കച്ചവടക്കാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും മര്യാദകളും ഭാഗം രണ്ട്

Mohammed Shafeeque Madeena
July 16, 2026
222 കാഴ്ചകൾ
കച്ചവടക്കാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും മര്യാദകളും  ഭാഗം രണ്ട്

കച്ചവടക്കാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും മര്യാദകളും ലിങ്ക് കോപ്പി ചെയ്തു!

ഭാഗം രണ്ട്ലിങ്ക് കോപ്പി ചെയ്തു!

بسم الله الرحمن الرحيم

പരലോകം(സ്വർഗ്ഗം) ആഗ്രഹിക്കുന്ന, നരകശിക്ഷയെ ഭയപ്പെടുന്ന ഏതൊരു മുസ്ലിമും തന്റെ ഇഹലോക ജീവിതത്തിൽ പ്രത്യേകിച്ച് ഇടപ്പാടുകളിലും കച്ചവടത്തിലും സൂക്ഷമത പുലർത്തേണ്ട അനിവാര്യതയെ കുറിച്ച് കഴിഞ്ഞ ലക്കത്തിൽ വായനക്കാർ സശ്രദ്ധം വായിച്ചുമനസ്സിലാക്കിയിട്ടുണ്ടാവും .. അല്ലാഹു അനുഗ്രഹിക്കട്ടെ .. ആമീൻ

കച്ചവടക്കാർക്കുണ്ടാകേണ്ട ഗുണങ്ങളിലും മര്യാദകളിലുംപെട്ടതാണ് ..

6. പലിശയിൽ നിന്ന് അകന്നുനിൽക്കൽലിങ്ക് കോപ്പി ചെയ്തു!

പലിശയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടും അതിൻ്റെ ഭവിഷ്യത്തുകൾ വ്യക്തമാക്കിക്കൊണ്ടും വിശുദ്ധ ഖുർആനിലും പ്രവാചകചര്യയിലും നിരവധി പ്രമാണങ്ങൾ വന്നിട്ടുണ്ട്.

قال تعالى: {الَّذِينَ يَأْكُلُونَ ‌الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنْ الْمَسِّ ...} سورة البقرة - 275

അല്ലാഹു പറയുന്നു: "പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല..." (അൽ-ബഖറ: 275).

{ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَذَرُواْ مَا بَقِيَ مِنَ ٱلرِّبَوٰٓاْ إِن كُنتُم مُّؤۡمِنِينَ ٢٧٨ فَإِن لَّمۡ تَفۡعَلُواْ فَأۡذَنُواْ بِحَرۡبٖ مِّنَ ٱللَّهِ وَرَسُولِهِۦۖ..} [البقرة: 278-279]

അല്ലാഹു വീണ്ടും പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങൾ യഥാർത്ഥ വിശ്വാസികളാണെങ്കിൽ പലിശയിനത്തിൽ ബാക്കി കിട്ടാനുള്ളത് ഉപേക്ഷിച്ചുകളയുക. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും ഭാഗത്തുനിന്ന് (നിങ്ങൾക്കെതിരെയുള്ള) യുദ്ധപ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക..."(അൽ-ബഖറ: 278-279).നബിﷺ പലിശയുടെ ഗൌരവം ഉണർത്തിക്കൊണ്ട് പറയുന്നു

«عَنْ جَابِرٍ، قَالَ: لَعَنَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَكَلَ الربا، وموكله، وَكَاتِبَهُ، وَشَاهِدَيْهِ، وَقَالَ: هُمْ سَوَاءٌ»«صحيح مسلم»

ജാബിർ رضي الله عنه നിവേദനം ചെയ്യുന്നു:"പലിശ തിന്നുന്നവനെയും, അത് കൊടുക്കുന്നവനെയും (തിന്നാൻ നൽകുന്നവനെയും), അതിൻ്റെ ആധാരം എഴുതുന്നവനെയും, അതിന് സാക്ഷി നിൽക്കുന്ന രണ്ട് പേരെയും അല്ലാഹുവിൻ്റെ റസൂൽ ﷺ ശപിച്ചിരിക്കുന്നു. അവിടുന്ന് ﷺ പറഞ്ഞു: അവരെല്ലാം (കുറ്റത്തിൽ) സമന്മാരാണ്."

അതിനാൽ പലിശ എന്നത് വൻപാപങ്ങളിൽ (കബാഇർ) പെട്ട ഒന്നാണ്. അത് ബറകത്ത് ഇല്ലാതാകുന്നതിന് കാരണവുമാണ്. അല്ലാഹു പറയുന്നു:

{ يَمۡحَقُ ٱللَّهُ ٱلرِّبَوٰاْ ..} [البقرة: 276]

"അല്ലാഹു പലിശയെ ക്ഷയിപ്പിക്കുന്നു (അതിലെ ബറകത്ത് മായ്ച്ചുകളയുന്നു)." (അൽ-ബഖറ: 276).

അതുകൊണ്ട് വിൽക്കുന്നവനും വാങ്ങുന്നവനും പലിശയിൽ നിന്ന് പൂർണ്ണമായും അകന്നുനിൽക്കേണ്ടതുണ്ട്. ജാഹിലിയ്യാ കാലഘട്ടത്തിൽ നിലനിന്നിരുന്ന പലിശയെക്കുറിച്ച് മാത്രമേ സമൂഹത്തിന് പരിചയമുള്ളൂ അത് തന്നെ മേൽപ്പറഞ്ഞ താക്കീതുകളും അതിനേക്കാൾ ഏറെയും കേട്ടിട്ടും മനസ്സിലാക്കിയിട്ടും സമുദായം അതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നത് താനും ..ഖേദകരം എന്ന് പറയട്ടെ മുസ്ലിം സമൂഹത്തിൽ പലരും ഇന്ന് വ്യക്തി ആവശ്യങ്ങൾക്ക് വേണ്ടിയും( ഹൌസ് ലോൺ- ഗോൾഡ് ലോൺ - കാർ ലോൺ ) മറ്റ് കച്ചവട ആവശ്യങ്ങൾക്ക് വേണ്ടിയും പലിശയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മാത്രമല്ല സമൂഹത്തിൽ വ്യാപകമായ ഇത്തരം വട്ടപ്പലിശകൾ ( ബാങ്ക് പലിശ പോലെയുള്ളത് ) മാത്രമേ പലർക്കും പരിചയമുള്ളൂ.. എന്നാൽ പലിശയുടെ ഇനത്തിൽ വരുന്ന മറ്റു ഇടപാടുകളും നബിﷺ നമുക്ക് താക്കീത് നല്കിയിട്ടുണ്ട് .ഉദാഹരണത്തിന് സ്വർണ്ണം വാങ്ങുമ്പോൾ അത് റൊക്കം പൈസ കൊടുത്തു അവിടെ വെച്ച് തന്നെ ആ സ്വർണ്ണം കൈപറ്റണം ഇല്ലെങ്കിൽ അത് പലിശയുടെ മറ്റൊരു ഇനത്തിൽപ്പെടും. സമൂഹത്തിൽ നിലനില്ക്കുന്ന അജ്ഞതയും അറിവുള്ളവർ അവരുടെ ഉത്തരവാദിത്ത്വം നിറവേറ്റാതെ മാറി നിലക്കുകയും ചെയ്യുമ്പോൾ ഹറാമുകൾ വ്യാപകമാവും എന്നത് ഒരു യാഥാർത്ഥ്യമാണ് ......( ഇത്തരം കാര്യങ്ങളെ കുറിച്ച് 'പലിശ' എന്ന അദ്ധ്യായം വിശദീകരിക്കുമ്പോൾ അവിടെ വിവരിക്കുന്നതാണ് إن شاء الله)

പലിശയിലേക്ക് നയിക്കുന്ന വ്യാജവും അസാധുവുമായ എല്ലാ കച്ചവട കരാറുകളിൽ നിന്നും വിട്ടുനിൽക്കണം. കാരണം, പ്രത്യക്ഷത്തിൽ പലിശയല്ലെന്ന് തോന്നുമെങ്കിലും ഒടുവിൽ പലിശയിലേക്ക് എത്തിക്കുന്ന ചില ഇടപാടുകൾ സമൂഹത്തിലുണ്ട്.

അതിനാൽ ഒരു മുസ്ലിം ഹറാമിൽ (നിഷിദ്ധമായതിൽ) ചെന്ന് വീഴാതിരിക്കാനും, സംശയങ്ങളുള്ള കാര്യങ്ങളിൽ നിന്നും ,നിഷിദ്ധമായ കരാറുകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിൽ നിന്നും അകന്നുനിൽക്കാൻ വേണ്ടി കച്ചവടത്തിൻ്റെയും വാങ്ങലുകളുടെയും വിധിവിലക്കുകൾ പഠിച്ചിരിക്കേണ്ടത് അനിവാര്യമാണ്.

പലിശധിഷ്ഠിത ബാങ്കുകളിൽ ജോലി ചെയ്യാമോ ?ലിങ്ക് കോപ്പി ചെയ്തു!

പലിശധിഷ്ഠിത ബാങ്കുകളിൽ ജോലി ചെയ്യുന്നത് ;അത് ഏത് തരത്തിലുള്ള ജോലിയാണെങ്കിലും ഹറാമാകുന്നു. കാരണം, അത്തരം സ്ഥാപനങ്ങളിലെ ജോലി എന്നത് ഒന്നുകിൽ പലിശയിടപാടുകൾക്ക് സഹായം ചെയ്യലോ അല്ലെങ്കിൽ ആ നിഷിദ്ധമായ പ്രവൃത്തിയോട് തൃപ്തിപ്പെടലോ ആണ്. ഇത് രണ്ടും ശരീഅത്ത് പ്രകാരം വിലക്കപ്പെട്ട കാര്യങ്ങളാണ്. അല്ലാഹു പറയുന്നു:

{وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ}

"പുണ്യത്തിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ പരസ്പരം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്." (സൂറത്തുൽ മാഇദ: 2).

പലിശധിഷ്ഠിത ബാങ്കുകൾക്കും മറ്റും കെട്ടിടം വാടയ്ക്ക് കൊടുക്കാമോ ?ലിങ്ക് കോപ്പി ചെയ്തു!

പലിശധിഷ്ഠിത ബാങ്കുകൾക്ക് കെട്ടിടങ്ങളും കടമുറികളും വാടകയ്ക്ക് നൽകുന്നതും നിഷിദ്ധമാകുന്നു . മുൻപ് വിശദീകരിച്ചതുപോലെ, പാപത്തിലും അതിക്രമത്തിലും പരസ്പരം സഹായിക്കലാകുന്നതുകൊണ്ട് അതും ഹറാമാണ്.

7. അന്യരുടെ സ്വത്ത് അന്യായമായി തിന്നുന്നത് ഒഴിവാക്കൽലിങ്ക് കോപ്പി ചെയ്തു!

കച്ചവടക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇത് ;അതായത്, അല്ലാഹു അനുവദിച്ചു തന്നിട്ടുള്ള മാർഗ്ഗങ്ങളിലൂടെയല്ലാതെ പരസ്പരം മറ്റുള്ളവരുടെ സ്വത്തുക്കൾ അന്യായമായി തിന്നരുത്.

{ وَلَا تَأۡكُلُوٓاْ أَمۡوَٰلَكُم بَيۡنَكُم بِٱلۡبَٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُكَّامِ لِتَأۡكُلُواْ فَرِيقٗا مِّنۡ أَمۡوَٰلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ }[البقرة: 188]

അല്ലാഹു പറയുന്നു : "അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌."(അൽ-ബഖറ: 188 )

അന്യായമായി സ്വത്ത് ഭക്ഷിക്കുന്നതിന് പല രൂപങ്ങളുണ്ട്:

ഒന്ന് : അത് സ്വത്തുക്കൾ പിടിച്ചെടുക്കലിലൂടെയോ കൊള്ളയടിക്കലിലൂടെയോ ആകാം.

സമൂഹത്തിൽ വ്യാപകമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു തിന്മയാണ് ഇത് . വ്യാജരേഖകൾ നിർമ്മിച്ചും മറ്റ് അധികാരങ്ങൾ ദുരുപയോഗം ചെയ്തും അന്യരുടെ സ്വത്തുക്കൾ കൈക്കലാക്കുന്നു.അതിർത്തി തർക്കങ്ങളിലൂടെ അന്യരുടെ ഒരു തുണ്ട് ഭൂമി കവർന്നാലും അതിന് പരലോകത്ത് കാത്തിരിക്കുന്നത് വേദനയേറിയ ശിക്ഷയാണ്.

عَنْ سَعِيدِ بْنِ زَيْدٍ -رضي الله عنه-، أَنَّ رَسُولَ اللهِ - صلى الله عليه وسلم - قَالَ: «مَنِ اقْتَطَعَ شِبْرًا مِنَ الأَرْضِ ظُلْمًا طَوَّقَهُ اللهُ إيَّاهُ يَوْمَ القِيَامَةِ مِنْ سَبْعِ أَرَضِينَ». مُتَّفَقٌ عَلَيْهِ

സഈദ് ബിൻ സൈദ് رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "ആരെങ്കിലും അക്രമത്തിലൂടെ ഒരു ചാണളവ് ഭൂമി പിടിച്ചെടുത്താൽ, ഖിയാമത്ത് നാളിൽ അല്ലാഹു ഏഴ് ഭൂമി അവന്റെ കഴുത്തിൽ മാലയായി അണിയിക്കും." (ബുഖാരി, മുസ്‌ലിം ) 

രണ്ട് : വിനോദങ്ങളിലൂടെയോ ചൂതാട്ടത്തിലൂടെയോ (ലോട്ടറി പോലുള്ളവ) അതിന് സമാനമായ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ആകാം.

എളുപ്പത്തിൽ ധനം സമ്പാദിക്കാൻ ജനങ്ങൾ(യുവാക്കാളെന്നോ വൃദ്ധന്മാരെന്നോ പ്രായപരിധിയില്ലാതെ) വ്യാപകമായി ഇത്തരം ഹറാമുകൾ സ്വീകരിച്ചുവരുന്നു . നാടൻ ലോട്ടറി കച്ചവടം മുതൽ ഹൈബ്രിഡ് സംവിധാനങ്ങൾ വരെ ഇന്ന് വ്യാപിച്ചിരിക്കുന്നു .അതുപോലെതന്നെയാണ് 'കാരുണ്യ ലോട്ടറി' എന്ന് വ്യാജമായി പേരിട്ടു വിളിക്കുന്ന ഭാഗ്യക്കുറികളും. ഇവയെല്ലാം തന്നെ ഹറാമാണ് .അല്ലാഹു പറയുന്നു :

{ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡخَمۡرُ وَٱلۡمَيۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَٰمُ رِجۡسٞ مِّنۡ عَمَلِ ٱلشَّيۡطَٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ } [المائدة: 90]

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളുംപ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം."(അൽ-മാഇദ - 90 )

ഇൻഷുറൻസ് പദ്ധതികൾ (Commercial Insurance/life insurance ...) അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!

ഇൻഷുറൻസ് പദ്ധതികൾ (Commercial Insurance/life insurance പോലെയുള്ളത് ) എല്ലാം നിഷിദ്ധമാണ്. ഇൻഷുറൻസ് എന്നത് ഫിഖ്ഹിൽ അൽ-ഗറർ (അതിന്റെ ആത്യന്തികമായ ഫലം അല്ലെങ്കിൽ അനന്തരഫലം എന്തായിരിക്കുമെന്ന് വ്യക്തമല്ലാത്തതാണ് അതെല്ലെങ്കിൽ അത് സംഭവിക്കുമെന്ന് ഉറപ്പാണെങ്കിൽ പോലും, അതിന്റെ ഗുണനിലവാരവും അളവും അജ്ഞാതമായിരിക്കും ) ഉൾക്കൊള്ളുന്ന സാമ്പത്തിക ഇടപാടുകളിലെ ഒരു സാങ്കൽപ്പിക/സാധ്യതാനിരതമായ കരാറാണ്.അതുപോലെതന്നെ ഇൻഷുറൻസ് നൽകുന്ന കമ്പനിക്കും ഓരോ കരാറിലും തങ്ങൾ എത്രയാണ് വാങ്ങുന്നതെന്നും എത്രയാണ് കൊടുക്കേണ്ടി വരുന്നതെന്നും കൃത്യമായി നിർണ്ണയിക്കാൻ കഴിയില്ല.പല കാരണങ്ങൾ കൊണ്ടും ഇൻഷുറൻസ് പദ്ധതികൾ നിഷിദ്ധമാണ്. ലിങ്ക് കോപ്പി ചെയ്തു!

  1. ഒന്നാമത് :ഇത്തരം ഗറർ ഉള്ള എല്ലാ ഇടപാടുകളും നിഷിദ്ധമാണ് . വഞ്ചനയും അനിശ്ചിതത്വവുമുള്ള (അൽ-ഗറർ) കച്ചവടങ്ങളെ നബി ﷺവിലക്കിയതായി സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്."
  2. രണ്ടാമത്: വാണിജ്യ ഇൻഷുറൻസ് പോളിസി എന്നത് ഒരുതരം ചൂതാട്ടമാണ്.

മൂന്ന് : കൈക്കൂലി, വഞ്ചന, മോഷണം എന്നിവയിലൂടെയോ അതിന് സമാനമായ മറ്റ് വഴികളിലൂടെയോ ആകാം.

وَعَنْ عَبْدِاللهِ بْنِ عَمْرِو -رضي الله عنهما-، قَالَ: لَعَنَ رَسُولُ اللهِ - صلى الله عليه وسلم - ‌الرَّاشِي وَالمُرْتَشِي. رَوَاهُ أَبُودَاوُد، وَالتِّرْمِذِيُّ

അബ്ദുല്ലാഹിബ്നു അമ്ര് رضي الله عنه നിവേദനം ചെയ്യുന്നു:"കൈക്കൂലി കൊടുക്കുന്നവനെയും കൈക്കൂലി വാങ്ങുന്നവനെയും അല്ലാഹുവിൻ്റെ റസൂൽ ﷺശപിച്ചിരിക്കുന്നു."(അബൂദാവൂദ് ,തിർമിദി)

നാല് : ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്: അസാധുവായതും തെറ്റായതുമായ കരാറുകളിലൂടെ (വ്യവസ്ഥകളിലൂടെ) സ്വത്ത് കൈക്കലാക്കുന്നതും 'അന്യായമായി സ്വത്ത് തിന്നുന്നതിൽ' പെട്ടതാണ് എന്നാണ്.

8. മറ്റുള്ളവർക്ക് ദ്രോഹം ചെയ്യാതിരിക്കുക:ലിങ്ക് കോപ്പി ചെയ്തു!

മറ്റുള്ളവർക്ക് ദ്രോഹമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും വിട്ട് നിൽക്കുക എന്നത് ഒരു നല്ല കച്ചവടക്കാരന്റെ ഗുണങ്ങളിൽപ്പെട്ടതാണ്. എന്നാൽ ഇന്ന് ഭൂരിഭാഗം പേരും സ്വാർത്ഥതാത്പര്യങ്ങൾക്കും കാര്യലാഭത്തിനും വേണ്ടി സഹകച്ചവടക്കാരെ ദ്രോഹിക്കുകയും പ്രയാസപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

عَنْ ‌أَبِي ذَرٍّ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِيمَا رَوَى عَنِ اللهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ: « ‌يَا ‌عِبَادِي ‌إِنِّي ‌حَرَّمْتُ ‌الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا«صحيح مسلم»

അബൂദർറ് رضي الله عنه നിവേദനം ചെയ്ത ഒരു ഹദീഥുൽ ഖുദ്സിയിൽ നബി ﷺ അല്ലാഹുവിൽ നിന്ന് ഉദ്ധരിച്ച് ഇപ്രകാരം പറയുന്നു:"എന്റെ ദാസന്മാരേ, തീർച്ചയായും ഞാൻ അക്രമത്തെ എന്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു; അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ പരസ്പരം അക്രമം പ്രവർത്തിക്കരുത്."(സ്വഹീഹ് മുസ്ലിം)

"ദ്രോഹിക്കരുത്, പ്രതിദ്രോഹവും ചെയ്യരുത്" لا ضرر ولا ضرار എന്ന ഫിഖ്ഹീ തത്ത്വം (ഖാഇദ ഫിഖ്ഹിയ്യ) ; ഇതിനെ "ദ്രോഹം നീക്കപ്പെടേണ്ടതാണ്" എന്ന വാക്കുകളാലും പ്രകടിപ്പിക്കാറുണ്ട് ഈ വിഷയത്തിൽ പ്രത്യേകം മനസ്സിലാക്കേണ്ടതാണ് .

കച്ചവടത്തിൽ മറ്റുള്ളവർക്ക് ദ്രോഹമുണ്ടാക്കുന്നതിൽപ്പെട്ടതാണ് :ലിങ്ക് കോപ്പി ചെയ്തു!

  • ഒന്ന് : കച്ചവടസംഘങ്ങൾ വിപണിയിലെത്തുന്നതിന് മുൻപായി വഴിയിൽ വെച്ച് അവരെ കണ്ടുമുട്ടി കുറഞ്ഞ വിലയ്ക്ക് ചരക്കുകൾ വാങ്ങൽ .
  • രണ്ട് : നഗരവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യൽ (വിപണി വിലയറിയാത്ത ഗ്രാമീണനെ ചൂഷണം ചെയ്യൽ).

വിപണിയിലെ സാധനങ്ങളുടെ യഥാർത്ഥ വിലയെക്കുറിച്ചുള്ള വാങ്ങുന്നയാളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നത് നബി ﷺ വിലക്കിയിട്ടുണ്ട്.

«وَعَنْ طَاوُوسٍ عَنِ ابْنِ عَبَّاسٍ -رَضِيَ اللهُ عَنْهُمَا- قَالَ: قال رَسُولُ الله -صلى الله عليه وسلم-: "‌لَا ‌تَلَقَّوا الرُّكْبَانَ، وَلَا يَبعْ حَاضِرٌ لِبَادٍ، قُلْتُ لابنِ عَبَّاسٍ: مَا قَوْلُهُ: وَلَا يَبعْ حَاضِرٌ لِبَادٍ؟ قَالَ: لَا يَكُونُ لَهُ سِمْسَاراً" مُتَّفَقٌ عَلَيْهِ»

താവൂസ് رحمه الله നിവേദനം ചെയ്യുന്നു; ഇബ്‌നു അബ്ബാസ് رضي الله عنهما പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങൾ (കച്ചവടസംഘങ്ങളെ) വഴിയിൽ വെച്ച് എതിരേൽക്കരുത് (തടഞ്ഞു വാങ്ങരുത്). ഒരു നഗരവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യാനും പാടില്ല."

താവൂസ് رحمه الله പറയുന്നു : ഞാൻ ഇബ്‌നു അബ്ബാസിനോട് رضي الله عنهما ചോദിച്ചു: "ഒരു നഗരവാസി ഗ്രാമീണന് വേണ്ടി കച്ചവടം ചെയ്യരുത്" എന്ന് പറഞ്ഞതിന്റെ അർത്ഥമെന്താണ്? അദ്ദേഹം മറുപടി പറഞ്ഞു: "അവൻ ആ ഗ്രാമീണന് വേണ്ടി ഒരു ദല്ലാൾ (ബ്രോക്കർ) ആകരുത്." (ബുഖാരി,മുസ്‌ലിം )

ഉദാഹരണത്തിന്, തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാനായി നഗരത്തിലേക്ക് വരുന്ന വ്യാപാരികളെ അവർ വിപണിയിലെത്തുന്നതിന് മുൻപായി ദല്ലാളന്മാരും കച്ചവടക്കാരും വഴിയിൽ വെച്ച് എതിരേൽക്കുമ്പോൾ മാർക്കറ്റിലെ യഥാർത്ഥ വിലയെക്കുറിച്ച് അറിവില്ലാത്ത ആ വ്യാപാരികളിൽ നിന്ന് തുച്ഛമായ വിലയ്ക്ക് ചരക്കുകൾ തട്ടിയെടുക്കാനോ, അല്ലെങ്കിൽ ആ വ്യാപാരികൾക്ക് വേണ്ടി ഈ ദല്ലാളന്മാർ തന്നെ വിപണിയിൽ ഉയർന്ന വിലയ്ക്ക് അത് ജനങ്ങൾക്ക് മറിച്ചു വിൽക്കാനോ കാരണമാകും . (ഇത്തരം ചൂഷണങ്ങളെയാണ് ഈ പ്രവാചകﷺ വചനം വിലക്കുന്നത്).

  • മൂന്ന് :വാങ്ങാൻ ഉദ്ദേശ്യമില്ലാതെ, വില കൂട്ടിക്കാണിക്കാൻ വേണ്ടി മാത്രം ലേലത്തിൽ വില പറയൽ (നജശ്).

وَعَنِ ابْنِ عُمَرَ -رَضِيَ اللهُ عَنْهُمَا- قَالَ: "نَهَى رَسُولُ الله -صلى الله عليه وسلم- عَنِ ‌النَّجْشِ" مُتَّفقٌ عَلَيْهِ

ഇബ്‌നു ഉമർ رضي الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ റസൂൽ ﷺ 'നജ്ശ്' (കച്ചവട രീതി) വിലക്കിയിരിക്കുന്നു."

വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത ഒരാൾ, വിൽപ്പനക്കാരന് ലാഭമുണ്ടാക്കിക്കൊടുക്കാനോ, വാങ്ങുന്നയാൾക്ക് നഷ്ടം വരുത്താനോ, അല്ലെങ്കിൽ വെറുതെ ഒരു വിനോദത്തിനോ വേണ്ടി മാത്രം ഒരു സാധനത്തിന് വില കൂട്ടി പറയുന്നതിനാണ് (നജ്ശ്) എന്ന് പറയുന്നത്;ഇത് നിഷിദ്ധമാണ് . അതിന്റെ പ്രധാന രൂപങ്ങൾ താഴെ പറയുന്നവയാണ്:

1. വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത ഒരാൾ, യഥാർത്ഥ വാങ്ങലുകാരനെ പ്രലോഭിപ്പിച്ചു വില കൂട്ടിക്കാൻ വേണ്ടി മാത്രം സാധനത്തിന് ലേലത്തിൽ വില കൂട്ടി പറയുക. (വിലപേശൽ നടക്കുമ്പോൾ വാങ്ങാൻ താല്പര്യമില്ലാത്ത മൂന്നാമതൊരാൾ ഇടയിൽ കയറി വില കൂട്ടി വിളിച്ച് യഥാർത്ഥ ഉപഭോക്താവിനെക്കൊണ്ട് കൂടുതൽ തുക നൽകിപ്പിക്കുന്നത് ഇതിൽ പെടുന്നു).

2. വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത ഒരാൾ, സാധനത്തിന്റെ ഗുണമേന്മയെയും തന്റെ പരിചയസമ്പന്നതയെയും കുറിച്ച് വാചാലനാവുകയും അതിനെ അമിതമായി പുകഴ്ത്തുകയും ചെയ്യുക. (ഇത് വാങ്ങാൻ നിൽക്കുന്ന ആളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ആ സാധനത്തിന് കൂടുതൽ വില ഈടാക്കാനും വേണ്ടിയാണ് ചെയ്യുന്നത്).

3. സാധനത്തിന്റെ ഉടമയോ, ഏജന്റോ , ദല്ലാളോ ആ സാധനത്തിന് മുൻപ് ഇത്ര രൂപ വരെ വില പറഞ്ഞു വന്നിരുന്നു എന്ന് കള്ളം പറയുക. (കൂടുതൽ തുക നൽകി വാങ്ങാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനായി നടത്തുന്ന ഇത്തരം വ്യാജ അവകാശവാദങ്ങളും വഞ്ചനകളും ഇതിൽ ഉൾപ്പെടുന്നു).

4. നജ്ശിന്റെ ആധുനിക രൂപങ്ങളിൽപ്പെട്ടതാണ് : (ഉപഭോക്താവിനെ വഞ്ചിച്ച് കച്ചവടം ഉറപ്പിക്കുന്നതിനായി) സാധനങ്ങളിൽ ഇല്ലാത്ത മികച്ച ഗുണങ്ങൾ ഉണ്ടെന്ന് കാണിച്ച് റേഡിയോ, ടിവി, പത്രങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെയോ പരസ്യങ്ങളിലൂടെയോ കള്ളപ്രചാരണം നടത്തുകയും അതുവഴി വില ഉയർത്തുകയും ചെയ്യുക എന്നത് .

  • നാല് : അയൽപക്കത്തെ കച്ചവടക്കാരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചരക്കുകളുടെ വില അമിതമായി കുറച്ചുവിൽക്കൽ.
  • അഞ്ച് : പൂഴ്ത്തിവെപ്പ് : ജനങ്ങൾക്ക് അത്യാവശ്യമുള്ള ഘട്ടത്തിൽ വില വർദ്ധിക്കുന്നതിന് വേണ്ടി ചരക്കുകൾ വിപണിയിൽ ഇറക്കാതെ സൂക്ഷിച്ചുവെക്കൽ.

കച്ചവടക്കാർ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ് . ഒരു മുസ്ലിം കാത്തുസൂക്ഷിക്കേണ്ട മര്യാദകളിൽ പെട്ടതാണ്: എല്ലാവരുടെയും നന്മയ്ക്കായി കച്ചവടക്കാരുമായും വാങ്ങാൻ വരുന്നവരുമായും നല്ല സഹകരണം ഉണ്ടാവുക എന്നതും , പരസ്പര വിദ്വേഷത്തിനും ശത്രുതയ്ക്കും കാരണമാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അകന്നുനിൽക്കുക എന്നതും.

9. കച്ചവടത്തിന്റെ വിധിവിലക്കുകളും നിയമങ്ങളും പഠിക്കുക ലിങ്ക് കോപ്പി ചെയ്തു!

പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഏതൊരു മുസ്ലിമും ഒരു പ്രവൃത്തിയിലേക്ക് കടക്കുന്നതിന് മുന്പ് ആ കാര്യത്തിൽ ദീനിന്റെ നിയമം എന്താണെന്ന് പഠിക്കൽ അവന്റെ മേൽ നിർബന്ധമാണ് .

عن أنس بن مالك قال قال رسول الله صلى الله عليه وسلم ‌طلب ‌العلم ‌فريضة ‌على ‌كل ‌مسلم ( صحيح الترغيب والترهيب )

അനസ് ബിൻ മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: റസൂൽ ﷺ പറഞ്ഞു: "വിജ്ഞാനം ആർജ്ജിക്കൽ ഓരോ മുസ്ലിമിന്റെയും മേൽ നിർബന്ധ ബാധ്യതയാകുന്നു ." (സ്വഹീഹ് അത്തർഗീബ് വത്തർഹീബ്)

ഇമാം ശൗകാനി رحمه الله പറഞ്ഞു: 'ദീനിലുള്ള അവഗാഹം അല്ലാഹുവിന്റെ കിതാബിലും റസൂൽ ﷺ യുടെ സ്വഹീഹായ ഹദീസുകളിലും കൽപ്പിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഇത് ദീനിന്റെ ഒരു പ്രത്യേക ശാഖയിൽ മാത്രം പരിമിതമല്ല, മറിച്ച് അതിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. അതിനാൽ, കച്ചവടക്കാരൻ തന്റെ കച്ചവടവുമായി ബന്ധപ്പെട്ട നിയമങ്ങൾ പഠിക്കുന്നത് ഈ പൊതുവായ തെളിവുകളുടെ പരിധിയിൽ വരുന്നു. വ്യക്തികളുടെ അവസ്ഥകൾക്കനുസരിച്ച് ദീനീ വിജ്ഞാനത്തിന്റെ മുൻഗണനകളിൽ വ്യത്യാസമുണ്ടാകും എന്നതിൽ സംശയമില്ല. ഉദാഹരണത്തിന്, നേരിട്ട് വാങ്ങലും വിൽക്കലും നടത്തുന്ന ഒരു കച്ചവടക്കാരന്, വല്ലപ്പോഴും മാത്രം കച്ചവടത്തിൽ ഏർപ്പെടുന്ന മറ്റൊരാളെക്കാൾ കൂടുതൽ ആവശ്യമായി വരുന്നത് താൻ ചെയ്യുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ മനസ്സിലാക്കലാണ്. (വബ്ലുൽ ഗമാം അലാ ശിഫാഇൽ അവാം - ഇമാം ശൗകാനി -ഭാഗം 2 / പേജ് 122)

ഇമാം നവവി رحمه الله പറഞ്ഞു: "അടിസ്ഥാനപരമായി നിർബന്ധമല്ലാത്ത കച്ചവടം, നിക്കാഹ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇമാം ഹറമൈൻ, ഇമാം ഗസ്സാലി എന്നിവരുൾപ്പെടെയുള്ളവർ പറഞ്ഞത്: അത് ചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിന്റെ രീതികളും നിബന്ധനകളും പഠിക്കൽ നിർബന്ധമാണ് എന്നാണ്. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ് : 'നിർബന്ധമാണ്' എന്ന് പറയുന്നതിനേക്കാൾ നല്ലത്, 'അതിന്റെ നിബന്ധനകൾ അറിയുന്നതിന് മുൻപ് അതിലേക്ക് പ്രവേശിക്കുന്നത് ഹറാമാണ്' എന്ന് പറയുന്നതാണ്. ഈ രണ്ടാമത്തെ വാചകമാണ് കൂടുതൽ ശരിയായിട്ടുള്ളത്; ആദ്യത്തെ രണ്ടുപേരുടെയും വാചകങ്ങളുടെ ഉദ്ദേശ്യവും ഇതുതന്നെയാണ്."അൽ-മജ്മൂഅ് ശർഹുൽ മുഹദ്ദബ് (1/25)

അതിനാൽ, ഒരു മുസ്ലിമായ കച്ചവടക്കാരൻ വാങ്ങലും വിൽക്കലുമായി ബന്ധപ്പെട്ട നിയമങ്ങളും, പലിശ ഉപേക്ഷിക്കുന്നതിനായി അതിനെക്കുറിച്ചുള്ള വിജ്ഞാനവും, അതുപോലുള്ള അടിസ്ഥാനപരമായ മറ്റ് നിയമങ്ങളും പഠിക്കൽ നിർബന്ധമാണ്.

കച്ചവടത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ ഈ ബാധ്യത നിറവേറ്റിയിരിക്കേണ്ടതുണ്ട്. കാരണം, അറിവാണ് നമ്മെ നയിക്കേണ്ടത് ; പ്രവൃത്തി അതിനെ തുടർന്ന് വരേണ്ട അനുയായി മാത്രമാണ്.

നമ്മുടെ മാർക്കറ്റുകളിലെയും ബിസ്സിനസ്സ് സരംഭങ്ങളിലെയും ഭൂരിഭാഗം കച്ചവടക്കാരും വാങ്ങൽ-വിൽക്കൽ നിയമങ്ങളിൽ പലതും അറിയാത്ത സാധാരണക്കാരാണ് എന്നതുകൊണ്ടുതന്നെ ഇതിന് പ്രാധാന്യമേറുന്നു. അത്തരം കാര്യങ്ങളിൽ അറിവില്ലെങ്കിൽ അറിവുള്ള പണ്ഡിതന്മാരോട് ചോദിച്ച് മനസ്സിലാക്കണം . ഖേദകരമെന്ന് പറയട്ടെ പലരും കച്ചവടത്തിലും മറ്റും എന്തെങ്കിലും അബദ്ധങ്ങളിൽ പെട്ടാലാണ് ആ മസ്അലകളെ കുറിച്ച് അറിയാൻ ശ്രമിക്കാറുള്ളത് .

ഉമർ رضي الله عنه കച്ചവടക്കാരോട് വാങ്ങൽ-വിൽക്കൽ നിയമങ്ങളിൽ അവഗാഹം നേടാൻ കൽപ്പിക്കാറുണ്ടായിരുന്നു. ഇമാം ഇബ്നു മാജ ഉദ്ധരിച്ച നിവേദനത്തിൽ ഉമർ رضي الله عنه ഇപ്രകാരം പറഞ്ഞതായി കാണാം: "മതകാര്യങ്ങളിൽ വിവേകവും അറിവും നേടിയവനല്ലാതെ മറ്റാരും നമ്മുടെ മാർക്കറ്റിൽ കച്ചവടം നടത്തരുത്."

ഇടപാടുകളിൽ ഹറാമിൽ വീഴുന്നത് ഒഴിവാക്കുക എന്നത് നിർബന്ധമാണ്. 'ഒരു വാജിബ് പൂർത്തിയാകാൻ എന്താണോ ആവശ്യമായിട്ടുള്ളത്, അതും വാജിബ് തന്നെയാണ്' എന്നതാണ് ഇസ്‌ലാമിക തത്വം. അതിനാൽ ഒരു കച്ചവടക്കാരൻ വാങ്ങലും വിൽക്കലുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. പ്രത്യേകിച്ചും താൻ കച്ചവടം ചെയ്യുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ. ഉദാഹരണത്തിന്, സ്വർണ്ണവും ആഭരണങ്ങളും വിൽക്കുന്ന മേഖലയിലാണ് ഒരാൾ ജോലി ചെയ്യുന്നതെങ്കിൽ, സ്വർണ്ണക്കച്ചവടവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾ പഠിക്കൽ അവന് നിർബന്ധമാണ്. ഇപ്രകാരം താൻ ചെയ്യുന്ന തൊഴിലിലെ(അത് ഹലാലാണോ , ഹറാമാണോ ) ശരീഅത്ത് നിയമങ്ങൾ ഓരോരുത്തരും പഠിച്ചിരിക്കണം. മാർക്കറ്റുകളിലും ബിസിനസ്സുകളിലും സംഭവിക്കുന്ന ഭൂരിഭാഗം ശരീഅത്ത് ലംഘനങ്ങളും ഇത്തരം നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് സംഭവിക്കുന്നത്.

മേൽ പറഞ്ഞ അടിസ്ഥാന മര്യാദകൾ കൂടാതെ മറ്റു പല ഗുണങ്ങളും ഒരു കച്ചവടക്കാരൻ സ്വയത്വമാക്കേണ്ടതുണ്ട് . 'കച്ചവടവും വിധിവിലക്കുകളും ' എന്ന അദ്ധ്യായം ചർച്ച ചെയ്യുമ്പോൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം .. അല്ലാഹു തൗഫീഖ് നൽകട്ടെ .. ആമീൻ

الله تعالى أعلم وصلى الله على نبينا محمد وعلى آله وصحبه وسلم

പങ്കിടുക: