്രതീക്ഷിക്കേണ്ടത്‌.

عَنْ ‌عَائِشَةَ رضي الله عنها قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُجَاوِرُ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ، وَيَقُولُ: تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ.

 أخرجه البخاري 2020 ، ومسلم 1169  

ആഇശ رضي الله عنها നിവേദനം റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്‌തികാഫ്‌ ഇരുന്നുകൊണ്ട്‌ നബി ﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു “റമദാനിലെ അവസാന പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുക.” (ബുഖാരി, മുസ്‌ലിം)

ലൈലത്തുൽ ഖദ്‌ർ ഏത്‌ രാത്രിയിലൊണന്നകാര്യം അറിയിക്കാൻ വന്ന വേളയിൽ രണ്ടാളുകൾ വഴക്കിലേർപ്പെട്ടതിനാൽ അത്‌ സംബന്ധമായ അറിവ്‌ നബിയിൽ ﷺ നിന്നും ഉയർത്തപ്പെട്ട കാര്യം ഹദീസുകളിൽ നിന്നും അറിയപ്പെട്ടതാണ്‌.

عَنْ ‌أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ قَالَ: اعْتَكَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْعَشْرَ الْأَوْسَطَ مِنْ رَمَضَانَ يَلْتَمِسُ لَيْلَةَ الْقَدْرِ قَبْلَ أَنْ تُبَانَ لَهُ، فَلَمَّا انْقَضَيْنَ أَمَرَ بِالْبِنَاءِ فَقُوِّضَ، ثُمَّ أُبِينَتْ لَهُ أَنَّهَا فِي الْعَشْرِ الْأَوَاخِرِ، فَأَمَرَ بِالْبِنَاءِ فَأُعِيدَ، ثُمَّ خَرَجَ عَلَى النَّاسِ فَقَالَ: يَا أَيُّهَا النَّاسُ إِنَّهَا كَانَتْ أُبِينَتْ لِي لَيْلَةُ الْقَدْرِ، وَإِنِّي خَرَجْتُ لِأُخْبِرَكُمْ بِهَا، فَجَاءَ رَجُلَانِ يَحْتَقَّانِ مَعَهُمَا الشَّيْطَانُ، فَنُسِّيتُهَا، فَالْتَمِسُوهَا فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ....أخرجه البخاري 2016 ، ومسلم1167  

അബൂസഈദിൽ ഖുദ്‌രി رضي الله عنه നിവേദനം: ലൈലത്തുൽ ഖദ്‌റിനെക്കുറിച്ച്‌ വ്യക്തമാക്കപ്പെടുന്നതിനു മുമ്പ്‌ അത്‌ പ്രതീക്ഷിച്ച് ഒരു റമദാൻ മാസത്തിലെ നടുവിലെ പത്തിൽ നബി ﷺ ഇഅ്‌തികാഫ്‌ ഇരുന്നു.നടുവിലെ പത്ത്‌ അവസാനിച്ചപ്പോൾ അദ്ദേഹത്തിന്റെ ﷺ കൽപ്പനയനുസരിച്ച്‌ തമ്പുകൾ പൊളിച്ചു മാറ്റപ്പെട്ടു.പിന്നീട്‌ അത്‌ അവസാനത്തെ പത്തിലാണെന്ന്‌ അദ്ദേഹത്തിനു ﷺ വ്യക്തമാക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ ﷺ കൽപ്പനയനുസരിച്ച്‌ തമ്പുകൾ പുനർനിർമ്മിക്കപ്പെട്ടു.ശേഷം അവിടുന്ന്‌ ﷺ ജനങ്ങളുടെ അടുക്കൽ വന്നുകൊണ്ട്‌ പറഞ്ഞു: “ജനങ്ങളേ, ലൈലതുൽ ഖദ്‌ർ എന്നാണെന്നു എനിക്കു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതുനിങ്ങളെ അറിയിക്കാനാണ്‌ ഞാനിപ്പോൾ പുറത്തു വന്നത്‌. അന്നേരം തർക്കിക്കുന്ന രണ്ടു മനുഷ്യർ വന്നു;  അവരുടെ കൂടെ പിശാചുമുണ്ടായിരുന്നു. തന്നിമിത്തം  അത്‌ എന്നിൽ നിന്ന്‌ മറപ്പിക്കപ്പെട്ടു (ഞാനത്‌ മറന്നു പോയി). അതിനാൽ റമദാനിലെ അവസാനത്തെ പത്തിൽ നിങ്ങളത്‌ പ്രതീക്ഷിക്കുക."(ബുഖാരി,മുസ്‌ലിം)

റമദാനിലെ അവസാന പത്തിലെ ഒറ്റരാത്രികളിലാണ്‌ (ഇരുപത്തിയൊന്ന്‌,ഇരുപത്തിമൂന്ന്‌,   ഇരുപത്തിയഞ്ച്‌, ഇരുപത്തിയേഴ്‌, ഇരുപത്തിയൊൻപത്‌ രാത്രികളിലാണ്‌) കൂടുതൽ സാധ്യത.

عَنْ ‌أَبِي سَلَمَةَ قَالَ: « تَذَاكَرْنَا لَيْلَةَ الْقَدْرِ، فَأَتَيْتُ ‌أَبَا سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ وَكَانَ لِي صَدِيقًا، فَقُلْتُ: أَلَا تَخْرُجُ بِنَا إِلَى النَّخْلِ، فَخَرَجَ وَعَلَيْهِ خَمِيصَةٌ، فَقُلْتُ: لَهُ سَمِعْتَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ لَيْلَةَ الْقَدْرِ؟ فَقَالَ: نَعَمِ، اعْتَكَفْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْعَشْرَ الْوُسْطَى مِنْ رَمَضَانَ، فَخَرَجْنَا صَبِيحَةَ عِشْرِينَ، فَخَطَبَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: إِنِّي أُرِيتُ لَيْلَةَ الْقَدْرِ وَإِنِّي نُسِّيتُهَا - أَوْ أُنْسِيتُهَا - فَالْتَمِسُوهَا فِي الْعَشْرِ الْأَوَاخِرِ مِنْ كُلِّ وِتْرٍ، .» أخرجه البخاري 669 ، ومسلم1167  

അബൂസലമ رضي الله عنها നിവേദനം: ലൈലതുൽ ഖദ്‌റിനെപ്പറ്റി ഞങ്ങളൊരിക്കൽ സംസാരിച്ചു. അനന്തരം ഞാൻ അബൂസഈദിൽ ഖുദ്‌രി رضي الله عنه യുടെ അടുക്കൽ ചെന്നു. അദ്ദേഹം എന്റെയൊരു സുഹൃത്തായിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോട്‌ ചോദിച്ചു: “നമുക്ക്‌ ആ ഈത്തപ്പനത്തോട്ടത്തിലേക്ക്‌ പോയിക്കൂടെ?' ഉടനെ അദ്ദേഹം പുറപ്പെട്ടു; അദ്ദേഹം കറുത്ത വരയുള്ള വസ്‌ത്രമാണ്‌ ധരിച്ചിരുന്നത്‌. അപ്പോൾ അദ്ദേഹത്തോടു ഞാൻ ചോദിച്ചു: "നബി ﷺ ലൈലത്തുൽ ഖദ്‌റിനെപ്പറ്റി പറയുന്നത്‌ താങ്കൾ കേട്ടിട്ടുണ്ടോ?' അദ്ദേഹം പറഞ്ഞു: അതെ, ഞങ്ങൾ നബി ﷺ യോടൊപ്പം ഒരു റമദാനിലെ നടുവിലെ പത്തിൽ ഇഅ്‌തികാഫ്‌ ഇരുന്നു. എന്നിട്ട്‌ ഇരുപത്തിയൊന്നിന്‌ പ്രഭാതത്തിൽ ഞങ്ങൾ പുറത്തിറങ്ങി. അന്നേരം നബി ﷺ ഞങ്ങളോട്‌  പ്രസംഗിച്ചു. അതിൽ അവിടുന്ന്‌ ﷺപറഞ്ഞു: 'നിശ്ചയമായും ലൈലത്തുൽഖദ്‌ർ (എന്നാണെന്ന്‌) എനിക്ക്‌ സ്വപ്‌നത്തിൽ കാണിക്കപ്പെട്ടിരിക്കുന്നു. ഞാനത്‌ മറന്നുപോവുകയും അല്ലെങ്കിൽ മറപ്പിക്കപ്പെടുകയും ചെയ്‌തു. അതിനാൽ അവസാനത്തെ പത്തിലെ എല്ലാ ഒറ്റ രാവുകളിലും നിങ്ങളത്‌  പ്രതീക്ഷിക്കുക.(അതിനെ ഉത്സാഹത്തോടെ തേടുകയും ഇബാദത്തുകൾ കൊണ്ട്‌ സജീവമാക്കുകയും ചെയ്യുക.)….  (ബുഖാരി, മുസ്‌ലിം)

ലൈലത്തുൽ ഖദ്‌റിന്റെ പ്രത്യേകതകൾ 

അബ്ദുല്ല ഇബ്‌നു ബസ്സാം ( ഇമാം സഅദിയുടെ ശിഷ്യൻ) رحمهما الله പറയുന്നു:‘ലൈലത്തുൽ ഖദ്‌ർ അല്ലാഹുവിൻറെ അടുക്കൽ പവിത്രമാക്കപ്പെട്ട രാത്രിയാണ്‌. അതിനു ധാരാളം പ്രത്യേകതകളുണ്ട്‌ അതിൽ ചിലത്‌ ഇവിടെ ചുരുക്കി വിവരിക്കാം‘

1. ആ രാത്രിയിൽ അല്ലാഹു ആകാശത്തു നിന്ന്‌ ഭൂമിയിലേക്ക്‌ മലക്കുകളെ ഇറക്കും.

മലക്കുകൾ ഇറങ്ങുകയും അവരോടൊപ്പം നന്മകളും അനുഗ്രഹവും കാരുണ്യവും നിർഭയത്വവും ഇറങ്ങുന്നതായിരിക്കും. ആ മലക്കുകളുടെ മുൻപന്തിയിൽ റൂഹുൽ അമീൻ ആയ ജിബിരീൽ ആയിരിക്കും ഉണ്ടാവുക.അല്ലാഹു പറഞ്ഞു:

تَنَزَّلُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذۡنِ رَبِّهِم مِّن كُلِّ أَمۡرٖ

“മലക്കുകളും റൂഹും അവരുടെ റബ്ബിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു.”

2. മുസ്‌ലിമീങ്ങൾക്ക്‌ കാരുണ്യവും അനുഗ്രഹവുമായ  പരിശുദ്ധ ഖുർആനിന്റെ അവതരണം ഈ രാത്രിയിലാണ്‌.അല്ലാഹു പറഞ്ഞു:

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡر

3. ലൈലത്തുൽ ഖദ്‌റിൽ സമാധാനവും നിർഭയത്വവും രാത്രിയുടെ തുടക്കം മുതൽ സുബഹി വരെ നൽകപ്പെടും.അല്ലാഹു പറഞ്ഞു:

سَلَٰمٌ هِيَ حَتَّىٰ مَطۡلَعِ ٱلۡفَجۡرِ

“പ്രഭാതോദയം വരെ ആ രാത്രി സമാധാനപ്രദമത്രെ.”

4. വരാൻ പോകുന്ന ഒരു വർഷത്തേക്കുള്ള കാര്യങ്ങളുടെ നിർണയം ഈ രാത്രിയിൽ ലഭിക്കും. ആയുസ്സ്‌, ഉപജീവനം മറ്റു കാര്യങ്ങൾ ഈ ദിവസത്തിൽ വീതിക്കപ്പെടും.അല്ലാഹു പറഞ്ഞു:

فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ  

 “ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു.”

5. ഈ രാത്രിയിൽ നിർവ്വഹിക്കപ്പെടുന്ന ഇബാദത്തുകൾ ആയിരം മാസത്തേക്കാൾ പുണ്യമുള്ളതാണ്‌. 

لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡر

" ഖദ്‌റിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു.’

6. ഈ രാത്രിയിൽ പാപങ്ങൾ പൊറുക്കപ്പെടുന്നു.

أنَّ النَّبىَّ -صلى الله عليه وسلم- قال: "من قام ليلة القدر؛ إيمانًا واحتسابًا، غُفِر له ما تقدَّم من ذنبه" أخرجه البخاري 2014 ، ومسلم 760 

നബി ﷺ പറഞ്ഞു: “ആരെങ്കിലും ഈമാനോടെയും പ്രതിഫലേച്ചയോടെയും ലൈലത്തുൽ ഖദ്‌റിൽ രാത്രി നിസ്‌കാരം നിർവഹിച്ചാൽ അവന്റെ കഴിഞ്ഞുപോയ ചെറു പാപങ്ങൾ പൊറുക്കപ്പെടും.”

7. അതിൽ ദുആക്ക്‌ ഉത്തരം നൽകപ്പെടും. 

عَنْ عَائِشَةَ, قَالَتْ: قُلْتُ: يَا رَسُولَ اللهِ, أَرَأَيْتَ إِنْ عَلِمْتُ أَيَّ لَيْلَةٍ لَيْلَةَ القَدْرِ, مَا أَقُولُ فِيهَا؟ قَالَ: قُولِي: اللهُمَّ إِنَّكَ عُفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي.  أحمد (24215)

ആഇശ رضي الله عنها പറഞ്ഞു, ഞാൻ ചോദിച്ചു :"അല്ലാഹുവിൻറെ റസൂലേ, ഏതാണ്‌ ഖദറിന്റെ രാവ്‌ എന്ന്‌ എനിക്ക്‌ മനസ്സിലാക്കാൻ സാധിച്ചാൽ അന്ന്‌ ഞാൻ എന്താണ്‌ പറയേണ്ടത്‌ ".അപ്പോൾ അവിടുന്ന്‌ ﷺ പറഞ്ഞു:“അല്ലാഹുവേ നീ ധാരാളമായി മാപ്പ്‌ നൽകുന്നവനാണ്‌. മാപ്പേകുന്നതിനെ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ നീ എനിക്ക്‌ പൊറുത്തു മാപ്പാക്കി തരണമേ” എന്ന്‌ നീ പറയുക.

ലൈലത്തുൽ ഖദ്‌റിന്റെ അടയാളങ്ങളായി വന്ന ചില ഹദീസുകൾ

….وَإِنِّي أُرِيتُ أَنِّي أَسْجُدُ فِي مَاءٍ وَطِينٍ، فَمَنْ كَانَ اعْتَكَفَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلْيَرْجِعْ، قَالَ: فَرَجَعْنَا وَمَا نَرَى فِي السَّمَاءِ قَزَعَةً قَالَ: وَجَاءَتْ سَحَابَةٌ، فَمُطِرْنَا حَتَّى سَالَ سَقْفُ الْمَسْجِدِ، وَكَانَ مِنْ جَرِيدِ النَّخْلِ، وَأُقِيمَتِ الصَّلَاةُ فَرَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْجُدُ فِي الْمَاءِ وَالطِّينِ قَالَ: حَتَّى رَأَيْتُ أَثَرَ الطِّينِ فِي جَبْهَتِهِ .»  أخرجه البخاري 669 ، ومسلم1167 

ആഅബൂസലമ رضي الله عنها നിവേദനം "നബി ﷺ പറഞ്ഞു:…ഞാൻ വെള്ളത്തിലും കളിമണ്ണിലും സുജൂദ്‌ ചെയ്യുന്നതായി എനിക്ക്‌ സ്വപ്‌നത്തിൽ കാണിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ അല്ലാഹുവിന്റെ ദൂതനോടൊപ്പം ﷺഇഅ്‌തികാഫ്‌ ഇരുന്നവർ (അതിലേക്ക്‌) മടങ്ങട്ടെ. അങ്ങനെ ഞങ്ങൾ മടങ്ങി. അന്നേരം ആകാശത്ത്‌ മേഘത്തിന്റെ യാതൊരു ശകലവും ഞങ്ങൾ കണ്ടിരുന്നില്ല. അന്നേരം മേഘംവരികയും പള്ളിയുടെ മേൽപ്പുര ചോർന്നൊലിക്കുംവിധം ഞങ്ങൾക്ക്‌ മഴ ലഭിക്കുകയും ചെയ്‌തു. മേൽപ്പുര പനമ്പട്ട കൊണ്ടുള്ളതായിരുന്നു. (സുബ്‌ഹി) നിസ്‌കാരം നിർവ്വഹിച്ചപ്പോൾ നബി ﷺ വെള്ളത്തിലും കളിമണ്ണിലും സുജൂദ്‌ ചെയ്യുന്നതും ഞാൻ കണ്ടു. അദ്ദേഹത്തിന്റെ ﷺ നെറ്റിയിൽ കളിമണ്ണിന്റെ അടയാളം പോലും ഞാൻ കണ്ടു..(ബുഖാരി, മുസ്‌ലിം)

عَنْ ‌عَبْدِ اللهِ بْنِ أُنَيْسٍ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « أُرِيتُ لَيْلَةَ الْقَدْرِ، ثُمَّ أُنْسِيتُهَا وَأُرَانِي صُبْحَهَا أَسْجُدُ فِي مَاءٍ وَطِينٍ، قَالَ: فَمُطِرْنَا لَيْلَةَ ثَلَاثٍ وَعِشْرِينَ فَصَلَّى بِنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَانْصَرَفَ، وَإِنَّ أَثَرَ الْمَاءِ وَالطِّينِ عَلَى جَبْهَتِهِ وَأَنْفِهِ». قَالَ: وَكَانَ عَبْدُ اللهِ بْنُ أُنَيْسٍ يَقُولُ: ثَلَاثٍ وَعِشْرِينَ

അബ്ദുല്ലാഹിബ്‌നു ഉനൈസ്‌ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു:“ലൈലതുൽ ഖദ്‌ർ എന്നാണെന്ന്‌ എനിക്കു സ്വപ്‌നത്തിൽ കാണിക്കപ്പെട്ടു; ശേഷം ഞാനതു മറന്നുപോയി. അതിന്റെ പ്രഭാതത്തിൽ മണ്ണിലും വെള്ളത്തിലും ഞാൻ സുജൂദ്‌ ചെയ്യുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു ”. നിവേദകൻ പറയുന്നു: "ഇരുപത്തിമൂന്നിന്റെ രാത്രി ഞങ്ങൾക്കു മഴ ലഭിച്ചു. നബി ﷺ ഞങ്ങളെയും കൊണ്ട്‌ (സുബ്‌ഹി) നിസ്‌കരിച്ച്‌ മടങ്ങിപ്പോകുമ്പോൾ അദ്ദേഹത്തിന്റെ ﷺ നെറ്റിയിലും മൂക്കിലും മണ്ണിന്റെയും വെള്ളത്തിന്റെയും അടയാളമുണ്ടായിരുന്നു". അബ്ദുല്ലാഹിബ്‌നുഉനൈസ്‌ പറയാറുണ്ടായിരുന്നു"(ലൈലതുൽഖദ്‌ർ)" ഇരുപത്തിമൂന്നാം രാവിലാണ്‌.(മുസ്‌ലിം)

عَنْ ‌أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ:«تَذَاكَرْنَا لَيْلَةَ الْقَدْرِ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: أَيُّكُمْ يَذْكُرُ حِينَ طَلَعَ الْقَمَرُ، وَهُوَ مِثْلُ شِقِّ جَفْنَةٍ »  أخرجه مسلم 1170

അബൂഹുറൈറ رضي الله عنه നിവേദനം ഞങ്ങൾ നബി ﷺ യുടെ അടുക്കൽ വച്ച്‌ ഒരിക്കൽ ലൈലത്തുൽ ഖദ്‌റിനെ കുറിച്ച്‌ സംസാരിച്ചപ്പോൾ അവിടുന്ന്‌ ﷺപറഞ്ഞു:‘ചന്ദ്രൻ അർദ്ധതളിക പോലെ ഉദിക്കുന്നത്‌ നിങ്ങളിൽ ആരെങ്കിലും ഓർക്കുന്നുവോ? ‘.(മുസ്‌ലിം)

‌زِرَّ بْنَ حُبَيْشٍ يَقُولُ: « سَأَلْتُ ‌أُبَيَّ بْنَ كَعْبٍ رَضِيَ اللهُ عَنْهُ فَقُلْتُ: إِنَّ أَخَاكَ ابْنَ مَسْعُودٍ يَقُولُ: مَنْ يَقُمِ الْحَوْلَ يُصِبْ لَيْلَةَ الْقَدْرِ، فَقَالَ: رَحِمَهُ اللهُ أَرَادَ أَنْ لَا يَتَّكِلَ النَّاسُ، أَمَا إِنَّهُ قَدْ عَلِمَ أَنَّهَا فِي رَمَضَانَ وَأَنَّهَا فِي الْعَشْرِ الْأَوَاخِرِ، وَأَنَّهَا لَيْلَةُ سَبْعٍ وَعِشْرِينَ، ثُمَّ حَلَفَ لَا يَسْتَثْنِي أَنَّهَا لَيْلَةُ سَبْعٍ وَعِشْرِينَ، فَقُلْتُ: بِأَيِّ شَيْءٍ تَقُولُ ذَلِكَ يَا أَبَا الْمُنْذِرِ؟ قَالَ: بِالْعَلَامَةِ، أَوْ بِالْآيَةِ الَّتِي أَخْبَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهَا تَطْلُعُ يَوْمَئِذٍ لَا شُعَاعَ لَهَا »اخرجه مسلم 762

സിർ ഇബ്‌നു ഹുബൈശ്‌ رضي الله عنه നിവേദനം : ഉബയ്യു ഇബ്‌നു കഅ്‌ബ്‌ رضي الله عنه നോടു ഞാൻ ഒരിക്കൽ പറഞ്ഞു. താങ്കളുടെ സഹോദരൻ ഇബ്‌നു മസ്‌ഊദ്‌ رضي الله عنه പറയുന്നു: ‘വർഷം മുഴുവൻ നിസ്‌കരിക്കുന്നവനെ ലൈലത്തുൽ ഖദ്‌റിന്റെ   പുണ്യം ലഭിക്കുന്നതാണ്‌ ‘. അപ്പോൾ ഉബയ്യ്‌ رضي الله عنه പറഞ്ഞു : ‘അല്ലാഹു അദ്ദേഹത്തിന്‌ കാരുണ്യം ചെയ്യട്ടെ .അദ്ദേഹം അങ്ങനെ പറഞ്ഞത്‌ ആളുകൾ ആ ഒരു ദിവസത്തിൽ മാത്രം ഇബാദത്തുകൾ പരിമിതപ്പെടുത്താതിരിക്കാൻ വേണ്ടിയാണ്‌. അത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാം.’അനന്തരം അത്‌ ഇരുപത്തിയേഴാം രാവിനാണെന്ന്‌ അദ്ദേഹം സത്യം ചെയ്‌തു പറഞ്ഞു. ഞാൻ ചോദിച്ചു :  അല്ലയോ, അബൂ മുന്ദിർ എന്ത്‌ ഉറപ്പിലാണ്‌ താങ്കൾ ഇപ്രകാരം സത്യം ചെയ്‌തു പറയുന്നത്‌. ?അപ്പോൾ അദ്ദേഹം പറഞ്ഞു നബി ﷺ ഞങ്ങൾക്ക്‌ അറിയിച്ചു തന്ന അടയാളങ്ങളും തെളിവുകളും അടിസ്‌ഥാനമാക്കിയാണ്‌ ഞാൻ പറയുന്നത്‌, ‘അന്ന്‌ സൂര്യൻ കിരണങ്ങളില്ലാതെയാണ്‌ ഉദിക്കുക'.(മുസ്‌ലിം)

عن ابن عباس «ليلة القدر ليلة سمحة طلقة لا حارة ولا باردة تصبح الشمس صبيحتها ضعيفة حمراء»(صحيح) الطيالسي / صحيح الجامع الصغير وزياداته الألباني 2/963

ഇബ്‌നു അബ്ബാസ്‌ നിവേദനം : അദ്ദേഹം പറയുന്നു : “ ഖദ്‌റിന്റെ രാത്രി ശാന്തവും പ്രസന്നവുമായ രാത്രിയാണ്‌. കടുത്ത ചൂടോ വളരെ കുളിരോ അനുഭവപ്പെടുകയില്ല. അതിനെ തുടർന്നുള്ള പ്രഭാതത്തിൽ സൂര്യൻ(താരതമ്യേന) ദുർബലവും ചുവന്നതും ആയി കാണപ്പെടും.”. 

ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിച്ചിരിക്കുന്ന രാത്രികളിൽ പ്രത്യേകമായി ചെയ്യേണ്ട ഇബാദത്തുകൾ ഏവ?

പൊതുവായി ചെയ്യുന്ന ഇബാദത്തുകളോടൊപ്പം താഴെപ്പറയുന്നവ വർദ്ധിപ്പിക്കുക.

1) രാത്രി നമസ്‌കാരം അധികരിപ്പിക്കുക. കാരണം അവൻറെ മുൻ കഴിഞ്ഞ പാപങ്ങൾ ഇത്‌ മുഖേന പൊറുക്കപ്പെടും

أَنَّ أَبَا هُرَيْرَةَ، حَدَّثَهُمْ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «.. وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» أخرجه البخاري (38)، ومسلم (760)

നബി ﷺപറഞ്ഞു: “… ലൈലത്തുൽ ഖദറിൽ ഈമാനോടെയും പ്രതിഫലേച്ഛയോടും കൂടി വല്ലവരും നിസ്‌കരിക്കുന്നുവെങ്കിൽ അവന്റെ മുൻകാല ചെറുപാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ് ”.(സ്വഹീഹ്‌ മുസ്‌ലിം)

2) ഈ പ്രാർത്ഥന  (اللَّهمَّ إنَّك عفوٌ تُحب العفو فاعف عنِّي) ധാരാളമായി അധികരിപ്പിക്കുക.

ആഇശ رضي الله عنها പറഞ്ഞു,ഞാൻ ചോദിച്ചു "അല്ലാഹുവിൻറെ റസൂലേ,ഏതാണ്‌ ഖദ്‌റിന്റെ രാവ്‌ എന്ന്‌ എനിക്ക്‌ മനസ്സിലാക്കാൻ സാധിച്ചാൽ അന്ന്‌ ഞാൻ എന്താണ്‌ പറയേണ്ടത്‌ ".അപ്പോൾ അവിടുന്ന്‌ ﷺ പറഞ്ഞു: “അല്ലാഹുവേ നീ ധാരാളമായി മാപ്പ്‌ നൽകുന്നവനാണ്‌. മാപ്പേകുന്നതിനെ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ നീ എനിക്ക്‌ പൊറുത്തു മാപ്പാക്കി തരണമേ”. എന്ന ദുആ നീ പറയുക.

"العفو"കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണെന്ന്‌ പണ്‌ഡിതർ നമുക്ക്‌ വിവരിച്ചു തരുന്നുണ്ട്‌ 

ഇബ്‌നു ഉസൈമീൻ رحمه اللهപറയുന്നു : പാപങ്ങൾ   രണ്ട്‌ തരത്തിലാണ്‌ സംഭവിക്കുക. അല്ലാഹു അടിമകൾക്ക്‌ നിർബന്ധമാക്കിയ അമലുകൾ ഉപേക്ഷിക്കുന്നത്‌ കാരണത്താലും, അല്ലാഹു വിരോധിച്ചിട്ടുള്ള കാര്യങ്ങൾ ഒരു അടിമ പ്രവർത്തിക്കുന്നത്‌ കാരണത്താലും. ഇത്തരം പാപങ്ങൾ പൊറുത്തു നൽകപ്പെടുക എന്നതാണ്‌ "العفو" കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

 ഇബ്‌നു ബസ്സാം رحمه الله വിവരിക്കുന്നു : അവൻറെ തെറ്റുകുറ്റങ്ങൾ വിട്ടുവീഴ്‌ച നൽകപ്പെടുക, അവൻറെ  പാപങ്ങൾ മായ്‌ച്ചു നൽകപ്പെടുക എന്നതാണ്‌ ഇതിന്റെ വിവക്ഷ .

ഏറ്റവും അനുയോജ്യമായ ദുആ 

സുലൈമാൻ റുഹൈലി حفظه الله മേൽപ്പറഞ്ഞ ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ പറയുന്നു.എല്ലാ അർത്ഥത്തിലും ഈ ദുആ ലൈലത്തുൽ ഖദറിന്റെ രാവിൽ നിർവഹിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന്‌ പണ്‌ഡിതന്മാർ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു:  

1. റമദാനിലെ രാത്രികളിൽ ധാരാളം അടിമകളെ നരകത്തിൽ നിന്ന്‌ അല്ലാഹു മോചിപ്പിക്കുന്നുണ്ട്‌ ഈ ദുആ അവന്ന്‌ നരകമോചനത്തിന്‌ കാരണമായേക്കാം.

2. ഒരടിമ അല്ലാഹുവിനെ ഇബാദത്ത്‌ ചെയ്യുന്നതിൽ എത്ര തന്നെ പരിശ്രമിച്ചാലും മനുഷ്യസഹജമായ  വീഴ്‌ചകൾ അവന്‌ വന്നേക്കാം. ഈ വീഴ്‌ചകൾ പരിഹരിക്കപ്പെടാൻ ഈ ദുആ അവന്ന്‌ ഉപകരിക്കുന്നു.

പ്രസ്തുത രാത്രികളെ ഇബാദത്തുകൾ കൊണ്ട് അലങ്കരിക്കാനും, ഉറക്കമൊഴിഞ്ഞ് അവൻ തൃപ്തിപ്പെടുന്ന അമലുകൾ നീർവ്വഹിക്കാനും,ലൈലത്തുൽ ഖദ്‌റിന്റെ പുണ്യം ലഭിക്കുന്നവരിൽ ഉൾപ്പെടാനും അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ .. ആമീൻ

************

الله تعالى أعلم

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: