ഇമാം ശാഫിഈ رحمه الله യുടെ അഖീദ

Anas Nadeeri
April 10, 2026
255 കാഴ്ചകൾ
ഇമാം ശാഫിഈ رحمه الله യുടെ അഖീദ

ഇമാം ശാഫിഈ رحمه الله യുടെ അഖീദ

✍🏻 അനസ് നദീരി

••┈•┈••✦✿✦••┈•┈••

കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇയുടെ മദ്ഹബ് പിൻപറ്റുന്നു എന്ന് പറയുന്നവർക്ക് എന്തുകൊണ്ടാണ് ഇമാം ശാഫിഇയുടെ അഖീദ അസ്വീകാര്യമാകുന്നത്..!!?

ഇമാം ശാഫിഈ -رَحِمَـﮧُ اللَّـﮧُ- യുടെ മദ്ഹബായി കർമശാസ്ത്ര വിഷയങ്ങൾ മാത്രമല്ല; മറിച്ച്, അദ്ധേഹത്തിൻ്റെ വിശ്വാസ കാര്യങ്ങളിലെ നിലപാടുകളും ഇമാമീങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റബീഅ്ബ്നു സുലൈമാൻ, ഇമാം മുസനി തുടങ്ങിയ ഇമാം ശാഫിഇയുടെ പ്രഗൽഭ ശിഷ്യന്മാർ തന്നെ അദ്ദേഹത്തിന്റെ അഖീദ അദ്ദേഹത്തിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇമാം ശാഫിഇ -رَحِمَـﮧُ اللَّـﮧُ- യുടെ ഈ അഖീദ തന്നെയാണ് സലഫുകളായ എല്ലാ ഇമാമീങ്ങളുടെയും അഖീദ. അഹ്ലുസുന്നയുടെ കലർപ്പില്ലാത്ത അഖീദ. ഇത് പിൽകാലത്ത് ഉടലെടുത്തിട്ടുള്ള, അശ്അരിയ്യത്തടക്കമുള്ള എല്ലാ പിഴച്ച വിശ്വാസങ്ങൾക്കും എതിരാണ്.

ഇൽമുൽ കലാമിനോടുള്ള ഇമാം ശാഫിഇയുടെ ശക്തമായ നിലപാട് വിശദീകരിച്ചതിനു ശേഷം അബുൽ മുദ്വഫ്ഫർ അസ്സംആനി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

فلا ينبغي لأحد أن ينصر مذهبه في الفروع ثم يرغب عن طريقته في الأصول

“അതുകൊണ്ട്, കർമശാസ്ത്ര വിഷയങ്ങളിൽ ഇമാം ശാഫിഇയുടെ മദ്ഹബിനെ പിന്താങ്ങുകയും എന്നിട്ട് വിശ്വാസകാര്യങ്ങളിൽ അദ്ദേഹത്തിന്റെ മാർഗത്തോട് വിമുഖത കാണിക്കുകയും ചെയ്യുക എന്നുള്ളത് ഒരാൾക്കും പാടുള്ളതല്ല.”

📚 الانتصار لأصحاب الحديث

ഖേദകരമെന്ന് പറയട്ടെ, ഇന്ന് ശാഫിഇകളെന്ന് ഊറ്റം കൊള്ളുന്ന പലരുടെയും അഖീദ ഇമാം ശാഫിഇയുടെ അഖീദക്ക് വിരുദ്ധമാണ്. കർമശാസ്ത്ര വിഷയങ്ങളിൽ ഞങ്ങൾ ശാഫിഇകളാണെങ്കിലും വിശ്വാസപരമായി ഞങ്ങൾ അശ്അരികളാണെന്നാണ് ഇവരുടെ ജൽപനം..!

പിൽക്കാലത്ത് ശാഫിഇകൾ ഇമാം ശാഫിഇയുടെ വിശ്വാസം ഒഴിവാക്കി അശ്അരീ വിശ്വാസം സ്വീകരിച്ചുവെന്ന് ഹിജ്റ 597ൽ മരണപ്പെട്ട ഇബ്നുൽ ജൗസി -رَحِمَـﮧُ اللَّـﮧُ- പറയുന്നത് കാണുക:

ثم تبع قومٌ من السلاطين مذهبه، فتعصبوا له، وكثر أتباعه حتى تركت الشافعية معتقد الشافعي -رضي الله عنه-، ودانوا بقول الأشعري

“പിന്നീട് ഒരു കൂട്ടം ഭരണാധികാരികൾ അദ്ദേഹത്തിന്റെ (അബുൽ ഹസൻ അൽഅശ്അരിയുടെ) മദ്ഹബ് പിൻപറ്റുകയും, അതിനോട് കക്ഷിത്വം കാണിക്കുകയും, അദ്ദേഹത്തിന്റെ അനുയായികൾ വർദ്ധിക്കുകയും അങ്ങനെ ശാഫിഇകൾ ഇമാം ശാഫിഇ رحمه الله യുടെ വിശ്വാസം ഒഴിവാക്കുകയും അശ്അരിയുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തു.”

📚 المنتظم【٢٩/١٣】

ഇവർ തങ്ങളുടെ വിശ്വാസമാണെന്ന് അവകാശപ്പെടുന്ന അശ്അരിയ്യത്ത് ഇമാം ശാഫിഇയുടെ വിശ്വാസമല്ലെന്ന് ഇതിൽ നിന്ന് വ്യക്തം.

ആദ്യകാലക്കാരായ ശാഫിഈ പണ്ഡിതന്മാരുടെ അശ്അരിയത്തിനോടുള്ള സമീപനം എന്തായിരുന്നു എന്ന് ഒന്നുകൂടെ വ്യക്തമാകാൻ, ഹിജ്റ 532ൽ മരണപ്പെട്ട ഇമാം അബുൽ ഹസൻ അൽകർജി -رَحِمَـﮧُ اللَّـﮧُ- പറയുന്നത് നോക്കൂ:

 ولم تزل الأئمة الشافعية يأنفون ويستنكفون أن ينتسبوا إلى الأشعري، ويتبرءون مما بنى مذهبه عليه، وينهون أصحابهم وأحبابهم من الحوم حواليه …

“ശാഫിഈ ഇമാമീങ്ങൾ പണ്ടുമുതൽ തന്നെ അശ്അരിയിലേക്ക് ചേർത്തു പറയുന്നതിനെ വെറുക്കുകയും ഉപേക്ഷിക്കുകയും, അശ്അരിയ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് വിയോജിപ്പ് കാണിക്കുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് അടുക്കുന്നതിനെ തൊട്ട് അവരുടെ അനുയായികളെയും പ്രിയപ്പെട്ടവരെയും അവർ വിലക്കാറുമുണ്ട്.”

📚 الفصول في الأصول عن الأئمة الفحول

അദ്ദേഹം തന്നെ പറയുന്നു:

من قال أنا شافعي الشرع، أشعري الاعتقاد، قلنا هذا من الأضداد، إذ لم يكن الشافعي أشعري الاعتقاد ..

“കർമശാസ്ത്രപരമായി ഞാൻ ശാഫിഇയ്യും വിശ്വാസപരമായി ഞാൻ അശ്അരിയും ആണെന്ന് ആരെങ്കിലും പറഞ്ഞാൽ, നമ്മൾ പറയും ഇത് വൈരുദ്ധ്യമാണ്. കാരണം ഇമാം ശാഫിഈ അശ്അരീ വിശ്വാസക്കാരൻ ആയിരുന്നില്ല.....”

📚 الفصول في الأصول عن الأئمة الفحول

ഇമാം ശാഫിഇ -رَحِمَـﮧُ اللَّـﮧُ- യുടെ വിശ്വാസം അശ്അരിയ്യത്ത് തന്നെയാണെന്ന ന്യായീകരണത്തിന്, ഇമാമീങ്ങളുടെ ഈ വിശദീകരണത്തിനു മുമ്പിൽ നില നിൽപ്പില്ലാതാകുന്നു.

ഇവിടെ ശാഫിഇകൾ എന്ന് പറയുന്നവരുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്. അശ്അരിയ്യത്ത് അവർക്ക് ഒരു മറ മാത്രമാണ്. പിൽക്കാലക്കാരായ ചില പണ്ഡിതന്മാരെങ്കിലും തങ്ങളുടെ ആശയാദർശങ്ങൾ ശരിവെക്കുന്നവരായിരുന്നു എന്ന് വരുത്താനുള്ള ഒരു പാഴ്ശ്രമം.

അല്ലാഹുവല്ലാത്തവരോടുള്ള പ്രാർത്ഥനയും, അമ്പിയാ-ഔലിയാക്കൾക്ക് ഗൈബ് അറിയുമെന്ന വിശ്വാസവും, തുടങ്ങി അഹ്‌ലുസ്സുന്നയുടെ ഒരു ഇമാമീങ്ങളും പറഞ്ഞിട്ടില്ലാത്ത കുഫ്റൻ വാദങ്ങളാണ് ഇവർ പേറി നടക്കുന്നത്. കടൽക്ഷോഭത്തിൽ നിന്നും രക്ഷപ്പെടാൻ 'ബദ്‌രീങ്ങളേ രക്ഷിക്കണേ' എന്ന് വിളിച്ച മഹാന്റെ(!) കഥ പറഞ്ഞു കരയുന്ന മുസ്ലിയാരുടെ സംസാരം ഇതിനൊരു ഉദാഹരണം മാത്രം.

ശരിയായ അഹ്‌ലുസ്സുന്നയുടെ ആദർശത്തിലേക്ക്, അഥവാ മുൻഗാമികളായ ഇമാമീങ്ങളുടെ അഖീദയിലേക്ക് മടങ്ങുക. അല്ലാഹു നമ്മെ ഈമാനിലും സുന്നത്തിലുമായി മരിപ്പിക്കട്ടെ.

آمين والحمد لله رب العالمين

പങ്കിടുക: