ഇസ്ലാമിക ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കൽലിങ്ക് കോപ്പി ചെയ്തു!
✍🏼 അനസ് നദീരി
••┈•┈••✦✿✦••┈•┈••
മുസ്ലിം ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കലാണ് അഹ്ലുസ്സുന്നയുടെ രീതി. ഭരണാധികാരികൾക്കെതിരെ പ്രാർത്ഥിക്കുക എന്നത് മാർഗമായി സ്വീകരിച്ചവർ ബിദ്അത്തിൻ്റെ വക്താക്കളാണ്. അഹ്ലുസ്സുന്നയെ അഥവാ സലഫികളെ മറ്റു വ്യതിയാന കക്ഷികളിൽ നിന്ന് വേർതിരിച്ചു നിർത്തുന്ന വിഷയമായതുകൊണ്ടും അഖീദയും മൻഹജുമായി ബന്ധമുള്ളതുകൊണ്ടും ഇക്കാര്യം ഇമാമീങ്ങൾ അഖീദാ ഗ്രന്ഥങ്ങളിലും മറ്റും പ്രാധാന്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്. അവയിൽ ചില ഉദ്ധരണികളാണ് ഈ ലേഖനത്തിൽ ക്രോഡീകരിച്ചിരിക്കുന്നത്.
❐ ഇമാം മുസ്ലിം ഉദ്ധരിച്ച തമീം ബ്നു ഔസ് അദ്ദാരി رضي الله عنه വിൻ്റെ ഹദീസിൽ നബി ﷺ പറഞ്ഞു:
الدين النصيحة
"ഇസ്ലാമെന്നാൽ നസ്വീഹത്താണ്."
ആരോടാണ് റസൂലേ എന്ന് സ്വഹാബികൾ ചോദിച്ചപ്പോൾ അവിടുന്ന് ﷺ പറഞ്ഞു:
لله ولكتابه ولرسوله ولأئمة المسلمين وعامتهم
"അല്ലാഹുവിനോടും അവൻ്റെ കിതാബിനോടും അവൻ്റെ റസൂലിനോടും മുസ്ലിംകളിലെ ഇമാമുകളോടും സാധാരണക്കാരോടും."
ശൈഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
أما النصيحة لأئمة المسلمين فبالدعاء لهم والسمع والطاعة لهم في المعروف والتعاون معهم على الخير وترك الشر وعدم الخروج عليهم
"മുസ്ലിംകളുടെ ഭരണാധികാരികളോടുള്ള നസ്വീഹത്ത് എന്നാൽ; അവർക്ക് വേണ്ടി പ്രാർത്ഥിക്കലും, അവരെ നന്മകളിൽ കേൾക്കുകയും അനുസരിക്കുകയും, പുണ്യങ്ങളിലും തിന്മകൾ വർജിക്കുന്നതിലും അവരുടെ കൂടെ സഹകരിക്കലും, അവർക്കെതിരെ വിപ്ലവം നടത്താതിരിക്കലുമാണ്."
[مجموع الفتاوى (٢٧/٥٢٤)]
ഹദീസ് വിശദീകരിച്ചു കൊണ്ട് ശൈഖ് അബ്ദുൽ മുഹ്സിൻ അൽഅബ്ബാദ് حفظه الله പറയുന്നു:
وكذلك الدعاء لهم وترك الخروج عليهم ولو حصل منهم الجور، وكذلك تعليم الناس وتوجيههم إلى السنة الدالة على أنه يجب ويتعين مناصحة الولاة والدعاء لهم، وألا يخرج الإنسان عليهم، وألا يؤلب الناس عليهم، وألا يأتي بالأمور التي تهيج الناس عليهم وتفسد قلوبهم عليهم، وإنما يسعى لجمع القلوب عليهم والدعاء لهم وعدم الدعاء عليهم
"ഇസ്ലാമിക ഭരണാധികാരികളോടുള്ള നസ്വീഹത്തിന്റെ ഭാഗമാണ് അക്രമം പ്രവർത്തിച്ചാൽ പോലും അവർക്കെതിരെ വിപ്ലവം നടത്താതിരിക്കലും അവർക്ക് വേണ്ടി ദുആ ചെയ്യലും."
ഭരണാധികാരികളോട് ഗുണകാംക്ഷ കാണിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയുമാണ് വേണ്ടത്, അവർക്കെതിരെ പുറപ്പെടരുത്, ജനങ്ങളെ അവർക്കെതിരെ തിരിക്കുകയോ ഇളക്കി വിടുകയോ അവരെക്കുറിച്ച് ജനമനസ്സിൽ വെറുപ്പോ അനിഷ്ടമോ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുത്, മറിച്ച് അവരോട് ഹൃദയങ്ങളിൽ ഇണക്കം ഉണ്ടാക്കുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അവർക്കെതിരെ പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുക എന്നിങ്ങനെയെല്ലാം നിർദേശിക്കുന്ന സുന്നത്ത് ജനങ്ങളെ പഠിപ്പിക്കുകയും അതിലേക്ക് അവർക്ക് ദിശാബോധം നൽകുകയും ചെയ്യലും ഭരാണധികാരികളോടുള്ള നസ്വീഹത്താണ്."
[شرح الاربعون النووية]
❐ 'അഹ്ലുസ്സുന്നയുടെ ഇമാം' എന്നറിയപ്പെടുന്ന അഹ്മദ് ബ്നു ഹമ്പൽ رَحِمَـﮧُ اللَّـﮧُ പറയുന്നു:
وإني لأدعو له بالتسديد والتوفيق في الليل والنهار والتأييد وأرى له ذلك واجبا عليَّ
"ഞാൻ ഭരണാധികാരിക്ക് വേണ്ടി അദ്ദേഹം നേരായ വഴിയിലാകാനും, നന്മകൾക്ക് തൗഫീഖ് ലഭിക്കാനുമായി രാവും പകലും പ്രാർത്ഥിക്കുന്നു. അത് എൻ്റെ മേൽ നിർബന്ധമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്."
[ كتاب السنة للخلال]
❐ ഹി. 449ൽ മരണപ്പെട്ട ശാഫിഈ പണ്ഡിതനായ ഇമാം അബൂ ഉസ്മാൻ അസ്സ്വാബൂനി رَحِمَـﮧُ اللَّـﮧُ പറയുന്നു:
ويرى أصحاب الحديث: ....، ويرون الدُّعاء لهم بالإصلاح والتوفيق والصلاح، ولا يرون الخروج عليهم بالسيف، وإن رأوا منهم العُدول عن العدل إلى الجور والحيف
"നല്ലവരാണെങ്കിലും ഫാജിറുകളാണെങ്കിലും മുസ്ലിം ഭരണാധികാരികൾക്ക് നന്മക്കും തൗഫീഖിനും വേണ്ടി പ്രാർത്ഥിക്കലാണ് അസ്ഹാബുൽ ഹദീസിൻ്റെ (അഥവാ അഹ്ലുസ്സുന്നയുടെ) നിലപാട്. അവർക്കെതിരെ ആയുധവുമായി ഇറങ്ങി പുറപ്പെടുന്നതിനെ അവർ അനുവദനീയമായി കാണുന്നില്ല. ഭരണാധികാരികൾ നീതിയിൽ നിന്നും അന്യായത്തിലേക്കും അക്രമത്തിലേക്കും തെറ്റിപ്പോയാലും ശരി."
[عقيدة السلف وأصحاب الحديث]
❐ ഹി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം ഫുദ്വൈൽ ബ്നു ഇയാദ്വ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
لو أن لي دعوةً مستجابةً ما صيرتها إلا في الإمامِ
"എനിക്ക് ഉത്തരം ലഭിക്കുന്ന ഒരു പ്രാർത്ഥനയുണ്ടായിരുന്നെങ്കിൽ അത് ഞാൻ ഭരണാധികാരിക്ക് വേണ്ടിയല്ലാതെ പ്രാർത്ഥിക്കുമായിരുന്നില്ല."
എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
متى ما صيرتها في نفسي لم تجزني، ومتى صيرتها في الإمامِ فصلاحُ الإمامِ صلاحٌ العبادِ والبلادِ
"സ്വന്തത്തിന് വേണ്ടിയത് പ്രാർത്ഥിക്കുകയാണെങ്കിൽ അതിന്റെ നേട്ടം എനിക്ക് മാത്രമായിരിക്കും, എന്നാൽ ഭരണാധികാരിക്ക് വേണ്ടിയത് നിർവഹിക്കുകയാണെങ്കിൽ ഭരണാധികാരി നന്നാകുന്നത് മുഖേന നാടും ജനങ്ങളും നന്നാകും...."
തുടർന്നുള്ള അദ്ദേഹത്തിന്റെ വിശദീകരണം കൂടി കേട്ടപ്പോൾ ഇമാം ഇബ്നുൽ മുബാറക് رَحِمَـﮧُ اللَّـﮧُ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു:
يا معلمَ الخيرِ؛ من يحسنُ هذا غيرك
"നന്മയുടെ അധ്യാപകനേ, താങ്കൾക്കല്ലാതെ മറ്റാർക്കാണ് ഇതിന് സാധിക്കുക."
[أخرجه أبو نعيم في الحلية (٨/٩١)]
❐ ഹി. 370 ൽ മരണപ്പെട്ട അബൂബക്കർ അൽ ഇസ്മാഈലി -رحمه الله- ഇസ്ലാമിക ഭരണാധികാരികളെ കുറിച്ചുള്ള അഹ്ലുസ്സുന്നയുടെ നിലപാട് വിശദീകരിക്കവെ പറയുന്നു :
ويرون الدعاء لهم بالصلاح
"ഭരണാധികാരികൾ ആക്രമികളാണെങ്കിൽ പോലും അവരുടെ അവസ്ഥ നന്നാകാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നതാണ് അവരുടെ നിലപാട്."
[كتاب اعتقاد أهل السنة]
❐ ഇമാം ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ പറയുന്നു:
"മുപ്പത് വർഷമായി എല്ലാ രാത്രിയിലും ഞാൻ ഭരണാധികാരിക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്.!"
ശൈഖ് സ്വാലിഹ് അൽ ഉസ്വൈമി حفظه الله പറയുന്നു: "ഇത് അഹ്ലുസ്സുന്നയുടെ പ്രത്യക്ഷമായ അടയാളങ്ങളിൽ പെട്ടതാണ്."
അഹ്ലുസ്സുന്ന ഭരണാധികാരികൾക്കെതിരെ പ്രാർത്ഥിക്കുകയില്ല.
❐ ഇമാം അബൂ ജഅ്ഫർ അത്ത്വഹാവി رَحِمَـﮧُ اللَّـﮧُ തൻ്റെ അഖീദാ ഗ്രന്ഥത്തിൽ പറയുന്നു:
وَلَا نَرَى الْخُرُوجَ عَلَى أَئِمَّتِنَا وَوُلَاةِ أُمُورِنَا وَإِنْ جَارُوا، وَلَا نَدْعُو عَلَيْهِمْ
"നമ്മുടെ ഇമാമീങ്ങൾക്കും ഭരണാധികാരികൾക്കും എതിരെ -അവർ അക്രമം പ്രവർത്തിച്ചാൽ പോലും- വിപ്ലവം നടത്തുന്നത് നാം അനുവദനീയമായി കാണുന്നില്ല. നാം അവർക്കെതിരെ പ്രാർത്ഥിക്കുകയില്ല."
അദ്ദേഹം തുടരുന്നു:
وَنَدْعُو لَهُمْ بِالصَّلَاحِ وَالْمُعَافَاةِ
"അവർക്ക് നന്മയും സൗഖ്യവുമുണ്ടാകുവാൻ നാം പ്രാർത്ഥിക്കും."
[العقيدة الطحاوية]
ഭരണാധികാരികൾക്ക് എതിരെ പ്രാർത്ഥിക്കൽ ബിദ്അത്തുകാരുടെ അടയാളമാണ്.
❐ ഹി. 329ൽ മരണപ്പെട്ട ഇമാം അൽബർബഹാരി رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
وإذا رأيت الرجل يدعو على السلطان فاعلم أنه صاحب هوىً، وإذا رأيت الرجل يدعو للسلطان بالصلاح فاعلم أنه صاحب سنة إن شاء الله، يقول فضيل بن عياض: لو كانت لي دعوة ما جعلتها إلا في السلطان
"ഒരാൾ ഭരണാധികാരിക്ക് എതിരെ പ്രാർത്ഥിക്കുന്നത് കണ്ടാൽ അയാൾ ബിദ്അത്തുകാരനാണെന്ന് നീ മനസ്സിലാക്കി കൊള്ളുക. ഒരാൾ ഭരണാധികാരിക്ക് നന്മയുണ്ടാകാൻ പ്രാർത്ഥിക്കുന്നത് കണ്ടാൽ അയാൾ -ഇൻഷാ അല്ലാഹ്- അഹ്ലുസ്സുന്നയാണെന്നും നീ മനസ്സിലാക്കി കൊള്ളുക."
[شرح السنة للإمام البربهاري]
❐ ശൈഖ് ഇബ്നു ഉസൈമീൻ رَحِمَـﮧُ اللَّـﮧُ പറയുന്നു:
الذي لا يدعو للسلطان فيه بدعة من بدعة قبيحة، وهي: الخوارج -الخروج على الأئمة-
"ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാത്തവരിൽ വളരെ മോശപ്പെട്ട ഒരു ബിദ്അത്ത് ഉണ്ട്. ഖവാരിജുകളുടെ ബിദ്അത്താണത്."
[لقاء الباب المفتوح]
❐ ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ സമ്മതിക്കുന്നവരെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ശൈഖ് ഇബ്നു ബാസ് رَحِمَـﮧُ اللَّـﮧُ പറഞ്ഞു:
هذا من جهله، وعدم بصيرته؛ لأن الدعاء لولي الأمر من أعظم القربات، ومن أفضل الطاعات، ومن النصيحة لله ولعباده
"അതവരുടെ വിവരമില്ലായ്മയും വിവേകമില്ലായ്മയും കാരണമാണ്. കാരണം ഭരണാധികാരികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന വളരെ ശ്രേഷ്ഠമായ ഇബാദത്തും പുണ്യകർമ്മവും അല്ലാഹുവിനോടും അവൻ്റെ അടിമകളോടുമുള്ള നസ്വീഹത്തിന്റെ ഭാഗവുമാണ്.”
[مجموع الفتاوى]
❐ അല്ലാമ സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: "മുസ്ലിമീങ്ങളുടെ ഭരണാധികാരികൾക്കെതിരെ പ്രാർത്ഥിക്കുന്നവർ അഹ്സുന്നത്തി വൽ ജമാഅയുടെ മദ്ഹബിലല്ല. ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കാത്തവരുടെ കാര്യവും അതുപോലെതന്നെയാണ്. അഹ്ലുസ്സുന്നയുടെ അഖീദയിൽ നിന്ന് അവർക്ക് വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണത്."
[التعليقات المختصرة على العقيدة الطحاوية]
അദ്ദേഹം തന്നെ പറയുന്നു:
"മുസ്ലിം ഭരണാധികാരികളെ ഇഷ്ടപ്പെടുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അതാണ് മുഅ്മിനീങ്ങളുടെ ചര്യ."
❐ ശൈഖ് അബ്ദുല്ലാഹ് അൽ ഖുസ്വയ്യിർ رَحِمَـﮧُ اللَّـﮧُ പറയുന്നു:
"ഇസ്ലാമിക ഭരണാധികാരികൾ -ദീനിൽ പൂർണമായും നേരെ ചൊവ്വേ നിലകൊള്ളുന്നവരെല്ലെങ്കിൽ കൂടി- ആദരിക്കപ്പെടേണ്ടവരാണ്.
അവരുടെ പദവിയും മഹത്വവും ഇസ്ലാമിൽ അവർക്കുള്ള സ്ഥാനവും കാരണം അവർ ഏതവസ്ഥയിലായിരുന്നാലും ആദരിക്കപ്പെടേണ്ടവരാണ്.
ഇത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ എന്തെങ്കിലും ഭൗതിക സൗകര്യങ്ങൾ നഷ്ടപ്പെടാതിരിക്കാനോ മറ്റ് വല്ലതും നേടാനോ അല്ല. മറിച്ച്,
1. അല്ലാഹുവിനുള്ള ഉബൂദിയ്യത്തും അവനുള്ള ദീനിൻ്റെ ഭാഗവും
2. സ്വാലിഹീങ്ങളായ സലഫുകളുടെ മാർഗം സ്വീകരിക്കലും ചര്യ പിന്തുടരലും
3. ഉമ്മത്തിൽ പല കാലങ്ങളിലും ഫിത്നങ്ങൾക്ക് കാരണമായ, കുഴപ്പങ്ങൾക്കും നാശങ്ങൾക്കും വഴിവെച്ച, ജനങ്ങൾക്ക് -പ്രത്യേകിച്ചും കാഫിറുകൾക്ക്- ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയ പിഴച്ച കക്ഷികളുടെയും വ്യതിചലിച്ച വിഭാഗങ്ങളുടെയും മാർഗത്തിൽ നിന്നുള്ള വിട്ടുനിൽക്കലുമാണ് അകലം പാലിക്കലുമാണിത്."
