പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽലിങ്ക് കോപ്പി ചെയ്തു!
ലജ്നത്തുദ്ദാഇമയുടെ 21160 നമ്പർ (തിയതി : 8/11/1420) ഫത്വയുടെ ആശയ വിവരണം
വിവർത്തനം : അനസ് നദീരി
ജുമുഅയും പെരുന്നാളും ഒരുമിച്ച് വരുന്ന സാഹചര്യത്തിൽ പെരുന്നാൾ ദിവസത്തിലെ ജുമുഅ നിസ്കാരവുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കേണ്ട സുപ്രധാന മസ്അലയാണ് ഈ കുറിപ്പിലെ വിഷയം.
നബി ﷺ യിൽ നിന്നും സ്വഹാബികളിൽ നിന്നും ഈ വിഷയത്തിൽ ഹദീസുകളും ആസാറുകളും സ്ഥിരപ്പെട്ടിട്ടുണ്ട്;ലിങ്ക് കോപ്പി ചെയ്തു!
1- രണ്ട് ഈദുകൾ (അഥവാ ജുമുഅയും പെരുന്നാളും) ഒരുമിച്ചു വന്ന സന്ദർഭത്തിൽ താങ്കൾ നബി ﷺ യുടെ കൂടെയുണ്ടായിരുന്നോ എന്ന് മുആവിയ رضي الله عنه സൈദു ബ്നു അർഖം رضي الله عنه വിനോട് ചോദിച്ചപ്പോൾ അദ്ദേഹം അതെയെന്ന് ഉത്തരം നൽകി. അന്ന് റസൂൽ ﷺ എങ്ങനെയാണ് ചെയ്തത് എന്ന് അന്വേഷിച്ചപ്പോൾ സൈദ് رضي الله عنه നൽകിയ വിവരണം ഇപ്രകാരമായിരുന്നു;
صلَّى العِيدَ ثمَّ رخَّصَ في الجُمُعةِ، فقال: مَن شاءَ أنْ يُصلِّيَ، فليصلِّ
“അവിടുന്ന് ഈദ് നിസ്കാരം നിർവഹിച്ച ശേഷം ജുമുഅയുടെ കാര്യത്തിൽ ഇളവ് നൽകിക്കൊണ്ട് പറഞ്ഞു: ജുമുഅ നിസ്കരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നിസ്കരിക്കാം.”
(അബൂദാവൂദ്, നസാഈ, ഇബ്നുമാജഃ, അഹ്മദ് തുടങ്ങിയവർ റിപ്പോർട്ട് ചെയ്യുകയും അലിയ്യ് ബ്നുൽ മദീനി, നവവി, അൽബാനി, അഹ്മദ് ഷാക്കിർ رحمهم الله جميعا തുടങ്ങിയ മുഹദ്ദിസുകൾ ഇതിന്റെ പരമ്പര സ്വീകാര്യമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.)
2- ഒന്നാമത്തെ റിപ്പോർട്ടിനെ ബലപ്പെടുത്തുന്നതാണ് അബൂഹുറൈയ്റ رضي الله عنه നിവേദനം ചെയ്യുന്ന ഹാകിം, അബൂ ദാവൂദ്, ഇബ്നുമാജഃ رحمهم الله തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത ഹദീസ്;
നബി ﷺ പറഞ്ഞു:
قد اجتمع في يومكم هذا عيدان، فمن شاء أجزأه من الجمعة، وإنا مجمعون
“ഇന്ന് നിങ്ങൾക്ക് രണ്ട് ഈദുകൾ ഒരുമിച്ചു വന്നിരിക്കുന്നു. അതുകൊണ്ട് ജുമുഅക്ക് പങ്കെടുക്കാതെ പെരുന്നാൾ നിസ്കാരത്തിനു മാത്രം പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് മതിയാകുന്നതാണ്. നാമാകട്ടെ, ജുമുഅ നിസ്കരിക്കുന്നതുമാണ്.”
3- ഇബ്നു ഉമർ رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നപ്പോൾ പെരുന്നാൾ നിസ്കാരം നിർവഹിച്ച ശേഷം നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:
من شاء أن يأتي الجمعة فليأتها، ومن شاء أن يتخلف فليتخلف
“ഇനി ആരെങ്കിലും ജുമുഅക്ക് പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ വന്നുകൊള്ളട്ടെ. ആരെങ്കിലും വരാതിരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് അതും ആകാവുന്നതാണ്.”(ഇബ്നു മാജഃ)
4- ഇബ്നു അബ്ബാസ് رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:
اجتمع عيدان في يومكم هذا فمن شاء أجزأه من الجمعة، وإنا مجمعون إن شاء الله
“ഇന്ന് നിങ്ങൾക്ക് രണ്ട് ഈദുകൾ ഒരുമിച്ച് വന്നിരിക്കുന്നു. അതുകൊണ്ട് ആരാണോ പെരുന്നാൾ നിസ്കാരത്തിന് മാത്രം പങ്കെടുക്കാൻ ഉദ്ദേശിക്കുന്നത് അവർക്ക് അത് മതിയാകുന്നതാണ്. ജുമുഅക്ക് പങ്കെടുക്കേണ്ടതില്ല. നാം -ഇൻ ഷാ അല്ലാഹ്- ജുമുഅ നിസ്കരിക്കുന്നതാണ്.”
(ഇബ്നു മാജഃ, ശിഹാബുദ്ദീൻ അൽ ബൂസ്വൂരി ഇതിന്റെ നിവേദക പരമ്പര സ്വീകാര്യമാണെന്ന് രേഖപ്പെടുത്തി.)
5- ദക്വാൻ ബ്നു സ്വാലിഹ് رحمه الله മുർസലായി കൊണ്ട് ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നപ്പോൾ പെരുന്നാൾ നിസ്കരിച്ച ശേഷം ഖുതുബ നിർവഹിക്കാൻ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു:
قد أصبتم ذكراً وخيراً وإنا مجمعون، فمن أحب أن يجلس فليجلس -أي في بيته- ومن أحب أن يجمع فليجمع
“നിങ്ങൾ പുണ്യവും ദിക്റും നേടി കഴിഞ്ഞിരിക്കുന്നു. ജുമുഅ നിസ്കാരം നാം നിർവഹിക്കുന്നതാണ്. ആരെങ്കിലും അതിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്തു കൊള്ളുക. ജുമുഅക്ക് സന്നിഹിതരാകാൻ ഉദ്ദേശിക്കുന്നവർ വന്ന് ജുമുഅ നിസ്കരിക്കുകയും ചെയ്യുക.”(ബൈഹഖി)
6- ഇബ്നു സുബൈർ رضي الله عنه ജനങ്ങളുമായി പെരുന്നാൾ നിസ്കരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി ജുമുഅ നിസ്കാരത്തിന് വരാതിരുന്നപ്പോൾ ജനങ്ങൾ ഒറ്റയ്ക്ക് നിസ്കരിച്ചു. ഇതിനെക്കുറിച്ച് ഇബ്നു അബ്ബാസ് رضي الله عنه വിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
أصاب السنة
“അദ്ദേഹം സുന്നത്ത് അനുസരിച്ച് പ്രവർത്തിച്ചിരിക്കുന്നു.”(അബൂ ദാവൂദ്)
ഇബ്നു മാജയുടെ റിപ്പോർട്ടിൽ ഇബ്നു സുബൈർ رضي الله عنه ഇപ്രകാരം പറഞ്ഞതായും കാണാം:
رأيت عمر بن الخطاب إذا اجتمع عيدان صنع مثل هذا
“ഉമറു ബ്നുൽ ഖത്ത്വാബ് رضي الله عنه ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നപ്പോൾ ഇപ്രകാരം ചെയ്തതായി ഞാൻ കണ്ടിട്ടുണ്ട്.”
7- സമാനമായ സാഹചര്യത്തിൽ ഉസ്മാൻ رضي الله عنه പെരുന്നാൾ നിസ്കരിച്ച ശേഷം ജനങ്ങളോട് പറഞ്ഞു:
يا أيها الناس إن هذا يوم قد اجتمع لكم فيه عيدان، فمن أحب أن ينتظر الجمعة من أهل العوالي فلينتظر، ومن أحب أن يرجع فقد أذنت له
“ജനങ്ങളെ, ഇന്ന് നിങ്ങൾക്ക് രണ്ട് ഈദുകൾ ഒരുമിച്ചു വന്നിരിക്കുന്നു. അതുകൊണ്ട് അവാലി പ്രദേശത്തുള്ളവരിൽ ആരെങ്കിലും ജുമുഅ നിസ്കരിക്കാനായി കാത്തുനിൽക്കുന്നുണ്ടെങ്കിൽ അവർക്ക് കാത്തുനിൽക്കാം. അല്ലാത്തവർക്ക് മടങ്ങിപ്പോകാനും ഞാൻ അനുവാദം നൽകിയിരിക്കുന്നു.”(ബുഖാരി).
8- ഇതേ സാഹചര്യത്തിൽ അലി رضي الله عنه പറഞ്ഞു:
من أراد أن يجمع فليجمع، ومن أراد أن يجلس فليجلس
“ആരെങ്കിലും ജുമുഅക്ക് പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് പങ്കെടുക്കാം. വീട്ടിൽ തന്നെ ഇരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അങ്ങനെയും ആകാം.”(മുസ്വന്നഫു അബ്ദിർറസാഖ്)
ഈ ഹദീസുകളുടെയും ആസാറുകളുടെയും അവയെ വിവരിച്ച ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ നിലപാടിന്റെയും അടിസ്ഥാനത്തിൽ ഈ സമിതി താഴെപ്പറയുന്ന മതവിധികൾ വ്യക്തമാക്കുന്നു;
- പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തവർക്ക് ജുമുഅ നിസ്കാരത്തിന് പങ്കെടുക്കാതിരിക്കാൻ ഇളവുണ്ട്. പങ്കെടുക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്.
- പെരുന്നാൾ നിസ്കാരത്തിന് പങ്കെടുക്കാത്തവർക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.
- ഉദ്ദേശിക്കുന്നവർക്ക് പങ്കെടുക്കാൻ വേണ്ടിയും പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കാത്തവർക്ക് വേണ്ടിയും പള്ളികളിൽ ഇമാം നിർബന്ധമായും ജുമുഅ നടത്തണം.
- പെരുന്നാൾ നിസ്കാരത്തിന് പങ്കെടുത്ത് ജുമുഅക്ക് പങ്കെടുക്കാത്തവർ ളുഹ്ർ നിസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കണം.
- ജുമുഅ നിസ്കാരം സംഘടിപ്പിക്കപ്പെടുന്ന പള്ളികളിലല്ലാതെ അന്ന് ബാങ്ക് വിളിക്കേണ്ടതില്ല. അഥവാ, അന്ന് ളുഹ്ർ നിസ്കാരത്തിനായി പള്ളികളിൽ ബാങ്ക് വിളിക്കരുത്.
- പെരുന്നാൾ നിസ്കാരത്തിന് പങ്കെടുത്തവർ ജുമുഅയോ ളുഹ്റോ നിസ്കരിക്കേണ്ടതില്ല എന്ന അഭിപ്രായം ശരിയല്ല. അത് സുന്നത്തിൽ സ്ഥിരപ്പെട്ടതിന് വിരുദ്ധവും അല്ലാഹു നിർബന്ധമാക്കിയ ളുഹ്ർ നിസ്കാരത്തിൽ തെളിവില്ലാതെ ഇളവ് നൽകുന്നതുമായത് കൊണ്ട് പണ്ഡിതന്മാർ അവഗണിക്കുകയും തെറ്റായ നിലപാടാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
والله تعالى أعلم وصلى الله على نبينا محمد وآله وصحبه وسلم.
•┈┈┈┈•✿❁✿•┈┈┈┈•
