നബി ﷺ യുടെ ഖബ്ർ കെട്ടി ഉയർത്തിയിരുന്നോ?

Anas Nadeeri
April 7, 2026
223 കാഴ്ചകൾ
നബി ﷺ യുടെ ഖബ്ർ കെട്ടി ഉയർത്തിയിരുന്നോ?

നബി ﷺ യുടെ ഖബ്ർ കെട്ടി ഉയർത്തിയിരുന്നോ?

✍🏻 അനസ് നദീരി

••┈•┈••✦✿✦••┈•┈••

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه أجمعين، أما بعد،

നബി ﷺ യുടെ ഖബ്റിന്റെ ഉയരം എത്രയായിരുന്നു എന്നത് എറ്റവും ആധികാരികമായി പറഞ്ഞ് തരാൻ സാധിക്കുന്നത് അവിടുത്തെ അനുചരന്മാർക്കാണ്. പ്രമുഖ സ്വഹാബി ജാബിർ -رضي الله عنه- പറയുന്നു:

أن النبي ﷺ أُلحد له لحدا، ونُصب عليه اللبن نصبا، ورفع قبره من الأرض نحوا من شبر.

“നബി ﷺ ക്ക് വേണ്ടി ‘ലഹ്ദ്’ (ഖബ്റിന്റെ ഉള്ളിൽ നിന്ന് ഒരു വശത്തേക്ക് കുഴിക്കുന്ന രീതി) കുഴിക്കുകയും, അതിന്മേൽ ഇഷ്ടികകൾ നാട്ടി വെക്കുകയും, *ഭൂമിയിൽ നിന്ന് ഏകദേശം ഒരു ചാൺ ഖബ്ർ ഉയർത്തുകയും ചെയ്തു.*”(1)

ഇതിനെ ശരിവെക്കുന്നതാണ് ഈ വിഷയത്തിൽ വന്ന മറ്റു റിപ്പോർട്ടുകളും നബി ﷺ യുടെ ഖബ്ർ നേരിട്ട് കണ്ടവരുടെ വിശദീകരണങ്ങളും.

സ്വാലിഹ് ബ്നു അബിൽ അഖ്ദ്വർ -رحمه الله- പറയുന്നു:

رَأَيْت قَبْرَ النَّبِيِّ ﷺ شِبْرًا أَوْ نَحْوَ شِبْرٍ

 *“നബി ﷺ യുടെ ഖബ്ർ ഒരു ചാൺ അല്ലെങ്കിൽ ഏകദേശം ഒരു ചാണുള്ളതായി ഞാൻ കണ്ടു.”*(2)

അബൂബക്ർ -رضي الله عنه- വിന്റെ മകന്റെ മകനായ അൽഖാസിം ബ്നു മുഹമ്മദ് -رحمه الله- പറയുന്നു:

دَخَلَتْ عَلَى عَائِشَةَ، فَقُلْتُ: يَا أُمَّهِ اكْشِفِي لِي عَنْ قَبْرِ النَّبِيِّ ﷺ وَصَاحِبَيْهِ رَضِيَ اللَّهُ عَنْهُمَا، «فَكَشَفَتْ لِي عَنْ ثَلَاثَةِ قُبُورٍ لَا مُشْرِفَةٍ، وَلَا لَاطِئَةٍ مَبْطُوحَةٍ بِبَطْحَاءِ الْعَرْصَةِ الْحَمْرَاءِ» قَالَ أَبُو عَلِيٍّ: يُقَالُ: إِنَّ رَسُولَ اللَّهِ ﷺ مُقَدَّمٌ وَأَبُو بَكْرٍ عِنْدَ رَأْسِهِ، وَعُمَرُ عِنْدَ رِجْلَيْهِ، رَأْسُهُ عِنْدَ رِجْلَيْ رَسُولِ اللَّهِ ﷺ

“ഞാൻ (മാതൃ സഹോദരിയായ) ആഇശ -رضي الله عنها- യുടെ അടുക്കൽ ചെന്ന് പറഞ്ഞു: ഉമ്മാ, അല്ലാഹുവിന്റെ റസൂൽ ﷺ യുടെയും അവിടുത്തെ രണ്ടു അനുചരന്മാരുടെയും ഖബ്റുകൾ എനിക്ക് കാണിച്ചു തരൂ.

*അങ്ങനെ വളരെ ഉയർന്നതോ ഭൂമിയോട് സമനിരപ്പോ അല്ലാത്ത, നിരന്ന പ്രദേശത്തെ ചുവന്ന ചരൽ കല്ലുകൾ വിതറപ്പെട്ട ആ മൂന്ന് ഖബ്റുകൾ എനിക്കവർ കാണിച്ചു തന്നു.*”[അബൂ ദാവൂദ്](3)

ഇമാം നവവി -رحمه الله- ‘ഖുലാസ്വത്തുൽ അഹ്കാം’ എന്ന കിതാബിൽ ഖബ്ർ ഒരു ചാണോളമാണ് ഉയർത്തേണ്ടതെന്ന് പറയുന്ന അദ്ധ്യായത്തിൽ ഈ ഹദീസ് ഉദ്ദരിച്ച ശേഷം പറഞ്ഞു: “അബൂ ദാവൂദും മറ്റും സ്വഹീഹായ പരമ്പരകളോടെയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.”(4) 

ഹിജ്റ വർഷം 881ൽ ഹുജ്റയുടെ അകത്തെ ചുവരുകളും മറ്റും പുതുക്കി നിർമിക്കാനായി മദീനക്കാരായ ചിലയാളുകൾ നബി ﷺ യുടെ ഹുജ്റയിൽ പ്രവേശിക്കുകയുണ്ടായി. ഖബ്റിന്റെ അടുക്കൽ പ്രവേശിച്ച അവർ എന്താണ് കണ്ടതെന്ന് അന്ന് ഹുജ്റയിൽ പ്രവേശിച്ച പണ്ഡിതന്മാരിൽപെട്ട അസ്സംഹൂദി -رحمه الله- പറയുന്നു:

فلما قضيت من ذلك الوطر، متعت عيني من تلك الساحة بالنظر، لأتحف بوصفها المشتاقين، وأنشر من طيب أخبارها في المحبين، فتأملت الحجرة الشريفة فإذا هي أرض مستوية، وتناولت من ترابها بيدي فإذا فيه نداوة وحصباء كالحصباء المتقدم وصفها بين الجدارين يظهر عند فحصه بالأصابع، ولم أجد للقبور الشريفة أثرا

“അവിടുത്തെ സൗരഭ്യമാർന്ന വിശേഷങ്ങൾ നബി ﷺ യെ സ്നേഹിക്കുന്നവരോട് പങ്കുവെക്കുവാനും അവർക്ക് അതിനെക്കുറിച്ചുള്ള വിവരണം സമ്മാനിക്കാനുമായി ആ പരിസരം മുഴുവനും കണ്ണോടിച്ചു കൊണ്ട് എന്റെ നയനങ്ങൾ ആനന്ദം കണ്ടെത്തി. *നബി ﷺ യുടെ ഷറഫാക്കപ്പെട്ട ഹുജ്റ ഞാൻ പരിശോധിച്ചപ്പോൾ അവിടെ നിരപ്പായ ഭൂമിയായിരുന്നു.* അവിടെയുള്ള മണ്ണ് ഞാൻ എന്റെ കൈകൊണ്ട് എടുത്തുനോക്കി, അതിൽ വിരലുകൾ കൊണ്ട് തിരഞ്ഞപ്പോൾ നേരത്തെ നാം വിവരിച്ചത് പോലുള്ള ചരൽ കല്ലുകളും നനവും ആ മണ്ണിനുണ്ടായിരുന്നു. *ഖബ്റുകളുടെ യാതൊരു അടയാളവും അവിടെ ഞാൻ കണ്ടില്ല.*”(5)

പിന്നീട് അവർ ഖബ്റുകളുടെ സ്ഥാനം നിർണയിക്കുകയും മൂന്ന് ഖബ്റുകളുടെ മുകളിലും ചരൽ കല്ലുകൾ വിതറുകയും ചെയ്തു.(6)

ചുരുക്കത്തിൽ, ഈ വിഷയത്തിൽ വന്ന റിപ്പോർട്ടുകളും നബി ﷺ യുടെ ഖബ്ർ പിൽകാലത്ത് കണ്ടവരുടെ സാക്ഷ്യങ്ങളും എല്ലാം പരസ്പരം ശരിവെക്കുകയും, അവിടുത്തെ ഖബ്റിന്റെ മുകളിൽ ജാറം പണിയുകയോ കെട്ടിയുയർത്തുകയോ ചെയ്തിട്ടില്ല എന്ന് യാതൊരു സംശയത്തിനുമിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്യുന്നു.

ഖബ്റുകൾ കെട്ടി ഉയർത്തുന്നത് വിലക്കുന്ന ഹദീസുകൾ സൂചിപ്പിച്ച ശേഷം ഇമാം അൽഖുർത്വുബി -رحمه الله- പറഞ്ഞു:

قال علماؤنا: ظاهره منع تسنيم القبور ورفعها وأن تكون لاطئة. وقد قال به بعض أهل العلم .وذهب الجمهور إلى أن هذا الارتفاع المأمور بإزالته هو ما زاد على التسنيم، ويبقى للقبر ما يعرف به ويحترم، وذلك صفة قبر نبينا محمد ﷺ وقبر صاحبيه رضي الله عنهما على ما ذكر مالك في الموطإ

“ഈ ഹദീസുകളിലെ വിലക്കു കൊണ്ടുദ്ദേശിക്കുന്നത് ഖബ്റിന്റെ മുകൾ ഭാഗം കൂർപ്പിക്കുക പോലും ചെയ്യാതെ നിരപ്പാക്കണമെന്നാണ് എന്നതാണ് നമ്മുടെ പണ്ഡിതന്മാർ പറയുന്നത്. ഇതാണ് ചില പണ്ഡിതന്മാരുടെ വീക്ഷണം. എന്നാൽ (ഒരു ചാൺ) കൂർപ്പിച്ച് ഉയർത്തിയതിലും അധികമായി ഉയർത്തുന്നതാണ് പൊളിച്ച് നീക്കം ചെയ്യാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്, ഖബ്ർ തിരിച്ചറിയാനും, ആദരിക്കപ്പെടാനും വേണ്ട (ഒരു ചാൺ ഉയരം) നിലനിർത്തണം എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട്. *അപ്രകാരമാണ് ഇമാം മാലിക് -رحمه الله- തന്റെ മുവത്ത്വഇൽ പറഞ്ഞ പ്രകാരം നബി ﷺ യുടെയും അബൂബക്ർ, ഉമർ -رضي الله عنهما- എന്നിവരുടെയും ഖബ്റുകളുടെ രൂപം.*”(7)

കൂർപ്പിക്കുകയെന്നാൽ ഒരു ചാണാണ് അതിന്റെ ഉയരമെന്ന് ഇമാം അൽഖുർത്വുബി തന്നെ വിശദീകരിച്ചിട്ടുണ്ട്.(8)

ഹുജ്റയുടെ മുകളിൽ ഇന്ന് കാണുന്ന ഖുബ്ബയും സ്വഹാബികൾക്കോ, ശേഷം വന്ന ഉത്തമ തലമുറകൾക്കോ പരിചയമില്ലാത്തതാണ്. വളരെ പിൽകാലത്ത് ഹി. 678 ലാണ് ആദ്യമായി ഹുജ്റയുടെ മുകളിൽ ഖുബ്ബ നിർമ്മിക്കുന്നത്. പിന്നെയും ഒരു പാട് കാലം കഴിഞ്ഞാണ് ഇന്ന് കാണുന്ന പച്ച ഖുബ്ബ നിർമ്മിക്കപ്പെടുന്നത്.(9)

ഹി. 854ൽ മരണപ്പെട്ട ഇബ്നു ള്ള്വിയാഅ് -رحمه الله- പറയുന്നു:

قَالَ المطري: وَلم يكن على الْحُجْرَة الشَّرِيفَة قبَّة،..إِلَى سنة ثَمَان وَسبعين وَسَبْعمائة فِي دولة السُّلْطَان الْملك الْمَنْصُور قلاوون عمل هَذِه الْقبَّة

“(ഹി. 741ൽ മരണപ്പെട്ട) ജമാലുദ്ദീൻ അൽമത്വരി പറയുന്നു: *ശറഫാക്കപ്പെട്ട ഹുജ്റയുടെ മുകളിൽ ഖുബ്ബയുണ്ടായിരുന്നില്ല. സുൽത്ത്വാനായ അൽമൻസ്വൂർ ഖലാവൂൻ രാജാവിന്റെ ഭരണകാലം ഹി. 678 വരെ(10), അതിന് ശേഷം അദ്ദേഹമാണ് അങ്ങനെയൊരു ഖുബ്ബ നിർമിച്ചത്.*”(11)

അസ്സംഹൂദി പറയുന്നു:

أما القبة المذكورة فاعلم أنه لم يكن قبل حريق المسجد الشريف الأول وما بعده على الحجرة الشريفة قبة..واستمر ذلك إلى سنة ثمان وسبعين وستمائة في أيام الملك المنصور قلاوون الصالحى، فعملت تلك القبة

*“നബി ﷺ യുടെ മസ്ജിദിന് (ഹി. 654ൽ) സംഭവിച്ച ഒന്നാമത്തെ തീപ്പിടുത്തത്തിന്റെ സമയത്തോ അതിന് മുമ്പോ ഹുജ്റക്ക് മുകളിൽ ഖുബ്ബയുണ്ടായിരുന്നില്ല എന്ന് നീ മനസ്സിലാക്കുക.. അൽമൻസ്വൂർ ഖലാവൂൻ അസ്സ്വാലിഹി രാജാവിന്റെ ഭരണകാലത്ത് ഹി. 678 വരെയും അങ്ങനെ തന്നെ തുടർന്നു. ശേഷം അദ്ദേഹമാണ് ആ ഖുബ്ബ നിർമിച്ചത്.”*(12)

ഉത്തമ തലമുറകൾക്ക് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് നിർമ്മിക്കപ്പെട്ട ഈ ഖുബ്ബയെ പണ്ഡിതന്മാർ എതിർത്തതായി അക്കാലത്തെ പണ്ഡിതന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.(13)

ചുരുക്കത്തിൽ;

• നബി ﷺ യുടെ ഈ വിഷയത്തിൽ വന്ന നിർദ്ദേശങ്ങളെ സ്വഹാബികൾ എങ്ങനെയാണ് മനസ്സിലാക്കിയത് എന്നതിന്റെ പ്രായോഗിക രൂപമാണ് ഈ വിവരിച്ചത്. സ്വഹാബികൾ മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലാണല്ലോ പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത്.

• ഖബ്റിന്റെ ഏറ്റവും ശ്രേഷ്ഠമായ രൂപം ഇതാണ്. ഉലമാക്കൾ പറയാറുള്ളത് പോലെ അല്ലാഹു അവൻ്റെ റസൂലിന് ഏറ്റവും ശ്രേഷ്ഠമായതല്ലാതെ തിരഞ്ഞെടുക്കുകയില്ല.

• ഖബ്ർ എങ്ങനെയായിരിക്കണം എന്നത് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ കൂടി നബി ﷺ യുടെ ഖബ്ർ സ്വഹാബികൾ എങ്ങനെയാണ് ചെയ്തത് എന്നത് ഈ വിഷയത്തിലെ നബിചര്യ വ്യക്തമാക്കുന്ന തെളിവും സ്വഹാബത്തിന്റെ ഐക്യഖണ്ഡേനയുള്ള നിലപാടുമാണ്. സ്വഹാബികളുടെ മാർഗം പിന്തുടരുന്ന അഹ്‌ലുസ്സുന്നക്ക് അത് തന്നെ ഏറ്റവും വലിയ തെളിവാണ്.

• ഖബ്റുമായി ബന്ധപ്പെട്ട് വന്ന വിലക്കുകളിൽ സാധാരണക്കാരുടെ ഖബ്റെന്നോ മഹാന്മാരുടെയും നേതാക്കന്മാരുടെയും ഖബ്റെന്നോ ഉള്ള വ്യത്യാസമില്ല. നബി ﷺ യേക്കാൾ വലിയ മഹാൻ ഈ ഉമ്മത്തിൽ ആരാണുള്ളത്? 

• നബി ﷺ യുടെ ഖബ്റാണെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന കെട്ടി ഉയർത്തപ്പെട്ട ഖബ്‌റിൻ്റെ ഫോട്ടോകളും മറ്റും യാതൊരു അടിസ്ഥാനവുമില്ലാത്ത കുപ്രചരണങ്ങളാണ്. അവ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതിന് നേർ വിപരീതമാണ്.

• നബി ﷺ യുടെ ഖബ്ർ ഉൾക്കൊള്ളുന്ന ഹുജ്റയുടെ മുകളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പച്ച ഖുബ്ബ പോലും സ്വഹാബികളുടെയോ ഉത്തമ തലമുറകളുടെയോ കാലത്തു നിർമ്മിക്കപ്പെട്ടതല്ല, വളരെ പിൽകാലത്തുണ്ടായ നിർമിതികളാണ്.

•┈┈┈┈•✿❁✿•┈┈┈┈•

(1) ഇബ്നു ഹിബ്ബാൻ അദ്ദേഹത്തിൻ്റെ സ്വഹീഹിലും(6635) ബൈഹഖി അദ്ദേഹത്തിന്റെ സുനനിലും(6527) റിപ്പോർട്ട് ചെയ്തു. ശൈഖ് അൽബാനി അഹ്കാമുൽ ജനാഇസിൽ ഇതിന്റെ സനദ് ഹസനാണെന്ന് വിധിച്ചു.

(2) അബൂദാവൂദ് അദ്ദേഹത്തിന്റെ മറാസീലിൽ (421) റിപ്പോർട്ട് ചെയ്തു.

(3) ഹദീസ് സ്വഹീഹാണെന്ന് ഇമാം നവവി رحمه الله തന്റെ ശർഹുൽ മുഹദ്ദബിലും(5/296) ഇബ്നുൽ മുലഖ്ഖിൻ തന്റെ ബദ്റുൽ മുനീറിലും(5/319), ഇതിന്റെ നിവേദക പരമ്പര സ്വീകാര്യമാണെന്ന് ഹാകിമും, ഇത് സ്ഥിരപ്പെട്ട റിപ്പോർട്ടാണെന്ന് അബൂബക്ർ അത്ത്വൊർത്തുശി തന്റെ അൽബിദഉ വൽ ഹവാദിസിലും (പേ. 156) വിധിയെഴുതിയിട്ടുണ്ട്.

(4) ഖുലാസ്വത്തുൽ അഹ്കാം (പേ. 1024)

(5) വഫാഉൽ വഫാ (2/404)

(6) വഫാഉൽ വഫാ (2/408)

(7) തഫ്സീറുൽ ഖുർത്വുബി (10/381)

(8) അദ്ദേഹം പറഞ്ഞു:

والتسنيم في القبر ارتفاعه قدر شبر

“ഖബ്ർ കൂർപ്പിക്കുകയെന്നാൽ എന്നാൽ ഒരു ചാൺ ഉയർത്തലാണ്.” തഫ്സീറുൽ ഖുർത്വുബി (10/381)

(9) അതുകൊണ്ടുതന്നെ അതിനുമുമ്പ് രചിക്കപ്പെട്ട മദീനയുടെ ചരിത്രം വിശദമായി വിവരിക്കുന്ന ഇബ്നു ന്നജ്ജാറിന്റെ അദ്ദുർറത്തുസ്സമീന പോലുള്ള ഒരു ഗ്രന്ഥങ്ങളിലും ഇങ്ങനെ ഒരു ഖുബ്ബയെ കുറിച്ച് പരാമർശമില്ല.

(10) കിതാബിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ചില കോപ്പികളിൽ 778 എന്ന് കാണാമെങ്കിൽ പോലും 678 എന്നതാണ് ശരി. കാരണം അതാണ് മറ്റു ചരിത്ര ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചതിനോട് യോജിക്കുന്നത്. എന്ന് മാത്രമല്ല, സുൽത്ത്വാൻ അൽമൻസ്വൂർ ഖലാവൂൻ ഹി. 689ൽ വഫാത്തായിട്ടുണ്ട്.

(11) താരീഖു മക്കത്തി ശ്ശരീഫഃ വൽ മസ്ജിദിൽ ഹറാം വൽ മദീനത്തി ശ്ശരീഫഃ (1/330)

(12) വഫാഉൽ വഫാ (2/157)

(13) ഇഖ്തിള്വാഉ സ്സ്വിറാത്തിൽ മുസ്തഖീം (2/685)

പങ്കിടുക: