റജബും ചില ദുർബല ഹദീസുകളും.

Mohammed Shafeeque Madeena
January 13, 2026
99 കാഴ്ചകൾ
റജബും ചില ദുർബല ഹദീസുകളും.

റജബും ചില ദുർബല ഹദീസുകളും. 

ക്രോഡീകരണം : ബഹീജ് ബിൽ സകരിയ്യ 

റജബ് മാസം പടിവാതിൽക്കലിൽ എത്തി നിൽക്കെ ആ മാസത്തെക്കുറിച്ചും അതിന്റെ ശ്രേഷ്ഠതയെക്കുറിച്ചുമെല്ലാം ധാരാളം ഹദീസുകൾ നാം കേൾക്കാറുണ്ട്  

എന്നാൽ ഇത്തരമൊരു ഘട്ടത്തിൽ കേൾക്കുന്ന ഹദീസുകളുടെ സ്വീകാര്യതയെക്കുറിച്ചൊന്നും അധികപേരും അന്വേഷിക്കാറില്ല എന്നതാണ് വാസ്തവം. നബി ﷺ യിലേക്ക് നാം ചേർത്ത് പറയുന്ന ഹദീസുകൾ സ്വീകാര്യമാണോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ ഒരാൾക്ക് അതനുസരിച്ച് അമൽ ചെയ്യുവാനും അത് പ്രചരിപ്പിക്കുവാനും ദീനിൽ അനുവാദമുള്ളൂ. അടിസ്ഥാനം ഇതായിരിക്കെ കേൾക്കുന്ന ഹദീസുകളുടെ സ്വീകാര്യതയെക്കുറിച്ചൊന്നും അന്വേഷിക്കാതെ സാമൂഹ്യ മാധ്യമങ്ങൾ വഴി അവ പങ്കിടുന്നവർ എത്ര വലിയ അപകടത്തിലാണ് ചെന്ന് വീഴുന്നതെന്ന് ഇക്കൂട്ടർ ആലോചിക്കുന്നു പോലുമില്ല. അതിനാൽ ഇത്തരമൊരു സാഹചര്യത്തിൽ റജബുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ വളരെയധികം പ്രചരിച്ച ദുർബലമായ ചില ഹദീസുകളെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. ഹദീസിന്റെ പരമ്പരയിലുള്ള ദുർബലരായ റിപ്പോർട്ടർമാരെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമോ ചർച്ചയോ ഇവിടെ ഉചിതമല്ലെന്നതിനാൽ ഹദീസുകൾക്ക് പണ്ഡിതന്മാർ നൽകിയ വിധികൾ മാത്രമാണ് നിങ്ങൾക്ക് മുന്നിൽ സൂചിപ്പിക്കുന്നത്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.

ഒന്നാമത്തെ ഹദീസ് 

❶ كان النبيُّ ﷺ إذا دخل رجبُ يقول: اللهم بارِكْ لنا في رجبَ وشعبانَ، وبلِّغْنا رمضانَ. 

നബി ﷺറജബ് മാസത്തിലേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു. അല്ലാഹുവെ റജബ്, ശഅ്ബാൻ മാസങ്ങളിൽ ഞങ്ങളിൽ നീ അനുഗ്രഹം ചൊരിയുകയും, റമദ്വാനിനെ ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്യേണമേ 

ابن حجر العسقلاني، تبيين العجب بما ورد في شهر رجب ١٩ ، ضعيف ، وله إسناد [ آخر ] ظاهره الصحة فكأنه موضوع من صنعة أبي البركات السقطي.

الذهبي ، ميزان الاعتدال ٢‏/٦٥ • [فيه] زائدة بن أبي الرقاد وزياد النميري ضعيفان 

ابن رجب ، لطائف المعارف ٢٣٣ • إسناده فيه ضعف. 

الألباني ، ضعيف الجامع ٤٣٩٥ • ضعيف

രണ്ടാമത്തെ ഹദീസ് 

❷ " رجَبٌ شَهرُ اللَّهِ وشعبانُ شَهري ورمضان شَهرُ أمَّتي "

“ റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമദ്വാൻ എന്റെ ഉമ്മത്തിന്റെ മാസവുമാകുന്നു. ” 

موضوع : الموضوعات للصغاني ( ٧٢  )

موضوع : المنار المنيف لابن القيم ( ٧٦ ) 

باطل : تبيين العجب لابن حجر العسقلاني ( ٢٠ )

ضعيف : السلسلة الضعيفة للألباني ( ٤٤٠٠ )

മൂന്നാമത്തെ ഹദീസ്

❸ خيرةُ الله منَ الشُّهورِ شَهرُ رجبٍ وَهوَ شَهرُ الله من عظَّمَ شَهرَ رجبٍ فقد عظَّمَ أمرَ الله أدخلَهُ جنّاتِ النَّعيمِ وأوجبَ لَهُ رضوانَهُ الأَكبرَ

" മാസങ്ങളിൽ വെച്ച് അല്ലാഹു തിരഞ്ഞെടുത്ത മാസമത്രെ റജബ്; അത് അല്ലാഹുവിന്റെ മാസമാകുന്നു. ആരെങ്കിലും റജബ് മാസത്തെ മഹത്വപ്പെടുത്തിയാൽ അവൻ അല്ലാഹുവിന്റെ കാര്യത്തെയാകുന്നു മഹത്വപ്പെടുത്തിയിരിക്കുന്നത്. ( അല്ലാഹു അവനെ ) സുഖലോലുപതയുടെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും അവന്റെ തൃപ്തി അവനിൽ നിർബന്ധമാക്കുകയും ചെയ്യും. " 

موضوع : تبيين العجب لابن حجر العسقلاني (٢٤)

منكر بمرة : فضائل الأوقات للبيهقي ( ١١  )

موضوع : السلسلة الضعيفة للألباني ( ٦١٨٨ )

നാലാമത്തെ ഹദീസ്

❹" فضلُ رجبٍ على سائرِ الشُّهورِ كفضلِ القرآنِ على سائرِ الأذكارِ " وفي رواية : " كفَضلِ القرآنِ على سائرِ الكلامِ

" മറ്റ് ദിക്റുകളെക്കാൾ ക്വുർആനിനുള്ള ശ്രേഷ്ഠത പോലെയാണ് മറ്റ് മാസങ്ങളെക്കാൾ റജബ് മാസത്തിനുള്ള ശ്രേഷ്ഠത. " 

മറ്റൊരു റിപ്പോർട്ടിൽ കാണാം : " മറ്റ് സംസാരങ്ങളെക്കാൾ ക്വുർആനിനുള്ള ശ്രേഷ്ഠത പോലെയാണ്.....”

موضوع : تبيين العجب لابن حجر العسقلاني ( ٢٥ )

موضوع : الأسرار المرفوعة لملا علي قاري ( ٢٥٤ ) 

അഞ്ചാമത്തെ ഹദീസ്

❺ من فَرَّجَ عن مؤمنٍ كُرْبَةً في رجبٍ أعطاهُ اللهُ تعالى في الفردوسِ قصرًا مَدَّ بصرِهِ، أَكْرِمُوا رجبًا يُكْرِمُكُمُ اللهُ بألفِ كرامةٍ

" ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ പ്രയാസം റജബിൽ ദൂരീകരിച്ച് നൽകിയാൽ അല്ലാഹു അവന് സ്വർഗ്ഗത്തിൽ കണ്ണെത്താ ദൂരത്തോളം വലിപ്പമുള്ള കൊട്ടാരം നൽകുന്നതാണ്. അതിനാൽ നിങ്ങൾ റജബ് മാസത്തെ ആദരിച്ച് കൊള്ളുക. അല്ലാഹു നിങ്ങളെ ആയിരം തവണ ആരദിക്കും. “  

متن لا أصل له : تبيين العجب لابن حجر العسقلاني ( ٢٧ )

ആറാമത്തെ ഹദീസ്

❻ " رجبُ من أشهُرِ الحُرُمِ، وأيامُه مكتوبةٌ على أبوابِ السماءِ السادسةِ، فإذا صام الرجُلُ منه يومًا، وجَوَّد صومَه بتقوى اللهِ، نطق البابُ ونطق اليومُ، فقالا: يا ربِّ اغفِرْ له، وإذا لم يُتِمَّ صومَه بتقوى الله لم يستغفِرْ لهُ " 

റജബ് പവിത്ര മാസങ്ങളിൽ പെട്ടതത്രെ. അതിലെ ദിനങ്ങൾ ആറാനാകാശത്തിന്റെ കവാടത്തിന്മേൽ എഴുതി വെക്കപ്പെട്ടിട്ടുണ്ട്. ആരെങ്കിലും അതിലെ ഒരു ദിനം നോമ്പനുഷ്ഠിക്കുകയും തക്വ്‌വ കൊണ്ട് അതിനെ നന്നാക്കുകയും ചെയ്താൽ ( ആകാശത്തിന്റെ ) കവാടവും ആ ദിവസവും അവന് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കും : റബ്ബേ., അവന് നീ പൊറുത്ത് നൽകേണമേ. ഇനി ത്‌ക്വ്‌വ കൊണ്ട് അവൻ തന്റെ വ്രതം പൂർത്തീകരിച്ചില്ലെങ്കിൽ അവന് പൊറുക്കപ്പെടുകയില്ല

📗 قال ابن حجر العسقلاني : " فيه إسماعيل بن يحيى التميمي وهو مذكور بالكذب " : تبيين العجب لابن حجر العسقلاني ( ٢٨ )

ഏഴാമത്തെ ഹദീസ്

❼ " مَن صامَ يومًا مِن رجبٍ، وصلّى فيهِ أربعَ رَكَعاتٍ يقرأُ في أوَّلِ رَكْعةٍ مائةَ مرَّةٍ آيةَ الكُرسيِّ وفي الرَّكعةِ الثّانيةِ قُلْ هُوَ اللَّهُ أَحَدٌ مائةَ مرَّةٍ لم يمُتْ حتّى يرى مَقعدَهُ مِن الجنَّةِ أو يرى لَهُ. " 

" ആരെങ്കിലും റജബിലെ ഒരു ദിവസം നോമ്പനുഷ്ഠിക്കുകയും അതിൽ നാല് റക്അത്ത് നമസ്കരിക്കുകയും അതിലെ ആദ്യ റക്അത്തിൽ നൂറ് തവണ ആയതുൽ കുർസിയ്യും രണ്ടാമത്തേതിൽ നൂറ് തവണ قل هو الله أحد ( സൂറത്തുൽ ഇഖ്‌ലാസും ) പാരായണം ചെയ്യുകയുമാണെങ്കിൽ സ്വർഗ്ഗത്തിലെ അവന്റെ ഇരിപ്പിടം കാണുകയോ കാണിക്കപ്പെടുകയോ ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല. "

باطل : تبيين العجب لابن حجر العسقلاني ( ٣٢ ) 

كذب مختلق : المنار المنيف لابن القيم ( ٧٧ )

موضوع : الموضوعات لابن الجوزي (٢/٤٣٥ )

إسناده ظلمات : ترتيب الموضوعات للذهبي ( ١٦١ )

എട്ടാമത്തെ ഹദീസ്

❽ " رجبٌ شهرُ اللهِ الأَصَمُّ، من صام من رجبٍ يومًا إيمانًا واحتسابًا اسْتَوْجَبَ رضوانَ اللهِ الأكبرِ "

( യുദ്ധവും കലഹവുമില്ലാതെ ) നിശബ്ദമായ അല്ലാഹുവിന്റെ മാസമാകുന്നു റജബ്. ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആ മാസത്തിലെ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അല്ലാഹുവിന്റെ വലിയ തൃപ്തി അവന്റെ മേൽ നിർബന്ധമായിരിക്കുന്നു

متن لا أصل له : تبيين العجب لابن حجر العسقلاني ( ٢٦ )

ഒമ്പതാമത്തെ ഹദീസ്

❾ " إنَّ رجبَ شهرُ اللهِ ويُدعى الأصمَّ، وكان أهلُ الجاهليَّةِ إذا دخل رجبُ يُعطِّلون أسلحتَهم ويضعونها، وكان النّاسُ ينامون ويأمنُ السُّبُلُ، ولا يخافون بعضُهم بعضًا حتّى ينقضيَ " 

 നിശ്ചയം, റജബ് അല്ലാഹുവിന്റെ മാസമാകുന്നു. ( യുദ്ധവും കലഹവുമില്ലാത്ത ) മാസമെന്നും അതിനെ പേര് വിളിക്കാറുണ്ട്. ജാഹിലിയ്യത്തിലുള്ളവർ റജബ് മാസമായാൽ തങ്ങളുടെ ആയുധങ്ങൾ എടുത്ത് വെക്കുമായിരുന്നു. അതിനാൽ ജനങ്ങൾ സ്വസ്ഥരായി ഉറങ്ങുകയും അവരുടെ വഴികൾ നിർഭയത്വമുള്ളതാവുകയും ചെയ്തിരുന്നു. ആ മാസം കഴിയുന്നത് വരെ അവർക്ക് പരസ്പരം ഭയമില്ലായിരുന്നു

منكر : شعب الإيمان للبيهقي (٣/١٣٩٣) 

إسناده ضعيف : فضائل الأوقات للبيهقي ( ٩ )

പത്താമത്തെ ഹദീസ്

❿ " إنَّ في الجنةِ نهْرًا يُقالُ لهُ: رجَبُ أشدُّ بياضًا من اللبَنِ، وأحلى من العسَلِ، مَنْ صامَ يومًا من رجَبَ سقاهُ اللهُ من ذلكَ النَّهْرِ. "

നിശ്ചയം, സ്വർഗത്തിൽ ' റജബ് ' എന്ന് പേരുള്ള ഒരു നദിയുണ്ട്. ( അതിലെ പാനീയം ) പാലിനെക്കാൾ വെളുപ്പും തേനിനെക്കാൾ മധുരമുള്ളതുമായിരിക്കും. ആരെങ്കിലും റജബിലെ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ ആ നദിയിൽ നിന്നും അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്

  ضعيف الجامع للألباني (١٩٠٢)

പതിനൊന്നാമത്തെ ഹദീസ്

⓫ في رجبٍ يومٌ وليلةٌ من صامَ ذلكَ اليومَ وقامَ تلكَ الليلةَ كان كمن صامَ من الدهرِ مائةَ سنةٍ وقامَ مائةَ سنةٍ، وهو لثلاثٍ بَقِينَ من رجبٍ، وفيه بعثَ اللهُ محمدا ﷺ

റജബിൽ ഒരു രാത്രിയും പകലുമുണ്ട്; ആരെങ്കിലും ആ പകലിൽ നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയുമാണെങ്കിൽ അവൻ നൂറ് വർഷം നോമ്പും നമസ്കാരവും അനുഷ്ഠിച്ചവനെപ്പോലെയാണ്. റജബിൽ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴത്രെ ആ ദിനം ( അതായത് റജബ് 27 ന് ), അന്നാകുന്നു മുഹമ്മദ് നബിയെ അല്ലാഹു പ്രവാചകനായി നിയോഗിച്ചത്  

منكر إلى الغاية : تبيين العجب لابن حجر العسقلاني. ( ٤٣ ) 

منكر : شعب الإيمان للبيهقي ( ٣/١٣٩٧ )

പന്ത്രണ്ടാമത്തെ ഹദീസ്

⓬ رجبُ شهرٌ عظيمٌ، يضاعفُ اللهُ فيه الحسناتِ؛ فمن صام يومًا من رجبَ؛ فكأنما صام سنةً، ومن صام منهُ سبعةَ أيامٍ؛ غُلِّقتْ عنه سبعةُ أبوابِ جهنمَ، ومن صام منه ثمانيةَ أيامٍ؛ فُتحتْ له ثمانيةُ أبوابِ الجنةِ، ومن صام منه عشرةَ أيامٍ؛ لم يسألِ اللهَ شيئًا إلا أعطاه إياهُ، ومن صام منه خمسةَ عشرَ يومًا؛ نادى منادٍ في السماءِ: قد غُفر لك ما مضى، فاستأنفِ العملَ، ومن زاد؛ زاده اللهُ عز وجل. 

റജബ് മഹത്വമേറിയ മാസമാകുന്നു. നന്മകൾക്ക് ആ മാസത്തിൽ ഇരട്ടികളായി പ്രതിഫലം ലഭിക്കുന്നതാണ്. ആരെങ്കിലും അതിലെ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അവൻ ഒരു വർഷം നോമ്പനുഷ്ഠിച്ചവനെപ്പോലെയാണ്, ഇനി ആരെങ്കിലും ഏഴ് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ നരകത്തിന്റെ ഏഴ് കവാടങ്ങൾ അവന്റെ മേൽ അടക്കപ്പെടുന്നതാണ്‌, ഇനി ആരെങ്കിലും എട്ട് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ സ്വർഗത്തിന്റെ എട്ട് കവാടങ്ങൾ അവനുവേണ്ടി തുറക്കപ്പെടുന്നതാണ്, ഇനി ആരെങ്കിലും പത്ത് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ അവൻ ചോദിക്കുന്നതെല്ലാം അല്ലാഹു അവന് നൽകുന്നതാണ്, ഇനി ആരെങ്കിലും പതിനഞ്ച് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ ആകാശത്ത് നിന്നും വിളിച്ച് പറയുന്നവൻ ഇപ്രകാരം പറയും : താങ്കളുടെ മുൻ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു; താങ്കൾ സൽ പ്രവർത്തനങ്ങൾ തുടർന്ന് കൊള്ളുക. ഇനി ആരെങ്കിലും ഇതിലധികം വർധിപ്പിക്കുകയാണെങ്കിൽ അല്ലാഹു അവനും വർദ്ധിപ്പിച്ച് നൽകുന്നതാണ്. 

موضوع : السلسلة الضعيفة للألباني (٥٤١٣)  

പതിമൂന്നാമത്തെ ഹദീസ്

⓭ أنَّ رسولَ اللهِ ﷺ لم يصُمْ بعد رمضانَ إلّا رجبَ وشعبانَ

 റമദ്വാനിന് ശേഷം റജബിലും ശഅ്ബാനിലുമല്ലാതെ റസൂൽ നോമ്പനുഷ്ഠിച്ചിരുന്നില്ല

إسناده ضعيف : شعب الإيمان للبيهقي (٣/١٣٩٣)

 منكر : تبيين العجب لابن حجر العسقلاني (٢٠)

പതിനാലാമത്തെ ഹദീസ്

⓮ مَن صامَ ثلاثة أيّامٍ مِن رجبٍ كتبَ اللَّهُ لَهُ صيامَ شَهْرٍ، ومَن صامَ سبعةَ أيّامٍ أغلقَ عنه سبعةَ أبوابٍ النّارِ، ومَن صامَ ثمانيةَ أيّامٍ فتحَ الله لَهُ ثمانيةَ أبوابٍ الجنَّةِ، ومَن صامَ نصفَ رجبٍ كتبَ الله لَهُ رضوانَهُ، ومَن كتبَ الله لَهُ رضوانَهُ لم يعذِّبهُ، ومَن صامَ رجبًا كُلَّهُ حاسبَهُ الله حِسابًا يسيرًا

ആരെങ്കിലും റജബിലെ മൂന്ന് ദിവസം നോമ്പനുഷ്ഠിച്ചാൽ അവന് ഒരുമാസം നോമ്പനുഷ്ഠിച്ച പ്രതിഫലം രേഖപ്പെടുത്തുന്നതാണ്, ഇനി ആരെങ്കിലും ഏഴ് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ നരകത്തിന്റെ ഏഴ് വാതിലുകൾ അവന്റെ മേൽ അടക്കപ്പെടുന്നതാണ്, ഇനി ആരെങ്കിലും എട്ട് ദിവസമാണ് നോമ്പനുഷ്ഠിക്കുന്നതെങ്കിൽ സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങൾ അവന് വേണ്ടി അല്ലാഹു തുറക്കുന്നതാണ്, ഇനി ആരെങ്കിലും ആ മാസത്തിന്റെ പകുതി നോമ്പനുഷ്ഠിച്ചാൽ അവന്റെ മേൽ അല്ലാഹു അവന്റെ തൃപ്തി രേഖപ്പെടുത്തുന്നതാണ്. ആരിലാണോ അല്ലാഹു അവന്റെ തൃപ്തി രേഖപ്പെടുത്തിയത് അവനെ ശിക്ഷിക്കുകയില്ല, ഇനി ആരെങ്കിലും റജബ് മുഴുവൻ നോമ്പനുഷ്ഠിച്ചാൽ അല്ലാഹു അവനെ ലഘുവായ വിചാരണയെ ചെയ്യുകയുള്ളൂ

[فيه] عمرو بن الأزهري : كذبه يحيى بن معين وغيره ، وأبان معروف بوضع الحديث : تبيين العجب لابن حجر العسقلاني (٢٧)

പതിനഞ്ചാമത്തെ ഹദീസ്

⓯ مَن صلّى المغرِبَ في أوَّلِ ليلةٍ من رَجَبٍ، ثُمَّ صلّى بعدَها عشرينَ ركعَةً، يقرَأُ في كلِّ ركعَةٍ بفاتِحةِ الكتابِ، وقُلْ هُوَ اللَّهُ أَحَدٌ مرَّةً، ويسلِّمُ فيهنَّ عشرَ تسليماتٍ، أتدرونَ ما ثوابُهُ؟ فإنَّ الرُّوحَ الأمينَ جِبريلَ علَّمني ذلكَ، قلتُ: اللَّهُ ورسولُهُ أعلَمُ، قال: حفِظَهُ اللَّهُ في نفسِهِ وأهلِهِ ومالِهِ وولَدِهِ، وأُجيرَ من عذابِ القَبرِ، وجازَ على الصِّراطِ كالبرقِ بغيرِ حسابٍ ولا عذابٍ. 

നബി ﷺ പറഞ്ഞു : റജബിലെ ആദ്യ രാത്രിയിൽ മഗ്‌രിബ് നമസ്കരിച്ചതിന് ശേഷം ഇരുപത് റക്അത്ത് നമസ്കരിക്കുകയും അതിലെ ഒരോ റക്അത്തിലും ഫാതിഹയും قل هو الله أحد ( സൂറതുൽ ഇഖ്‌ലാസും ) ഒരു തവണ പാരായണം ചെയ്യുകയും അങ്ങനെ പത്ത് തവണകളായി സലാം വീട്ടി നമസ്കരിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലമെന്താണെന്ന് നിങ്ങൾക്കറിയാമോ.? നിശ്ചയം ജിബ്‌രീൽ - عليه السلام - എനിക്കത് പഠിപ്പിച്ച് നൽകിയിട്ടുണ്ട്. ( ഇതു കേട്ട സ്വഹാബി ) പഞ്ഞു : അല്ലാഹുവും അവന്റെ റസൂലുമാണ് ഏറ്റവും നന്നായി അറിയുന്നവർ. അപ്പോൾ റസൂൽ ﷺ പറഞ്ഞു : അല്ലാഹു അവനെയും അവന്റെ കുടുംബം, സമ്പത്ത്, മക്കൾ ഇവയെല്ലാം സംരക്ഷിക്കുന്നതാണ്. അതു പോലെ ക്വബ്റ് ശിക്ഷയിൽ നിന്നും രക്ഷ നൽകപ്പെടുകയും ശിക്ഷയും വിചാരണയും കൂടാതെ മിന്നൽ വേഗത്തിൽ സ്വിറാത്ത് പാലം മുറിച്ച് കടക്കുകയും ചെയ്യും. 

باطل : تبيين العجب لابن حجر العسقلاني (٣١) 

 موضوع : الموضوعات لابن الجوزي (٢/٤٣٤) 

പവിത്ര മാസത്തിന്റെ ശ്രേഷ്ഠത ഉൾകൊള്ളുകയും തിന്മകൾ കൊണ്ട് അത് കളങ്കപ്പെടുത്താതിരി ക്കുവാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.ആമീൻ

പങ്കിടുക: