شروط وجوب الصيامലിങ്ക് കോപ്പി ചെയ്തു!
നോമ്പ് നിർബന്ധമാകാനുമുള്ള നിബന്ധനകൾലിങ്ക് കോപ്പി ചെയ്തു!
മുഹമ്മദ് ശഫീഖ് മദീന
بسم الله الرحمن الرحيم
ആർക്കൊക്കെയാണ് നോമ്പ് നിർബന്ധം ?
പ്രായപൂർത്തിയും, ബുദ്ധിയുമുള്ള , ആരോഗ്യവാനായ മുഴുവൻ മുസ്ലിമീങ്ങൾക്കും നോമ്പ് നിർബന്ധമാണ് ,
സ്ത്രീകൾക്ക് അവരുടെ ആർത്തവകാലത്തും , പ്രസവാനന്തര രക്തസ്രാവ വേളയിലും നോമ്പ് എടുക്കേണ്ടതില്ല. നോമ്പിൽ ഇളവ് നൽകപ്പെട്ടവർക്ക് പ്രത്യേകം വിധികളുണ്ട് ,അത് പിന്നീട് വിവരിക്കുന്നതാണ്.
നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനകൾ.
1. മുസ്ലിമാവുക.
2. പ്രായപൂർത്തി ആവുക.
3. ബുദ്ധി ഉണ്ടാവുക.
4. നോമ്പെടുക്കാനുള്ള ആരോഗ്യമുണ്ടായിരിക്കുക.
ഈ കാര്യങ്ങൾ അല്പം വിശദീകരണത്തോടെ മനസ്സിലാക്കാം.
ഒന്ന് : മുസ്ലിമാവുക.
ഇത് നോമ്പ് നിർബന്ധമാകാനും, അത് സ്വീകാര്യയോഗ്യമാവാനുമുള്ള നിബന്ധനയാണ്.
അതുകൊണ്ടു തന്നെ അമുസ്ലിമായ ഒരാൾക്ക് (കാഫിറുകൾക്ക് ) നോമ്പ് നിർബന്ധമല്ല എന്ന് മാത്രമല്ല കുഫ്റിലായിക്കൊണ്ട് (ഇസ്ലാം മതം സ്വീകരിക്കാതെ) നോമ്പെടുത്താൽ അത് (സ്വഹീഹ്) സ്വീകാര്യയോഗ്യവുമല്ല.
പലപ്പോഴും നമ്മുടെ നാടുകളിൽ അമുസ്ലിംകളായ ഒരാൾ റമദാനിൽ നോമ്പെടുക്കുന്നത് വലിയ വാർത്തയായി ആഘോഷിക്കാറുണ്ട് ,യഥാർത്ഥത്തിൽ അതിന് അല്ലാഹുവിന്റെ അടുക്കൽ യാതൊരു പുണ്യവുമില്ല.
ഒരു മുസ്ലിം സന്തോഷിക്കേണ്ടത് അമുസ്ലിംകളായ ഒരാൾ ശാശ്വതമായ നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായ ഇസ്ലാം ആശ്ലേഷിക്കുമ്പോഴാണ്.
കാഫിറായ ഒരുവൻ നിസ്കാരം, നോമ്പ് പോലെയുള്ള നിർബന്ധ കർമ്മങ്ങൾ ഒഴിവാക്കിയതിന്റെ പേരിലും ശിക്ഷിക്കപ്പെടുമോ ?
ഒരാൾ കാഫിറായി തന്നെ മരണപ്പെട്ടാൽ തൻറെ കുഫ്റിനാൽ കാലാകാലം നരക ശിക്ഷ അനുഭവിക്കേണ്ടിവരും. മാത്രമല്ല നിസ്കാരം, നോമ്പ് പോലെയുള്ള നിർബന്ധ കർമ്മങ്ങൾ നിർവഹിക്കാത്തതിനാൽ അതിൻറെ ശിക്ഷയും അനുഭവിക്കേണ്ടിവരും.
ഒരാൾ മുസ്ലിമായാൽ( ഇസ്ലാമിലേക്ക് പ്രവേശിച്ചാൽ) അതിനു മുൻപുള്ള കാലയളവിലെ നോമ്പുകൾ അവൻ നോറ്റുവീട്ടേണ്ടതില്ല.
രണ്ട് : പ്രായപൂർത്തിയാവുക.
നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനയാണ് പ്രായപൂർത്തിയാവൽ.
പ്രായപൂർത്തിയാകാത്ത അവസ്ഥയിൽ റമദാനിൽ നോമ്പെടുക്കാതിരിക്കുകയും എന്നാൽ ശവ്വാൽ പിറക്കുന്നതോടുകൂടി പ്രായപൂർത്തിയാവുകയും ചെയ്താൽ അവൻ നോമ്പ് ഖദാഅ് (قضاء വീട്ടേണ്ടതില്ല).
പ്രായപൂർത്തിയാവുക എന്നത് നോമ്പ് സ്വീകരിക്കപ്പെടാനുള്ള നിബന്ധനയല്ല .ആ അവസ്ഥ യിൽ നോമ്പെടുത്താൽ അവന്റെ നോമ്പ് സ്വീകാര്യയോഗ്യമാണ്. അവന് പ്രതിഫലം ലഭിക്കുകയും ചെയ്യും.അതിനുവേണ്ടി അവനെ പ്രേരിപ്പിച്ച മാതാപിതാക്കൾക്കും അതിനുള്ള പ്രതിഫലം ലഭിക്കും.
ആൺകുട്ടി പ്രായപൂർത്തിയായി എന്ന് എങ്ങനെയാണ് മനസ്സിലാക്കുക
1. സ്ഖലനം സംഭവിക്കുക.
2. ഗുഹ്യ അവയങ്ങൾക്കു ചുറ്റും കട്ടിയുള്ള രോമങ്ങൾ വളരുക ( ശ്രദ്ധിക്കുക: കട്ടിയില്ലാത്ത കൊഴിഞ്ഞുപോകുന്ന നേർത്ത രോമങ്ങളാണെങ്കിൽ അത് പ്രായപൂർത്തിയുടെ അടയാളമല്ല എന്ന് പണ്ഡിതന്മാർ ഓർമിപ്പിക്കുന്നു.)
3. പതിനഞ്ച് വയസ്സ് പൂർത്തിയാവൽ.
ഈ മൂന്ന് അടയാളങ്ങളിൽ ഏതെങ്കിലുമൊന്ന് സംഭവിച്ചാൽ തന്നെ പ്രായപൂർത്തിയാകുന്നതാണ്.
പെൺകുട്ടിയാണെങ്കിൽ
ഇനി പെൺകുട്ടിയാണെങ്കിൽ മേൽപ്പറഞ്ഞ മൂന്ന് അടയാളങ്ങൾക്ക് പുറമേ നാലാമതായി ഒരുകാര്യവും കൂടിയുണ്ട്. അത് ആർത്തവ രക്തം പുറപ്പെടുക എന്നതാണ്. ഈ നാല് അടയാളങ്ങളിൽ ഒന്ന് സംഭവിച്ചാൽ തന്നെ പ്രായപൂർത്തിയാകുന്നതാണ്.
മൂന്ന് :ബുദ്ധി ഉണ്ടാവുക
ഭ്രാന്തന്മാർ , ബുദ്ധി പൂർണ്ണമായി നഷ്ടപ്പെട്ടവർ, വാർദ്ധക്യാവസ്ഥയിൽ ബുദ്ധി നഷ്ടപ്പെട്ടവർ, ഇവർക്കൊന്നും നോമ്പ് നിർബന്ധമില്ല.
മേൽപ്പറഞ്ഞ നോമ്പ് നിർബന്ധമാകാനുള്ള രണ്ട് നിബന്ധനകൾക്കുമുള്ള തെളിവ്
عَنْ عَلِيٍّ رضي الله عنه النَّبِيَ صَلى الله عَلَيهِ وَسَلمَ قَالَ: رُفِعَ الْقَلَمُ عَنْ ثَلاَثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ, وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ, وَعَنِ الْمَجْنُونِ حَتَّى يَعْقِلَ. وأخرجه أبو داود (4399 - 4401)، وابن خزيمة (1003)، والحاكم (2/ 59)
നബി ﷺ പറഞ്ഞു: മൂന്നു വിഭാഗം ആളുകളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു (അഥവാ ദീനീ നിയമങ്ങൾ അവർക്ക് ബാധകമല്ല) : ഉറങ്ങുന്നവൻ ഉറങ്ങിയെഴുന്നേൽക്കുന്നത് വരെയും, കുട്ടി പ്രായപൂർത്തിയാകുന്നത് വരെയും, ബുദ്ധിഭ്രമം സംഭവിച്ചവന് ബുദ്ധി തിരികെ കിട്ടുന്നത് വരെയും. (അബു ദാവൂദ് ).
ശ്രദ്ധിക്കുക : ‘ദീനീ നിയമങ്ങൾ’ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് : ശരീരം കൊണ്ട് ചെയ്യുന്ന നിസ്കാരം, നോമ്പ്, പോലെയുള്ളവയാണ് . എന്നാൽ അവരുടെ സ്വത്തുക്കൾക്കുള്ള സക്കാത്ത് അവരുടെ മേൽ നിർബന്ധമാണ്, 'അവരുടെ വലിയ്യുകൾ’ അത് കൊടുത്തു വീട്ടണം എന്നതാണ് പ്രബലമായ അഭിപ്രായം.
മദ്യംപോലെയുള്ള ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച് താൽക്കാലികമായി ബുദ്ധി നഷ്ടപ്പെട്ടവരുടെ (സ്വയം ബോധമില്ലാത്തവരുടെ) നോമ്പിൻറെ വിധി എന്ത് ?
വൻ പാപമാണ് അവർ ചെയ്തതെന്ന ഗൗരവം ഉണർത്തുന്നതോടൊപ്പം പണ്ഡിതന്മാർ അവരുടെ നോമ്പിന്റെ വിധികൾ പ്രതിപാദിക്കാറുണ്ട്. ഇവർ വ്യത്യസ്ത അവസ്ഥകളിലായിരിക്കും.
1. സുബ്ഹിക്ക് മുമ്പ് നിയ്യത്ത് വെക്കുകയും തുടർന്ന് ലഹരി ഉപയോഗിക്കുകയും അങ്ങനെ പകൽ മുഴുവനും ലഹരിയിലായിരിക്കുകയും ചെയ്താൽ (മറ്റ് ഭക്ഷണപാനീയങ്ങൾ ഒന്നും കഴിച്ചില്ലെങ്കിലും ശരി) അവന്റെ നോമ്പ് ശരിയാവുകയില്ല . അവൻ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട്.
2. എന്നാൽ പകലിൽ ചില സമയങ്ങളിൽ ബോധം തിരിച്ചുവരികയാണെങ്കിൽ അവന്റെ നോമ്പ് ശരിയാവുന്നതാണ്.
ബോധക്ഷയം സംഭവിച്ചവർ
1. സുബ്ഹിക്ക് മുമ്പേ നിയ്യത്ത് വയ്ക്കുകയും പിന്നീട് ബോധക്ഷയം സംഭവിക്കുകയും പകൽ മുഴുവനും ആ അവസ്ഥയിൽ തുടരുകയും ചെയ്താൽ : അവന്റെ നോമ്പ് ശരിയാവുകയില്ല അവൻ പിന്നീട് നോറ്റു വീട്ടേണ്ടതുണ്ട് , കാരണം നോമ്പുകാരനുണ്ടാവേണ്ട ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക എന്നുള്ള പ്രക്രിയ അവനിൽ നിന്ന് ‘സ്വമേധയാ‘ ഉണ്ടായിട്ടില്ല.
2. എന്നാൽ പകലിൽ ചില സമയങ്ങളിൽ ബോധം തിരിച്ചുവരികയാണെങ്കിൽ അവന്റെ നോമ്പ് ശരിയാവുന്നതാണ്.
പകൽ മുഴുവനും ഉറങ്ങിയവന്റെ നോമ്പ്
ഇത് ഒരിക്കലും അനുവദനീയമല്ല എന്ന് മാത്രമല്ല അവൻ പാപിയായിത്തീരുകയും ചെയ്യും, കാരണം പകൽ മുഴുവനും ഉറങ്ങിയതിനാൽ നിർബന്ധ നിസ്കാരങ്ങൾ അവൻ മനപ്പൂർവ്വം പാഴാക്കിയിട്ടുണ്ട് .
എന്നാൽ അവന്റെ നോമ്പിനെ അത് ബാധിക്കുകയില്ല കാരണം ഉറങ്ങുമ്പോൾ ബുദ്ധി നഷ്ടപ്പെടുന്നില്ല.
റമദാൻ നോമ്പിന്റെ പകലിൽ : ബുദ്ധിഭ്രമം സംഭവിച്ചവന്ന് ബുദ്ധി തിരികെ കിട്ടുകയോ, ഒരാൾ പ്രായപൂർത്തിയാവുകയോ , ഒരാൾ ഇസ്ലാം മതം സ്വീകരിക്കുകയോ ചെയ്താൽ
അവൻ ആ പകലിന്റെ ബാക്കിസമയം നോമ്പ് പിടിക്കേണ്ടതാണ് . എന്നാൽ പിന്നീട് നോമ്പ് നോറ്റ് വീട്ടേണ്ടതില്ല
നാല്:നോമ്പെടുക്കാനുള്ള ആരോഗ്യമുണ്ടായിരിക്കുക.
നോമ്പ് ഒരാൾക്ക് നിർബന്ധമാകാനുള്ള നാലാമത്തെ നിബന്ധനയാണ് ആരോഗ്യമുണ്ടായിരിക്കുക എന്നത്.പരിശുദ്ധ ഖുർആനിൽ ധാരാളം സ്ഥലങ്ങളിൽ അല്ലാഹു പറഞ്ഞതായി കാണാം
{ فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ } التغابن: 16
"അതിനാൽ നിങ്ങൾക്ക് സാധ്യമാകും വിധം അല്ലാഹുവിനെ സൂക്ഷിക്കുക (തഖ്വ പാലിക്കുക)”
{ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ } البقرة : 286
“അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല ”
ആരോഗ്യപരമായ കഴിവില്ലായ്മ (അവശത) രണ്ട് വിധത്തിലാണ്
1) ഒന്ന്: സമയബന്ധിതമായ രോഗി (രോഗശമനം പ്രതീക്ഷയുള്ളവർ) അവന്റെ രോഗം ഭേദമാകുന്നത് വരെ നോമ്പ് ഒഴിവാക്കാം. രോഗം ഭേദമായാൽ ഖദാഅ് വീട്ടേണ്ടതാണ്.
വളരെയധികം വിശ്രമം ആവശ്യമായ ഹൃദയ ശസ്ത്രക്രിയ പോലെയുള്ള ചികിത്സകൾക്ക് വിധേയനായ രോഗി യോട് ഡോക്ടർ ഈ വർഷം നോമ്പെടുക്കാൻ പാടില്ല എന്ന് പറഞ്ഞാൽ : നോമ്പ് ഒഴിവാക്കാം. രോഗം ഭേദമായാൽ ഖദാഅ് വീട്ടേണ്ടതാണ്.
2) രണ്ട് : രോഗശമനത്തിൽ പ്രതീക്ഷയില്ലാത്തവർ, (പക്ഷാഘാതം പോലെയുള്ള രോഗങ്ങൾ ബാധിച്ച നിത്യരോഗികൾ),വൃദ്ധന്മാർ (നോമ്പ് നോൽക്കുവാൻ സാധിക്കാത്ത വിധം വാർദ്ധക്യത്തിലായവർ ) :
- താൻ പറയുന്നതെന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം വയോധികരായവർക്ക് നോമ്പ് മാത്രമല്ല,ഒരു ഇബാദത്തും നിർബന്ധമല്ല.
- അങ്ങേയറ്റത്തെ വാർദ്ധക്യത്തിലല്ല, പക്ഷേ അനാരോഗ്യം കാരണത്താൽ നോമ്പെടുക്കാൻ സാധിക്കുന്നില്ല: അവർ നോമ്പ് ഖദാഅ് വീട്ടേണ്ടതില്ല, മറിച്ച് ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന് ഭക്ഷണം കൊടുത്താൽ മതി. അതുമായി ബന്ധപ്പെട്ട നിയമങ്ങൾ പിന്നീട് വിശദീകരിക്കുന്നതാണ്.
عَنْ عَطَاءٍ، سَمِعَ ابْنَ عَبَّاسٍ، يَقْرَأُ وَعَلَى الَّذِينَ يُطَوَّقُونَهُ فَلاَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ قَالَ ابْنُ عَبَّاسٍ: «لَيْسَتْ بِمَنْسُوخَةٍ هُوَ الشَّيْخُ الكَبِيرُ، وَالمَرْأَةُ الكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا، فَيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا» صحيح البخاري – 4505
അത്താഅ് رحمه الله പറയുന്നു ഇബ്നു അബ്ബാസ് رضي الله عنهما " ഞെരുക്കത്തോടെയല്ലാതെ നോമ്പ് പിടിക്കാൻ സാധിക്കാത്തവർ പകരമായി ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ് ’ എന്ന ആയത്ത് ഓതി ഇബ്നു അബ്ബാസ് رضي الله عنهما ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ‘ഈ ആയത്തിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല, അതായത് പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും നോമ്പ് എടുക്കാൻ കഴിയില്ലെന്ന് കണ്ടാൽ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രർക്കുള്ള ഭക്ഷണം നൽകിയാൽ മതിയാകുന്നതാണ് ‘. (ബുഖാരി)
ഖതാദ رحمه الله പറയുകയാണ് അനസുബ്നു മാലിക് رضي الله عنه പ്രായാധിക്യത്തിൽ ബലഹീനനാവുകയും തൻറെ മരണത്തിന് തൊട്ടു മുമ്പുള്ള വർഷത്തിലുള്ള നോമ്പ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് പ്രത്യേകം ഭക്ഷണം ഉണ്ടാക്കി മുപ്പത് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുകയും ചെയ്തു.
******************
الله تعالى أعلم ..وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أجمعين
