ഇസ്തിഗാസ ഒരു ലഘു പരിചയം ലിങ്ക് കോപ്പി ചെയ്തു!
ഇസ്തിഗാസ (സഹായതേട്ടം): നിർവ്വചനവും വ്യത്യാസങ്ങളും
'ഇസ്തിഗാസ' എന്നത് ഒരു മസ്ദർ (ധാതുരൂപം) ആണ്. വ്യാകരണ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇത് 'നിദാ' (അഭിസംബോധിതനെ വിളിക്കാൻ ഉപയോഗിക്കുന്ന ശൈലികൾ ) എന്ന വിഭാഗത്തിൽ പെടുന്നു. ഭാഷാപരമായി, സഹായം ആവശ്യപ്പെടുക എന്നാണ് ഇതിന്റെ അർത്ഥം. അതായത്, 'ഗൗസ്' (സഹായം) തേടുകയോ പ്രയാസങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യുക. ശത്രുവിനെതിരെ സഹായം തേടുന്നതിനെ 'ഇസ്തിൻസാർ' എന്നും, അഭയം തേടുന്നതിനെ 'ഇസ്തിജാറ', 'ഇസ്തിആദ' എന്നും പറയുന്നതുപോലെയാണിത്. ഇവയെല്ലാം അപേക്ഷ, പ്രാർത്ഥന, വിളി എന്നിവയുടെ വിവിധ രൂപങ്ങളാണ്.
ഇസ്തിഗാസയും ദുആയും തമ്മിലുള്ള ബന്ധം:
പ്രാർത്ഥനയും (ദുആ) ഇസ്തിഗാസയും തമ്മിൽ സമാനതകളും വ്യത്യാസങ്ങളുമുണ്ട് . ഒരു വ്യക്തി പ്രയാസഘട്ടത്തിൽ അല്ലാഹുവിനോടോ മറ്റു ശക്തികളോടൊ സഹായം തേടുമ്പോൾ അത് ദുആയും ഇസ്തിഗാസയുമായി മാറുന്നു. എന്നാൽ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത അവസ്ഥയിൽ ഒരു കാര്യം ചോദിക്കുന്നത് 'ദുആ' മാത്രമാണ്, അവിടെ അതിനെ 'ഇസ്തിഗാസ' എന്ന് വിളിക്കില്ല.
ഖുർആനിലും സുന്നത്തിലും അറബി ഭാഷയിലും 'ഇസ്തിഗാസ' എന്ന പദം ഉപയോഗിക്കുന്നത് ഒരാളോട് നേരിട്ട് സഹായം ചോദിക്കുക എന്ന അർത്ഥത്തിലാണ്.
ഇസ്തിഗാസയും തവസ്സുലും തമ്മിലുള്ള വ്യത്യാസം:
ഇസ്തിഗാസയും തവസ്സുലും (ഇടതേട്ടം) തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്:
ഇസ്തിഗാസ: "ഒരുവനോട് (അയാളോട്) ഞാൻ സഹായം തേടി" എന്നാണ് പറയുക. മറിച്ച് "ഒരുവനെ മുൻനിർത്തി നിന്നോട് ഞാൻ സഹായം തേടി" എന്ന് ഇസ്തിഗാസയിൽ പ്രയോഗിക്കാറില്ല. കാരണം ഇസ്തിഗാസയിൽ ആരുടെ സഹായമാണോ തേടുന്നത്, അദ്ദേഹത്തെ നേരിട്ടാണ് അഭിസംബോധന ചെയ്യുന്നത്.
തവസ്സുൽ: തവസ്സുലിൽ പ്രാർത്ഥിക്കുന്ന ആൾ അല്ലാഹുവിനെയാണ് അഭിസംബോധന ചെയ്യുന്നത്. ഉദാഹരണത്തിന്: "അല്ലാഹുവേ , ഇന്ന കാര്യത്തെ മുൻനിർത്തി ഞാൻ നിന്നോട് തേടുന്നു" എന്ന് പറയുമ്പോൾ, ഇവിടെ പ്രാർത്ഥന അല്ലാഹുവിനോടാണ്, മധ്യവർത്തിയായി വെച്ച ആളോടല്ല. എന്നാൽ ഇസ്തിഗാസയിൽ ആരുടെ അടുത്താണോ സഹായം തേടുന്നത്, അദ്ദേഹം നേരിട്ട് വിളിക്കപ്പെടുകയും സഹായം ചോദിക്കപ്പെടുകയും ചെയ്യുന്നു.
ഖുർആനിൽ ഇസ്തിഗാസ പ്രാർഥന എന്ന അർത്ഥത്തിലും വ്യക്തികളോടുള്ള കേവല സഹായ തേട്ടം എന്ന അർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ശിർക്കിന്റെ പ്രചാരകർ ഇവ രണ്ടും കൂട്ടികുഴച്ച് തങ്ങളുടെ ശിർക്കിനെ സ്ഥാപിക്കാൻ പല ദുർവ്യഖ്യാനങ്ങളും നടത്താറുണ്ട്, അത്തരം തട്ടിപ്പുകൾ ഒരു സത്യവിശ്വാസിക്ക് വേർത്തിരിച്ച് മനസ്സിലാക്കാൻ സാധിക്കണം.
ഇസ്തിഗാസയെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിക്കാം: അനുവദനീയമായത് (مشروعة), നിരോധിക്കപ്പെട്ടത് (ممنوعة).
ഒന്നാമത്തേത്: അനുവദനീയമായത് (مشروعة)ലിങ്ക് കോപ്പി ചെയ്തു!
അനുവദനീയമായ ഇസ്തിഗാസയെ പ്രധാനമായും രണ്ടായി തിരിക്കാം:ലിങ്ക് കോപ്പി ചെയ്തു!
- അല്ലാഹുവോടുള്ള ഇസ്തിഗാസ
ഇതാണ് ശരീഅത്തിൽ കൽപ്പിക്കപ്പെട്ട അടിസ്ഥാനപരമായ സഹായതേട്ടം. യഥാർത്ഥത്തിൽ അല്ലാഹു അല്ലാതെ മറ്റാരും തന്നെ പൂർണ്ണമായ അർത്ഥത്തിൽ രക്ഷകനോ സഹായിയോ ഇല്ല. എല്ലാ സഹായങ്ങളും അവന്റെ പക്കൽ നിന്നുള്ളതാണ്.ബദർ യുദ്ധവേളയിൽ മുഅ്മിനുകൾ അല്ലാഹുവോട് സഹായം തേടിയതിനെക്കുറിച്ച് ഖുർആൻ പറയുന്നു:
{إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ}الأنفال: 9]
"നിങ്ങൾ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക); തുടർന്ന് അണിഅണിയായി വരുന്ന ആയിരം മലക്കുകളെ നൽകിക്കൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ നിങ്ങൾക്ക് മറുപടി നൽകി" (സൂറത്തുൽ അൻഫാൽ: 9).
അല്ലാഹു തന്റെ അടിമകളോട് അവനോട് പ്രാർത്ഥിക്കാനും സഹായം തേടാനും കൽപ്പിച്ചിട്ടുണ്ട്. അവൻ സഹായം തേടുന്നവരുടെ രക്ഷിതാവാണ് (غياث المستغيثين). പ്രയാസഘട്ടങ്ങളിൽ അടിമകളെ സഹായിക്കുന്നവൻ എന്നാണ് ഇതിനർത്ഥം.
അല്ലാഹു പറഞ്ഞു:
{وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ }[غافر: 60]
"നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കുന്നതിനെപ്പറ്റി (പ്രാർത്ഥിക്കുന്നതിനെപ്പറ്റി) അഹങ്കാരം നടിക്കുന്നവർ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്" (സൂറത്തുൽ ഗാഫിർ: 60). ഇവിടെ 'ആരാധന' എന്നാൽ പ്രാർത്ഥന എന്നാണ് ഉദ്ദേശിക്കുന്നത്.
2. ജീവിച്ചിരിക്കുന്ന പ്രവാചകനോടോ മറ്റുള്ളവരോടോ ഉള്ള സഹായതേട്ടം
അവർക്ക് കഴിവുള്ളതും അവരുടെ സ്ഥാനത്തിന് അനുയോജ്യവുമായ കാര്യങ്ങളിൽ അവരോട് സഹായം തേടുന്നത് ഇതിൽ പെടുന്നു. ഇതിൽ മുസ്ലിങ്ങൾക്കിടയിൽ തർക്കമില്ല. ഇത് ജീവിച്ചിരിക്കുന്ന പ്രവാചകന്റെ കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും അനുവദനീയമാണ്. പുണ്യവാന്മാർക്കോ സാധാരണക്കാർക്കോ പാപികൾക്കോ എന്തിനധികം അവിശ്വാസികൾക്കോ പോലും തങ്ങൾക്ക് കഴിവുള്ള കാര്യങ്ങളിൽ സഹായം തേടാവുന്നതാണ്.
ഖിയാമത്ത് നാളിൽ പ്രവാചകനോട് (ﷺ) സഹായം തേടുന്നതിനെപ്പറ്റി (ശഫാഅത്തിന് വേണ്ടി) വന്ന نصوص ഇതിന് ഉദാഹരണമാണ്.
ഖുർആനിൽ മൂസാ നബിയുടെ ചരിത്രത്തിൽ ഇപ്രകാരം കാണാം:
{ۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ }[القصص: 15]
"അപ്പോള് തന്റെ കക്ഷിയില് പെട്ടവന് തന്റെ ശത്രുവിഭാഗത്തില് പെട്ടവന്നെതിരില് അദ്ദേഹത്തോട് സഹായം തേടി. അപ്പോള് മൂസാ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു..." (സൂറത്തുൽ ഖസ്വസ്: 15).
ഇവിടെ മൂസാ നബിക്ക് കഴിയുന്ന ഒരു കാര്യത്തിലാണ് അദ്ദേഹത്തോട് സഹായം തേടിയത്. ഇത് തൗഹീദിന്റെ (ഏകദൈവവിശ്വാസം) പൂർണ്ണതയ്ക്ക് വിരുദ്ധമല്ല.പലപ്പോഴും അസത്യത്തിന്റെ ആളുകൾ അനുവദനീയമായ ഇസ്തിഗാസക്ക് വന്ന തെളിവുകൾ ശിർക്കായ ഇസ്തിഗാസ സ്ഥാപിക്കാൻ തെളിവ് പിടിക്കാൻ ദുർവ്യാഖ്യാനിക്കാറുണ്ട് .
ശ്രദ്ധിക്കുക : ചില അതിരുകവിഞ്ഞവർ (الغلاة) പ്രവാചകന്റെ ജീവിതകാലത്തെയും മരണശേഷമുള്ള അവസ്ഥയെയും തുല്യമായി കണ്ട് തെറ്റായ നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. പ്രവാചകന് മരണശേഷവും ഭൗതിക ജീവിതം പോലെയുള്ള യഥാർത്ഥ ജീവിതമുണ്ടെന്നും, ശുഹദാക്കൾ (രക്തസാക്ഷികൾ) അവരുടെ ഖബറുകളിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും പ്രവാചകന്മാരുടെ ജീവിതം അതിലും പൂർണ്ണമാണെന്നും അവർ വാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവാചകൻ ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സഹായം തേടുന്നത് ഒരുപോലെ അനുവദനീയമാണെന്ന് അവർ വിശ്വസിക്കുന്നു.
യഥാർത്ഥത്തിൽ :പ്രവാചകന്റെ (ﷺ) മരണശേഷമുള്ള ജീവിതം 'ബർസഖി' ആയ ജീവിതമാണ്. ഇത് അല്ലാഹു നമ്മെ അറിയിച്ച അദൃശ്യമായ (ഗൈബ്) കാര്യങ്ങളിൽ ഒന്നാണ്. അതിന്റെ യഥാർത്ഥ അവസ്ഥ നമുക്ക് അറിയില്ല. അതിനാൽ പ്രവാചകന്മാരുടെ ജീവിതം ഭൗതിക ജീവിതത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് ഉറച്ചു വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. അവരുടെ ജീവിതം ഭൗതിക ജീവിതത്തിന് തുല്യമാണെങ്കിൽ, അവർക്ക് കർമ്മങ്ങളും ആരാധനകളും സംസാരവും കല്പനകളുമെല്ലാം ബാധകമാകേണ്ടി വരുമായിരുന്നു (എന്നാൽ അങ്ങനെയല്ലല്ലോ).
രണ്ടാമത്തേത്: വിരോധിക്കപ്പെട്ട ഇസ്തിഗാസ (സഹായതേട്ടം)ലിങ്ക് കോപ്പി ചെയ്തു!
വിരോധിക്കപ്പെട്ട ഇസ്തിഗാസയെ പ്രധാനമായും മൂന്നായി തിരിക്കാം:
1. അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ സൃഷ്ടികളോട് സഹായം തേടുക
ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ , അടുത്തുളളവരോ മറഞ്ഞവരോ , പ്രവാചകനോടോ പുണ്യവാന്മാരോടോ എന്ന് വിത്യാസമില്ലാതെ അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളിൽ (ഉദാഹരണത്തിന്: പാപങ്ങൾ പൊറുക്കൽ, ഹൃദയങ്ങളെ സന്മാർഗത്തിലാക്കൽ, രോഗശമനം നൽകൽ, ഉപജീവനം നൽകൽ, ശത്രുക്കൾക്കെതിരെ അദൃശ്യമായ വിജയം നൽകൽ തുടങ്ങിയവ) ആരോടു സഹായം തേടുന്നത് ഇതിൽ പെടുന്നു.ഇത് ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്ന വലിയ ശിർക്കാണ് (شرك أكبر). പുരാതന കാലത്തെ അറബ് മുശ്രിക്കുകളുടെ ശിർക്കും ഇതായിരുന്നു.
എന്നാൽ അറബ് മുശ്രിക്കുകളേക്കാൾ കടുപ്പമേറിയ ശിർക്കാണ് ഇന്നത്തെ ചിലർ ചെയ്യുന്നത് . കാരണം, പഴയ മുശ്രിക്കുകൾ അല്ലാഹുവാണ് സ്രഷ്ടാവും സംരക്ഷകനുമെന്ന് (തൗഹീദ് റുബൂബിയ്യഃ) അംഗീകരിച്ചിരുന്നു. എന്നാൽ ഇന്നത്തെ ചിലർ തങ്ങളുടെ ശൈഖുമാരിൽ നിന്നല്ലാതെ ഉപജീവനം സ്വീകരിക്കില്ലെന്ന് വരെ വിശ്വസിക്കുന്നു. കൂടാതെ, പഴയ മുശ്രിക്കുകൾ പ്രയാസഘട്ടങ്ങളിൽ അല്ലാഹുവെ മാത്രം വിളിച്ചിരുന്നുവെങ്കിൽ, ഇവർ പ്രയാസഘട്ടങ്ങളിൽ പോലും അല്ലാഹു എല്ലാത്തവരെ വിളിച്ച് പ്രാർത്ഥിച്ച് ശിർക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
2. മരണപ്പെട്ടവരോടുള്ള സഹായതേട്ടം
പ്രവാചകനോടായാലും മറ്റാരോടായാലും ശരി, മരണപ്പെട്ടവരോട് സഹായം തേടുന്നത് ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്ന ശിർക്കും നിഷിദ്ധവുമാണ്.( ഇത്തരം ശിർക്കൻ വിശ്വാസങ്ങളുടെ വിശദീകരണം പിന്നീടുള്ള ലേഖനങ്ങളിൽ വിവരിക്കുന്നതാണ് )
പ്രവാചകന്റെ ജീവിതവും മരണവും ഒരുപോലെയാണെന്ന തെറ്റായ വിശ്വാസമാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ചിലർ തങ്ങളുടെ ശൈഖുമാർ മരണശേഷവും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഖബറുകൾക്ക് ചുറ്റും ഭജനമിരിക്കുന്നവർ ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നാൻ വേണ്ടി കെട്ടിച്ചമച്ച കഥകളാണ് ഇത്തരം വിശ്വാസങ്ങളുടെ അടിസ്ഥാനം.
3. അദൃശ്യരായ (അടുത്തില്ലാത്ത/കേൾവിയുടെ ദൂരപരിതിക്കപ്പുറമുള്ള ) ആളുകളോടുള്ള സഹായതേട്ടം
ജീവിച്ചിരിക്കുന്നവരാണെങ്കിലും കണ്മുന്നിലില്ലാത്ത/കേൾവിയുടെ ദൂരപരിതിക്കപ്പുറമുള്ള പ്രവാചകനോടോ പുണ്യവാന്മാരോടോ സഹായം തേടുന്നത് അനുവദനീയമല്ല . കാരണം: അവർക്ക് ഈ വിളി കേൾക്കാനോ അദൃശ്യകാര്യങ്ങൾ അറിയാനോ കഴിയില്ല.കഴിയുമെന്ന് വാദിക്കുന്നവർക്ക് മതപരമായ ഒരു തെളിവും ഇതിനില്ല. ചിലർ പറയുന്നത് "ഞാൻ അല്ലാഹുവോട് സഹായം തേടിയിട്ട് കിട്ടിയില്ല, എന്നാൽ പ്രവാചകനോടോ വലിയ്യിനോടോ തേടിയപ്പോൾ ഉടനെ ലഭിച്ചു" എന്നാണ്. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്.പിശാചിന്റെ വഞ്ചനയാണ് ,ഇത്തരം സന്ദർഭങ്ങളിൽ സഹായം തേടുന്നവനെ കൂടുതൽ വഴിപിഴപ്പിക്കാനായി പിശാചുക്കൾ ആ വലിയ്യിന്റെയോ മറ്റോ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ചില കാര്യങ്ങൾ സാധിച്ചു കൊടുത്തേക്കാം. ഒരു കാര്യം ഉപകരിച്ചു എന്നത് കൊണ്ട് മാത്രം അത് ഇസ്ലാമിൽ അനുവദനീയമായ ഒന്നാവില്ല.
ചുരുക്കത്തിൽ ഇസ്തിഗാസയുടെ ഇനങ്ങൾ ഇവയാണ്. യഥാർത്ഥ മുസ്ലിങ്ങൾ അനുവദനീയമായ സഹായതേട്ടം മനസ്സിലാക്കുന്നു. എന്നാൽ 'ഖബറാരാധികൾ' വിരോധിക്കപ്പെട്ട ഇസ്തിഗാസയെ തങ്ങളുടെ ദീനിന്റെ അടിസ്ഥാനമായി മാറ്റിയിരിക്കുന്നു.
