ബറാഅത്ത് രാവും അതിലെ ബിദ്അത്തുകളും

Mohammed Shafeeque Madeena
February 2, 2026
30 കാഴ്ചകൾ

എന്നും ദീനിനെ വികലമാക്കുന്നവരാണ് ബിദ്അത്തുകാർ...

ഇമാം അബു ശാമ رحمه الله ബിദ്അത്തുകളുടെ അടിവേര് മുറിച്ചുമാറ്റുന്ന അദ്ദേഹത്തിൻറെ ഗ്രന്ഥമായ "അൽ-ബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ്" (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിൽ ദീനിന്റെ അടിസ്ഥാന വിഷയമായ സുന്നത്തിനെ പിൻപറ്റുക ബിദ്അത്തിനെ വെടിയുക എന്ന തത്വം വിശദീകരിക്കാൻ കൊടുത്ത ഖുർആൻ വചനങ്ങളും ഹദീസുകളും മാത്രം മതി ഒരു സത്യവിശ്വാസിക്ക് ചിന്തിക്കാൻ ....

അദ്ദേഹം പറയുന്നു : നബി സല്ലല്ലാഹു അലൈഹിവ സല്ലമയും തിരുമേനിയുടെ സ്വഹാബികളും അവർക്ക് ശേഷമുള്ളവരും തങ്ങളുടെ കാലഘട്ടത്തിലുള്ളവരെ ബിദ്അത്തുകളെയും (പുതുതായി നിർമ്മിക്കപ്പെട്ട കാര്യങ്ങൾ) മതത്തിൽ പുതുതായി കൂട്ടിച്ചേർക്കുന്ന കാര്യങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ അപകടങ്ങളിൽ നിന്നും മോചനം നൽകുന്ന 'ഇത്തിബാഅ്' അഥവാ പ്രവാചകചര്യയെ പിന്തുടരാൻ അവർ കൽപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും (ഖുർആൻ) ഈ പിൻപറ്റലിനെക്കുറിച്ച് അലംഭാവത്തിന് ഒട്ടും ഇടമില്ലാത്ത വിധം ശക്തമായ കൽപ്പനകൾ വന്നിട്ടുണ്ട്.

قَالَ تَعَالَى {قل إِن كُنْتُم تحبون الله فَاتبعُوني يحببكم الله وَيغْفر لكم ذنوبكم}

അല്ലാഹു പറഞ്ഞു : "{നബിയേ,} പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിന്തുടരുക; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും." (സൂറത്ത് ആലു ഇംറാൻ: 31).

وَقَالَ تَعَالَى {وَأَن هَذَا صِرَاطِي مُسْتَقِيمًا فَاتَّبعُوهُ وَلَا تتبعوا السبل فَتفرق بكم عَن سَبيله ذَلِكُم وَصَّاكُم بِهِ لَعَلَّكُمْ تَتَّقُون}

​അല്ലാഹു പറഞ്ഞു: "ഇതാകുന്നു എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അത് പിന്തുടരുക. മറ്റു വഴികളെ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അല്ലാഹുവിന്റെ പാതയിൽ നിന്ന് നിങ്ങളെ ഭിന്നിപ്പിച്ചു കളയും. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുന്നതിനുവേണ്ടി അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപദേശമാണ ഇത്." (സൂറത്ത് അൻആം: 153).

وَهَذَا نَص فِيمَا نَحن فِيهِ وَقد روينَا عَن أبي الْحجَّاج بن جُبَير الْمَكِّيّ وَهُوَ من كبار التَّابِعين وَإِمَام الْمُفَسّرين قَول الله تَعَالَى {وَلَا تتبعوا السبل} قَالَ الْبدع والشبهات..

തുടർന്ന് അദ്ധേഹം എഴുതുന്നു : ​നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിൽ വ്യക്തമായ തെളിവാണ് (നസ്സ്) ഈ വചനം. താബിഉകളിൽ പ്രമുഖനും മുഫസ്സിറുകളുടെ (ഖുർആൻ വ്യാഖ്യാതാക്കൾ) നേതാവുമായ അബൂ ഹജ്ജാജ് ബിൻ ജുബൈർ അൽ-മക്കിയിൽ നിന്ന് നമുക്ക് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്; {മറ്റു വഴികളെ നിങ്ങൾ പിന്തുടരരുത്} എന്ന അല്ലാഹുവിന്റെ വചനത്തിന് അദ്ദേഹം നൽകിയ വ്യാഖ്യാനം "ബിദ്അത്തുകളും (പുത്തൻ ആചാരങ്ങൾ) സംശയകരമായ കാര്യങ്ങളും" എന്നാണ്.

തുടർന്ന് അദ്ദേഹം ചില ഹദീസുകൾ ഉദ്ദരിക്കുന്നു

...فَإِنَّهُ من يَعش مِنْكُم بعدِي فسيرى إختلافا كثيرا فَعَلَيْكُم بِسنتي وَسنة الْخُلَفَاء الرَّاشِدين المهديين عُضْو عَلَيْهَا بالنواجذ وَإِيَّاكُم والمحدثنات فَإِن كل محدثة بدعه...

"...എനിക്ക് ശേഷം നിങ്ങളിൽ ആരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കിൽ അവർക്ക് വലിയ അഭിപ്രായവ്യത്യാസങ്ങൾ കാണേണ്ടി വരും. അതിനാൽ നിങ്ങൾ എന്റെ ചര്യയെയും (സുന്നത്ത്), സന്മാർഗചാരികളും ഖലീഫമാരുമായവരുടെ ചര്യയെയും മുറുകെ പിടിക്കുക. അത് അണപ്പല്ലുകൾ കൊണ്ട് കടിച്ചെന്നപോലെ നിങ്ങൾ മുറുകെ പിടിക്കുക. മതത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക; കാരണം മതത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട ഓരോ കാര്യവും ബിദ്അത്താണ് (ദുരാചാരമാണ്)."

ബറാഅത്ത് നോമ്പ്

ദീനിൽ തെളിവിന്റെ യാതൊരു പിൻബലവുമില്ലാത്തതാണ് ബറാഅത്ത് നോമ്പ് .നബിയോ സ്വഹാബാക്കളോ പഠിപ്പിക്കാത്ത തനിച്ച ബിദ്അത്താണിത് .

ബറാഅത്ത് രാവും യാസീൻ ഓത്തും

ബറാഅത്ത് രാവിൽ കാണപ്പെടുന്ന പ്രധാന പുത്തനാചാരങ്ങളിൽപെട്ടതാണ് അന്നത്തെ രാവിൽ സൂറത്തു യാസീൻ മൂന്നുപ്രാവശ്യം പാരായണം ചെയ്യുക എന്നത്. എന്നാൽ ഖേദകരം എന്ന് പറയട്ടെ ഈ വിഷയത്തിൽ സ്ഥിരപ്പെട്ട ഒരു ഹദീസ് പോയിട്ട് തെളിവിന് കൊള്ളാത്ത ഹദീസ് കൊണ്ട് പോലും ഈ ഒരു അമൽ സ്ഥാപിക്കാൻ ബിദ്അത്തുകാർക്ക് സാധിക്കുകയില്ല. ഇത്തരം സൂഫികളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യതിയാനങ്ങളിൽ ഒന്നാണ് ഖുർആനിനെയും സുന്നത്തിനെയും തള്ളി നബിയോ സ്വഹാബാക്കളോ പഠിപ്പിക്കാത്ത ഒരു കാര്യം ദീനിൽ പുതുതായി ഉണ്ടാക്കുന്നു എന്നത്...

ഈ സൂറത്തു യാസീൻ പാരായണം സുന്നത്താക്കാൻ അവർക്കുള്ള തെളിവ് വിചിത്രം തന്നെ!!

ശൈഖ് അബ്ദുല്‍റഹ്മാനുബ്നു ഇബ്രാഹിം തരീമി(റ) ന്റെ രിസാലയില്‍ ഒരു വിഭാഗം ‘ആരിഫീങ്ങള്‍ പറഞ്ഞതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “

“‘ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഇശാ മഗ്രിബിന്റെ ഇടയില്‍ യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം തുടര്‍ച്ചയായി അവക്കിടയില്‍ മറ്റു സംസാരങ്ങളൊന്നും കൂടാതെ ഓതല്‍ അത്യാവശ്യമാണ്. അവയില്‍ ഒന്നാമത്തേത് തന്റെയും താന്‍ സ്നേഹിക്കുന്നവരുടെയും ദീര്‍ഘായുസ്സിനും രണ്ടാമത്തേത് അന്നപാനീയാദികളില്‍ ബറകതും വിശാലതയും ലഭിക്കുവാനും മൂന്നാമത്തേത് അല്ലാഹു തന്നെ വിജയികളുടെ ഗണത്തില്‍ പെടുത്താനുമുള്ള കരുത്തോട് കൂടിയായിരിക്കണം.

എങ്ങനെയാണ് കൂട്ടരേ നബിയും സ്വഹാബാക്കളും പഠിപ്പിക്കാത്ത ഒരു കാര്യം പിൻഗാമികളിൽ ആരെങ്കിലും തെളിവുകളുടെ അഭാവത്തിൽ പറഞ്ഞാൽ അത് സ്വീകരിക്കുക ..

അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്ന ഒരാളിൽ നിന്നും ഇത്തരം ചെയ്തികള് ഉണ്ടാവാൻ പാടില്ല.

പങ്കിടുക: