നോമ്പ് 03 -ആമുഖം

Mohammed Shafeeque Madeena
February 10, 2026
276 കാഴ്ചകൾ
നോമ്പ്  03 -ആമുഖം

بسم الله الرحمن الرحيم

മനുഷ്യ സൃഷ്ടിപ്പിന്‍റെ ലക്ഷ്യമായി  അല്ലാഹു പറഞ്ഞു

{وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ } [الذاريات: 56] 

“ജിന്നുകളെയും മനുഷ്യരെയും എന്നെ ഇബാദത്ത് ചെയ്യാന്‍ വേണ്ടി അല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” 

    പരിശുദ്ധ റമദാനിലെ നോമ്പിന്‍റെ വിധിവിലക്കുകള്‍ മനസ്സിലാക്കുന്നതിനുമുന്‍പ് എല്ലാ ഇബാദത്തുകളിലും നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍അറിയേണ്ടതുണ്ട്.

ഇബാദത്തുകള്‍ സ്വീകാര്യയോഗ്യമാകാനുള്ള രണ്ട് നിബന്ധനകള്‍

1. ഇഖ്ലാസ് ( الاخلاص) : എല്ലാ ഇബാദത്തുകളും അല്ലാഹുവിനു വേണ്ടിമാത്രമാക്കുക

ഇബാദത്തുകളില്‍ വലിയ ശിര്‍ക്കോ (അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുക, അല്ലാഹു അല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയാക്കുക പോലെയുള്ളത് )ചെറിയശിര്‍ക്കോ ( ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി അമലുകള്‍ ചെയ്യുക പോലെയുള്ളത് ) ഇല്ലാതിരിക്കുക  എന്നതാണ് ഇഖ്ലാസ് കൊണ്ടുള്ള വിവക്ഷ.

2. മുത്താബഅത്തുല്‍ റസൂല്‍ (متابعة الرسول ):  റസൂലിന്‍റെ സുന്നത്തിനോട്( അല്ലാഹുവും റസൂലും നിയമമാക്കിയതിനോട്) യോജിച്ചുവരിക.

നബിﷺയുടെ വഫാത്തിന് ശേഷം റസൂലിന്‍റെ സുന്നത്തു കൊണ്ട് ഉദ്ദേശിക്കുന്നത്സ്ഥിരപ്പെട്ടു വന്ന   ഹദീസുകളാണ് .അത്  സ്വഹാബാക്കളടങ്ങുന്ന സലഫുകള്‍മനസ്സിലാക്കിയത് പോലെ പിന്‍പറ്റണം.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.......و إياكم و محدثات الأمور ، فإن كل محدثة بدعة و كل بدعة ضلالة (الطبراني ) 

നബിﷺപറഞ്ഞു:“(ദീനില്‍)പുതുനിര്‍മ്മിതമായ കാര്യങ്ങളെ നിങ്ങള്‍സൂക്ഷിക്കുക എല്ലാ പുതു നിര്‍മ്മിതമായ കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും (പുത്തനാചാരങ്ങളും) വഴികേടാണ്.”

ഇവ രണ്ടും അമലുകള്‍ സ്വീകരിക്കപ്പെടാനുള്ള അടിസ്ഥാനങ്ങളാണ് .അല്ലാഹു പറഞ്ഞു : 

{فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا }  سورة الكهف : 110

"അതിനാല്‍ വല്ലവനും തന്‍റെ റബ്ബുമായി കണ്ടുമുട്ടണമെന്ന്ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ റബ്ബിനുള്ള ഇബാദത്തില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയുംചെയ്തുകൊള്ളട്ടെ"

നബി ﷺ പറഞ്ഞു

عَنْ ‌عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ »

''(ഇബാദത്തില്‍)നമ്മുടെ കല്‍പ്പന ഇല്ലാത്ത എന്തെങ്കിലും ഒരുകാര്യം ഒരാള്‍ ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്.''(ബുഖാരി,മുസ്ലിം )

നമ്മുടെ നോമ്പ് അല്ലാഹുവും റസൂലുംﷺ പഠിപ്പിച്ചത് പോലെയാവാന്‍വേണ്ടിയാണ് നോമ്പിന്‍റെ വിധിവിലക്കുകളുമായി ബന്ധപ്പെട്ട ഈ പഠനം.അല്ലാഹുവും റസൂലും ﷺപഠിപ്പിച്ചത് പോലെ പരിപൂര്‍ണ്ണമായ ഇഖ്ലാസോടുകൂടി എല്ലാ  ഇബാദത്തുകളും ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ- ആമീന്‍.  

പലപ്പോഴും നമ്മുടെ ഇബാദത്തുകള്‍; പ്രത്യേകിച്ച് നിസ്കാരവുംനോമ്പുമൊക്കെ, യാന്ത്രികമായി ചെയ്യുന്ന കേവലം ചില പ്രവര്‍ത്തനം മാത്രമായിചുരുങ്ങാറുണ്ട്. അല്ലാഹു സ്വീകരിക്കുന്ന ഇബാദത്തായി മാറണമെങ്കില്‍ ചിലഅടിസ്ഥാന കാര്യങ്ങള്‍ കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്.പണ്ഡിതന്മാര്‍ ഇബാദത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായി മൂന്നു കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ഇബാദത്തിന്‍റെ അടിസ്ഥാന ഘടകങ്ങള്‍

  1. പരിപൂര്‍ണ്ണ സ്നേഹം.
  2. അല്ലാഹുവിലുള്ള പ്രതീക്ഷ.
  3. ​അല്ലാഹുവിലുള്ള ഭയം.

മസ്ജിദുന്നബവിയിലെ പ്രഗല്‍ഭ പണ്ഡിതനായ അബ്ദു    റസാഖ് അല്‍ ബദർ حفظه الله  വിവരിക്കുന്നു:

     "അല്ലാഹുവിനോടുള്ള പരിപൂര്‍ണമായ സ്നേഹത്താലും, അവന്‍റെ പ്രതിഫലങ്ങളിലുള്ള 

ഉറച്ച പ്രതീക്ഷയിലും അവന്‍റെ ശിക്ഷയെ കുറിച്ചുള്ള ഭയപ്പാടിലുമായി കൊണ്ടാണ് അവനെ

ഇബാദത്ത് ചെയ്യേണ്ടത്.ഈ മൂന്നു കാര്യങ്ങളും അല്ലാഹു അവന്‍റെ പരിശുദ്ധ ഖുര്‍ആനില്‍ ഒരധ്യായത്തില്‍(സൂറത്തുല്‍ ഫാത്തിഹയില്‍ ) ഒരുമിച്ചു പറഞ്ഞിരിക്കുന്നു.

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ 

“സര്‍വ്വസ്തുതിയും സര്‍വ്വലോകങ്ങളുടെയും റബ്ബായ അല്ലാഹുവിനാകുന്നു .”

   ഈ ആയത്തില്‍ " സ്നേഹം" അടങ്ങിയിട്ടുണ്ട് കാരണം അല്ലാഹുവാണ് എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നവന്‍, നല്‍കിയ അനുഗ്രഹങ്ങളുടെ തോതനുസരിച്ച്അനുഗ്രഹം നല്‍കിയവന്‍ സ്നേഹിക്കപ്പെടും , മാത്രമല്ല ‘ഹംദ്’ എന്നാല്‍ സ്നേഹത്തോടുകൂടിയുള്ള  പുകഴ്ത്തലാണ്.

ٱلرَّحۡمَٰنِ ٱلرَّحِيمِ 

“പരമകാരുണികനും കരുണാനിധിയും”. 

ഈ ആയത്തില്‍ "പ്രതീക്ഷ" അടങ്ങിയിട്ടുണ്ട് കാരണം ഒരു മുഅ്മീന്‍ അല്ലാഹുവിന്‍റെ റഹ്മത്തിനെ പ്രതീക്ഷിക്കുകയും അത് ലഭിക്കുവാന്‍ അങ്ങേയറ്റം ആശിക്കുകയും ചെയ്യുന്നു. 

مَٰلِكِ يَوۡمِ ٱلدِّينِ  

“പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥനുമായ (അല്ലാഹുവിന്.) ”

ഈ ആയത്തില്‍ "ഭയം" അടങ്ങിയിട്ടുണ്ട് യൗമുദ്ധീന്‍ എന്നാല്‍ പ്രതിഫലദിനം എന്നാണ് ,(താന്‍ വിചാരണ ചെയ്യപ്പെടുന്ന ആ ദിവസത്തെ സത്യവിശ്വാസികൾ കഠിനമായി ഭയക്കുന്നു) തുടർന്ന് ..

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ

“നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു.നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” എന്ന ആയത്ത്. അതായത് ; 'റബ്ബേ നിന്നോടുള്ള സ്നേഹത്താലും പ്രതീക്ഷയാലും ഭയത്താലും നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു'.

നബിമാരുടെ വിശേഷണങ്ങളെ പറ്റി അല്ലാഹു പറഞ്ഞു:

{إِنَّهُمْ كَانُوا يُسَارِعُونَ فِي الخَيْرَاتِ وَيَدْعُونَنَا رَغَباً وَرَهَباً وَكَانُوا لَنَا خَاشِعِينَ}

(നബിമാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ചു കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്താഴ്മ കാണിക്കുന്നവരുമായിരുന്നു. (അമ്പിയാഅ് 90)   

സലഫുകളില്‍ ചിലര്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'കേവല സ്നേഹം കൊണ്ട്മാത്രം ഒരാള്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്താൽ  അവന്‍   زنديق സിന്‍ദീക്ക് ആണ് (നിര്‍മ്മതവാദി).

പ്രതീക്ഷയര്‍പ്പിച്ചു മാത്രം ഒരാള്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്താൽ അവന്‍  ( مرجئ ) മുര്‍ജിഅ് ആണ്.

ഭയത്തോട്കൂടി മാത്രം ഒരാള്‍ അല്ലാഹുവിനെ ഇബാദത്ത് ചെയ്താൽ അവന്‍ (حروري ) ഹറൂറി ആണ് എന്നാൽ ആരെങ്കിലും സ്നേഹത്തോടെയും ഭയത്തോടെയും പ്രതീക്ഷയോടെയും കൂടി അല്ലാഹുവിനെ ആരാധിക്കുന്നോ അവനാണ് യഥാർത്ഥ മുവഹിദായ മുഅ്മിന് .

    ഈമാനിന്‍റെ മാധുര്യം നുകര്‍ന്ന് അല്ലാഹുവിനെ പരിപൂര്‍ണ്ണമായിസ്നേഹിച്ചും, മുഅ്മിനീങ്ങള്‍ക്കായി അല്ലാഹു ഒരുക്കിയിട്ടുള്ള അവന്‍റെവിശാലമായ സ്വര്‍ഗ്ഗം പ്രതീക്ഷിച്ചും, സത്യനിഷേധികള്‍ക്കായി അവന്‍ ഒരുക്കിയിട്ടുള്ളശിക്ഷയുടെ കേന്ദ്രമായ നരകത്തില്‍ അകപ്പെടുന്നതിനെ ഭയപ്പെട്ടുകൊണ്ടും ശിഷ്ടകാലം ഇബാദത്തിലായി കഴിച്ചുകൂട്ടാന്‍ നാം ഓരോരുത്തരും പരിശ്രമിക്കുക.അല്ലാഹു തൗഫീഖ് നല്‍കട്ടെ...ആമീന്‍.

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞു :

{سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ } 

"നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേ ക്കുംനിങ്ങള്‍ മുന്‍ കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശഭൂമികളുടെവിസ്തൃതിക്ക് സമാനമാണ് . അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലുംവിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു.  അത് അല്ലാഹുവിന്‍റെഅനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു.അല്ലാഹുഅപാരമായ ഔദാര്യത്തിനുടമയാകുന്നു."(ഹദീദ് : 21)

الله تعالى أعلم و صلى الله على نبينا محمد و على آله وصحبه وسلم

പങ്കിടുക: