ഹജ്ജ് കർമ്മങ്ങൾ ഒരു ലഘു പഠനം-ഭാഗം ഒന്ന്

Mohammed Shafeeque Madeena
May 10, 2026
471 കാഴ്ചകൾ
ഹജ്ജ് കർമ്മങ്ങൾ ഒരു ലഘു പഠനം-ഭാഗം ഒന്ന്

ഹജ്ജ് കർമ്മങ്ങൾ ഒരു ലഘു പഠനം ലിങ്ക് കോപ്പി ചെയ്തു!

ഭാഗം ഒന്ന് ലിങ്ക് കോപ്പി ചെയ്തു!

بسم الله الرحمن الرحيم

ഹജ്ജിന്റെ കർമ്മശാസ്ത്ര നിയമങ്ങൾ മനസ്സിലാക്കി ഹജ്ജിന് വേണ്ടി ഒരുങ്ങിയ ഒരു സത്യവിശ്വാസിക്ക് പ്രയോജനപ്പെടുന്ന ഒരു ലഘു വിശദീകരണമാണ് ഈ ലേഖനം.

( ചിലർക്കെങ്കിലും ആമുഖത്തിൽ പ്രതിപാദിക്കുന്ന പദങ്ങൾ അപരിചിതമായി തോന്നിയേക്കാം, ഇത്തരം പദങ്ങൾ കൊണ്ടുള്ള ഉദ്ദേശ്യങ്ങൾ പിന്നീട് വിശദീകരിക്കുന്നതാണ് )

മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവശിക്കുന്നതോട് കൂടി ഒരു ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ ആരംഭിക്കുകയായി.പിന്നീട് ഹജ്ജ് കർമ്മങ്ങളിൽ ഒഴിവാക്കാൻ പാടില്ലാത്ത നിയ്യത്ത് , അറഫയിലെ നിറുത്തം , ത്വവാഫ് , സഅ് യ് ( സഫ -മർവ്വക്കിടയിലുള്ള നടത്തം) എന്നീ അർക്കാനുകളും( നിർബ്ബന്ധ ഘടകങ്ങളും) മീഖാത്തിൽ വെച്ച് തന്നെ നിയ്യത്ത് വെക്കൽ , മിനയിൽ താമസിക്കൽ ,അറഫയിലെ നിറുത്തം മഗ്രിബ് വരെ പിന്തിക്കൽ , മുസ്ദലിഫയിൽ രാപ്പാർക്കൽ , ജംറയിൽ കല്ലെറിയൽ , മുടി മുണ്ഡനം ചെയ്യൽ അല്ലെങ്കിൽ മുറിക്കൽ തുടങ്ങിയ വാജിബാത്തുകളും മറ്റു സുന്നത്തുകളും അടങ്ങിയ ഒരു കർമ്മമാണ് ഹജ്ജ് .

ഹജ്ജിന്റെ ഇനങ്ങൾ ലിങ്ക് കോപ്പി ചെയ്തു!

1. തമത്തുഅ്ലിങ്ക് കോപ്പി ചെയ്തു!

ആദ്യം ഉംറ നിർവ്വഹിക്കുകയും പിന്നീട് ഇഹ്‌റാമിൽ നിന്ന് ഒഴിവായ ശേഷം ഹജ്ജിന്റെ സമയത്ത് (ദുൽഹിജ്ജ എട്ടിന്) വീണ്ടും ഹജ്ജിനായി ഇഹ്‌റാം കെട്ടുകയും ചെയ്യുന്ന രീതിയാണിത്.

2. കിറാൻലിങ്ക് കോപ്പി ചെയ്തു!

ഹജ്ജും ഉംറയും ഒന്നിച്ച് നിർവ്വഹിക്കുന്ന രീതിയാണിത്. ഒരേ ഇഹ്‌റാമിൽ തന്നെ രണ്ടിനും കരുതി മക്കയിൽ പ്രവേശിക്കുന്നു. ഹജ്ജ് കഴിയുന്നത് വരെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകാൻ പാടില്ല. ഈ രീതിയിൽ ഹജ്ജ് ചെയ്യുന്നവർക്ക് ബലി അറുക്കൽ നിർബന്ധമാണ്.

3. ഇഫ്രാദ്ലിങ്ക് കോപ്പി ചെയ്തു!

ഉംറ കൂട്ടിചേർക്കാതെ ഹജ്ജ് മാത്രം നിർവ്വഹിക്കുന്ന രീതിയാണിത്. ഇതിൽ ഹജ്ജിന്റെ ഇഹ്‌റാം മാത്രം കെട്ടുന്നു.

ഇനി നമുക്ക് ഹജ്ജിന്റെ കർമ്മങ്ങൾ പടിപടിയായി മനസ്സിലാക്കാം.

മേൽപ്പറഞ്ഞ ഏത് രീതിയിൽ ഹജ്ജ് ചെയ്യുന്നവരും ആദ്യം നിർവ്വഹിക്കേണ്ടത് മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവശിക്കുക എന്നതാണ് .

ഇഹ്റാമിൽ പ്രവേശിക്കൽ ലിങ്ക് കോപ്പി ചെയ്തു!

മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവേശിക്കൽലിങ്ക് കോപ്പി ചെയ്തു!

ഹജ്ജിനും ഉംറയ്ക്കും വരുന്നവർ ഇഹ്‌റാമിൽ പ്രവേശിക്കേണ്ട നിശ്ചിത സ്ഥലങ്ങളെയാണ് മീഖാത്തുകൾ എന്ന് പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കായി അഞ്ച് പ്രധാന മീഖാത്തുകളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്:

1. ദുല്‍ഹുലൈഫ : മദീനയിൽ നിന്നും, ആ ഭാഗത്ത് കൂടി കടന്നു വരുന്നവർക്കുമുള്ള മീഖാത്താണിത്.ഹജ്ജിന് വേണ്ടി പല നാടുകളിൽ നിന്നും വളരെ നേരത്തെ എത്തി മദീനയിൽ ആദ്യം തങ്ങുന്നവർ ഇവിടെ നിന്നാണ് ഇഹ്‌റാമിൽ പ്രവേശിക്കാറുള്ളത്.

2. യലംലം :യമൻ ഭാഗത്ത് നിന്നും വരുന്നവർക്കും, ഇന്ത്യ, പാകിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടൽ മാർഗ്ഗമോ വിമാന മാർഗ്ഗമോ വരുന്നവർക്കും ഈ മീഖാത്താണ് ബാധകമാകുക.

3. ഖർനുൽ മനാസിൽ (സൈലുൽ കബീർ)

നജ്ദ് (റിയാദ്), തായിഫ് തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്കുള്ളതാണ് ഇത്.പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും മറ്റും കരമാർഗ്ഗം മക്കയിലേക്ക് പ്രവേശിക്കുന്നവർ ഇവിടെ വെച്ചാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്.തായിഫ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .

4. അൽ-ജുഹ്ഫ : റാബിഗ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. യൂറോപ്പ് ,സിറിയ (ശാം), ഈജിപ്ത്, മൊറോക്കോ തുടങ്ങിയ വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് പ്രവേശിക്കുന്നവർ ഇവിടെ വെച്ചാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്.

5. ദാതു ഇർഖ് : ഇറാഖ് ഭാഗത്ത് നിന്നും, ആ വഴിക്ക് പ്രവേശിക്കുന്നവർക്കും വേണ്ടിയുള്ള മീഖാത്താണിത്.

  • ഉംറയോ ഹജ്ജോ ഉദ്ദേശിച്ച് മേൽ പറഞ്ഞ മീഖാത്തുകളിൽ ഏതെങ്കിലും ഒന്ന് വഴി കടന്നുപോകുമ്പോൾ അവൻ അവിടെ വെച്ച് ഇഹ്‌റാമിൽ പ്രവേശിക്കൽ നിർബന്ധമാണ്.
  • എന്നാൽ മക്കാ നിവാസികൾക്ക് ഹജ്ജിന് അവരുടെ താമസസ്ഥലവും ഉംറക്ക് ഹറം അതിർത്തിയുടെ അപ്പുറവുമാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ട സ്ഥലം .
  • ഹജ്ജിന്റെ ഒരു ഇനമായ തമത്തുഅ് പ്രകാരം ഹജ്ജ് ചെയ്യുന്നവരും അവരുടെ ഉംറക്ക് ശേഷം ഹജ്ജിന്റെ കർമ്മങ്ങളുടെ ആദ്യ ദിവസം മക്കയിലെ അവരുടെ സ്ഥലത്ത് വെച്ചോ അല്ലെങ്കിൽ മിനയിൽ വെച്ചോ ആണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്.
  • വിമാനമാർഗ്ഗവും മറ്റും യാത്ര ചെയ്യുന്നവർക്ക് അവരുടെ മീഖാത്തു കൃത്യമായി നിർണ്ണയിക്കാൻ സാധിക്കാത്തതിനാൽ അവർക്ക് അതിനു തൊട്ട് മുന്പേ ആയി നിയ്യത്ത് വെക്കാവുന്നതാണ്.
  • വിമാനത്തിൽ വെച്ച് ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കാൻ സ്വകര്യമില്ലാത്തതിനാൽ വിമാനത്താവളത്തിൽ വെച്ചോ മറ്റോ ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കാവുന്നതാണ് .

ഇഹ്‌റാമിൽ പ്രവേശിക്കൽ എന്നാലെന്ത് ?

ഉംറക്കോ. ഹജജിനോ അതല്ലെങ്കിൽ അവ രണ്ടിനും കൂടിയോ പ്രവേശിക്കുമ്പോഴുള്ള നിയ്യത്തിനാണ് ഇഹ്‌റാമിൽ പ്രവേശിക്കുക എന്ന് പറയുന്നത്.

ഹജ്ജിന്റെ നിയ്യത്ത് ലിങ്ക് കോപ്പി ചെയ്തു!

"നിയ്യത്തില്ലാതെ ഇഹ്‌റാം സാധുവാകുകയില്ല; കാരണം നബി (ﷺ) അരുളിയിട്ടുണ്ട്: 'കർമ്മങ്ങൾ പരിഗണിക്കപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്'."

1. തമത്തുഅ് ചെയ്യുന്നവരുടെ നിയ്യത്ത് : തമത്തുഅ് ചെയ്യുന്നവർ ആദ്യം ഉംറയാണ് നിർവ്വഹിക്കേണ്ടത്. അതിനാൽ മീഖാത്തിൽ വെച്ച് ഉംറയുടെ നിയ്യത്ത് കരുതുകയും ( لَبَّيْكَ اللَّهُمَّ عُمْرَةً-ലബ്ബൈക്കല്ലാഹുമ്മ ഉംറത്തൻ അർത്ഥം: അല്ലാഹുവേ, ഉംറ നിർവ്വഹിക്കുന്നവനായി ഞാൻ നിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.) എന്ന് നാവു കൊണ്ട് നിർണ്ണയിക്കുകയും വേണം , ഉംറ കഴിഞ്ഞ് ഇഹ്‌റാമിൽ നിന്ന് ഒഴിവാകുകയും, പിന്നീട് ദുൽഹിജ്ജ 8-ന് താമസസ്ഥലത്ത് നിന്ന് ഹജ്ജിന്റെ നിയ്യത്തിൽ ഇഹ്‌റാം കെട്ടുകയും, വേണം അപ്പോൾ അവിടെ വെച്ച് അവൻ (لَبَّيْكَ اللَّهُمَّ حَجًّا - ലബ്ബൈക്കല്ലാഹുമ്മ ഹജ്ജൻ അർത്ഥം: അല്ലാഹുവേ, ഹജ്ജ് നിർവ്വഹിക്കുന്നവനായി ഞാൻ നിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.). എന്ന് നാവ് കൊണ്ട് പറയുകയും വേണം .

2. ഹജ്ജുൽ കിറാൻ ചെയ്യുന്നവരുടെ നിയ്യത്ത് : ഹജ്ജും ഉംറയും ഒന്നിച്ച് നിർവ്വഹിക്കുന്ന രീതിയാണിത്. അതിനാൽ രണ്ടിനെയും ചേർത്ത് നിയ്യത്ത് ചെയ്യുകയും ഇപ്രകാരം ഉച്ചരിക്കുകയും വേണം . لَبَّيْكَ اللَّهُمَّ حَجًّا وَعُمْرَةً (ലബ്ബൈക്കല്ലാഹുമ്മ ഹജ്ജൻ വ ഉംറത്തൻ) അർത്ഥം: അല്ലാഹുവേ, ഹജ്ജും ഉംറയും നിർവ്വഹിക്കുന്നവനായി ഞാൻ നിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.

3. ഹജ്ജുൽ ഇഫ്രാദ്

ഇഫ്രാദ് ചെയ്യുന്നവർ ഹജ്ജ് മാത്രം നിർവ്വഹിക്കുന്നവരാണ്. അതിനാൽ ഹജ്ജിന്റെ നിയ്യത്ത് മാത്രം ചെയ്യുകയും ഇപ്രകാരം ഉച്ചരിക്കുകയും വേണം: لَبَّيْكَ اللَّهُمَّ حَجًّا (ലബ്ബൈക്കല്ലാഹുമ്മ ഹജ്ജൻ) അർത്ഥം: അല്ലാഹുവേ, ഹജ്ജ് നിർവ്വഹിക്കുന്നവനായി ഞാൻ നിന്റെ വിളിക്കുത്തരം നൽകിയിരിക്കുന്നു.

  • ഒരാൾ ഇഹ്‌റാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോൾ, രോഗം മൂലമോ മറ്റോ തന്റെ ഹജ്ജോ, ഉംറയോ പൂർത്തിയാക്കാൻ കഴിയാത്തവിധം വല്ല തടസ്സങ്ങളും ഉണ്ടായേക്കുമെന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ, ഇഹ്‌റാമിന്റെ നിയ്യത്തിനൊപ്പം താഴെ കാണുന്ന നിബന്ധന വെക്കുന്നത് സുന്നത്താണ്.അതായത്, ഇഹ്‌റാം കെട്ടുന്ന സമയത്ത് ഇപ്രകാരം പറയുക:

«إن حبسني حابس فمحلي حيث ‌حبستني»

(ഇൻ ഹബസനീ ഹാബിസുൻ ഫമഹല്ലീ ഹൈസു ഹബസ്തനീ)

"ഏതെങ്കിലും ഒരു തടസ്സം എന്നെ തടയുകയാണെങ്കിൽ, എവിടെയാണോ ആ തടസ്സമുണ്ടായത് അവിടെവെച്ച് എന്റെ ഇഹ്‌റാം അവസാനിക്കുന്നതാണ്."

പ്രത്യേകം ശ്രദ്ധിക്കുക :

  • ഇഹ്‌റാമിൽ പ്രവേശിക്കുന്നവൻ മീഖാത്ത് വിട്ട് കടക്കുന്നതിന് മുൻപേ നിയ്യത്ത് വെക്കുകയും ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുകയും വേണം.
  • മീഖാത്ത് വിട്ട് കടക്കുന്നതിന് മുൻപേ നിയ്യത്ത് വെച്ചില്ലെങ്കിൽ തിരിച്ച് മീഖാത്തിലേക്ക് പോവുകയും അവിടെ വെച്ച് നിയ്യത്തിൽ പ്രവേശിക്കുകയും വേണം.എന്നാൽ തിരിച്ച് പോവാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവശിക്കുക എന്ന വാജിബ് ഒഴിവാക്കിയതിന്റെ പേരിൽ അയാൾ ഒരു ആടിനെ അറുത്ത് മക്കയിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യണം.

ഇഹ്‌റാമിന്റെ സുന്നത്തുകൾ . ലിങ്ക് കോപ്പി ചെയ്തു!

ഹജ്ജ് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കർമ്മവും ജനസാഗരത്തോടൊപ്പം ഒരുമിച്ച് നിർവ്വഹിക്കേണ്ടതുമായത് കൊണ്ട് തന്നെ ഓരോ മുസ്ലിമും മറ്റുള്ളവർക്ക് പ്രയാസമുണ്ടാകുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അവന്റെ ശരീര ശുദ്ധിയും വൃത്തിയും കാത്തുസൂക്ഷിക്കുകയും വേണം . അതിനാൽ തന്റെ കൈകാലുകളുടെ നഖങ്ങൾ വെട്ടുക,തന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലെ രോമങ്ങൾ വടിച്ച് ശുദ്ധിയാക്കുക എന്നീ പ്രവൃത്തികൾ ഇഹ്‌റാമിന് മുമ്പ് ശ്രദ്ധിക്കണം , കാരണം ഇഹ്‌റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇവയൊന്നും അനുവദനീയമല്ല. അത് കൊണ്ട് തന്നെ ഫുഖഹാക്കൾ ഇഹ്‌റാമിന്റെ സുന്നത്തുകൾ എന്ന ഭാഗത്ത് ഇവയും എണ്ണാറുണ്ടെങ്കിലും അത് നബിﷺയിൽ നിന്നോ സ്വഹാബാക്കളിൽ നിന്നോ സ്ഥിരപ്പെട്ടു വന്ന സുന്നത്തുകൾ എന്ന ഉദ്ധേശത്തിലല്ല.

1. കുളിക്കുക: ഇഹ്‌റാമിന് മുൻപായി കുളിക്കുന്നത് പ്രധാന സുന്നത്താണ്. സ്ത്രീകൾക്കും (ആർത്തവ അവസ്ഥയിലാണെങ്കിൽ പോലും) ഇത് ബാധകമാണ്.

وَعَنْ زَيْدِ بْنِ ثَابِتٍ -رضي الله عنه-، أَنَّ النَّبِيَّ - صلى الله عليه وسلم - ‌تَجَرَّدَ ‌لِإِهْلَالِهِ وَاغْتَسَلَ

സൈദ് ബിൻ സാബിത് رضي الله عنه വിൽ നിന്ന് നിവേദനം : "നബി (ﷺ) തന്റെ ഇഹ്‌റാമിന് മുമ്പ് വസ്ത്രങ്ങൾ മാറ്റി കുളിക്കുകയുണ്ടായി ." (സുനൻ തിർമിദി)

2. വെളുത്ത രണ്ടു തുണികൾ, ഉടുമുണ്ടും മേൽമുണ്ടും ഉപയോഗിച്ച് ഇഹ്റാം ചെയ്യൽ.

"عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: انْطَلَقَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ من المدينة، بَعْدَ مَا تَرَجَّلَ وَادَّهَنَ، ‌وَلَبِسَ ‌إِزَارَهُ وَرِدَاءَهُ، هُوَ وَأَصْحَابُهُ"

"നബി (ﷺ) തങ്ങളുടെ മുടി ചീകി ഒതുക്കുകയും, എണ്ണ പുരട്ടുകയും, ഇസാറും (ഉടുക്കുന്ന തുണി) റിദാഉം (മേൽമുണ്ട്) ധരിക്കുകയും ചെയ്ത ശേഷം മദീനയിൽ നിന്നും പുറപ്പെട്ടു. അവിടുത്തെ കൂടെ അനുചരന്മാരും ഉണ്ടായിരുന്നു." (സ്വഹീഹ് ബുഖാരി 1470 )

  • പുരുഷന്മാർക്ക് വെളുത്ത രണ്ടു തുണികളും ,സ്ത്രീകൾക്ക് അവർ ധരിക്കുന്ന അബായ അടക്കമുള്ള വസ്ത്രങ്ങളുമാണ് ഇഹ്‌റാമിന്റെ വസ്ത്രങ്ങൾ.

3. പുരുഷന്മാർ അവരുടെ ശരീരത്തിലും തലയിലും താടിയിലും സുഗന്ധം പൂശൽ. (സുഗന്ധം ഇഹ്‌റാമിന്റെ വസ്ത്രത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം )

4. ഫർദ് നിസ്കാരത്തിനു ശേഷമോ സുന്നത്ത് നിസ്കാരത്തിനു ശേഷമോ ആയി ഇഹ്റാം ചെയ്യൽ

ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് . ജിബ്രീൽ നബിﷺയോട് നിസ്കരിക്കാൻ കൽപ്പിച്ചത് ആ സ്ഥലത്തിൻറെ പ്രത്യേകത കൊണ്ടാണെന്നും അതിനാൽ സുന്നത്തില്ല എന്നുമാണ് ഒരു കൂട്ടരുടെ അഭിപ്രായം.

എന്നാൽ ഇഹ്റാമിന്റെ നിസ്കാരം മുസ്തഹബ്ബാണ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത് .

5.ഇഹ്റാമിന്റെ നിയ്യത്ത് ചെയ്യുമ്പോൾ ഖിബിലക്ക് മുന്നിടൽ.

മഹ്ദൂറാത്തുൽ ഇഹ്‌റാംലിങ്ക് കോപ്പി ചെയ്തു!

ഇഹ്‌റാമിൽ പ്രവേശിച്ചു കഴിഞ്ഞാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൽ ലിങ്ക് കോപ്പി ചെയ്തു!

ഇഹ്‌റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽ (മുഹ്‌രിം ആയിക്കഴിഞ്ഞാൽ) ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവയെ 'മഹ്ദൂറാത്തുൽ ഇഹ്‌റാം' എന്ന് വിളിക്കുന്നു. അവ പ്രധാനമായും താഴെ പറയുന്നവയാണ്:

പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ പാടില്ലാത്തത്. ലിങ്ക് കോപ്പി ചെയ്തു!

  1. തലമുടിയൊ ശരീരത്തിലെ മറ്റു രോമങ്ങളോ നീക്കം ചെയ്യൽ.
  2. നഖം വെട്ടൽ.
  3. വസ്ത്രത്തിലോ ശരീരത്തിലോ സുഗന്ധദ്രവ്യം പുരട്ടൽ. ( സുഗന്ധമുള്ള സോപ്പ് ഉപയോഗിക്കാൻ പാടില്ല )
  4. ഇഹ്‌റാമിലുള്ള ഒരാൾ വിവാഹം കഴിക്കാനോ, വിവാഹം നടത്തിക്കൊടുക്കാനോ, വിവാഹാഭ്യർത്ഥന (പെണ്ണുകാണൽ) നടത്താനോ പാടുള്ളതല്ല.
  5. ഭാര്യഭർത്താക്കന്മാർ ലൈംഗിക താല്പര്യത്തോടെ (വികാരത്തോടെ) ചുംബനമോ, സ്പർശനമോ , ആലിംഗനമോ മറ്റോ പാടില്ല .
  6. ഭാര്യഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധം പാടുള്ളതല്ല.
  7. മൃഗങ്ങളെ വേട്ടയാടാനോ കൊല്ലാനോ പാടുള്ളതല്ല.
  • എന്നാൽ, ഒരാളുടെ നഖം പൊട്ടുകയും അതുമൂലം പ്രയാസം അനുഭവപ്പെടുകയും ചെയ്താൽ, ബുദ്ധിമുട്ടുണ്ടാക്കുന്ന ആ ഭാഗം മാത്രം മുറിച്ചുമാറ്റുന്നതിൽ തെറ്റില്ല; അതിന് പ്രായശ്ചിത്തം (ഫിദ്‌യ) നൽകേണ്ടതുമില്ല.

പുരുഷന്മാർക്ക് പാടില്ലാത്തത് ലിങ്ക് കോപ്പി ചെയ്തു!

  1. പുരുഷന്മാർ തല മറയ്ക്കൽ.
  2. പുരുഷന്മാർ തുന്നിയ വസ്ത്രം ധരിക്കൽ.

തുന്നിയ വസ്ത്രം : ഇഹ്‌റാമിൽ 'തുന്നിയ വസ്ത്രം' പാടില്ല എന്ന് പറയുന്നത് ശരീരത്തിന്റെ അവയവങ്ങളുടെ ആകൃതിയിൽ തുന്നിയ വസ്ത്രങ്ങളെയാണ് (ഷർട്ട്, പാന്റ്സ് തുടങ്ങിയവ). വെറുതെ തുണികൾ കൂട്ടി തുന്നിയതോ തുന്നലുള്ള മുണ്ടോ ധരിക്കുന്നതിന് വിരോധമില്ല.

  • തന്റെ ഉടുതുണി അഴിഞ്ഞുപോകാതിരിക്കാൻ അതിനു മുകളിൽ ഒരു നൂലോ, ബെൽറ്റോ, മറ്റോ കെട്ടുന്നതിൽ തെറ്റില്ല.
  • മോതിരം, വാച്ച്, കണ്ണട, ഇയർ ഫോൺ എന്നിവ ധരിക്കുന്നതിലും തെറ്റില്ല.
  • സ്ത്രീകൾ തല മറയ്ക്കേണ്ടതാണ് .എന്നാൽ അവർക്ക് ഇഹ്‌റാമിൽ സൗന്ദര്യം പ്രദർശിപ്പിക്കുന്ന (ആകർഷകമായ) വസ്ത്രമല്ലാത്ത തനിക്ക് ഇഷ്ടമുള്ള ഏത് വസ്ത്രവും ധരിക്കാവുന്നതാണ് .
  • പുരുഷൻ തന്റെ തല മുടിയോട് ചേർന്നിരിക്കുന്ന തൊപ്പി, തലപ്പാവ് പോലെയുള്ള വസ്തുക്കൾ കൊണ്ട് മറയ്ക്കാൻ പാടുള്ളതല്ല. എന്നാൽ തലയുമായി നേരിട്ട് സ്പർശിക്കാത്തവയായ കുട, വാഹനത്തിന്റെ മേൽക്കൂര തുടങ്ങിയവ ഉപയോഗിക്കുന്നതിൽ തെറ്റില്ല.

സ്ത്രീകൾക്ക് പാടില്ലാത്തത് ലിങ്ക് കോപ്പി ചെയ്തു!

  1. സ്ത്രീകൾ ( കൈയുറകൾ) ധരിക്കരുത്.
  2. അവളുടെ കണ്ണുകൾ മാത്രം പ്രദർശിക്കുന്ന രൂപത്തിൽ നിഖാബ്' ധരിക്കാൻ പാടുള്ളതല്ല. എന്നാൽ അന്യപുരുഷന്മാർ കാണാതിരിക്കാൻ തട്ടം കൊണ്ട് മുഖം മറക്കാവുന്നതാണ്.

ഫിദിയ ( പ്രായശ്ചിത്തം)ലിങ്ക് കോപ്പി ചെയ്തു!

മേൽ പറഞ്ഞ മഹ്ദൂറാത്തുകളിൽ ഭാര്യഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക , മൃഗങ്ങളെ വേട്ടയാടുക,ഇഹ്‌റാമിലുള്ള ഒരാൾ വിവാഹം കഴിക്കാനോ, വിവാഹം നടത്തിക്കൊടുക്കാനോ, വിവാഹാഭ്യർത്ഥന (പെണ്ണുകാണൽ) നടത്താനോ മുതിരുക എന്നീ കാര്യങ്ങൽ ഒഴികെ ഏതൊരു മഹ്ദൂറാത്തും ചെയ്താൽ അതിനുള്ള പ്രായശ്ചിത്തം (ഫിദ്‌യ) താഴെ പറയുന്ന പ്രകാരമാണ് :

  • മൂന്ന് ദിവസത്തെ നോമ്പോ, അല്ലെങ്കിൽ
  1. ആറ് പാവപ്പെട്ടവർക്ക്(ഒരാൾക്ക് അര സ്വാഅ് വീതം) മൊത്തം മൂന്ന് സ്വാഅ് ഭക്ഷണം നൽകലോ, അല്ലെങ്കിൽ
  • ഒരു ആടിനെ ബലി അറുക്കലോ ആണ് .

തലമുണ്ഡനം ചെയ്യുന്നതിനുള്ള പ്രായശ്ചിത്തത്തെ (ഫിദ്‌യ) കുറിച്ച് അല്ലാഹു ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു:"നിങ്ങളിൽ ആരെങ്കിലും രോഗിയാവുകയോ തലയിൽ (പേൻ, മുറിവ് തുടങ്ങിയവ മൂലമുള്ള) പ്രയാസങ്ങൾ അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടിനീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും."(സൂറത്തുൽ ബഖറ: 196)

- ഭാര്യഭർത്താക്കന്മാർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള പ്രായശ്ചിത്തം

  • ഹജ്ജിൽ ഒന്നാമത്തെ തഹല്ലുലിന് മുൻപ് ചെയ്താൽ :

1. ഹജ്ജ് ഫസാദാവും; അതായത് ഹജ്ജിന്റെ ബാക്കിയുള്ള കർമ്മങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം അടുത്ത വർഷം ഹജ്ജ് قضاء വീട്ടേണ്ടതാണ്.

2. ഫിദിയ ( പ്രായശ്ചിത്തം )നിർബന്ധമാണ്; അത് ഒരു ഒട്ടകമോ അല്ലെങ്കിൽ ഒരു പശുവോ ആണ്.

  • ഹജ്ജിൽ ഒന്നാമത്തെ തഹല്ലുലിന് ശേഷം ചെയ്താൽ :
  1. അവരുടെ ഹജ്ജ് സ്വഹീഹ് ആണ് .
  2. എന്നാൽ പ്രായശ്ചിത്തമായി ഒരു ഒട്ടകമോ അല്ലെങ്കിൽ ഒരു പശുവോ അറുത്ത് പാവങ്ങൾക്ക് വിതരണം ചെയ്യണം /ഒരു ആടിനെ എന്നും അഭിപ്രായമുണ്ട് .

ഇഹ്‌റാമിലുള്ള ഒരാൾ മുൻപറഞ്ഞ വിലക്കപ്പെട്ട കാര്യങ്ങൾ (മഹ്ദൂറാത്ത്) ചെയ്താൽ അതിന് മൂന്ന് അവസ്ഥകളാണുള്ളത്:

1.ഒന്നാമത്തെ അവസ്ഥ: ഒരാൾ മറവി , അറിവില്ലായ്മ , നിർബന്ധിക്കപ്പെട്ട (ബലപ്രയോഗം) എന്നീ അവസ്ഥയിലോ , അല്ലെങ്കിൽ ഉറക്കത്തിലായിരിക്കെ സംഭവിക്കുകയോ ചെയ്താൽ അയാൾക്ക് യാതൊരു പാപവുമില്ലെന്ന് മാത്രമല്ല, പ്രായശ്ചിത്തം (ഫിദ്‌യ) നൽകേണ്ടതുമില്ല. അല്ലാഹു തആലയുടെ ഈ വചനമാണ് ഇതിനാധാരം:ലിങ്ക് കോപ്പി ചെയ്തു!

"ഞങ്ങളുടെ റബ്ബേ , ഞങ്ങൾ മറന്നുപോവുകയോ ഞങ്ങൾക്ക് അബദ്ധം സംഭവിക്കുകയോ ചെയ്താൽ നീ ഞങ്ങളെ ശിക്ഷിക്കരുതേ." (സൂറത്തുൽ ബഖറ: 286)

എന്നാൽ, എപ്പോഴാണോ ആ തടസ്സം മാറുന്നത്—അതായത് അറിവില്ലാത്തവൻ കാര്യം മനസ്സിലാക്കുകയും, മറന്നവൻ ഓർത്തെടുക്കുകയും, ഉറങ്ങിയവൻ ഉണരുകയും, ബലപ്രയോഗം നീങ്ങുകയും ചെയ്താൽ—ആ നിമിഷം മുതൽ തന്നെ ആ പ്രവർത്തിയിൽ നിന്ന് അയാൾ വിട്ടുനിൽക്കൽ നിർബന്ധമാണ്. തടസ്സം മാറിയിട്ടും അയാൾ അത് തുടരുകയാണെങ്കിൽ അയാൾ കുറ്റക്കാരനാവുകയും പ്രായശ്ചിത്തം ഉൾപ്പെടെയുള്ള ബാധ്യതകൾക്ക് വിധേയനാവുകയും ചെയ്യും.

ഉദാഹരണം: ഒരാൾ ഉറക്കത്തിൽ തല മറച്ചു എന്ന് കരുതുക. ഉറക്കത്തിലായിരിക്കുന്നിടത്തോളം കുഴപ്പമില്ല. എന്നാൽ ഉണർന്നാലുടൻ തല വെളിവാക്കൽ അവന്ന് നിർബന്ധമാണ്. അറിഞ്ഞുകൊണ്ട് തല മറച്ചുതന്നെ തുടർന്നാൽ അയാൾ കുറ്റക്കാരനാവുകയും ഫിദ്‌യ നൽകേണ്ടി വരികയും ചെയ്യും.

2. രണ്ടാമത്തെ അവസ്ഥ: ഒരാൾക്ക് രോഗമോ മറ്റോ കാരണത്താൽ(عُذرٍ) ഒഴിവകഴിവ് ഉണ്ടായിരിക്കെ മഹ്ദൂറായ ഒരു കാര്യം അറിഞ്ഞുകൊണ്ട് ചെയ്താലും അയാൾ കുറ്റക്കാരനാവില്ല, പക്ഷേ ആ പ്രവർത്തിക്കുള്ള പ്രായശ്ചിത്തം (ഫിദ്‌യ) നൽകൽ നിർബന്ധമാണ്.ലിങ്ക് കോപ്പി ചെയ്തു!

3.മൂന്നാമത്തെ അവസ്ഥ: ഒരാൾ യാതൊരു കാരണവുമില്ലാതെ (عُذرٍ ഇല്ലാതെ) അറിഞ്ഞുകൊണ്ട് മനഃപൂർവ്വം വിലക്കപ്പെട്ട കാര്യം ചെയ്യുക. ഈ സാഹചര്യത്തിൽ അയാൾ കുറ്റക്കാരനാവുകയും ഒപ്പം ആ പ്രവർത്തിക്ക് കൽപ്പിച്ചിട്ടുള്ള പ്രായശ്ചിത്തം (ഫിദ്‌യ) നൽകാൻ ബാധ്യസ്ഥനാവുകയും ചെയ്യും.ലിങ്ക് കോപ്പി ചെയ്തു!

ചുരുക്കത്തിൽ ഇഹ്‌റാമിലെ വിലക്കുകളുടെ (മഹ്ദൂറാത്ത്) വിഷയത്തിൽ പ്രായശ്ചിത്തത്തെ (ഫിദ്‌യ)യെ നാലായി തിരിക്കാം:

1. പ്രായശ്ചിത്തം ഇല്ലാത്തവ: വിവാഹ കരാറിൽ ഏർപ്പെട്ടാൽ..ലിങ്ക് കോപ്പി ചെയ്തു!

2. ഒട്ടകത്തെ (بدنة) ബലി നൽകേണ്ടവ: ലൈംഗികബന്ധം (الجماع)ലിങ്ക് കോപ്പി ചെയ്തു!

3. തത്തുല്യമായ പ്രായശ്ചിത്തം നൽകേണ്ടവ : വേട്ടയാടൽ (قتل الصيد) ഇവ പിന്നീട് വിശദീകരിക്കുന്നതാണ്ലിങ്ക് കോപ്പി ചെയ്തു!

4. നോമ്പ്, ധർമ്മം അല്ലെങ്കിൽ ബലി എന്നിവയിലൊന്ന് നൽകേണ്ടവ: മുടി നീക്കം ചെയ്യൽ, സുഗന്ധം ഉപയോഗിക്കൽ, തുന്നിയ വസ്ത്രം ധരിക്കൽ, നഖം മുറിക്കൽ തുടങ്ങിയ) ബാക്കിയുള്ള എല്ലാ മഹ്ദൂറാത്തുകൾക്കും.ലിങ്ക് കോപ്പി ചെയ്തു!

الله أعلم و صلى الله على نبينا محمد وعلى آله وصحبه وسلم

************************************************

അടുത്ത ലക്കത്തിൽ ഹജ്ജിന്റെ കർമ്മങ്ങളുടെ ബാക്കി വിശദീകരിക്കുന്നതാണ് إن شاء الله

പങ്കിടുക: